Monday, November 05, 2012

സൌഹൃദങ്ങളുടെ പൂക്കാലങ്ങൾ - 1


മൈസൂർ സാൻഡൽ സോപ്പിന്റെ സുഗന്ധം വീട്ടിലെ കുളിമുറിയെയും, അത്തറിന്റെ സുഗന്ധം  മാപ്പിള യുപി സ്കൂളിൽ കൂടെ പഠിച്ച തട്ടമിട്ട ഉമ്മച്ചിക്കുട്ടികളെയും, കുതിരചാണകത്തിന്റെ ഗന്ധം മല്ലേശ്വരത്തെ ഗലികളെയും ഓർമിപ്പിക്കുന്നതു പോലെ ചാരായത്തിന്റെ ഗന്ധം എന്നെ നിലാവുള്ള രാത്രിയിലെ ചെമ്പ്രക്കുന്നിനെയും, വാസുവിനെയും, ദാമുവിനെയും ഓർമിപ്പിക്കുന്നു.

തെങ്ങും കശുമാവും ധാരാളമായി വളർന്നു നിന്ന ചെമ്പ്രക്കുന്നിന്റെ മടിയിലായിരുന്നു ഞാൻ പഠിച്ച ഹൈസ്കൂൾ.  കുന്നിനു നെറുകയിൽ ഒട്ടുമുക്കാൽ ഭാഗവും പൊളിഞ്ഞുവീണ ഒരു ചെറിയ ശ്രീകൃഷ്ണ ക്ഷേത്രമുണ്ട്. വെള്ളിയാഴ്ചകളിലെ രണ്ടുമണിക്കൂർ ദൈർഘ്യമുള്ള ഉച്ച ബ്രേക്കിന്  സ്കൂളിലെ പെൺകുട്ടികൾ കുന്നു കയറി വന്ന്, അമ്പലത്തിന് മുന്നിലെ തുരുമ്പിച്ച ഇരുമ്പ് ഭണ്ഡാരത്തിൽ ചില്ലറകൾ കാണിക്കയിടും. പെൺകുട്ടികൾ പോകുന്നതുവരെ പരിസരങ്ങളിൽ പമ്മിനിൽക്കുമായിരുന്ന ആൺകുട്ടികളുടെ നേതാക്കൾ,  ചക്കപ്പശ തേച്ച കമ്പുകൾ ഭണ്ഡാരത്തിനുള്ളിലേക്ക് ഇറക്കി അതി സൂക്ഷമതയോടെ ആ ചില്ലറകൾ തോണ്ടിയെടുക്കും. പൊളിഞ്ഞുവീണ് കിടക്കുന്ന ശ്രീകോവിലിനകത്ത് എല്ലാം കണ്ട്  കള്ളചിരിയോടെ നിൽക്കുന്ന കൃഷ്ണവിഗ്രത്തെ നോക്കി ‘കണ്ണാ, കണക്കുവെക്കല്ലേ’ എന്നും പറഞ്ഞ് ചൂണ്ടിയെടുത്ത ആ ചില്ലറകളുമായി അവർ താഴത്തെ ബാലേട്ടന്റെ കടയിലേക്ക് ഓടും.

പത്താംക്ലാസ്സിൽ യുവജനോത്സവത്തിന്റെ തലേന്ന് രാത്രി ഡക്കറേഷനുള്ള കുരുത്തോല കൊണ്ടുവരാൻ പോയ സഹപാഠികളായ വാസുവിനെയും ദാമുവിനെയും തിരഞ്ഞാണ് അന്ന് ഞാൻ ചെമ്പ്രക്കുന്ന് കയറി ചെന്നത്.  നിലാവ് വീണുകിടക്കുന്ന കുന്നിൻ‌മുകളിലെ പാറക്കെട്ടുകളിൽ ഒന്നിലിരുന്ന് ധൃതിയിൽ കുപ്പിയിലെ നാടൻ ചാരായം പകർന്ന് അടിക്കുകയാണ് രണ്ട്പേരും. എന്നെ തിരിച്ചറിഞ്ഞതും കയ്യിലെ ഗ്ലാസ്സ് വാസു എനിക്ക് നേരെ നീട്ടി.

