Saturday, December 22, 2012

ഓർമകൾ - 2

ടെക്സ്പോർട്ടിൽ എട്ടുമാസമേ ഞാൻ ജോലി ചെയ്തിരുന്നുള്ളൂ.
പുതുതായി ഡവലപ് ചെയ്യുന്ന ഇൻഡസ്ട്രിയൽ ഏരിയായിലായിരുന്നു കമ്പനിയുടെ കോർപറേറ്റ് ഓഫീസ്.

ഹൈവെയിൽ നിന്നും തെറ്റി ടാറു ചെയ്യാത്ത ചെമ്മൺ റോട്ടിലൂടെ വേണം ഓഫീസിലെത്താൻ.  റോഡിന് ഇരുവശങ്ങളിലുമായി പൊങ്ങിവരുന്ന കൂറ്റൻ കെട്ടിടങ്ങളുടെ കോണ്ട്രാക്ട് പണിക്കാരായ പാവപ്പെട്ട തൊഴിലാളികൾ, റോഡിന് ഇരുവശത്തുമായുള്ള താൽക്കാലിക ടെന്റുകളിലാണ് കുടുംബസമേതം താമസം. ചളി വെള്ളവും മനുഷ്യവിസർജ്ജനവും ഭക്ഷണാവശിഷ്ടങ്ങളും കെട്ടിനിൽക്കുന്ന മലിന ജലനത്തിൽ രാവെന്നോ പകലെന്നോയില്ലാതെ തിമർത്ത് കളിക്കുന്ന തീരെ ചെറിയ കുട്ടികൾ. മുതിർന്ന  കുട്ടികൾ പോലും ആരും സ്കൂളിൽ പോകുന്നില്ല. പകൽ അവരുടെ മാതാപിതാക്കൾക്കൊപ്പം പണിയിടത്ത് കല്ലുചുമാക്കാനും സിമന്റ് കോരാനും അവർ സഹായികളായി ചെല്ലും. പത്തും പന്ത്രണ്ടും വയസ്സുള്ള ആൺകുട്ടികൾ വരെ സന്ധ്യകഴിഞ്ഞാൽ റോഡരികിലിരുന്ന് പുകവലിക്കുന്നതും മദ്യപിക്കുന്നതും കാണാം.

ഒരു രാത്രി പെട്രോമാക്സിന്റെ വെളിച്ചത്തിൽ ആട്ടവും പാട്ടും നടക്കുന്നത് കണ്ട് ഞാനവരുടെ കൂട്ടത്തിലേക്ക് നുഴഞ്ഞു കേറി. ആ രാത്രിയിൽ അവിടെ ഒരു വിവാഹ ചടങ്ങുകൾ  നടക്കുകയായിരുന്നു.

ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന്റെ പണികഴിഞ്ഞ് ആ റോഡ് ഇപ്പോൾ, രാത്രിയിലും പകലുപോലെ തെളിഞ്ഞു നിൽക്കുന്ന വൈദ്യുതവെളിച്ചമുള്ള ടാറിട്ട രണ്ടുവരി പാതയായി മാറിയിരിക്കുന്നു.  പാതയോരത്ത് തണൽ മരങ്ങളും അലങ്കാരചെടികളും വളർത്തിയിടുണ്ട്.

ജനനവും മരണവും വിവാഹവും ആഘോഷങ്ങളുമായി അവിടെ അന്ന് ജീവിച്ചിരുന്ന ആ മനുഷ്യരൊക്കെ ഇന്നെവിടെയാണോ..

Thursday, December 13, 2012

പ്രിയപ്പെട്ട രവിശങ്കർജി


മെജസ്റ്റികിൽ ബി.ടി.എസ് ബസ്സ്സ്റ്റാന്റിലെ ഫ്ലൈഓവറിൽ നിന്നും ബാംഗ്ലൂർ റയിൽവെസ്റ്റേഷനിലേക്കിറങ്ങിച്ചെല്ലുന്നത് അക്കാലത്ത് ഒരു ഇരുണ്ട ചെറിയ വരാന്തയിലേക്കാണ്. അവിടെ രണ്ട്കൈകളും ഇല്ലാത്ത ഒരു സിഗറട്ട് കച്ചവടക്കാരൻ ഒരു സ്റ്റൂളിൽ ഇരിക്കുമായിരുന്നു. അടുത്തായി അയാളുടെ ഭാര്യയും. അരപേക്ക് വിൽസ് വാങ്ങാൻ ഞാനവിടെ ചെല്ലുമ്പോഴൊക്കെയും അയാളുടെ കസേരക്കടിയിലെ ഒരു പഴയമോണോ കാസറ്റ് പ്ലേയറിൽ നിന്നും സിത്താർസംഗീതം ഒഴുകിവരുന്നുണ്ടാവും. ഒരു ദിവസം ഞാനത് ശ്രദ്ധിക്കുന്നത് കണ്ടാവാം, അയാൾ ഉത്സാഹത്തോടെ ചോദിച്ചു; “രവിശങ്കർജി ഗൊത്താ?”

മ്യൂസിക്ടുഡേയുടെ കാസറ്റ് കൊറിയറിൽ വരുത്തി പണ്ഡിറ്റ് രവിശങ്കറിനെ ഞാൻ ആദ്യമായി കേൾക്കുന്നത് അങ്ങിനെ.

പ്രിയപ്പെട്ട രവിശങ്കർജി പ്രണാമം.

Sunday, December 02, 2012

സൌഹൃദങ്ങളുടെ പൂക്കാലങ്ങൾ - 3


തിമർത്ത് പെയ്തവസാനിച്ച ഒരു മഴയ്ക്ക് ശേഷമാണ് ഞാൻ ചേളന്നൂർ SN കോളെജിന് മുന്നിൽ  ആദ്യമായി ബസ്സിറങ്ങുന്നത്. 8/2, 8/4, 8/6 എന്നിങ്ങനെ നമ്പറുകളുടെ പേരിലറിയപ്പെടുന്ന ബസ്സ് സ്റ്റോപ്പുകൾ. (പിന്നീട് ബാംഗ്ലൂരിലെ ബാറുകളിലാണ് അത്രതന്നെ മനോഹരമായ മറ്റു ചില നമ്പറുകൾ- 30, 60, 90 എന്നിങ്ങനെയുള്ള അളവുകളുടെ രൂപത്തിൽ ഞാൻ കേൾക്കുന്നത്) ഹൈസ്കൂൾ കുന്നിന് മടിയിലായിരുന്നുവെങ്കിൽ, മടപ്പള്ളി കോളെജ് കുന്നിന് നെറുകയിലായിരുന്നു. ഇപ്പോൾ പിന്നെയും കുന്നിന് മടിയിലിരിക്കുന്ന മറ്റൊരിടം. കുന്നുകൾ എന്നെ പിന്തുടരുകയായിരുന്നു!

പിൻബെഞ്ചിൽ ഒരു ഇരിപ്പിടം എന്നത് ഏതൊരു വിദ്യാർത്ഥിയെയും പോലെ എക്കാലത്തെയും എന്റെയും  ആഗ്രഹമായിരുന്നു. അടക്കിപ്പിടിച്ച ചിരികളായും, ആളറിയാതെ വരുന്ന കമന്റുകളായും, ലക്ഷ്യം തെറ്റി വരുന്ന കടലാസ് വിമാനങ്ങളായും, താളത്തിലുയരുന്ന കൂർക്കം വിളികളായും പിൻബെഞ്ച് എന്നും എന്നെ മോഹിപ്പിച്ചു. ഹൈസ്കൂൾ കഴിയുന്നത് വരെ മുൻബെഞ്ച് വിട്ട് രണ്ടാമത്തെ നിരയിലെ ബഞ്ചിലേക്ക് വരെ  മാറാൻ ഉയരക്കുറവ്, വാചകമടി എന്നിങ്ങനെ പല കാരണങ്ങളാലും അദ്ധ്യാപകർ എന്നെ അനുവദിച്ചിരുന്നില്ല. എൺപത് പേരിലധികം പേർ പഠിച്ചിരുന്ന മടപ്പള്ളി കോളെജിലെ ഉച്ചതിരിഞ്ഞുള്ള ഷിഫ്റ്റിലെ പ്രീഡിഗ്രി ക്ലാസ്സിൽ, രണ്ട് ബസ്സ് പിടിച്ചും, വഴിയിലൊക്കെ  വായനോക്കിനിന്നും എത്തുമ്പോഴേക്കും ചിലപ്പോൾ ചന്തികുത്താൻ ഇടമില്ലാതെയാവും.

വൈകി വരുന്ന സ്വപ്ന സാക്ഷാത്കാരങ്ങളുടെ മധുരം ഇരട്ടിയാണ്. എസ്സെൻ കോളെജിലെ ഒന്നാം വർഷ ബികോം ക്ലാസ്സിലെ ആദ്യ ദിവസങ്ങളിൽ ഞാനും ശിവപ്രസാദും മാത്രമുണ്ടായിരുന്ന പിൻബെഞ്ചിലേക്ക്, രണ്ടാമത്തെ നിരയിൽ നിന്നും  ഇടക്കിടെ തിരിഞ്ഞുനോക്കി ഒന്നുരണ്ട് ദിവസത്തിനകം ഹർഷാദ് ഞങ്ങൾക്ക് കൂടെ കൂടി. ഒരാഴ്ച വൈകി കോളെജിൽ ജോയിൻ ചെയ്ത പ്രകാശൻ എങ്ങും സീറ്റൊഴിവില്ലെന്ന് കണ്ടാണ് നാലാമനായി പിൻബെഞ്ചിൽ എത്തിയത്. അദ്ധ്യാപകരുടെയും പെൺകുട്ടികളുടെയും കണ്ണിലുണ്ണിയാവാൻ ഞങ്ങൾ സാദ്ധ്യത കണ്ടിരുന്ന സുരേഷും ഷൈലേഷും പൊടുന്നനെയാണ് ഒരുദിവസം മുൻബെഞ്ചിൽ നിന്നും പിൻബെഞ്ചിലേക്ക് കൂടു മാറിയത്.

കുറച്ച് ആഴ്ചകൾക്ക് ശേഷം ഒരുദിവസം രാവിലെ ബാസ്കറ്റ് ബോൾ ഗ്രൌണ്ടിനടുത്തെ മാവിൻ ചുവട്ടിലിരിക്കുമ്പോഴാണ് അന്നുവരെ കേൾക്കാത്ത ഒരു ശബ്ദത്തിൽ തൊണ്ടകീറുമാറ് ആരോ RSC-ക്ക് വേണ്ടി മുദ്രാവാക്യം വിളിച്ചുകൊടുക്കുന്നത് കേൾക്കുന്നത്. ഈ പുതിയ അട്ടഹാസത്തിന്റെ ഉടമ ആരെന്നറിയാൻ  ഏന്തിവലിഞ്ഞു നോക്കിയ  എന്നോട് സുരേഷ് പറഞ്ഞു, അതാണ് നമ്മുടെ ക്ലാസ്സിലെ ഹരിഷ് എന്ന്. അങ്ങിനെ ഒരാളെ ഞാൻ അന്നുവരെ ക്ലാസ്സിൽ കണ്ടിട്ടില്ല. ‘നീ കാണില്ല, കാരണം അവരാരും ഇതുവരെ ക്ലാസ്സിൽ കേറിയിട്ടില്ല’, സുരേഷ് പറഞ്ഞു. ഫസ്റ്റ് ഇയർ തുടങ്ങിയിട്ട് ഒരു ക്ലാസ്സിൽ പോലും കയറാതെ ആദ്യമാസം തന്നെ RSC-യുടെ മുദ്രാവാക്യം വിളിക്കാരനായ ഹരിഷിനെ ഞാൻ നോട്ട് ചെയ്തിട്ടു.

ഹരിഷ് മാത്രമല്ല ക്ലാസ്സിൽ ഞാൻ ഇനിയും കാണാത്ത മറ്റ് നാല് പേർകൂടെ ഉണ്ടെന്നറിഞ്ഞപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിയത്. ഫസ്റ്റ് ബികോമിലെ പിൻബെഞ്ച് മെംബർമാരായ ഞങ്ങൾ ആറുപേരെ കൂടാതെ ഇനിയുമൊരു അഞ്ചു പേർ! വരാനുള്ളത് വഴിയിൽ തങ്ങില്ല, അധികം വൈകുകയുമില്ല എന്നത്   ശരിവച്ചുകൊണ്ട് പിന്നീടങ്ങോട്ടുള്ള ഒരോ എസ്സെൻ ദിനങ്ങളെയും സംഭവബഹുലമാക്കിയ ഒരു സൌഹൃദത്തിന്റെ തുടക്കമായിരുന്നു അത്. ആറടിയിലധികം പൊക്കമുള്ള പ്രസി, എഴുപതു കിലോയോളം വണ്ണമുള്ള സജി, സദാ ചിരിച്ചുകൊണ്ടുള്ള മഹേഷ്, ഉണ്ടക്കണ്ണുള്ള രാധാകൃഷ്ണൻ. പിന്നെ ഏതൊരു കറക്കു കമ്പനിക്കും അപവാദമായി  കാണുന്ന ഒരു  സദ്ഗുണ സമ്പന്നനും- വിനോദ്

*

വിളിപ്പേരുകൾ എങ്ങിനെയാണ് ഉണ്ടാവുന്നത് എന്ന് ആലോചിച്ച് പലപ്പോഴും ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്.  സയൻസ് പഠിപ്പിക്കുന്ന ഒരു അദ്ധ്യാപകന് ‘ബമ്മാടൻ’ എന്നും, കണക്ക് പഠിപ്പിക്കുന്ന ഒരു അദ്ധ്യാപകന് ‘കുതിര’ എന്നും, സാമൂഹ്യപാഠം പഠിപ്പിക്കുന്ന ഒരു അദ്ധ്യാപകന് ‘നെയ്മൊയ്തു’ എന്നും വീട്ടിനടുത്തുള്ള മരംവെട്ടുകാരന് ‘കപ്പാള’ എന്നും പേരു വീണത് എങ്ങിനെയായിരിക്കും എന്നത് ഗവേഷണ സാദ്ധ്യത തുറന്നിട്ട വിഷയങ്ങളാണെന്ന് സ്കൂൾ കാലത്ത് തന്നെ എനിക്ക് തോനിയിട്ടുണ്ട്. ‘പൊട്ടിത്തെറി’ എന്ന വിളിപ്പേരുമായി എസ്സെനിലെത്തിയ ഹരിഷിന്, അത് അവൻ പ്രീഡിഗ്രി പഠിച്ചിരുന്ന ദേവഗിരി കോളെജിൽ വച്ച് അവന്റെ സ്വഭാവ മഹിമയ്ക്ക് കിട്ടിയ അംഗീകാരമായിരുന്നു എന്ന് ചിലരും, അല്ല അവൻ പിറന്നുവീണപ്പോൾ തന്നെ ‘ഇവൻ ഭാവിയിൽ പൊട്ടിത്തെറി എന്ന പേരിൽ അറിയപ്പെടും’, എന്നുള്ള  ഒരു അശരീരി ഉണ്ടായി എന്ന് മഹേഷും പറഞ്ഞ് കേട്ടിട്ടുണ്ട്.

പന്ത്രണ്ട് പേരുടെ കൂട്ടത്തിൽ വിളിപ്പേരുള്ള ഒരാളായി ഒറ്റയ്ക്ക് കഴിയാൻ സാദ്ധ്യമല്ല എന്ന് ബോധ്യപ്പെട്ടതിനാലാവണം, ഒരു വെള്ള കടലാസിൽ മറ്റ് പതിനൊന്നാളുകളുടെയും പേരിന് നേരെ എഴുതിയ വിളിപ്പേരുകളുമായാണ് ഹരിഷ് ഒരു ദിവസം ക്ലാസ്സിൽ എത്തിയത്. ഇന്നുമുതൽ എല്ലാവരും ഇതിലെഴുതിയ പേരുകളിലായിരിക്കും അറിയപ്പെടുക, ആർക്കെങ്കിലും ഇതിലെഴുതിയ വിളിപ്പേർ ഇഷ്ടപ്പെട്ടിട്ടില്ല എങ്കിൽ അവർക്ക് തന്നെയോ, മറ്റാർക്കെങ്കിലുമോ വേറൊരു പേര് നിർദ്ദേശിക്കാം. അവൻ അറിയിച്ചു. വിളിപ്പേരുകളുടെ ചരിത്രത്തിൽ തന്നെ ഇങ്ങിനെ പേരുകൾ സ്വയം തിരഞ്ഞെടുക്കാൻ അപൂർവ്വ ഭാഗ്യം കിട്ടിയവരായി  ഞങ്ങൾ മാത്രമേ കാണുകയുള്ളു എന്ന് തോനുന്നു.  എന്റെ പേരിനു നേരെ എഴുതിയ ‘ചുണ്ടെലി’ എന്ന  പേരുമാറ്റി വേറെ വല്ലതുമാക്കാനുള്ള സാദ്ധ്യതയെ കുറിച്ച് ആലോചിച്ച് നിന്ന എന്നോട് രാധാകൃഷ്ണൻ പറഞ്ഞു, നിനക്ക് ആ പേരു ചേരും, പോരാത്തതിന് നിന്റെ  ചേട്ടന്റെ സ്ഥാനത്ത് ഞാനുമുണ്ട്. രാധാകൃഷ്ണന്റെ പേരിന് നേരെ എഴുതിയ വിളിപ്പേര് ഞാൻ വായിച്ചു- ‘പെരുച്ചാഴി’

കാലങ്ങളെ തന്നെ അതിജീവിച്ച വിളിപേരുകളുടെ ഈറ്റില്ലമായിരുന്നു അന്നത്തെ ആ ബികോം ക്ലാസ്സ്.  കൊഞ്ചൻ, കുറുക്കൻ, കൂസൻ, തടിയൻ,  പനമെരു, മരപ്പട്ടി, അവശൻ, ആദിവാസി, നാളികേരം, മണ്ണാത്താൻ, മരക്കൊത്തൻ, തവള, ചാണകം, തെണ്ടി, പ്രാന്തൻ, ചോയി, കലിച്ചുരുച്ചൻ, ഇസ്തിരിപ്പെട്ടി, അണ്ണാക്കൊട്ടൻ...

