Thursday, December 27, 2007

പിന്നെയുമൊരു ന്യൂ ഇയര്‍ ആഘോഷിക്കുമ്പോള്‍....“ ആരാണ്ടാ അവിടുന്ന് ഒച്ചയിടുന്നത്... കൊറേ നേരായല്ലോ നിന്നോടൊക്കെ ഇറങ്ങിപ്പൂവാന്‍ പറഞ്ഞിട്ട്. ഞാനങ്ങോട്ട് വന്നാലുണ്ടല്ലോ... “

“ നീ ഒലത്തും “

അതിനേക്കാള്‍ ഉച്ചത്തില്‍ മറുപടി കൊടുത്ത്, ഗ്ലാസ്സില്‍ ശേഷിച്ച കള്ള് അണ്ണാക്കിലേയ്ക്കൊഴിച്ച് സജി ഡസ്ക്കില്‍ താളമടിച്ചു കൊണ്ട് ‘ഒരു മധുരക്കിനാവിന്‍ ലഹരിയിലെങ്ങോ...’ പാടുന്ന രാധാകൃഷ്ണനൊപ്പം കൂടി.

“ മക്കളേ, നിങ്ങള് അലമ്പുണ്ടാ‍ക്കാതെ ഒന്ന് വേഗം ഇറങ്ങിയേ... അവരിങ്ങോട്ട് വരുന്ന നേരായി ”; ഷാപ്പ് പ്രൊപ്രൈറ്റര്‍ ഗോപാലേട്ടന്‍ ഞങ്ങളുടെ ഡസ്കിലെ കുപ്പികളും ഗ്ലാസ്സുകളും എടുത്തുമാറ്റാന്‍ ഒരു വിഫല ശ്രമം നടത്തി.

“ ഗോവാലേട്ടന്‍ പേടിക്കരുത്. ഞങ്ങള്‍ക്ക് പേടിയില്ല, അവര് വരട്ടെ. മ്മക്ക് നോക്കാം “; ഞങ്ങളിലാരൊക്കെയോ ഒരുമിച്ച് പറഞ്ഞു. തുടര്‍ന്ന് ഗോപാലേട്ടനെ ധൈര്യപ്പെടുത്തുവാനെന്നവണ്ണം ഞങ്ങള്‍ ഡസ്കിലടിച്ചുകൊണ്ട് ‘നീയെന്‍ കിനാവോ പൂവോ നിലാവോ...’ പാടാന്‍ തുടങ്ങി.

ഡിഗ്രി അവസാന വര്‍ഷത്തെ ന്യൂ ഇയര്‍ തലേ ദിവസം. പാന്‍ഡെമോണിയം എന്നും ഭാര്‍ഗ്ഗവീ നിലയം എന്നുമൊക്കെ ഞങ്ങള്‍ വിളിച്ചിരുന്ന ഞങ്ങളുടെ താവളത്തില്‍ നിന്നും ഉച്ച കഴിഞ്ഞ് തുടങ്ങിയ ആഘോഷം, കുറച്ചകലെയായുള്ള ഒരു കള്ളുഷാപ്പിലേയ്ക്ക് വേദി മാറ്റി പരിപാടികള്‍ തുടരുകയാണ്. വെള്ളമടിയോടൊപ്പം ഗാനമേളയാണ് മറ്റൊരു പ്രധാന ഐറ്റം. പിള്ളാരല്ലേ പിണ്ണാക്കല്ലേ തിന്നോട്ടെ, എന്ന മട്ടില്‍ ഗോപാലേട്ടനും മറ്റ് കള്ള് കുടിയന്മാരുമൊക്കെ ഞങ്ങളെ സഹിക്കുകയും ചെയ്തതായിരുന്നു, ഇത്രയും നേരം.

കള്ള് ഷാപ്പിനോട് ചേര്‍ന്ന് തന്നെയാണ് ചാരായ ഷാപ്പും.(അന്ന് ചാരായ നിരോധനം നിലവില്‍ വന്നിട്ടില്ല). കൂട്ടത്തില്‍ പ്രസിയ്ക്കും അജിത്തിനും മാത്രമേ ചാരയത്തിനോട് കമ്പമുള്ളൂ എന്നത് കൊണ്ട് അവര്‍ നേരത്തെ തന്നെ അവിടെപ്പോയി നൂറ് മില്ലീ വീതം വിട്ട് തിരിച്ച് വന്നതാണ്.

ഗാനമേളയുടെ ശ്രവണ സുഖം കൊണ്ടാവാം, റോഡിലൂടെ പോകുന്നവരും ചാരായ ഷാപ്പിലേയ്ക്ക് പോകുന്നവരും ഒന്ന് എത്തിച്ച് നോക്കുന്നതും കള്ള് കുടിക്കാന്‍ വരുന്നവര്‍ നിപ്പനടിച്ച് വേഗം തന്നെ സ്ഥലം കാലിയാക്കി ഇറങ്ങിപ്പോകുന്നതും.

സന്ധ്യ കഴിഞ്ഞതോടെ ചാരയ ഷാപ്പിലെ സ്ഥിരം കുറ്റികള്‍ എത്താന്‍ തുടങ്ങി.

“ ഗോപാല്‍ട്ടാ, ആരാണവിടുന്ന് ഇങ്ങിനെ കാറി വിളിക്കുന്നത്. നിര്‍ത്തിപ്പോകാന്‍ പറ ”; ചാരായഷാപ്പില്‍ നിന്നും ഒരു പരുക്കന്‍ ശബ്ദത്തില്‍ ആരോ ഉത്തരവിട്ടു.

ബിസോണിനും ഇന്റര്‍സോണിനും പാടിയ ശ്രീജിത്തും രാധാകൃഷ്ണനും പാടുന്നതിനൊപ്പം ഞങ്ങള്‍ കൂടെ പാടുന്നതിന്നെയാണോ ഇവന്മാര്‍ കാറുന്നു എന്ന് പറഞ്ഞത്. വെറുതെ വിടില്ല ഒരെണ്ണത്തിനെയും. സജി തൊണ്ട കീറി പാടാന്‍ തുടങ്ങി;

“ ശ്യാമസുന്ദര പുഷ്പമേ....”

“ മക്കളേ അത് രാജനാണ്. ഓനുമായിട്ട് ചൊറയാന്‍ നിക്കേണ്ട. ഇങ്ങള് വേഗം ഒന്ന് എറങ്ങിയാട്ടെ “; ഗോപാലേട്ടന്‍ അപേക്ഷിക്കുന്നത് പോലെ പറഞ്ഞു.

“ ഓഹോ അത് രാജനായിരുന്നോ? “; പ്രസാദ് പെട്ടന്ന് പാടാന്‍ തുടങ്ങി; “ രാജാ... കണ്ണീരിതെന്തേ രാജാ... സ്നേഹമയാ കേഴുകയാണോ...”

വിളികളും വെല്ലുവിളികളും പാട്ടുകളുമായി നേരം നീങ്ങി. ഇടയ്ക്കെങ്ങോ രാജന്‍ വിളിച്ചു പറഞ്ഞു;

“ ഗോപാല്‍ട്ടാ, എന്റെ പങ്കെങ്ങാന്‍ ആ പരല് പിള്ളമ്മാര്‍ക്ക് എടുത്ത് കൊടുത്താല്‍ ഇങ്ങളെ കട്ടപ്പൊഹയായിരിക്കും ”

മറുപടി പിന്നെയും പാട്ടില്‍ തന്നെ;

“ എന്റെ പങ്ക് നീയെടുത്തു, നിന്റെ പങ്ക് ഞാനെടുത്തു...“

“ ഒരൈഡിയ “; പ്രകാശന്‍ പെട്ടന്ന് പറഞ്ഞു; “ ഇനിയെന്തുകൊണ്ട് നമ്മക്ക് കഥാപ്രസംഗമായിക്കൂടാ? ”

സ്കൂളില്‍ പഠിക്കുന്ന കാലം മുതലേ കഥാപ്രസംഗം അവന്റെ വീക്ക്‍നസ്സാണ്. സാംബശിവനും ചേര്‍ത്തല സിസ്റ്റേഴ്സുമായിരുന്നു അവന്റെ ആരാധനാപാത്രങ്ങള്‍.

കണ്ഠശുദ്ധി വരുത്തി സജി കൂട്ടിനെത്തി.

“ സുഹൃത്തുക്കളേ, ഞങ്ങളുടെ കഥയുടെ പേരാണ്... ‘ചേട്ടാ‍, ഒന്നു നില്‍ക്കൂ‘ “; ഉടനെ പ്രസി തിരുത്തി; “ രാജേട്ടാ, ഒന്നു നില്‍ക്കൂ “

കോറസ്സായി ഞങ്ങള്‍ തുടങ്ങി; “ കാഥികനല്ല കഥാകാരനല്ല ഞാന്‍....”

“ ആരാന്ന് കൂടെ അറിയാണ്ടാണോടാ നീയൊക്കെ ഇവിടെ വന്ന് നെലവിളിക്കുന്നത് “; കള്ള് ഷാപ്പ് വാതിക്കല്‍ കറുത്ത് ഭീമാകരനായ ഒരാള്‍. കൂടെ അഞ്ച്പത്ത് കെല്ലന്മാര്‍.

“ രാജാ, കോളെജ് പിള്ളേരാ, നീ അലമ്പുണ്ടാക്കല്ലേ “; ഗോപാലേട്ടന്‍ ഇടപെട്ടു.