ഗ്ലാസ്സിനും ചുണ്ടിനും മൂക്കിനും ഇടയിലുള്ള ഒരു വിസ്ഫോടനമായിരുന്നു അത്. മൂക്കിലൂടെ തുളഞ്ഞു കയറിയ ഗന്ധവും തൊണ്ടയിലൂടെ ഇറങ്ങിപോയ ഒരു തുണ്ട് അഗ്നിഗോളവും എന്നെ സർവ്വാംഗം പിടിച്ചുകുലുക്കി. കടന്നുപോയ വഴികളിലൊക്കെയും തീ പടർത്തിക്കൊണ്ടിറങ്ങിയ  ആ അഗ്നിഗോളം ചെറുകുടലിലും വൻ‌കുടലിലും ഇരിപ്പിടം  കണ്ടെത്താനാവാതെ തിരിച്ച് അതേ വേഗത്തിൽ, വായിലൂടെയും മൂക്കിലൂടെയും കണ്ണിലൂടെയും പുറത്തേക്ക് തെറിച്ച് വാസുവിന്റെയും ദാമുവിന്റെയും മേലേക്ക് പൊട്ടിച്ചിതറി വീണു.

ചെമ്പ്രക്കുന്ന് ഇപ്പൊഴില്ല. കുന്ന് മുഴുവൻ തുരന്നെടുത്ത് നാട്ടിലെയും അയൽപ്രദേശങ്ങളിലെയും പാടങ്ങൾ നികത്തുകയും  പറമ്പുകൾ ഉയർത്തുകയും ചെയ്തു. ഞങ്ങളുടെ ഹൈസ്കൂൾ നാളുകളിൽ, നീണ്ട ഇരുമ്പ് പാരകൾകൊണ്ട് പണിക്കാർ മാന്തിയെടുത്ത ചെമ്പ്രക്കുന്നിലെ ചെമ്മണ്ണുനിറച്ച ‘പബ്ലിക് കാരിയർ’ ലോറികൾ, കുന്നിലേക്കുള്ള റോഡ് കിതച്ച് കയറിയും, അലറി ഇറങ്ങിയും പൊടിപാറ്റി പാഞ്ഞു പോയി. ആ ലോറി ഡ്രൈവർമാരായിരുന്നു അക്കാലങ്ങളിൽ ഞങ്ങളിൽ പലരുടെയും പരസ്യ-രഹസ്യ ആരാധനാപാത്രങ്ങൾ. മണ്ണ് മാന്തിയെടുക്കുമ്പോൾ കുന്നിന്റെ ഗർഭങ്ങളിൽ നിന്നും താവളം നഷ്ടപ്പെട്ട് തെറിച്ച് വീണ അണലി പാമ്പുകൾ ലോറികളുടെ ചക്രങ്ങൾക്കടിയിലും പണിക്കാരുടെ ഇരുമ്പ് പാരകളുടെ കൂർത്ത മുനകളിലും പെട്ട്  ചതഞ്ഞരഞ്ഞ് ചത്തു. എങ്ങോട്ടെന്നില്ലാത ഇഴഞ്ഞുപോയ പാമ്പുകളിൽ ചിലത്, രാത്രികളിൽ ക്ലാസ്സുമുറികളുടെ സിമിന്റ് തറയുടെ തണുപ്പിൽ അഭയം തേടി. പ്രഭാതങ്ങളിൽ ധീരരായ ആൺകുട്ടികൾ അവറ്റയെ കമ്പുകളിൽ കുത്തിയെടുത്ത്, പലനിറങ്ങളിലുള്ള നീളൻ പാവാടയും ബ്ലൌസും ധരിച്ച, കണ്മഷി വാരിതേച്ച, പെൺകുട്ടികൾക്ക് മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

