Wednesday, August 31, 2016

വഴികൾ

വഴികളാണ് അവസാനിക്കുന്നത്. യാത്രകളല്ല. ലക്ഷ്യങ്ങളിലേക്ക് എത്തിക്കുന്ന പുതിയ വഴികളാണ് തേടേണ്ടത്.

അല്ലെങ്കിൽ തന്നെ എത്തിച്ചേരേണ്ടിടത്തേക്കുള്ള വഴിയിൽ തന്നെയാണ് യാത്രയെന്ന് ആരറിഞ്ഞു...

Wednesday, July 06, 2016

പുഴയാഴങ്ങൾ

ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ സ്കൗട്ട് ഹൈക്കിങ്ങിന്റെ ഭാഗമായി കൂട്ടുകാര്‍ക്കൊപ്പം കാഞ്ഞിരക്കടവ് കടന്നതാണു ആദ്യത്തെ തോണിയാത്രാ അനുഭവം. ഒരു പുഴയെ ആദ്യമായി അടുത്ത് കാണുന്നതും അന്നു തന്നെ.

ഇരുന്നിടത്ത് നിന്നും അനങ്ങരുത്, ഇളകരുത് എന്നൊക്കെയുള്ള കടത്ത്കാരന്റെ മുന്നറിയിപ്പുകള്‍ക്ക് ശേഷം തോണി, പ്രഭാതത്തിലെ വെയിലേറ്റ് വെട്ടിതിളങ്ങുന്ന പുഴയ്ക്ക് കുറുകെ സാവധാനം ആടിയാടി നീങ്ങി തുടങ്ങി.

ഈയൊരു യാത്ര ആസൂത്രണം ചെയ്തത് മുതല്‍ ഈ ദിവസത്തിനായി ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു ഞാന്‍. ബസ്സിലും തീവണ്ടിയിലുമൊക്കെയുള്ള യാത്രകള്‍ക്കിടയിലെ അന്നുവരെ ഞാന്‍ പുഴ കണ്ടിട്ടുള്ളൂ.

വീടിനടുത്ത് ഒരു പുഴയുണ്ടായിരുന്നെങ്കില്‍, എന്നും വൈകുന്നേരം പുഴക്കരയിലേക്ക് നടക്കാനിറങ്ങുന്നതും, കാലുകള്‍ വെള്ളത്തിലിട്ട് കരയിലെ ഏതെങ്കിലും തെങ്ങില്‍ ചാരി ഇരിക്കുന്നതും, ഒരു കുഞ്ഞു തോണി സ്വയം തുഴഞ്ഞ് അക്കരയ്ക്ക് പോകുന്നതുമൊക്കെ സങ്കല്പിച്ച് അക്കാലത്ത് ഞാന്‍ സ്വയം ആഹ്ലാദിക്കുമായിരുന്നു.

തെളിഞ്ഞ ആകാശം,  പുഴയെ തൊട്ടുതലോടി വീശുന്ന നനുത്ത കാറ്റ്... അക്കരെ കടവില്‍ കടത്ത് തോണിയും കാത്തിരിക്കുന്നരെ അകലെ അവ്യക്തമായി കാണം.

ഏകദേശം പകുതി ദൂരം എത്തിയിരിക്കുന്നു. ഞാന്‍ പുഴയിലേക്ക് നോക്കി. ആകാശം പ്രതിഫലിക്കുന്ന വലിയ ഓളങ്ങള്‍ തോണിയുടെ അരികില്‍ തട്ടിചിതറുന്നു. ശക്തമായ അടിയൊഴുക്കുള്ള സമയമാണെന്ന് കടവില്‍ ആരോ പറയുന്നത് കേട്ടിരുന്നു. അജ്ഞാതങ്ങളായ അത്ഭുതങ്ങള്‍ ആഴങ്ങളിലൊളിപ്പിച്ച് മുകളില്‍ ശാന്തമായൊഴുകുന്ന ഒഴുകുന്ന, എന്തും ഏതും ഞൊടിയിടകൊണ്ട് വലിച്ച് കാണാക്കയങ്ങളിലേക്ക് ആഴ്ത്തികൊണ്ടുപോകുന്ന പുഴ.