വിളിപേരുകളുടെ ലാളിത്യം കൊണ്ടും പ്രയോഗിക്കാനുള്ള എളുപ്പം കൊണ്ടും പെൺകുട്ടികൾ വരെ ആ പേരുകൾ ഉപയോഗിക്കാൻ തുടങ്ങി. പൊട്ടിത്തെറി രാവിലെ വരുന്ന വഴി ബസ്സിൽ ആരോടോ തട്ടിക്കേറുന്നത് കണ്ടല്ലോ, കൊഞ്ചൻ വന്ന് നേരത്തെ പിരിവെടുത്ത് പോയല്ലോ, കുറുക്കനെ കണ്ടോ,   പട്ടരും തടിയനും കൂടെ ഗേൾസ് റൂമിന്റെ ഏരിയായിൽ തിരിഞ്ഞു കളിക്കുന്നത് കണ്ടല്ലോ, മരക്കൊത്തനെ പോലൊരു പാവത്താനെ കാണാൻ കിട്ടില്ല, പാവം ആദിവാസിയുണ്ട് കാന്റീനിൽ ഒയ്ക്കിരിക്കുന്നു, കൂസൻ രാവിലെ പതിനൊന്ന് മണിക്ക് മുൻപേ വന്നതാണ് ഇന്ന് മഴ പെയ്യാൻ കാരണം, നാളികേരത്തിന്റെ  എക്കൌണ്ടൻസി നോട്ട് ഒന്ന് തരാൻ പറയണം, തവളയും ചാണകവും കൂടെയതാ ചോയിയേട്ടന്റെ ഹോട്ടലിലിരുന്ന് പൊറട്ടയും ബീഫും അടിച്ച് മാറുന്നു, മെരുവും ചുണ്ടെലിയും കൂടെ ഊസുക്കാന്റെ പെട്ടിപ്പീടികയ്ക്ക് കാവല് നിക്കുന്നത് കണ്ടല്ലോ, മണ്ണാത്തൻ കുറച്ച് മുൻപ് വരെ ബസ്സ്സ്റ്റോപ്പിലെ കിണറ്റിൻ കരയിൽ  ആരെയോ പഞ്ചാരയടിച്ച് നിൽക്കുന്നുണ്ടായിരുന്നല്ലോ, വായിനോക്കി നടക്കാനാണേൽ അവശന് ഒരു അവശതയുമില്ല.... അങ്ങിനെ അങ്ങിനെ  വിളിപേരുകൾ ഞങ്ങളുടെ പേരുകളായി മാറുകയായിരുന്നു!

ഭാരത സർക്കാറിന്റെ ആഫ്രിക്കൻ സഹായ പദ്ധതികളുടെ ഭാഗമായി, സർക്കാർ സാമ്പത്തിക സഹായത്തോടെ എസ്സെൻ കോളെജിൽ പഠിക്കാൻ നാലഞ്ച് ആഫ്രിക്കൻ വിദ്യാർത്ഥികൾ വന്നത് ആയിടെയായിരുന്നു.  ഇംഗ്ലിഷ് മീഡിയം പഠിച്ച് വന്ന ദിൽജിയും പ്രസിയുമൊക്കെ അന്താരാഷ്ട്ര തലത്തിൽ ഒരു സൌഹൃദം വളർത്തിയെടുക്കാമെന്ന ധാരണയിൽ അവരുമായി ഇംഗ്ലീഷിൽ സംസാരിച്ചു നോക്കിയെങ്കിലും ഇവർ പറയുന്ന ഇംഗ്ലീഷ് അവർക്കോ, അവർ പറയുന്ന ഇംഗ്ലീഷ് ഇവർക്കോ മനസ്സിലാവുന്നില്ലെന്ന് രണ്ട് കൂട്ടരുടെയും മുഖഭാവങ്ങളിലൂടെ ഞങ്ങൾക്ക് മനസ്സിലാവുന്നുണ്ട് എന്ന് മനസ്സിലാക്കിയ ദിൽജിയും പ്രസിയും മെല്ലെ തടിയൂരി. എന്നാൽ ഏതോ ആഫ്രിക്കൻ ഭാഷയിൽ സംസാരിച്ച് അവരും, പച്ച മലയാളത്തിൽ സംസാരിച്ച് മഹേഷും സജിയും അവരുടെ അടുത്ത കൂട്ടുകാരായി. കാന്റീനിൽ പഴം പൊരിക്കും, കായപ്പത്തിനും, ഉള്ളിവടയ്ക്കും മലയാളത്തിലെ മുട്ടൻ തെറിവാക്കുകൾ സജിയും മഹേഷും അവർക്ക് പഠിപ്പിച്ചു കൊടുത്തത്, അദ്ധ്യാപകർക്കും പെൺകുട്ടികൾക്കും മുൻപിൽ ക്യാന്റീനിൽ ചോയിയേട്ടനെ വിളിച്ച് അവന്മാർ  ഉച്ചത്തിൽ ആവശ്യപ്പെടുന്നത് കേട്ട്, പാതികുടിച്ച ചായ അവിടെ തന്നെ ഇട്ട് അദ്ധ്യാപകരും, കാക്കകൂട്ടത്തിൽ ഏറുകൊണ്ടത് പോലെ ചിതറി പെൺകുട്ടികളും ക്യാന്റീൻ വിട്ട് ഇറങ്ങി ഓടി പോയി.

*

കോളെജിന്റെ ഹൃദയമായ മെയിൻ ബ്ലോക്കിലെ ആ ഇടനാഴിയിലൂടെ നടക്കാതെ ഒരു ദിവസവും തുടങ്ങുന്നുമില്ല, അവസാനിക്കുന്നുമില്ല. മൂന്നുവർഷത്തെ എസ്സെൻ ജീവിതത്തിനിടയിൽ അതിലെ നടക്കാതിരുന്ന ഒരു ദിനം പോലും ഉണ്ടായിട്ടില്ല. പൊട്ടിച്ചിരികളും കലപില വർത്തമാനങ്ങളും പ്രണയാതുരമായ ഹൃദയങ്ങളുമായി ആ ഇടനാഴിയിലൂടെ നടന്ന നടത്തം നേരെ നടന്നിരുന്നുവെങ്കിൽ പലതവണ ഭൂമിയെതന്നെ വലംവയ്ക്കാമായിരുന്നുവെന്ന് സജി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. സജിയുടെ അത്തരം പ്രസ്താവനകൾ എഴുതി വച്ചിരുന്നെങ്കിൽ ഒരു പുസ്തകം തന്നെ ഇറക്കാമായിരുന്നു.

മെയിൻ ബ്ലോക്കിൽ നിന്നും കോമേഴ്സ് ബ്ലോക്കിലേക്ക് പോകുന്ന വഴിയിൽ ഗ്രൌണ്ടിന് അതിരായുള്ള  മാവിൻ ചുവട്ടിൽ ഇരുന്നാൽ കോളെജിന്റെ ഒരു വൈഡ് വ്യൂ കിട്ടും. മെയിൻ ബ്ലോക്കിൽ ഏതെങ്കിലും ക്ലാസ്സുകൾ ഒഴിവുണ്ടോ എന്നും, കോമേഴ്സ് ഡിപ്പാർട്ട്മെന്റിൽ നിന്ന് അദ്ധ്യാപകർ വല്ലവരും ഇറങ്ങി വരുന്നുണ്ടോ എന്നും, അപ്പുറത്ത് ഗ്രൌണ്ടിൽ എന്താണ് നടക്കുന്നത് എന്നും അവിടെയിരുന്നാൽ വ്യക്തമായി കാണാം.  പെൺകുട്ടികളുടെ പ്രണയം നിറഞ്ഞ് പാറിവീഴുന്ന നോട്ടങ്ങളും, അവരിൽ തന്നെ ചിലരുടെ  അവജ്ഞ നിറഞ്ഞ തുറിച്ച് നോട്ടങ്ങളും, നിന്നെ പിന്നെ എടുത്തോളാം എന്ന ഭാവത്തിലുള്ള അദ്ധ്യാപകരുടെ നോട്ടങ്ങളും, രാഷ്ട്രീയ-വ്യക്തിഗത പ്രതിയോഗികളുടെ ഭീഷണി നോട്ടങ്ങളും ഞങ്ങൾ സഹർഷം ഏറ്റുവാങ്ങിയ ആ മാഞ്ചുവട്ടിനെ കുറിച്ച്തന്നെയായിരുന്നു, സി.എ. ആന്റോ പാടിയത് എന്ന് പിന്നീട്  എനിക്ക്  തോനിയിട്ടുണ്ട്,  ‘മധുരിക്കും ഓർമകളേ, മലർ മഞ്ചം കൊണ്ടുവരൂ...’

പാട്ടുകളും പാട്ടുകാരുമില്ലാതെ ഒരു കൂട്ടുകെട്ടും ആഘോഷങ്ങളും പൂർണ്ണമാവുന്നില്ല. ആളൊഴിഞ്ഞ ക്ലാസ്സുമുറികളിലെ ഡസ്കിൽ താളമിട്ട്  ശ്രീജിതും അജിയും രാധാകൃഷ്ണനും സുരേഷും ഞങ്ങളുടെ സംഗീത സദസ്സുകളെ ഹരം കൊള്ളിച്ചു. ശ്രീജിത്തിന് അതിമനോഹരമായി വയിലിൻ വായിക്കാനും,  സജിക്ക് ട്രിപ്പിൾ ഡ്രം അടിക്കാനും (ഡസ്കുകൾക്ക് നന്ദി), ഹർഷാദിന് ജാസ് അടിക്കാനും സുരേഷിന് ഓർഗൻ വായിക്കാനും ഹരിഷിനും മഹേഷിനും ബാബുരാജിനും ഷൈലേഷിനും എനിക്കുമൊക്കെ വെറുതെ ഒച്ചയിടാനും അറിയാമായിരുന്നു.  മലയാളം പാട്ടുകളുടെയും കവിതകളുടെയും മാത്രം ആരാധകനായിരുന്ന ഞാൻ റാഫിയെയും, കിഷോർകുമാറിനെയും, ഭീംസേൻ ജോഷിയെയും, ജഗദ്ജിത് സിംഗിനെയും, പങ്കജ് ഉദാസിനെയും, ബിൽബോഡിനെയും ബോണി-എമ്മിനെയുമൊക്കെ ആദ്യമായി കേൾക്കുന്നത് എസ്സെൻ ക്യാമ്പസിലെ ഈ സുഹൃദ്സംഘത്തിലൂടെയായിരുന്നു. സംഗീതത്തിന്റെ കടാപ്പുറത്ത് വെറുതെ തിരയെണ്ണി ഇരുന്നാൽ പോരാ, നല്ല നല്ല ഇംഗ്ലീഷ് പാട്ടുകൾ കേൾക്കണം എന്നും പറഞ്ഞ്, അവൻ ആരുടെയോ അടുത്ത് നിന്ന് അടിച്ച് മാറ്റിയ ബോണി-എംന്റെ ഒരു കാസറ്റ് മഹേഷ് എനിക്ക് കേൾക്കാൻ തന്നു. ആ കാസറ്റിലാണ് ‘ഡാഡി, ഡാഡി കൂൾ...’ ഞാൻ ആദ്യമായി കേട്ടത്.

വായനോട്ടം, ക്രിക്കറ്റ്-ഫുട്ബോൾ-ബാസ്കറ്റ് ബോൾ കളികൾ, പ്രണയം, പരദൂഷണം, ആർക്കും പാടാവുന്ന സംഗീത സദസ്സുകൾ, വല്ലപ്പോഴെങ്കിലും അറ്റന്റ് ചെയ്യാറുള്ള ക്ലാസ്സുകൾ ഇത്യാദികളെല്ലാം മടുക്കുമ്പോൾ, കുന്നുകയറി ചെന്നാൽ കശുമാങ്ങ ഇട്ട് വാറ്റിയ നാടൻ ചാരായം കിട്ടും. ചെമ്പ്രക്കുന്നിൽ ദാമുവിനും വാസുവിനുമൊപ്പം ഒരുവട്ടം ശ്രമിച്ച് പരാജയപ്പെട്ട നൂറ് മില്ലി ചാരായം നിറച്ച ഗ്ലാസ്സ്, ആദ്യമായി മലകയറിയ ദിവസം പ്രസി എനിക്ക് നേരെ നീട്ടിയത് അറച്ച് നോക്കി നിന്നപ്പോൾ, ‘യ്യ് ഒന്നും നോക്കാണ്ട് അതങ്ങ് വിഴുങ്ങിക്കോടാ’ എന്നും പറഞ്ഞ് രാജേഷ് എന്നെ നിർലോഭം പ്രോത്സാഹിപ്പിച്ചു. ഒന്നും നോക്കാതെ ആ നൂറ് മില്ലി വിഴുങ്ങിയ എനിക്ക്, പ്രസി തന്ന ഒരു സിഗററ്റിന് തീപിടിപ്പിച്ചത് മാത്രമാണ് പിന്നീട് ആകെയുള്ള ഓർമ. കുന്ന് തിരിച്ചിറങ്ങിയത് എങ്ങിനെയായിരുന്നെന്നോ, മുറിയിൽ തിരിച്ചെത്തിയത് എങ്ങിനെയാണെന്നോ എന്നൊന്നും ഞാൻ അറിഞ്ഞിതേ ഇല്ല. നൂറ് മില്ലി ചാരായം അടിച്ചാൽ ഗാലൻ കണക്കിന് ശർദ്ദിക്കാനാവും എന്നത് ആദ്യമായാണ് മനസ്സിലായതെന്ന് പ്രസിയും രാജേഷും, അഞ്ചാം ദിവസം പനി ഭേദമായി കിടക്കവിട്ട് എഴുന്നേറ്റ എന്നെ നോക്കി അത്ഭുതത്തോടെ പറഞ്ഞു.

കോളെജിലെ പരിപാടികൾ എന്തുമാവട്ടെ, എല്ലാറ്റിലും സംഘാടകരുടെ കൂട്ടത്തിലോ, പങ്കെടുക്കുന്നവരുടെ കൂട്ടത്തിലോ ഇതു രണ്ടുമല്ലെങ്കിൽ കാണികളുടെ കൂട്ടത്തിലോ ഞങ്ങളുടെ പ്രാധിനിത്യം ഉറപ്പായിരുന്നു. സാഹിത്യ സദസ്സുകൾ, കയ്യെഴുത്തു മാസികകൾ, പ്രബന്ധ മത്സരങ്ങൾ, സിനിമാ പ്രദർശനങ്ങൾ, അസോസിയേഷൻ ചടങ്ങുകൾ തുടങ്ങി, ഒരു ‘മിസ്റ്റർ SNG’ മത്സരത്തിൽ മിസ്റ്റർ SNG ആയി തിരഞ്ഞെടുക്കപ്പെട്ട ഷിബുലാൽ  ശരീരത്തിലെ രോമം മുഴുവൻ വടിച്ച് കളഞ്ഞ് ഏതോ എണ്ണയും പുരട്ടി, ട്രൌസറിൽ,  ബ്രൂസ്ലി സ്റ്റൈലിൽ പോസ് ചെയ്ത് ചിരിച്ചുകൊണ്ട് നിൽക്കുന്നതുവരെ അതേ തെളിമയോടെ എനിക്ക് ഇപ്പൊഴും ഓർത്തെടുക്കാനാവുന്നു.

*

ബാലുശ്ശേരിയിലെ ലൈൻ ക്വാട്ടേഴ്സിലെ ഞങ്ങളുടെ മുറിയിൽ ആഘോഷങ്ങളൊഴിഞ്ഞ നേരമില്ല. ഒരു ചെറിയ വരാന്തയും സാമാന്യം വലുപ്പമുള്ള ഒരു മുറിയും അതോട് ചേർന്നുള്ള ഒരു ചെറിയ അടുക്കളയും ആണ്  ഭാർഗ്ഗവി നിലയം എന്ന പേരിലറിയപ്പെട്ട ഞങ്ങളുടെ താവളം. ചൂൽ സ്പർശ ഭാഗ്യം അപൂർവ്വമായ ആ  മുറി, വാരി വലിച്ചിട്ടിരുന്ന പുസ്തകങ്ങളാലും, റമ്മി കളിച്ച കാർഡുകളാലും, പോയന്റുകളെഴുതിയ കടലാസ്സു തുണ്ടുകളാലും, ബീഡി-സിഗററ്റ് കുറ്റികളാലും, കത്തിച്ചിട്ട തീപ്പെട്ടി കൊള്ളികളാലും, മാറാലയാലും  അലങ്കരിക്കപ്പെട്ടതാണ്. പണ്ടെങ്ങോ പൂശിയ നിറം മങ്ങിയ കുമ്മായ ചുമരുകളിൽ, കരിക്കട്ടകളും സ്കെച്ച് പെന്നും കൊണ്ട് തലങ്ങും വിലങ്ങും  എഴുതിയിട്ടിരിക്കുന്ന വിളിപ്പേരുകളും വിളികളും വെല്ലുവിളികളും. മുറിക്ക് കുറുകെ വലിച്ച് കെട്ടിയ അയകളിൽ എന്റെയും പ്രകാശന്റെയും മുഷിഞ്ഞതും മുഷിയാത്തതുമായ തുണികൾ. ഒരാൾക്ക് മാത്രം കിടക്കാൻ സൌകര്യമുള്ള, കിടന്നാൽ കിടക്കുന്ന ഇടം കുഴിഞ്ഞുപോകുന്ന, നയ്ലോൺ റിബണുകൾ കൊണ്ടു മെടഞ്ഞ പ്രകാശന്റെ ഒരു ഇരുമ്പു കട്ടിൽ. അതിന്റെ താഴെ എന്റെ കോസടി, ഞാൻ സ്ഥിരമായി തലവച്ചുറങ്ങാനുപയോഗിച്ചിരുന്ന, ഒരു പഴയ ലുങ്കിയിൽ പൊതിഞ്ഞ എം.എസ്സ് ശുക്ല, ടി.എസ്സ് ഗ്രിവാൾ സഖ്യം എഴുതിയ തടിയൻ അക്കൌണ്ടൻസി പുസ്തകം.

ക്വാട്ടേഴ്സ് നിന്നിരുന്ന ഉയർന്ന പറമ്പിലേക്കുള്ള ഒതുക്കുകല്ലുകളിലിരുന്നാൽ റോഡിലൂടെ പോകുന്ന വാഹനങ്ങളെയും ആളുകളെയും റോഡിന് എതിർവശത്തെ അമ്പലത്തിൽ വിളക്ക് കത്തിക്കാൻ വരുന്ന പെൺകുട്ടികളെയും കാണാം. സ്കൂളുകളും കോളെജുകളും വിട്ട് കൂട്ടം കൂടി പോകുന്ന പെൺകുട്ടികളിൽ ചിലർ  തിരിഞ്ഞ് നോക്കിയത് ഞങ്ങളിൽ ആരെയാവും എന്നതിന്റെ പേരിൽ ഞാനും പ്രകാശനും സ്ഥിരമായി  ഏറ്റുമുട്ടി.

