Saturday, December 20, 2008

സൌഹൃദത്തിന്റെ വരമ്പുകള്‍


അനിയത്തി റാബിയയുടെ കല്ല്യാണം നിശ്ചയിച്ചപ്പോള്‍ മുസ്തഫ എനിക്കെഴുതി;

“കാശിനിത്തിരി ബുദ്ധിമുട്ടുണ്ട്. അത് കൊണ്ട് ഞാന്‍ വരുന്നില്ല. അങ്ങോട്ടുമിങ്ങോട്ടുമുള്ള വിമാനക്കൂലിയും കൂടി വീട്ടിലേയ്ക്ക് അയച്ച് കൊടുക്കാമല്ലോ. പക്ഷേ നീയവിടെ ഉണ്ടാവണം, എനിക്ക് പകരമായി”

റാബിയയുടെ കല്ല്യാണത്തലേന്ന് വരന്റെ വീട്ടില്‍ നിന്ന് വന്ന കാരണവന്മാര്‍ക്ക് കൈനീട്ടി ഉറപ്പ് കൊടുക്കാനൊരുങ്ങുമ്പോള്‍ വെള്ളത്താടിയും മുടിയുമുള്ള മൊല്ലാക്ക ചോദിച്ചു;

“ആങ്ങളയുടെ സ്ഥാനത്ത് ആരാ നിക്കുന്നത്?”

മുസ്തഫയുടെ ഉമ്മ എന്നെ കാരണവന്മാരുടെ ഇടയിലേക്ക് പതുക്കെ തള്ളി;

“ഇദാ, ഇവിടുണ്ട്. മനു, മുത്തൂന്റെ കൂട്ടുകാരനാ”

മൊല്ലാക്കയുടെയും കാരണവന്മാരുടെയും കൈകളില്‍ എന്റെ കൈ കൂടെ ചേര്‍ത്ത് വച്ച് എന്തൊക്കെയോ ജപിച്ച്, എല്ലാവരും പ്രാര്‍ത്ഥന നിമഗ്നരായി ഇരിക്കുമ്പോള്‍, എന്തോ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

*

ജോലി ചെയ്യുന്ന കമ്പനിയുടെ പത്ത് ദിവസത്തെ ഒരു ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ബാംഗ്ലൂരില്‍ നിന്നും ഞാന്‍ ബോംബെയിലെത്താന്‍ ചില ഔദ്യോഗിക കാരണങ്ങളാല്‍ രണ്ട് ദിവസം വൈകി.

ഗസ്റ്റ് ഹൌസിലെ മൂന്നാമത്തെ നിലയിലെ എനിക്ക് അനുവദിച്ചിട്ടുള്ള ഷേറിംഗ് അക്കമഡേഷന്‍ മുറിയുടെ ചാരിയ വാതില്‍ ഞാന്‍ പതുക്കെ തള്ളി തുറന്നപ്പോള്‍ വെള്ള പൈജാമയും ജുബ്ബയും ധരിച്ച ഒരാള്‍ നിലത്ത് വിരിച്ച ഷീറ്റില്‍ ഇരുന്ന് നിസ്കരിക്കുന്നു.

നിസ്കാരം കഴിയുന്നത് വരെ കാത്തിരുന്ന് ഞാന്‍ ഉള്ളില്‍ കയറി സ്വയം പരിചയപ്പെടുത്തി.

“ജിലന്‍”; നിലത്ത് വിരിച്ച ഷീറ്റ് തിടുക്കത്തില്‍ വലിച്ചെടുത്ത് മടക്കുന്നതിന്നിടയില്‍ എന്റെ സഹമുറിയനും സ്വയം പരിചയപ്പെടുത്തി. ജിലന്‍ ആന്ധ്രപ്രദേശിലെ കടപ്പയില്‍ നിന്നുമാണ്.

തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളില്‍ ട്രെയിനിംഗ് ക്ലാസ്സിലും ഉച്ച ഭക്ഷണത്തിനും അത്താഴത്തിനും ഞാന്‍ ജിലന്ന് ഒരുമിച്ചായിരുന്നുവെങ്കിലും അവന്‍ എന്തോ ഒരു അകല്‍ച്ച കാണിക്കുന്നത് പോലെ എനിക്ക് തോന്നി. എങ്കിലും മറ്റ് നോര്‍ത്തിന്ത്യന്‍ സഹട്രെയിനികളെക്കാള്‍ ഭേദം. ഞായറാഴ്ച ട്രെയിനിംഗ് ഇല്ല. ശനിയാഴ്ച വൈകീട്ട് ഞാന്‍ ജിലന്നോട് പറഞ്ഞു;

“ഡിന്നര്‍ ഇന്ന് നമുക്ക് വേറെ വല്ലിടത്തും ആക്കാം.”

അടുത്തായുള്ള ഒരു ബാര്‍ റെസ്റ്റോറന്റിന് മുന്നില്‍ ഓട്ടോ ഇറങ്ങിയപ്പോള്‍ ജിലന്‍ പറഞ്ഞു;

“ഐ ഡോണ്ട് ഡ്രിംഗ്”

നീ കുടിക്കേണ്ട, ഞാന്‍ കുടിച്ചോളാം നീ കഴിച്ചാല്‍ മതി എന്ന് പറഞ്ഞ് അവനെ സമാധാനിപ്പിച്ച് ഞങ്ങള്‍ ഒരു മൂലയില്‍ ഇരിപ്പായി. ഭക്ഷണം കഴിക്കുന്നതിന്നിടയില്‍ ജിലന്‍ അവന്റെ നാടിനെക്കുറിച്ചും വീടിനെയും വീട്ടുകാരെയും കുറിച്ചും ഭാവിയെക്കുറിച്ചുള്ള അവന്റെ പ്രതീക്ഷകളെ കുറിച്ചും എന്നോട് സംസാരിച്ചു.

ഭക്ഷണം കഴിഞ്ഞ്, നിലാവ് വീണ വസൈയിലെ നിരത്തിലൂടെ തിരിച്ച് ഗസ്റ്റ് ഹൌസിലേയ്ക്ക് നടക്കുമ്പോള്‍ ഒന്നറച്ച് കൊണ്ട് ജിലന്‍ എന്നോട് ഹിന്ദിയില്‍ ചോദിച്ചു;

“താങ്കള്‍ എന്റെ കൂടെ താമസിക്കാന്‍ നിര്‍ബ്ബന്ധിതനായതാണോ?”

“എന്തിന്? ആര് നിര്‍ബ്ബന്ധിക്കാന്‍?”

“മറ്റ് മുറികളെല്ലാം ഒക്കുപ്പൈഡ് ആയിപ്പോയത് കൊണ്ട്”

“എനിക്ക് മനസ്സിലാവുന്നില്ല. ജിലന്‍ എന്താണ് ഉദ്ദേശിക്കുന്നത്?”

“ആ മുറിയില്‍ നിങ്ങള്‍ക്ക് മുന്‍പേ വന്നവരെല്ലാം പെട്ടന്ന് തന്നെ മറ്റ് മുറികളിലേയ്ക്ക് മാറുകയായിരുന്നു”

“എന്തായിരുന്നു കാര്യം?”

ജിലന്‍ തെല്ലിട സംസാരിച്ചില്ല.

“ഞാനൊരു മുസ്ലീം ആയത് കൊണ്ടാവാം”

ജിലന്റെ കൈ കോര്‍ത്ത് പിടിച്ച് ഒരു പരിചയവുമില്ലാത്ത ബോംബെയിലെ ആ തെരുവിലൂടെ നടക്കുമ്പോഴും എന്തിനെന്നറിയാതെ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

Monday, December 08, 2008

അവധി


രാത്രി.

പതിനൊന്നാമത്തെ നിലയിലുള്ള ഫ്ലാറ്റിന്റെ ബാല്‍ക്കണിയിലെ ചാരുകസേരയില്‍ ഉണ്ണി ഇരുന്നു.
ഒരു ഭംഗിയുമില്ലാത്ത നരച്ച ആകാശം.

നേരിയ തണുത്ത കാറ്റിന് നഗരത്തിന്റെ മടുപ്പിക്കുന്ന മണം.

*

തൊടിയില്‍ വളര്‍ന്ന് വരുന്ന പേരയ്ക്കയുടെയും ഞേറലിന്റെയും ചാമ്പയ്ക്കയുടെയും മരങ്ങള്‍ക്കിടയിലൂടെ അച്ഛന്റെ കൈ പിടിച്ച് ഉണ്ണി നടന്നു.

“ഇതിലൊക്കെ നിറച്ചും കായകളുണ്ടാവുമ്പോള്‍ അവ തിന്നാന്‍ ഒരുപാട് കിളികള്‍ വരും. തത്തയും മൈനയും കുരുവികളും. ഉണ്ണിക്കും ഉണ്ണീടെ മക്കള്‍ക്കും അതൊക്കെ കാണാലോ”

അമ്മ ചിരിക്കും; “നിങ്ങള്‍ടെ ഒരു കാര്യം. അവന്‍ ജോലിയും കൂലിയുമായി എവിടെയൊക്കെ ആയിരിക്കുമെന്ന് ആരറിഞ്ഞു”

കൊന്ന മരത്തില്‍ ആദ്യത്തെ പൂക്കുല വിരിയുന്നത്, മൂവാണ്ടന്‍ മാവിലും പഞ്ചാരമാവിലും മാമ്പൂക്കുല തലനീട്ടാന്‍ തുടങ്ങുന്നത്, ചോര നിറത്തില്‍ മുറ്റത്തെ പനിനീര്‍ച്ചെടിയില്‍ മൊട്ടൂണ്ടാവുന്നത്, വാഴക്കന്നില്‍ തളിര് പൊട്ടുന്നത് എല്ലാം അച്ഛനാണ് ഉണ്ണിക്ക് കാണിച്ച് കൊടുക്കുക.

*

അച്ഛനും അമ്മയും ഉറങ്ങിയിരിക്കും.
ഇന്ന് വീട്ടിലെത്താമെന്ന് പറഞ്ഞതായിരുന്നു. കഴിഞ്ഞ മാസവും ഇത് പോലെ ചെല്ലാമെന്ന് പറഞ്ഞിട്ട് പോകാനൊത്തില്ല.

“സിസ്റ്റം സ്റ്റഡിയ്ക്ക് ഉണ്ണികൃഷ്ണന്‍ തന്നെ പോകണം. എട്ട് കോടിയുടെ പ്രൊജക്റ്റാണ്. ഒരിടത്തും നമുക്ക് പിഴവ് പറ്റിക്കൂടാ”; പതിഞ്ഞ സ്വരത്തില്‍ എംഡിയുടെ നിര്‍ദ്ദേശം.

*

കോലായില്‍ ഉണ്ണിയെ മടിയിലിരുത്തി തൊടിയില്‍ പറന്ന് വന്നിരിക്കുന്ന കിളികളെ അച്ഛന്‍ കാണിച്ച് കൊടുക്കുകയാണ്;
“അത് തത്ത, അത് ചാവേലാട്ച്ചി, അത് ചെമ്പോത്ത്, അത്.....”

Monday, December 01, 2008

പിന്നെയും പിന്നെയും ചോരപ്പുഴകള്‍ ഒഴുകുമ്പോള്‍


ഏതോ ഒരു സിനിമയില്‍ ജനാര്‍ദ്ദനന്‍ അവതരിപ്പിച്ച ഒരു മുഖ്യമന്ത്രിയുടെ ഒരു കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ഏതാണ്ട് ഇങ്ങിനെയാണ്;

“വോട്ട് ചെയ്യുന്ന ജനത്തിന്റെ മറവിയാണ്‍് നമ്മുടെ ഭാഗ്യം. ഇലക്ഷന്‍ സമയത്ത് നമ്മള്‍ പലതും പറയും ജനങ്ങള്‍ അത് വിശ്വസിക്കും, വോട്ട് ചെയ്യും, പിന്നീടങ്ങ് മറക്കും”

പ്രകൃതി ക്ഷോഭമുണ്ടാക്മ്പോള്‍, ഭീകരാക്രമണമുണ്ടാവുമ്പോള്‍ നമ്മള്‍ അതിനെപറ്റി വാതോരാതെ സംസാരിക്കും. സര്‍ക്കാരുകളെ കുറ്റപ്പെടുത്തും. ചര്‍ച്ചകളും മീറ്റിംഗുകളും സംഘടിപ്പിക്കും.

അലകളൊടുങ്ങുമ്പോള്‍ സൌകര്യപൂര്‍വ്വം മറക്കും.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നമ്മുടെ ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകളിലും സംവാദങ്ങളിലും ഉയര്‍ന്നുവന്ന ചില ചോദ്യങ്ങള്‍ക്ക് ശരിയായ രീതിയില്‍ ആരും ഒരു ഉത്തരം നല്‍കുന്നതായി തോനിയില്ല.

* രണ്ടായിരത്തോളം കിലോമീറ്റര്‍ നീളത്തില്‍ പരന്ന് കിടക്കുന്ന ഇന്ത്യന്‍ കടല്‍ത്തീരത്തില്‍ എങ്ങിനെ സ്ഥിരമായി കാവലേര്‍പ്പെടുത്തും?

* ജനം നുരയുന്ന നമ്മുടെ നഗരങ്ങളിലെ തിരക്കില്‍ നിന്നും ഭീകരരെന്ന് കരുതുന്നവരെ എങ്ങിനെ തിരിച്ചറിഞ്ഞ് പിടികൂടാനൊക്കും?

* ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി പ്രാദേശിക സൌകര്യങ്ങള്‍ ഒരുക്കികൊടുക്കുന്നവരെ എങ്ങിനെ നിരീക്ഷണത്തില്‍ കൊണ്ടുവരാനൊക്കും?

* ജന പങ്കാളിത്തത്തോടെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ എങ്ങിനെയായിരിക്കണം?

എല്ലാത്തിനും ഉത്തരം ‘സര്‍ക്കാരിന്റെ ഉത്തരവാദിത്വം’ എന്ന് പറഞ്ഞ് നാമോരോരുത്തരും മാറിനില്‍ക്കണമോ? അതോ വോട്ട് ബാങ്കുകള്‍ ലക്ഷ്യമാക്കി അവസരങ്ങള്‍ മുതലാക്കുവാനൊരുങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ കക്ഷി ചേരണമോ?

ഭീതിയും നിസ്സഹായതയുമായി നമ്മുടെ ഈ രാജ്യത്തിന് ഇനിയുമെത്ര ഉറക്കമില്ലാത്ത രാത്രികളായിരിക്കും വരാനിരിക്കുന്നത്...

Tuesday, November 25, 2008

നവംബറിന്റെ നഷ്ടം


നവംബറിന്റെ നഷ്ടം.
മാതൃഭൂമി പത്രത്തില്‍ ആ സിനിമയുടെ പരസ്യം ആദ്യമായി കാണുമ്പോള്‍ ഞാന്‍ എട്ടാം ക്ലാസില്‍.

പദ്മരാജന്റെ സിനിമകള്‍ കാണുന്നത് പിന്നെയും ഏറെ കഴിഞ്ഞായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ സിനിമകളുടെ പേരുകളുടെ ആകര്‍ഷണീയതയിലൂടെ ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനായി.

പറന്ന് പറന്ന് പറന്ന്, തിങ്കളാഴ്ച നല്ല ദിവസം, ഒഴിവുകാലം, ഇതാ ഇവിടെവരെ, നമുക്ക് പാര്‍ക്കാന്‍ മുന്തിരിതോപ്പുകള്‍, കരിയിലക്കാറ്റുപോലെ, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, ദേശാടനക്കിളി കരയാറില്ല, നൊമ്പരത്തിപ്പൂവ്, തൂവാനത്തുമ്പികള്‍, അപരന്‍, മൂന്നാം പക്കം, സീസണ്‍, ഇന്നലെ, ഞാന്‍ ഗന്ധര്‍വ്വന്‍....

പദ്മരാജന്‍ പടങ്ങള്‍ മിക്കവാറും എല്ലാം ആദ്യദിവസം ആദ്യ ഷോ തന്നെ കാ‍ണണമെന്നത് എന്റെയും മുസ്തഫയുടെയും ഒരു വാശിയായിരുന്നു. പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോള്‍ മുസ്തഫയായിരുന്നു ഒരിക്കല്‍ എന്നോട് പറഞ്ഞത്, നമുക്കൊരിക്കല്‍ പദ്മരാജനെ നേരില്‍ കാണാന്‍ പോകണമെന്ന്, കുറെനേരം സംസാരിക്കണമെന്ന്.

