Tuesday, October 01, 2013

ഓർമകൾ

ജനുവരി 1989

സപ്ലിമെന്ററി പരീക്ഷകള്‍ മൂന്നാം ദിവസം. കഷ്ടിച്ച് മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞുകാണും.
സെക്കന്‍ഡ് ബി-യിലിരുന്ന് ഞാന്‍ തിരക്കിട്ട് കോപ്പിയടിച്ച് പരീക്ഷ എഴുതുന്നതിനിടയില്‍ രാധു എന്നെ പലപ്രാവശ്യം തോണ്ടിയപ്പോഴും ഞാന്‍ കരുതിയത് 'ബിറ്റി'നു വേണ്ടിയായിരിക്കും എന്നാണ്. ഞാന്‍ ശ്രദ്ധിക്കുന്നില്ല എന്ന് ബോദ്യം വന്നപ്പോള്‍ അവന്‍ ഉച്ചത്തില്‍ വിളിച്ചു; "ഡാ..."
എന്തുവാടെ എന്ന ഭാവത്തില്‍ ഞാന്‍ തലഉയര്‍ത്തി അവനെ നോക്കി. അവന്‍ ജനലിലൂടെ പുറത്തേക്ക് വിരല്‍ ചൂണ്ടി. ഞാന്‍ ഞെട്ടി. കാക്കൂര്‍ എസ്സൈയുടെ ജീപ്പ് ക്യാമ്പസിലേക്ക് വരുന്നു.

രാധു ധൃതിയില്‍ എഴുന്നേറ്റ് പേപ്പര്‍ ടീച്ചര്‍ക്ക് നേരെ നീട്ടി. ഇത്രനേരത്തെ പോകാന്‍ പറ്റില്ല, പോവുകയാണ് എങ്കില്‍ ക്വസ്റ്റൈന്‍ പേപ്പറൂടെ വച്ചിട്ട് പോവണം എന്ന് ടീച്ചര്‍ ഒച്ചയിട്ടു. ക്വസ്റ്റൈന്‍ പേപ്പറും ഹാള്‍ടിക്കറ്റും വേണേല്‍ ട്രൗസറും വരെ ഊരിവയ്ക്കാം എന്ന് രാധു. എങ്ങിനെയെങ്കിലും രക്ഷപ്പെട്ടാമതി എന്നായി ടീച്ചര്‍ക്ക്. അവനു പിന്നാലെ ഞാനും പുറത്തിറങ്ങി. ആൺകുട്ടികളുടെ മൂത്രപ്പുരക്ക് പിന്നിലൂടെ, കോമേഴ്സ് ഡിപ്പാര്‍ട്ട്മെനിനു പിന്നിലെ കിണറ്റിന്‍ കരയിലൂടെ, ക്യാന്റീന്റെ സൈഡിലെ സ്പോര്‍ട്സ് റൂമിനു പിന്നിലൂടെ, ഗ്രൗണ്ടിനു മേലത്തെ കശുമാവിന്‍ തോപ്പിലൂടെ ഓടി ഞാനും രാധുവും ഗോപാലേട്ടന്റെ കള്ളൂഷാപ്പിന്റെ പറമ്പിലൂടെ ചാടി മെയിന്‍ റോഡ് മുറിച്ച് കടന്ന് ഭാസ്കരേട്ടന്റെ 'ബോംബെ' ഹോട്ടലില്‍ പാഞ്ഞ് കേറി മൂന്നാല ഗ്ലാസ്സ് വെള്ളം കുടിച്ചു. ബഞ്ചിലിരുന്നു ക്ഷീണം തീര്‍ത്തു.

പത്ത് മിനിട്ടിനകം ഞങ്ങള്‍ വന്ന അതേ വഴിയിലൂടെ പ്രസിയും ഹരിഷും വിയര്‍ത്ത് കുളിച്ച് ഓടിവന്നു;

"പോലിസ് അന്വേഷിക്കുന്നുണ്ട്"

രാത്രിയില്‍ ലോഡ്ജിനപ്പുറത്തെ പഞ്ചായത്ത് മെമ്പര്‍ ബാലേട്ടന്റെ വീട്ട് വരാന്തയിലിരുന്ന് ഈ പ്രതിസന്ധി എങ്ങിനെ തരണം ചെയ്യാം എന്ന് ഞങ്ങള്‍ കൂലം കുഷമായി ചര്‍ച്ചചെയ്തു. ബാലേട്ടന്‍ ചോദിച്ചു; 

"സത്യത്തില്‍ പോലിസ് എന്തിനാണ നിങ്ങളെ തിരയുന്നത്?"