പൊടുന്നനെ പുഴയാഴം ഭീകരമായ ഒരു ഭയമായി എന്നില്‍ നിറയാന്‍ തുടങ്ങി. തോണി ഏതു നിമിഷവും പുഴയിലേക്ക് കൂപ്പുകുത്തും. എനിക്ക് നീന്തലറിയില്ല. കൈകാലുകള്‍ തളര്‍ന്ന്  ശരീരത്തിനു ഭാരമേറുന്നത് ഞെട്ടലോടെ തിരിച്ചറിഞ്ഞ് ഞാന്‍ തോണിയുടെ വക്കിൽ അള്ളിപിടിച്ചു. വെള്ളത്തിടിയിലേക്ക് ആണ്ടാണ്ട് പോകുന്നതും, ആഴങ്ങളിലേക്ക് എന്നെ വലിച്ചെടുത്ത് എനിക്ക് ചുറ്റും പുഴ ആര്‍ത്തിരമ്പുന്നതും നിസ്സഹായതയോടെ ഞാൻ തിരിച്ചറിഞ്ഞു. ശ്വാസം കിട്ടാതെ, ഒച്ചയിടാനാവാതെ ഞാന്‍ വെള്ളത്തില്‍ മരണവെപ്രാളത്തോടെ പിടഞ്ഞു.

എന്താടാ മിണ്ടാതിരിക്കുന്നത് എന്നു ചോദിച്ച് കൂട്ടുകാരില്‍ ആരോ എന്റെ ചുമലില്‍ കൈയിട്ടപ്പോള്‍ പെട്ടന്ന് എനിക്ക് പരിസരബോധം തിരിച്ചുകിട്ടി. ഞാന്‍ ആകെ വിയര്‍ത്തിരുന്നു. പലപ്രാവശ്യം ദീര്‍ഘശ്വാസം എടുത്ത് ഞാന്‍ എന്റെ ശ്വാസനാളങ്ങളുടെ ഭാരമയച്ചെടുത്തു. എന്റെ ചുമലിലെ കൂട്ടുകാരന്റെ കൈ മുറുകെപിടിച്ച് കടത്തണയാന്‍ ഞാന്‍ അക്ഷമയോടെ കാത്തിരുന്നു.

***

പുഴയാഴങ്ങളിലേക്ക് മുങ്ങിപ്പോയി ശ്വാസം കിട്ടാതെ കൈകാലിട്ടടിച്ച്, കിതച്ച് നിലവിളിച്ച് ഇപ്പോഴും പല രാത്രികളിലും ഉറക്കത്തില്‍ ഞാന്‍ സ്വപ്നത്തില്‍ നിന്നും വിയര്‍ത്ത്കുളിച്ച് ചാടി എഴുന്നേല്‍ക്കാറുണ്ട്.

Friday, June 24, 2016

മായക്കാഴ്ചകള്‍

പഴയ ചില ഓര്‍മകളെ ഭ്രാന്തമായി പിന്തുടര്‍ന്ന് ചിലപ്പോള്‍ നാമെത്തിച്ചേരുന്നത് നമ്മെ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, വശ്യസുന്ദരമായിരുന്ന ആ നാള്‍ വഴികളില്‍ തന്നെ.

ബോധാബോധങ്ങളുടെ അസന്തുലനങ്ങള്‍ക്കിടയില്‍ പിന്നീടെപ്പോഴെങ്കിലുമാണു തിരിച്ചറിവുണ്ടാകുക-
ഒന്നുമില്ല, ഒരു കുന്തവുമില്ല,
എല്ലാം വെറും മായക്കാഴ്ചകള്‍ എന്ന്.

Sunday, June 05, 2016

പതിവുകള്‍

പത്ത് വര്‍ഷങ്ങളായുള്ള ഒരു പതിവ് ഇപ്രാവശ്യം തെറ്റി.

