A blend of 99% fine fiction and 1% fact

Monday, January 24, 2011

മധുകർ ശ്യാം ഹമാരെ... ഭീംസേൻ ജോഷി പാടുന്നു

ഡിഗ്രിയ്ക്ക് പഠിക്കുമ്പോൾ ദൂരദർശനിലെ സുപ്പർ ഹിറ്റ് ‘മിലെ സുർ മേരാ തുമാര’-യിലൂടെയാണു പണ്ഡിറ്റ് ഭീംസേൻ ജോഷിയെ ആദ്യമായി കേൾക്കുന്നത്. പുരുഷ സംഗീത ശബ്ദത്തിന്റെ തലയെടുപ്പ്, ഘന ഗംഭീരം!

ഇന്റ്ർനെറ്റും ഓൺലൈൻ സംഗീതവുമൊന്നും ഇല്ലാതിരുന്ന കാലത്ത് അലഞ്ഞ് തിരിഞ്ഞു സമ്പാദിച്ച അദ്ദേഹം പാടിയ ഭജനകളുടെ ഒന്ന് രണ്ട് കാസറ്റുകൾ, വീട്ടിലെ മോണോ കാസറ്റ് പ്ലയറിൽ പാടി പാടി തേഞ്ഞു.

വടക്കൻ കർണാടകയിലെ ഗദക് ജില്ലയിൽ 1922 ഫിബ്രുവരി 19 ജനിച്ച അദ്ദേഹം തന്റെ അപാരമായ ആലാപന ശൈലിയിലൂടെ സംഗീതാസ്വാദകരുടെ ഹൃദയത്തിലേയ്ക്ക് രാജ്യം മുഴുവനും, പിന്നീട് ലോകം മുഴുവനും ഹിന്ദുസ്ഥാനി സംഗീതവുമായി പാടി കയറി.

പത്മശ്രീ, പത്മഭൂഷൺ, പത്മ വിഭൂഷൺ പുരസ്കാരങ്ങൾ നേടിയ അദ്ദേഹത്തെ 2008ൽ രാജ്യം ഭാരത രത്നം നൽകിയും ആദരിച്ചു

മധുകർ ശ്യാം ഹമാരെ...

ഭജൻ
വിക്കി

Thursday, January 20, 2011

ഗാന്ധിജി, സ്വപ്നം, കേളപ്പേട്ടൻ

“ഡൈനിംഗ് ടേബിളുകൾക്ക് പറ്റിയ നല്ല വലിയ കവറാണമ്മേ. വൃത്തിയാക്കാൻ എളുപ്പം”; തോളിലെ ബാഗിൽ നിന്നും ഒന്ന് രണ്ട് കവറുകൾ എടുത്ത്, ടൈ കെട്ടി മുടി വെടിപ്പായി ചീകി വച്ച   ആ ചെറുപ്പക്കാരാൻ തുടർന്നു; “സെറ്റികൾക്ക് പറ്റിയ കവറും ഉണ്ട്”

“ഇതൊന്നും ഇവിടെ ആവശ്യമില്ല മോനെ”; വളരെ സൗമ്യമായി കസ്തൂർബ പറഞ്ഞു.

ഗാന്ധിജിയെയും കാത്ത് അദ്ദേഹത്തിന്റെ ആശ്രമത്തിൽ, ഗേറ്റിനരികിലെ മരത്തിന്റെ തറയിൽ ഇരിക്കുകയാണു ഞാൻ. കദർ ധാരികളായ അന്തേവാസികളിൽ ചിലർ തോട്ടത്തിൽ പണിയെടുക്കുന്നുണ്ട്, ചിലർ വരാന്തയിലെ നിരനിരയായി ഇട്ടിരിക്കുന്ന ചർക്കകൾക്ക് പിന്നിൽ നൂൽ നൂൽക്കുന്നുണ്ട്. ചിലർ അവിടവിടെയായി ആടുകളെ മേയ്ക്കുന്നുണ്ട്. അപ്പോഴാണു ഈ ചെറുപ്പക്കാരൻ ഗേറ്റിൽ വന്ന് മുട്ടി വിളിച്ചതും ആരോ അകത്ത് ചെന്ന് കസ്തൂർബയെ കൂട്ടി വന്നതും.