വീട്ടിലിരുന്ന് ബോറടിച്ച് വരുന്നവർ, വീട്ടിൽ വഴക്കിട്ട് വരുന്നവർ, ഒഴിവു ദിവസങ്ങൾ ഉല്ലാസകരമാക്കാൻ ഇറങ്ങിയവർ, രണ്ടെണ്ണം വിടാനും, വിട്ട് വാളുവെക്കാനും തീരുമാനിച്ച് വരുന്നവർ എന്നിങ്ങനെ  പല കാരണങ്ങളാലും, പ്രത്യേകിച്ച് കാരണങ്ങൾ ഒന്നുമില്ലതെയും കൂട്ടുകാരിൽ പലരും ക്വാട്ടേഴ്സിൽ   ഞങ്ങൾക്കൊപ്പം വന്ന് കൂടും. സന്ധ്യ, പ്രഭാത്, കൈരളി, സന്തോഷ് ടാക്കീസുകളിൽ ഏതെങ്കിലുമൊന്നിൽ പോയിരുന്ന് സെക്കൻഡ്ഷോ കണ്ടിറങ്ങി, വഴിനീളെ ഉച്ചത്തിൽ സംസാരിച്ചും ബഹളം വച്ചും രാത്രികളിൽ ഞങ്ങൾ ബാലുശ്ശേരി അങ്ങാടിയിലൂടെ നടന്നു. ഒരു അർദ്ധരാത്രി പ്രഭാതിൽ നിന്ന് സെക്കൻഡ് ഷോ കഴിഞ്ഞ് വരുന്ന വഴി, പോലീസ് സ്റ്റേഷൻ വരാന്തയിലെ  കസേരയിൽ ചാരിയിരുന്ന് ഉറങ്ങുന്ന സെൻട്രിയെ കണ്ട്, അയാളുടെ തൊപ്പി തൊട്ടുവരാമോ എന്ന് പ്രസി  ഹരിഷിനെ വെല്ലുവിളിച്ചു. വെല്ലുവിളികളെ എന്നും  വെറുത്തിരിരുന്ന ഹരിഷ് മതിൽ ചാടികടന്ന്, പമ്മിച്ചെന്ന് സെൻട്രിയുടെ തൊപ്പി തൊട്ട്, ഇങ്ങിനെ മതിയോ എന്ന് ആംഗ്യം കാണിച്ച് ചോദിച്ചു. പോലിസുകാരെങ്ങാൻ കണ്ടാലോ എന്ന് ഭയന്ന് മതിലിനു പുറത്ത് റോഡിൽ നിന്നുകൊണ്ട് ഞങ്ങൾ ഹരിഷിനോട് തിരിച്ചിറങ്ങിവരാൻ കെഞ്ചി വിളിച്ചു. തമാശയ്ക്ക് പോലും  മേലിൽ ഹരിഷിനെ വെല്ലുവിളിക്കുന്ന പ്രശ്നമേ ഇല്ലെന്ന് അന്ന് പ്രസി തീരുമാനിച്ചുറപ്പിച്ചു.

ശിവപ്രസാദാണ് ഞങ്ങളുടെ സ്ഥിരം അന്തേവാസി. കമ്പയിൻ സ്റ്റഡി എന്നും പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി അവൻ ഒരുകെട്ട് ദിനേശ് ബീഡിയുമായി നേരെ ഞങ്ങളുടെ മുറിയിലെത്തും. എന്ത് പറയാൻ തുടങ്ങിയാലും പ്രസാദിന് ഒരിക്കലും മുഷിയുകയില്ല. ഒരു വർത്തമാനവും ‘മതി’ എന്ന് അവൻ പറഞ്ഞത് കാരണം മതിയാക്കിയതായി ഞാനോർക്കുന്നില്ല. ലോഡ്ജ് മുറിയുടെ വരാന്തയിൽ രാവേറെ വൈകുന്നതുവരെ തുടർന്നിരുന്ന സംസാരം അവസാനിക്കുന്നത് ഞാൻ ഉറക്കത്തിലേക്ക് വീഴുമ്പോൾ മാത്രമായിരുന്നു. റബ്ബർ എസ്റ്റേറ്റുകളും, ചെറുതും വലുതുമായ കുന്നുകളും പാടങ്ങളും നിറഞ്ഞ അവന്റെ ഗ്രാമത്തിലൂടെ ഞങ്ങൾ ഒരുപാട് യാത്ര ചെയ്തു. കുന്നിൻ മുകളിലെ വലിയമരങ്ങളുടെ കടയ്ക്കൽ, ഇനിയൊരിക്കൽ വരുമ്പോൾ കാണാൻ ചെറിയ കത്തികൊണ്ട് പേരുകൾ കൊത്തിവെച്ചു. കാവിലെ ഉത്സവത്തിന്  ചന്തയിൽ, വയലിലെ പൊടിമണ്ണിൽ ആൾക്കൂട്ടത്തിനിടയിൽ സിഗറട്ടും വലിച്ച് അലഞ്ഞു നടന്നു, പ്രദീപേട്ടന്റെ ആക്രിക്കടക്കുള്ളിലെ രഹസ്യമുറിയിലിരുന്ന് ‘കുഞ്ഞു’ പുസ്തകങ്ങൾ വായിച്ച് രസിച്ച്, അതിലെ സാഹിത്യം പറഞ്ഞു തലതല്ലിച്ചിരിച്ചു.‘തറ’ ക്ലാസ്സ് ടിക്കറ്റുകളിൽ മലയാളവും തമിഴും തെലുങ്കും ഹിന്ദിയും ഇംഗ്ലിഷും സിനിമകൾ കണ്ടു തള്ളി, ഭാവിയിൽ സിനിമകൾക്ക് തിരക്കഥകൾ എഴുതാനും സംവിധാനം ചെയ്യാനും പദ്ധതികളിട്ടു. ഒരു പഴയ മോണോ പ്ലയറിൽ കാസറ്റുകളിട്ട് പാട്ടുകേൾക്കുകയും കൂടെ അലറിപ്പാടുകയും ചെയ്തു....

ലോഡ്ജിൽ ഞങ്ങൾക്ക് തൊട്ട അപ്പുറത്തെ മുറിയിൽ താമസിച്ചിരുന്നത് റബ്ബർ ബോഡിലെ ഉദ്യോഗസ്ഥനായ, ഞങ്ങൾ ഇച്ചായൻ എന്നു വിളിച്ചിരുന്ന തോമസ് ജോസഫ് എന്ന കാഞ്ഞിരപ്പള്ളിക്കാരനാണ്. പി.ജി പഠിച്ചിറങ്ങിയ ഉടനെ റബ്ബർ ബോഡിൽ ഓഫിസറായി എത്തിയ ഇച്ചായന് കോളെജ് വിട്ടതിന്റെ ഹാങ്ങ്ഓവറിൽ നിന്ന് രക്ഷപ്പെടാനായത് ഞങ്ങളുടെ കൂട്ടുകെട്ടാണെന്ന്  ഇച്ചായൻ പറയാറുണ്ട്. ഇച്ചായന്റെ രണ്ട് സഹമുറിയന്മാരായിരുന്നു, കനറാ ബാങ്കിലെ ഉദ്യോഗസ്ഥൻ പ്രഭാകരേട്ടനും, പഞ്ചായത്ത് ലൈബ്രറിയിലെ ലൈബ്രേറിയൻ അരവിന്ദേട്ടനും. വൃത്തിയുടെയും വെടിപ്പിന്റെയും ആചാര്യനായ അരവിന്ദേട്ടൻ ഒഴിവ് ദിവസങ്ങളിൽ അവരുടെ മുറിയും പരിസരവും വൃത്തിയാക്കി കഴിഞ്ഞ് ചിലപ്പോൾ ഞങ്ങളുടെ മുറിയിൽ കയറി അടിച്ചുവാരി മാറാല തുടച്ച് എല്ലാം ഒതുക്കിവയക്കും.

വീട്ടിൽ നിന്നും ചിലവുകൾക്കായി കൊണ്ടുവരുന്ന പണം മാസത്തിലെ ആദ്യ ആഴ്ച തന്നെ ലാവിഷാക്കി തീർത്തുകഴിഞ്ഞാൽ പിന്നീട് ഇച്ചായനാണ് ശരണം. ഇച്ചായന്റെ ടൂത്ത് പെയ്സ്റ്റും സോപ്പും പൌഡറും, അലക്കുപൊടിയുമൊക്കെ യാതൊരു സങ്കോചവുമില്ലാതെ ഞങ്ങൾ എടുത്തുപയോഗിക്കാൻ തുടങ്ങും. ‘ഇച്ചായോ സിന്തോളിന്റെ മണം മടുത്തു, അടുത്ത പ്രാവശ്യം ലിറിൽ വാങ്ങിയാൽ മതി’ എന്ന് വരെ പ്രകാശൻ ആവശ്യപ്പെട്ടു കളയും. ചിരിക്കുമ്പോൾ ഇറുങ്ങിപ്പോകുന്ന കണ്ണുകളുമായി പ്രസന്നവദനനായി ഇച്ചായൻ പ്രകാശന്റെ ആവശ്യം സാധിപ്പിച്ചുകൊടുക്കാമെന്ന് സമ്മതിക്കും!

ശ്രീജിത്ത് ഞങ്ങൾക്കൊപ്പം കൂടാനെത്തുമ്പോഴാണ് പ്രഭാകരേട്ടൻ ചാർജ്ജ് ആവുക. സൌമ്യനും  ശാന്തനുമായ പ്രഭാകരേട്ടൻ ചെസ്സ് കളി ഭ്രാന്തനാണ്. സമയമെടുത്ത്, അങ്ങേയറ്റം ആലോചിച്ച് ഉറപ്പിച്ച് പ്രഭാകരേട്ടൻ നടത്തുന്ന ഒരു കരുനീക്കത്തിന് അടുത്ത സെക്കൻഡിൽ ശ്രീജിത് മറുനീക്കം നടത്തി, ചെക്ക് പറഞ്ഞ് അടുക്കളയിൽ കഞ്ഞി വയ്ക്കാൻ ഞങ്ങൾക്കൊപ്പം കൂടുകയോ, വരാന്തയിലിരുന്ന് പാടുകയോ ചെയ്യും. ചെസ്സിൽ തോൽക്കുമ്പോൾ മാത്രമാണ് പ്രഭാകരേട്ടൻ ഇത്തിരി അശാന്തനായി കാണപ്പെടുക. തന്റെ കഷണ്ടിയിൽ പതുക്കെ തലോടി, പ്രഭാകരേട്ടൻ ശ്രീജിത്തുമായി അടുത്ത റൌണ്ട് കളിക്കിരിക്കും.

ഓരോ ദിവസങ്ങളും ആഘോഷങ്ങളുടെതായിരുന്നു.
ആഘോഷങ്ങളുടെ ആയിരത്തി തൊണ്ണുറ്റി അഞ്ച് എസ്സെൻ ദിനങ്ങൾ.

*

മേഘങ്ങളുടെ ഒരു ചീളുപോലുമില്ലാത്ത, ഒരു കിളിപോലും പറക്കാനില്ലാത്ത ചാരനിറത്തിലുള്ള ആകാശവും, ഒരു പാഴ്ചെടിപോലും കിളുർക്കാതെ പരന്ന് കിടക്കുന്ന മരുഭൂമിയും, അതിനുമപ്പുറം കത്തിയെരിയുന്ന വെയിലേറ്റ് തിളങ്ങുന്ന കടലും നോക്കി, ഇവിടെ ഈ  ജനലരികിൽ നിൽക്കുമ്പോൾ, ഓർമയിൽ ഒരു മഴവിൽക്കാലം തിരയിളകുന്നു. വർണ്ണങ്ങൾ നിറഞ്ഞ സൌഹൃദങ്ങളുടെ ഒരു  പൂക്കാലം.

*
സമർപ്പണം: കോളെജിന്റെ പേരിലെ ഫേസ്ബുക്ക് ഗ്രൂപ്പ് സജീവമാക്കി നിലനിർത്തുന്ന ഗണേശൻ, ശരത്, ബൈജു, ദിൽജി, അസംഗൻ, ബിനു, സജീവന്മാർ തുടങ്ങി പരിചയമുള്ളവരും ഇല്ലാത്തവരുമായ ഗ്രൂപ്പിലെ എല്ലാവർക്കും

(Published in 'Mazhavilkalam' Magazin)

Thursday, November 22, 2012

സൌഹൃദങ്ങളുടെ പൂക്കാലങ്ങൾ - 2


മഞ്ഞ ചായമടിച്ച മടപ്പള്ളി കോളെജിലെ പ്രീഡിഗ്രി ക്ലാസ്സ് മുറിയുടെ തുരുമ്പിച്ച ജനലഴികളിലൂടെ സദാ സമയവും വീശുന്ന കടൽക്കാറ്റേറ്റ്, കോമേഴ്സ് ക്ലാസ്സിലെ പിൻബെഞ്ചുകളിലൊന്നിൽ ഉറങ്ങിപ്പോയ എന്നെയും മധുവിനെയും ‘ഹിൻഡ്രൻസസ് ഓഫ് എന്റർപ്രണേഴ്സ്‘ പഠിപ്പിക്കുകയായിരുന്ന എബ്രഹാം മാഷ് പുറത്തേക്ക് ഇറക്കി വിട്ടു.

അന്ന്, എരിയുന്ന വേനലിലെ ക്യാമ്പസിൽ ആകാശത്തിനെതിരെ കമഴ്ത്തിവച്ച, ചുവന്ന പൂക്കൾ കത്തിനിൽക്കുന്ന ഗുൽമോഹർ മരത്തണലിലിരുന്ന് മധു എനിക്ക് ഒരു കത്തിച്ച ‘ചാംസ്‘ സിഗററ്റ് നീട്ടി കളരി പഠിപ്പിക്കുന്ന ഗൌരവത്തോടെ വലിച്ചെടുക്ക്, ശ്വാസം പിടിക്ക്, പുറത്തേക്ക് വിട് എന്നീ നിർദ്ദേശങ്ങൾ തന്ന് പുകവലിയെന്ന കലയുടെ ബാലപാഠങ്ങൾ അഭ്യസിപ്പിച്ചു. മടപ്പള്ളി കുന്നിന്മുകളിലെ ആ ഗുൽമോഹർ മരത്തണലിലിരുന്ന് ദൂരെ വെള്ളിവരപോലെ തിളങ്ങുന്ന കടൽ  നോക്കി, പാട്ടുകാരനായ  അവൻ രവീന്ദ്രന്റെയും ശ്യാമിന്റെയും ജെറി അമൽദേവിന്റെയും പാട്ടുകൾ ഞങ്ങൾ കൂട്ടുകാർക്ക് മുന്നിൽ  ആവർത്തിച്ചാവർത്തിച്ചു പാടി.

മടപ്പള്ളിയിൽ നിന്നും ദാ എന്നു പറയുന്ന ദൂരം മാത്രമുള്ള മാഹിയിലെ ടാക്സ്ഫ്രീ ബാറിൽ നിന്നും മധു വാങ്ങികൊണ്ടുവന്ന ‘കൊഡൈസി’ന്റെ ഒരു പൈന്റ് ബോട്ടിലായാണ് വിദേശമദ്യം ഞാൻ ആദ്യമായി കണുന്നത്. കോളെജ് ബസ്സ് സ്റ്റോപ്പിലെ ബാലേട്ടന്റെ ഹോട്ടലിലെ അടുക്കളയിലിരുന്ന് മധു ഒഴിച്ചുതന്ന പച്ചവെള്ളം ചേർത്ത റമ്മും അടിച്ച്, ഒരോ ചാംസും പുകച്ച് അവനും ഞാനും മുസ്തഫയും കുന്നിന് മുകളിലെ കോളെജ് ഗ്രൌണ്ടിലേക്ക് നടന്നു. ഗ്രൌണ്ടിന് മൂലയിലെ ഒരു കശുമാവിന്റെ തണലിൽ കാറ്റേറ്റ് കിടന്ന് മധു,  അവൻ തേഡ്-A യിലെ സജിതയെ ഗാഡമായി പ്രണയിക്കുന്നു എന്നും, അവളില്ലാത്ത ഒരു ജീവിതത്തെ കുറിച്ച് ചിന്തിക്കാൻ പോലും തനിക്കാവുന്നില്ല എന്നുമുള്ള രഹസ്യം അന്ന് ഞങ്ങളുമായി പങ്കുവെച്ചു. ചോമ്പാലിൽ നിന്നും വരുന്ന വലിയ കണ്ണുകളുള്ള സജിത സുന്ദരിയും നല്ലവളും സർവ്വോപരി മധുവിന് ചേരുന്ന പെണ്ണുമാണെന്ന് ഞാനും മുസ്തഫയും സമ്മതിച്ചു.  റമ്മിന്റെ ലഹരിയിൽ കശുമാവിൻ തണലിലിരുന്ന് അവൻ അന്ന് പാടിയ പ്രണയഗാനങ്ങൾക്ക് എന്നത്തെക്കാളും ലയമുള്ളതായി  എനിക്കും മുസ്തഫയ്ക്കും അനുഭവപ്പെട്ടു.

മടപ്പള്ളി കുന്നിന് താഴെ നാഷണൽ ഹൈവേ മുറിച്ച് കടന്ന് നേരെ നടന്നാൽ അറക്കൽ കടപ്പുറമായി. വലിയ കരിങ്കല്ലുകൾ കൊണ്ട് കെട്ടിയുണ്ടാക്കിയ അറക്കൽ കടപ്പുറത്തെ കടൽഭിത്തിയിലിരുന്ന്, മധുവിനും  മുസ്തഫയ്ക്കുമൊപ്പമാണ് ഞാൻ ആദ്യമായി സൂര്യാസ്തമയം കാണുന്നത്. വേനലിലെ ഒരു പകലിന്റെ പ്രകാശം മുഴുവൻ വലിച്ചെടുത്ത് കടലിലേക്കിറങ്ങിപ്പോയ കടും ഓറഞ്ച് നിറത്തിലുള്ള സൂര്യനും, തിരമാലകളുടെ നേരിയ മുരൾച്ചയിൽ പിന്നിലൂടെ വന്നു പൊതിഞ്ഞ ഇരുട്ടും, ഇരുട്ടിനെ വകഞ്ഞുമാറ്റി ഉദിച്ചുയർന്ന നിലാവും സമാനതകളില്ലാത്ത അതിമനോഹരമായ ഒരനുഭവമായിരുന്നു.

മടപ്പള്ളി കോളെജ് നിന്നിരുന്ന ആ മൊട്ടക്കുന്നിൽ പിന്നീട്, ബോട്ടണി ഡിപ്പാർട്ടെമെന്റിന്റെയും എൻ എസ്സ് എസ്സ് വളണ്ടിയർമാരുടെയും അദ്ധ്യാപക വിദ്ധ്യാർത്ഥികളുടെയും നിതാന്തപരിശ്രമങ്ങളുടെ ഫലമായി അതി മനോഹരമായ ഒരു ബോട്ടോണിക്കൽ ഗാർഡൻ വളർന്നുവന്നു എന്ന് പിന്നീട് പത്രങ്ങളിലൊക്കെ വായിച്ചറിഞ്ഞു. പ്രീഡിഗ്രി കഴിഞ്ഞതിന് ശേഷം പക്ഷേ പിന്നീടൊരിക്കലും ഞാനവിടേയ്ക്ക് തിരിച്ചു ചെന്നിട്ടില്ല. മൊട്ടക്കുന്നും, കടൽക്കാറ്റും, കത്തിയെരിയുന്ന വെയിലിൽ കുടചൂടി നടക്കുന്ന പെൺകുട്ടികളും,  പൂത്തുനിൽക്കുന്ന രണ്ടോ മൂന്നോ ഗുൽമോഹർ മരങ്ങളും മാത്രമുള്ള മടപ്പള്ളി ക്യാമ്പസിനെ ഓർക്കുന്നതാണ് ഇപ്പോഴും എനിക്കിഷ്ടം.