തിരക്കുകളുടെയും യാത്രകളുടെയും അസ്ഥിരതകളുടെയും സംഘര്‍ഷങ്ങള്‍ക്കിടയിലും, കൃത്യമായി പാലിക്കാന്‍ ഞാന്‍ ഏറെ ശ്രദ്ധിക്കുമായിരുന്ന, ഞാന്‍ തന്നെ എന്നെ തളച്ചിട്ട ഒരു ചട്ടക്കൂട്‌.

അല്ലെങ്കിലും, ഒരിക്കല്‍ തകര്‍ക്കുവാനുള്ളതാണല്ലോ, എല്ലാ ചട്ടങ്ങളും :D

Saturday, April 30, 2016

കാക്കകള്‍

പഴയ വീട്ടിലെ മുകളിലെ നിലയിലുള്ള എന്റെ മുറിയുടെ ജനലിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന മാവിന്റെ ചില്ലകളില്‍ വന്നിരുന്ന് നിലക്കാതെ ഒച്ചവയ്ക്കുന്ന കാക്കളായിരുന്നു, ഒരുകാലത്ത് എന്റെ ഉച്ച ഉറക്കത്തിനു സ്ഥിരമായി ഭംഗം വരുത്തുക. ഒന്നും രണ്ടുമൊന്നുമല്ല, കൂട്ടം കൂട്ടമായി വന്ന് എന്തോ പ്രതികാരം തീര്‍ക്കുന്നത് പോലെയായിരുന്നു അവറ്റകൾക്ക് എന്നോടുള്ള പെരുമാറ്റം. ഉറക്കം നഷ്ടപ്പെടുന്ന ഈര്‍ഷ്യയില്‍ കയ്യില്‍ കിട്ടുന്നതൊക്കെ എടുത്ത് ജനലിലൂടെ കാക്കകള്‍ക്ക് നേരെ എറിഞ്ഞും ആക്രോശിച്ചും ഞാന്‍ അവയെ ആട്ടിയോടിക്കാന്‍ ശ്രമിക്കുമായിരുന്നുവെങ്കിലും അതൊന്നും അറിയാത്ത ഭാവത്തില്‍ കാക്കകള്‍ വാശി തീര്‍ക്കുന്നത് പോലെ ചിലച്ച് കൊണ്ടേയിരിക്കും. ജനലുകള്‍ കൊട്ടിയടച്ചും, തല പുതപ്പിനുള്ളില്‍ പൂഴ്ത്തിയുമൊക്കെ ഉറങ്ങാനുള്ള എന്റെ ശ്രമം കര്‍ണ്ണ കഠോരമായ കാക്കക്കരച്ചിലില്‍ വിഫലമായി, ഒടുവില്‍ തോല്‍‌വി സമ്മതിച്ച് ഞാന്‍ ഉറങ്ങാനുള്ള ശ്രമം അവസാനിപ്പിക്കും.

കഴിഞ്ഞ അവധിക്ക് നാട്ടില്‍, ഒരു ദിവസം ഉച്ചഭക്ഷണത്തിനു ശേഷം ഒന്ന് മയങ്ങാന്‍ കിടന്നപ്പോള്‍ പൊടുന്നനെ എനിക്ക് പഴയ കാക്കകളെ ഓര്‍മ്മ വന്നു. മുറ്റത്തും പറമ്പിലുമൊന്നും കാക്കകളെ കാണാനെ ഇല്ലെന്ന കാര്യം ഞാന്‍ അപ്പൊഴാണു ശ്രദ്ധിച്ചത്. ദൂരെനിന്നു പോലും ഒരു കാക്കകരച്ചില്‍ കേല്‍ക്കുന്നില്ല. മീന്‍ മുറിക്കുന്നിടത്തോ ഭക്ഷണാവശിഷ്ടങ്ങള്‍ കളയുന്നിടത്തോ കാക്കകള്‍ വരുന്നു പോലുമില്ല. തുടര്‍ന്നുള്ള ദിവസങ്ങളിലെ യാത്രകള്‍ക്കിടയിലൊക്കെ വഴികളില്‍ ഞാന്‍ കാക്കളെ തിരഞ്ഞു. ഒറ്റക്കും തെറ്റക്കുമായി അവിടവിടെ ചിലകാക്കകളെ കണ്ടു എന്നല്ലാതെ പഴയത്പോലെ കൂട്ടം കൂട്ടമായി അവറ്റകളെ എവിടെയും കണ്ടതേയില്ല.