അതിലൊന്നും ശ്രദ്ധിക്കാതെ സജിയും അജിയും പ്രസാദും കഥാപ്രസംഗം തുടരുകയാണ്;

“ കാട്ടിലേയ്ക്ക് പോകുന്ന രാജനെ നോക്കി നെഞ്ച്പിടഞ്ഞ് കരഞ്ഞുകൊണ്ട് സീത പാടി, ‘രാജാ ശ്രീരാജാ സീത വരും കൂടെ, നീ പോകും വഴിയെല്ലാം ഈ സീത വരും കൂടെ...‘ ”

ക്രുദ്ധനായി നിന്നിരുന്ന രാജന്‍ അത് കേട്ടതോടെ അറിയാതെ ചിരിച്ചുപോയി. പെട്ടന്ന് തന്നെ അതൊരു പൊട്ടിച്ചിരിയായും കൂടെവന്ന കെല്ലന്മാരും കൂടി ചേര്‍ന്ന് ഒരു കൂട്ടച്ചിരിയായും മാറി. അന്തം വിട്ടുനിന്ന ഗോപാലേട്ടനും ഒരടി പ്രതീക്ഷിച്ച് നിന്ന കുടിയന്മാരും കൂടെ കൂടി.

ചിരിക്കാന്‍ ഒരു കാരണവും വേണ്ടാതിരുന്ന ഞങ്ങളും അട്ടഹസിച്ച് ചിരിച്ച് കൊണ്ട് രാജന് ചുറ്റും നൃത്തം വയ്ക്കാന്‍ തുടങ്ങി.

രാജേട്ടന്റെ വക കള്ളൂം ഞങ്ങളുടെ വക സിഗരറ്റും കൈമാറി തട്ടുകടയില്‍ നിന്നും വരുത്തിയ ദോശയും തിന്ന് നേരം പുലരുന്നത് വരെ ആഘോഷിച്ച പത്തൊന്‍പത് വര്‍ഷം മുമ്പെയുള്ള ഒരു ന്യൂ ഇയറിന്റെ ഓര്‍മ്മയ്ക്ക്....

Monday, December 24, 2007

ജീവനുള്ള അപ്പം ഞാന്‍ ആകുന്നു

സ്വര്‍ഗ്ഗത്തില്‍നിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാന്‍ ആകുന്നു; ഈ അപ്പം തിന്നുന്നവന്‍ എല്ലാം എന്നേക്കും ജീവിക്കും; ഞാന്‍ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവന്നു വേണ്ടി ഞാന്‍ കൊടുക്കുന്ന എന്റെ മാംസം ആകുന്നു...


കൃസ്തുമസ്‌ ആശംസകള്‍

Sunday, December 09, 2007

അണുകുടുംബം


“ അച്ഛന് മീന്‍ കുഞ്ഞുങ്ങളെ കാണണോ? “; അമ്പലപ്പറമ്പിലെ അരയാല്‍ത്തറയെ ചുറ്റി മോള്‍ കുളക്കടവിലേയ്ക്ക് ഓടി

“ അധികം അടുത്തോട്ട് പോകരുത് “; അവള്‍ക്കൊപ്പമെത്താന്‍ ഞാന്‍ വേഗത്തില്‍ നടന്നു.

“ അവള്‍ കുളത്തിന്നടുത്തേയ്ക്കൊന്നും പോവില്ല. പടവിന്ന് ദൂരെനിന്നേ അവള്‍ മീനുകളെ നോക്കുകയുള്ളൂ “

പിന്നില്‍ നിന്നും ആരോ പറഞ്ഞത് കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി. രാഘവൻ മാഷ് അരയാല്‍ തറയില്‍ ഇരിക്കുനു. ഞാന്‍ പെട്ടന്ന് നിന്നു, മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ചിട്ടു. ഒന്നാം ക്ലാസ്സില്‍ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ച അദ്ധ്യാപകനാണ്.

“ അച്ഛാച്ഛന്റെ കൂടെ എപ്പോഴും അമ്പലത്തില്‍ വരുമ്പോള്‍ കുറച്ച് നേരം അവള്‍ക്കവിടെ മീനുകളെ നോക്കിയിരിക്കണം “; മാഷ് വിശാലമായി ചിരിച്ചു; “ നീ എപ്പോഴാണ് വന്നത്? ഒരു മോള് കൂടി ഉണ്ടായ വിശേഷം അച്ഛന്‍ പറഞ്ഞറിഞ്ഞു“

“ രണ്ട് ദിവസായി “; ഞാന്‍ മാഷുടെ അടുത്തേയ്ക്ക് ചെന്ന്, അരയാല്‍ തറയില്‍ ഇരുന്നു. മുഖത്തേയ്ക്ക് സൂക്ഷിച്ച് നോക്കി മാഷ് ചോദിച്ചു;

“ എന്താടോ, നിനക്ക് വയസ്സായോ? മീശ മുഴുവന്‍ നരച്ചിരിക്കുന്നു. ഇതൊന്ന് കറപ്പിക്കാനുള്ള വിദ്യയൊന്നും കയ്യിലില്ലേ ”

മാഷ് സംസാരിക്കുന്നതും കേട്ടിരുന്നപ്പോള്‍ എല്‍.പി സ്കൂളിലെ ക്ലാസ്സ് മുറികളും അദ്ധ്യാപകരും കൂട്ടുകാരും കളിസ്ഥലവുമൊക്കെ ഓര്‍മ്മയില്‍ വന്ന് നിറഞ്ഞു.

“ വൈകുന്നേരം കുറച്ച് നേരം ഇവിടെ ഇങ്ങിനെ വന്നിരിക്കുന്നത് കൊണ്ട് പണ്ട് പഠിപ്പിച്ച പലരെയും ചിലപ്പോള്‍ കാണാം. ചിലരെയൊക്കെ ഓര്‍മ്മവരും ചിലരെയൊന്നും തീരെ ഓര്‍മ്മ കിട്ടുകയുമില്ല. മുപ്പത്തഞ്ച് വര്‍ഷായി പഠിപ്പിച്ച കുട്ടികളില്ലേ....“; മാഷ് തുടര്‍ന്നു “ എന്നാലും അവര്‍ക്കൊക്കെ നല്ല ഓര്‍മ്മയാണ് “

“ മാഷ് പഠിപ്പിച്ച ആരും മാഷെ മറക്കുമെന്ന് എനിക്ക് തോനുന്നില്ല ”
രാഘവൻ മാഷ് സന്തോഷത്തോടെ വിടര്‍ന്ന് ചിരിച്ചു.

ഇരുള്‍ വീഴാന്‍ തുടങ്ങിയപ്പോള്‍ മോള്‍ അരികിലേയ്ക്ക് വന്നു;
“ മോള്‍ക്ക് ഇതാരാന്ന് അറിയോ? അച്ഛനെ സ്കൂളില്‍ പഠിപ്പിച്ച മാഷാണ് ”

“ എനിക്കറിയാം, അച്ഛാച്ഛന്‍ പറഞ്ഞുതന്നിട്ടുണ്ടല്ലോ “; അവള്‍ നാണം കുണുങ്ങി.

അമ്പലപ്പറമ്പിറങ്ങി റോഡിലേയ്ക്ക് നടക്കുമ്പോള്‍ ഞാന്‍ ചോദിച്ചു;
“ ദിലീപ് സുഖമായിരിക്കുന്നോ? ഹൈദ്രബാദില്‍ തന്നെയാണോ ഉള്ളത്? “

മാഷിന്റെ ഏക മകനാണ് ദിലീപ്. എന്നെക്കാള്‍ നാല് വയസ്സിന്ന് ഇളയത്. ഫൈനാട്സില്‍ ബിരുദമെടുത്ത് അവന്‍ ഹൈദ്രബാദില്‍ ഏതോ ആനിമേഷന്‍ കമ്പനിയില്‍ നല്ല ജോലിയിലാണെന്ന് കേട്ടിട്ടുണ്ട്. കണ്ടിട്ട് വര്‍ഷങ്ങള്‍ ഒരുപാടായി.

“ ഉം “ മാഷ് മൂളി; “ വിവാഹവും കഴിഞ്ഞു “; കുറച്ച് നേരം നിശ്ശബ്ദനായി നടന്ന് മാഷ് തുടര്‍ന്നു;

“ വിവാഹം എന്ന് പറയാനാവുമോ എന്നറിയില്ല. കൂടെ ജോലിചെയ്യുന്ന ഒരു പഞ്ചാബി പ്ണ്‍കുട്ടിയുമായി ഒരുമിച്ച് ജീവിക്കാനുള്ള ഒരു കോണ്ട്രാക്റ്റ്. മടുക്കുമ്പോള്‍ പിരിഞ്ഞ് പോകാമത്രേ, കുട്ടികളും വേണ്ട എന്ന് “

ഇരുട്ടില്‍ മാഷുടെ മുഖഭാവം കാണാനായില്ല.

“ മുത്തച്ഛനാവാനും കുഞ്ഞുങ്ങളെ താലോലിക്കാനും.... അതിനും വേണം ഒരു യോഗം ”

റോഡ് പിരിയുന്നിടത്ത് മോളുടെ കയ്യും പിടിച്ച് ഞാന്‍ ഇരുട്ടിലേയ്ക്ക് നടന്നുപോകുന്ന മാഷെയും നോക്കി നിന്നു.

Tuesday, November 20, 2007

പ്രേമലേഖനം


നാലഞ്ച്‌ വാചകങ്ങളിലെഴുതിയ കത്ത്‌ ഒരിക്കല്‍ കൂടി വായിച്ച്‌ ഭദ്രമായി മടക്കി പോക്കറ്റിലിട്ട്‌, ഒരു സിഗററ്റും പുകച്ച്‌, ഹോസ്റ്റല്‍ വരാന്തയിലെ ഗ്രില്‍സിലേയ്ക്ക്‌ കാല്‌ കയറ്റിവച്ച്‌ സതീശന്‍ വരുന്നതും കാത്ത്‌ ഞാന്‍ കസേരയില്‍ ചാഞ്ഞിരുന്നു.