ഞാൻ കസ്തൂർബയെ ശ്രദ്ധിച്ചു. പ്രസരിപ്പേറിയ മുഖം. അനുകമ്പയും സ്നേഹവും തുളുമ്പുന്ന കണ്ണുകൾ. അടുക്കളയിൽ എന്തോ പണിയിലായിരുന്നു എന്നു തോനുന്നു, കൈയിൽ ഒരു ‘കയ്യിൽ’*. എന്റെ അമ്മയും ഇങ്ങിനെയാണു, അടുക്കള പണിക്കിടയിൽ ആരെങ്കിലും വന്ന് ഗേറ്റിൽ മുട്ടിയാൽ കയ്യിലുള്ളത് ചട്ടിയായാലും പാത്രമായാലും അങ്ങിനെ തന്നെ വരാന്തയിലേയ്ക്ക് വരും!

ഞാൻ എഴുന്നേറ്റ് നിന്നു. കസ്തൂർബ സാവധാനത്തിൽ നടന്ന് എനിക്കരികിലേയ്ക്ക് വന്നു;

“ഗാന്ധിജിയെ കാണാൻ വന്നതാണോ? വരാൻ വൈകുമെന്നു തോനുന്നു”

“സാരമില്ല. എത്ര വൈകിയാലും കണ്ടിട്ടേ മടങ്ങുന്നുള്ളൂ”; ഞാൻ ഭവ്യമായി പറഞ്ഞു

“വെള്ളമോ ഭക്ഷണമോ എന്താ വേണ്ടത് എന്ന് വച്ചാൽ കൊടുക്കണം”; കൂടെയുണ്ടായിരുന്ന സ്ത്രീയോട് നിർദ്ദേശം നൽകി, ഒന്ന് പുഞ്ചിരിച്ച് കസ്തൂർബ നടന്നു പോയി

ഞാൻ മരത്തണലിൽ ചാരി ഇരുന്നു. നല്ല കാറ്റ്. ഉറക്കം സാവധാനം എന്റെ കൺപോളകളെ തഴുകി 


ഉറക്കത്തിനുള്ളിൽ ഉറക്കം! ഞാൻ ഞെട്ടിയുണർന്നു. ഗാന്ധിജിയുമില്ല, കസ്തൂർബയുമില്ല ആശ്രമവും മരത്തണലുമില്ല.

വിചിത്രം. അതാണു സ്വപ്നങ്ങൾ. പരസ്പര ബന്ധമില്ലാത്തത്, പക്ഷേ പലതും തമ്മിൽ ബന്ധിപ്പിക്കുന്നത്. ശാസ്ത്രീയാമായി ഇനിയും ചുരുളഴിക്കാനാവാത്ത സമസ്യ.

വിക്കി :
 http://en.wikipedia.org/wiki/Dream

കേളപ്പേട്ടൻ :
“എടേയ്, ഇന്നലെ രാത്രി ഓളെന്റെ ചിറി കടിച്ചാൾഞ്ഞ്ന്നേയ്”
“ആരു കടിച്ചൂന്നാ?”
“ആ ദിൽ വാലാ ദുൽഹനിയാലെ പെങ്കൊച്ച്”

കേളപ്പേട്ടൻ നാട്ടിലെ മരം വെട്ടുകാരനും സ്ഥലത്തെ പ്രധാന വെള്ളവടിക്കാരനും സിനിമാ ഭ്രാന്തനും പ്രായഭേദമന്യേ എല്ലാവരുടെയും സ്വന്തം ആളും ആണു. ദിൽ വാലെ ദുൽഹനിയ ലേ ജായേംഗെ പടം സെക്കൻഡ് ഷോ കണ്ട് വന്ന് കിടന്നുറങ്ങിയപ്പോൾ സ്വപ്നത്തിൽ കാജൽ വന്ന് കെട്ടിപ്പിടിച്ച് അങ്ങേരുടെ ചുണ്ട് കടിച്ച് കളഞ്ഞത്രേ!