വടകരയില്‍, പദ്മരാജന്‍ എഴുതി ഭരതന്‍ സംവിധാനം ചെയ്ത ഒഴിവുകാലം ഷൂട്ടിംഗ് നടക്കുമ്പോള്‍ ബ്ലൂസ്റ്റാര്‍ ഹോട്ടലിന്ന് മുന്നില്‍ തടിച്ചുകൂടിയിരുന്ന ആള്‍ക്കൂട്ടത്തില്‍ നിന്ന് കൊണ്ട്, ഹോട്ടലിലേയ്ക്ക് കയറിപ്പോകുകയായിരുന്ന പദ്മരാജനെ ഞങ്ങള്‍ ഒരു നോക്കുകണ്ടു- ആദ്യമായും അവസാനമായും.

കോഴിക്കോട് വച്ച് പദ്മരാജന്‍ അന്തരിച്ചപ്പോള്‍ മുസ്തഫ ഗള്‍ഫിലായിരുന്നു. അന്ന് അവനെനിക്കെഴുതിയ കത്തിലെ ഒരു വാചകം അദ്ദേഹത്തിന്റെ തന്നെ കരിയിലക്കാറ്റുപോലെ എന്ന പടത്തിലെ ഒരു ഡയലോഗായിരുന്നു-

“ഒരിക്കലെങ്കിലും നേരില്‍ ചെന്ന് കണ്ട് സംസാരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ച ഒരു എഴുത്തുകാരനായിരുന്നു....”

നവംബര്‍ വരുമ്പോള്‍ 'നവംബറിന്റെ നഷ്ടം' എന്ന ആ സിനിമയുടെ പേര് ഓര്‍ക്കും, പദ്മരാജനെ ഓര്‍ക്കും.

Saturday, November 15, 2008

അമ്പിളിയെ തൊടുമ്പോള്‍


“അമ്പിളി മാമനില്‍ ഒരു സാധനം ഇടിച്ചിറങ്ങിയത് അച്ഛന്‍ ടി.വിയില്‍ കണ്ടോ ?”

ഇന്നലെ രാത്രി മകളെ വിളിച്ചപ്പോള്‍ അവള്‍ ആദ്യം തന്നെ ചോദിച്ചതതാണ്.

“എന്തിനാ നമ്മള്‍ അമ്പിളി മാമനില്‍ അതൊക്കെ അയക്കുന്നത് ?”

“ഭൂമിക്ക് പുറത്തുള്ള ലോകത്തെ കുറിച്ച് മനുഷ്യര്‍ക്ക് അറിയേണ്ടേ, അതിനെക്കുറിച്ചൊക്കെ പഠിക്കാന്‍”

“എന്തൊക്കെയാ പഠിക്കുക?”

മൂലകങ്ങളെയും ധാതുലവണങ്ങളെയും ചന്ദ്രോപരിതലത്തിലെ ഗര്‍ത്തങ്ങളെയും വെള്ളത്തിന്റെ ലഭ്യതയെയും കുറിച്ചൊക്കെയാണ് പഠനം എന്ന് ഞാന്‍ ചുരുക്കി പറഞ്ഞപ്പോള്‍ അതൊക്കെ എന്തിനാണ് എന്നായി അവളുടെ അടുത്ത ചോദ്യം. മനുഷ്യരാശിക്ക് എന്തെങ്കിലും ഉപകാരപ്പെട്ടാലോ എന്ന് ഞാന്‍.

ഞാന്‍ പറയുന്നത് മൂളി കേള്‍ക്കുന്നുണ്ടെങ്കിലും, എന്തോ ആലോചനയിലാണെന്ന് അവളെന്ന് മൂളലില്‍ നിന്നും വ്യക്തം.

തെല്ലിട നിശ്ശബ്ദതയ്ക്ക് ശേഷം അവള്‍ പറഞ്ഞു;

“അമ്പിളി മാമനിലേയ്ക്ക് ആരും ഒന്നും അയക്കേണ്ടായിരുന്നു, ഒക്കെകൂടി അതിന്റെ ചന്തൊക്കെ പോയാലോ”

Wednesday, October 29, 2008

സോഡ ഫാക്ടറിവൈകുന്നേരം അങ്ങാടിക്ക് നടക്കുമ്പോഴുണ്ട് മുന്നില്‍ രാമേട്ടന്‍.

“ യ്യ് പ്പോ വന്നൂ ? “ ചിരിച്ച് കൊണ്ടുള്ള ചോദ്യം

ഒരു മാറ്റവുമില്ല. തലയില്‍ തോര്‍ത്ത് മുണ്ട് കൊണ്ടുള്ള കെട്ട്, കയ്യില്ലാത്ത, ചെറിയ ചെറിയ ദ്വാരങ്ങള്‍ വീണ ബനിയന്‍, മാടിക്കുത്തിയ കള്ളി മുണ്ട്, ചുണ്ടില്‍ പുകയുന്ന ബീഡി.

നാട്ടിലെ ഒരേ ഒരു ഫാക്ടറിയുടെ ഉടമയായിരുന്നു, രാമേട്ടന്‍. ‘കല്പക സോഡാ ഫാക്ടറി’

മീന്‍ ചാപ്പയുടെ പിന്നില്‍ ഖാദിയുടെ നൂല്‍നൂല്‍പ്പ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്ന ഒരു പഴയ ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലെ കോണിക്കൂടിന് തൊട്ടടുത്ത ഒരു ചെറിയ മുറിയിലായിരുന്നു രാമേട്ടന്റെ ഫാക്ടറി.

മാപ്പിള സ്കൂളില്‍ ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സി.കെ ബാബുവാണ് ഒരിക്കല്‍ ‘ഫാക്ടറി’ കാണാന്‍ എന്നെ ആദ്യമായി കൂട്ടി കൊണ്ട് പോയത്.

രണ്ട് മൂന്ന് വലിയ സിമന്റ് വീപ്പയില്‍ പഞ്ചായത്ത് കിണറില്‍ നിന്നും കോരി കൊണ്ടുവന്ന് ഒഴിച്ച് വെച്ച വെള്ളം. വെള്ളം അരിച്ച് സോഡാ കുപ്പിയില്‍ ഒഴിക്കാന്‍ ഉപയോഗിക്കുന്ന മണ്ണിന്റെ നിറമാ‍യ കുറച്ച് തുണി കഷ്ണങ്ങള്‍. ഒരു മൂലയ്ക്ക് കൂട്ടിയിട്ടിരിക്കുന്ന കുറെ കാലി സോഡാ കുപ്പികള്‍, കാര്‍ബണ്‍‌ഡൈ ഓക്സൈഡ് നിറച്ച് വച്ച ഒരാള്‍ പൊക്കത്തിലുള്ള ഒരു സിലിണ്ടര്‍. സിലിണ്ടറില്‍ നിന്നും ഗ്യാസ് കുപ്പിയിലേയ്ക്ക് പകരാന്‍ ലിവര്‍ ഉള്ള ഒരു ചെറിയ ‘യന്ത്രം’- ഇതായിരുന്നു രാമേട്ടന്റെ ഫാക്ടറി.

വിതരണവും രാമേട്ടന്‍ തന്നെ. ഒരു പഴയ ഹെര്‍ക്കുലിസ് സൈക്കിളിന്റെ പിന്നില്‍ കെട്ടി വച്ച തക്കാളി പെട്ടിയില്‍ സോഡ കുപ്പികള്‍ അടുക്കി വച്ച് അങ്ങാടിയിലെ കടകളില്‍ എത്തിക്കും.

പത്ത് പൈസ കൊടുത്ത് ഞങ്ങള്‍ ഒരു സോഡ വാങ്ങി. കയ്യിലെ തള്ള വിരല്‍ ഒരു പ്രത്യേക രീതിയില്‍ ചലിപ്പിച്ച് കുപ്പിയിലെ ഗോലി ഇളക്കി ഗ്യാസ് നുരയുന്ന സോഡ രാമേട്ടന്‍ എനിക്ക് നേരെ നീട്ടി.

ഞാന്‍ ആദ്യമായി രുചിച്ച സോഡ.

Tuesday, September 23, 2008

ഒരിക്കല്‍ ഒരു നോമ്പ് കാലത്ത്...


“ മൊതലാളീന്റെ മോന്‍ ധാരാളി
ധാരാളീന്റെ മോന്‍ എരപ്പാളി
എരപ്പാളീന്റെ മോന്‍ തൊഴിലാളി
തൊഴിലാളീന്റെ മോന്‍ പിന്നേം മൊതലാളി... ”

ബഡാപ്പുറത്ത് വിരിച്ച പുല്ലുപായിലിരുന്ന് അന്ത്രുമാനിക്ക പറയുകയാണ്. മുസ്തഫയുടെ വീട്ടില്‍ ഒരു നോമ്പു ദിവസം വൈകീട്ട് നോമ്പു തുറക്കലിന്ന് ചെന്നതാണ് ഞാന്‍. മുസ്തഫയുടെ ഉമ്മയുടെ മൂത്ത ആങ്ങളയാണ് അന്ത്രുമാനിക്ക.

“ ന്റെ പ്പാന്റുപ്പ ശീമേന്ന് ത്രേം സമ്പായിച്ചിട്ടാര്‍ന്ന് നാട്ടിക്ക് ബന്നത്. കോയാജിന്ന് പറഞ്ഞാല്‍ കോയിക്കോടങ്ങാടീ വരെ വല്ല്യ പേരായിര്‍ന്ന്. മൂപ്പര് സമ്പാദിച്ചത് മുയേനും ഉപ്പേം സഹോദരങ്ങളും ചേര്‍ന്ന് മുടിച്ച് തീര്‍ത്ത്. ഒമ്പത് പുള്ളാരേം
ഉമ്മേനേം ബാക്കീട്ട് ഉപ്പ തീര്‍ന്നും പോയി. അന്ന് തൊടങ്ങീതാ അദ്ധ്വാനിക്കാന്‍. പാണ്ട്യാലേല്‍ കാവലായിരുന്ന് ആദ്യത്തെ പണി. വണ്ടി വലിക്കാന്‍ പോയി, മീന്‍ പിടിക്കാന്‍ പോയി, തലേലെടുക്കാന്‍ പോയി, മരക്കച്ചോടത്തിന് പോയി...”

വാതില്‍ക്കല്‍ വന്ന് മുസ്തഫ എന്നോട് ചിരിച്ചു; “ മാമയ്ക്ക് ഈ കഥയൊന്നും പറഞ്ഞാല്‍ തീരുല. അത്രയ്ക്ക് അനുഭവിച്ചിട്ടുണ്ടേയ് ”

“ തായെള്ള ആറ് പെങ്ങമ്മാരേം ആവുന്നത്ര മിന്നും കൊടുത്തിട്ട് തന്നേ എറക്കി വിട്ടത്. മൂത്ത പെങ്ങളെ കെട്ടിക്കുമ്പോ ഏറ്റവും ഇളയ രണ്ടാണ്‍പിള്ളേം മൂക്കിലൊലിപ്പിച്ച് വള്ളി ട്രൌസറൂം ഇട്ട് നടക്കായിരുന്നു ”; അന്ത്രുമാനിക്കയുടെ ഓര്‍മ്മകള്‍ വറുതിയുടെ പഴയ നാളുകളിലൂടെ സഞ്ചരിക്കുകയാണെന്ന് മുഖം കാണുമ്പോഴറിയാം.

“ അള്ളാന്റെ കാരുണ്യാവും. നെറിവിട്ട് ഒരിക്കലും ജീവിച്ചിട്ടില്ല. ഇപ്പം ഇങ്ങിനെ മക്കളേം മരുമക്കളേം വീട്ടി പോയി അയിറ്റിങ്ങള്‍ സുഖായിട്ട് ജീവിക്കുന്നത് കാണാനുള്ള ഭാഗ്യംണ്ടായി ”

വയസ്സ് എണ്‍പത് കഴിഞ്ഞിട്ടുണ്ടാവും. കാഴ്ച കുറച്ച് കുറഞ്ഞിട്ടുണ്ടെന്നല്ലാതെ അന്ത്രുമാനിക്കയ്ക്ക് ദേഹാസ്വാസ്ഥ്യങ്ങളൊന്നും കാര്യമായിട്ടില്ല.

“ ഇനിയങ്ങ് മയ്യത്തായാലും മയക്കില്ല ”; ബഡാപ്പുറത്ത് നിന്നും മുസ്തഫയുടെ കൈ പിടിച്ചിറങ്ങി ഭക്ഷണ മേശയ്ക്കരികിലേയ്ക്ക് നടക്കുമ്പോള്‍ അന്ത്രുമാനിക്ക പറഞ്ഞു.

“ ഇങ്ങളങ്ങ് മയ്യത്തായാപിന്നെ ഞങ്ങക്ക് ആരാ ഇക്കാ ”; മുസ്തഫയുടെ ഉമ്മ ഭക്ഷണസാധനങ്ങള്‍ എടുത്ത് നിരത്തുമ്പോള്‍ ആങ്ങളയോട് ഇത്തിരി പരിഭവം പോലെ പറഞ്ഞു.

“ മോനേ ”; എന്റെ ചുമലില്‍ കൈ വച്ച് മുസ്തഫയെ നോക്കി അന്ത്രുമാനിക്ക പറഞ്ഞു; “ ഇവന്‍ സ്കോളി പഠിക്കുമ്പോള്‍ പണപയറ്റിന് ഓന്റെ കയ്യില്‍ കൊടുത്തയച്ച പൈസ അവിടെ കൊടുക്കാതെ തിക്കോടി അങ്ങാടീന്ന് എറച്ചീം പൊറാട്ടേം വാങ്ങി തിന്നേന് ഞാനോനെ അടിച്ച അടി എത്തരായാന്നറിയോ. ഒരു പുളിക്കൊമ്പ് ഒടീന്ന വരെ ഞാനോനെ അടിച്ചു ”; അന്ത്രുമാനിക്കയുടെ കണ്ണുകളില്‍ വെള്ളം നിറഞ്ഞു; “ മക്കക്ക് ഇഷ്ടേള്ള സാധനങ്ങള്‍ തിന്നാന്‍ വാങ്ങികൊടുക്കാനൊന്നും ആവുലായിരുന്ന് അന്ന് ”

“ അന്റെ മോന്‍ പഠിക്കാന്‍ വിചാരിച്ചത്രയൊന്നും പഠിപ്പികാന്‍ എന്നെക്കൊണ്ടായില്ല. ആരെയെല്ലാമോ കയ്യും കാലും പിടിച്ച് ഓനെ ഞാന്‍ ഗള്‍ഫിലേക്ക് ഉന്തി പറഞ്ഞായിക്കുകയായിരുന്നു. ഇപ്പം നാട്ടില് വന്നാല്‍ ഓനെന്നെ കൂട്ടിക്കൊണ്ടാവാത്ത ഹോട്ടലുകളില്ല. ഞങ്ങള്‍ക്ക് വേണ്ടി തിന്നാണ്ട് കുടിക്കാണ്ട് ജീവിച്ചതല്ലേ മാമ എന്ന് ഓനെപ്പോം പറയും ”

ഭക്ഷണമേശയില്‍ എനിക്കഭിമുഖമായിരിക്കുന്ന മുസ്തഫയുടെ നിറഞ്ഞ മുഖം.