കാക്കകള്‍ക്കും വംശനാശം സംഭവിക്കുകയാണോ...

Wednesday, March 23, 2016

പേയിംഗ് ഗസ്റ്റ്


".... ..രാത്രി 8 മണിയുടേത് താമരശ്ശേരീന്ന് കോഴിക്കോട്ടേക്കുള്ള അവസാനത്തെ ട്രിപ്പാണു. കോരിച്ചെരിയുന്ന മഴയും കാറ്റും. പെട്ടന്നാണു റോഡിൽ തൊട്ടുമുന്നിലൊരു വലിയ മരം മുറിഞ്ഞ് വീണത്... മോനേ യ്യ് കേക്ക്ന്ന്ണ്ടാ..."; ഗോപാലേട്ടന്റെ വീരസാഹസിക ബസ്സ് ഡ്രൈവിംഗ് കഥ ക്ലൈമാക്സിലേക്ക് നീങ്ങുകയാണു. ഞാൻ ശ്രദ്ധിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനാണു ചോദ്യം.

പഴയകാല ബസ്സ് ഡ്രൈവറായിരുന്ന ഗോപാലേട്ടന്റെ വീട്ടിൽ പേയിംഗ് ഗസ്റ്റ് ആയി താമസിക്കുകയായിരുന്ന ഞാൻ, എത്രമാത്തെ തവണയാണു ഈ കഥ കേൾക്കുന്നത് എന്നത് എനിക്കു പോലും തിട്ടമില്ല. കവലയിലെ ചാരായ ഷാപ്പിൽ നിന്നും രണ്ടെണ്ണം വിട്ട് രാത്രി ഒരു എട്ട് മണിയോടെ വീട്ടിലെത്തി, പുകയില കൂട്ടി വിശാലമായി മുറുക്കിക്കൊണ്ട് വരാന്തയിലെ ചാരുകസേരയിൽ കാലുകൾ രണ്ടും കസേരക്കയ്യിലേക്ക് കയറ്റി വച്ച് മൂപ്പർ ഒരു രാജാപ്പാർട്ട് ഇരിപ്പ് ഇരിക്കും. എന്നിട്ട് സൈഡ്റൂമിലേക്ക് നോക്കി എന്നോടായി ഒരു ചോദ്യമാണ്;
"മോനേ യ്യ് പഠിക്കുന്നുണ്ടല്ലോ..."; ആ ചോദ്യത്തിനു മൂപ്പർതന്നെ ഒരു ഉത്തരം പ്രതീക്ഷിക്കുന്നില്ല എന്നത് നന്നായറിയാവുന്നത് കാരണം, അടച്ചു പൂട്ടിയ വാതിലിനിപ്പുറത്ത് ഞാൻ കട്ടിലിൽ അനങ്ങാതെ കിടക്കും

തുടർന്നാണ് കഥ പറച്ചിൽ ആരംഭിക്കുക. മരം മുറിഞ്ഞ് വീഴുന്നത് കണ്ട് മൂപ്പർ സഡൻ ബ്രേക്ക് ഇട്ടതും, കണ്ട്രോൾ കിട്ടാതെ ബസ്സ് വെള്ളം കേറി കിടക്കുന്ന തോട്ടിലേക്ക് മറിഞ്ഞതും, യാത്രക്കാർ മുങ്ങിപ്പോയതും, ആളുകൾ ഓടിക്കൂടിയതും, പരിക്കേറ്റവരെ ഹോസ്പിറ്റലിൽ കൊണ്ടുപോയതും ഒക്കെയായിരുന്നു ഫസ്റ്റ് ഇയർ ബികോം പേപ്പറുകളായ മാനേജീരിയൽ ഇക്കണോമിക്സിനേയും സ്റ്റാറ്റിസ്റ്റിക്കിനേയുംകാൾ അന്ന് എനിക്ക് മനപ്പാഠം.