--------
*‘കയ്യിൽ’- രാകി മിനുക്കിയ ചിരട്ടയ്ക്ക് കവുങ്ങിൻ അകിൽ കൊണ്ടുണ്ടാക്കിയ പിടിയുള്ള സ്പൂൺ. 

Monday, January 17, 2011

ഇന്ത്യയിൽ ഓരോ നാലു മിനുട്ടിലും ഒരാൾ ആത്മഹത്യ ചെയ്യുന്നു


രാജ്യത്ത് ഓരോ നാലു മിനുട്ടിലും ഒരാൾ ആത്മഹത്യ ചെയ്യുന്നു. ദിവസ ശരാശരി 223 പുരുഷന്മാർ, 125 സ്ത്രീകൾ. ഇതിൽ മൂന്നിൽ ഒരാൾ 30 വയസ്സിൽ താഴെയുള്ളത്. നാഷണൽ ക്രൈം റെകോർഡ് ബ്യൂറോ(NCRB)-യുടെതാണു ഈ കണക്കുകൾ.

2009-ലെ കണക്കനുസരിച്ച് ആ വർഷം ഇന്ത്യയിൽ ആത്മഹത്യ ചെയ്ത 1,27,151 പേരിൽ 68.7 ശതമാനം പേരും 15-44 വയസ്സിനുള്ളിലുള്ളവരാണു.

പശ്ചിമ ബംഗാളിലാണു ഏറ്റവും കൂടുതൽ ആത്മഹത്യ നടന്നത്. പിന്നിലായി ആന്ധ്രപ്രദേശ്, തമിൾനാട്, മഹാരാഷ്ട്ര കർണാടക എന്നിങ്ങനെ. ഏറ്റവും കുറവ് ഉത്തർ പ്രദേശിലും.

കുടുംബ വഴക്ക്, അസുഖം, പ്രണയ നൈരാശ്യം, മയക്ക് മരുന്ന്, അധിക്ഷേപം, പട്ടിണി എന്നിവയാണു ക്രമാനുസൃതമായി കാരണങ്ങളായുള്ള നിരീക്ഷണങ്ങൾ.

ഇന്ത്യൻ എക്സ്പ്രസ്സിലെ വാർത്ത

Thursday, January 13, 2011

അശാന്തം ശാന്തം

ഇന്നലെ വൈകുന്നേരം മുതൽ മഴ തിമർത്ത് പെയ്യുകയാണു. മഴ നനഞ്ഞൊലിച്ചാണു ഞാൻ സ്കൂട്ടറോടിച്ച് ഫ്ളാറ്റിലേയ്ക്ക് വന്നത്. രാത്രി മുഴുവൻ മഴയായിരുന്നു. ഇപ്പോഴുമുണ്ട് ചിണുങ്ങി പെയ്യുന്നു.

അഞ്ച് വർഷങ്ങൾക്ക് ശേഷം നീ ഇല്ലാത്ത ആദ്യത്തെ മഴക്കാലം. നിന്റെ വിളികൾക്കും മെയിലുകൾക്കും മറുപടി തരാതെ അകന്നിരിക്കുമ്പോഴും എനിക്ക് അറിയാമായിരുന്നു മഴ എന്നെ നിന്നിലേയ്ക്ക് വീണ്ടും വലിച്ചടുപ്പിക്കുമെന്ന്. എല്ലാം ഒരോന്നോരോന്നായി ഓർമ്മിപ്പിക്കുമെന്ന്, നിന്നെ മറക്കാനുള്ള ശ്രമങ്ങളൊക്കെയും പാഴക്കുമെന്നു.