Tuesday, September 02, 2008

അറിയപ്പെടാ‍ത്തവർ


ഒരിക്കൽ, കരകൌശല വസ്തുക്കളുടെ പ്രദർശനവും വിലപ്പനയും നടക്കുന്ന ബാംഗ്ലൂരിലെ പാലസ് ഗ്രൌണ്ടിൽ എല്ലാം ചുറ്റിയടിച്ച് കണ്ട്, പുറത്തെ റസ്റ്റോറണ്ടിൽ കാപ്പി കുടിച്ചു കൊണ്ടിരിക്കുമ്പോൽ വിജയ് എന്നോട് പറഞ്ഞു;

“ പത്ത് പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പാണ്. എഞ്ചിനിയറിംഗിന് പഠിക്കുമ്പോൾ ക്യാമ്പസിന്റെ മൂലയ്ക്കൊരിടത്ത് ഒരു വൃദ്ധൻ ചിലപ്പോൾ വന്ന് കൂനികൂടി ഇരിക്കും. എന്തെങ്കിലും ചില്ലറ കൊടുത്താൽ കയ്യിലുള്ള ഒരു ആണിയും ചെറിയൊരു ചുറ്റികയും കൊണ്ട് പെന്നിലോ പെൻസിലിലോ വാച്ചിലോ എവിടെ വേണമെന്ന് നമ്മൾ പറയുന്നിടത്ത് അയാൾ ഭംഗിയായി പേര് കൊത്തി തരും. അന്ന് അയാളെകൊണ്ട് എന്റെ പേർ കൊത്തിച്ച വാച്ച് ഞാൻ സൂക്ഷിച്ച് വച്ചിട്ടുണ്ട്. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും അത് കളയാൻ എനിക്ക് തോനുന്നില്ല. പഞ്ഞി താടിയും മുടിയുമായുള്ള ആ വൃദ്ധനെയും എനിക്ക് മറക്കാൻ കഴിയുന്നില്ല ”

അടുത്ത ദിവസം അവൻ ആ വാച്ച് കൊണ്ടു വന്ന് എന്നെ കാണിച്ചു. അന്നെടുത്ത് വച്ച ഫോട്ടോ ആണ്.

Tuesday, August 12, 2008

മട്ക്കേരിയിൽ മഴ പെയ്യുകയാണ്

മട്ക്കേരിയിൽ മഴ പെയ്യുകയാണ്.

രാജ സീറ്റിൽ നിന്നും മുന്നിലെ താഴ്വരയിലുള്ള ചെറിയ ചെറിയ കുന്നുകളിലേയ്ക്ക് വലിഞ്ഞ് കേറി ചെന്നാൽ കാറ്റും മഞ്ഞും മഴയും ഏത് നിമിഷവും വന്ന് പൊതിഞ്ഞേക്കും.

ഓഫ് സീസണാണ്.

എങ്കിലും മഴ കാണേണ്ടവർ ഇപ്പോഴാണവിടെ ചെല്ലേണ്ടത്.

മൈസൂരിൽ നിന്നും 115 കി.മി യാത്ര ചെയ്താൽ മട്ക്കേരിയിൽ എത്താം.വഴി മദ്ധ്യേ 80 കി.മി യാത്ര ചെയ്താൽ കുശാൽ നഗറിൽ താമസിക്കൻ നല്ല ഹോട്ടലുകൾ ലഭ്യം.


വെള്ളച്ചാട്ടങ്ങൾ, താഴ്വരകൾ, കുന്നുകൾ എന്തിന് പച്ചപ്പുകൾക്കിടയിലൂടുള്ള യാത്രപോലും സുന്ദരം.

Friday, August 01, 2008

ഒന്നിനുമില്ല ആ പഴയ സുഖം


മഴയത്ത് അടിയോടിയുടെ പറമ്പിലെ പുളിയൻ പറങ്കി മാവിന്റെ ചുവട്ടിൽ പോയി നിന്നു നോക്കി,
ഇടവഴിയിലൂടെ വയലിലേയ്ക്ക് ഒഴുകുന്ന മഴ വെള്ളം കാലുകൊണ്ട് ചടപടാന്ന് പൊട്ടിച്ച് നോക്കി,
സിലോൺ റസ്റ്റോറണ്ടിൽ പോയി പൊറാട്ടയും ബീഫും കഴിച്ചു നോക്കി,
വൈകുന്നേരം അമ്പലപ്പറമ്പിലെ അരയാൽത്തറയിൽ പോയി മലർന്ന് കിടന്ന് നോക്കി,
ലളിതയുടെ വീട്ടിനു മുന്നിലൂടെ അവൾ വരാന്തയിലെവിടെയെങ്കിലുമുണ്ടോ എന്ന് നോക്കി സൈക്കിളിൽ മൂന്നാല് പ്രാവശ്യം റൌണ്ടടിച്ച് നോക്കി,
കുളക്കരയിൽ പോയിരുന്ന് പരന്ന ചട്ടി കഷ്ണങ്ങൾ വെള്ളത്തിലേയ്ക്ക് പരത്തിയെറിഞ്ഞ് എത്ര തവണ ചാടി ചാടി പോകുന്നുണ്ടെന്ന് നോക്കി,
തോട്ടിലും കുളത്തിലും മുങ്ങാം കുഴിയിട്ട് നീന്തി നോക്കി,
പഞ്ചായത്ത് ഗ്രൌണ്ടിൽ വോളിബോൾ കളിക്ക് ബെറ്റ് വെയ്ക്കാൻ പോയി നോക്കി.
കാർത്തികപ്പള്ളി റോഡിലെ കല്ലുങ്കിൽ കുത്തിയിരുന്ന് കൂട്ടുകാരുമൊത്ത് കഥ പറഞ്ഞിരുന്ന് നോക്കി,
ഗ്രാമീണ വായന ശാലയിൽ പോയി അലമാരകളിൽ അടുക്കി വച്ച പഴയ പുസ്തകങ്ങൾ മണത്ത് നോക്കി,
മലോൽ തിറയ്ക്ക് പോയി പെട്രോമാക്സ് വെളിച്ചത്തിൽ കറക്കി കുത്തും ചട്ടിയും കളിച്ച് നോക്കി,
ഒറ്റൽ കൊണ്ട് മീൻ പിടിക്കാൻ മഴയത്ത് വയലിൽ കേളപ്പേട്ടനൊപ്പം കൂടി നോക്കി,
ബോംബെ ബേക്കറിയിൽ നിന്നും അരിമുറുക്കും കടല മുട്ടായിയും കൂന്തിയും വാങ്ങി തിന്ന് നോക്കി,
അശോകന്റെ മഹാലക്ഷ്മി സ്റ്റോറിൽ നിന്നും ഉപ്പിലിട്ട നെല്ലിക്ക വാങ്ങി തിന്നു നോക്കി,
പച്ച മാങ്ങ എറിഞ്ഞ് വീഴ്ത്തി ചെറുതായരിഞ്ഞ് ഉപ്പും മുളകും വെളിച്ചണ്ണയിൽ ചാലിച്ച് തിന്ന് നോക്കി,
മുരിങ്ങയില ചേർത്ത് വച്ച പരിപ്പ് കൂട്ടാനും ചേമ്പ് മെഴുക്കുപുരട്ടിയും കാന്താരി മുളക് ഉപ്പിലിട്ടതും കൂട്ടി ഊണ് കഴിച്ച് നോക്കി,
അമ്മയുണ്ടാക്കിയ കുഞ്ഞികലത്തപ്പവും നെയ്യപ്പവും പഴം പൊരിയും തിന്ന് നോക്കി,
അച്ഛനെ ശുണ്ടി പിടിപ്പിക്കാൻ ബോണി-എം ശബ്ദം കൂട്ടി പാടിച്ച് നോക്കി,
ചേച്ചിമാരുടെ അലമാരയിൽ അടിച്ച് മാറ്റാൻ ചില്ലറയുണ്ടോ എന്ന് തപ്പി നോക്കി,
സ്കൂളിൽ നിന്നും ചേച്ചിമാർ വരുമ്പോൾ അവർക്ക് കൂട്ടുകാരാരെങ്കിലും കൊടുക്കുന്ന മുട്ടായി എനിക്കായി കൊണ്ട് വരുമോ എന്ന് കാത്ത് വരാന്തയിൽ കുന്തിച്ചിരിക്കുന്നതായി സങ്കൽ‌പ്പിച്ച് നോക്കി,
ഗോതമ്പ് റവ കൊണ്ട് ഉപ്പുമാവുണ്ടാക്കി കുപ്പി കഷ്ണങ്ങൾ പൊടിച്ചിട്ട് കാക്കകളെ പിടിക്കാൻ ശ്രമിച്ച് നോക്കി,
പുഴക്കരയിൽ പോയിരുന്ന് ദിനേശ് ബീഡി പുകച്ച് നോക്കി,
കച്ചേരി മൈതാനിയിൽ പ്രധിഷേധ പ്രകടനവും പൊതു യോഗവും കാണാൻ പോയി നോക്കി,
ഹൈസ്കൂൾ ഗ്രൌണ്ടിൽ പോയി പട്ടം പറപ്പിച്ച് നോക്കി,
വൈദ്യശാലയിൽ ചെന്ന് വയറ്റിന് നല്ല സുഖമില്ലെന്ന് പറഞ്ഞ് ഒരൌൺസ് ദശമൂലാരിഷ്ടം വാങ്ങി കുടിച്ച് നോക്കി,
പള്ളിക്കുന്നിൽ വേലായുധേട്ടന്റടുത്ത് ചെന്ന് നൂറുമില്ലി നാടനടിച്ച് നോക്കി,
ചെത്തുകാരന്റെ കയ്യിൽ നിന്നും തെങ്ങിൻ കള്ള് സംഘടിപ്പിച്ച് കുടിച്ച് നോക്കി,
രാത്രിയിൽ പഞ്ചായത്താപ്പിസിന്റെ ടെറസ്സിൽ കയറിയിരുന്ന് സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ കൂട്ടുകാരുമൊത്ത് റമ്മി കളിച്ച് നോക്കി,
വെള്ളികുളങ്ങര ശ്രീജയയിൽ പോയി സെക്കന്റ് ഷോ സിനിമ കണ്ട് നോക്കി,
ഏതെങ്കിലും ടാക്കീസിൽ നൂൺ ഷോയ്ക്ക് ‘എ‘ പടം ഓടുന്നുണ്ടോ എന്ന് കൂട്ടുകാരെ വിളിച്ച് അന്വേഷിച്ച് നോക്കി,
ട്യൂട്ടോറിയൽ കോളേജിലെ സ്റ്റാഫ് റൂമിൽ ചെന്ന് ഇരുന്ന് നോക്കി,
കല്ല്യാണവീട്ടിൽ നേരം പുലർച്ചെ പാൽ‌പ്പായസം ഉണ്ടാക്കാൻ വെപ്പ്കാരൻ കുറുപ്പേട്ടന്റെ കൂടെ കൂടി നോക്കി,
അവിടെ പായസത്തിൽ ചേർക്കാൻ നെയ്യിൽ വറുത്ത് വച്ച അണ്ടിപ്പരിപ്പും മുന്തിരിയും കട്ടെടുത്ത് തിന്ന് നോക്കി,
ആകാശവാണിയിൽ റേഡിയോ നാടകോത്സവം കേട്ടിരുന്ന് നോക്കി,
മോഹൻലാൽ അഭിനയിച്ച അമൃതം ഗമയയും മമ്മൂട്ടി അഭിനയിച്ച ആൾക്കൂട്ടത്തിൽ തനിയെയും വീണ്ടും കണ്ട് നോക്കി,
ശിവരത്രിക്ക് ശിവാ തിയറ്റേഴ്സ് അവതരിപ്പിച്ച, സാമൂഹ്യ നാടകം കാണാൻ പോയി നോക്കി,
പെരുന്നാളിന് മുസ്തഫയുടെ വീട്ടിൽ ചെന്ന് ചട്ടിപ്പത്തിരിയും ഇറച്ചിയും അലീസയും തിന്ന് നോക്കി,
കൃസ്ത്‌മസ്സിന് ജോസഫിന്റെ വീട്ടിൽ പുൽക്കൂടുണ്ടാക്കി നോക്കി,
വിഷുവിന്ന് പടക്കം പൊട്ടിച്ച് നോക്കി,
ഓണത്തിന് പൂക്കളമിട്ട് നോക്കി.......

ഒന്നിനുമില്ല ആ പഴയ സുഖം
ഓർമ്മകൾക്കാണ് സുഖം

Monday, July 21, 2008

മഴ നനയുന്നത്...


ചാറ്റൽ മഴയും കോടമഴയും നനഞ്ഞിട്ടുണ്ട്. മഴയിൽ വയലും പറമ്പും കവിഞ്ഞ് പുഴ ഒഴുകുമ്പോൾ വാഴത്തടകൾ കൂട്ടിക്കെട്ടി അതിൽ കേറിയിരുന്ന് തോണി തുഴഞ്ഞിട്ടുണ്ട്. കലക്ക് വെള്ളത്തിൽ കണ്ണ് ചെമ്പോത്തിന്റെ കണ്ണ് പോലെ ചെമക്കുന്നത് വരെ നീന്തിയിട്ടുണ്ട്. തോട്ടിൽ വലവിരിച്ച് കട്ങ്ങാലി മീനിനെ പിടിച്ചിട്ടുണ്ട്. വലയിൽ കുടുങ്ങുമായിരുന്ന മഞ്ഞ നിറമുള്ള നീർക്കോലികളുടെ കഴുത്തിൽ കുരുക്കിട്ട് കൊണ്ട് നടന്ന് കൊത്തങ്കല്ല് കളിക്കുന്ന പെൺകുട്ടികളെ പേടിപ്പിച്ചിട്ടുണ്ട്. മഴയിൽ ചിമ്മാനിയടിച്ച വരാന്തയിലെ കാവി നിലത്ത് ചിത്രങ്ങൾ വരച്ചിട്ടുണ്ട്. വീട്ടിലെ മേലെ മുറിയിൽ എന്റെ ജനവാതിലിനടുത്ത് പടർന്ന് നിൽക്കുന്ന ഒട്ടുമാവിൽ മഴ വീഴുന്നത് കേട്ട് ഉറങ്ങുകയും ഉണരുകയും വെറുതെ കിടക്കുകയും ചെയ്തിട്ടുണ്ട്....

പക്ഷേ അതൊന്നും രാഘവന്റെ ചോദ്യത്തിന് ഉത്തരമാവില്ല. മഴ പെയ്തൊഴിഞ്ഞ് നനഞ്ഞ കാറ്റേറ്റ് ഞാൻ ഹോസ്റ്റലിന്റെ വരാന്തയിൽ അവന്റെ മുഖത്തേക്ക് നോക്കി മിഴിച്ച് ഇരുന്നു.

പെരുമഴ പെയ്യുന്ന ഒരു ദിവസം കോളെജിൽ നിന്നും ഇറങ്ങിയതാണ്. നനഞ്ഞ് കൊണ്ട് ഹോസ്റ്റലിലേയ്ക്ക് നടക്കുമ്പോൾ മുന്നിലുണ്ട് രാഘവൻ നടക്കുന്നു. ബി.കോമിന് ഞങ്ങൾ ഒരുമിച്ചാണ് പഠിക്കുന്നത്. അവൻ ദിവസവും വീട്ടിൽ നിന്നുമാണ് വരുന്നത്. കക്കയത്തിനപ്പുറത്തെവിടെയോ ഒരു ആദിവാസി കോളനിയിലാണ് അവന്റെ വീട്. ഒഴിവ് ദിവസങ്ങളിൽ പാടത്ത് പണിയെടുത്തും അല്ലറ ചില്ലറ കൃഷി നടത്തിയുമൊക്കെയാണ് അവൻ കോളെജിൽ പഠിക്കാനുള്ള കാശുണ്ടാക്കുന്നത്. പഠിക്കണം, ഒരു ജോലി കണ്ടെത്തണം. താഴെയുള്ള മൂന്നെണ്ണത്തിനെയും കോളനിയിലുള്ള മറ്റ് കുട്ടികളെ കൂടെയും പഠിപ്പിക്കണം. അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരണം- അതൊക്കെയായിരുന്നു അന്ന് രാഘവന്റെ ലക്ഷ്യങ്ങൾ.

സഹമുറിയൻ നാട്ടിലാണ്. മഴ നിന്നിട്ട് പോകാം എന്ന് പറഞ്ഞ് രാഘവനെ ഞാൻ മുറിയിലേക്ക് കൂട്ടി. തലയും മേലും തുടക്കാൻ രാഘവന് ഒരു തോർത്തെടുത്ത് കൊടുത്ത് നനഞ്ഞ വസ്ത്രങ്ങൾ മാറ്റി ഞാൻ രണ്ട് കപ്പിൽ കട്ടൻ കാപ്പിയിട്ട് വരാന്തയിലേക്ക് വന്നപ്പോഴുണ്ട് രാഘവൻ നനഞ്ഞതൊന്നും തുടക്കാതെ അങ്ങിനെ തന്നെ ഇരിക്കുന്നു.

