Friday, April 28, 2017

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു.

ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്തതായി ഒന്നുമില്ല.

മൂന്നാം ക്ലാസ്സില്‍ പുതുതായി വന്നു ചേര്‍ന്ന ജോണ്‍, തെക്കുനിന്ന് ഞങ്ങളുടെ നാട്ടില്‍ കരിങ്കല്ലു പണിക്ക് വന്ന മേസ്തിരിയുടെ മകനാണു. കൊല്ലത്തെ ഏതോ ഒരു കടപ്പുറത്ത് മീന്‍പിടിക്കാന്‍ പോയ മുക്കുവരുടെ വലയില്‍ കുടുങ്ങിയ മത്സ്യകന്യകയെ അവന്റെ മുത്തച്ഛന്‍ നേരിട്ട് കണ്ടിട്ടുണ്ട്. ഒരിക്കല്‍ ഒരു ക്രിസ്തുമസ് തലേന്ന് പള്ളിയില്‍ പ്രത്യക്ഷപ്പെട്ട പുണ്യാളന്‍, ദാഹിച്ചപ്പോ വെള്ളം ചോദിച്ചത് പള്ളിപ്പറമ്പിലെ വഴിയിലേക്കുള്ള കലുങ്കില്‍ കിടന്നുറങ്ങുകയായിരുന്ന ഈ മുത്തച്ഛനെ വിളിച്ചുണര്‍ത്തിയായിരുന്നു പോലും.

യക്ഷികളെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ മുത്തച്ഛന്‍ അവനു പറഞ്ഞ് കൊടുത്തിട്ടുണ്ട്. തൂങ്ങിമരിക്കുന്ന ആളുകളുടെ കാലുകള്‍ നിലത്ത് തട്ടാത്തത് കൊണ്ടാണു അവരുടെ പ്രേതങ്ങള്‍ നിലം തൊടാതെ നടക്കുന്നത്. കുത്തേറ്റ് മരിച്ചവരുടെ പ്രേതങ്ങള്‍ ആ മുറിവില്‍ നിന്നും എപ്പോഴും രക്തം വാര്‍ന്നുകൊണ്ടും, തലവെട്ടി കൊലപ്പെടുത്തിയവരുടെ പ്രേതങ്ങള്‍ തലയില്ലാതെയും ആണു നടക്കുക. കറുത്തവാവിനു അര്‍ദ്ധരാത്രി അവന്റെ വീട്ടിനടുത്തുള്ള യക്ഷിപ്പറമ്പില്‍  ഇറങ്ങി നടന്നാല്‍ പിന്നെ ജീവനോടെ തിരിച്ച് വരവുണ്ടാവില്ല. ചിലപ്പോ ശവം പോലും കിട്ടിയെന്ന് വരില്ല.  രക്തരക്ഷസ്സ്, ബ്രഹ്മരക്ഷസ്സ്, നാഗയക്ഷി, ദേവയക്ഷി, ചുടലഭദ്ര.... അങ്ങിനെ സകല ഭീകര പ്രേത പിശാചുകളും അലയുന്ന സ്ഥലമാണത്.

അവന്റെ യക്ഷികഥകള്‍ കേട്ട് ഞാന്‍ പേടിച്ചിട്ടുണ്ടെന്ന് അവനു മനസ്സിലായി. അപ്പോഴാണ് എന്നെ സമാധാനിപ്പിക്കാനെന്നപോലെ അവന്‍ പറഞ്ഞത്;
'നല്ല യക്ഷികളും ഉണ്ട്, മനുഷ്യരെ അവര്‍ ഉപദ്രവിക്കില്ല'

രാത്രി അസമയത്തു യാത്രചെയ്യുന്ന വഴിപോക്കരെ ചുണ്ണാമ്പ് ചോദിച്ച് അടുത്ത് കൂടി, പ്രലോഭിപ്പിച്ച് മയക്കി പാലമരത്തിന്റെ മുകളില്‍ കൊണ്ട് പോയി കൊന്ന് തിന്ന് പ്രഭാതമാവുമ്പോഴേക്കും ഇരയുടെ പല്ലും നഖവും മുടിയും മാത്രം അവശേഷിപ്പിക്കുന്ന, ചുവന്ന കണ്ണുകളും ചോരയൊലിക്കുന്ന ദൃംഷ്ടങ്ങളും ഉള്ള യക്ഷികളുടെ കഥകളേ അന്നുവരെ ഞാന്‍ കേട്ടിരുന്നുള്ളൂ. യക്ഷികള്‍ക്ക് എങ്ങിനെയാണു നല്ലവരാകാനാവുക. ഞാന്‍ അത്ഭുതപ്പെട്ടു.

