Tuesday, January 22, 2013

പാഠങ്ങൾ


പഴയ വീടു പൊളിക്കാൻ തീരുമാനിച്ചപ്പോൾ ഫോൺ വിളികൾക്കിടയിൽ ഒരു ദിവസം അമ്മ പറഞ്ഞു;
“നിന്റെ കത്തുകളുടെ കലക്ഷൻസ് മുഴുവൻ ഞാൻ ഒരു പെട്ടിയിൽ കെട്ടിയൊതുക്കി വച്ചിട്ടുണ്ട്”
കേട്ടപ്പോൾ ഒരു ജാള്യത തോനിയെങ്കിലും, പിന്നീടത് ഞാൻ മറന്നു

ഒരവധിക്ക് നാട്ടിൽ ചെന്നപ്പോൾ വേറെ ഒന്നും ചെയ്യാനില്ലാതിരുന്ന ഒരു പകൽ, ഞാൻ കത്തുകളുടെ ആ ഭാണ്ഡം തുറന്നു

ഇന്നലെകളിലിലെ സൌഹൃദങ്ങളും സ്വപ്നങ്ങളും പ്രണയവും വിരഹവും കുത്തിനിറച്ചെഴുതിയ നീല കടലാസുകൾ

രേവതി നായരുടെ വരികളിൽ എന്റെ കണ്ണുകൾ ഉടക്കി നിന്നു
‘പ്രണയം ഒരു കളിതമാശയാണെടൊ. എന്താണെന്ന് നിശ്ചയമില്ലാത്ത ഒരു കടങ്കഥ. നിന്റെ മുഖത്തെ പരിഹാസം തിർച്ചറിയാനാവുന്നുവെങ്കിലും, എനിക്കിപ്പോൾ ചിരിക്കാനാണ് തോനുന്നത്‘.

Wednesday, January 16, 2013

അവശേഷിപ്പുകൾ


മുടിക്ക് ഒരു ഇളം ചുവപ്പ് നിറം വരുത്തിയതൊഴിച്ചാൽ, പതിനെട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അവൾക്ക് വലിയ മാറ്റങ്ങളൊന്നുമില്ല. മെയ്ക്കപ്പ് തീരെയില്ലാത്ത വട്ട മുഖത്തിന് ഫ്രെയിമില്ലാത്ത ആ കണ്ണട നന്നായി ഇണങ്ങുന്നുണ്ട്. ഹോട്ടൽ ലോണിൽ വൈകുന്നേരത്തെ വെയിലിൽ, ഇളം മഞ്ഞ സാരിയിൽ എന്റെ മുന്നിലിരിക്കുന്ന രാധിക ജോണിന്റെ സൌന്ദര്യത്തിന് കാലം ഒട്ടും കോട്ടം വരുത്തിയിട്ടില്ല എന്നെനിക്ക് തോനി.

ഹരിയാനയിൽ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ഡയറക്ടാണ് രാധിക ഇപ്പോൾ. കയറ്റുമതി സംബന്ധമായ ഏന്തോകാര്യത്തിന് ആരെയോ കാണാനാണ് ഇന്നലെ അവൾ നഗരത്തിൽ എത്തിയത്. ഇന്ന് രാത്രി 9 മണിയുടെ ഫ്ലൈറ്റിനു തിരിച്ചുപോകണം.

ഇന്നലെ രാത്രി വൈകിയാണ് പരിചയമില്ലാത്ത നമ്പറിൽ നിന്നും ഒരു കോൾ വന്നത്. ശബ്ദം കേട്ട് തിരിച്ചറിയാമോ എന്നായിരുന്നു ആദ്യ ചോദ്യം. മനസ്സിലായില്ല എന്ന് പറഞ്ഞപ്പോൾ അവൾ പേരു പറഞ്ഞു; രാധിക ജോൺ. വർഷങ്ങൾക്കിപ്പുറവും, കാരണങ്ങളൊന്നുമില്ലെങ്കിലും രാധികയെ പലപ്പോഴും ഞാൻ ഓർക്കുമായിരുന്നു.

അവളുമായി സംസാരിച്ചിരിക്കുന്നതിനിടയിൽ പഴയ ഓർമകൾ പേമാരിപോലെ പെയ്തിറങ്ങി.