Monday, November 05, 2012

സൌഹൃദങ്ങളുടെ പൂക്കാലങ്ങൾ - 1


മൈസൂർ സാൻഡൽ സോപ്പിന്റെ സുഗന്ധം വീട്ടിലെ കുളിമുറിയെയും, അത്തറിന്റെ സുഗന്ധം  മാപ്പിള യുപി സ്കൂളിൽ കൂടെ പഠിച്ച തട്ടമിട്ട ഉമ്മച്ചിക്കുട്ടികളെയും, കുതിരചാണകത്തിന്റെ ഗന്ധം മല്ലേശ്വരത്തെ ഗലികളെയും ഓർമിപ്പിക്കുന്നതു പോലെ ചാരായത്തിന്റെ ഗന്ധം എന്നെ നിലാവുള്ള രാത്രിയിലെ ചെമ്പ്രക്കുന്നിനെയും, വാസുവിനെയും, ദാമുവിനെയും ഓർമിപ്പിക്കുന്നു.

തെങ്ങും കശുമാവും ധാരാളമായി വളർന്നു നിന്ന ചെമ്പ്രക്കുന്നിന്റെ മടിയിലായിരുന്നു ഞാൻ പഠിച്ച ഹൈസ്കൂൾ.  കുന്നിനു നെറുകയിൽ ഒട്ടുമുക്കാൽ ഭാഗവും പൊളിഞ്ഞുവീണ ഒരു ചെറിയ ശ്രീകൃഷ്ണ ക്ഷേത്രമുണ്ട്. വെള്ളിയാഴ്ചകളിലെ രണ്ടുമണിക്കൂർ ദൈർഘ്യമുള്ള ഉച്ച ബ്രേക്കിന്  സ്കൂളിലെ പെൺകുട്ടികൾ കുന്നു കയറി വന്ന്, അമ്പലത്തിന് മുന്നിലെ തുരുമ്പിച്ച ഇരുമ്പ് ഭണ്ഡാരത്തിൽ ചില്ലറകൾ കാണിക്കയിടും. പെൺകുട്ടികൾ പോകുന്നതുവരെ പരിസരങ്ങളിൽ പമ്മിനിൽക്കുമായിരുന്ന ആൺകുട്ടികളുടെ നേതാക്കൾ,  ചക്കപ്പശ തേച്ച കമ്പുകൾ ഭണ്ഡാരത്തിനുള്ളിലേക്ക് ഇറക്കി അതി സൂക്ഷമതയോടെ ആ ചില്ലറകൾ തോണ്ടിയെടുക്കും. പൊളിഞ്ഞുവീണ് കിടക്കുന്ന ശ്രീകോവിലിനകത്ത് എല്ലാം കണ്ട്  കള്ളചിരിയോടെ നിൽക്കുന്ന കൃഷ്ണവിഗ്രത്തെ നോക്കി ‘കണ്ണാ, കണക്കുവെക്കല്ലേ’ എന്നും പറഞ്ഞ് ചൂണ്ടിയെടുത്ത ആ ചില്ലറകളുമായി അവർ താഴത്തെ ബാലേട്ടന്റെ കടയിലേക്ക് ഓടും.

പത്താംക്ലാസ്സിൽ യുവജനോത്സവത്തിന്റെ തലേന്ന് രാത്രി ഡക്കറേഷനുള്ള കുരുത്തോല കൊണ്ടുവരാൻ പോയ സഹപാഠികളായ വാസുവിനെയും ദാമുവിനെയും തിരഞ്ഞാണ് അന്ന് ഞാൻ ചെമ്പ്രക്കുന്ന് കയറി ചെന്നത്.  നിലാവ് വീണുകിടക്കുന്ന കുന്നിൻ‌മുകളിലെ പാറക്കെട്ടുകളിൽ ഒന്നിലിരുന്ന് ധൃതിയിൽ കുപ്പിയിലെ നാടൻ ചാരായം പകർന്ന് അടിക്കുകയാണ് രണ്ട്പേരും. എന്നെ തിരിച്ചറിഞ്ഞതും കയ്യിലെ ഗ്ലാസ്സ് വാസു എനിക്ക് നേരെ നീട്ടി.

ഗ്ലാസ്സിനും ചുണ്ടിനും മൂക്കിനും ഇടയിലുള്ള ഒരു വിസ്ഫോടനമായിരുന്നു അത്. മൂക്കിലൂടെ തുളഞ്ഞു കയറിയ ഗന്ധവും തൊണ്ടയിലൂടെ ഇറങ്ങിപോയ ഒരു തുണ്ട് അഗ്നിഗോളവും എന്നെ സർവ്വാംഗം പിടിച്ചുകുലുക്കി. കടന്നുപോയ വഴികളിലൊക്കെയും തീ പടർത്തിക്കൊണ്ടിറങ്ങിയ  ആ അഗ്നിഗോളം ചെറുകുടലിലും വൻ‌കുടലിലും ഇരിപ്പിടം  കണ്ടെത്താനാവാതെ തിരിച്ച് അതേ വേഗത്തിൽ, വായിലൂടെയും മൂക്കിലൂടെയും കണ്ണിലൂടെയും പുറത്തേക്ക് തെറിച്ച് വാസുവിന്റെയും ദാമുവിന്റെയും മേലേക്ക് പൊട്ടിച്ചിതറി വീണു.

ചെമ്പ്രക്കുന്ന് ഇപ്പൊഴില്ല. കുന്ന് മുഴുവൻ തുരന്നെടുത്ത് നാട്ടിലെയും അയൽപ്രദേശങ്ങളിലെയും പാടങ്ങൾ നികത്തുകയും  പറമ്പുകൾ ഉയർത്തുകയും ചെയ്തു. ഞങ്ങളുടെ ഹൈസ്കൂൾ നാളുകളിൽ, നീണ്ട ഇരുമ്പ് പാരകൾകൊണ്ട് പണിക്കാർ മാന്തിയെടുത്ത ചെമ്പ്രക്കുന്നിലെ ചെമ്മണ്ണുനിറച്ച ‘പബ്ലിക് കാരിയർ’ ലോറികൾ, കുന്നിലേക്കുള്ള റോഡ് കിതച്ച് കയറിയും, അലറി ഇറങ്ങിയും പൊടിപാറ്റി പാഞ്ഞു പോയി. ആ ലോറി ഡ്രൈവർമാരായിരുന്നു അക്കാലങ്ങളിൽ ഞങ്ങളിൽ പലരുടെയും പരസ്യ-രഹസ്യ ആരാധനാപാത്രങ്ങൾ. മണ്ണ് മാന്തിയെടുക്കുമ്പോൾ കുന്നിന്റെ ഗർഭങ്ങളിൽ നിന്നും താവളം നഷ്ടപ്പെട്ട് തെറിച്ച് വീണ അണലി പാമ്പുകൾ ലോറികളുടെ ചക്രങ്ങൾക്കടിയിലും പണിക്കാരുടെ ഇരുമ്പ് പാരകളുടെ കൂർത്ത മുനകളിലും പെട്ട്  ചതഞ്ഞരഞ്ഞ് ചത്തു. എങ്ങോട്ടെന്നില്ലാത ഇഴഞ്ഞുപോയ പാമ്പുകളിൽ ചിലത്, രാത്രികളിൽ ക്ലാസ്സുമുറികളുടെ സിമിന്റ് തറയുടെ തണുപ്പിൽ അഭയം തേടി. പ്രഭാതങ്ങളിൽ ധീരരായ ആൺകുട്ടികൾ അവറ്റയെ കമ്പുകളിൽ കുത്തിയെടുത്ത്, പലനിറങ്ങളിലുള്ള നീളൻ പാവാടയും ബ്ലൌസും ധരിച്ച, കണ്മഷി വാരിതേച്ച, പെൺകുട്ടികൾക്ക് മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

അണലി വിഷം ഗ്ലാസ്സിൽ ഊറ്റിയെടുത്ത്, തിളപ്പിച്ചാറ്റിയ വെള്ളവും എന്തൊക്കെയോ പച്ചമരുന്നുകളും ചേർത്തുണ്ടാക്കുന്ന മദ്യത്തെക്കുറിച്ച് ദാമുവാണ് എന്നോട് പറഞ്ഞത്. കൊല്ലം തോറും അവന്റെ വീട്ടിനടുത്തുള്ള അമ്പലപ്പറമ്പിൽ സൈക്കിൾ അഭ്യാസത്തിന് വരാറുള്ള ‘ബ്രദേഴ്സ് കലാകുടുംബ’ത്തിലെ പരിപാടികളിൽ സ്ത്രീവേഷം കെട്ടി ഡിസ്കോ ഡാൻസ് കളിക്കുന്ന ഒരു സുന്ദരേട്ടനാണ് അവനോട്  അതേകുറിച്ച് പറഞ്ഞുകൊടുത്തത്. ആ വിദ്യകാണിച്ചുകൊടുക്കാമെന്ന് പറഞ്ഞ് സുന്ദരേട്ടൻ ഒരു രാത്രി ദാമുവിനെ അയാളുടെ ടെന്റിലേക്ക് കൂട്ടികൊണ്ടുപോയി. അവിടെവച്ച് അയാൾ ദാമുവിനെ ഒരു കയറു കട്ടിലിലേക്ക് ബലമായി പിടിച്ചുകിടത്തി അവന്റെ മേലേക്ക് കയറി, ചുണ്ടുകളിൽ കടിച്ച് കൈകൾ അവന്റെ ട്രൌസറിനടിയിലേക്ക് തിരുകി കയറ്റി. ഉള്ള ശക്തി മുഴുവൻ സംഭരിച്ച് അയാളുടെ പള്ളയ്ക്ക് ചവിട്ടി തെറിപ്പിച്ചാണ് ദാമു അന്ന് അവിടെനിന്നും രക്ഷപ്പെട്ടത്. ആ സംഭവത്തിന് ശേഷമാണത്രേ ട്രൌസർ ഒഴിവാക്കി ദാമു മുണ്ട് ഉടുക്കാൻ തുടങ്ങിയത്. ‘ആ നായിന്റെ മോൻ കുണ്ടന്റെ ആളാൺ‌ടാ’ എന്ന് കാർക്കിച്ചു തുപ്പി പറയുമ്പോഴും പാമ്പിൻ വിഷത്തിൽ നിന്നും മദ്യമുണ്ടാക്കുന്നതിന്റെ രഹസ്യം അറിയാൻ കഴിയാഞ്ഞതിൽ അവന് നിരാശയുണ്ടായിരുന്നു.

ചെമ്പ്രകുന്ന് നിന്നിരുന്നിടം  ഇപ്പോൾ പഞ്ചായത്ത് ഗ്രൌണ്ട് ആണ്. ആകാശത്തേക്കുള്ള ആ വിടവിന്റെ പടിഞ്ഞാറെ തലയ്ക്ക് നാട്ടുകാർ പുതുതാ‍യി പണിത ക്ഷേത്രത്തിലേക്ക് മലമുകളിലെ കൃഷ്ണനെ മാറ്റി പ്രതിഷ്ഠിച്ചു. പുതിയ സൌകര്യങ്ങൾക്കും നിത്യപൂജകൾക്കും ഭക്തരുടെ തിരക്കിനും  ഇടയിൽ നെയ്‌വിളക്കുകളുടെ ശോഭയിൽ കൃഷ്ണൻ അതേ കള്ളചിരിയോടെ നിൽക്കുകയാണ്. 

Monday, October 15, 2012

വീട്

 പുതിയ വീട് പണിയാൻ തീരുമാനിച്ചപ്പോൾ, പഴയ വീട് പൊളിക്കാൻ ഒരാൾ കരാറെടുക്കുകയായിരുന്നു. വീടിന് ചുറ്റും നടന്നും, മുറികളിൽ കയറി ഇറങ്ങിയും ഒരു കടലാസ്സിൽ എന്തൊക്കെയോ കൂട്ടിക്കുറച്ച് ഒടുവിൽ അയാൾ ഒരു വില പറഞ്ഞു. വീടു പൊളിച്ച് മരസാമിഗ്രികളും ഓടും കല്ലുമടക്കം എല്ലാം അയാൾ കൊണ്ടുപോകും.

“എടാ, ഞങ്ങൾ രണ്ടു ദിവസം ലീവെടുത്ത് വീട്ടിൽ അച്ഛനും അമ്മയ്ക്കുമൊപ്പം വന്ന് നിൽക്കുകയാണ്”; ചേച്ചിമാർ രണ്ടുപേരും  എന്നെ ബാംഗ്ലൂരിലേക്ക് ഫോൺ വിളിച്ചു പറഞ്ഞു; “നമ്മൾ കളിച്ചുവളർന്ന വീട്ടിൽ ഇനിയൊരിക്കലൂടെ താമസിക്കാൻ പറ്റില്ലല്ലോ”

ബാല്യത്തിന്റെ ഓർമകൾക്ക് അടയാളമില്ലാതാവുന്നു. എനിക്ക് വ്യസനമായി. ആ വീട്ടിൽ കൂടിയതിന്റെ പിറ്റേനാളാണ് എന്റെ ആദ്യ സ്കൂൾ ദിനം. കുമ്മായത്തിന്റെയും വാർണ്ണീഷിന്റെയും മണമുള്ള വീട്ടിൽ നിന്ന് ആദ്യമായി സ്കൂളിലേക്ക് പോയതിന്റെ നേരിയ ഒരു ഓർമ എനിക്കിപ്പൊഴുമുണ്ട്. സ്ലേറ്റിൽ അക്ഷരങ്ങൾ എഴുതി പഠിച്ചതും, ചേച്ചിമാർക്കൊപ്പം കണ്ണാരം പൊത്തികളിച്ചതും, അമ്മയെ പറ്റിചേർന്നിരുന്ന് കഥകൾ കേട്ടതും ആ വീട്ടിലെ മുറികളിലായിരുന്നു. ഓർക്കാട്ടേരി ചന്തയിൽ നിന്നും അച്ഛൻ വാങ്ങിതരുന്ന കളിപ്പാട്ടങ്ങളുമായി ഓടികയറിയത് ആ വരാന്തയിലേക്കായിരുന്നു. സ്കൂളുകൾ, കോളെജുകൾ, ആദ്യജോലി, വിവാഹം എല്ലാം കഴിഞ്ഞ് മടങ്ങിയത് ആ വീട്ടിലേക്കാണ്. മരത്തിന്റെ ഗോവണിപടികൾ ചവിട്ടികയറി ചെന്ന് മുകളിലത്തെ നിലയിലുള്ള എന്റെ മുറിയിലെ കട്ടിലിൽ, ജനലഴികൾക്കിടയിലൂടെ ആകാശത്തേക്ക് നോക്കികിടക്കുമ്പോൾ എന്തെന്നില്ലാത്ത ഒരാനന്ദം ഞാൻ അറിഞ്ഞിരുന്നു. മഴക്കാലത്ത് വെള്ളം വീണ് ഭാരം വയ്ക്കുന്ന തൊടിയിലെ മാവിന്റെ ചില്ലകൾ എന്റെ മുറിയുടെ  ജനലരികിലേക്ക് താഴ്ന്ന് വന്ന് എന്നെ മഴയുടെ സംഗീതം കേൾപ്പിച്ചു. തുലാവർഷ രാവുകളിൽ ഇടിക്കും മിന്നലിനും കാറ്റിനുമൊപ്പം മഴത്തുള്ളികളും ജനലിലൂടെ തെറിച്ച് വീണ് എന്റെ ശരീരം നനച്ചു.

വെറും നാല് ദിവസം കൊണ്ടാണത്രേ കരാറുകാരന്റെ പണിക്കാർ വീട് പൊളിച്ച് തീർത്തത്. കല്ലുകളും വാതിലുകളും ജനലുകളും ഓടുകളും അവർ ലോറിയിൽ കയറ്റി കൊണ്ടുപോയി.

ഇന്നലെ രാത്രിയിലും ഉറക്കത്തിൽ, പഴയ വീട്ടിലെ മുറികളിലൂടെ എന്തോ തിരഞ്ഞ് നടക്കുന്ന എന്നെ ഞാൻ സ്വപ്നം കണ്ടു.

Sunday, September 23, 2012

ഗൾഫുകാരന്റെ അപ്രകാശിത ആത്മകഥ

‘....രാവിലെ ആറുമണിക്ക് ഡ്യൂട്ടിക്ക് കേറും. പിന്നെ മൂന്നുമണിവരെ നിർത്താതെ പണിയാണ്. സപ്ലൈക്ക് തിരക്കില്ലെങ്കിൽ കിച്ചണിൽ സഹായിക്കാൻ നിക്കണം. ഉച്ച ഭക്ഷണവും കഴിച്ച് നാല്മണിയോടെ മുറിയിൽ വന്ന് രണ്ട്മണിക്കൂർ ഉറങ്ങാൻ കിട്ടും. ചിലപ്പോ ടിവിയിൽ സിനിമയൊക്കെ നോക്കി ഉറങ്ങിയില്ല എന്നും വരും. വൈകീട്ട് 6 മണിക്ക് പിന്നേം ഡ്യൂട്ടിക്ക് കേറണം. അത് രാത്രി പന്ത്രണ്ട് മണിവരെ നീളും. ഒരിടത്ത് ഇരുന്ന് ഒരു ചായകുടിക്കാൻ പോലും സാവകാശമില്ല. പിന്നെ ഹോട്ടൽ മുഴുവനും ക്ലീൻ‌ചെയ്ത് മുറിയിലെത്താൻ പുലർച്ചെ 2മണി. കുളികഴിഞ്ഞ് കുറച്ച്നേരം ഇരുന്ന് ഉറങ്ങാൻ കിടക്കും....’ (ഗൾഫുകാരന്റെ അപ്രകാശിത ആത്മകഥയിൽ നിന്നും)

Friday, September 21, 2012

ഓർമ്മത്തെറ്റ്

ഇന്നലെ കമ്പനിയിലെ ഒമാനി proയ്ക്കൊപ്പം ബാങ്കിലേക്ക് പോകുന്നതിനിടയിൽ കാറിൽ, എന്തോ ഒരു വർത്തമാനം പറയാൻ തുടങ്ങിയ ഞാൻ പെട്ടന്ന് അവന്റെ പേര് ഓർമ്മവരാതെ അങ്കലാപ്പിലായി. ഇരുപത് മിനുട്ടോളം നീണ്ട ആ യാത്രയിലുടനീളം ഞാൻ അവന്റെ പേര് ഓർത്തെടുക്കാൻ ശ്രമിച്ച് വൃഥാവായി. രണ്ട് വർഷങ്ങളായി ദിവസേനെ കാണുന്ന അവന്റെ പേര് പെട്ടന്നങ്ങിനെ ഞാൻ മറന്നതെന്തായിരിക്കും!