“ അങ്ങിനൊന്നും അസുഖം വരില്ല “; ഒരു കവിൾ കാപ്പി കുടിച്ച് രാഘവൻ പറഞ്ഞു; “ തിരുവാതിര ഞാറ്റ് വേലയാണ്, നല്ലോണം മഴ പെയ്യട്ടെ. പാട്ടത്തിന് കുറച്ച് കുരുമുളക് വള്ളി നട്ടിട്ടുണ്ട് ഞാൻ “

ഞാനൊരു സിഗററ്റ് കത്തിച്ച് പുകച്ചു. തിമർത്ത് പെയ്യുന്ന മഴ പതുക്കെ ശക്തി കുറഞ്ഞ് കുറഞ്ഞ് നിന്നു. ഹോസ്റ്റൽ കെട്ടിടത്തിന്റെ മുന്നിൽ റോഡിനപ്പുറത്ത് വിശാലമായ വയലാണ്. അതിനപ്പുറം ദൂരെ അവ്യക്തമായി കാണുന്ന മലനിരകളിലേക്ക് സൂക്ഷിച്ച് നോക്കി രാഘവൻ പറഞ്ഞു;

“ ഈ മഴ ഇപ്പൊഴൊന്നും തീരില്ല. മലയിൽ മഴ പെയ്യുന്നുണ്ട് “

“ മലയിൽ മഴ പെയ്യുന്നുണ്ടെന്ന് നിനക്കെങ്ങിനെ അറിയാം? ”

ദൂരെ മല നിരകളിലേയ്ക്ക് വിരൽ ചൂണ്ടി രാഘവൻ പറഞ്ഞു; “ മലയിലേലക്ക് നോക്കുമ്പോൾ ഒരു നേരിയ പുകപടലം പോലെ കാണുന്നില്ലേ, അത് മഴ പെയ്യുന്നതാണ് “

ആരോ വരച്ച ചിത്രം പോലെ ചാര നിറമുള്ള ആകാശവും മലയും മഴയും. അതിങ്ങനെ നോക്കിയിരിക്കുമ്പോഴാണ് രാഘവൻ ചോദിച്ചത്;

“ നീ മലയിൽ മഴ നനഞ്ഞിട്ടുണ്ടോ? ആളനക്കമില്ലാത്ത കാട്ടിൽ കൊടും മഴയിൽ? “

* * *

അടുത്ത വെള്ളിയാഴ്ച വൈകീട്ട് ഞാൻ രാഘവനൊപ്പം പുറപ്പെട്ടു. ബസ്സിറങ്ങി കാട്ട് വഴിയിലൂടെ നാലഞ്ച് കിലോമീറ്റർ ചെങ്കൂത്തായം നടക്കണം അവന്റെ കോളനിയിലെത്താൻ. “ ഇപ്പോൾ മനസ്സിലായോ ക്രോസ്സ് കണ്ട്രി റേസ്സിൽ കഴിഞ്ഞ രണ്ട് വർഷമായിട്ട് ഞാൻ ഒന്നാം സ്ഥാനത്തെത്തുന്നതിന്റെ രഹസ്യം? “; മഴ നനഞ്ഞ് നടക്കുമ്പോൾ രാഘവൻ തമാശയായി പറഞ്ഞു.

ഓല കൊണ്ടും തകര ഷീറ്റ് കൊണ്ടും ഉണ്ടാക്കിയ കുറേ കുടിലുകൾ. ചിലയിടങ്ങളിൽ പുകഞ്ഞ് കത്തുന്ന ചെറിയ മണ്ണെണ്ണ വിളക്കുകൾ. മഴയെയും ഇരുട്ടിനെയും കൂട്ടാക്കാതെ ഓടി നടക്കുന്ന കുട്ടികൾ.

ഓല മറച്ച് വേർതിരിച്ച രണ്ട് ചെറിയ മുറികളുള്ള രാഘവന്റെ വീട്ടിൽ അവന്റെ അമ്മയ്ക്കും അച്ഛനും കൂടപ്പിറപ്പുകൾക്കുമൊപ്പം ഞാൻ ഉണക്ക മീൻ ചുട്ടതും കൂട്ടി ചൂട് കഞ്ഞി കഴിച്ചു. രാത്രി ഏറെ വൈകുന്നത് വരെ അവന്റെ അച്ഛൻ പറഞ്ഞ് തന്ന കാടറിവുകൾ കേട്ടിരുന്നു. അവന്റെ അമ്മ വിരിച്ചു തന്ന തഴപ്പായയിൽ രാഘവനൊപ്പം കിടന്ന് ചീവീടുകളുടെയും തവളകളുടെയും മഴയുടെയും ശബ്ദം കേട്ട് ഉറങ്ങി.

നേരം പരപരാ വെളുക്കാൻ തുടങ്ങിയപ്പോഴേയ്ക്കും മഴയിൽ ഞങ്ങൾ മല കയറി തുടങ്ങി. മരങ്ങൾക്കും വള്ളികൾക്കും ഇടയിലൂടെയുള്ള കാട്ട് പാത. ആദിവാസികൾ വിറകൊടിക്കാനും തേനെടുക്കാനും കാട്ട് പന്നിയെ വേട്ടയാടാനുമാണ് മല കയറുന്നത്. പിന്നെ മല മുകളിൽ ഒരു ഗുഹയ്ക്ക് മുന്നിൽ അവരുടെ ദേവിയെ വണങ്ങാൻ വർഷത്തിൽ ഒരു പ്രാവശ്യവും.

ഗുഹ എന്ന് പറയാൻ മാത്രമൊന്നുമില്ല. ഒരു പാറക്കെട്ടിനിടയ്ക്ക് കഷ്ടിച്ച് ഒരു കാട്ട് പന്നിക്ക് ഇരിക്കാൻ പറ്റുന്ന ഒരു മാളം. ഗുഹാ മുഖത്ത് കാണുന്ന ഒരു പാറക്കഷ്ണമാണ് അവരുടെ ദേവി. ഉത്സവത്തിന് കാട്ട് പന്നിയെയും കോഴിയെയും ബലികൊടുക്കുമത്രേ.

ഗുഹയും കടന്ന് ഞങ്ങൾ പിന്നെയും മേലോട്ട് കയറി. മഴ ശക്തമായി പെയ്യുകയാണ്. കാട്ട് മരങ്ങൾക്കിടയിൽ ഒരു പാറക്കെട്ടിൽ രാഘവൻ നിന്നു;
“ കണ്ണടച്ച് കൈകൾ നീട്ടി പിടിച്ച് നിൽക്കുക “; രാഘവൻ പറഞ്ഞു.

മഴ എന്നെ പൊതിഞ്ഞു.
മഴനൂലുകൾ എന്നിലൂടെ പെയ്തിറങ്ങി.
എന്റെ ശരീരവും മനസ്സും മഴയിൽ നനഞ്ഞു.
ഞാൻ മഴയുടെ വസ്ത്രം ധരിച്ചു, മഴയുടെ സംഗീതം കേട്ടു, മഴയിൽ കാട് പുളയുന്നതറിഞ്ഞു...

* * *

മഴയെത്തുമ്പോൾ ഇപ്പോഴും ഞാൻ ആ ദിവസം ഓർക്കും. രാഘവനെ ഓർക്കും.
ഇനി ഒരിക്കൽ കൂടി അങ്ങിനെയൊരു യാത്രയ്ക്ക് കൊതിക്കും....

Monday, July 14, 2008

ആ വവ്വാലുകൾ എവിടേയ്ക്ക് പോയിരിക്കും...സ്കൂൾ വിട്ട് വന്ന് വൈകുന്നേരം എന്നും ഉമ്മറത്ത് കുറെ നേരം വെറുതെ ഇരിക്കും.

ഇരുട്ട് മുഴുവനായി വീഴുന്നതിന്ന് മുമ്പായിരിക്കും ആ പതിവ് കാഴ്ച. ആകാശത്തൂടെയുള്ള വവ്വാലുകളുടെ ഘോഷയാത്ര. പത്ത് മിനുട്ടോളം നീളുന്ന ആ ഘോഷയാത്രയിൽ ആയിരക്കണക്കിന് വവ്വാലുകളുണ്ടാവും.

നാട്ടിലെ രണ്ട് പഴയ നമ്പൂതിരി ഇല്ലങ്ങളാണ് കുനിയില്ലവും പാറോളി ഇല്ലവും. ഒന്ന് പാടത്തിനും പുഴയ്ക്കും അപ്പുറം. മറ്റേത് ഇപ്പുറവും.വിശാലമായി ആളനക്കമില്ലാതെ കിടക്കുന്ന ഇല്ലപ്പറമ്പുകളിൽ രണ്ടിടത്തും ഉണ്ട് കാവുകൾ. ഇടതൂർന്ന് വളർന്ന് നിൽക്കുന്ന മരങ്ങളും വള്ളികളും നിറഞ്ഞ ആ കാവുകളിലാണ് വവ്വാലുകളുടെ സങ്കേതം. വൈകുന്നേരം കുനിയില്ലത്തെ കാവിൽ നിന്നും വവ്വാലുകൾ കൂട്ടത്തോടെ പാറോളി ഇല്ലത്തെ കാവിലേയ്ക്ക് പറക്കും, അടുത്ത ദിവസം നേരം പരപരാ വെളുക്കുമ്പോൾ തിരിച്ചും. കൂട്ടത്തിൽ വഴിതെറ്റി പറക്കുന്നതിന്നിടയിൽ ഇലക്ട്രിക് കമ്പികളിൽ ഉടക്കിയും പരുന്ത് വേട്ടയാടി പിടിച്ചും ചത്ത് നിരത്തിൽ വീഴുന്ന വവ്വാലുകൾ സ്കൂളിൽ പോകുമ്പോൾ കാണുന്ന സ്ഥിരം കാഴ്ചയാണ്.

കോട്ടകളെ കുറിച്ച് ഭീതിപ്പെടുത്തുന്ന കഥകളാണ് നാട്ടിൽ പരക്കെ. അതുകൊണ്ട് തന്നെ പകൽ കൂടെ ആളുകൾ നടക്കാൻ മടിക്കുന്ന സ്ഥലങ്ങളാണ്, ഈ രണ്ട് ഇല്ല പറമ്പുകളും. മേലെപറമ്പിലെ അമ്മാട്ടിയാർ ഒരു നട്ടുച്ചയ്ക്ക് പശുവിനെ അഴിച്ച് കൊണ്ട് വരാൻ പോയപ്പോൾ ‘വരവിൽ’പെട്ട് പേടിച്ച് പോയതിൽ പിന്നെയാണ് അവർക്ക് മുഴു വട്ടായത്. രണ്ടില്ലങ്ങളിലും പലപ്പോഴായി നടന്ന ദുർമരണങ്ങളിൽ പെട്ടവരുടെ ആത്മാക്കൾ രാവെന്നോ പകലെന്നോ ഇല്ലാതെ ഈ കോട്ടകളിൽ ചുറ്റിതിരിയുകയാണ്. രക്ത രക്ഷസ്സുകളും കൊടും വിഷമുള്ള പാമ്പുകളും പിന്നെ ആയിരക്കണക്കിന് വരുന്ന വവ്വാലുകളുമാണ് അവർക്ക് കൂട്ട്. നാട്ടൂകാരിൽ പലരും അലഞ്ഞ് നടക്കുന്ന പ്രേതങ്ങളെ അവിടെ പലപ്പോഴായി കണ്ടിട്ടുണ്ടത്രേ.

ഓണക്കാലത്ത് പൂ പറിക്കാൻ പറമ്പുകൾ തെണ്ടുമ്പോഴാണ് ഞങ്ങൾ ഇല്ലപ്പറമ്പിലേയ്ക്ക് ഒളിച്ച് കയറുന്നത്. ഒരു കാരണവശാലും അങ്ങോട്ടെക്കൊന്നും പോകരുതെന്ന അമ്മയുടെ താക്കീത് മറക്കുന്നത് കൂട്ടുകാരുടെ പ്രേരണയിലാണ്. തുമ്പയും മന്ദാരവും കൃഷ്ണമുടിയും കോളാമ്പിപ്പൂവും യശോദപ്പൂവും നിറഞ്ഞ് നിൽക്കുന്ന ആ തൊടിയിൽ നിന്നും പൂക്കൂടകൾ നിറയുന്നത് വളരെ പെട്ടന്നായിരിക്കും. എങ്കിലും കാവിനടുത്തേയ്ക്ക് പോകാറില്ല. വല്ലാത്തൊരു നിശ്ശബ്ദത ചൂഴ്ന്ന് നിൽക്കുന്ന കാവിൽ നിന്നും വല്ലപ്പോഴെങ്കിലും കേൾക്കുന്നത് ചില കിളികളുടെ ശബ്ദം മാത്രമാണ്.

**************
ഒരുപാടൊരുപാട് വർഷങ്ങൾക്കിപ്പുറം,
ഇല്ലങ്ങൾ രണ്ടും ഭാഗിക്കുകയും പറമ്പുകൾ വെട്ടി നിരത്തി കഷ്ണങ്ങളാക്കി പലരും വിൽക്കുകയും വാങ്ങുകയും ചെയ്തു.

കാടും കാവും കുളങ്ങളും അപ്രത്യക്ഷമായി.

ആ വവ്വാലുകൾ എവിടേയ്ക്ക് പോയിരിക്കും...

Saturday, June 28, 2008

ഇതിനാണോ വിവാദം?നാട്ടിലുണ്ടാവാറുള്ള വിവാദങ്ങൾ സാധാരണയായി ശ്രദ്ധിക്കാറില്ല.

അതുകൊണ്ട് തന്നെ കുറെ നാളുകളായി ആഘോഷമായി നടക്കുന്ന പാഠപുസ്തക വിവാദത്തെക്കുറിച്ചും ശ്രദ്ധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം നാട്ടിലെ ഒരു സുഹൃത്ത് അയച്ചു തന്ന ‘വിവാദ‘ പാഠപുസ്തകത്തിലെ ഒരദ്ധ്യായം കണ്ട് ഞാൻ ഞെട്ടിപ്പോയി!

വിദ്യാസമ്പന്നരും ഉത്ഭുദ്ധരും സർവ്വോപരി ദിവസവും രാവിലെ കുളിക്കുകയും ചെയ്യുന്ന മലയാളിയുടെ അഭിമാനത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നതാണ് അതിൽ ആ അച്ഛൻ പറയുന്ന വാചകങ്ങൾ.

“ .....അങ്ങനെ വേണമെന്ന് തോനുന്നുവെങ്കിൽ അവന് ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കട്ടെ “

******

നാണയപ്പെരുപ്പവും രൂക്ഷമായ വിലക്കയറ്റവും മൂലം ജീവിതം ദുസ്സഹമാവുന്ന ഈ സമയത്ത് മലയാളി ചർച്ച ചെയ്യേണ്ട വിഷയം!

എങ്ങിനെ കുറച്ച് തൊഴിലവസരങ്ങൾ സൃഷ്ടിക്കാം, എങ്ങിനെ വിലക്കയറ്റം പിടിച്ച് നിർത്താം, എങ്ങിനെ കൃഷി ലാഭകരമാക്കാം, കടലിലേക്ക് ഒഴുക്കി കളയുന്ന മഴവെള്ളം എങ്ങിനെ സംഭരിക്കാം എന്നൊക്കെ ചർച്ച ചെയ്ത് നാടിന്റെ നന്മയ്ക്ക് വേണ്ടി ക്രിയാത്മകമായി വല്ലതും ചെയ്യുന്നതിന്ന് പകരം വോട്ട് ബാങ്കുകൾ ലക്ഷ്യമാക്കി കുറെ രാഷ്ട്രീയക്കാരും അവർക്ക് ഒത്താശ പിടിക്കുന്ന കുറെ മത മേലാളന്മാരും.

കേഴുക പ്രിയ നാടേ!

Friday, June 20, 2008

വായനയെക്കുറിച്ച് പറയുമ്പോൾ....