രാവിലെ കോളേജില്‍ പോകാതിരിക്കാനുള്ള കാരണം പറഞ്ഞത്‌ അവന്‍ വിശ്വസിക്കാന്‍ വഴിയില്ല. ഒരു വക എഴുന്നേറ്റ്‌ നില്‍ക്കാനുള്ള കെല്‍പ്പുണ്ടെങ്കില്‍ കോളെജില്‍ പോയി അലമ്പുണ്ടാക്കാനുള്ള അവസരം കളയാത്ത ഞാന്‍ ഒരു തലവേദനയുടെ പേര്‌ പറഞ്ഞ്‌ അവധിയാക്കിയത്‌ അവനത്രയ്ക്കങ്ങ്‌ ദഹിച്ച മട്ടില്ല.

അവന്‍ ഇറങ്ങിയത്‌ മുതല്‍ പേനയും കടലാസുമായി ഇരുന്നതാണ്‌ ഞാന്‍, അവള്‍ക്കൊരു മറുപടി എഴുതാന്‍. മാറ്റിയും മറിച്ചും എഴുതി എഴുതി ഒടുവില്‍ കൊള്ളാമെന്ന് തോനിയ ഒരു പരുവത്തിലെത്തുമ്പോഴേയ്ക്കും ഉച്ച കഴിഞ്ഞു.

താനെഴുതിയ കഥയാണെന്ന് പറഞ്ഞ്‌ അവള്‍ തന്ന എഴുത്ത്‌ ഞാന്‍ ഒന്നുകൂടെ നിവര്‍ത്തി നോക്കി. രണ്ട്‌ ദിവസം മുന്‍പ്‌ അത്‌ കിട്ടിയതില്‍ പിന്നെ വായിച്ച്‌ വായിച്ച്‌ അതിലെ ഓരോ വരികളും ഇപ്പോള്‍ കാണാപാഠമാണ്‌. കഥയാണെന്ന് കരുതി തന്നെയാണ്‌ വായന തുടങ്ങിയതും. പക്ഷേ പെട്ടന്ന് തന്നെ മനസ്സിലായി, കഥയല്ല കാര്യമാണെന്ന്. രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാല്‌.

കഴിഞ്ഞ രണ്ട്‌ വര്‍ഷമായി അവളൊരിഷ്ടമായി മനസ്സില്‍ കേറിക്കൂടിയിട്ട്‌. വല്ലപ്പോഴെങ്കിലും പാറിവീഴുന്ന ഒരു നോട്ടം, അല്ലെങ്കില്‍ ഒരു ചെറിയ ചിരി- അത്രയേ ഉണ്ടായിട്ടുള്ളൂ ഇതുവരെ അവളുടെ ഭാഗത്ത്‌ നിന്നും. ഒന്ന് ചെന്ന് നേരില്‍ സംസാരിക്കാനാണെങ്കില്‍ എന്റെ ധൈര്യം എന്നെ ഇതുവരെ അനുവദിച്ചിട്ടുമില്ല. ആരെയെങ്കിലും ഒന്ന് കൂട്ടിപോകനോ ദൂത്‌ അയക്കാനോ ആണെങ്കില്‍ പറയേണ്ട താമസമേയുള്ളൂ, കൂട്ടത്തില്‍ തന്നെയുണ്ട്‌ വേണ്ടുവോളം എക്സ്‌പേര്‍ട്‌സ്‌. പക്ഷേ സംഗതി പാട്ടാവും, വണ്‍വേയങ്ങാനാണ്‌ എങ്കില്‍ ചമ്മലുമാവും.

ഇനിയിപ്പോള്‍ ധൈര്യത്തില്‍ മറുപടി കൊടുക്കാം. സതിശനോട്‌ ഏതായാലും പറയണം. മൂന്ന് വര്‍ഷമായി ഒരുമിച്ചുള്ള സഹവാസമാണ്‌. പരസ്പരം ഒന്നും മറച്ച്‌ വയ്ക്കാറില്ല. വൈകുന്നേരം അവനിതറിയുമ്പോഴുള്ള പ്രതികരണം ഓര്‍ത്ത്‌ ഞാന്‍ ഊറിച്ചിരിച്ചു.

" മിണ്ടാപൂച്ചയാണ്‌ കലമുടക്കുക "; അവന്‌ എന്നെക്കുറിച്ചുള്ള പതിവ്‌ തമാശയാണ്‌.

കുറച്ച്‌ നാള്‍ക്ക്‌ മുന്‍പാണ്‌ മലയാളം അസോസ്സിയേഷന്‍ ഒരു കഥയരങ്ങ്‌ സംഘടിപ്പിച്ചത്‌. 'മലയാള കഥകളിലെ പുതിയ പ്രവണതകള്‍' എന്ന വിഷയത്തെക്കുറിച്ച്‌ അക്ബര്‍ കക്കട്ടിലിന്റെ ഒരു ചെറിയ പ്രഭാഷണവും അതുകഴിഞ്ഞ്‌ മലയാളം പ്രൊഫസര്‍ ഓമനക്കുട്ടിയുടെ ഘോരഘോരമുള്ള നെടുനീളന്‍ പ്രസംഗവും കഴിഞ്ഞ്‌ ആ വര്‍ഷം കോളെജ്‌ മാഗസിനില്‍ ശ്രദ്ധേയമായ ചെറുകഥയെഴുതിയ, വളര്‍ന്ന് വരുന്ന എഴുത്തുകാരനെന്ന് യാതൊരു ജാള്യതയുമില്ലാതെ എന്നെ പറ്റി പുകഴ്ത്തി പറഞ്ഞ്‌ സ്റ്റുഡന്റ്‌ എഡിറ്റര്‍ പ്രതാപന്‍ ആ ചെറുകഥ വായിക്കാന്‍ എന്നെ സ്റ്റേജിലേയ്ക്ക്‌ ക്ഷണിച്ചു.

ഓഡിറ്റോറിയത്തിലാകമാനമുയര്‍ന്ന നിലക്കാത്ത കൂക്കിവിളിക്കും ബഹളത്തിനുമിടയില്‍ ഞാന്‍ 'വിറതാങ്ങി'യില്‍ കൈമുട്ട്‌ ഊന്നി, നാവ്‌ കൊണ്ട്‌ ചുണ്ട്‌ നനച്ച്‌ ഒരുവിധം വായന തുടങ്ങിയപ്പോളുണ്ട്‌ മുന്‍ നിരയിലെ സീറ്റുകളിലൊന്നില്‍ അവളിരിക്കുന്നു. അതോടെ എന്റെ ശബ്ദം പിന്നെയും പതറി. എനിക്ക്‌ പിന്നില്‍ നിന്നും പ്രൊഫസര്‍ ഓമനക്കുട്ടിയുടെ ശബ്ദം ഉയര്‍ന്നു;

"മുദ്രാവാക്യം വിളിക്കാനും മതിലിന്മേലിരുന്ന് കമന്റടിക്കാനുമൊക്കെ എന്താ ഒരു ശൗര്യം. നിന്ന് വിറക്കുന്നത്‌ കണ്ടില്ലേ. പ്രതാപാ, അവനെക്കൊണ്ട്‌ വായിക്കാന്‍ പറ്റുമെന്ന് തോനുന്നില്ല. താനതൊന്ന് വാങ്ങി വായിക്ക്‌"

എന്റെ കയ്യില്‍ നിന്നും മാഗസിന്‍ വാങ്ങി പ്രതാപന്‍ വായന തുടര്‍ന്നപ്പോള്‍ അവള്‍ ചിരിയടക്കാന്‍ പ്രയാസപ്പെട്ട്‌കൊണ്ട്‌ എന്നെതന്നെ നോക്കിയിരിക്കുന്നുണ്ടായിരുന്നു.

കളിക്കാനറിയാത്തതുകൊണ്ട്‌ ബികോം ക്രിക്കറ്റ്‌ ടീമിന്റെ മാനേജര്‍ പദവി വഹിക്കുന്ന ഞാന്‍ അടുത്ത ദിവസം സുഹൃത്തുക്കള്‍ ക്രിക്കറ്റ്‌ കളിക്കുമ്പോള്‍ ഗ്രൗണ്ടിനരികിലെ മാവിന്‍ ചോട്ടില്‍ ഉച്ചമയക്കത്തിലായിരുന്നപ്പോള്‍ ഒരു പെണ്‍ശബ്ദം;

"ഹലോ, ഉറക്കമാണോ..."

കണ്ണ്‍ തുറന്ന് നോക്കിയപ്പോള്‍ മുന്നില്‍ അവള്‍. ഇരിക്കണമോ, നില്‍ക്കണമോ കിടക്കണമോ എന്നൊക്കെ ആശങ്കപ്പെട്ട്‌ ഒടുവില്‍ ഒരുവിധം ചാടിപ്പിടഞ്ഞ്‌ എണീറ്റ്‌ നിന്നു. ഒരു കവര്‍ നീട്ടി അവള്‍ പറഞ്ഞു;

"ഞാനൊരു കഥയെഴുതി. ഇതൊന്ന് വായിച്ച്‌ നോക്കി കൊള്ളാമോ എന്ന് പറയാവോ?"

വിറയലടക്കി കവര്‍ ഞാന്‍ വാങ്ങിയതും അവള്‍ ധൃതിയില്‍ നടന്നുപോയി.