സഹമുറിയന്മാർ എല്ലാവരും നാട്ടിൽ പോയ ഒരു പൂജ അവധിക്കാണ് അവസാനമായി ഞാൻ രാധികയെ കണ്ടത്. രാത്രി പത്തുമണി കഴിഞ്ഞിരിക്കും, ഫ്ലാറ്റിന്റെ വാതിൽ ആരോ തുരുതുരാ മുട്ടുന്ന ശബ്ദം കേട്ട് തുറന്ന് നോക്കിയപ്പോൾ, മദ്യത്തിന്റെ ലഹരിയിൽ കാലുകൾ നിലത്തുറക്കാതെ മുന്നിൽ രാധിക. ഏതു നിമിഷവും കുഴഞ്ഞ് വീഴാമെന്ന് തോനിയത് കൊണ്ട് താങ്ങി പിടിച്ച് കസേരയിൽ കൊണ്ടുപോയി ഇരുത്തി. കസേരയിൽ ചാരിയിരുന്ന് എന്നെ നോക്കി കൈ തൊഴുതുകൊണ്ട് അവൾ പറഞ്ഞു

“സോറി… ഞാൻ അബോഷന് വന്നതല്ല.. ഇയാളെ കണ്ട് ഗുഡ്ബൈ പറയണമെന്ന് തോന്നി. ഞാൻ നാളെ തിരിച്ചു പോകുകയാണ്”

ബെഡ്റൂമിലെ കിടക്ക മുട്ടിവിരിച്ച് ഞാൻ അവൾക്ക് കിടക്കാനുള്ള സൌകര്യമൊരുക്കി. ലൈറ്റണച്ച് വാതിൽചാരി പുറത്തേക്കിറങ്ങിയപ്പോൾ വേച്ച് വേച്ച് പിന്നാലെ വന്ന് കൈ കോർത്തുപിടിച്ച് അവൾ ചോദിച്ചു;

“ഞാനൊരു നല്ല കുട്ടിയല്ല, അല്ലേ?“

***

നഗരത്തിലെ കോളെജിൽ പഠിക്കാൻ വന്ന് ജീവിതം ആഘോഷമാക്കിയവൾ. കാമുകന്മാരെ മാറി മാറിയും, ഒരേസമയം പലരെയും പ്രണയിച്ചും, പബ്ബുകളിലും ഡാൻസ് ക്ലബ്ബുകളീലും രാവുകൾ  പകലാക്കിയ സർപ്പ സുന്ദരി. എന്റെ റൂം മേറ്റീന്റെ സുഹൃത്തിന്റെ കാമുകിയായിരുന്ന കാലത്താണ് ഞാനവളെ ആദ്യമായി കാണുന്നത്. ഫ്ലാറ്റിലെ താമസക്കാരായ ഞങ്ങൾ എല്ലാവരും പകൽ ജോലിക്ക് പോയി കഴിഞ്ഞാൽ ഫ്ലാറ്റ് അവരുടെ പ്രണയകേളികൾക്കായുള്ളതാണ്. ഒരു ദിവസം രാത്രി ജോലികഴിഞ്ഞ് ഞാൻ തിരിച്ച് വന്നപ്പോഴും അവർ ഫ്ലാറ്റിലുണ്ട്. പ്രധിഷേധത്തോടെ ഞാൻ  പുറത്തേക്കിറങ്ങിയപ്പോൾ സുഹൃത്ത് പിന്നാലെ വന്നു.

‘ഷി ഈസ് പ്രഗ്നന്റ്. നാളെ രാവിലെ അബോർഷന് കൊണ്ടുപോകണം. നീ ചുമ്മാ രണ്ടെണ്ണം വിട്ടിരിയെടാ’

ജീവിതവും പ്രണയവും തുടങ്ങി സർവ്വവും ഞാൻ റീ-ഡിഫൈൻ ചെയ്യേണ്ടിവന്ന കാലഘട്ടം. അടുത്ത ദിവസം രാത്രിയിൽ ജോലികഴിഞ്ഞ് ഫ്ലാറ്റിൽ തിരിച്ചെത്തിയ ഞാൻ, അബോഷൻ കഴിഞ്ഞ ആലസ്യത്തിൽ മദ്യപിച്ച് തുടുത്ത കണ്ണുകളുമായി കാമുകന്റെ കരവലയത്തിലൊതുങ്ങി നിൽക്കുന്ന അവളെ കണ്ട് അന്തിച്ച് നിന്നപ്പോൾ, ആരോ ഒരു ഡ്രിങ്ക്സ് എനിക്ക് നേരെ നീട്ടി. പിന്നീട് ഒരിക്കൽ കൂടി അബോർഷൻ ചെയ്യാൻ അവൾ ഫ്ലാറ്റിൽ വന്നപ്പോഴെക്കും നഗരജീവിതത്തിന്റെ അന്താളിപ്പുകൾ എന്നിൽ നിന്നും കുടിയൊഴിഞ്ഞിരുന്നു

“ഇയാളെ കാണാൻ ഒരു സാധു ലുക്കുണ്ട്“; എന്റെ ഓഫിസ് ഫോണിൽ വിളിച്ച് ഒരു ദിവസം രാധിക പറഞ്ഞു; “ഒന്ന് കോളെജിൽ വരെ വരണം. പരീക്ഷ എഴുതാനുള്ള അറ്റൻഡൻസ് ഇല്ല. വീട്ടിന്ന് ആരെയെങ്കിലും വിളിച്ചു കൊണ്ടുവരാൻ പ്രിൻസിപ്പൽ പറഞ്ഞു, അങ്കിളാണെന്ന് പറഞ്ഞ് ഒന്ന് വന്നാമതി“