"അറിയില്ല ബാലേട്ടാ, സത്യം"; ഞാന്‍ അങ്ങേയറ്റം നിഷ്കളങ്കതയോടെ ബാലേട്ടനോട് പറഞ്ഞു. എന്റെ നിഷ്കളങ്കതയിൽ ബാലേട്ടന് വലിയ വിശ്വാസമില്ല. മുമ്പൊരിക്കല്‍ ബാലുശ്ശേരി പ്രഭാതില്‍ നിന്നും സിഗറട്ട് വലിച്ചതിനു പോലിസ് പിടിച്ചപ്പോള്‍ എന്നെ ഇറക്കിയ അനുഭവം ബാലേട്ടനുണ്ട്.

"ഒരു കാര്യം ചെയ്യ്, നിങ്ങള് കിടന്നുറങ്ങ്"; ബാലേട്ടന്‍ പറഞ്ഞു; "നാളെയാവട്ടെ, ഞാനൊന്ന് അന്വേഷിക്കാം"; ബാക്കിയുള്ള ദിനേശ് ബീഡിയുടെ കൂട് ഞങ്ങള്‍ക്ക് സംഭാവന ചെയ്ത് ബാലേട്ടന്‍ ഉറങ്ങാന്‍ പോയി. 

പിറ്റേന്ന് രാവിലെ പത്ത്മണിക്ക് ഞങ്ങള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ലോഡ്ജു മുറിയുടെ വാതില്‍ തള്ളിതുറന്ന് ബാലേട്ടന്‍ അകത്തുകയറി ആക്രോശിച്ചു;

"യൂനിവേഴ്സിറ്റി പരീക്ഷ നടത്തുന്നത് തടസ്സപ്പെടുത്തി, പരീക്ഷനടത്തിപ്പുദ്ധ്യോഗസ്ഥരെ മര്‍ദ്ദിച്ചു, കുട്ടികളുടെ ഉത്തരക്കടലാസ്സുകള്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചു, ചോദ്യപേപ്പര്‍ സൂക്ഷിച്ചിരുന്ന മുറിയില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചു...."

"ഇതൊക്കെ ആരു ചെയ്തു ബാലേട്ടാ"; ഇത്തവണ നിഷ്കളങ്കനയത് ഹരിഷാണ്

"നിന്നെയൊക്കെ ഒണ്ടല്ലോ, മല്‍മല്‍ മുണ്ട് മടക്കിക്കെട്ടി ബാലേട്ടന്‍ അവനെ ചവിട്ടാനായി മുന്നോട്ടാഞ്ഞു

"ബാലേട്ടാ, ഇനി എന്തു ചെയ്യും എന്ന് പറയ്"; പ്രസി ഇടപെട്ടു. അവനെയുള്ളൂ കൂട്ടത്തില്‍ അല്പം വകതിരിവ്

"ഇപ്പോ തന്നെ നിങ്ങളഞ്ചുപേരും സ്റ്റേഷനില്‍ ചെല്ലണം. എസ്സൈ ആകെ ചൂടിലാണ്. ബാക്കി നമുക്ക് നോക്കാം"

കാക്കൂര്‍ പോലിസ് സ്റ്റേഷനു മുന്നില്‍ ബസ്സിറങ്ങി, ഞങ്ങള്‍ അഞ്ചുപേരും പരസ്പരം നോക്കി സകല ജാതിമത വിഭാഗങ്ങളിലെയും ദൈവങ്ങളെ വിളിച്ച് സ്റ്റേഷനിലേക്ക് കയറി

"വോ.. നിങ്ങളാണ് അപ്പോ പുള്ളീകള്‍, അല്ലേ"; എസ്സൈ സാര്‍ ഗര്‍ജ്ജിച്ചു
സജി ബ്ലാ..ബ്ലാ എന്ന് ചിരിച്ചു. അവന സ്ഥാനത്തും അസ്ഥാനത്തും ചിരി പതിവാണ്

"ന്താണെടാ ഒരു അപശ്ശബ്ദം"; എസ്സൈ ലാത്തി മേശപ്പുറത്ത് ആഞ്ഞടിച്ചു. ഞങ്ങള്‍ നിശ്ശബ്ദരായി. 

പിന്നീട് ഒന്നരമാസം എല്ലാ വെള്ളിയാഴ്ചയും ഞങ്ങള്‍ പോലിസ് സ്റ്റേഷനില്‍ ചെന്ന് വരവ് വയ്ക്കണമായിരുന്നു. എന്തോ പാവം തോന്നി ആ എസ്സൈ കോളെജില്‍ മൂന്നുനാലു തവണ വന്ന് ഞങ്ങള്‍ക്ക് വേണ്ടി സംസാരിച്ച് ആ കേസ് ഒഴിവാക്കി തന്നു.

(പിടിച്ചതും വലിയത് അളയില്‍ എന്ന്‍ പറഞ്ഞത് പോലെ, ഇതിലും വലുത് പിന്നീട് വരാനിരിക്കുന്നതേയുള്ളൂ എന്ന് അപ്പോ ആരറിഞ്ഞു!)

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...