Sunday, September 16, 2012

അപരിചിതൻ


മസേര ദ്വീപിൽ നിന്നുള്ള മടക്കയാത്രയിൽ, ഫെറിയിൽ തണുത്ത കാറ്റേറ്റ് കടലും നോക്കി നിൽക്കുന്നതിനിടയിലാണ് യാത്രക്കാർക്കായുള്ള ഇരിപ്പിടങ്ങൾക്ക് ഒരു മൂലയിലായി അയാൾ ഇരിക്കുന്നത് ഞാൻ കാണുന്നത്.

അയാൾ എന്നെ തന്നെ സൂക്ഷിച്ച് നോക്കുകയായിരുന്നു. എന്റെ നോട്ടം അയാളിൽ പതിഞ്ഞപ്പോൾ വളരെ സൌമ്യമായി അയാൾ എന്നോടൊന്ന് പുഞ്ചിരിച്ചു. ഓർമകളിലെങ്ങും അങ്ങിനെ ഒരാളില്ല എന്നിട്ടും അയാളെ എവിടെയോ പരിചയമുള്ളതായി എനിക്ക് അനുഭവപ്പെട്ടു.

മുൻപും പലയാത്രകളിലും, ചില അപരിചിതർ പരിചിതരെ എന്നപോലെ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

Wednesday, August 15, 2012

ഓർമകൾ


സന്ധ്യ

എങ്ങിനെയെങ്കിലും ഫൈനൽ ഇയർ പരീക്ഷകൾ എഴുതാൻ സാധിക്കുമോ എന്നതിന്റെ അവസാന ശ്രമവും പരാജയപ്പെട്ട്, പരിക്ഷയുടെ തലേനാൾ ഞാനും ഹരിഷും പ്രസിയും മൃഗാശുപത്രി ബസ്സ് സ്റ്റോപ്പിലെ ഇരുമ്പ് ബെഞ്ചിൽ ഒരു സിഗററ്റ് പകുത്തു വലിച്ച് പുകവിട്ട് നിശ്ശബ്ദരായി ഇരുന്നു. ഒരു സാധ്യതയും ഇനി ബാക്കിയില്ലെന്ന് അറിഞ്ഞ മഹേഷും സജിയും അല്പം മുൻപേ വീടുകളിലേക്ക് മടങ്ങിയിരുന്നു.

നാലാം ഗേറ്റ് വഴി പോകുന്ന ഏതോ സിറ്റിബസ്സ് ഞങ്ങൾക്ക് മുന്നിൽ വന്നു നിന്നപ്പോൾ പ്രസി എഴുന്നേറ്റു;

“വീട്ടിലൊന്ന് തലകാണിച്ച് ഞാൻ ചാലപ്പുറത്തേക്ക് വരാം”; പ്രസി കയറിയ പച്ചചായമടിച്ച സിറ്റി ബസ്സ് വല്ലാതെ ഒന്ന് മുരണ്ട് മുന്നോട്ട് നീങ്ങി

ഞാൻ ആ സമയത്ത് ഹരിഷിന്റെകൂടെ ചാലപ്പുറത്തെ അവന്റെ വീട്ടിലായിരുന്നു താമസം. അവന്റെ വീട്ടിൽ മറ്റാരും ഇല്ല. കൂട്ടുകാരിൽ പലരും ചിലപ്പോൾ രാത്രി വൈകുന്നതുവരെ ഞങ്ങളുടെ കൂടെ അവിടെ ഉണ്ടാവാറുണ്ട്. ഞങ്ങളുടെ ദുരവസ്ഥ കണ്ട് വല്ലാതെയായ എല്ലാവരോടും, ഇങ്ങോട്ട് ആരും വരേണ്ട, വീട്ടിൽ ഇരുന്ന് പഠിച്ചാൽമതി എന്ന് നിർബ്ബന്ധിച്ചതും ഞങ്ങൾ തന്നെയാണ്. ‘മെഡൽ കിട്ടുമോ എന്നതല്ല, ഒളിമ്പിക്സിൽ പങ്കെടുക്കാനാവുക എന്നത് തന്നെ വലിയ കാര്യമാണ്’ എന്ന് സജി പറഞ്ഞത്, ബികോം പാസ്സാവുമോ എന്നതിനേക്കാൽ വലിയതായിരുന്നു ഫൈനലിയർ പരീക്ഷ എഴുതാൻ പറ്റിയിരുന്നെങ്കിൽ  എന്നത് ഉദ്ദേശിച്ചായിരുന്നു.

ഇരുട്ട് കൂടി കൂടി വന്നു. കുറച്ചപ്പുറത്ത് റോഡിന് എതിർവശത്ത് കുരിശുപള്ളിയിൽ മെഴുകുതിരികൾ മുനിഞ്ഞുകത്തുന്നു. തിരക്കിട്ട് നടന്ന് പോകുന്നവർ ഒന്ന് നിന്ന് കുരിശ് വരച്ചും, മറ്റു ചിലർ പള്ളിയുടെ വരാന്തയിൽ കയറി മെഴുകുതിരി കത്തിച്ച് വച്ച് പ്രാർത്ഥിച്ചും കടന്ന് പോകുന്നു. പെട്ടന്നാണ് ഹരിഷ് ചോദിച്ചത്-

“എടാ, നമ്മളൊന്ന് കുരിശ്പള്ളീൽ കയറി മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചാലോ?”

എല്ലാ വാതിലുകളും അടയുമ്പോൾ ദൈവം ഒരു വാതിൽ തുറക്കും എന്നാണ്. ഞാൻ സമ്മതിച്ചു. ഞങ്ങൾ എഴുന്നേറ്റ് ഫുട്പാത്തിലൂടെ നടന്നു.

പള്ളിക്ക് മുന്നിലെത്തി റോഡ് ക്രോസ്സ് ചെയ്യാനൊരുങ്ങുമ്പോൾ പെട്ടന്നൊരു ട്രാഫിക്ക് ബ്ലോക്ക്. അങ്ങോട്ടുമിങ്ങോട്ടും പോവുകയായിരുന്ന സിറ്റിബസ്സുകളും ലൈൻ ബസ്സുകളും ഇടയിൽ ഓട്ടോറിക്ഷകളൂം കാറുകളും ഇരുചക്രവാഹനങ്ങളും. നിർത്താതെയുള്ള ഹോണടിയും ആളുകളുടെ ഉച്ചത്തിലുള്ള സംസാരവും, ആകെ ബഹളമയം. കുരുക്കഴിയാൻ കാത്ത് ഞാനും ഹരിഷും റോഡരികിലെ അരമതിലിൽ ചാരി നിന്നു.

മൂന്ന് നാല് മിനിറ്റിനകം ട്രാഫിക് ബ്ലോക്ക് ഒഴിഞ്ഞ റോഡിനപ്പുറത്തെ പള്ളിയിലേക്ക് നടക്കാനൊരുങ്ങിയ ഞങ്ങൾ ആ കാഴ്ച കണ്ട് അന്തംവിട്ട് പർസ്പരം നോക്കി. പള്ളി അടച്ച് സൂക്ഷിപ്പുകാരൻ സ്ഥലം വിട്ടിരിക്കുന്നു. ഒന്നും മിണ്ടാതെ ഞങ്ങൾ ആ മതിലിൽ തന്നെ ചാരി, കുറച്ച് നേരം അങ്ങിനെ തന്നെ നിന്നു.

“യേശുവേട്ടൻ വരെ കൈവിട്ടിരിക്കുന്നു. നീ വാ”; എന്റെ ചുമലിൽ പിടിച്ച് തള്ളി ഹരിഷ് നടന്നു.

നിയോൺ ബൾബുകളുടെ വെളിച്ചത്തിൽ കുളിച്ച് നിൽക്കുന്ന മാവൂർ റോഡിലൂടെ, മൊഫ്യൂസൽ ബസ്സ്സ്റ്റാൻഡിനു മുന്നിലെ വാഹനങ്ങളുടെ തിരക്കിലൂടെ, ആളൊഴിഞ്ഞ റാം മോഹൻ റോഡിലൂടെ, പാളയത്ത് യാത്ര തുടരാനൊരുങ്ങി നിൽക്കുന്ന ദീർഘദൂര ബസ്സുകൾക്കിടയിലൂടെ, കല്ലായി റോഡിലെ പുഷ്പ തിയറ്ററിന് പിന്നിലുള്ള ഹരിഷിന്റെ വീട്ടിന്റെ ഗേറ്റിലെത്തിയപ്പോഴെക്കും പ്രസിയുണ്ട് അവിടെയെത്തി കാത്തു നിൽക്കുന്നു.

ചാലപ്പുറത്തെ ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച്  മുന്നിൽ കണ്ട വഴിയിലൂടെ ഞങ്ങൾ നടന്നു.

“എല്ലാവരും നാളത്തെ എക്സാമിനുള്ള പഠിത്തത്തിലായിരിക്കും”; വാച്ചിലേക്ക് നോക്കി പ്രസി പറഞ്ഞു.

ഞാനും ഹരിഷും മറുപടി ഒന്നും പറഞ്ഞില്ല. പുഷ്പാ തിയറ്ററിൽ ഫസ്റ്റ് ഷോ കഴിഞ്ഞ് ആളുകളും വാഹനങ്ങളും  റോഡിലൂടെ പലവഴികളിലേക്ക് തിരക്കിട്ട് പോയി. പെട്ടന്നാണ് ഹരിഷ് ചോദിച്ചത്;

“ഒരു സിനിമയ്ക്ക് പോയാലോ?”

‘സംഗം‘ തിയേറ്ററിൽ ‘ഒരു വടക്കൻ വീരഗാഥ’ റിലീസ് ചെയ്തിട്ടുണ്ട്. ഞങ്ങൾ അങ്ങോട്ട് നടന്നു. തിയറ്ററിന്റെ കോംമ്പൌണ്ടിലും റോഡിലും ആളുകളുടെയും വാഹനങ്ങളുടെയും തിക്കും തിരക്കും.  കൌണ്ടറുകൾക്ക് മുന്നിലെ അടിപിടികണ്ട് ഞാൻ പറഞ്ഞു;

“ഈ തിരക്കിനിടയിൽ എങ്ങിനെ ടിക്കറ്റ് കിട്ടാൻ”

“ഇവിടെ തന്നെ നിക്ക്”; എന്നോടും പ്രസിയോടും നിർദ്ദേശിച്ച് ഹരിഷ് ആൾക്കൂട്ടത്തിനിടയിലേക്ക് ഇടിച്ച് കയറി പോയി.

പത്തുപതിനഞ്ച് മിനുട്ട് കഴിഞ്ഞുകാണും, ദേഹമാസകലം വിയത്ത് കുളിച്ച് ഹരിഷ് ആൾക്കൂട്ടത്തിനിടയിൽ നിന്നും തെറിച്ച് വീണത്പോലെ ഞങ്ങളുടെ മുന്നിൽ എത്തി. ഇടത് കൈകൊണ്ട് നെറ്റിയിലെ വിയർപ്പ് അമർത്തി തുടച്ച് അവൻ വലതു കൈ ഞങ്ങൾക്ക് നേരെ നിവർത്തി. അതിൽ ചുരുട്ടിപിടിച്ച മൂന്ന് ടിക്കറ്റുകൾ.

“എല്ലായിടത്തും നമ്മൾ അങ്ങിനെ തോറ്റുകൊടുത്താൽ പറ്റില്ലല്ലോ“; ഹരിഷ് ചിരിച്ചു. ഞങ്ങളും.

Wednesday, July 11, 2012

ഭയം“വീട്ടിലെ ഇരുട്ട് നിറഞ്ഞ ഇടനാഴികളിൽ ഭയന്ന് ഇരിക്കുകയായിരുന്ന കുട്ടിക്കാലം“; ആനന്ദൻ കണ്ണടയ്ക്ക് മുകളിലൂടെ എന്റെ മുഖത്തേക്ക് ഒന്ന് ചെരിഞ്ഞു നോക്കി; “നിനക്ക് ഓർമയുണ്ടാവുമല്ലോ നാട്ടിലെ എന്റെ വീട്ടിലെ ഇരുട്ട്”

പതിനൊന്നാം നിലയിലുള്ള ആനന്ദന്റെ ഫ്ലാറ്റിലെ ചുമരുകൾക്ക് മിനുത്ത വെള്ള നിറമാണ്. കർട്ടനുകളും കുഷ്യനുകളും നിലത്ത് വിരിച്ച വെർട്ടികൽ ടൈൽസും വെള്ള നിറത്തിലുള്ളതാണ്. വെള്ള സെറാമിക് ഫ്ലവർ വേസുകളിൽ വെള്ള ലിനൻ പൂക്കൾ, വെള്ള കിടക്ക വിരികൾ, വെള്ള  ടേബിൾ ക്ലോത്തുകൾ, വെള്ള വാഷ് ബേസിനുകൾ, വെള്ള ടാപുകൾ....

എൽഇഡി ലൈറ്റുകളുടെ വെള്ള വെളിച്ചത്തിൽ, കടും വർണ്ണങ്ങളിൽ പൂക്കളുള്ള ഉടുപ്പുകൾ ധരിച്ച ആനന്ദന്റെ പത്ത് വയസ്സുള്ള ഇരട്ട പെൺകുട്ടികൾ  ഓടി കളിക്കുന്നു. ഇടയ്ക്കിടയ്ക്ക് പരാതികളുമായി അവർ അടുക്കളയിൽ അത്താഴമൊരുക്കുന്ന അമ്മയുടെ അടുത്തേക്കോ, ബാൽക്കണിയിൽ എനിക്കടുത്തായി ഇരിക്കുന്ന ആനന്ദന്റെ അടുത്തേക്കോ ഓടിവരും.

“അടുക്കളയുടെ ഇരുട്ടിൽ കൂനി കൂടി, ഭയന്ന് ഇരിക്കുന്ന അമ്മയുടെ കണ്ണുകളിലെ കണ്ണുനീർ എന്നോ വറ്റി പോയിരിക്കണം. അച്ഛന്റെ തല്ലു സഹിക്കാതെ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ നാടു വിട്ടുപോയ വല്ല്യേട്ടൻ. തല്ല് കിട്ടി കിട്ടി ആകാശം ഇടിഞ്ഞ് വീണാലും നിസ്സംഗനായി നിൽക്കുന്ന കുഞ്ഞേട്ടൻ... ഒരു മകൾ ഇല്ലാഞ്ഞതിൽ അമ്മ തീർച്ചയായും ആശ്വസിച്ചിരിക്കും”; ആകാശചരിവിൽ  കടലിലേക്ക് ഇറങ്ങാനൊരുങ്ങുന്ന സൂര്യന്റെ മഞ്ഞ വെളിച്ചം ആനന്ദന്റെ കണ്ണടയിൽ തട്ടി പ്രതിഫലിച്ചു.

“പറമ്പിൽ വീണ തേങ്ങ എടുത്തിടാത്തതിന്, മുറ്റത്ത് ഉണങ്ങാനിട്ട നെല്ലോ കൊപ്പരയോ കാക്ക കൊത്തുന്നതിന്, തുണി അയയിൽ നിന്ന് പാറി നിലത്ത് വീണതിന്, എന്തിന് ആലയിൽ പശു കരയുന്നതിന് പോലും തല്ലാണ്. അതും ചൂരൽ കൊണ്ട്“; അടി കിട്ടിയതിന്റെ ആഘാതത്തിലെന്ന പോലെ അവൻ പെട്ടന്ന് ചുമലിൽ കൈകൊണ്ട് ഉഴിഞ്ഞു.

“ഡാ എന്ന അട്ടഹാസമല്ലാതെ മക്കളെ പേരെടുത്ത് വിളിച്ചിട്ടില്ല അച്ഛൻ. കിണ്ടിയിൽ വെള്ളം ഇല്ലാത്തതിനും, കുളിക്കാനുള്ള വെള്ളത്തിന് ചൂട് കൂടി പോയതിനും അലക്കിയ മുണ്ടിൽ കഞ്ഞി പശ പോരാത്തതിനും തുടങ്ങി ചക്കപുഴുക്കിൽ എരിവു കുറഞ്ഞ് പോയതിനുവരെ പാത്രങ്ങൾ ചവിട്ടി പൊളിക്കുന്നതും അമ്മയുടെ കരണത്ത് അടിക്കുന്നതും ഒക്കെ സ്കൂളിൽ വച്ച് നിന്നോട് ഞാൻ പറഞ്ഞത് കേട്ടപ്പോൾ, നിനക്ക് അതൊക്കെ അത്ഭുതങ്ങളായിരുന്നു, അല്ലേ?”

നാട്ടിലെ പേരെടുത്ത തറവാടുകളിൽ ഒന്ന്. തലമുറകൾ ധൂർത്തടിച്ചിട്ടും തീരാതെ ഏക്കർ കണക്കിന് പാടങ്ങളും പറമ്പും. ചൂതും കുടിയും പെണ്ണുങ്ങളുമായി നാടു ചുറ്റികറങ്ങി ജീവിക്കുകയായിരുന്നു ആനന്ദന്റെ അച്ഛൻ. ആജാനബാഹു. ഒരു മുടിയിഴപോലുമില്ലാത്ത മൊട്ടത്തല. ക്ലീൻ ഷേവ് ചെയ്ത മുഖം, ചുവന്ന കണ്ണുകൾ, മുറുക്കി ചുവന്ന ചുണ്ടുകളും പുകയിലക്കറ പിടിച്ച പല്ലുകളും. വെള്ള ജൂബ്ബയും മുണ്ടും, കയ്യിൽ ഒരു കാലൻ കുടയും. ഏതോ ഒരു ഉത്സവപറമ്പിൽ ചട്ടികളിക്കുന്നതിൽ മുഴുകി ഇരിക്കുന്ന അയാളെ എനിക്ക് കാണിച്ചു തന്നത് ഞങ്ങളുടെ തന്നെ മറ്റൊരു കൂട്ടുകാരനായിരുന്നു.

“അച്ഛൻ വരരുതേ എന്ന് പ്രാർത്ഥിച്ചായിരുന്നു, ഓരോ ദിവസവും ഉണരുന്നതും ഉറങ്ങുന്നതും. ചീട്ടുകളിക്കുന്നിടങ്ങളിലും ചാരായ ഷാപ്പുകളിലും പ്രാപിക്കുന്ന പെണ്ണുങ്ങളോട് പോലും അച്ഛന് ദേഷ്യമായിരുന്നെന്ന് കേട്ടിട്ടുണ്ട്. അമ്മയോട് പലപ്പോഴും ഞാൻ ചോദിച്ചിട്ടുണ്ട്, ആരാണ് അമ്മയോട് ഈ മനുഷ്യനെ വിവാഹം ചെയ്യാൻ പറഞ്ഞത് എന്ന്. അമ്മ കേട്ട ഭാവം നടിക്കാത്തതാണോ, അതോ കേൾക്കാത്തതോണോ എന്ന് എനിക്ക് അറിയില്ല. ചെവികുറ്റിക്ക് അടി കിട്ടി കിട്ടി, ഞാൻ ജനിക്കുന്നതിനും മുൻപേ അമ്മയുടെ രണ്ടു ചെവികളും കേൾക്കാതെ ആയിപ്പോയിരുന്നു”

ഏതോ വാക്കേറ്റത്തിന് കോയമ്പത്തൂരിൽ വച്ച് ആരുടെയോ കത്തി കുത്തേറ്റാണ് ആനന്ദന്റെ അച്ഛൻ മരിച്ചത്. നഗരത്തിന്റെ പുറമ്പോക്കിൽ എവിടെയോ ജഡം കണ്ട് തിരിച്ചറിഞ്ഞ് നാട്ടിലേക്ക് കൊണ്ട് വന്നപ്പോഴേക്കും ദിവസങ്ങൾ കഴിഞ്ഞിരുന്നു.