പറ്റില്ല എന്ന് പറയാൻ എന്തോ എനിക്ക് തോനിയില്ല. കോളെജിൽ ചെന്നു. പ്രിൻസിപ്പലിനെ കണ്ടു. പരാതികളുടെ ഒരു ഭാണ്ഡം തന്നെ അഴിച്ച പ്രിൻസിപ്പലിനോട് മാപ്പ് പറഞ്ഞ്, ഇനി അങ്ങിനെയൊന്നുമുണ്ടാവില്ല എന്ന് ഉറപ്പ് കൊടുത്ത് അവൾക്ക് പരീക്ഷ എഴുതാനുള്ള സമ്മതം നേടിയെടുത്തു

***

യാത്രപറഞ്ഞിറങ്ങുമ്പോൾ രാധിക പറഞ്ഞു;

“എന്തോ ലൈഫിനോട് പിന്നീടൊരിക്കലുമൊരു പ്രണയം തോനിയിട്ടില്ല. Am happy with all these commitments and happy with being alone”

Thursday, January 10, 2013

ശശിശങ്കർ ഷെട്ടി


ശശിശങ്കർ ഷെട്ടി ആരോടും സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല

ഓട്ടോ സ്റ്റാന്റിൽ ഒരു പഴയ ഓട്ടോറിക്ഷ ചാരി അയാൾ നിൽക്കുന്നത് കാണുമ്പോൾ അത് ഓടിക്കാനല്ല, അതിന് കാവൽ നിൽക്കുകയാണ് അയാൾ എന്നാണ് എനിക്ക് തോനാറ്. സ്റ്റാൻഡിൽ വേറെ ഓട്ടോകളൊന്നുമില്ലാതിരുന്ന ഒരുദിവസം തിടുക്കത്തിൽ സിറ്റി സ്റ്റാൻഡിലേക്ക് പോകാൻ ഞാനയാളുടെ വണ്ടിയിൽ കയറാൻ ഭാവിച്ചപ്പോൾ പോകില്ല എന്നർത്ഥത്തിൽ തലയാട്ടി അയാളെന്നെ തടഞ്ഞു.

പൊടുന്നനെയാണ് ഒരുദിവസം അയാളെ, ഞാൻ ജോലിചെയ്തിരുന്ന സ്ഥലത്തെ തൂപ്പുകാരനായി കാണുന്നത്. പ്രിൻസിപ്പാൽ സഹതാപം വിചാരിച്ച് ഒരു ജോലികൊടുത്തതാണെന്ന് ആരോ ഓഫീസിൽ  പറഞ്ഞു കേട്ടു. ക്ലാസ്സുമുറികളും ലാബുകളും വർക്ഷോപ്പുകളൂം അടിച്ചുവാരി വൃത്തിയാക്കുവാൻ  ആയാൾ ആവശ്യത്തിലേറെ സമയമെടുക്കുമായിരുന്നു. ആർക്ക് നേരെയും തലയുയർത്താതെ, ആരോടും ഉരിയാടാതെ ആർക്കോവേണ്ടിയെന്നപോലെ അയാൾ ജോലിചെയ്യുകയായിരുന്നു

കുറച്ചുനാളുകൾക്ക് ശേഷം അയാളെ ഇൻസ്റ്റിറ്റ്യൂടിൽ കാണാതെയായി. ആരും വേവലാതിപ്പെട്ടതോ അന്വേഷിച്ചതോ ഇല്ല. അയാൾ വരുന്നതിന് മുമ്പും, വന്നപ്പോഴും, പിന്നെ വരാതായപ്പോഴും അവിടെയൊരു മാറ്റമുണ്ടായതായി ആർക്കും അനുഭവപ്പെട്ടില്ല എന്നെനിക്ക് തോനി. അറിയാത്ത എന്തോ ഒരു കാരണത്താൽ എനിക്കയാളെ മറക്കാനായില്ല. പലരാത്രികളിലും റെയിൽ പാളത്തിലൂടെയോ, കടൽപാലത്തിലൂടെയോ   തലതാഴ്ത്തിനടക്കുന്ന ശശിശങ്കർ ഷെട്ടിയെ ഞാൻ സ്വപ്നം കണ്ടു

വടകരയ്ക്കുള്ള ഒരു ട്രെയിൻ യാത്രയിൽ, രണ്ട് വർഷം മുമ്പ് ഷൊർണ്ണൂർ സ്റ്റേഷനിൽ നിന്നും വണ്ടി നീങ്ങിതുടങ്ങിയപ്പോൾ പ്ലാറ്റുഫോമിലൂടെ തലതാഴ്തി നടക്കുന്ന ശശിശങ്കർ ഷെട്ടിയെ ഞാൻ വീണ്ടും കണ്ടു.

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...