മാവിന്‍ ചുവട്ടിലെ തണലില്‍, കോളെജ്‌ ഗ്രൗണ്ടിന്‌ പിന്നിലെ കുന്നിറങ്ങി വരുന്ന ഇളം കാറ്റേറ്റിരുന്നു ഞാനാ കവര്‍ പൊട്ടിച്ച്‌ വായിച്ചു;

പഴമ മണക്കുന്ന ലൈബ്രറിയിലെ പുസ്തകങ്ങള്‍ അടുക്കി വച്ചിരിക്കുന്ന അലമാരകളുടെ വിടവിലൂടെയും ക്യാന്റീനില്‍ പെണ്‍കുട്ടികളുടെ ഇരിപ്പിടങ്ങള്‍ക്ക്‌ പിന്നിലെ മുളമറയുടെ ഇടയിലൂടെയും നീയെന്തിനാണെന്നെ ഒളിഞ്ഞ്‌ നോക്കുന്നത്‌

ബസ്സിറങ്ങി ചെമ്മണ്‍ റോഡിലൂടെ ഞാന്‍ വീട്ടിലേയ്ക്ക്‌ നടക്കുമ്പോള്‍ ഞാനിറങ്ങിയ ബസ്സില്‍ നിന്നും നിന്റെ കണ്ണുകള്‍ എനിക്ക്‌ പിന്നാലെ നീളുന്നത്‌ എനിക്കറിയാം. ഭഗവതി ക്ഷേത്രത്തില്‍ വെള്ളിയാഴ്ചകളില്‍ വൈകുന്നേരം വിളക്ക്‌ കത്തിക്കാന്‍ ഞാന്‍ വരുമ്പോള്‍ അറിയാത്ത ഭാവത്തില്‍ നീ ആരെയാണ്‌ കാത്തിരിക്കുന്നത്‌ എന്നും എനിക്കറിയാം.

അവധി ദിവസങ്ങളില്‍ വീട്ടിലെ ഫോണില്‍ വരുന്ന മറുപടിയില്ലാത്ത കോളുകളുടെ അങ്ങേത്തലയ്ക്ക്നിന്നും നിന്റെ ഹൃദയമിടിപ്പിന്റെ നേരിയ ശബ്ദം ഞാന്‍ കേള്‍ക്കുന്നു, വാരാന്ത്യങ്ങളില്‍ ഹോസ്റ്റല്‍ റൂമില്‍ ശ്രീജിത്തിനെ നിര്‍ബ്ബന്ധിച്ച്‌ നീ വീണ്ടും വീണ്ടും വയലിനില്‍ വായിപ്പിക്കുന്ന നിന്റെ പ്രിയപ്പെട്ട ഹിന്ദുസ്ഥാനി രാഗം എന്റെ കിടപ്പുമുറിയിലെ ജാലകത്തിലൂടെ എന്നെ തേടിയെത്തുന്നതും ഞാനറിയുന്നു...

എന്നിട്ടും നീ എന്താണ്‌ എന്നോട്‌ പറയാത്തത്‌, നിനക്ക്‌ എന്നോട്‌ പ്രണയമാണെന്ന്...


വൈകുന്നേരം സതീശന്‍ വന്നതിനുശേഷം പുഴക്കരയിലേയ്ക്ക്‌ ഞങ്ങള്‍ നടക്കാനിറങ്ങി. പെണ്ണുങ്ങളുടെ കുളിക്കടവും, കുട്ടികള്‍ മീന്‍ പിടിക്കാനിരിക്കുന്ന മരപ്പാലവും കടന്ന് വിളവെടുപ്പ്‌ കഴിഞ്ഞ നെല്‍പ്പാടങ്ങള്‍ തുടങ്ങുന്നിടത്ത്‌ വരമ്പില്‍ മലര്‍ന്ന് കിടന്ന് ഞാനവനോട്‌ പറയാനൊരുങ്ങുമ്പോള്‍ പെട്ടന്ന് അവന്‍ പറഞ്ഞു;

"എനിക്ക്‌ നിന്നോട്‌ ഒരു കാര്യം പറയാനുണ്ട്‌"

എന്താവും കാര്യമെന്നറിയാന്‍ എഴുന്നേറ്റിരുന്ന എനിക്ക്‌ അവന്‍ പോക്കറ്റില്‍ നിന്നും മടക്കിയ ഒരു കടലാസ്‌ എടുത്ത്‌ നീട്ടി;

"ഇത്‌ നീ അവള്‍ക്ക്‌ കൊടുക്കണം. എന്റെ ഇഷ്ടം ഇനിയെങ്കിലും അവളോട്‌ പറഞ്ഞില്ലയെങ്കില്‍ ഒരു പക്ഷേ അവള്‍ എന്നന്നേക്കുമായി എനിക്ക്‌ നഷ്ടപ്പെട്ടുപോവും..."

അവള്‍ക്കായി ഞാനെഴുതിയ കത്ത്‌ എന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ വിയര്‍പ്പില്‍ കുതിര്‍ന്നു.

അടുത്ത ദിവസം ഉച്ച ഭക്ഷണ നേരത്ത്‌, പഴമയുടെ മണമുള്ള കോളെജ്‌ ലൈബ്രറിയിലെ അലമാരകളിലൊന്നില്‍ ഏതോ പുസ്തകം തിരയുകയായിരുന്ന അവള്‍ക്കടുത്ത്‌ ചെന്ന് അവന്‍ തന്ന എഴുത്തും കൊടുത്ത്‌ ഞാന്‍ തിരിഞ്ഞുനോക്കാതെ നടന്നു...

**
**
**
**
**

പിന്നീട്‌, വളരെ വളരെ പിന്നീട്‌ ഒരിക്കല്‍ ഒരു ദിവസം......

Saturday, October 27, 2007

കത്തെഴുത്തുകാലത്തെ സൗഹൃദം


'വീട്‌ ഒരു തടവറയായിട്ടാണ്‌ എനിക്ക്‌ അനുഭവപ്പെടുന്നത്‌. മതില്‍ക്കെട്ടുകളും പാറാവുകാരും ഇല്ലാത്ത തടവറ. ഓരോ സെല്ലുകളിലായി അമ്മയും ഞാനും. അച്ഛന്റെ സെല്‍ ഒഴിഞ്ഞുകിടക്കുന്നു. മോചിതനാവാന്‍ അച്ഛന്‌ ഒരുതുണ്ട്‌ കയറേ ആവശ്യമായിരുന്നുള്ളൂ'


അവന്റെ അച്ഛന്‍ ആത്മഹത്യ ചെയ്ത്‌ കുറച്ച്‌ നാളുകള്‍ കഴിഞ്ഞ്‌, ഇടത്തേയ്ക്ക്‌ ചരിഞ്ഞ അവന്റെ ചെറിയ കൈപ്പടയില്‍ രമേഷ്‌ എനിക്കെഴുതി;

'ഞാനെങ്ങിനെയാണിതില്‍ അകപ്പെട്ടത്‌? എന്തായിരുന്നു ഞാന്‍ ചെയ്ത കുറ്റം? അതോ അച്ഛന്‍ ചെയ്തത്‌ പോലെ, അമ്മ ചെയ്തത്‌ പോലെ ഞാന്‍ സ്വയം ജയിലിന്‌ അകത്തായതാണോ?'


'ആരും തടഞ്ഞ്‌ നിര്‍ത്തില്ലെന്നറിയാമായിട്ടും ഞാനെന്താണിവിടെനിന്നും ഓടി രക്ഷപ്പെടാത്തത്‌? പുറം ലോകവുമായി ഇനിയൊരിക്കലും പൊരുത്തപ്പെടാനാവാതെ ഞാനീ ഇരുട്ടിനും നിശ്ശബ്ദതയ്ക്കും ഒറ്റപ്പെടലിനും അടിമയാവുകയാണ്‌'


'വെള്ളിയാഴ്ചകളിലെ ഉച്ചനേരത്തെ രണ്ടര മണിക്കൂര്‍ നീളുന്ന ഇന്റര്‍വെല്ലില്‍ ഹൈ.സ്കൂളിനടുത്തെ കുന്നിന്‌ മുകളിലേയ്ക്ക്‌ നീയെന്നെ നിര്‍ബ്ബന്ധിച്ച്‌ കൂട്ടിക്കൊണ്ടുപോകാറുള്ളത്‌ ഞാനോര്‍ക്കുന്നു. മറ്റ്‌ സഹപാഠികളും നീയും മലമുകളിലെ പാറക്കെട്ടുകളില്‍ ഇരുന്നും കിടന്നും നിര്‍ത്താതെ സംസാരിച്ച്‌കൊണ്ടിരുന്നപ്പോഴും എന്റെ വീട്ടിലെ എന്റെ മുറിയിലെ ഒറ്റപ്പെടലിന്റെ തീവ്രത തന്നെയായിരുന്നു, ഞാനനുഭവിച്ചത്‌. മടപ്പള്ളി കോളെജിലെ കുന്നിന്‍ മുകളിലെ ചുവന്ന പൂക്കള്‍ കത്തിനില്‍ക്കുന്ന മരത്തണലിലും, അറക്കല്‍ കടപ്പുറത്തെ കടല്‍ ഭിത്തിയില്‍ കടലും നോക്കി നിനക്കൊപ്പമിരിക്കുമ്പോഴും എന്റെ അവസ്ഥ മറ്റൊന്നായിരുന്നില്ല'


'ഒരു സുഹൃത്തായി ഞാന്‍ നിന്നെ കാണുന്നതില്‍ എത്രയോ മടങ്ങ്‌ ഏറെ നീ എന്നെ സുഹൃത്തായി കണ്ടു. എല്ലാവരില്‍ നിന്നും ഒഴിഞ്ഞുമാറി എന്നിലേക്ക്‌ സ്വയം ഒതുങ്ങാന്‍ ശ്രമിച്ചുകൊണ്ടേയിരുന്ന എനിക്കുവേണ്ടി ചിലവഴിക്കാന്‍ നീ സമയം കണ്ടെത്തി. സൗഹൃദം എന്താണെന്ന് തിരിച്ചറിയാന്‍ എനിക്കാവുന്നില്ല. സൗഹൃദം മാത്രമല്ല ഒന്നും എനിക്ക്‌ തിരിച്ചറിയാനാവില്ല. തിരിച്ചറിവുകള്‍ ഇല്ലായിരുന്നു എന്നത്‌ തന്നെയായിരുന്നു എന്റെ കുടുംബത്തിന്റെ തന്നെയും ശാപം. മകളുടെ പ്രണയം തിരിച്ചറിയാനാവാതെ പോയ മുത്തച്ഛന്‍, ജീവിച്ചിരുന്നിടത്തോളം കാലം അമ്മയുടെ സ്നേഹവും പരിഗണനയും കിട്ടാതെ അപമാനത്തിന്റെ ചൂളയില്‍ മദ്യപാനിയായി, ഉന്മത്തനായി ഒന്നും തിരിച്ചറിയാനാവാതെ ജീവിതമവസാനിപ്പിച്ച അച്ഛന്‍, സ്വന്തം വാശിയില്‍, സ്വയം ശിക്ഷിച്ച്‌, ഒന്നിനെയും തിരിച്ചറിയാന്‍ ശ്രമിക്കാതെ ജീവിച്ചുകൊണ്ടേയിരിക്കുന്ന അമ്മ....'