“ആമ്പുലൻസിൽ കൊണ്ടു വന്ന ആ ശവശരീരത്തിനെ പോലും എനിക്ക് ഭയമായിരുന്നു. തെക്കേ പറമ്പിൽ ചിത കത്തി അമർന്ന് എന്ന് ഉറപ്പിച്ചതിന് ശേഷമാണ് ഞാൻ അന്ന് ഇരുന്ന ഇരിപ്പിൽ നിന്നും എഴുന്നേറ്റത് പോലും”

“കാറ്റും വെളിച്ചവും വലുപ്പവും ഒരുപാടുള്ള ഇവിടുത്തെ ബെഡ്റൂമിൽ ഉറങ്ങുമ്പോൾ പോലും, ഇപ്പോഴും അച്ഛന്റെ ഉച്ചത്തിലുള്ള ചീത്തവിളികളും അമ്മയുടെ അടക്കിപിടിച്ച  തേങ്ങലുകളും കേട്ട് ഞാൻ ഞെട്ടി ഉണരാറുണ്ട്, അച്ഛൻ വന്നെങ്കിലോ എന്ന് ഭയന്ന് ഉറക്കം വരാതെ കിടക്കാറുണ്ട്“

Wednesday, June 27, 2012

....കഭി അൽവിദ നാ കെഹനാ


“കൊറേ ആയല്ലോ അന്നെ കണ്ടിട്ട്, എവ്ടായ്‌ര്ന്ന് യ്യ്?“

എന്നെ കണ്ടതിന്റെ സന്തോഷം എന്ന പോലെ നിലക്കടല വറുത്തുകൊണ്ടിരുന്ന ചീനചട്ടിയിൽ ചട്ടുകം കൊണ്ട് രണ്ട്മൂന്ന് തവണ ആഞ്ഞു മുട്ടി അയ്യപ്പേട്ടൻ ചിരിച്ചു

“പരീക്ഷയായിരുന്നു. കഴിഞ്ഞു. മറ്റന്നാൾ തിരിച്ച് പോവുകയാണ്”

“അങ്ങനെ യ്യും പൂവ്വായി, ല്ലേ”; വറുത്ത കടല ചീന ചട്ടിയിൽ നിന്നും അരിപ്പചട്ടുകത്തിൽ കോരി എടുത്ത്, കുലുക്കി പൂഴി കളഞ്ഞ് അയ്യപ്പേട്ടൻ ഒരു സ്റ്റീൽ പാത്രത്തിലേക്ക് ചരിഞ്ഞു. എന്നിട്ട് അതിൽ നിന്നും കുറച്ച് വാരി ഒരു  കടലാസു കുമ്പിളിൽ ഇട്ട് എനിക്ക് നേരെ നീട്ടി.

വറുത്ത നിലകടലയുടെ ഹൃദ്യമായ മണം ആസ്വദിച്ച് ഞാൻ കടല കൊറിച്ചു

“ഫസ്റ്റ് ഷോ ഇപ്പോ വിടും അത് കയിഞ്ഞ് നമ്മക്ക് പോകാം”; ഒന്നു ഉറപ്പിക്കാനെന്ന പോലെ അയ്യപ്പേട്ടൻ ചോദിച്ചു; “യ്യ് ന്ന് തിരിച്ച് പോന്നില്ലല്ലോ?”

ഇല്ല എന്ന് ഞാൻ തലയാട്ടി.
സന്തോഷ് ടാക്കീസിൽ നിന്നും ഏതോ തെലുങ്ക് സിനിമയുടെ ക്ലൈമാക്സ് സീനിലെ സ്റ്റണ്ടിന്റെ ശബ്ദ കോലാഹലങ്ങൾ കേൾക്കാം. കറുത്ത കോട്ടും തൊപ്പിയും ധരിച്ച്, കൂളിംഗ് ഗ്ലാസ്സ് വച്ച്, കയ്യിൽ വലിയൊരു തോക്കുമായി, ട്രെയിനിനു പിന്നാലെ പായുന്ന ഒരു കുതിരപ്പുറത്തിരിക്കുന്ന നായകന്റെ പോസ്റ്റർ പുറത്തെ മതിലിൽ ഒട്ടിച്ച് വച്ചിട്ടുണ്ട്.

“വൈന്നേരം വന്നൂടായിരുന്നോ, ഭയങ്കര അടിപടാണ്. അനക്കിഷ്ടാവും”; അയ്യപ്പേട്ടൻ ഉന്തുവണ്ടി  കടയിലെ സാധങ്ങൾ ഒതുക്കി വച്ച് കട അടക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. “ചെരംജീവിയാണ്. അടീന്റെ പൂരാ, ഞാനിന്നലെ കേറി സെക്കൻഡ് ഷോ കണ്ടു”

കുറച്ച് അപ്പുറത്ത് പ്രൈമറി ഹെൽത്ത് സെന്റർ കെട്ടിടത്തിന്റെ മുന്നിലെ ചുവരിൽ, നിറം മങ്ങിയ ഒരു ബൾബ് കത്തി നിൽക്കുന്നു. മതിലിന് മുന്നിലെ ബസ്സ് ഷെൽട്ടറിന്റെ സിമന്റ് തറയിൽ എന്റെ കണ്ണുകൾ സാമിയേട്ടനെ തിരഞ്ഞു.

“സാമിയേട്ടൻ ഈ വഴിക്കൊന്നും പിന്നെ വന്നതേ ഇല്ല?”

“അവന് എവിടായാലെന്താ! കറങ്ങി നടക്കുന്നുണ്ടാവും. പിന്നെ വന്നതേയില്ല”; ഉന്തുവണ്ടിയുടെ അടിയിൽ തൂക്കിയിട്ടിരുന്ന തുണി സഞ്ചിയിൽ നിന്നു ഒരു ചെറിയ കടലാസുപൊതി എടുത്ത് അയ്യപ്പേട്ടൻ എനിക്ക് നേരെ നീട്ടി; “കുരു കളഞ്ഞ ഉഗ്രൻ സാധനാണ്. വയനാടൻ”

പൊതി ഞാൻ മൂക്കോട് അടുപ്പിച്ചു. ഉണങ്ങി പാകമായ കഞ്ചാവിന്റെ മണം എന്റെ നാസാരന്ധ്രങ്ങളിലേക്ക് പടർന്ന് കയറി

കളർ ചോക്കുകൾ കൊണ്ട് ബസ്സ് ഷെൽട്ടറിലെ സിമന്റ് തറയിൽ ഹനുമാന്റെയും യേശുവിന്റെയും ക-അബയുടെയും ചിത്രങ്ങൾ വരച്ച് അതിന് തലയ്ക്കൽ ധ്യാനത്തിലെന്ന പോലെ ഇരിക്കുന്ന സാമിയേട്ടന്റെ ഊരും പേരുമൊന്നും ആർക്കും അറിയില്ല. ചിത്രങ്ങളിലേക്ക് ആളുകൾ എറിഞ്ഞു കൊടുക്കുന്ന ചില്ലറകാളാണ് വരുമാനം. സദാസമയവും കഞ്ചാവിന്റെ  ലഹരിയിലിരിക്കുന്നത് കൊണ്ട് അങ്ങാടിയിലെ ആളുകൾ ഇട്ട പേരാണ് സാമി.

അറുപത് വയസ്സെങ്കിലും കഴിഞ്ഞ ഒറ്റത്തടിയാണ് അയ്യപ്പേട്ടൻ. അങ്ങാടി വിട്ട് കുറച്ച് നടന്നാൽ വയൽക്കരയിൽ അയ്യപ്പേട്ടന് ഓലമേഞ്ഞ ഒരു ചെറിയ വീടുണ്ട്. സദാസമയവും കാറ്റ് വീശിക്കൊണ്ടിരിക്കുന്ന അതിന്റെ ഉമ്മറത്തിരുന്ന് ഞാനും അയ്യപ്പേട്ടനും സാമിയേട്ടനും വയനാടൻ ചുരമിറങ്ങിവരുന്ന കഞ്ചാവ് വലിക്കും. നാടൻ ചാരായം കുടിക്കും. എംബസ്സി ഹോട്ടലിൽ നിന്നും വാങ്ങി കൊണ്ടുവരുന്ന ബീഫ് ഫ്രൈയും പൊറാട്ടയും കഴിക്കും.

നീല പുകചുരളുകളുടെ ലഹരിയിൽ, മുറ്റത്തെ ഞേറലിന്റെ ചുവട്ടിലെ ബഞ്ചിലിരുന്ന് തന്റെ പഴയ ഹാർമോണിയത്തിൽ താളമിട്ട് അയ്യപ്പേട്ടൻ .സുഹാനി രാത് ധൽ ചുകി‘യും ‘ചൌന്ദിനികാ ചാന്ദ് ഹോ’യും ‘ചൽതേ ചൽതേ മേരെ യേ ഗീതും’ പാടും.

അപൂർവ്വമായി സംസാരിക്കുകയും അതിലും അപൂർവ്വമായി മാത്രം ചിരിക്കുകയും ചെയ്യുമായിരുന്ന സാമിയേട്ടൻ കളർചോക്കുകളുടെ നിറങ്ങൾ പറ്റിപിടിച്ച തന്റെ നീണ്ട താടിയിൽ തലോടി അയ്യപ്പേട്ടന്റെ പാട്ടുകളും ആസ്വദിച്ച് ഇരിക്കും. മഴക്കാലത്ത് ഒഴിച്ച് അയ്യപ്പേട്ടന്റെ മുറ്റത്തെ ഞേറലിനു ചുവട്ടിലെ ബഞ്ചിലാണ് സാമിയേട്ടന്റെ രാത്രി ഉറക്കം. മഴ തുടങ്ങിയാൽ അയ്യപ്പേട്ടൻ വിളിച്ചാലും കൂട്ടാക്കാതെ ബസ്സ് ഷെൽട്ടറിലെ തണുപ്പിൽ അയാൾ കൂനികൂടി ഇരിക്കും. സാമിയേട്ടന്  മഴയോടുള്ള ഇഷ്ടമാണ് കാരണം എന്ന് അയ്യപ്പേട്ടൻ ഒരിക്കൽ എന്നോട് പറഞ്ഞു.

എവിടെ നിന്നോ വന്ന സാമിയേട്ടൻ ഒരു ദിവസം അരോടും പറയാതെ എങ്ങോട്ടേക്കോ പോയി. അയാൾ വരച്ച ചിത്രങ്ങൾ ബസ്സ് ഷെൽട്ടറിന്റെ സിമന്റ് തറയിൽ, ആളുകളുടെ കാൽചുവടുകളിൽ പെട്ട് നിറം മങ്ങി മങ്ങി ഇല്ലാതെയായി.

നാളെ കഴിഞ്ഞാൽ ഞാനും മടങ്ങുകയാണ്.

ഏകാന്ത രാവുകളിൽ ഞേറലിന്റെ ചുവട്ടിലെ ബഞ്ചിലിരുന്ന് ഹാർമോണിയത്തിൽ താളമിട്ട് അയ്യപ്പേട്ടൻ ഇനിയും പാടികൊണ്ടേയിരിക്കും “....കഭി അൽവിദ നാ കെഹനാ“

Monday, May 21, 2012

ഹേർട്ട്ത്രോബ്


പെട്ടന്നാണ് മഴപെയ്യാൻ തുടങ്ങിയത്. പുറത്ത് ആരോ ചരൽകല്ലുകൾ വാരി എറിഞ്ഞതു പോലെയായിരുന്നു ആദ്യം തോനിയത്. ഞാവലിന്റെ വലുപ്പമുള്ള ആലിപ്പഴങ്ങൾ തുരുതുരാ വീണു.

സന്ധ്യയ്ക്ക് ശ്രിലക്ഷ്മി ബേക്കറിയ്ക്ക് മുന്നിൽ ബേൽപൂരി തിന്നുകൊണ്ട് ഇരിക്കുമ്പോഴാണ് മഴ തുടങ്ങിയത്. പുളിമരത്തിന് താഴെ സ്റ്റൂളുകളിൽ ഇരുന്ന് ചാറ്റ് കഴിച്ചുകൊണ്ടിരുന്നവർ നനയാതിരിക്കാൻ ബേക്കറിയുടെ വരാന്തയിലേക്ക് ഓടി കയറി.

നിലത്ത്നിന്ന് രണ്ട്മൂന്ന് ആലിപ്പഴങ്ങൾ ധൃതിയിൽ പെറുക്കി കൈയിലെടുത്ത് അജയൻ പറഞ്ഞു;
“ബാംഗ്ലൂരാണ് ആലിപ്പഴങ്ങൾ കായ്ക്കുന്ന നാട്. നാട്ടിൽ ഇങ്ങിനൊരു സാധനം ഉണ്ടെന്ന് കേട്ടിട്ടേ ഉള്ളൂ”; അവന്റെ കയ്യിലിരുന്ന് ആലിപ്പഴങ്ങൾ ഉരുകിയൊലിച്ച് ഇല്ലാതായി.

മഴനനഞ്ഞ് ഞങ്ങൾ നടന്നു. പൊടുന്നനെ പെയ്ത മഴയിൽ ആളുകളും വാഹനങ്ങളും പരക്കം പായുകയാണ്. കടത്തിണ്ണകളിലും ബസ്സ് ഷെൽട്ടറിലുമൊക്കെ നനയാതിരിക്കാൻ ജനം തിക്കിതിരക്കി നിൽക്കുന്നു.

മുനിസിപ്പൽ ഗ്രൌണ്ട് മുറിച്ച് കടന്ന്, അങ്ങേതലയ്ക്ക് മസ്ജിദിന്റെ കമാനത്തിനോട് ചേർന്നുള്ള പൂനാവാലെയുടെ സൈക്കിൾ ചായക്കടയ്ക്ക് മുന്നിലെ കരിങ്കല്ല് സ്ലാബുകളിൽ മഴയും നനഞ്ഞ് ഞങ്ങൾ ഇരുന്നു.

“അരേ അജയ് ഭായ്, ബർസാത് കി സാത് ഗരം ഗരം ചായ് പീയോ“; മേലെനിരയിലെ രണ്ട് പല്ലുകളൊഴിഞ്ഞ വായിലുടെ ചുരുട്ട്പുക ഊതിവിട്ട് പൂനാവാല വിളിച്ച് പറഞ്ഞു;

“ഇപ്പോ വേണ്ട ഭായ്”; അജയൻ കൈ ഉയർത്തി പൂനാവാലയെ അഭിവാദ്യം ചെയ്തു “ഒരു സിഗറട്ട് വലിക്കാനാണ് തോനുന്നത്. പക്ഷേ മഴ നനയലും സിഗറട്ട് വലിയും ഒരുമിച്ച് നടക്കില്ലല്ലോ!“

അജയൻ ഇന്ന് തീർച്ചയായും വരും എന്ന് എനിക്കറിയാമായിരുന്നു. ഉച്ച കഴിഞ്ഞപ്പോൾ തന്നെ അവന്റെ എസ്സ് എം എസ്സ് വന്നു. “ചാറ്റ് അറ്റ് ശ്രീലക്ഷ്മി, ചായ് അറ്റ് പൂനാവാല, ഡൈൻ അറ്റ് സ്നേഹശ്രീ വിത്ത് ആർസി. ബി റെഡി ബൈ സിക്സ് പി.എം.”

മഴ തിമർത്ത് പെയ്യുകയാണ്. മൈതാനത്തിൽ വെള്ളം കെട്ടിനിൽക്കുന്നിടങ്ങളിൽ കുട്ടികൾ കൂട്ടം കൂടി നനഞ്ഞ് ചളിവെള്ളം തെറിപ്പിച്ച് നൃത്തം ചെയ്യുന്നു. കുട്ടികൾക്ക് ആഘോഷമാണ് മഴ.

“രാവിലെ എയർപോർട്ടിന്ന് നിന്റെ ഹേർട്ട്ത്രോബ് വിളിച്ചിരുന്നു. നീ ഫോണെടുക്കുന്നില്ലെന്ന്”; വാച്ചിലേക്ക് നോക്കി അജയൻ പറഞ്ഞു; “അവളിപ്പോൾ ചെന്നയിൽ നിന്നും പാരിസിലേയ്ക്ക് പറക്കുകയായിരിക്കും”

ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. അജയൻ മറുപടി ഒന്നും പ്രതീക്ഷിച്ചുമുണ്ടാവില്ല.

“ഈ കലാകാരന്മാരും ബുദ്ധിജീവികളും ഒക്കെയാള്ള കൂട്ട് നമുക്കൊന്നും ശരിയാവില്ലടാ. നാട്ടിലെ സതീശനെ ഓർക്കുന്നില്ലേ നീ, താടീം മുടീം നീട്ടി ജൂബ്ബായും ഇട്ട് കഞ്ചാവും വലിച്ച് പിക്കാസോ, നെരൂദാ, ബൈസിക്കിൾ തീവ്സ് എന്നൊക്കെ പറഞ്ഞ് തെക്ക് വടക്ക് നടന്നോളും”; അജയൻ കൈപ്പത്തികൾ ഒരു കുമ്പിളുപോലെയാക്കി മഴയിലേയ്ക്ക് നീട്ടി; “ഇന്ദുവും ഒരു ബുദ്ധിജീവി, പോരെങ്കിൽ പെണ്ണും. കവിത, പെയ്ന്റിംഗ്, സ്കൾപ്ടറിംഗ്, ഗുലാം അലി, ഹരിപ്രസാദ് ചൌരസ്യനൊക്കെ കേട്ട് നീ ചെന്ന് ചാടി. നീയാണെങ്കിൽ ബുദ്ധിജീവിയുമല്ല മനുഷ്യജീവിയുമല്ല. ഒരു മണ്ടൻ!”