ഗോപാലേട്ടന്റെ വീട്ടിൽ പേയിംഗ് ഗസ്റ്റായി അഡ്മിഷൻ എടുത്ത ദിവസം, എന്റെ ഉറക്കപ്രാന്തിനെ കുറിച്ച് അച്ഛൻ അദ്ദേഹത്തോട് സൂചിപ്പിച്ചു. രാവിലെ ഒന്ന് വിളിച്ചേക്കണം, അല്ലെങ്കിൽ ഉച്ചവരെ അവൻ കിടന്നുറങ്ങും. കോളെജിൽ പോകാൻ വൈകിപ്പോകേണ്ട എന്നേ അച്ഛൻ അതുകൊണ്ട് ഉദ്ദേശിച്ചിരുന്നുള്ളൂ. അതൊക്കെ ഞാൻ ഏറ്റു എന്ന് ഉറപ്പുകൊടുത്ത ഗോപാലേട്ടൻ ഞാനവിടെ താമസം തുടങ്ങിയതിന്റെ പിറ്റേ ദിവസംതന്നെ അച്ഛനുകൊടുത്ത വാക്ക് പാലിക്കുവാനെന്നവണ്ണം  വാതിലിൽ മുട്ടി വിളിച്ച് എന്നെ ഉണർത്തി;

"മോനേ എഴുന്നേക്ക്....";

രാവിലെയായി എന്ന പരിഭ്രമത്തിൽ ചാടി എഴുന്നേറ്റ ഞാൻ മുറിയിലും പുറത്തും ഇനിയും വെളിച്ചം പരന്നില്ലല്ലോ എന്നോർത്ത് ലൈറ്റ് ഓൺചെയ്ത് വാച്ച് എടുത്ത് നോക്കിയപ്പോൾ സമയം പുലർച്ചെ 4 മണി.  ഒൻപതരയ്ക്ക് ക്ലാസ്സ് തുടങ്ങുന്ന, അവിടുന്ന് പത്ത് മിനുട്ടുപോലും നടക്കാൻ ദൂരമില്ലാത്ത കോളേജിലേക്ക് പോകാൻ പുലർച്ചെ നാലുമണിക്ക് എഴുന്നേൽക്കുക! അതും പരീക്ഷാകാലത്ത് പോലും എട്ടുമണിവരെ കിടന്നുറങ്ങുന്ന ഞാൻ! ഗോപാലേട്ടൻ വാതിലിലുള്ള മുട്ട് അവസാനിപ്പിക്കുന്ന ലക്ഷണമില്ല. "മോനെ എഴുന്നേറ്റ് പല്ലൊക്കെ തേച്ച് വേഗമിരുന്ന് പഠിച്ചോ. അച്ഛൻ പറഞ്ഞത് ഓർമയുണ്ടല്ലോ..."
അച്ഛൻ എന്തു പറഞ്ഞു എന്നാണു! കോളെജില്‍ പോകാൻ പുലർച്ചെ 4 മണിക്ക് വിളിച്ചെഴുന്നേല്‍‌പ്പിക്കാൻ അച്ഛൻ പറഞ്ഞോ. എനിക്ക് അരിശം കേറി സങ്കടം വന്നു. അച്ഛനെ അപ്പൊഴങ്ങാൻ എന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ...