'അച്ഛനെ സ്നേഹിക്കാന്‍ ശ്രമിക്കുമ്പോള്‍ ആ കണ്ണുകളിലെ ലഹരിക്കും പിന്നിലെ നിസ്സഹായതയുടെ മരവിപ്പും, അമ്മയെ സ്നേഹിക്കാന്‍ ശ്രമിക്കുമ്പോള്‍ ആ കണ്ണുകളിലെ ആരോടെന്നില്ലാത്ത വെറുപ്പിന്റെ കനലും എന്നെ തടഞ്ഞുനിര്‍ത്തി. അച്ഛന്റെ ശവമെടുക്കുമ്പോള്‍ പോലും അമ്മയൊന്ന് കരഞ്ഞില്ല. മുത്തച്ഛന്‍ മരിച്ചപ്പോഴും അങ്ങിനെ തന്നെ. എന്റെ മരണത്തിന്‌ മുന്നിലും അമ്മ അങ്ങിനെ തന്നെയായിരിക്കും...'


ഞാനപ്പോള്‍ ഡിഗ്രിക്ക്‌ എസ്സ്‌.എന്‍ കോളെജില്‍ പഠിക്കുകയായിരുന്നു. അവന്‍ വടകരയിലെ ഒരു പാരലല്‍ കോളെജിലും.

വിശാലമായ മുറ്റം കടന്ന്, ആള്‍വാസമില്ല എന്ന് തോന്നിപ്പിക്കുന്ന അവന്റെ വീട്ടിലെ വരാന്തയില്‍ കയറിയപ്പോള്‍ എവിടെ നിന്നോ എന്ന പോലെ അവന്‍ വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടു.

"പാഴ്‌ ജന്മങ്ങള്‍ പലതരത്തിലാണ്‌"; പറമ്പിന്‌ മൂലയിലെ കുളക്കടവില്‍ ഇരുന്ന് അവന്‍ പറഞ്ഞു. ആളുപയോഗമില്ലാത്തതിനാല്‍ കുളത്തില്‍ പച്ച നിറത്തിലുള്ള നിശ്ചലമായ ജലം. പൊളിഞ്ഞ്‌ വീണ കല്‍പ്പടവുകള്‍, കുളിപ്പുര.

"വികലാംഗര്‍, മനോരോഗികള്‍, മാറാരോഗികള്‍.... എനിക്ക്‌ സ്വയമൊന്ന് കേറ്റഗറൈസ്‌ ചെയ്യാന്‍ പോലുമാവുന്നില്ല"

"ഡിഗ്രി കഴിയാന്‍ ഒരു കൊല്ലം കൂടിയല്ലേയുള്ളൂ, ഒരു ജോലിയൊക്കെ ആയിക്കഴിഞ്ഞാല്‍ നിന്റെ ഈ മൂഡൊക്കെ മാറും, ഇപ്പോ മറ്റൊന്നും ആലോചിക്കേണ്ട, നന്നായി പഠിക്കുക"; ഞാനവനെ ആശ്വസിപ്പിക്കാനെന്നവണ്ണം പറഞ്ഞത്‌ അവന്‍ ശ്രദ്ധിച്ചില്ലെന്ന് തോനുന്നു.

'എനിക്കൊന്നിനും തോനുന്നില്ല. ഒരുപാട്‌ നാളായി ഞാന്‍ കോളെജില്‍ പോയിട്ട്‌'; കുറച്ച്‌ മാസങ്ങള്‍ കഴിഞ്ഞ്‌ അവന്‍ എനിക്ക്‌ ഹോസ്റ്റലിലേയ്ക്ക്‌ എഴുതി;

'ദിനചര്യകളുടെ താളം എനിക്ക്‌ നഷ്ടമാവുന്നു. രാത്രികളില്‍ മച്ചിന്‍ പുറത്ത്‌ നിന്നും കറുത്ത വസ്ത്രങ്ങളണിഞ്ഞ അജ്ഞാത രൂപങ്ങള്‍ ഇറങ്ങി വന്ന് എനിക്കറിയാത്ത ഭാഷയില്‍ എന്നോട്‌ എന്തൊക്കെയോ സംസാരിക്കുന്നു. വിശപ്പും ദാഹവും ചിലപ്പോള്‍ എനിക്ക്‌ തിരിച്ചറിയാനാവുന്നില്ല. പകലുകള്‍ പെട്ടന്ന് അവസാനിക്കുകയും രാത്രികള്‍ ഒരിക്കലും അവസാനിക്കുന്നില്ലാത്തതായും എനിക്കനുഭവപ്പെടുന്നു'


'എനിക്ക്‌ ചുറ്റും ആരൊക്കെയോ തേങ്ങിക്കരയുന്നത്‌ പോലെ. ശ്രദ്ധിച്ചു കേള്‍ക്കുമ്പോള്‍ ചിലപ്പോഴത്‌ അച്ഛന്റെതാണെന്ന് തോന്നും. ചിലപ്പോള്‍ മുത്തച്ഛന്റെതായും ചിലപ്പോള്‍ അമ്മയുടെതായും ചിലപ്പോള്‍ എന്റെത്‌ തന്നെയായും എനിക്കത്‌ തോനുന്നു'

(പിന്നീടൊരിക്കല്‍ കൂടി അവനെ എനിക്ക്‌ കാണാനായില്ല. ദേഹത്ത്‌ ഭാരമുള്ള ഒരു കല്ല് കെട്ടി വീട്ടുപറമ്പിലെ കുളത്തിലേയ്ക്ക്‌ ഒരുനാള്‍ ഒരു രാത്രിയില്‍ അവന്‍ ഇറങ്ങിപ്പോയി)

Wednesday, October 10, 2007

ഈദ് മുബാറക്ക്


‘എന്‍റെ രക്ഷിതാവേ, എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്ത്‌ തന്നിട്ടുള്ള നിന്‍റെ അനുഗ്രഹത്തിന്‌ നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മ്മം ചെയ്യുവാനും എനിക്ക്‌ നീ പ്രചോദനം നല്‍കേണമേ. നിന്‍റെ കാരുണ്യത്താല്‍ നിന്‍റെ സദ്‌വൃത്തരായ ദാസന്‍മാരുടെ കൂട്ടത്തില്‍ എന്നെ നീ ഉള്‍പെടുത്തുകയും ചെയ്യേണമേ‘


പെരുന്നാളാശംസകള്‍

Monday, October 01, 2007

ഒരു കേരള സര്‍ക്കാര്‍ ഉദ്ധ്യോഗസ്ഥന്‌ നിങ്ങളോട്‌ ചെയ്യാനാവുന്നത്‌...

സിവില്‍ സ്റ്റേഷന്റെ മൂന്നാമത്തെ നിലയിലുള്ള ലേബര്‍ ഓഫീസിന്റെ വരാന്തയില്‍ ലേബര്‍ ഓഫീസറെ കാണാനുള്ള ഊഴവും കാത്ത്‌ ഞാന്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട്‌ രണ്ട്‌ മണിക്കൂര്‍ കഴിഞ്ഞു.

എല്ലാ ചൊവ്വയാഴ്ചയും വെള്ളിയാഴ്ചയും മാത്രമേ ലേബര്‍ ഓഫീസറെ കാണാന്‍ അനുവാദമുള്ളൂ എന്ന് ഒരു കടലാസ്സില്‍ എഴുതി അകത്തേയ്ക്ക്‌ പ്രവേശിക്കാനുള്ള വാതിലിന്റെ ചുമരില്‍ ഒട്ടിച്ച്‌ വച്ചിട്ടുണ്ട്‌. ഇതിന്‌ മുന്‍പ്‌ കഴിഞ്ഞ ചൊവ്വയാഴ്ചയും വെള്ളിയാഴ്ചയും ഞാന്‍ ഇവിടെ വന്നിരുന്നെങ്കിലും അയാള്‍ അവധിയിലായതു കാരണം കാണനായില്ല. ഇന്ന് രാവിലെ പത്ത്‌ മണിക്ക്‌ വന്ന് കാത്തുനില്‍ക്കാന്‍ തുടങ്ങിയെങ്കിലും അയാള്‍ ഓഫീസിലെത്തിയത്‌ പതിനൊന്നര മണി കഴിഞ്ഞപ്പോഴാണ്‌.

എനിക്ക്‌ മുന്നിലൂടെ ഒരു ചെറിയ സ്യൂട്ട്‌കേസും തൂക്കി ധൃതിയില്‍ അകത്തേയ്ക്ക്‌ നടന്നുപോയ അയാളെ കണ്ടപ്പോള്‍ മനസ്സിനെന്തോ ഒരു ആശ്വാസം തോന്നി. ചെറുപ്പക്കാരനാണ്‌. കണ്ടിട്ട്‌ എന്നെക്കാള്‍ പ്രായം കുറവായിരിക്കാനാനും മതി. കാര്യങ്ങളൊക്കെ പറഞ്ഞാല്‍ മനസ്സിലാവും.