എങ്ങിനെയായിരുന്നു വായന തുടങ്ങിയത്...പാഠപുസ്തകമല്ലാത്ത എന്തായിരുന്നു ആദ്യമായി വായിച്ചത്...എപ്പൊഴാ‍യിരുന്നു വായനയെ സ്നേഹിച്ച് തുടങ്ങിയത്...

ഓർമ്മകളുടെ അങ്ങേത്തലയ്ക്ക് ബാലരമയും പൂമ്പാറ്റയും പൂമ്പാറ്റ അമർചിത്രകഥകളും. അവയിലെ കഥകളും പാട്ടുകളും ചിത്രങ്ങളും ഇപ്പോഴും വ്യക്തം. ടൌണിലെ രാഘവേട്ടന്റെ കടയിൽ നിന്നും ‘പൈസ ച്ഛൻ തരും’ എന്നും പറഞ്ഞ് അതിലേതെങ്കിലുമൊന്നുമായി വീട്ടിലേയ്ക്കൊരു ഓട്ടമാണ്. ഒറ്റ ഇരിപ്പിന് മുഴുവൻ വായിച്ച് തീർക്കും. പൃത്ഥ്വിരാജ് ചൌഹാൻ, ശിവജി, കുഞ്ഞാലി മരയ്ക്കാർ, അഭിമന്യു, റോബിൻസൺ ക്രൂസോ....വായിച്ച കഥകളിലെ വീര നായകന്മാരായി സ്വയം സങ്കൽ‌പ്പിച്ച് ആവേശം കൊള്ളും, സ്കൂളിൽ കൂട്ടുകാർക്കൊപ്പം ശീമക്കൊന്നയുടെ വടി, വാളാക്കി ആ കഥകളിലെ യുദ്ധരംഗങ്ങൾ പുനരാവിഷ്കരിക്കും.

പിന്നീട് മാൻഡ്രേക്ക്, ഫാന്റം, മായാവി മാരുടെ ലോകത്തെത്തി. കൂട്ടത്തിൽ ചെറിയ പുസ്തകങ്ങളായി ഇറങ്ങുന്ന നിരവധി വീര സാഹസിക ചിത്രകഥകളും. ഡിറ്റക്ടീവ് കഥകളിലേക്കുള്ള വഴികാട്ടിയും ഈ ചിത്ര കഥകൾ തന്നെ. ഫാറോവാന്റെ മരണമൊഴി, ഡയൽ 00001, രക്തരക്ഷസ്, ഡ്രാക്കുള തുടങ്ങി രാത്രികളിൽ പേടിച്ച് വിറച്ച് വായിച്ച് തീർത്ത എത്രയെത്ര ഡിറ്റക്ടീവ് നോവലുകൾ.

കൌമാരത്തിലേയ്ക്കുള്ള കാൽ വയ്പിനൊപ്പം കൂട്ടായി കിട്ടിയതായിരുന്നു മംഗളം, മനോരമ, കുമാരി, സഖി, മനോരാജ്യം തുടങ്ങിയ ഒരു രൂപാ പ്രസിദ്ധീകരണങ്ങൾ. തോമസ് കുട്ടിയുടെയും മറിയാമ്മയുടെയും പരിശുദ്ധ പ്രണയം മാതൃകയാക്കിയായിരുന്നു കൌമാര പ്രണയസ്വപ്നങ്ങൾ മുഴുവനും. തുടർ നോവലുകൾക്കായി ആർട്ടിസ്റ്റുകൾ ആ വാരികകളിൽ വരച്ച ജീവസ്സുറ്റ പെൺകുട്ടികളുടെ ചിത്രങ്ങളിൽ ചിലത് ഓർമ്മകളിൽ എനിക്കിപ്പോഴും കാണാം.

എട്ടാം ക്ലാസിൽ ഒരു ഉച്ച ഒഴിവിന് ഗ്രൌണ്ടിലെ കശുമാവിൻ തണലിലിരുന്ന് കൂട്ടുകാരൻ സതീശൻ തന്ന ‘കഴുകൻ’ എന്ന ഭീകര പുസ്തകം വായിച്ചിരിക്കുമ്പോഴായിരുന്നു, മലയാളം പഠിപ്പിക്കുന്ന ജോയ് മാഷ് പിന്നിൽ കൂടെ വന്ന് കയ്യോടെ പിടിച്ചത്. ബലാൽ സംഘവും കൊലപാതകവും ഏറ്റുമുട്ടലും നിറഞ്ഞ ആ പുസ്തകം എന്റെ കയ്യിൽ നിന്നും വാങ്ങി താളുകൾ മറിച്ച് നോക്കി തിരിച്ച് തന്ന് പോകുമ്പോൾ മാഷ് പറഞ്ഞു;

“ മനോജ് വൈകീട്ട് ക്ലാസ്സ് കഴിഞ്ഞ് ലൈബ്രറിയിലോട്ട് വരിക “

“ വായിക്കുക എന്നതിനൊപ്പം എന്ത് വായിക്കുന്നു എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ് “; അന്ന് വൈകുന്നേരം പഴയ പുസ്തകങ്ങളുടെ മണമുള്ള ചെമ്പ്ര ഗവണ്മെന്റ് ഹൈസ്കൂളിലെ ലൈബ്രറിയിൽ അദ്ദേഹത്തിന്റെ സീറ്റിലിരുന്ന് ജോയ് മാഷ് പറഞ്ഞു. മേശപ്പുറത്ത് നിന്നും ഒരു പുസ്തകം എടുത്ത് അദ്ദേഹം എനിക്ക് നേരെ നീട്ടി. അതിന്റെ പുറം ചട്ടയിൽ ഞാൻ വായിച്ചു; ‘ചെമ്മീൻ - തകഴി ശിവശങ്കരപ്പിള്ള‘.

ലൈബ്രറിയുടെ അത്ഭുത ലോകത്തേയ്ക്കുള്ള യാത്രയുടെ തുടക്കം അതായിരുന്നു. ജോയ് മാഷ് എനിക്കായി പുസ്തകങ്ങൾ തിരഞ്ഞെടുത്ത് തന്നു. നാലുകെട്ട്, സ്മാരക ശിലകൾ, ഖസാക്കിന്റെ ഇതിഹാസം, മഞ്ഞ്, ഒരു ദേശത്തിന്റെ കഥ, യന്ത്രം, കാലം...... വായിച്ച് കഴിഞ്ഞ പുസ്തകങ്ങൾ മടക്കി കൊടുക്കുമ്പോൾ അതിന്റെ ഒരു പേജിൽ കവിയാത്ത ഒരു ആസ്വാദനവും എഴുതി മാഷക്ക് കൊടുക്കണം. ഖസാക്കിന്റെ ഇതിഹാസത്തിന് ഞാനെഴുതിയ ബാലിശമായ ആസ്വാദനം വായിച്ച്, ചിരിച്ച് കൊണ്ട് രവിയുടെയും ഖസാക്കിന്റെയും ആകുലതകളെ പറ്റി മാഷ് എനിക്ക് പറഞ്ഞ് തന്നത് വർഷങ്ങൾക്ക് ശേഷം ഖസാക്കിന്റെ ഇതിഹാസം വീണ്ടും വായിക്കുമ്പോൾ ഞാൻ തിരിച്ചറിഞ്ഞു.

മാതൃഭൂമി, കലാകൌമുദി, കഥ, ഭാഷാപോഷിണി ഇതൊക്കെയായി കോളെജിലെത്തിയപ്പോഴേയ്ക്കുമുള്ള സ്ഥിരം വായന. രണ്ടാമൂഴം, മുൻപേ പറക്കുന്ന പക്ഷികൾ, നമുക്ക് ഗ്രാമങ്ങളിൽ പോയി രാപാർക്കാം തുടങ്ങി കാത്തിരുന്ന് വായിച്ച നോവലുകൾ. പഴയ വീട്ടിലെ മുകളിലെ നിലയിലുള്ള എന്റെ മുറിയിൽ അട്ടിക്ക് കൂട്ടിയിട്ട വാരികകളിൽ വാലൻ മൂട്ടകൾ ഭൂപടങ്ങളുടെ ചിത്രങ്ങൾ വരച്ചു. പഴകി മഞ്ഞ നിറം ബാധിച്ച ആ വാരികകൾ ഒഴിവാക്കാൻ എന്തോ മനസ്സ് സമ്മതിച്ചില്ല. വീടും നാടും വിട്ട് അതിജീവനത്തിനായുള്ള യാത്രതുടങ്ങിയപ്പോൾ എപ്പോഴോ ഒരിക്കൽ വീട്ടിലേയ്ക്ക് വിളിച്ചപ്പോൾ അമ്മ പറഞ്ഞു, ആ മുറിയിലുണ്ടായിരുന്ന പഴയ വാരികകളൊക്കെയും ഏതോ ഒരു തമിഴൻ ആക്രി കച്ചവടക്കാരന്ന് എടുത്ത് കൊടുത്തു എന്ന്.

പിന്നീടെപ്പോഴോ വായന നിന്നു. സ്വന്തമായി തുടങ്ങിയ സംരംഭം തകരാൻ തുടങ്ങിയപ്പോൾ ഒരു മാസത്തേയ്ക്കുള്ള റെയിൽ‌വേ സീസൺ ടിക്കറ്റ് എടുക്കാൻ പോലും പണം കണ്ടെത്താൻ പാട് പെടുമ്പോഴും കോഴിക്കോട് റെയിൽ‌വേസ്റ്റേഷനിലെ പുസ്തക വിൽ‌പ്പന ശാലയ്ക്ക് മുന്നിൽ വെറുതെ പോയി നിൽക്കും. രാത്രിയിൽ ലോക്കൽ ട്രെയിനിൽ ആരെങ്കിലും വായിക്കുന്ന മാതൃഭൂമിയോ കലാകൌമുദിയോ ചോദിച്ച് വാങ്ങിക്കാൻ അവർ വായിച്ച് തീരുന്നത് വരെ ക്ഷമയോടെ കാത്ത് നിൽക്കും. വഴിക്കുള്ള സ്റ്റേഷനുകളിൽ വാരികകളുടെ ഉടമസ്ഥർ ഇറങ്ങുമ്പോൾ പകുതിയിൽ വായന ഉപേക്ഷിച്ച് തിരിച്ച് കൊടുക്കേണ്ടി വരും, പലപ്പോഴും. പാതിയായിപ്പോയ വായനകൾ!

വർഷങ്ങൾക്ക് ശേഷം ഇപ്പോൾ, പണ്ട് അച്ഛൻ വാങ്ങിത്തന്ന കുറച്ച് പുസ്തകങ്ങളും ഇപ്പോൾ പലപ്പോഴായി ഞാൻ തന്നെ വാങ്ങിയ പുസ്തകങ്ങളുമായി എനിക്കൊരു ചെറിയ പുസ്തക ശേഖരമുണ്ട്. ഒരു പുസ്തക അലമാരയുണ്ടാക്കി എനിക്ക് ആ പുസ്തകങ്ങൾ അതിൽ അടുക്കി വയ്ക്കണം. വളർന്ന് വരുന്ന എന്റെ കുഞ്ഞുങ്ങൾക്ക് വായിക്കാൻ അതിൽ നിന്നും പുസ്തങ്ങൾ തിരഞ്ഞെടുത്ത് കൊടുക്കണം...

കഴിഞ്ഞ ദിവസം വാങ്ങിയ നാലുകെട്ട് വായിക്കാനിരുന്നപ്പോൾ എവിടെ നിന്നോ ചെമ്പ്ര ഹൈസ്കൂളിലെ ലൈബ്രറിയുടെ ഗന്ധം എന്നെ വന്ന് പൊതിഞ്ഞു. ജോയ് മാഷും ലൈബ്രറിയിലെ പുസ്തങ്ങൾ അടുക്കി വച്ച മര അലമാരകളും മാഷിന്റെ ക്ലാസുകളും ഓർമ്മകളിൽ തെളിഞ്ഞു. മനോരമയുടെ പോർട്ടലിൽ വായനാ വാരത്തെ കുറിച്ച് വായിച്ചതും അന്ന് തന്നെ.

വെറുതെ ഇതിവിടെ കുറിച്ചിടാൻ തോന്നി.

Wednesday, June 18, 2008

തിരികെ മടങ്ങുവാൻ...


തിരികെ മടങ്ങുവാൻ കൊതിക്കുന്നത് ഇതുകൊണ്ടൊക്കെയും തന്നെ....

Saturday, May 24, 2008

വേറിട്ടൊരു സ്വപ്നം


അമ്പലപ്പറമ്പിലൂടെ നായ ഓടിക്കുന്നത്, അമ്മയുടെ വീട്ടിലെ താഴെ കണ്ടത്തിലെ പൊട്ടക്കിണറിലേയ്ക്ക് വീഴുന്നത്, വൃത്തിയില്ലാത്ത ഒരു കക്കൂസിൽ പോകാൻ നിർബ്ബന്ധിതനായി അതിലെ പൈപ്പിൽ വെള്ളമില്ലാത്തത് കാരണം മിഴിച്ചിരിക്കുന്നത്, പരീക്ഷാഹാളിൽ ഒരു ഉത്തരം പോലും അറിയാത്ത ചോദ്യപ്പേപ്പറും പിടിച്ച് അന്തം വിട്ടിരിക്കുന്നത്....

ഇതൊക്കെയാണ് സാധാരണയായി ഞാൻ ഉറക്കത്തിൽ കാണാറുള്ള സ്ഥിരം സ്വപ്നങ്ങൾ. പണ്ടൊക്കെ ഇതെല്ലാം യാഥാർത്ഥ്യമാണെന്ന് കരുതി ഉറക്കത്തിൽ കൈകാലിട്ടടിക്കുന്നതും കിതയ്ക്കുന്നതും നിലവിളിക്കുന്നതുമൊക്കെ പതിവായിരുന്നു. ഇപ്പൊഴാണെങ്കിൽ തുടക്കത്തിൽ തന്നെ ഞാൻ സ്വപ്നം കാണുകയാണ് എന്ന തിരിച്ചറിവ് ഉണ്ട് എങ്കിലും മേൽ‌പ്പറഞ്ഞ ഏതെങ്കിലും ഒരു സ്വപ്നം മിക്കവാറും ദിവസങ്ങളിൽ കാണുന്നുണ്ട്.

പക്ഷേ ഒരിക്കൽ കണ്ട ഒരു സ്വപ്നം മാത്രം വേറിട്ട് നിൽക്കുന്നു, ഇപ്പൊഴും എന്നെ അത്ഭുതപ്പെടുത്തുന്നു.

ഒരു പെരുമഴയത്ത് ഞാനൊരു മല കയറുകയാണ്. കുത്തനെയുള്ള കയറ്റം. പാറക്കെട്ടുകൾക്കും മുൾച്ചെടികൾക്കും ഉയരത്തിൽ വളർന്ന് നിൽക്കുന്ന പുല്ലുകൾക്കും ഇടയിലൂടെയുള്ള വഴി. മേലോട്ട് എത്തും തോറും കാടിന്റെ നിബിഡത കൂടിക്കൂടി വരികയാണ്. നേരം ഉച്ച തിരിഞ്ഞതേയുള്ളുവെങ്കിലും മഴയും മഴക്കാറും കാരണം സന്ധ്യയായതിന്റെ പ്രതീതി. എന്റെ കൂട്ടുകാർ ആരൊക്കെയോ എനിക്ക് പിന്നിലായി മല കേറുന്നുണ്ട്. എല്ലാവരും എന്തൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും വിളിച്ച് പറയുന്നുണ്ടെങ്കിലും മഴയുടെയും കാറ്റിന്റെയും ശബ്ദം കാരണം ഒന്നും വ്യക്തമല്ല.

വളരെ വേഗത്തിൽ എല്ലാവർക്കും മുന്നിലായാണ് എന്റെ മല കയറ്റം. എത്രയും വേഗം ഉച്ചിയിൽ എത്തുക എന്നത് മാത്രമായിരുന്നും എന്റെ ചിന്ത. ചിലയിടങ്ങളിൽ കാൽ തെറ്റി വീണതും കള്ളി മുള്ളുകളിൽ കുടുങ്ങി കൈകാലുകൾ വേദനിച്ചതൊന്നും ഞാൻ കൂട്ടാക്കിയില്ല.