'ജീവിച്ചിരുന്നപ്പോള്‍ അറിയാതെ ചെയ്തുപോയ എന്തെങ്കിലും തെറ്റുകള്‍ക്ക് ഭൂമിയില്‍ അലഞ്ഞുതിരിയാന്‍ വിധിക്കപ്പെട്ടവരാണു നല്ല യക്ഷികള്‍. അവര്‍ക്ക് ആരോടും പ്രതികാരം ചെയ്യാനൊന്നുമില്ല. രാത്രിയുടെ ഏകാന്തയാമങ്ങളില്‍ മരങ്ങളില്‍ നിന്നും മരങ്ങളിലേക്ക് മഞ്ഞും മഴയും കൊണ്ട് പാറി നടക്കും, ഉയരമേറിയ മരങ്ങളുടെ ഉച്ചിയിലിരുന്ന് രാക്കാറ്റിന്റെ സംഗീതം കേള്‍ക്കും, മലമുകളിലെ പാറക്കെട്ടുകളില്‍ മലര്‍ന്ന് കിടന്ന് നക്ഷത്രങ്ങളെ നോക്കി സങ്കടപ്പെടും', ജോണ്‍ പറഞ്ഞു.

'എന്തിനാണു  സങ്കടപ്പെടുന്നത്?' ഞാന്‍ ചോദിച്ചു.

മരിച്ച് പോയ നല്ലവരായ ആളുകളുടെ ആത്മാക്കളാണു നക്ഷത്രങ്ങള്‍. നക്ഷത്രങ്ങളാവാന്‍ കഴിയാതെ പോയതിലാണു അവരുടെ ദുഖം. നക്ഷത്രങ്ങളായാല്‍ പിന്നെ നല്ല രസമായിരിക്കുമല്ലോ. അവിടിരുന്ന് ഭൂമിയും ആകാശവും വെള്ളിമേഘങ്ങളും കാണാം, മാലാഘമാരെയും ഗന്ധര്‍‌വ്വന്മാരെയും കാണാം. ഭയന്ന് ഭയന്നാണു നല്ല യക്ഷികള്‍ ഭൂമിയില്‍ നില്‍ക്കുന്നത്.  ദുര്‍മന്ത്രവാദികള്‍ ബലാല്‍ക്കാരമായി അവരെ ആവാഹിച്ച് അടിമകളാക്കി ദുര്‍മ്മന്ത്രവാദത്തിനും ദുഷ്കര്‍മ്മങ്ങള്‍ക്കും ഉപയോഗിക്കും.

നക്ഷത്രങ്ങളാവാന്‍ കഴിയാതെ, ദുര്‍മന്ത്രവാദികളെ ഭയന്ന് ഭൂമിയില്‍ അലയാന്‍ വിധിക്കപ്പെട്ട യക്ഷികളെ ഓര്‍ത്ത് എനിക്ക് സങ്കടമായി.

നിറച്ചും ചെടികളും, സുഗന്ധം പരത്തുന്ന ഇലഞ്ഞിയും വാകയും മുല്ലയുമൊക്കെ പൂത്തുനില്‍ക്കുന്ന ഇടങ്ങളുമൊക്കെയാണ് നല്ല യക്ഷികള്‍ക്ക് പ്രിയം. രാവിലെ മുല്ലവള്ളികള്‍ക്ക് താഴെ വീണു കിടക്കുന്ന പൂവുകള്‍, രാത്രിയില്‍ നല്ല യക്ഷികള്‍ പറിച്ച് മണത്ത് കളയുന്നതാണു.

*

വീട്ടുമുറ്റത്ത് ഇന്നലെ ഞാനൊരു മുല്ലത്തൈ നട്ടു. എന്നെങ്കിലും ഒരു പൂക്കാലത്തു ഒരു യക്ഷി ആ വഴി വന്നെങ്കിലോ.. :)

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...