ബാംഗ്ലൂരില്‍ ഭേദപ്പെട്ടരീതിയില്‍ ശമ്പളം കിട്ടിക്കൊണ്ടിരുന്ന ജോലി വിട്ട്‌ നാട്ടില്‍ ചെറിയൊരു സോഫ്റ്റ്‌വേര്‍ കമ്പനി തുടങ്ങാന്‍ തോന്നിയത്‌ എന്തിനായിരുന്നുവെന്ന് ഈയിടെയായി ഞാന്‍ ചിന്തിച്ച്‌ തുടങ്ങിയിരിക്കുന്നു.

കണ്ണൂരില്‍ ഒരു കോ-ഓപ്പറേറ്റിവ്‌ ബാങ്കിന്‌ വേണ്ടി സോഫ്റ്റ്‌വേര്‍ ചെയ്യാന്‍ കിട്ടുമായിരുന്ന ഓഡര്‍, അവസാന നിമിഷം അവരുടെ പാര്‍ട്ടിയുടെ തീരുമാനപ്രകാരം മറ്റൊരാള്‍ കൊണ്ടുപോയി. ഹീറോ ഹോണ്ടയുടെ കോഴിക്കോട്ട്‌ സര്‍വ്വീസ്‌ സെന്ററിന്‌ വേണ്ടി സോഫ്റ്റ്‌വേര്‍ ഡവലപ്പ്‌ ചെയ്യാന്‍ ഞാന്‍ കൊടുത്ത ക്വട്ടേഷനേക്കാള്‍ പകുതിയില്‍ കുറഞ്ഞ വിലയ്ക്ക്‌, ആ ഓഡര്‍ ആയിടെ എം.സി.എ കഴിഞ്ഞ്‌ വന്ന രണ്ട്‌ മൂന്ന് ചെറുപ്പക്കാര്‍ കൊണ്ടുപോയി. ബാംഗ്ലൂരില്‍ ടി.വി.എസ്സ്‌ സുസുക്കിയുടെ സര്‍വ്വീസ്‌ സെന്ററുകള്‍ക്ക്‌ വേണ്ടി സോഫ്റ്റ്‌വേര്‍ ഡവലപ്പ്‌ ചെയ്ത കമ്പനിയുടെ ടീം ലീഡറായിരുന്നു ഞാന്‍ എന്നും, എനിക്കുള്ള ആ എക്സ്‌പീരിയന്‍സ്‌ ഉപയോഗപ്പെടുത്താമെന്നുമൊക്കെയുള്ള എന്റെ വാദമൊന്നും ഏറ്റില്ല.(വര്‍ഷം രണ്ട്‌ കഴിഞ്ഞിട്ടും അവരുടെ സോഫ്റ്റ്‌വേര്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. കാശും വാങ്ങിപ്പോയ പിള്ളാരൊക്കെ നല്ല ജോലികിട്ടി ബാംഗ്ലൂരിലും ഗള്‍ഫിലുമൊക്കെ എത്തിയിരിക്കുന്നു.) കുറച്ച്‌ ഗള്‍ഫുകാര്‍ ചേര്‍ന്ന് തുടങ്ങിയ ഒരു വന്‍ റഡിമെയ്ഡ്‌ മൊത്തക്കച്ചവട സ്ഥാപനത്തിന്‌ വേണ്ടി ചെയ്ത സോഫ്റ്റ്‌വേര്‍ അവര്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട്‌ അഞ്ചാറ്‌ മാസമായെങ്കിലും തരേണ്ട പണം മുഴുവനായും ഇനിയും തന്നിട്ടില്ല. തൃശ്ശൂരില്‍ തുടങ്ങാനിരിക്കുന്ന അവരുടെ പുതിയ ഹോസ്പിറ്റലിന്റെ സോഫ്റ്റ്‌വേറും ചെയ്യാന്‍ തരാം എന്നും പറഞ്ഞ്‌ മോഹിപ്പിച്ച്‌ നിര്‍ത്തിയിരിക്കുകയാണെങ്കിലും ആശുപത്രിയുടെ ശിലാസ്ഥാപനം പോലും ഇതുവരെ കഴിഞ്ഞിട്ടില്ല.

കാല്‍ടൈഗര്‍ ഇന്റര്‍നെറ്റ്‌ ഐ.എസ്‌.പിയുടെ കേരളം മൊത്തമുള്ള വിതരണാവകാശത്തിനും അവരുടെ മറ്റ്‌ ഇന്റര്‍നെറ്റ്‌ ബിസിനസ്സുകള്‍ക്കും വേണ്ടി കെട്ടിവച്ച രണ്ട്‌ ലക്ഷം ഏകദേശം പോയ മട്ടാണ്‌. അതിന്റെ ചെയര്‍മാനെ കോടതി പാപ്പരായി പ്രഖ്യാപിച്ചത്‌ ഈ അടുത്താണ്‌.

സൗത്ത്‌ ഇന്ത്യന്‍ മലബാര്‍ ബാങ്കില്‍ നിന്നും മാനേജര്‍ റോയ്‌ സര്‍ കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. രണ്ട്‌ മൂന്ന് മാസമായി ലോണ്‍ തിരിച്ചടവ്‌ മുടങ്ങിയിട്ട്‌. അത്‌ ഓര്‍മ്മിപ്പിക്കാന്‍.

ഇങ്ങിനെയൊരു സംരഭത്തിന്‌ ലോണ്‍ ആവശ്യവുമായി ചെന്നപ്പോള്‍ തന്നെ അദ്ദേഹം ചോദിച്ചിരുന്നു;

"ഇത്‌ വല്ലതും നമ്മുടെ നാട്ടില്‍ നടക്കുമോ?"

എന്നാലും പ്രോത്സാഹിപ്പിച്ചു. ചെറുപ്പക്കാരല്ലേ, മാറുന്ന ലോകമല്ലേ. അദ്ദേഹത്തിന്റെ ഒരു മകന്‍ മധുരയില്‍ എം.സി.എ ചെയ്യുന്നുണ്ട്‌. ഒന്ന് രണ്ട്‌ പ്രാവശ്യം അദ്ദേഹം ഓഫീസില്‍ വരികയും ചെയ്തിരുന്നു. ഒടുവില്‍ വന്ന ദിവസം അദ്ദേഹം പറഞ്ഞു;

"ബാങ്കില്‍ കമ്പ്യൂട്ടറൈസേഷന്‍ വരാന്‍ പോകുന്നു. അതിനെതിരെ സമരപരിപാടികള്‍ പ്ലാന്‍ ചെയ്യുകയാണ്‌ ജോലിക്കാര്‍"

"ഇയാളെ സാറ്‌ വിളിക്കുന്നു"; ശിപായി വന്ന് പറഞ്ഞപ്പോള്‍ പെട്ടന്ന് പരിസരബോധം തിരിച്ചുകിട്ടി.

അകത്ത്‌ കയറിയപ്പോള്‍ അന്നത്തെ ഇന്ത്യന്‍ എക്സ്പ്രസ്സില്‍ മുഖം പൂഴ്ത്തി ഇരിക്കുകയായിരുന്നു ലേബര്‍ ഓഫീസര്‍. സുമുഖന്‍. ഷേവ്‌ ചെയ്ത്‌ മിനുക്കിയ മുഖം. വെട്ടിയൊതുക്കി വച്ച കട്ടിമീശ. പോക്കറ്റിന്‌ വശത്തായി ലൂയിസ്‌ ഫിലിപ്പിന്റെ എംബ്ലമുള്ള ഷര്‍ട്ട്‌. ഞാന്‍ ശബ്ദം കുറച്ച്‌ ശ്രദ്ധ ക്ഷണിച്ചു;

"സര്‍"

പത്രത്തില്‍ നിന്നും മുഖമുയര്‍ത്താതെ അയാള്‍ ചോദിച്ചു;

"ഇയാള്‍ പുസ്തകങ്ങളൊക്കെ കൊണ്ടുവന്നിട്ടുണ്ടോ?"

ഞാന്‍ അയാളെ കാണാന്‍ ചെല്ലുമ്പോള്‍ കൊണ്ടു ചെല്ലേണ്ട സാധനങ്ങളുടെ ഒരു ലിസ്റ്റ്‌ അയാള്‍ ഓഫീസില്‍ വച്ചിട്ട്‌ പോയിരുന്നു. അറ്റന്‍ഡന്‍സ്‌ റജിസ്റ്റര്‍, പേ സ്ലിപ്പിന്റെ കോപ്പി തുടങ്ങിയവ.

ലേബര്‍ ഇന്‍സ്പെക്ടര്‍ എന്റെ ഓഫീസില്‍ വന്ന ദിവസം നിര്‍ഭാഗ്യത്തിന്‌ ഞാന്‍ അവിടെ ഇല്ലായിരുന്നു. ആപ്‌ടെക്കില്‍ ഡിപ്ലോമ പഠിക്കുന്ന ഒരു പയ്യനാണ്‌ എനിക്ക്‌ ആകെയുള്ള ഒരു തൊഴിലാളി. അവന്‍ ഉച്ചവരെയുള്ള ക്ലാസ്സ്‌ കഴിഞ്ഞ്‌ അതിന്‌ ശേഷം പാര്‍ട്ട്‌ ടൈമായി എന്റെ കൂടെ ജോലി ചെയ്യുകയാണ്‌.അവന്‍ വന്നാല്‍ ഉച്ചയ്ക്ക്‌ ശേഷം ഞാന്‍ മാര്‍ക്കറ്റിംഗിന്‌ ഇറങ്ങും. രണ്ട്‌ മൂന്ന് ഫുള്‍ ടൈം ജോലിക്കാരെ നിര്‍ത്തി ജോലിചെയ്യിച്ചാല്‍ മെച്ചമുണ്ടാവുമെന്ന് അറിയാമായിരുന്നെങ്കിലും മാസത്തില്‍ ശമ്പളം കൊടുക്കാനുള്ള ശേഷി അപ്പോഴെയ്ക്കും തീരെ ഇല്ലാതായിരുന്നു. രാവിലെ തുടങ്ങി രാത്രി അവസാനത്തെ ട്രെയിന്‍ എത്തുന്നതു വരെ, അല്ലെങ്കില്‍ നേരം വെളുക്കുവോളവും ഞാന്‍ തനിയെ തന്നെ ജോലിചെയ്യുകയായിരുന്നു, മിക്കപ്പോഴും.