ഗോപാലേട്ടൻ പിന്നീട് അതൊരു പതിവാക്കി. പുലർച്ചെ നാലുമണിക്ക് എന്നെ വിളിച്ച് എഴുന്നേൽപ്പിച്ച്,  ബീഡിയും പുകച്ച് മൂപ്പർ വരാന്തയിലെ ചാരുകസേരയിൽ ഇരിക്കും. ഗോപാലേട്ടനെ വിറ്റകാശ് കയ്യിലുള്ള ഞാൻ, പഠിക്കാൻ കുറേഏറെയുണ്ട്, ഇടക്കിടെ വിളിച്ച് ശല്യം ചെയ്യരുത് എന്നുംപറഞ്ഞ് മുറിയില്‍ ലൈറ്റിട്ട്, വാതിലടച്ച് കുറ്റിയിട്ട് കട്ടിലിൽ കയറി പുതച്ചുമൂടി സുഖമായി കിടന്നുറങ്ങും.

Monday, February 29, 2016

മുനിയപ്പ പോലിസ്

ബാംഗ്ലൂരിലെ ആദ്യ നാളുകളിൽ ഞങ്ങൾ താമസിച്ചിരുന്ന ഫ്ലാറ്റിന്റെ ഉടമ മുനിയപ്പ എന്ന ഒരു പോലീസുകാരൻ ആയിരുന്നു. ബാച്ചിലേഴ്സിനു മുറികൊടുക്കാൻ പൊതുവെ താല്പര്യമില്ലാത്ത വീട്ടുടുമകളിൽ നിന്നും വ്യതസ്തനാവാൻ മുനിയപ്പ പോലീസിന് അദ്ദേഹത്തിന്റേതായ ചില ന്യായീകരണങ്ങളുണ്ട്. അതിൽ പ്രധാനം വാടക കൃത്യമായി കിട്ടും എന്നത്  തന്നെ. പിന്നെ കറന്റ്-വെള്ളം ചാര്‍ജ്ജ്, അറ്റകുറ്റപണികൾ, ടാങ്കറിൽ വെള്ളമടിക്കേണ്ടിവന്നാലുള്ള ചിലവുകൾ ഒക്കെ ചോദിക്കുമ്പോ കണക്ക് പറയാതെ കൃത്യം കൃത്യമായി കിട്ടും.

മദ്യപാനം, പുകവലി, അനാവശ്യ കൂട്ടുകെട്ടുകൾ തുടങ്ങിയവ ഒന്നുമില്ലാത്ത, വളരെ ഗൌരവക്കാരനായ ആളായിരുന്നു മുനിയപ്പ.  മഹാലക്ഷ്മി നഗര്‍ എന്ന് വിളിക്കുന്ന ആ പ്രദേശത്തെ ആകെയുള്ള ഒരു പോലിസ്കാരൻ  എന്ന നിലയില്‍ ഗലിയിൽ എല്ലാവർക്കും അയാളെ വലിയ ബഹുമാനമാണ്. ഗലിയിലുണ്ടാവാറുള്ള അല്ലറ ചില്ലറ വഴക്കുകളും അടിപിടിയുമൊക്കെ മുനിയപ്പയുടെ സാനിദ്ധ്യത്തിലാണ് തിരുമാനമാക്കുന്നത്. പോലീസുകാരന്റെ വാടകക്കാരയതിനാൽ ആളുകളുടെ ഇടയിൽ ഞങ്ങൾക്കും അല്പം പരിഗണനയുണ്ട്. ഞങ്ങളാണെങ്കിൽ അത് ധാരാളമായി മുതലാക്കുകയും ചെയ്യും.

മിക്കവാറും ദിവസങ്ങിളിലെ പാട്ടും കൂത്തുമായി രാത്രി വൈകുവോളമുള്ള ഞങ്ങളുടെ പാർട്ടികളോട് ഗലിയിലെ ചില മാന്യന്മാർക്കൊക്കെ  കലിപ്പുകളുണ്ടായിട്ടും അവർ മിണ്ടാതിരിക്കുന്നത് പോലിസിനെ പിണക്കേണ്ട എന്ന ഒരൊറ്റ ചിന്തയിലാണ് എന്നത് ഞങ്ങൾക്കും നന്നായറിയാം. ഇത്രയും സ്വതന്ത്രമായി വിരഹിക്കനോരിടം ഉള്ളത് കൊണ്ട് മറ്റിടങ്ങളില്‍ താമസിക്കുന്ന ഞങ്ങളുടെ കൂട്ടുകാരും വല്ല പാർട്ടിയും നടത്തണമെങ്കിൽ മറിച്ചൊന്നു ആലോചിക്കാതെ നേരെ ഞങ്ങളുടെ ഫ്ലാറ്റിലേക്ക് വച്ച് പിടിക്കും.