ഒടുവിൽ മലമുകളിലെത്തുമ്പോഴേയ്കും മഴയും കാറ്റും നിലച്ചിരുന്നു. മേഘങ്ങൾക്കിടയിലൂടെ സായാഹ്ന സൂര്യൻ തെളിഞ്ഞ് വന്നു. നനഞ്ഞ നേരിയ കാറ്റ്. മലയുടെ ഉച്ചി വിശാലമായ പുല്ല് നിറഞ്ഞ ഒരു മൈതാനം പോലെയായിരുന്നു. അങ്ങേത്തലയ്ക്ക് നിബിഡമായ കാട്. മൈതാനത്തിന്റെ ഒത്ത നടുവിലായി ഒരു ചെറിയ കുളത്തിൽ കണ്ണാടി പോലെ തെളിഞ്ഞ വെള്ളം...

വർഷങ്ങൾക്ക് ശേഷം പഴയ കുറച്ച് കോളെജ് സുഹൃത്തുക്കളുമായി വയനാട്ടിൽ ഒരു ഉച്ചയ്ക്ക് ചെമ്പ്ര മലകേറാൻ തുടങ്ങുമ്പോഴേയ്ക്കും പൊടുന്നനെയെന്ന പോലെ പെരുമഴയും കാറ്റും...ഓരോ കാൽച്ചുവടിലും ഞാനെപ്പോഴോ ഈ വഴി പോയതാണെന്ന് എനിക്കുറപ്പ്. അതേ കയറ്റം, അതേ പാറക്കെട്ടുകളും മുൾച്ചെടികളും ഉയരത്തിൽ വളർന്ന് നിൽക്കുന്ന പുല്ലുകളും...

ഒടുവിൽ മല മുകളിലെത്തിയപ്പോഴേയ്ക്കും എനിക്കുറപ്പായി, ഞാനെപ്പൊഴോ സ്വപ്നത്തിൽ കണ്ട അതേ യാത്ര. അതേ സ്ഥലം..!!

Thursday, May 22, 2008

ജീവിക്കേണ്ടേ സാർ...


“ ഇങ്ങനത്തെ വേനൽക്കാലത്തിന് പറ്റിയ നല്ല കോട്ടൺ ടവ്വലാ‍ണ് സാർ. മുഖോം കഴുത്തുമെല്ലാം അമർത്തി തുടയ്ക്കാം, എക്സ്പോർട്ട് ചെയ്യുന്നതിൽ ബാക്കി വന്ന പീസുകളാണ്. രണെണ്ണത്തിന് പത്ത് രൂപയേള്ളൂ, എടുക്കട്ടേ സാർ..? “

അവനിപ്പോൾ തിമർത്ത് പെയ്യുന്ന വേനൽ മഴയെ ശപിക്കുന്നുണ്ടാവും. പുറപ്പെടാനൊരുങ്ങി നിൽക്കുന്ന, ഞാൻ കയറിയ ബസ്സിന്റെ പിന്നിലെ ഗ്ലാസിലൂടെ ഒലിച്ചിറങ്ങുന്ന മഴവെള്ളത്തിനപ്പുറത്തൂടെ ബസ്റ്റാന്റിലെ ഒരു കടയ്ക്ക് മുന്നിൽ കയ്യിൽ അടുക്കിവച്ച ടവ്വലുകളുമായി അവൻ നിൽക്കുന്നത് എനിക്ക് കാണാം. പാവത്തിന്റെ കയ്യിൽ നിന്നും ഇന്നലെ രണ്ട് ടവ്വലുകൾ വാങ്ങിയതാണ്. എത്രകാലായി സാറെന്നെ കാണുന്നു, ഒരു പ്രാ‍വശ്യങ്കിലും രണ്ട് ടവ്വലുകൾ വാങ്ങരുതോ എന്ന അവന്റെ പരിഭവവും തീർന്നു. ‘ഇങ്ങനത്തെ ചൂടിൽ മ്മക്ക് വെയർപ്പൊക്കെ തൊടക്കാൻ പറ്റിയ ടവ്വലാ‘ എന്ന് കാശ് വാങ്ങി പോക്കറ്റിലിടുമ്പോൾ അവന്റെ വകയായി ഒരു ഉപദേശവും.

മഴ കാരണം അവന്റെ ഇന്നത്തെ കച്ചവടം മുടങ്ങിയിരിക്കും.

പെട്ടന്നാണ് ബസ്സിന്റെ പിന്നിലത്തെ സ്റ്റെപ്പിൽ നിന്നും അവന്റെ ശബ്ദം കേട്ടത്

“ ഇങ്ങനത്തെ മഴക്കാലത്തിന് പറ്റിയ നല്ല കോട്ടൺ ടവ്വലാ‍ണ് സാർ. തലേലേം മേലേം വെള്ളോക്കെ നല്ലോണം തുടയ്ക്കാം, വെള്ളം നന്നായി പീഞ്ഞ് കളഞ്ഞ് പിന്നേം തുടക്കാം. എക്സ്പോർട്ട് ചെയ്യുന്നതിൽ ബാക്കി വന്ന പീസുകളാണ്. രണെണ്ണത്തിന് പത്ത് രൂപയേള്ളൂ, എടുക്കട്ടേ സാർ..? “

എന്റെ മുഖത്തേയ്ക്ക് നോക്കി വിശാലമായി ചിരിച്ച് കൊണ്ട് അവൻ പറഞ്ഞു;

“ജീവിക്കേണ്ടേ സാർ?”

Monday, May 12, 2008

ഓരോ അരിമണിയിലും എഴുതിയിരിക്കുന്നത്...“ നീ കഴിക്കേണ്ട ഓരോ അരിമണിയിലും നിന്റെ പേര് എഴുതി വച്ചിട്ടുണ്ട് “

“ ആര്? “

“ ദൈവം “

മോള്‍ അവളുടെ പാത്രത്തില്‍ നിന്നും ഒരു വറ്റ് എടുത്ത് സൂക്ഷിച്ച് നോക്കി;

“ ഇതില്‍ എന്റെ പേര് എഴുതിയത് കൊണ്ടായിരിക്കും ഇത് തിന്നാന്‍ ഞാന്‍ ഈ വെക്കേഷനില്‍ ഇവിടേയ്ക്ക് വന്നത് “

അവള്‍ വേഗത്തില്‍ രണ്ട് മൂന്ന് ഉരുളകള്‍ കൂടി വാരി തിന്ന് കുറച്ച് വെള്ളം കുടിച്ച് അമ്മയെ നിസ്സഹായതയോടെ നോക്കി.

“ വേണ്ടെങ്കില്‍ മതിയാക്ക് “; മകളുടെ പാത്രത്തില്‍ നിന്ന് ചോറ് വാരി തന്റെ പാത്രത്തിലേയ്ക്കിട്ടുകൊണ്ട് അവളുടെ അമ്മ പറഞ്ഞു; “ ഈ മണികളിലൊക്കെ എന്റെ പേരായിരിക്കും എഴുതിയിട്ടുണ്ടാവുക “

മകളും അമ്മയും ഞാനും ചിരിച്ചു.

“ ഈ അരിമണികള്‍ തന്നെയായിരിക്കും ആര്യന്മാരെയും ദ്രാവിഡന്മാരെയും ചെങ്കിസ്ഖാനെയും അലക്സാണ്ടറെയും പുഴകളും മലകളും കാടുകളും മരുഭൂമികളും താണ്ടാന്‍ പ്രലോഭിപ്പിചത്. അല്ലേ? “

രാത്രി ഭക്ഷണത്തിന് ശേഷം ഞങ്ങള്‍ ടെറസില്‍, മെയ് മാസത്തെ ആകാശത്തില്‍ നക്ഷത്രങ്ങളെ നോക്കി നില്‍ക്കുകയായിരുന്നു. അവള്‍ കഴിഞ്ഞ വര്‍ഷം മുതലാണ് ചരിത്രം പഠിക്കാന്‍ തുടങ്ങിയത്. ഏതായാലും നിരീക്ഷണം കൊള്ളാം.

“ അച്ഛന്റെ പേരെഴുതിയ അരിമണികള്‍ ഇവിടെയും ഞങ്ങളുടെ പേരെഴുതിയ അരിമണികള്‍ നാട്ടിലുമായത് കൊണ്ടായിരിക്കും അച്ഛനിവിടെയും ഞങ്ങളവിടെയുമായി താമസിക്കേണ്ടി വരുന്നത് “

അവളോട് ഉത്തരമൊന്നും പറയാതെ ഞാന്‍ മകളെ എന്നോട് ചേര്‍ത്ത് പിടിച്ചു.

Wednesday, April 30, 2008

മെയ് ദിനത്തില്‍


ചാറ്റ് സ്റ്റാറ്റസില്‍ രാജേഷ് ഐഡിയലാണെന്ന് കാണിക്കാന്‍ തുടങ്ങിയിട്ട് മണിക്കൂറൊന്നാവാറായി. മൂന്നാല് പ്രാവശ്യം മുട്ടിവിളിച്ച് നോക്കി. ഒരു മറുപടിയുമില്ല. ഞാന്‍ വാച്ചിലേയ്ക്ക് നോക്കി സമയം രാത്രി പതിനൊന്നര. മിലാനില്‍ മണി എന്തായിരിക്കും ആവോ. കഴിഞ്ഞ ഒരാഴ്ചയായി ഇത് തന്നെ അവസ്ഥ.

പെട്ടന്ന് ചാറ്റില്‍ രാജേഷിന്റെ മെസ്സേജ്; “പോവല്ലേ. ഒരു ചെറിയ ചേയ്ഞ്ച് കൂടെ ചെയ്യാനുണ്ട്. ഞാന്‍ തിരിച്ച് വരാം “

മക്കള്‍ രണ്ട് പേരും ഉറങ്ങിക്കാണും. എട്ട് മണിമുതല്‍ ഭാര്യ വിളിക്കുമ്പോഴൊക്കെയും അരമണിക്കൂര്‍ കൊണ്ട് ഇറങ്ങാം എന്ന് പറഞ്ഞ് സമാധാനിപ്പിച്ചതാണ്. അവളും ഉറങ്ങിക്കാണും. കുറെ നേരമായി ഫോണ്‍ വിളി കാണുന്നില്ല. മക്കളുടെ വേനലവധിയ്ക്ക് ബാംഗ്ലൂരിലേയ്ക്ക് കൂട്ടി പുറപ്പെടുമ്പോള്‍ ഭാര്യ അവരോട് പറയുന്നത് കേട്ടിരുന്നു;

“ ഇപ്രാവശ്യവും അച്ഛ നമ്മളെയുമിട്ട് ഓഫീസ് തിരക്കുകളുമായി നടക്കല്‍ തന്നെയായിരിക്കും “

ഗര്‍ഭിണിയായ ഭാര്യയെ വീട്ടില്‍ ഏറെ നേരം തനിച്ചിരുത്താന്‍ പറ്റാത്തത് കൊണ്ട് കുറച്ച് നേരം മുന്‍പ് എന്നോട് യാത്ര പറഞ്ഞ് ഇറങ്ങിപ്പോകുമ്പോള്‍ സഹപ്രവര്‍ത്തകന്‍ ഹരി പറഞ്ഞത് ഓര്‍ത്ത് എനിക്ക് ചിരി വന്നു;

“ ദൈവമേ അടുത്ത ജന്മമുണ്ടെങ്കില്‍ ഐ.ടി സപ്പോട്ടില്‍ ജോലി ചെയ്യാനിടവരുത്തരുതേ...”

ഒരു ബ്ലാക്ക് കോഫി എടുത്ത് കൊണ്ട് വന്ന് സീറ്റിലിരുന്നപ്പോള്‍ ജി-ടോക്കില്‍ അജയന്റെ മെസ്സേജ് മലയാളത്തില്‍; “ എന്തെഡേയ് ഇനിയും വീട്ടില്‍ പോവാറായില്ലെ? “

ഇവനും വീട്ടില്‍ പോയില്ലേ? പത്ത് മണിക്ക് സെക്കന്റ് ഷിഫ്റ്റ് കഴിയേണ്ടതാണല്ലോ. അജയന്‍  ലോട്ടസ് നോട്ട് ഗ്ലോബല്‍ സപ്പോട്ടിലാണ് ജോലി ചെയ്യുന്നത്. അവന്‍ തുടര്‍ന്നു;

“ ഒന്നും പറയേണ്ട ബ്രസീലില്‍ എണ്ണൂറ് ഡൊമൈനുകള്‍ ഓടുന്ന ഒരു സെര്‍വര്‍ ഡൌണ്‍. സിവിയാരിറ്റി വണ്‍ കേസ്. ഒ എസ്സ് ടീം സിസ്റ്റം അപ്പ് ചെയ്യുന്നതും കാത്തിരിക്കുകയാണ്. ഏതായാലും നിന്നെ കിട്ടിയത് നന്നായി. കുറച്ച് വെടി പറയാം “

ഇക്കൊല്ലവും നാട്ടിൽ ഉത്സവം കൂടാനാവത്തതിന്റെ വിഷമം പറഞ്ഞു അവൻ.

“ ഇനി ഒരാള്‍ കൂടെ ഇപ്പോള്‍ ഓവര്‍ടൈം ചെയ്യുന്നുണ്ട്. പക്ഷേ അങ്ങ് വാളയാര്‍ ചുരത്തിലാണെന്ന് മാത്രം. കുറച്ച് നേരം മുമ്പ് എന്നെ വിളിച്ചിരുന്നു, നമ്മുടെ രാജീവൻ “

കൊച്ചിന്‍ സെപ്സില്‍ പ്രവര്‍ത്തിക്കുന്ന രാജീവന്റെ കമ്പനിയിലെയ്ക്ക് മെഷിനുകളുമായി വന്ന ഒരു ലോറി ചെക്ക് പോസ്റ്റില്‍ കുടുങ്ങിക്കിടക്കുന്നത് ക്ലിയര്‍ ചെയ്യാന്‍ അവിടെ ചെന്നതാണ്. ഇനി രാവിലയെ പണി നടക്കുകയുള്ളൂ. ലോറി ഡ്രൈവറുടെ കാരുണ്യത്തില്‍ ലോറിയുടെ ക്യാബിനില്‍ കിടക്കാനുള്ള വട്ടം കൂട്ടുകയാണത്രേ.

രാജെഷ് പിന്നെയും ചാറ്റിൽ....

(നാളെ മെയ് ഒന്ന്. ലോക തൊഴിലാളി ദിനം. വിക്കിയില്‍ വായിക്കുക: http://en.wikipedia.org/wiki/May_Day)

Saturday, April 26, 2008

ഇ-വേസ്റ്റ്, ഇതെന്ത് ചെയ്യണം? (നിര്‍ദ്ദേശങ്ങള്‍ക്ക് സ്വാഗതം)


ഉപയോഗ ശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ (ഇ-വേസ്റ്റ്) സംസ്കരണം ലോകമെമ്പാടും ഒരു ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ദ്രുതഗതിയില്‍ മാറിക്കൊണ്ടിരിക്കുന്ന ജീവിത രീതിയും നാഗരിക വല്‍ക്കരണവും ജനങ്ങളുടെ ഇലക്ട്രോണിക് ഉപഭോഗത്തെ വര്‍ദ്ധിപ്പിച്ച് കൊണ്ടിരിക്കുന്നു. അതേ സമയം കേടുവന്ന, ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്ത് ചെയ്യണം എവിടെ തള്ളണം എന്നതിനെ കുറിച്ച് വ്യക്തമായ ഒരു ധാരണയും ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ക്ക് ഇനിയും കൈവന്നിട്ടില്ല.