ലേബര്‍ ഇന്‍സ്പെക്ടര്‍ ചോദിച്ച ചോദ്യത്തിനൊക്കെയും പയ്യന്‍ സത്യസന്ധമായ ഉത്തരങ്ങള്‍ തന്നെയാണ്‌ പറഞ്ഞത്‌. ഒരാഴ്ചയ്ക്ക്‌ ശേഷം ലേബര്‍ കോര്‍ട്ടില്‍ നിന്നും ഒരു കോര്‍ട്ട്‌ നോട്ടീസ്‌ റജിസ്റ്റേഡ്‌ വന്നപ്പോഴാണ്‌ ഞാന്‍ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കുന്നത്‌. തൊഴിലാളികള്‍ക്ക്‌ ന്യായമായ വേതനം നല്‍കാത്തതിനും അവരുടെ ജോലി സംബന്ധമായ റെക്കോഡുകള്‍ കൈവശം വയ്ക്കാത്തതിനും കാരണം വല്ലതും ബോധിപ്പികാനുണ്ടെങ്കില്‍ അങ്ങിനെ ചെയ്യണമെന്നും അല്ലെങ്കില്‍ നിയമനടപടികള്‍ കൈക്കൊള്ളുമെന്നുമായിരുന്നു നോട്ടീസിന്റെ ഉള്ളടക്കം.

"ഇയാള്‍ എന്താണ്‌ കുന്തം വിഴുങ്ങിയത്‌ പോലെ നില്‍ക്കുന്നത്‌. ചോദിച്ചതിന്ന് ഉത്തരം പറയൂ, എനിക്ക്‌ വേറെ ജോലിയുണ്ട്‌"; അയാള്‍ കയര്‍ത്തു.

ബാങ്ക്‌ ലോണ്‍ എടുത്ത്‌ തുടങ്ങിയതാണെന്നും, രണ്ട്‌ വര്‍ഷം കഴിഞ്ഞിട്ടും പ്രതീക്ഷിച്ചത്ര മുന്നോട്ട്‌ പോകാനായിട്ടില്ലെന്നും, പയ്യന്‍ പാര്‍ടൈമായി മാത്രമേ ജോലി ചെയ്യുന്നുള്ളൂവെന്നും വേറെ ജോലിക്കാര്‍ ആരുമില്ലെന്നുമൊക്കെ ഞാന്‍ പറഞ്ഞ്‌ നോക്കിയെങ്കിലും അയാള്‍ അതൊന്നും ശ്രദ്ധിക്കാത്ത മട്ടില്‍ പത്രവും നോക്കിയിരിക്കുകയായിരുന്നു. ഒടുവില്‍ ഞാന്‍ നിര്‍ത്തിയപ്പോള്‍ തലയുയര്‍ത്തി അയാള്‍ എന്നെ നോക്കി;

"ഇതൊന്നും എനിക്ക്‌ കേള്‍ക്കേണ്ട. എനിക്കൊന്നും ചെയ്യാന്‍ പറ്റുമെന്നൊന്നും തോനുന്നില്ല. താന്‍ കോടതിയില്‍ ചെന്ന് പറയ്‌"

വല്ലാത്ത ഒരു നിസ്സഹായതയോടെയാണ്‌ ഞാന്‍ പുറത്തേയ്ക്കിറങ്ങിയത്‌. ഇനി കോടതിയും കേസുമൊക്കെ ആയാല്‍ അതിന്‌ വേണ്ട പണം എവിടെനിന്ന് കണ്ടെത്തും.

ബസ്സ്‌ സ്റ്റോപ്പിലേയ്ക്ക്‌ നടക്കുമ്പോള്‍ സിവില്‍ സ്റ്റേഷന്റെ കോമ്പൗണ്ടിലെ മില്‍മ ബൂത്തിന്‌ മുന്നില്‍ നിന്നും ഒരു വിളി;

"ഡാ, നീ എവിടുന്നാണ്‌?"

തിരിഞ്ഞ്‌ നോക്കിയപ്പോള്‍ ബഷീര്‍. അവന്റെ ബാപ്പയ്ക്ക്‌ പാളയത്ത്‌ ഓഫീസ്‌ സ്റ്റേഷനറിയുടെ ഹോള്‍സെയില്‍ കച്ചവടമുണ്ട്‌. ദിവസേനെയുള്ള ട്രെയിന്‍ യാത്രയിലുള്ള പരിചയമാണ്‌.

കാര്യങ്ങളൊക്കെ കേട്ടപ്പോള്‍ അവന്‍ ചിരിച്ചു;

"അങ്ങേരെന്താ പറഞ്ഞത്‌? 'എനിക്കൊന്നും ചെയ്യാന്‍ പറ്റുമെന്നൊന്നും തോനുന്നില്ല' എന്ന് അല്ലേ? അപ്പോ പറ്റുമെന്നുറപ്പ്‌. ഞാനൊന്ന് അന്വേഷിക്കട്ടെ. നാളെ പറയാം"

പിറ്റേ ദിവസം ഉച്ച തിരിഞ്ഞ്‌ ബഷീര്‍ വിളിച്ചു;
"കാശ്‌ പിണുങ്ങിയാണ്‌, പന്നി. ഒരു ആയിരം പൊട്ടിച്ചാല്‍ പ്രശ്നം തീരും. നാളെ തന്നെ കൊണ്ടുപോയി അവന്റെ അണ്ണാക്കില്‍ തിരുക്‌"

അടുത്ത ദിവസം അഞ്ഞൂറ്‌ രൂപയുടെ രണ്ട്‌ നോട്ടുകള്‍ ലേബര്‍ ഓഫീസര്‍ തുറന്ന് തന്ന മേശവലിപ്പില്‍ തിരുകി, മുഖത്തേയ്ക്ക്‌ നോക്കിയപ്പോള്‍ അയാള്‍ ഒന്നു ചിരിച്ചു.

ആര്‍ത്തി തീരാത്ത ഒരു തെരുവ്‌ പട്ടിയുടെ നോട്ടം അപ്പോള്‍ ആ കണ്ണുകളില്‍ ഞാന്‍ കണ്ടു.

Tuesday, September 25, 2007

ചിലപ്പോള്‍ വിശദീകരിക്കാനാവാത്തത്‌...


വൈകുന്നേരം അപ്രതീക്ഷിതമായി പെയ്ത മഴ കാരണം റൂഫ്‌ ടോപ്പില്‍ അധികം തിരക്കില്ല. സ്ഥിരം സീറ്റില്‍ ഒരു സിഗരറ്റും പുകച്ച്‌ അവനിരിക്കുന്നുണ്ട്‌. കസേര വലിച്ചിട്ട്‌ അഭിമുഖമായി ഞാനിരുന്നു.

"നീ വരാന്‍ വൈകും എന്ന് തോന്നിയപ്പോള്‍ സ്റ്റാര്‍ട്ടറിന്ന് ഞാനൊരു ബിയര്‍ പറഞ്ഞു"; ഒരു ഗ്ലാസ്സിലേയ്ക്ക്‌ കുപ്പിയില്‍ ബാക്കിയുള്ള ബിയറൊഴിച്ച്‌ അവന്‍ എനിക്കു മുന്നില്ലേയ്ക്ക്‌ നീക്കി വച്ചു.

ഹോട്ടലിന്റെ അഞ്ചാമത്തെ നിലയിലുള്ള ഓപ്പണ്‍ എയര്‍ റസ്റ്റോറണ്ടിലിരുന്ന് നോക്കുമ്പോള്‍ താഴെ മഴ പെയ്തൊഴിഞ്ഞ, നനഞ്ഞ നഗരം കാണാം.

ബെയറര്‍ ഡ്രിംഗ്‌സുമായി വന്നു. ആദ്യത്തെ പെഗ്ഗ്‌ കഴിച്ചുകൊണ്ടിരിക്കുന്നതിന്നിടയില്‍ അവന്‍ പറഞ്ഞു;

"എക്സ്‌ഞ്ചറില്‍ എച്ച്‌ ആര്‍ റൗണ്ടില്‍ ഞാന്‍ ഔട്ടായി"

അതവന്‍ പ്രതീക്ഷിച്ചത്‌ തന്നെയാണ്‌.

ടെക്നിക്കല്‍ റൗണ്ടിലെ ടെലിഫോണ്‍ ഇന്റര്‍വ്യൂ വളരെ നന്നായി അറ്റന്‍ഡ്‌ ചെയ്തതാണ്‌. ഇന്റര്‍വ്യൂ കഴിഞ്ഞപ്പോള്‍ അങ്ങോട്ട്‌ ചോദിച്ചു;

"ഹൗ ഡു യു റേറ്റ്‌ മീ?".

"പ്രറ്റി ഗുഡ്‌. വി വാല്യൂ യുവര്‍ എക്സ്‌പീരിയന്‍സ്‌. ഡഫനിറ്റ്‌ലി യു വില്‍ ഗെറ്റ്‌ എ കോള്‍ ഫ്രം മൈ എച്ച്‌.ആര്‍"

ഐ.ടി.സി ഇന്‍ഫോടെക്കില്‍, ലോട്ടസ്‌ നോട്ട്‌സ്‌ ഗ്ലോബല്‍ സപ്പോര്‍ട്ടില്‍ ടീം മാനേജറാണ്‌ അവന്‍. അതുകൊണ്ട്‌ തന്നെ ഒരു ജോലിയുടെ അത്യാവശ്യമൊന്നും ഇപ്പോഴവനില്ല.