അവൻ കൈ കുമ്പിളിലെ വെള്ളം എനിക്ക് നേരെ തെറിപ്പിച്ചു;

“ഈ മാതിരി സാധനങ്ങൾക്കൊക്കെ പ്രണയവും സൌഹൃദവുമൊക്കെ ഒരു നേരം പോക്കാണ്. ഒരേ സമയം നിന്നെയും വേറൊരാളെയും ഇനിയൊരാളെയും അവൾ പ്രണയിക്കും. നിന്റെ പ്രണയമില്ലാതെ ജീവിക്കാനാവില്ലെന്ന് ഓരോരുത്തരോടും ആണയിടും“; അജയൻ ചിരിച്ചു; “നിന്നിലെ കവിയെ പ്രണയിക്കും, വേറൊരുത്തനിലെ ചിത്രകാരനെ പ്രണയിക്കും, വേറൊരുത്തന്റെ പണത്തിനെ പ്രണയിക്കും, ഇനിയൊരുത്തന്റെ.... എന്നെക്കൊണ്ടൊന്നും പറയിക്കരുത്”; അവൻ പെട്ടന്ന് നിർത്തി

മസ്ജിദിന്റെ തൊടിയിലെ മരത്തിൽ വിടർന്ന് നിൽക്കുന്ന വയലറ്റ് പൂക്കൾ മഴവെള്ളത്തിൽ ഞങ്ങൾക്ക് മുന്നിലൂടെ മൈതാനത്തിലേക്ക് ഒഴുകി.

യൂനിവേഴ്സിറ്റി ക്യാമ്പസിലെ വയലറ്റ് പൂക്കൾ വിരിഞ്ഞുനിൽക്കുന്ന മരത്തണലുകളീലുരുന്ന് കവിത എഴുതിയിരുന്ന, ചിത്രങ്ങൾ വരച്ചിരുന്ന, ഗുലാം അലിയുടെ ഗസലുകളും ഹരിപ്രസാദ് ചൌരസ്യയുടെ ഓടക്കുഴൽവിളിയും ഇഷ്ടപ്പെട്ടിരുന്ന ഇന്ദു, ഇനി പാരിസിൽ ചിത്രകാരന്മാരുടെ തെരുവുകളിലും ആർട്ട് ഗ്യാലറികളിലും, നിറങ്ങളെയും ചിത്രങ്ങളെയും ആളുകളെയും പ്രണയിച്ച് അവിടം മടുക്കുമ്പോൾ പുതിയൊരു സ്ഥലത്തേയ്ക്കും അവിടെനിന്ന് വേറൊരിടത്തേക്കും, അവിടെനിന്നും പിന്നെ ഇനിയൊരിടത്തേക്കും....ഒരിക്കലും അവസാനിക്കാതെ യാത്ര തുടർന്നുകൊണ്ടേയിരിക്കുമായിരിക്കും.

Sunday, April 29, 2012

മഴവിൽക്കാലം


“ഇല നക്കിയ നായിന്റെ ചിറി നക്കുന്ന ഓരോ മക്കൾ”

ബികോം ബ്ലോക്കിന് പിന്നിൽ ബാസ്കറ്റ് ബോൾ ഗ്രൌണ്ടിൽ ‘യമന്റെ കൊട്ടാരത്തിൽ കട്ടൻ ചായയോ’ എന്ന നാടകത്തിന്റെ റിഹേഴ്സൽ പൊടിപൊടിക്കുകയാണ്.

ഹരിഷ് സജിക്ക് നാടകതിന്റെ ഡയലോഗ് പറഞ്ഞു കൊടുക്കുന്നു. സജി യമരാജൻ, രാധാകൃഷ്ണൻ ചിത്രഗുപ്തൻ. ഞാനടക്കം ബാക്കി ബികോം സംഘാങ്ങൾ, മരിച്ച് യമലോകത്തിൽ ചെന്ന് വിചാരണ നേരിടുന്ന പല കഥാപാത്രങ്ങൾ.

“ഇല നക്കിയ നായിന്റെ ചിറി നക്കിയ നായിന്റെ ഓരോ മക്കൾ”

ഒന്നും രണ്ടും തവണയല്ല ഇതിപ്പോൾ നൂറാമത്തെ തവണയെങ്കിലും ആയിക്കാണും സജി ഡയലോഗ് തെറ്റിക്കുന്നത്. ഓരോ പ്രാവശ്യം തെറ്റുമ്പോഴും ശരീരം പോലെ തന്നെ വലിയ അവന്റെ ചിരി മുഴങ്ങും.

“ഡാ, ഒരു പുക നോക്കട്ടെ, ഇപ്പോ ശരിയാവും”; ആരുടെയെങ്കിലും കയ്യിൽ നിന്നും ഒരു സിഗറട്ട് പുക എടുത്ത് അവൻ പിന്നെയും റിഹേഴ്സലിന് തയ്യാറാവും. പിന്നെയും ഡയലോഗ് തെറ്റിക്കും.

ഇരുട്ട് വളരാൻ തുടങ്ങി. സജി ഡയലോഗ് ശരിയായി പറയുന്ന ലക്ഷണം കാണുന്നില്ല. സകല കണ്ട്രോളും പോയ ഹരിഷ് കയ്യിൽ കിട്ടിയ എന്തോ സാധനവുമായി അവന്റെ മേൽ ചാടി വീണു. കുതറി മാറി ജീവനും കൊണ്ട് ഓടുകയാണു സജി..

അതുംകണ്ട് ഗ്രൌണ്ടിലെ കല്പടവുകളിൽ കുത്തിയിരുന്ന് ഞങ്ങൾ കൂട്ട ചിരിയാണ്. ഞാൻ, സുരേഷ്, പ്രസി, മഹേഷ്, ദിൽജി, പ്രകാശൻ, ഷൈലേഷ്, ശ്രീജിത്, പ്രസാദ്, ഹർഷാദ്, രാജേഷ്, ബാബുരാജ്...
ചേളന്നൂർ ശ്രീ നാരായാണ ഗുരു കോളെജിൽ 85-90 കാലഘട്ടത്തിൽ പഠിച്ച പഴയ സുഹൃത്തുക്കൾ 2012 മെയ് 1നു കോളെജ് അങ്കണത്തിൽ വീണ്ടും ഒത്തു ചേരുന്നു. ആഘോഷങ്ങളുടെ ഓർമകളുമായി ഇരുപത്തിനാല് വർഷങ്ങൾക്ക് മുമ്പ് പലവഴിയിലായി നടന്നുപോയവർ വീണ്ടും മെയിൽ വഴിയും ഫേസ് ബുക്കു വഴിയും ഫോൺ വഴിയും പരതി പിടിച്ച് ഓർമകൾ പുതുക്കുകയാണ്. വരാനിരിക്കുന്ന കൂടിചേരലിന്റെ ആവഏശത്തിമർപ്പിലാണ് എല്ലാവരും. 

പങ്കെടുക്കാനാവില്ല എന്നതുകൊണ്ട് പഴയ ഫോട്ടോകളിലെ ഓർമകളിൽ കയറിയിറങ്ങി ക്യാമ്പസിലൂടെ നടക്കുകയാണ് ഞാൻ.

Monday, March 12, 2012

പാതി വഴി


മഞ്ഞ്. കൊടും തണുപ്പ്. ചെങ്കുത്തായ കയറ്റം. അമർനാഥിലേയ്ക്കുള്ള യാത്രയാണ്.
എനിക്കറിയാം, നീ ചിരിക്കുകയായിരിക്കും.

മഞ്ഞുവീണുറഞ്ഞ ഈ പാറക്കെട്ടുകളിൽ നിൽക്കുമ്പോൾ ദൂരെ താഴെ ആണും പെണ്ണും സന്യാസികളും  ഭാരം വഹിക്കുന്ന കഴുതകളും ഉറുമ്പിൻകൂട്ടത്തെപോലെ നീങ്ങുന്നത് കാണാം.

നീ എപ്പൊഴും പറയുന്നത് പോലെ, ഒരാൾക്കുള്ളിൽ ഒരായിരം പേരുള്ള ആരെയും ഇവിടെ കാണാനാവുന്നില്ല. ഒരേമുഖഭാവമുള്ള, അല്ലെങ്കിൽ പതിനായിരങ്ങളും ഒരാളെ പോലെയുള്ള ആൾകൂട്ടം. വഴിയിൽ മഞ്ഞിടിഞ്ഞ് വീണ് മരിച്ച തീർത്ഥാടകരുടെ ജഡങ്ങളുടെ വിറങ്ങലടിച്ച മുഖങ്ങൾക്ക് പോലും അതേഭാവമാണ്.

വഴിത്താവളത്തിൽ ഇന്നലെ ഞാനുറങ്ങിയത് ഒരു ഗണികയ്ക്കൊപ്പമാണ്. എന്റെ കയ്യിൽ പണമൊന്നും ഇല്ലെന്ന് പറഞ്ഞപ്പോൾ അവൾ കനലിൽ ചുട്ട റൊട്ടിയും ഒന്ന് രണ്ട് കൽക്കണ്ടകഷ്ണങ്ങളും കുറച്ച് ചൂട് കട്ടൻ ചായയും തന്ന്, ഒരു പഴയ കമ്പിളി പുതപ്പിച്ച് എന്റെ മുഖം അവളുടെ മാറോട് ചേർത്ത് പിടിച്ച് എന്നെ ഉറക്കി. ആ ഉറക്കത്തിൽ നമ്മുടെ എൽ.പി സ്കൂൾ ക്ലാസുകളും നാരായണൻ മാഷെയും നിന്നെയും നമ്മുടെ കൂട്ടുകാരെയും ഞാൻ സ്വപ്നം കണ്ടു.

അഞ്ചാംക്ലാസ്സ് ബിയിലെ മുന്നിലത്തെ ബഞ്ചിൽ നീലട്രൌസറും കറുത്ത വരകളുള്ള ഷർട്ടുമിട്ട് ഇരിക്കുന്ന നിന്റെ തൊട്ടടുത്ത് എന്നെ തിരയുകയായിരുന്നു ഞാൻ. പത്മിനിയെയും ശോഭനയെയും ചന്ദ്രനെയും ശിവനെയും രമണിടീച്ചറെയും എനിക്ക് തിരിച്ചറിയുവാനാവുന്നുണ്ട്. കിണറ്റിൻ കരയിലും  അമ്മാട്ടിയാർ ഉപ്പുമാവുണ്ടാക്കുന്ന ഷെഡിനുമുന്നിലും ഗ്രൌണ്ടിലെ മാവിൻ ചുവട്ടിലും ഞാനൊഴികെ നിങ്ങൾ എല്ലാവരുമുണ്ട്.

എന്നെ തിരഞ്ഞ് കാണാതായപ്പോൾ പുറത്ത് വരാത്ത ശബ്ദവുമായി ഞാൻ വാവിട്ട് കരഞ്ഞു. എനിക്കറിയാത്ത ഏതോ ഭാഷയിൽ  എന്നോട് എന്തൊക്കെയോ പറഞ്ഞ് അവളെന്റെ തലമുടിയിലൂടെ വിരലുകളോടിച്ചു.

 രാവിലെ കുറച്ച് ദൂരം എനിക്കൊപ്പം നടന്ന് പെട്ടന്നാണ് അവൾ എങ്ങോട്ടൊ മറഞ്ഞത്. പറയാതെ പോകുന്നവരും, ചോദിക്കാതെ കടന്നുവരുന്നവരും ഒരു ബാദ്ധ്യതയാണെന്ന് ആരാണ് പറഞ്ഞതെന്ന് ഓർക്കുന്നോ നീ? മടപ്പള്ളി കോളെജിൽ എമ്പ്ലോയിമെന്റിൽ നിന്നും ജോലികിട്ടി വന്ന്   നമ്മളെ ആധുനിക കവിത പഠിപ്പിച്ച മുരളി മാഷ്.

**

തിരിച്ച് നടക്കുകയാണ് ഞാൻ.  പെട്ടന്ന് തോനിയതാണ് പാതി വഴിയിൽ ഈ യാത്ര അവസാനിപ്പിച്ച് മടങ്ങാൻ.

ബാക്കി വച്ച കാഴ്ചകൾ മോഹിപ്പിച്ചുകൊണ്ടേയിരിക്കും എന്നാണല്ലോ.
അമർനാഥിലെ കാഴ്ചകൾ കാണാൻ ഇനി ഒരിക്കൽ വരണം.

Saturday, February 04, 2012

അച്ഛമ്മ


വെള്ളത്തുണി പുതച്ച് അച്ഛമ്മ ശാന്തമായി ഉറങ്ങുന്നു. പതിഞ്ഞ ശബ്ദത്തിൽ ആരോ രാമായണം വായിക്കുന്നുണ്ട്. എരിയുന്ന ചന്ദനതിരികളുടെ സുഗന്ധം. തറവാട് വീട്ടിലെ മുറ്റത്തും പറമ്പിലും അകത്തളത്തിലും ആളുകൾ കൂടി നിൽക്കുന്നു. തെക്കെപറമ്പിലെ മാവിന്റെ കടയ്ക്കൽ മഴു ആഞ്ഞ് വീഴുന്ന ശബ്ദം.

“നീയ്യ് വന്നോ! എത്രനാളായി നീയൊന്ന് എന്നെ വന്ന് കണ്ടിട്ട്“

***

മുറ്റത്ത് ആളനക്കം കണ്ട് ഒന്ന് ഇളകിയിരുന്ന് അച്ഛമ്മ വിളിച്ച് ചോദിച്ചു;

“ആരാദ്”

ഞാൻ ഉമ്മറത്തേക്ക് കയറി ബെഞ്ചിൽ അച്ഛമ്മയോട് ചേർന്നിരുന്നു. ചുക്കിചുളിഞ്ഞ കൈവിരലുകൾ എന്റെ തലയിലും മുഖത്തും പായിച്ച് അച്ഛമ്മ എന്നെ ചേർത്തു പിടിച്ചു;

“നീയ്യ് വന്നോ! എത്രനാളായി നീയൊന്ന് എന്നെ വന്ന് കണ്ടിട്ട്“

മിക്കവാറും ഞായറാഴ്ചകളിലും അച്ഛമ്മയെ കാണാൻ ഞാൻ വരാറുണ്ട്. അത് പറഞ്ഞാൽ അച്ഛമ്മ സമ്മതിക്കില്ല. കാഴ്ചയും കേൾവിയും, ദിവസങ്ങളുടെയും ഓർമകളുടെയും ചിട്ടവട്ടങ്ങളും കണക്കുകളും, അച്ഛമ്മയെ ഉപേക്ഷിച്ച് പോയിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞു.

“എളയ മോന്റെ മോനാണ് എന്നും പറഞ്ഞ് ദിവസവും എത്രപേരാ എന്നെ പറ്റിക്കാൻ ഇവിടെ കയറി വരുന്നത് എന്നറിയോ നിനക്ക്!“; അച്ഛമ്മ എന്റെ കൈത്തലത്തിൽ അമർത്തി ഉമ്മവച്ചു; “കണ്ണും ചെവിയും ഇല്ലാനെച്ച് എന്റെ മോനെ എനിക്ക് തിർച്ചറിയാനാവില്ല എന്നാ എല്ലാരുടെയും വിചാരം. ശ്രിധരനോട് ഇന്നലേം ഞാൻ തറപ്പിച്ച് പറഞ്ഞു, മേലിലീമുറ്റത്ത് കാലുകുത്തരുതെന്ന്”

പല്ലില്ലാത്ത മോണകാട്ടി അച്ഛമ്മ കൊച്ചുകുഞ്ഞിനെപോലെ ചിരിച്ചു.

അച്ഛമ്മ ഇപ്പോൾ ജീവിക്കുന്നത് ഇന്നലെകളിലാണ്. അമ്പത് വർഷങ്ങളെങ്കിലും മുമ്പ് ഏതോ അസുഖത്തിൽ മരിച്ചുപോയ അച്ഛമ്മയുടെ ഇളയ സഹോദരൻ ശ്രീധരമ്മാമ അച്ഛമ്മയെ തമാശയാക്കാൻ എന്റെ വേഷം കെട്ടി വന്നിരിക്കുന്നു. പഞ്ഞിക്കെട്ടുപോലെ വെളുത്ത അച്ഛമ്മയുടെ തലമുടിയിൽ ഞാൻ മുഖമമർത്തി. സ്നേഹത്തിന്റെ സുഗന്ധം!

“അല്ലേലും ശ്രീധരന് ചെറുപ്പത്തിലേ കുറുമ്പ് കൂടുതലാണ്. വടിയുമെടുത്ത് ഞാൻ പിന്നാലെ ചെല്ലണം കുളത്തീന്ന് കേറാനും വല്ലതും തീറ്റിക്കാനും. വികൃതിനൊക്കെ പറഞ്ഞാൽ... വൈക്കോൽ കൂനയ്ക്ക് വരെ തീവച്ചിട്ടുണ്ടവൻ. അച്ഛന്റേടുത്ത് നിന്ന് തല്ലൊഴിഞ്ഞ നേരമില്ല. ഏട്ടത്യേന്നും  വിളിച്ചൊരു നിലവിളിയായിരിക്കും. പിന്നെ ഞാൻ ചെന്നിട്ട് വേണം അച്ഛന്റെ തല്ലിൽ നിന്നും അവനെ രക്ഷിക്കാൻ!”; അച്ഛമ്മ എന്റെ കൈവിരലുകൾ മുറുക്കി പിടിച്ചു; “ചീത്ത പറഞ്ഞ് ഓടിച്ചതൊന്നും അവന് കാര്യല്ല. ഇപ്പം കയറി വരും, മോൻ നോക്കിക്കോ”

വൈകുന്നേരത്തെ വെയിൽ വീണുകിടക്കുന്ന മുറ്റത്തിനും ഇടവഴിയ്ക്കും അപ്പുറം നിരത്തിലേക്ക് സൂക്ഷിച്ച് നോക്കി അച്ഛമ്മ.

“ബസ്സോ വണ്ടിയോ എന്തേലും കിട്ട്വായിരുന്നേൽ ഞാനങ്ങ് വന്നേനെ. മുട്ടിന് വേദനകൊണ്ട് കോണി എറങ്ങാൻ പറ്റുന്നുമില്ല. കുട്ട്യോൾ ആരെയെങ്കിലും സഹായത്തിന് വിളിക്കാനെച്ചാൽ ആർക്കുല്ല നേരം”; അച്ഛമ്മ ഞങ്ങളുടെ വീട്ടിലേക്ക് വരാനുള്ള തയ്യാറെടുപ്പാണ്.