പാശ്ചാത്യ രാജ്യങ്ങള്‍ തങ്ങളുടെ പഴക്കം ചെന്ന കമ്പ്യൂട്ടര്‍/കോപ്പിയര്‍ പോലുള്ള ഉപകരണങ്ങള്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേയ്ക്ക് ‘റീ-കണ്ടീഷനിംഗ്‘ ചെയ്ത് കയറ്റി അയച്ച് വിലകുറഞ്ഞ സാധനങ്ങള്‍ വാങ്ങിക്കുക എന്ന മൂന്നാംരാഷ്ട്ര ഗതികേടിനെ മുതലെടുക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. അതു വഴി അവര്‍ തങ്ങളുടെ രാജ്യത്തിലെ ഇ-വേസ്റ്റ് സംസ്കരിക്കുക എന്ന വന്‍ ഉത്തരവാദിത്വത്തില്‍ നിന്നും തലവേദനയില്‍ നിന്നും ആയാസരഹിതമായി തടിയൂരുകയും ചെയ്തു.
(ഇം‌പോര്‍ട്ട് ചെയ്ത റീ-കണ്ടീഷന്‍ഡ് കോപ്പിയറുകളും മറ്റും കേരളത്തിലെ നഗരങ്ങളില്‍ പോലും സുലഭമാണ് )


സര്‍ക്യൂട്ട് ബോഡുകള്‍ മോണിറ്റര്‍ സ്വിച്ചുകള്‍ കമ്പ്യൂട്ടര്‍ ബാറ്ററികള്‍ കപ്പാസിറ്ററുകള്‍ ട്രാന്‍സ്ഫോര്‍മറുകള്‍ മുതലായവ കത്തിച്ച് നശിപ്പിക്കുമ്പോള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ലെഡ്, ലഡ് ഓക്സൈഡ്, കാഡ്മിയം, മെര്‍ക്കുറി എന്നിവ ജീവജാലങ്ങളുടെ
ആരോഗ്യത്തിനും പ്രകൃതിയുടെ നിലനില്‍പ്പിനും തന്നെ വലിയ ഭീഷണിയാണ്.

(ചിത്രത്തില്‍ കാണിച്ചിരിക്കുന്ന ഇ-വേസ്റ്റ് മുഴുവന്‍ ഞാന്‍ ജോലിചെയ്യുന്ന കമ്പനിയുടെ വിവിധ യൂനിറ്റുകളില്‍ നിന്നും ഒരിടത്തേയ്ക്ക് കൊണ്ടുവന്ന് കൂട്ടിവച്ചതാണ്. ഇത് എന്ത് ചെയ്യണമെന്ന് തിരയുമ്പോള്‍ നെറ്റില്‍ നിന്നും കിട്ടിയ കുറച്ച് വിവരങ്ങളുടെ ഒരു സംക്ഷിപ്തമാണ് മുകളിലുള്ള കുറിപ്പ്. ഉപയോഗപ്രദമായ വല്ല ഉപദേശങ്ങളും ആര്‍ക്കെങ്കിലും തരാനുണ്ടെങ്കില്‍ സ്വാഗതം)

Wednesday, April 09, 2008

വിഷുക്കണി
നിനക്കാതെ നിര്‍ത്താതെ പെയ്ത വേനല്‍ മഴ തൊടിയിലെ കൊന്നമരത്തിലെ പൂവുകളെ മുഴുവന്‍ വീഴ്ത്തിക്കളഞ്ഞിരിക്കുമോ എന്ന ആശങ്കയിലായിരുന്നു രണ്ട് ദിവസത്തെ അവധിയ്ക്ക് വീട്ടിലെത്തിയത്.

റോഡില്‍ നിന്ന് തന്നെ കണ്ടു, തളിരിലകള്‍ക്കിടയില്‍ തൂങ്ങിക്കിടക്കുന്ന കൊന്നപ്പൂങ്കുലകള്‍... മുറ്റമാകെ കൊഴിഞ്ഞ് വീണ പൂക്കള്‍ വിരിച്ച മഞ്ഞപ്പരവതാനി...

വര്‍ഷങ്ങള്‍ ഏറെയായി തൊടിയിലെ ആ കൊന്നമരത്തിലെ പൂവുകള്‍ ഞങ്ങള്‍ക്കായി വിഷുക്കണിയൊരുക്കാന്‍ തുടങ്ങിയിട്ട്...

Saturday, April 05, 2008

ഉത്സവത്തലേന്ന്
ഉത്സവം തുടങ്ങുന്നതിന്ന് ഒന്നുരണ്ടാഴ്ച മുമ്പേ തന്നെ അവരെത്തിത്തുടങ്ങും. സര്‍ക്കസ്സ്കാര്, മൃഗശാലക്കാര്, വളച്ചന്തക്കാര്, ഹല്‍‌വ കച്ചവടക്കാര്...

അന്നൊക്കെ സ്കൂള്‍ വിട്ട് നേരെ അമ്പലപ്പറമ്പിലേയ്ക്ക് ഒരു ഓട്ടമാണ്.
അവിടുന്നാണ് കഥകള്‍ കേള്‍ക്കുക;
ഇക്കൊല്ലം മൃഗശാലയില്‍ ആഫ്രിക്കന്‍ ചിമ്പന്‍സിയുണ്ട്, സര്‍ക്കസില്‍ ഗോളത്തിനുള്ളില്‍ ചുറ്റുന്ന ബൈക്കോട്ടക്കാരുണ്ട്, പാമ്പിന്റെ ഉടലും മനുഷ്യന്റെ മുഖവുമുള്ള അത്ഭുത ജീവിയുണ്ട്, മരണക്കിണറില്‍ ബൈക്കുകളെ കൂടാതെ ഒരു മാരുതി കാറും ചുറ്റാനുണ്ട്....

Monday, March 31, 2008

പെണ്ണറിവ്അണ്ണാക്ക് പൊള്ളിച്ചുകൊണ്ട് ചാരായം എന്റെ ചങ്കിലൂടെ ഇറങ്ങിപ്പോകുന്നതിനിടയില്‍ ആരോ ചോദിക്കുന്നത് ഞാന്‍ കേട്ടു;

“ പ്രദീപാ, ഏതായീ പയ്യന്‍? ഇങ്ങിനടിച്ചാല്‍ കൂമ്പു വാടിപ്പോകുംന്ന് പറയ് ”

“ ഇല്ല ചന്ത്വേട്ടാ, ഞങ്ങടെ പരിവാടി കഴിഞ്ഞു. എറങ്ങ്വായി ”

വയല്‍ക്കരയിലെ ചാരായ ഷാപ്പില്‍ നിന്നും ഞാനും പ്രദീപേട്ടനും നിലാവ് മെഴുകിയ കൊയ്ത്ത് കഴിഞ്ഞ വിശാലമായ പാടത്തേയ്ക്കിറങ്ങി. പകല്‍ അവശേഷിപ്പിച്ച് പോയ ഉഷ്ണത്തിന് മീതെക്കൂടി വഴിതെറ്റി വന്നുപോയി എന്നത് പോലെ ഒരിളം കാറ്റ് ചുറ്റിപറ്റി കടന്നുപോയി.

ഞാനൊരു ഊഞ്ഞാലില്‍ ആടുകയാണ്. ഞാന്‍ ഉയരുമ്പോള്‍ പാടം താഴേക്കു മാറും, താഴുമ്പോള്‍ മേലേക്കും. നല്ല സുഖം. എനിക്ക് ഒരു പാട്ട് പാടാന്‍ തോന്നി. കൈകള്‍ ആകാശത്തേയ്ക്കുയര്‍ത്തിപ്പിടിച്ച് ഞാന്‍ പറഞ്ഞു;

“ പ്രദീപേട്ടാ, എനിക്കൊരു പാട്ട് പാടണം ”

“ നീ എത്രവേണേലും പാട്. ന്റെ നാടാണിത്, ആരും ചോദിക്കീല ”; വരമ്പിലിരുന്ന് ഒരു ബീഡി ഇലയില്‍ കഞ്ചാവ് തെരച്ച് കൊണ്ട് പ്രദീപേട്ടന്‍ പറഞ്ഞു; “ ഇതും കൂടെ ഒന്നങ്ങട്ട് ചെല്ലണം. എന്നിട്ടാ‍വാം ഗാനമേള ”

പുകച്ചുരുളുകള്‍ ഉള്ളിലേയ്ക്ക് ആഴ്ന്നിറങ്ങി. ബോധതലത്തിന് അപ്പൂപ്പന്‍ താടിയുടെ ലാഘവത്വം. ഞങ്ങള്‍ വയലില്‍ മലര്‍ന്ന് കിടന്നു. ദൂരെ ഏതോ ഉത്സവപ്പറമ്പില്‍ നിന്നുമുള്ള വാദ്യമേളം മേടക്കാറ്റിന്റെ ഗതിക്കനുസരിച്ച് ശബ്ദം കൂടിയും കുറഞ്ഞും കേള്‍ക്കാം.

ഒരേ സമയം എനിക്ക് വര്‍ത്തമാനം പറയാനും പാടാനും തോനുന്നു. ചിരിക്കാനും കരയാനും തോനുന്നു. ഓടാനും നടക്കാനും ഇരിക്കാനും കിടക്കാനും തോനുന്നു.

വരമ്പിലേയ്ക്ക് തലവച്ച് കിടന്ന് പ്രദീപേട്ടന്‍ ഏതോ ഒരു പഴയ നാടന്‍ പാട്ട് പാടുകയാണ്.

“മാതേയി പെണ്ണിന്റെ മൂക്കിത്തി മിന്നുമ്മേ മാനത്തെ ചന്ദിരന്‍ മിന്നീടുന്നൂ...”

“ നിനക്ക് കോളെജീ ലെയിനൊന്നുമില്ലേടേയ് “; പാട്ട് നിര്‍ത്തി പ്രദീപേട്ടന്റെ ചോദ്യം

ഉണ്ടായിട്ട് വേണ്ടേ ഉണ്ടെന്ന് പറയാന്‍. ശ്രമിക്കാഞ്ഞിട്ടല്ല. ലയിനടിക്കാന്‍ നോക്കിയ പെണ്‍പിള്ളേര്‍ക്ക് മുഴുവനുമുണ്ട് വേറെ ലൈന്‍.

“ അതു പോട്ടെ, നീ ഇതുവരെ പെണ്ണിനെ അറിഞ്ഞിനോ? ”; പ്രദീപേട്ടന്റെ അടുത്ത ചോദ്യം

ഞാന്‍ ദേവികയെ ഓര്‍ത്തു. ഡല്‍ഹീന്ന് സ്കൂളവധിയ്ക്ക് നാട്ടില്‍ വന്ന അവള്‍ തിരിച്ച് പോകുന്ന ദിവസം. ഉച്ചയ്ക്ക് തറവാട് വീടിന്റെ മേലേക്കണ്ടത്തിലെ പുളിമരത്തണിലിലിരിക്കുമ്പോള്‍ പൊടുന്നനെ കെട്ടിപ്പിടിച്ച് അവള്‍ രണ്ട് കവിളിലും ഉമ്മ തന്നതാണ് ആകെയുള്ള പെണ്ണനുഭവം. ഞങ്ങള്‍ രണ്ട് പേരും അന്ന് പത്തിലെ പരീക്ഷ കഴിഞ്ഞിരിക്കുകയായിരുന്നു. രാത്രി റെയില്‍‌വേസ്റ്റ്ഷനിലേയ്ക്ക് ജീപ്പില്‍ അവളെയും കുടുംബത്തെയും യാത്ര അയക്കുമ്പോള്‍ എന്റെ കൈ അമര്‍ത്തിപ്പിടിച്ച് ആരും കേള്‍ക്കാതെ അവള്‍ ചോദിച്ചു;

“എന്നെ മറന്ന് പോവ്വോ?”

ഞാന്‍ മറന്നില്ല. പക്ഷേ അവളോ? പിന്നീട് അവള്‍ അവധിക്ക് ഒന്നോ രണ്ടോ പ്രാവ്ശ്യം വന്നപ്പോഴൊക്കെ കാണാന്‍ ചെന്നതാണ്. മുടി ബോബ് ചെയ്ത് ചുണ്ടുകളില്‍ ചായം തേച്ച് ജീന്‍സും ടീ-ഷര്‍ട്ടുമിട്ട് മോഡേണായി നടക്കുന്ന അവള്‍ പഴയത് പോലെ കൂട്ട് കൂടാന്‍ നിന്നില്ല. നാട്ടിലെ കാലാവസ്ഥയും ഭക്ഷണവുമൊന്നും അവള്‍ക്ക് തീരെ പിടിക്കുന്നില്ലെന്ന് അവളുടെ അച്ഛമ്മ നാരായണി ടീച്ചര്‍ ഒരിക്കല്‍ അമ്മയോട് പറയുന്നത് കേട്ടു.

“ ഉവ്വ് “; പ്രദീപേട്ടനോട് ഞാന്‍ മറുപടി പറഞ്ഞു; “ ഒരു പെണ്ണ് ഒരിക്കല്‍ എനിക്ക് ഉമ്മ തന്നിരുന്നു “

“ ഫൂ ”; പ്രദീപേട്ടന്‍ ഉറക്കെ ചിരിച്ചുകൊണ്ട് എഴുന്നേറ്റിരുന്നു; “ എടാ നീ വല്ലതും ചെയ്തോ എന്നാണ് ചോദിച്ചത് “

അടുത്ത അവധിക്ക് ദേവിക വരുമ്പോള്‍ അവളെ തിരിച്ച് ഉമ്മ വയ്ക്കണമെന്ന് കരുതി കാത്തിരുന്നതായിരുന്നു. പക്ഷേ പറ്റിയില്ലല്ലോ. സ്നേഹം നടിച്ച് അവള്‍ പറ്റിച്ച് കളഞ്ഞല്ലോ. വഞ്ചകി. ഞാന്‍ പല്ലിറുമ്മി.

“ ഒന്ന് നോക്കുന്നോ? ഇപ്പോ പോകാം. നമ്മുടെ സ്വന്തം ഒരു കക്ഷിയുണ്ട് “ പ്രദീപേട്ടന്‍ എന്റെ അരികിലേയ്ക്ക് നീങ്ങിയിരുന്ന് സ്വകാര്യം പോലെ ചോദിച്ചു

ദേവിക പുല്ല്. ആര്‍ക്ക് വേണം അവളെ. ഞാന്‍ വരമ്പില്‍ പ്രദീപേട്ടന്റെ പിന്നിലായി നടന്നു. പെണ്ണുങ്ങളെ എന്തുകൊണ്ട് ഒരു കാരണവശാലും വിശ്വസിക്കരുതെന്നതിന്റെ പല ഉദാഹരണങ്ങളും പറഞ്ഞ് പ്രദീപേട്ടന്‍ മുന്നില്‍ നടന്നു. കാലുറക്കാതെ പലവട്ടം ഞാന്‍ തെന്നി വീഴാന്‍ പോയപ്പോള്‍ എന്നെ ഒരു കൈ സഹായിച്ച് കൊണ്ടായി പ്രദീപേട്ടന്റെ നടത്തം.

വയല്‍ അവസാനിക്കുന്നിടത്ത് കൈക്കണ്ടം തുടങ്ങുകയായി. തെങ്ങുകള്‍ക്കിടയിലൂടെ ദൂരെ നിലാവ് വെട്ടിത്തിളങ്ങുന്ന പുഴ കാണാം.

“ സൂക്ഷിച്ച് നടക്ക്. ചതുപ്പില്‍ കാലുപൂണ്ടു പോയാപിന്നെ വലിച്ചെടുക്കാന്‍ പാടാവുവേ...”; പ്രദീപേട്ടന്‍ ഓര്‍മ്മിപ്പിച്ചു.

എത്ര ദൂരം നടന്നെന്നറിയില്ല, പെട്ടന്ന് പ്രദീപേട്ടന്‍ പറഞ്ഞു;

“ അവിടെയാണ് വീട്. നീ ഇവിടെ നിക്ക്. ഞാനൊന്ന് പോയി നോക്കി വരാം ”

ഞാനൊരു തെങ്ങില്‍ ചാരി നിന്നു. പ്രദീപേട്ടന്‍ വേഗത്തില്‍ തന്നെ തിരിച്ച് വന്നു.