ആഘോഷമായുള്ള ശനിയാഴ്ച രാവുകൾ അവസാനിക്കുന്നത് മിക്കവാറും ഞായറാഴ്ച പുലർച്ചെ ആയിരിക്കും. ഞങ്ങളുടെ പാട്ടും കൂത്തും അട്ടഹാസങ്ങളും സഹിച്ച് താഴത്തെ നിലയിലെ മുനിയപ്പയും കുടുംബവും എങ്ങിനെയാണ്‌ കിടന്നുറങ്ങുന്നത് എന്നത് പലപ്പോഴും ഞങ്ങളെ തന്നെ അത്ഭുതപെടുത്തിയിട്ടുണ്ട്. പരിപാടികൾ കഴിഞ്ഞ് അവിടെ തന്നെ കിടന്നുറങ്ങുമായിരുന്ന, പലയിടങ്ങളിലും നിന്നും വന്ന കുട്ടുകാർ ഞായറാഴ്ച  ഇറങ്ങിപോകുന്നത്, തന്റെ ബജാജ് ചേതക് ക്സൂട്ടർ തുടച്ച് മിനുക്കുന്നതിനിടയിൽ ഇടം കണ്ണിട്ട് നോക്കി മുനിയപ്പ പോലിസ് പുഞ്ചിരിക്കും.

മാസന്ത്യങ്ങളിലെ ശനിയാഴ്ചകൾ ചിലപ്പോൾ ഞങ്ങൾ ആരുടെയും കയ്യിൽ പണമില്ലാത്തത് കാരണം, മുറിയിൽ ശ്മശാന മൂകതയയിരിക്കും. മുറി വൃത്തിയാക്കുക, നാട്ടിലെ സുഹ്രത്തുക്കൾക്ക് കത്തെഴുതുക തുടങ്ങി പലപ്പോഴായി മാറ്റിവച്ച പരിപാടികൾ ഈ ദിവസങ്ങളിലാണു നടക്കുക. അങ്ങിനെയുള്ള ഒരു വരണ്ട ശനിയാഴ്ച സന്ധ്യക്ക് സീലിംഗിൽ കറങ്ങുന്ന ഫാനും നോക്കി നിരാശയോടെ ഞങ്ങൾ ഹാളിൽ മലർന്ന് കിടക്കുമ്പോൾ വാതിൽക്കൽ പെട്ടന്നുള്ള ഒരനക്കം കേട്ട്, കൂട്ടുകാർ വല്ലവരും 'സാധനവു'മായി വന്നതാവുമോ എന്ന പ്രതിക്ഷയിൽ ഞങ്ങൾ ചാടി എഴുന്നേറ്റപ്പോഴുണ്ട് മുനിയപ്പ പോലിസ് മുന്നില്‍ നിൽക്കുന്നു. ശനിയാഴ്ച രാത്രികളിലെ പതിവ് ഒച്ചയും ബഹളവുമൊന്നും കേൾക്കാത്തതിന്റെ കാര്യം തിരക്കിയ അയാളോട്, ശമ്പളദിവസം ആകാത്തതിനാല്‍ കയ്യില്‍ കാശൊന്നുമില്ലാത്തതാണു കാരണം എന്ന് ഞങ്ങള്‍ ദുഖത്തോടെ അറിയിച്ചു. വലിയ വായില്‍ ഒന്ന് ചിരിച്ച് കനത്ത ചുവട് വയ്പുകളോടെ അയാല്‍ പടിയിറങ്ങി പോയി. വന്ന് വന്ന് ഞങ്ങളുടെ ഒച്ചപ്പാട് കേൾക്കാതെ മുനിയപ്പ സാറിന് ഉറക്കം വരാത്ത അവസ്ഥയയെന്ന് ഞങ്ങൾ അടക്കം പറഞ്ഞ് ചിരിച്ചു.

