Wednesday, July 06, 2016

പുഴയാഴങ്ങൾ

ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ സ്കൗട്ട് ഹൈക്കിങ്ങിന്റെ ഭാഗമായി കൂട്ടുകാര്‍ക്കൊപ്പം കാഞ്ഞിരക്കടവ് കടന്നതാണു ആദ്യത്തെ തോണിയാത്രാ അനുഭവം. ഒരു പുഴയെ ആദ്യമായി അടുത്ത് കാണുന്നതും അന്നു തന്നെ.

ഇരുന്നിടത്ത് നിന്നും അനങ്ങരുത്, ഇളകരുത് എന്നൊക്കെയുള്ള കടത്ത്കാരന്റെ മുന്നറിയിപ്പുകള്‍ക്ക് ശേഷം തോണി, പ്രഭാതത്തിലെ വെയിലേറ്റ് വെട്ടിതിളങ്ങുന്ന പുഴയ്ക്ക് കുറുകെ സാവധാനം ആടിയാടി നീങ്ങി തുടങ്ങി.

ഈയൊരു യാത്ര ആസൂത്രണം ചെയ്തത് മുതല്‍ ഈ ദിവസത്തിനായി ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു ഞാന്‍. ബസ്സിലും തീവണ്ടിയിലുമൊക്കെയുള്ള യാത്രകള്‍ക്കിടയിലെ അന്നുവരെ ഞാന്‍ പുഴ കണ്ടിട്ടുള്ളൂ.

വീടിനടുത്ത് ഒരു പുഴയുണ്ടായിരുന്നെങ്കില്‍, എന്നും വൈകുന്നേരം പുഴക്കരയിലേക്ക് നടക്കാനിറങ്ങുന്നതും, കാലുകള്‍ വെള്ളത്തിലിട്ട് കരയിലെ ഏതെങ്കിലും തെങ്ങില്‍ ചാരി ഇരിക്കുന്നതും, ഒരു കുഞ്ഞു തോണി സ്വയം തുഴഞ്ഞ് അക്കരയ്ക്ക് പോകുന്നതുമൊക്കെ സങ്കല്പിച്ച് അക്കാലത്ത് ഞാന്‍ സ്വയം ആഹ്ലാദിക്കുമായിരുന്നു.

തെളിഞ്ഞ ആകാശം,  പുഴയെ തൊട്ടുതലോടി വീശുന്ന നനുത്ത കാറ്റ്... അക്കരെ കടവില്‍ കടത്ത് തോണിയും കാത്തിരിക്കുന്നരെ അകലെ അവ്യക്തമായി കാണം.

ഏകദേശം പകുതി ദൂരം എത്തിയിരിക്കുന്നു. ഞാന്‍ പുഴയിലേക്ക് നോക്കി. ആകാശം പ്രതിഫലിക്കുന്ന വലിയ ഓളങ്ങള്‍ തോണിയുടെ അരികില്‍ തട്ടിചിതറുന്നു. ശക്തമായ അടിയൊഴുക്കുള്ള സമയമാണെന്ന് കടവില്‍ ആരോ പറയുന്നത് കേട്ടിരുന്നു. അജ്ഞാതങ്ങളായ അത്ഭുതങ്ങള്‍ ആഴങ്ങളിലൊളിപ്പിച്ച് മുകളില്‍ ശാന്തമായൊഴുകുന്ന ഒഴുകുന്ന, എന്തും ഏതും ഞൊടിയിടകൊണ്ട് വലിച്ച് കാണാക്കയങ്ങളിലേക്ക് ആഴ്ത്തികൊണ്ടുപോകുന്ന പുഴ.

പൊടുന്നനെ പുഴയാഴം ഭീകരമായ ഒരു ഭയമായി എന്നില്‍ നിറയാന്‍ തുടങ്ങി. തോണി ഏതു നിമിഷവും പുഴയിലേക്ക് കൂപ്പുകുത്തും. എനിക്ക് നീന്തലറിയില്ല. കൈകാലുകള്‍ തളര്‍ന്ന്  ശരീരത്തിനു ഭാരമേറുന്നത് ഞെട്ടലോടെ തിരിച്ചറിഞ്ഞ് ഞാന്‍ തോണിയുടെ വക്കിൽ അള്ളിപിടിച്ചു. വെള്ളത്തിടിയിലേക്ക് ആണ്ടാണ്ട് പോകുന്നതും, ആഴങ്ങളിലേക്ക് എന്നെ വലിച്ചെടുത്ത് എനിക്ക് ചുറ്റും പുഴ ആര്‍ത്തിരമ്പുന്നതും നിസ്സഹായതയോടെ ഞാൻ തിരിച്ചറിഞ്ഞു. ശ്വാസം കിട്ടാതെ, ഒച്ചയിടാനാവാതെ ഞാന്‍ വെള്ളത്തില്‍ മരണവെപ്രാളത്തോടെ പിടഞ്ഞു.

എന്താടാ മിണ്ടാതിരിക്കുന്നത് എന്നു ചോദിച്ച് കൂട്ടുകാരില്‍ ആരോ എന്റെ ചുമലില്‍ കൈയിട്ടപ്പോള്‍ പെട്ടന്ന് എനിക്ക് പരിസരബോധം തിരിച്ചുകിട്ടി. ഞാന്‍ ആകെ വിയര്‍ത്തിരുന്നു. പലപ്രാവശ്യം ദീര്‍ഘശ്വാസം എടുത്ത് ഞാന്‍ എന്റെ ശ്വാസനാളങ്ങളുടെ ഭാരമയച്ചെടുത്തു. എന്റെ ചുമലിലെ കൂട്ടുകാരന്റെ കൈ മുറുകെപിടിച്ച് കടത്തണയാന്‍ ഞാന്‍ അക്ഷമയോടെ കാത്തിരുന്നു.

***

പുഴയാഴങ്ങളിലേക്ക് മുങ്ങിപ്പോയി ശ്വാസം കിട്ടാതെ കൈകാലിട്ടടിച്ച്, കിതച്ച് നിലവിളിച്ച് ഇപ്പോഴും പല രാത്രികളിലും ഉറക്കത്തില്‍ ഞാന്‍ സ്വപ്നത്തില്‍ നിന്നും വിയര്‍ത്ത്കുളിച്ച് ചാടി എഴുന്നേല്‍ക്കാറുണ്ട്.

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...