“ ഒരു പ്രശ്നവുമില്ല, ബാ പോകാം ”

ഓല കുത്തി മറച്ച ഒരു ചെറ്റപ്പുര. അകത്ത് ഒരു മണ്ണെണ്ണ വിളക്കിന്റെ വെളിച്ചം അനങ്ങി. തകരഷീറ്റിന്റെ വാതില്‍ പതിയെ തുറന്നു. ഒരു പെണ്‍ ശബ്ദം;

“ കേറി വാ ”

പ്രദീപേട്ടന്‍ എന്നെ വാതില്‍ക്കലേയ്ക്ക് തള്ളി; “ ധൈര്യത്തില്‍ പോയിക്കോ. ഞാന്‍ പുറത്ത് തന്നെ കാണും. നേരം വെളുക്കുന്നതിന്ന് മുന്‍പ് ഇറങ്ങിയാ മതി ”

ചെരിപ്പുകള്‍ അഴിച്ച് വച്ച് ഞാന്‍ അകത്തേയ്ക്ക് കയറി. നനഞ്ഞ മണ്ണിന്റെ ഗന്ധം. ഉള്ളം കാലില്‍ നനഞ്ഞ മണ്ണിന്റെ തണുപ്പ്. ഒറ്റ മുറി. നിലത്ത് ഒരു തഴപ്പായ വിരിച്ചതില്‍ ഷീറ്റ് വാരിക്കൂട്ടിയിട്ടിരിക്കുന്നത് അവ്യക്തമായി കാണാം. മുറിക്ക് ഒരു വശത്തായി ഓലകൊണ്ട് വേര്‍തിരിച്ച് കെട്ടിയ ഒരു ഭാഗം. അടുക്കളയാണെന്ന് തോനുന്നു.

എനിക്ക് പിന്നില്‍ ചെറിയൊരു ഞരക്കത്തോടെ കതകടഞ്ഞു. മുട്ടവിളക്കുമായി അവള്‍ എനിക്ക് മുന്നിലേയ്ക്ക് വന്നു. അധികം ഉയരമില്ല. അരണ്ട വെളിച്ചത്തില്‍ തിളങ്ങുന്ന കണ്ണുകള്‍, അഴിച്ചിട്ട മുടി. ബട്ടണുകള്‍ അഴിഞ്ഞ് കിടക്കുന്ന ചുവന്ന നിറമുള്ള ബ്ലൌസിന്റെ വിടവില്‍ എന്റെ കണ്ണുകള്‍ ഉടക്കി. എനിക്കുള്ളില്‍ ഏതോ ഒരു വന്യമൃഗം മുരളുന്നത് എനിക്ക് തന്നെ കേള്‍ക്കാം. തലയ്ക്കുള്ളില്‍ നുരയ്ക്കുന്ന ലഹരി, മൂക്കിന്‍ തുമ്പില്‍ പെണ്ണിന്റെ മണം... ഞാന്‍ അവളുടെ ചുമലില്‍ കൈവച്ചു.

“ വിളക്ക്... ”; അവളുടെ ശബ്ദത്തില്‍ ഒരു വിറയലുണ്ടായിരുന്നുവോ. ഞാന്‍ അവളുടെ കയ്യില്‍ നിന്നും വിളക്ക് വാങ്ങി പതുക്കെ നിലത്തു വച്ചു.

വീണ്ടും അവളുടെ ചുമലുകളിലേയ്ക്ക് എന്റെ കൈ ഉയരുമ്പോള്‍ പെട്ടന്ന് നിലത്തെ പായയിലെ തുണിക്കെട്ടില്‍ ഒരിളക്കം. ഒരു കുഞ്ഞിന്റെ നേര്‍ത്ത കരച്ചില്‍. അവള്‍ ധൃതിയില്‍ ഒഴിഞ്ഞ് മാറി നിലത്തിരുന്ന് തുണിക്കെട്ടില്‍ നിന്നും ഒരു കുഞ്ഞിനെ വാരിയെടുത്ത് മടിയില്‍ വച്ച് മുലകൊടുക്കാന്‍ തുടങ്ങി. പതിഞ്ഞ താളത്തില്‍ മൂളിക്കൊണ്ട് പുറത്ത് തട്ടി കുഞ്ഞിനെ പാലൂട്ടുമ്പോള്‍ അവള്‍ ഒരിക്കല്‍ പോലും തല ഉയര്‍ത്തി നോക്കിയില്ല.

തെല്ലിട അങ്ങിനെ തന്നെ നിന്ന് ഞാന്‍ അവള്‍ക്കരികിലായി പായയില്‍ മുളം തൂണില്‍ ചാരി ഇരുന്നു. അമ്മിഞ്ഞ പാത്രത്തില്‍ നിന്നും ഇടയ്ക്കിടെ മുഖമുയര്‍ത്തി ആ കുഞ്ഞ് എന്നെ നോക്കി ചിരിച്ചു. ചുരുണ്ട മുടി, കുഞ്ഞിക്കണ്ണുകള്‍, കിന്നരി പല്ലുകള്‍...

ഞാന്‍ പതുക്കെ അതിന്റെ കവിളില്‍ തൊട്ടു. മാര്‍ദ്ദവമേറിയ കുഞ്ഞിക്കൈകൊണ്ട് അത് എന്റെ വിരല്‍ തുമ്പ് മുറുക്കിപ്പിടിച്ചു. അതിന്റെ ഇളം ചിരി വിടര്‍ന്ന് ചിലപ്പോഴൊക്കെ കുലുങ്ങി ചിരിയായി.

അമ്മ കുനിഞ്ഞ് അതിന്റെ ചെവിയില്‍ പറഞ്ഞു;

“ എന്തൊരു ചിരിയാ മുത്തേ, ആരാദ്നെച്ചാ? “; എന്നിട്ട് എന്നോടായി ചോദിച്ചു; “ ഒന്ന് മടിയില്‍ വച്ച് തരട്ടേ? “

ഞാനാ കുഞ്ഞിനെ എടുത്ത് അതിന്റെ നനുത്ത കവിള്‍ എന്റെ കവിളിനോട് ചേര്‍ത്ത് വച്ചു. അമ്മിഞ്ഞപ്പാലിന്റെ മണം. എന്റെ കവിളിലും ചെവിയിലും മൂക്കിന്‍ തുമ്പിലും തൊട്ട് അത് കൊഞ്ചിച്ചിരിച്ചു.

മണ്ണെണ്ണ വിളക്ക് എരിഞ്ഞ് കത്തി അണഞ്ഞു. കുഞ്ഞ് എന്റെ തോളില്‍ കിടന്ന് നിശ്ശബ്ദമായി ഉറങ്ങുന്നു.

ഇത്രയും പെട്ടന്ന് എവിടെനിന്നാണ് ഈ പൂക്കളുടെ ഗന്ധം പരന്നത്... ഇങ്ങിനെയും മധുരമായി പാടുന്ന ഈ കിളിക്കൂട്ടം പറന്ന് വന്നത്...വര്‍ണ്ണങ്ങള്‍ വാരി വലിച്ചെറിഞ്ഞത് പോലെ ഈ പൂമ്പാറ്റകള്‍ പാറിയിറങ്ങിയത്...

പൂക്കളും കിളികളും പൂമ്പാറ്റകളും നിറഞ്ഞ ഏതോ താഴ്വരയില്‍ എന്റെ നെഞ്ചിലെ ചൂടേറ്റ് ആ കുഞ്ഞ് ഉറങ്ങുകയാണ്. ഞാനും.

Tuesday, March 25, 2008

പാല്‍‌ ഐസ്

വീഞ്ഞപ്പെട്ടി പുറകില്‍ കെട്ടി റബ്ബര്‍ ഹോണ്‍ നീട്ടിയടിച്ച് സൈക്കിളില്‍ പാല്‍‌ ഐസ് വില്‍പ്പനക്കാരന്‍ വീട്ടിന് മുന്നിലൂടെ കടന്ന് പോകുമ്പോ‍ള്‍ അമ്മയോട് വാശിപിടിച്ച് ഒരെണ്ണം തരമാക്കും. അതിന്റെ രുചിയും നുണഞ്ഞ് വരാന്തയിലിരിക്കുമ്പോള്‍ അമ്മയുടെ മുന്നറിയിപ്പുണ്ടാവും;

“അച്ഛനങ്ങാനറിഞ്ഞാലുണ്ടല്ലോ.... തോട്ടിലെ വെള്ളവും സാക്രിനുമൊക്കെ ചേര്‍ത്താണത് ഉണ്ടാക്കുന്നത് എന്ന് എത്രപറഞ്ഞാലും നിനക്ക് മനസ്സിലാവില്ലെന്ന് വച്ചാല്‍...? വയറ് വേദനയങ്ങാന്‍ വന്നാല്‍ തനിയെ സഹിച്ചോണം, പറഞ്ഞേക്കാം..”

എന്നിട്ടും ഒളിഞ്ഞും തെളിഞ്ഞും കിട്ടുമ്പോഴൊക്കെ വാങ്ങിക്കഴിച്ചു; പാലിന്റെ നിറമുള്ള ‘പാലൈസ്‘, കടും ഓറഞ്ചും ചുവപ്പും നിറമുള്ള ‘കളറൈസ്‘, അറ്റത്ത് തേങ്ങാപ്പീര പിടിപ്പിച്ച ‘തേങ്ങൈസ്‘, ഒരു വയലറ്റ് മുന്തിരി പിടിപ്പിച്ച ‘മുന്തിരിങ്ങൈസ്‘, ഐസ് പൊടിച്ചിട്ട് ഇത്തിരി സ്ക്വാഷ് ഒഴിച്ച് നിറം വരുത്തിയ ‘ഐസ്ക്രീം‘...

ഉത്സവപ്പറമ്പിലെ ഐസ് വില്‍പ്പനക്കാരനെ കണ്ടപ്പോള്‍ ഓര്‍മ്മകള്‍ക്ക് പാലൈസിന്റെ നറും രുചി...

Tuesday, March 18, 2008

കൊടിയേറ്റം


(വടക്കെ മലബാറിലെ ചരിത്രപ്രശസ്തമായ ഓര്‍ക്കാട്ടേരി ശിവ-ഭഗ‌വതി ക്ഷേത്രത്തിലെ ഉത്സവ കൊടിയേറ്റ ദൃശ്യങ്ങള്‍)

Friday, February 01, 2008

വംശീയം

(This poem was nominated by UN as the best poem of 2006, Written by an African Kid)

When I born, I black
When I grow up, I black
When I go in Sun, I black
When I scared, I black
When I sick, I black
And when I die, I still black

And you white fellow
When you born, you pink
When you grow up, you white
When you go in sun, you red
When you cold, you blue
When you scared, you yellow
When you sick, you green
And when you die, you gray

And you calling me colored??

(ഫോര്‍വേഡ് മെയിലുകളിലൊന്നില്‍ വന്നതാണ്. സൂക്ഷിച്ച് വയ്ക്കണമെന്ന് തോന്നി)

Tuesday, January 22, 2008

ബഷീര്‍, ഇമ്മിണി ബല്യ ഒരോര്‍മ്മ


ബേപ്പൂരില്‍ നിന്നും വരുന്ന വലിയ തിരക്കില്ലാത്ത ഒരു സിറ്റി ബസ്സില്‍ മീഞ്ചന്ത സ്റ്റോപ്പില്‍ നിന്നും കേറി, നടുവില്‍ ഇടതുവശത്തെ ഒരു കാലിസീറ്റിലെ സൈഡ് ലക്ഷ്യമാക്കി ഞാന്‍ നീങ്ങുമ്പോഴുണ്ട് ഒരാള്‍ എന്നെയും കടന്ന് അവിടെയ്ക്ക് കുതിക്കുന്നു;

" എടോ കണ്ടക്ടറേ, നിന്റെ ബസ്സിലെ ബാക്ക് സീറ്റിലിരുന്നാല്‍ എന്റെ ഊര ഇളകിപ്പോരും..."

വെള്ള ജുബ്ബയും കറുത്ത കരയുള്ള മുണ്ടും വേഷം. കഷണ്ടി, ഹിറ്റ്ലര്‍ മീശ. അത്ഭുതത്തോടെ ആളെ ഞാന്‍ തിരിച്ചറിഞ്ഞു, വൈക്കം മുഹമ്മദ് ബഷീര്‍! ആദ്യമായാണ് ഞാനദ്ദേഹത്തെ നേരില്‍ കാണുന്നത്.

മീഞ്ചന്ത റെയില്‍‌വേ ഗേറ്റിലെ ഹമ്പില്‍ കേറി ബസ്സൊന്നുലഞ്ഞപ്പോള്‍ അടിതെറ്റിയ അദ്ദേഹം എന്റെ ചുമലില്‍ കൈ താങ്ങി.

ബാല്യകാല സഖിയും പ്രേമലേഖനവും ആനവാരിയും എഴുതിയ അതേ കൈകള്‍!

സീറ്റിന്റെ അരികിലേയ്ക്ക് നീങ്ങിയിരുന്ന് അദ്ദേഹം എന്നോട് പറഞ്ഞു;

" ഇവിടെ ഇരിക്കെടോ "

ഞാന്‍ അദ്ദേഹത്തിന്റെ അടുത്തിരുന്നു. ആരാധകനാണെന്നും പുസ്തകങ്ങള്‍ പലതും വായിച്ചിട്ടുണ്ടെന്നും പറഞ്ഞപ്പോഴൊന്നും അദ്ദേഹത്തിന് ഭാവമാറ്റങ്ങളൊന്നുമില്ല.

" വീടെവിടെയാണ് ?"

" വടകര "; ഞാന്‍ മറുപടി പറഞ്ഞു

" വടകര വളവിലൊരറുപത് കിളികള്‍....വടകര അരിമുറുക്ക് പ്രമാദമാണല്ലോ "; ചിരിച്ചുകൊണ്ട് അദ്ദേഹം തുടര്‍ന്നു;

" വടകരയൊക്കെ നമുക്ക് നന്നായിട്ടറിയാവുന്ന സ്ഥലമാണ്. കോട്ടപ്പറമ്പില്‍ പ്രസംഗിച്ചിട്ടുണ്ട്, താഴങ്ങാടിയില്‍ വന്നിട്ടുണ്ട്, സാന്റ്ബാങ്ക്സില്‍ വന്നിട്ടുണ്ട്. നാദാപുരത്തും കുറ്റിയാടിയും പെരുവണ്ണാമൂഴിയുമൊക്കെ നമ്മുടെ സ്വന്തം ആളുകളുണ്ട് "

ബസ്സിലെ യാത്രക്കാര്‍ പലരും അദ്ദേഹത്തോട് കുശലം പറയുന്നുണ്ട്. എല്ലാവരോടും അദ്ദേഹം മറുപടിയും പറയുന്നുണ്ട്. രാമകൃഷ്ണാശ്രമം സ്കൂള്‍ സ്റ്റോപ്പില്‍ നിന്നും കുട്ടികള്‍ കേറിയപ്പോള്‍ പിന്നെ അവരോടായി കളിയും ചിരിയും.

മീഞ്ചന്ത ബസ്സ് സ്റ്റോപ്പ് മുതല്‍ കോഴിക്കോട് സിറ്റി സ്റ്റാന്‍ഡ് വരെയുള്ള ആ ഹ്രസ്വയാത്രയ്ക്കൊടുവില്‍ ബസ്സിറങ്ങി പിരിയുമ്പോള്‍ അദ്ദേഹം പറഞ്ഞു;

" എങ്കില്‍ നടക്കട്ടെ മോനെ. നന്നായി വരട്ടെ "

മുണ്ടിന്റെ കോന്തല്‍ ഉയര്‍ത്തി കക്ഷത്തിലൊതുക്കിപ്പിടിച്ച് നഗരത്തിന്റെ തിരക്കിലേക്ക് നടന്നുപോകുന്ന ഇമ്മിണി ബല്യ അദ്ദേഹത്തെയും നോക്കി നില്‍ക്കുമ്പോള്‍ ഞാന്‍ മജീദിനെ ഓര്‍ത്തു;

ആ ഉത്തരം പറയുന്നതിനുമുന്‍പ് മജീദ് ഒന്നാലോചിച്ചു. രണ്ടു നദികള്‍ ഒഴുകിവന്ന് ഒന്നു ചേര്‍ന്ന് കുറച്ചുകൂടി തടിച്ച ഒരു നദിയായി ഒഴുകുന്നതുപോലെ രണ്ട് ഒന്നുകള്‍ ഒരുമിച്ചുചേരുമ്പോള്‍ ‍ കുറച്ചുകൂടി വണ്ണം വെച്ച ഒരു "ഒന്ന്" ആയിത്തീരുന്നു. ശരിയും ആണല്ലോ. അങ്ങനെ കണക്കുകൂട്ടി സാഭിമാനം മജീദ് പ്രസ്താവിച്ചു

" ഉമ്മിണിബല്യ ഒന്ന്! "

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...