ഏതോ ഒരു ബയർ മീറ്റിംഗ് കഴിഞ്ഞ് വൈകിയ, മഴപെയ്യുന്ന ഒരു രാത്രിയിൽ, ആരുമില്ലാതിരുന്ന പാൻട്രിയിലെ ചില്ലു ജാലകത്തിൽ പെയ്യുന്ന മഴയെ നോക്കി നില്ക്കുമ്പോൾ, പിന്നിലൂടെ വന്ന് എന്നെ കെട്ടിപ്പ്പിടിച്ച് ചുംബിച്ചതു മുതൽ ഒരിക്കൽ പോലും ഒന്നിനും നീ എന്റെ അനുവാദം ചോദിച്ചില്ല. എങ്ങിനെയായിരുന്നു നിനക്ക് എന്റെമേൽ അങ്ങിനൊരു അധികാരം സ്ഥാപിക്കാനായത് എന്നൊരു ചോദ്യംചോദിക്കാൻ എനിക്കൊരിക്കലും കഴിയുന്നുമില്ല...‘ചില ബന്ധങ്ങൾ തുടങ്ങുന്നത് ജന്മങ്ങൾക്കപ്പുറത്ത് നിന്നാണു’ എന്ന് നിന്റെ ചാറ്റ് സ്റ്റാറ്റസിൽ നീ കുറിച്ചിട്ടിരുന്നത്, മുൻപ് എനിക്കൊരു കൗതുകം മാത്രമായിരുന്നു.

മഴ പെയ്യുന്ന വൈകുന്നേരങ്ങളിൽ നിന്റെ ബൈക്കിനു പിന്നിൽ നിന്നെ കെട്ടിപ്പിടിച്ച് നമ്മൾ പോയ യാത്രകൾ, ആറാമത്തെ നിലയിലുള്ള നിന്റെ സ്റ്റുഡിയോ ഫ്ളാറ്റിന്റെ ടെറസിൽ നിന്നെയും കെട്ടിപ്പിടിച്ച് നനഞ്ഞ, നിന്റെ കിടക്കയിൽ നിന്നോട് ഒട്ടിചേർന്ന് കിടന്നറിഞ്ഞ, മഴപെയ്യുന്ന ആ രാത്രികൾ...അതിനു മുൻപ് ഒരിക്കലും മഴയെ ഞാൻ ഇങ്ങിനെ ഇഷ്ടപ്പെട്ടിരുന്നില്ല. മഴയുടെ മണമായിരുന്നു നിനക്ക്. മഴ നനഞ്ഞത് പോലെയായിരുന്നു എപ്പോഴും നിന്റെ മുടിയിഴകൾ.

എനിക്കറിയാം, നിനക്കും അറിയാം, ഇടയിൽ വൻകരകളുടെ തന്നെ അകലമുണ്ടെങ്കിലും, നമ്മുടെ ഓർമ്മകൾക്കിടയിൽ അകലമില്ലെന്നു. എനിക്കായി മാത്രമുള്ള നിന്റെ ചാറ്റ് ഐഡിയുടെ, ഇരുപത്തിനാലു മണിക്കൂറും കാണുന്ന available സ്റ്റാറ്റസ്സ് എന്നെ പലപ്പോഴും മോഹിപ്പിക്കുന്നു.

നീ ആഗ്രഹിച്ചിരുന്നത് പോലെ, am so comfirtable now. ഒരു സാധാരണ employed കുടുംബിനി. നിനക്കൊപ്പം വരാൻ കള്ളങ്ങൾ കണ്ടു പിടിക്കേണ്ടതില്ല, അസമയത്ത് വന്നേക്കാവുന്ന നിന്റെ വിളികളെയോ മെസ്സേജുകളെയോ ഭയപ്പെടാനില്ല, ഒഴിവു ദിവസങ്ങളിൽ നിന്നെ വിളിക്കാൻ കാരണങ്ങൾ തിരയേണ്ടതില്ല... എല്ലാറ്റിനുമുപരി, എന്റെയോ നിന്റെയോ കുടുംബത്തിനെ പറ്റി വേവലാതികളില്ല.

കുറച്ച് മാസങ്ങളിലേയ്ക്ക്, ഇനിയുള്ള മിക്കാവാറും ദിവസങ്ങളിൽ വൈകുന്നേരം മഴ തന്നെയായിരിക്കും.

അതേ മഴ