അണലി വിഷം ഗ്ലാസ്സിൽ ഊറ്റിയെടുത്ത്, തിളപ്പിച്ചാറ്റിയ വെള്ളവും എന്തൊക്കെയോ പച്ചമരുന്നുകളും ചേർത്തുണ്ടാക്കുന്ന മദ്യത്തെക്കുറിച്ച് ദാമുവാണ് എന്നോട് പറഞ്ഞത്. കൊല്ലം തോറും അവന്റെ വീട്ടിനടുത്തുള്ള അമ്പലപ്പറമ്പിൽ സൈക്കിൾ അഭ്യാസത്തിന് വരാറുള്ള ‘ബ്രദേഴ്സ് കലാകുടുംബ’ത്തിലെ പരിപാടികളിൽ സ്ത്രീവേഷം കെട്ടി ഡിസ്കോ ഡാൻസ് കളിക്കുന്ന ഒരു സുന്ദരേട്ടനാണ് അവനോട്  അതേകുറിച്ച് പറഞ്ഞുകൊടുത്തത്. ആ വിദ്യകാണിച്ചുകൊടുക്കാമെന്ന് പറഞ്ഞ് സുന്ദരേട്ടൻ ഒരു രാത്രി ദാമുവിനെ അയാളുടെ ടെന്റിലേക്ക് കൂട്ടികൊണ്ടുപോയി. അവിടെവച്ച് അയാൾ ദാമുവിനെ ഒരു കയറു കട്ടിലിലേക്ക് ബലമായി പിടിച്ചുകിടത്തി അവന്റെ മേലേക്ക് കയറി, ചുണ്ടുകളിൽ കടിച്ച് കൈകൾ അവന്റെ ട്രൌസറിനടിയിലേക്ക് തിരുകി കയറ്റി. ഉള്ള ശക്തി മുഴുവൻ സംഭരിച്ച് അയാളുടെ പള്ളയ്ക്ക് ചവിട്ടി തെറിപ്പിച്ചാണ് ദാമു അന്ന് അവിടെനിന്നും രക്ഷപ്പെട്ടത്. ആ സംഭവത്തിന് ശേഷമാണത്രേ ട്രൌസർ ഒഴിവാക്കി ദാമു മുണ്ട് ഉടുക്കാൻ തുടങ്ങിയത്. ‘ആ നായിന്റെ മോൻ കുണ്ടന്റെ ആളാൺ‌ടാ’ എന്ന് കാർക്കിച്ചു തുപ്പി പറയുമ്പോഴും പാമ്പിൻ വിഷത്തിൽ നിന്നും മദ്യമുണ്ടാക്കുന്നതിന്റെ രഹസ്യം അറിയാൻ കഴിയാഞ്ഞതിൽ അവന് നിരാശയുണ്ടായിരുന്നു.

ചെമ്പ്രകുന്ന് നിന്നിരുന്നിടം  ഇപ്പോൾ പഞ്ചായത്ത് ഗ്രൌണ്ട് ആണ്. ആകാശത്തേക്കുള്ള ആ വിടവിന്റെ പടിഞ്ഞാറെ തലയ്ക്ക് നാട്ടുകാർ പുതുതാ‍യി പണിത ക്ഷേത്രത്തിലേക്ക് മലമുകളിലെ കൃഷ്ണനെ മാറ്റി പ്രതിഷ്ഠിച്ചു. പുതിയ സൌകര്യങ്ങൾക്കും നിത്യപൂജകൾക്കും ഭക്തരുടെ തിരക്കിനും  ഇടയിൽ നെയ്‌വിളക്കുകളുടെ ശോഭയിൽ കൃഷ്ണൻ അതേ കള്ളചിരിയോടെ നിൽക്കുകയാണ്. 

No comments:

Post a Comment

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...