മക്കൾ ആരുടെയെങ്കിലും വീടുകളിൽ പോകണം എന്ന് വാശിപിടിച്ച് അച്ഛമ്മ ചിലപ്പോൾ  പുറപ്പെടും. എവിടെയും ഒരു രാത്രിപോലും തങ്ങില്ല. അതിനുമുമ്പേ തുടങ്ങും പരിഭവം;

“ഇവിടെ വന്നിട്ട് ഇപ്പോ എത്രനാളായി. നിങ്ങക്കാർക്കും ദിവസങ്ങളെക്കുറിച്ചൊരു നിശ്ചയില്ലാനെച്ചാലും എനിക്കുണ്ട്. ആർക്കും നേരമില്ലേൽ ബസ്സിലോ വണ്ടിലോ കേറ്റി വിട്ടേക്ക്, ഞാനങ്ങ് പോയിക്കൊള്ളും. അവിടെ തുളസിത്തറിയിൽ വിളക്ക് വച്ചിട്ട് നാളെത്രയായോ ആവോ!“

***

“ഇരുനൂറ്റി അമ്പത്തിനാല് ആത്മാക്കളാണ് അനാഥമായി അലയുന്നത്...“;

അരിപ്പൊടിയും മഞ്ഞളും കൊണ്ട് വരച്ച കളത്തിന് നടുവിൽ കത്തിച്ചു വച്ച  നിലവിളക്കുകൾക്കും പുകയുന്ന സാമ്പ്രാണി താലങ്ങൾക്കും എരിയുന്ന ഹോമകുണ്ഡത്തിനും  പിന്നിൽ ശാന്തനായി ഇരുന്ന് തിരുമേനി പറഞ്ഞു;

“തലമുറകളാണ് പേറേണ്ടിവരുന്നത് ഈ പാപഭാരം. കർമ്മങ്ങൾ ചെയ്ത്  ആത്മാക്കളെ  മോചിപ്പിച്ച് വിടുക”

***

കുഞ്ഞു മൺകുടങ്ങളിലെ തെച്ചിപൂക്കളും തുളസി ഇലകളും അരിമണികളും പാപനാശിനിയിലൊഴുക്കി മുങ്ങി നിവർന്നപ്പോൾ മുന്നിൽ തൂവെള്ള വസ്ത്രത്തിൽ നനഞ്ഞ കണ്ണുകളുമായി അച്ഛമ്മ;

“ന്റെ കുഞ്ഞിനെ വിട്ടുപോയുള്ള മോക്ഷം എനിക്ക് വേണ്ട”

***

മരുഭൂമിയിൽ, വേനലിലെ പകലറുതിയിൽ, കടൽതീരത്ത് അച്ഛമ്മയുടെ മടിയിൽ തല വച്ച് ഞാൻ കിടന്നു.

Tuesday, January 24, 2012

ആദരാഞ്ജലികൾ


കച്ചേരി മൈതാനിയിൽ അദ്ദേഹത്തിന്റെ പ്രസംഗം ആദ്യമായി കേട്ടത് ഇന്നലെയെന്നപോലെയാണ് ഓർമയിൽ. പതുക്കെ, മൃദുവായി തുടങ്ങി പേമാരി എന്നപോലെ കോരിച്ചെരിഞ്ഞ വാക്ക് വൈഭവം! സംഭവങ്ങളും വ്യക്തികളും കാലവും ദേശവും അണമുറിയാതെ കോർത്തിണക്കിപെയ്ത പെരുമഴ പ്രവാഹം.

ശരികൾക്ക് വേണ്ടി നിലകൊണ്ട, ശരികൾക്ക് വേണ്ടി വിട്ടുവീഴ്ചകളില്ലാതെ വാദിച്ചുകൊണ്ടേയിരുന്ന മലയാളിയുടെ ശബ്ദമാണ് നിലച്ചത്.

പ്രിയപ്പെട്ട അഴീക്കോടിന് ആദരാഞ്ജലികൾ

Saturday, January 21, 2012

നാടക സ്മരണകൾ


അങ്ങാടിയിൽ എൽ. പി സ്കൂൾ ഗ്രൌണ്ടിൽ, നാട്ടിലെ കലാകാരന്മാർ അവതരിപ്പിച്ച  പേരോർമയില്ലാത്ത ഒരു ആധുനിക നാടകം. കുറെ നേരം ക്ഷമയോടെ കണ്ടുനോക്കിയിട്ടും ഒന്നും മനസ്സിലാവാതായപ്പോൾ ഞാനും സദാനന്ദനും കൂക്കി തുടങ്ങി. സദാനന്ദൻ വിരലുകൾ വായിൽ തിരുകിയുള്ള വിസിലടിയിൽ വിദഗ്ദ്ധൻ ആണ്. ആരെങ്കിലും ഒന്ന് തുടങ്ങാൻ കാത്ത് നിന്നത് പോലെ  ആളുകൾ എല്ലാ മൂലയിൽ നിന്നും വിസിലടിയും കൂക്കി വിളിയും തുടങ്ങി.

അടുത്ത ദിവസം സന്ധ്യയ്ക്ക് വീട്ടിൽ, അച്ഛൻ ചെവിപിടിച്ച് തിരുകി ഉത്തരവിട്ടു;

“മേലിൽ വൈകിട്ട് ആറ് മണിക്ക് ശേഷമുള്ള ഒരു പരിപാടിക്കും പോകണം എന്നും പറഞ്ഞോണ്ട് വന്നേക്കരുത്. നിന്നെക്കുറിച്ച് ഇനി  ഒരാളുടെ കമ്പ്ലയിന്റ് ഇവിടെ കേട്ടാൽ...”

ആരോ വിവരം വീട്ടിലെത്തിച്ചിരിക്കുന്നു! വല്ലപ്പോഴാണെങ്കിലും ഒന്നു പുറത്ത് ചാടാനുള്ള അവസരം ഞാനായി തന്നെ നഷ്ടപ്പെടുത്തി

ഹൈസ്കൂൾ ക്ലാസ്സിലെ ‘ഹൌസ്’ മത്സരങ്ങളുടെ നാടകത്തിലായിരുന്നു എന്റെ ആദ്യ നാടക  വേഷം. രാജസദസ്സിൽ കുന്തവും പിടിച്ചു നിൽക്കുന്ന ഒരു ഭടൻ. രണ്ടേ രണ്ട് വാക്കുകളായിരുന്നു ആകെയുള്ള  ഡയലോഗ്. രാജാവ് ‘ആരവിടെ’ എന്നു ചോദിക്കുമ്പോൾ ‘അടിയൻ’ അന്ന ഉത്തരത്തോടെ രണ്ട് സ്റ്റെപ് മുന്നോട്ട് വന്ന് തലകുനിച്ച് നിൽക്കണം. രാജാവിന്റെ ആജ്ഞ കേട്ട് ‘ഉത്തരവ്’ എന്ന് പറഞ്ഞ് പിറകോട്ട് നടന്ന് ചെന്ന് ഏതോ ഒരു കുറ്റവാളിയെ രാജസദസ്സിലേക്ക് കൊണ്ടു വരണം. വേറെ ഡയലോഗുകൾ ഒന്നും ഇല്ലെങ്കിലും നാടകത്തിന്റെ ആദ്യാവസാനം രാജാവിന്റെ വലതുവശത്തായി ഈ ഭടൻ നിൽക്കുന്നുണ്ട്.

മത്സരം കഴിഞ്ഞ് റിസൾട്ട് വന്നപ്പോൾ നാടകത്തിന് മൂന്നാം സ്ഥാനം. ഒന്നാം സ്ഥാനം കിട്ടേണ്ടിയിരുന്ന നാടകമായിരുന്നു, ഭടനായി അഭിനയിച്ചവൻ ഫുൾടൈം ചിരിച്ചോണ്ട് അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിൽക്കുകയായിരുന്നു എന്നതാണ് ഒന്നാം സ്ഥാനം നഷ്ടമാകാനുള്ള കാരണമായി ജഡ്ജസ് പറഞ്ഞത്!

പിന്നീട് നാടകം കളിക്കുന്നത് ഡിഗ്രിക്ക് പഠിക്കുമ്പോൾ. പിള്ളേരു കളിയായത് കൊണ്ട് ഒരു മുൻകരുതൽ നടപടിയെന്നോണം സ്ക്രിപ്റ്റ് അപ്രൂവൽ വേണം എന്നത് സ്റ്റാഫ് കമ്മിറ്റി തീരുമാനമാണ്. ആ കാലത്തെ രാഷ്ട്രീയക്കാരും സിനിമാ നടന്മാരും മറ്റും മരിച്ച് യമലോകത്ത് ചെല്ലുമ്പോൾ യമദേവനും ചിത്രഗുപ്തനും അവരെ വിചാരണ ചെയ്യുന്നതും ശിക്ഷ വിധിക്കുന്നതുമായ ഒരു തീം നാടകമാക്കി എഴുതി അപ്രൂവൽ വാങ്ങി.

കോളെജ് ഡേയ്ക്ക് നാടകം കഴിഞ്ഞ് പിറ്റേ ദിവസം, അപ്രൂവ് ചെയ്ത സ്ക്രിപ്റ്റിലില്ലാത്ത നാടകം കളിച്ചതിന് നാടക കമിറ്റിക്കാർക്ക് പ്രിൻസിപ്പൽ വക കാരണം കാണിക്കൽ നോട്ടിസ്. നാടകത്തിൽ രാഷ്ട്രീയക്കാർക്കും സിനിമാക്കാർക്കും പകരം യമലോകത്തിൽ ചെന്ന് വിചാരണ നേരിടേണ്ടി വന്നത് പ്രിൻസിപ്പലിനും പിന്നെ ഞങ്ങളുടെ ‘ശത്രുക്കളാ’യിരുന്ന ചില പ്രൊഫസർമാർക്കുമായിരുന്നു.

***

കാട്ടുകുതിരയും, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയും പോലുള്ള സാമൂഹ്യ നാടകങ്ങളും കുന്നുമ്മക്കര എളമ്പങ്ങോട്ട് കാവ് ക്ഷേത്രത്തിൽ ശിവരാത്രി ദിവസങ്ങളിലെ പുലരുവോളമുള്ള പുരാണ ഇതിഹാസ നാടകങ്ങളും, കലാലയം നാടക വേദിയുടെ ഭീകര-മാന്ത്രിക നാടകങ്ങളുമൊക്കെ ഇനിയും മറന്നിട്ടില്ലാത്ത നാടക സ്മരണകളാണ്.

പതിനഞ്ച് വർഷങ്ങളെങ്കിലും കഴിഞ്ഞു കാണും ഒരു സ്റ്റേജ് നാടകം കണ്ടിട്ട്. ഒരു കൌതുകത്തിനാണ് കഴിഞ്ഞ ദിവസം ഇവിടെ ഒരു മലയാളി സമാജം സംഘടിപ്പിച്ച നാടക മത്സരം കാണാൻ പോയത്. നാടകവുമായി മലയാളിക്കുള്ള ആത്മബന്ധം വിളക്കിച്ചേർത്ത നാടകങ്ങൾ. അവരവരുടെ റോളുകൾ ഭംഗിയായി കൈകാര്യം ചെയ്ത നടീനടന്മാർ. ഗൾഫിലെ ജീവിതത്തിനിടയിലും അതീവ ഗൌരവത്തോടെ നാടകത്തോടുള്ള അവരുടെ ഈ സമീപനം അവിശ്വസനീയം!

Friday, January 13, 2012

ആരോ ഒരാൾ


വൈകുന്നേരമായി, മല മുകളിലെത്തുമ്പോൾ.

നല്ല വെയിലായിരുന്നുവെങ്കിലും വനത്തിലൂടെയുള്ള കയറ്റമായിരുന്നതിനാൽ ചൂട് അറിഞ്ഞില്ല. രാത്രി മല മുകളിലാണ് ചിലവഴിക്കുന്നത് എന്നതുകൊണ്ട് തിരക്ക് കൂട്ടാ‍തെ വഴിക്കാഴ്ചകൾ കണ്ടും ഇടയിൽ വിശ്രമിച്ചുകൊണ്ടുമായിരുന്നു യാത്ര. തോൾ സഞ്ചിയിൽ രണ്ട് മൂന്ന് നേരം കഴിക്കാനുള്ള ഭക്ഷണം സ്റ്റോക്കുണ്ട്. പഴം, അവൽ, അജയന്റെ അമ്മ ഉണ്ടാക്കി തന്നയച്ച ഉണ്ണിയപ്പം. വെള്ളത്തിനെ കുറിച്ച് പേടിക്കേണ്ട, മലമുകളിലെ വറ്റാത്ത ഉറവയിൽ ശുദ്ധജലം ഇഷ്ടം പോലെ കിട്ടുമെന്ന് കേട്ടിട്ടുണ്ട്.

ഉച്ചിയിലെ ഒരു പാറക്കെട്ടിൽ ഞങ്ങളിരുന്നു. താഴെ അങ്ങ് ദൂരെ ഒരു വില്ലുപോലെ കരയോട് ചേർത്ത് വച്ചിരിക്കുന്ന അറബികടലിലേക്ക് ഇറങ്ങാനൊരുങ്ങുന്ന സായാഹ്ന സൂര്യൻ. വളഞ്ഞ് പുളഞ്ഞ് കടലിൽ വന്നുചേരുന്ന ഏതോ ഒരു പുഴ. എതിർവശത്ത് ചക്രവാളത്തിൽ ചാരനിറത്തിൽ ഭൂമിക്ക് കാവലെന്നോണം പശ്ചിമഘട്ടം. കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന പച്ചപ്പ്.

സീതയെയും തേടി ലങ്കയ്ക്കുള്ള യാത്രയ്ക്കിടയിൽ ശ്രീരാമനും ലക്ഷ്മണനും ഹനുമാനും അടങ്ങുന്ന സംഘം ഈ മലമുകളിൽ തങ്ങിയിരുന്നത്രേ. മലയിലെ കൃഷ്ണശിലകളിൽ പലയിടത്തും രാമന്റെ കാല്പാടുകൾ പതിഞ്ഞു കിടക്കുന്നുണ്ടത്രേ!

“ഇന്ത്യയിലെ ഏത് കുന്നിനും മലയ്ക്കും പുഴയ്ക്കും രാമായണവുമായും മഹാഭാരതവുമായും ഒരു ബന്ധം കാണും”; അജയൻ ചിരിച്ചു; “കാശ്മീർ മുതൽ കന്യാകുമാരിവരെയുള്ള ഭൂഖണ്ഡത്തിലൂടെ തലങ്ങും വിലങ്ങും ഭാര്യയെയും തേടിയുള്ള യാത്രയ്ക്കിടയിൽ, അല്ലെങ്കിൽ അജ്ഞാത വാസത്തിൽ പിടിക്കപ്പെടാതിരിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ താണ്ടിയത്!”

“എഴുത്തുകാരന്റെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് രാമായണവും മഹാഭാരതവും. വഴിമുട്ടി പോകുന്നിടത്തൊക്കെയും മായയായും മന്ത്രമായും, മുനിമാരായും, ശാപങ്ങളും ശാപമോക്ഷങ്ങളായും, ഉഗ്ര പ്രതിജ്ഞകളായും, ധർമ്മപ്രഖ്യാപനങ്ങളായും, തകർക്കാൻ പറ്റാത്ത ആയുധങ്ങളായും, എണ്ണിയാൽ തീരാത്ത ദൈവങ്ങളായും ഭാവന എഴുത്തുകാരന്റെ രക്ഷക്കെത്തി. കാലത്തിനും ദൂരത്തിനും പ്രസക്തിയില്ലാതായി”; ദേവൻ ചിലപ്പോൾ അപ്രതീക്ഷമായിട്ടായിരിക്കും കനപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങുന്നത്.

ഉറവയൊഴുകി തളം കെട്ടി നിൽക്കുന്ന വെള്ളത്തടത്തിൽ മുങ്ങി നിവർന്നപ്പോൾ നല്ല ഉന്മേഷം. വെള്ളം കുടിക്കാനാവും, ഓടി ചാടി മരങ്ങൾക്കിടയിലൂടെ വന്ന രണ്ട്മൂന്ന് കാട്ടുമുയലുകൾ അപരിചിതരെക്കണ്ട് വന്നതിലും വേഗത്തിൽ തിരിച്ചോടി.

ഇരുട്ടിന് കനം വച്ചു തുടങ്ങി. മരച്ചില്ലകളിൽ കലപില കൂടികൊണ്ടിരുന്ന കിളികൾ നിശ്ശബ്ദരായി. നേരിയ തണുത്ത കാറ്റ്. ഞങ്ങൾ ആകാശത്തെ നക്ഷത്രങ്ങളെ നോക്കി മലർന്നു കിടന്നു. ഇടയ്ക്ക് പെട്ടൊന്നൊരു വാൽനക്ഷത്രം താഴേക്ക് ഊർന്നിറങ്ങി അപ്രത്യക്ഷമായി.

“വാൽ നക്ഷത്രം വീഴുന്നത് നോക്കി, മനസ്സിൽ ആഗ്രഹിക്കുന്ന കാര്യം നടക്കുമെന്നാണ്”; ദേവൻ എന്നെ തോണ്ടി; “നീ എന്താടാ ഓർത്തത്?”

“ഈ കിടന്ന കിടപ്പിലങ്ങ് അടിച്ചു പോകാൻ”

“ഒലക്ക”; ദേവൻ അജയന് നേരെ തിരിഞ്ഞു; “നീയോടാ?”

“ഈ കിടന്ന കിടപ്പിൽ നീ അങ്ങ് അടിച്ചു പോകാൻ”

പെട്ടന്ന് ഞങ്ങൾക്ക് പിന്നിൽ ഒരു പതിഞ്ഞ കാൽ പെരുമാറ്റം. ഞങ്ങൾ മൂന്നു പേരും ഞെട്ടി തിരിഞ്ഞ് എഴുന്നേറ്റു.

കുറച്ചകലെയായി ഒരു മനുഷ്യരൂപം ഞങ്ങൾക്കടുത്തേക്ക് നടന്നു വരുന്നത് നിലാവെളിച്ചത്തിൽ കാണാം. വൃദ്ധൻ. ജടപിടിച്ച താടി മുടി. അയഞ്ഞ, മുഷിഞ്ഞ വസ്ത്രങ്ങൾ.

“ആരാണ്.. എന്തു വേണം?”

“ഒന്നും വേണ്ട. പതിവില്ലാത്ത ആളനക്കം കണ്ട് വന്ന് നോക്കിയതാണ്”; അയാൾ ശാന്തമായി മറുപടി പറഞ്ഞു.

“നിങ്ങൾ ഇവിടെയാണോ താമസം?”

“അങ്ങിനെയൊന്നുമില്ല. ഇവിടെയും എവിടെയും”

“അപ്പോ ദൈവമാണോ!”; ദേവന് തർക്കുത്തരമേ വരൂ

“ദൈവത്തെയും തേടിയായിരുന്നു യാത്ര തുടങ്ങിയത്. കണ്ടില്ല, അന്വേഷിച്ച് കൊണ്ടേയിരിക്കുന്നു”

“ബെസ്റ്റ്. ഞങ്ങൾക്ക് ഒരു കൂട്ടായി. ദൈവത്തെ മാത്രമല്ല, അണ്ഡകടാഹത്തിലെ സകലതിനെയും അന്വേഷിച്ചാണ് ഞങ്ങളിറങ്ങിയിരിക്കുന്നത്”; അജയന് കോളായി; “അമ്മാവൻ വാ, വല്ലതും കഴിച്ചോ?”

അവലും പഴവും ഉണ്ണിയപ്പവുമായി ഞങ്ങൾ രാത്രി ഭക്ഷണം അയാൾക്കൊപ്പം പങ്കിട്ട് കഴിച്ചു. ഞങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയൊന്നും പറയാതെ നിശ്ശബ്ദമായി ഭക്ഷണം കഴിച്ച് എഴുന്നേറ്റ്, വന്നതുപോലെ അയാൾ ഇരുട്ടിലേക്ക് തിരിച്ചു നടന്നു പോയി.

***

(ചില ഓർമകൾ അസമയത്താണ് കടന്നുവരിക)

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...