മാസന്ത്യങ്ങളിലെ ശനിയഴ്ചകളിൽ ഇങ്ങിനൊരു അവസ്ഥ വരാതിരിക്കാൻ എന്താണ് പോംവഴി എന്ന് ഞങ്ങൾ കൂലംകുഷമായി ചർച്ച ചെയ്യവേ കയ്യിലൊരു പൊതിയുമായി മുനിയപ്പ പോലിസ് വാതില്‍ക്കല്‍ പിന്നെയും പ്രത്യക്ഷപ്പെട്ടു. പൊതി അദ്ദേഹം ഞങ്ങള്‍ക്ക് നീട്ടി. കുറച്ച് ദിവസങ്ങൾക്ക് മുൻപ് എതോ റെയ്ഡിൽ പിടിച്ചെടുത്ത മദ്യകുപ്പികൾ ആണ്. നിങ്ങളുടെ പാർട്ടി നടക്കട്ടെ.

ബ്രാണ്ടും ലേബലും ഒന്നുമില്ലാത്ത ഏതോ ലോക്കൽ സാധനത്തിന്റെ നാലഞ്ച് ക്വാട്ടര്‍ കുപ്പികള്‍. വിഷമദ്യ ദുരന്തമുണ്ടാവുമോ എന്ന അല്പനേരത്തെ ആശങ്ക മാറ്റിവച്ച് ഞങ്ങൾ നാലുപേരും അതിലേക്ക് ചാടി വീണു.

Friday, January 29, 2016

മധുരമില്ലാത്ത ലഡു

"മധുരല്ലാത്ത ലഡു ഉണ്ടോ റസാക്കേ..."

ചൗക്കിലെ കടയിൽ  ചായ കുടിച്ചുകൊണ്ടിരുന്ന ഞാൻ, ചോദ്യം കേട്ട് ചിരി നിയന്ത്രിക്കാനാവാതെ ചായ തരിപ്പിൽ കേറി ചുമയോട് ചുമയായി.

"ബാബുക്കാ, ഇങ്ങളു ഇമ്മാരി തമാശ പറയല്ലേ..."; കടക്കാരൻ റസാക്ക് ചിരിച്ചുകൊണ്ട് എനിക്ക് ഒരു ഗ്ലാസ്സ് വെള്ളം നീട്ടി.

വെള്ളം കുടിച്ച്, മുഖം ടവൽ കൊണ്ട് തുടച്ച് ഞാൻ ചോദ്യകർത്താവിനെ തിരിഞ്ഞു നോക്കി. കടയിലെ ചില്ല് അലമാരയിൽ നിരത്തിവച്ച പലഹാരങ്ങൾ നോക്കി നിൽക്കുകയാണ് അയാൾ.

"പരിപ്പ് വട, ഉള്ളിവട, ഉഴുന്നുവട, പഴംപൊരി... പിന്നെ ദാ  ലഡുവും. ഒന്നും നമ്മക്ക് പറ്റൂല ഭായ്. പഞ്ചാരയും ഉണ്ട്, കൊളസ്ട്രോളും ഉണ്ട്. ഗൾഫിൽ വന്നോണ്ട് കാര്യയുള്ള സമ്പദ്യാണു"; അയാൾ എന്നോടായി പറഞ്ഞു

"നല്ല കാര്യല്ലേ. ഇങ്ങള് ഒന്നും സമ്പാദിചില്ലാന്ന് ആരും കുറ്റം പറയൂലാലോ"; റസാക്ക് ഇടയിൽ കേറി.

"അടുത്തകൊല്ലം അറുപത് വയസാവും. പിന്നെ വിസ അടിച്ച് കിട്ടൂല. നാട്ടിൽ പോയി നിൽക്കുമ്പോ ഇനി ഇതൊക്കെ തന്നെസമ്പാദ്യം "

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...