Monday, December 30, 2013

ആത്മസംഘര്‍ഷങ്ങൾ

അവയവദാനത്തെക്കുറിച്ച് എനിക്ക് രണ്ട് മനസ്സാണ്, വേണമോ വേണ്ടയോ എന്നത്.

ഭൗതിക ജീവിതത്തിന്റെ അവശിഷ്ടങ്ങളൊന്നും ബാക്കിവയ്ക്കാതെയുള്ളൊരു മടക്കയാത്രയെക്കുറിച്ച് ആഗ്രഹിക്കുമ്പോഴും, മണ്ണരിച്ചുപോകുന്ന ഒരു പാഴ്വസ്ത്രം വേറൊരാളുടെ തണുപ്പകറ്റാനുതകുന്നുവെങ്കില്‍ അതൊരു സല്‍ക്കര്‍മ്മമല്ലേ എന്നത് ഒരു പിന്‍‌വിളിയാകുന്നുമുണ്ട്. 

എന്റെ കണ്ണിലൂടെ മറ്റൊരാള്‍ കാണുമ്പോള്‍ എന്റെ കാഴ്ചപാടുകള്‍ നിലനില്‍ക്കുമോ എന്ന് ഞാന്‍ വേവലാതിപ്പെടുമ്പോഴും, ആ കണ്ണുകളിലൂടെ അന്ധകാരത്തില്‍ നിന്ന് വെളിച്ചത്തിലേക്ക് കണ്ണുതുറക്കുന്ന ആരുടെയോ അടക്കാനാവാത്ത സന്തോഷം എന്നില്‍ നിറയുന്നുമുണ്ട്.

എന്റെ ഹൃദയം കൈമാറുമ്പോള്‍ അതിന്റെ ആഴങ്ങളില്‍ ഞാനൊളിപ്പിച്ചുവച്ച എന്റെ മാത്രം സ്വപ്നങ്ങള്‍ക്ക് എന്തുസംഭവിക്കും എന്ന് ഞാന്‍ ദുഖിക്കുമ്പോഴും, അതില്‍ നിന്നും മറ്റൊരാളുടെ ജീവന്‍ മിടിക്കുന്നത് എനിക്ക് തിരിച്ചറിയാനാവുന്നുമുണ്ട്.

കരള്‍നിറയെ ഞാന്‍ പങ്കുവച്ച സ്നേഹം മുഴുവന്‍ എനിക്ക് നഷ്ടാവുമല്ലോ എന്ന് ഞാന്‍ സങ്കടപ്പെഴുമ്പോഴും, കരളുരുകി കരയുന്ന ആരുടെയോ പ്രാർത്ഥനകൾ ഞാന്‍ കേള്‍ക്കുന്നുമുണ്ട്.

ആത്മസംഘര്‍ഷങ്ങളുടെ അറുതിയില്‍, ഒരു ദിവസം ഞാനൊരു തീരുമാനമെടുക്കുമായിരിക്കും.

Thursday, December 19, 2013

ഓര്‍മ്മത്തെറ്റ്


ചില ഓര്‍മകള്‍ അങ്ങിനെയാണ്, നമ്മളെയും തേടി വരും..

യാത്രകള്‍ക്കിടയില്‍, ജോലിക്കിടയില്‍ എന്തിന് ഉറക്കത്തില്‍ പോലും നമ്മുടെ ശ്രദ്ധയാകർഷിക്കാൻ അവ നമ്മെ നിരന്തരം പിന്തുടര്‍ന്നുകൊണ്ടേയിരിക്കും.
മഴയായും മഞ്ഞായും കാറ്റായും വെയിലായും സംഗീതമായും ഗന്ധമായും ദൃശ്യങ്ങളായും ചില ബിംബങ്ങളിലൂടെ നമ്മെ ഓര്‍മ്മപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും...

ഒടുവില്‍ ഏതെങ്കിലുമൊരു ഒരു സന്ധിയില്‍ വച്ച് ഒരു ഓര്‍മ്മത്തെറ്റ് നമ്മുടെയുള്ളിലെവിടെയോ അനുഭവപ്പെടുമ്പോള്‍ നാം ആ ഓര്‍മ്മകളെയും തേടിയിറങ്ങുന്നു...

Sunday, December 08, 2013

ഓര്‍മ്മപ്പെടുത്തലുകള്‍


അടയാളങ്ങള്‍, ഓര്‍മ്മപ്പെടുത്തലുകളാണ്.
കാലത്തിന്റെ, ദേശത്തിന്റെ, സംഭവങ്ങളുടെ, വ്യക്തികളൂടെ, ബന്ധങ്ങളുടെ...

ഒന്നാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ രാമകൃഷ്ണനും പ്രമോദിനും മോഹനനുമൊപ്പം ഒരു ഇന്റര്‍‌വെല്‍ ബെല്ലിന് വെള്ളം കുടിക്കാന്‍ ഓടിയപ്പോള്‍ വീണതിന്റെ അടയാളം നെറ്റിയില്‍ ഇപ്പോഴുമുണ്ട്. ഓരോ തവണ കണ്ണാടിയില്‍ നോക്കുമ്പോഴും ഞാന്‍ ആ എല്‍.പി സ്കൂള്‍ സുഹൃത്തുക്കളെയും, അന്ന് ആ മുറിവ് കഴുകി മരുന്ന് വച്ച് കെട്ടി തന്ന പത്മനാഭന്‍ മാഷെയും ഓര്‍ക്കും.

വീട്ടിലെ എന്റെ അലമാരയില്‍ പഴയ കത്തുകള്‍, ഗ്രീറ്റിംഗ്സ് കാര്‍ഡുകള്‍ തുടങ്ങിയവ കുത്തിനിറച്ച ഒരു പ്ലാസ്റ്റിക്  ബാഗ് ഉണ്ട്. സൗഹൃദങ്ങളുടെയും പ്രണയത്തിന്റെയും പരിഭവങ്ങളൂടെയും വിരഹത്തിന്റെയും അടയാളങ്ങള്‍. ഓരോ പ്രാവശ്യവും ആ ബാഗ് തുറന്ന്  നോക്കുമ്പോള്‍ ഓര്‍മകളുടെ പ്രളയമാണ്. 

ഡിഗ്രിക്ക് ആദ്യവര്‍ഷം പഠിക്കുമ്പോള്‍ സുരേഷിന്റെ വീട്ടില്‍ നിന്നും ഞാന്‍ എടുത്ത്  കൊണ്ടുവന്ന് എന്റെ വീട്ടില്‍ നട്ടുവളര്‍ത്തിയതായിരുന്നു, ഈ ചെടി. പഴയ വീട്ടിലെ ഉമ്മറത്തെ കഴുക്കോലുകളില്‍ നിരനിരയായി തൂക്കിയിട്ട ചെടിചട്ടികളില്‍, വീട്ടില്‍ വരുന്നവരുടെയും മുന്നിലെ റോഡിലൂടെ പോകുന്നവരുടെയും ശ്രദ്ധയാകര്‍ഷിച്ച് അവ സമൃദ്ധമായി വളര്‍ന്നു നിന്നു.

വീട്ടിലെ ചെടിചട്ടികളില്‍ സൗഹൃദത്തിന്റെ ഒരു അടയാളമായി ഇപ്പോഴും ആ ചെടി വളര്‍ന്ന് നില്‍ക്കുന്നു...

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...