Wednesday, April 03, 2013

ഉറക്കം


കോളെജ് യൂണിയൻ തിരഞ്ഞെടുപ്പ് കാലം. അക്കൊല്ലം RSC-KSU കൂട്ടുകെട്ടായിരുന്നു. വൈകീട്ട്  ലോഡ്ജിലേക്ക് ബസ്സ് കേറാൻ കോളെജ് സ്റ്റോപ്പിൽ നിൽക്കുമ്പോഴുണ്ട് ശശീന്ദ്രൻ തിരക്കിട്ട് വരുന്നു; ‘നീ പോവല്ലടെ, രാത്രി നമുക്ക് കുറച്ച് ബാനറെഴുതാനുണ്ട്’ ആയിക്കോട്ടെ എന്ന് ഞാനും.  ഞങ്ങൾ  ചോയിയേട്ടന്റെ കടയിൽ നിന്ന് ചായയും കുടിച്ച് കോൺഗ്രസ്സ് ആപ്പിസിലേക്ക് നടന്നു. മുറിയിലെ ചുവരിൽ ആണിയടിച്ച് തുണി വലിച്ച് കെട്ടി, ഡിസ്റ്റംബറിൽ സ്റ്റെയിനർ കലക്കി ഞാൻ ബാനറെഴുത്ത് തുടങ്ങി. ഒരുകെട്ട് ബീഡിയും തീപ്പെട്ടിയും കൊണ്ടുവന്ന് എനിക്ക് തന്ന്, ഇപ്പൊവരാം എന്നും പറഞ്ഞ് ശശീന്ദ്രൻ ആരുടയോ കൂടെ പോസ്റ്ററൊട്ടിക്കാൻ ക്യാമ്പസിലേക്ക്  പോയി.

വോൾട്ടേജ് കുറഞ്ഞ ബൾബിന്റെ മഞ്ഞ വെളിച്ചമുള്ള പാർട്ടി ആപ്പീസിൽ, ദേശത്തെ ചിലർ ഇടക്കും തലക്കും വന്ന് എത്തി നോക്കി ബീഡിയോ സിഗറട്ടോ തന്നും, എഴുത്തിനെ കുറിച്ച് ചില്ലറ അഭിപ്രായമൊക്കെ പാസാക്കിയും എന്നെ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് ആരോ ഒരാൾ വന്ന് ഒരു സ്റ്റീൽ ഗ്ലാസ് നീട്ടി  'ഇതങ്ങ് പിടിച്ചാട്ടെ' എന്ന് എന്നോട് സ്നേഹപൂർവ്വം ആവശ്യപ്പെട്ടത് ഞാൻ സന്തോഷത്തോടെ സ്വീകരിക്കുകയും, എന്റെ ആവേശത്തിൽ സന്തുഷ്ടനായി  ആ സുമനുസ്സ് പിന്നെയും ഗ്ലാസ്സ് നിറച്ച് തരികയും, എനിക്ക് തിന്നാൻ കപ്പയും മീൻകറിയും ആളെവിട്ട് എത്തിച്ചു തരികയും ചെയ്തു. 

ബാനറെഴുത്ത് കഴിഞ്ഞ്, രാത്രി വളരെ വൈകി ഞാൻ പാർട്ടി ആപ്പീസിൽ നിന്നും ഇറങ്ങി നടന്നു. നിലാവ്, തണുത്ത നേരിയ കാറ്റ്, നല്ല മൂഡ്. നിലാവും നിഴലും പിണഞ്ഞു വീണുകിടക്കുന്ന കോളെജിലേക്കുള്ള നിരത്തും, കോളെജ് കെട്ടിടത്തിനു പിന്നിൽ ആകാശച്ചരിവിൽ ഉയർന്ന് നിൽക്കുന്ന കളരിക്കുന്നും നോക്കി ഞാൻ ഊസുക്കയുടെ പെട്ടിക്കടയുടെ അട്ടിയിൽ ചാരിനിന്നു. നിന്ന് കാല് കഴച്ചപ്പോൾ അട്ടിയിന്മേൽ കയറി ഇരുന്നും, ഇരുന്ന് മടുത്തപ്പോൾ അട്ടിയിൽ കിടന്നും ഞാൻ ആ കാഴ്ച ആസ്വദിച്ചു.

*

ആരോ കുലുക്കി വിളിക്കുന്നതിനൊപ്പം അടക്കിപ്പിടിച്ച ചില ചിരികളും കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്. ‘എന്താണ്! യ്യ് പ്പോ വീട്ടിലും പൂവാണ്ടായോ!’ സ്ഥലകാലബോധം വീണ്ടെടുക്കാനാവാതെ മിഴിച്ച് കിടക്കുന്ന  എന്നെ നോക്കി ഊസുക്ക ചിരിയോ ചിരി. തലേന്ന് രാത്രിയിലെ നിലാവും തണുത്തകാറ്റുമൊക്കെ അപ്രത്യക്ഷമായിരിക്കുന്നു. അട്ടിയിന്മേൽ മലർന്ന് കിടക്കുകയായിരുന്ന എന്റെ മുഖത്ത് വീഴുന്ന രാവിലത്തെ വെയിലിന് നല്ലചൂട്. ബസ്സിറങ്ങി കോളെജിലേക്ക് പോകുന്നവരൊക്കെ തിരിഞ്ഞ് തിരിഞ്ഞ് നോക്കി ചിരിക്കുകയും അടക്കം പറയുകയും ചെയ്യുന്നുണ്ട്. അട്ടിയിൽ നിന്നും ചാടിയിറങ്ങി കോളെജ് നിരത്തിലേക്ക് നടന്ന എന്നെ, പിന്നാലെ വന്ന് ഊസുക്ക പിടികൂടി. ‘യ്യ് ങ്ങനെതന്നെ കോളെജി പോകുവാ! അപ്പൊ അനക്ക് പല്ല് തേക്കേം കുളിക്കേം കുപ്പായം മാറുകേന്നും വേണ്ടേ?‘

ടീമൊക്കെ വന്നിറങ്ങുന്നതിന് മുമ്പ് ബാലുശ്ശേരി ബസ്സ് വരാൻ പ്രാർത്ഥിച്ച്, ഊസുക്ക തന്ന സിഗറട്ടും വലിച്ച്  ഞാൻ ബസ്സ്റ്റോപ്പിന് പിന്നിൽ ബസ്സും കാത്തുനിന്നു.

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...