"പ്രീഡിഗ്രി കഴിഞ്ഞ്‌ ഡിഗ്രി ചെയ്യാന്‍ രണ്ട്‌ വര്‍ഷത്തെ ഗ്യാപ്പ്‌. ഡിഗ്രി കഴിഞ്ഞ്‌ എം.സി.എ ചെയ്യാന്‍ അഞ്ച്‌ വര്‍ഷത്തെ ഗ്യാപ്പ്‌. അവരുടെ ടെന്‍ പ്ലസ്‌ ടു പ്ലസ്‌ ത്രീ പ്ലസ്‌ ടു എഡുക്കേഷന്‍ ഫോര്‍മാറ്റുമായി മാച്ചാവുന്നില്ലെന്ന്"; അവന്‍ ചിരിച്ചു.

ആ ജോലി കിട്ടാഞ്ഞതില്‍ അവന്ന് വിഷമമൊന്നുമില്ല.

"പ്രീ ഡിഗ്രി കഴിഞ്ഞ്‌ പഠിക്കാന്‍ ഗതിയില്ലാതായപ്പോള്‍ രണ്ട്‌ വര്‍ഷം വാര്‍പ്പ്‌ പണിക്ക്‌ പോയതും പിന്നെ എങ്ങിനെയൊക്കെയോ ഡിഗ്രി ചെയ്തതും അത്‌ കഴിഞ്ഞ്‌ പാരലല്‍ കോളെജും നാടന്‍ പണിയുമായി നടക്കുന്നതിന്നിടയില്‍ കറസ്പോണ്ടന്‍സായി എം.സി.എ എഴുതിയതുമൊക്കെ അവരോട്‌ എന്തിന്‌ പറയണം..."

എച്ച്‌.ആര്‍ അപ്ലിക്കേഷന്‍ അവര്‍ക്ക്‌ ഫോര്‍വേഡ്‌ ചെയ്യുന്നതിന്ന് മുന്‍പ്‌ അവന്‍ അതിന്റെ ഒരു കോപ്പി എനിക്ക്‌ മെയില്‍ ചെയ്തിരുന്നു. കോഴ്സുകള്‍ തമ്മിലുള്ള ഗ്യാപ്പ്‌ എന്തുകൊണ്ടാണെന്ന് വിശദീകരിക്കേണ്ട കോളത്തില്‍ അവന്‍ ടൈപ്പ്‌ ചെയ്തിരുന്നു;

'വാസ്‌ അണേബ്‌ള്‍ ടു കണ്ടിന്യൂ ബിക്കോസ്‌ ഓഫ്‌ ഫൈനാന്‍സിയല്‍ പ്രോബ്ലംസ്‌ ഇന്‍ ഫാമിലി"

Wednesday, August 29, 2007

മടക്കയാത്ര


തിരമാലകളയഞ്ഞു. കടലടങ്ങി.

കമഴ്‌ന്ന് കിടക്കുന്ന അവളുടെ പിന്‍കഴുത്തിലെ നേരിയ വിയര്‍പ്പ്‌ കണങ്ങളില്‍ പറ്റിപ്പിടിച്ച ചെമ്പന്‍ മുടിയിഴകള്‍.

ചൂണ്ട്‌ വിരല്‍കൊണ്ട്‌ ബെഡ്ഷീറ്റിലെ പൂക്കളുടെ ചിത്രങ്ങള്‍ക്ക്‌ മീതെ അവള്‍ വെറുതെ കോറിവരയുകയാണ്‌.

വലിച്ചടുപ്പിച്ച്‌ ചേര്‍ത്ത്‌കിടത്തി. എന്റെ കുറ്റിത്താടിയില്‍ വിരലുകളോടിച്ച്‌, ചുണ്ട്‌ കൂര്‍പ്പിച്ച്‌, അവള്‍ ചോദിച്ചു;

"ഞാനാലോചിക്കുകയായിരുന്നു, എന്തെങ്കിലും സംഭവിച്ചാലോ?"

"സംഭവിക്കട്ടെ. തന്നെ കല്ല്യാണം കഴിക്കാന്‍ ഒരു കാരണം കിട്ടുമല്ലോ"

"നിന്റെ ഒരു കാര്യം. എന്തുപറഞ്ഞാലും ഒടുക്കം കല്ല്യാണത്തിലെത്തി നില്‍ക്കും"; അവള്‍ കുറച്ചുകൂടെ ചേര്‍ന്നുകിടന്നു.

***

കമ്പനിയുടെ പുതിയ സാമ്പ്ലിംഗ്‌ യൂനിറ്റ്‌ തുടങ്ങുന്നതിന്റെ തലേദിവസം. കാഡ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ പുതിയ കമ്പ്യൂട്ടറുകളും പ്ലോട്ടറുകളും ഡിജിറ്റൈസറുകളും സെറ്റ്‌ ചെയ്ത്‌, പുതിയ മെയില്‍ സെര്‍വറില്‍ മെയിലുകള്‍ ഡൗണ്‍ലോഡുചെയ്യുന്നത്‌ ഉറപ്പുവരുത്തി ഇറങ്ങുമ്പോള്‍ രാത്രി പതിനൊന്ന് മണി. മൊബൈല്‍ പെട്ടന്ന് ശബ്ദിച്ചു. അപ്പുറത്ത്‌ മലയാളി ജനറല്‍ മാനേജര്‍ നരേന്ദ്രന്‍ സര്‍.

"നീ ഇറങ്ങിയോ?"
"ഇല്ല സര്‍. വിശേഷിച്ചെന്തെങ്കിലും?"
"ഉം. ദേര്‍സെ ന്യൂസ്‌ ഫ്രം യു.എസ്സ്‌. ആ പെണ്‍കുട്ടിയില്ലേ, സൈറ, അവളിന്നൊരു കാര്‍ ആക്സിഡന്റില്‍ മരിച്ചുപോയെന്ന്"

തലയിലൊരു വെള്ളിടി വെട്ടി. ശരീരമാസകലം ഒരു വിറയല്‍. കാലുകള്‍ക്ക്‌ ശരീരത്തിന്റെ ഭാരം താങ്ങാന്‍ കഴിയാത്തതുപോലെ. റിസപ്ഷനിലെ സോഫയില്‍ പോയി വീഴുകയായിരുന്നു.

നരേന്ദ്രന്‍ സര്‍ സംസാരിച്ചുകൊണ്ടേയിരുന്നു;
"ബോംബെ ഓഫീസില്‍ നിന്നും കുറച്ച്‌ മുന്‍പ്‌ കിട്ടിയ വിവരമാണ്‌. വിശദമായി അവര്‍ക്ക്‌ ഒന്നും അറിയില്ല. യു.എസ്സ്‌ ഓഫീസില്‍ ആരെയെങ്കിലും ബന്ധപ്പെടാനാവുമോ എന്ന് ശ്രമിക്കൂ. കൂടുതലെന്തെങ്കിലും വിവരം കിട്ടിയാല്‍ എന്നെ വിളിക്കണം"

***

ജനിച്ചതും വളര്‍ന്നതും അമേരിക്കയില്‍. യു.എന്നില്‍ ജോലിചെയ്യുന്നതിന്നിടയില്‍ മരിച്ചുപോയ ബോംബെക്കാരന്‍ ഇബ്രാഹിമിന്‌ ഒരു ഇറ്റലിക്കാരിയില്‍ ഉണ്ടായ മകള്‍. വിവാഹബന്ധം നേരത്തെ തന്നെ വേര്‍പെടുത്തി ഇറ്റലിയിലേയ്ക്ക്‌ തിരിച്ചുപോയി വേറെ വിവാഹം കഴിച്ച്‌ ജീവിക്കുന്ന അമ്മ. ഫാഷന്‍ ഡിസൈനിംഗില്‍ പോസ്റ്റ്‌ ഗ്രാഡുവേറ്റ്‌ ഡിഗ്രിയുള്ള സൈറ, യു.എസ്സിലെ കമ്പനി ഹെഡ്‌ഓഫീസില്‍ ജോലിതുടങ്ങി ഇന്ത്യയിലേക്ക്‌ മാറ്റം വാങ്ങി വന്നതാണ്‌. കമ്പനിക്ക്‌ വേണ്ടി സൈറ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ യൂറോപ്പിലെ വര്‍ക്കിംഗ്‌ വുമണ്‍സിനിടയില്‍ നല്ല പ്രീതി നേടിക്കൊണ്ടിരിക്കുകയാണ്‌.

ബോംബെയില്‍ പിതാവിന്റെ കുടുംബക്കാരെ കണ്ടെത്താന്‍ അവള്‍ നടത്തിയ ശ്രമങ്ങളൊക്കെ പരാജയപ്പെട്ടു. പലരും പലയിടങ്ങളിലേക്ക്‌ ചിതറിപ്പോയിരുന്നു.

"തന്നെ കണ്ടുമുട്ടാന്‍ വേണ്ടിയായിരിക്കും, ഒരുപക്ഷേ ഞാന്‍ ഇന്ത്യയിലെത്തിപ്പെട്ടത്‌" ഒരിക്കല്‍ അവള്‍ പറഞ്ഞു.

"വെറുതെ കാണാന്‍ മാത്രമല്ല. കല്ല്യാണം കഴിച്ച്‌ കൂടെ ജീവിക്കാനും".

വിവാഹത്തിനെ കുറിച്ച്‌ സംസാരിക്കുന്നത്‌ അവള്‍ക്ക്‌ ഇഷ്ടമല്ല.

"നമുക്ക്‌ ഇങ്ങിനെ തന്നെ ജീവിച്ചാല്‍ പോരെ? എന്തിനാണൊരു വിവാഹ ബന്ധത്തിന്റെ ഔപചാരികത.."

"പോര. തന്റെ കഴുത്തിലൊരു താലികെട്ടി എനിക്ക്‌ തന്നെ നാട്ടില്‍ കൊണ്ടുപോകണം. എന്റെ അമ്മ കാത്തിരിക്കുന്നുണ്ട്‌"

അവള്‍ സംസാരം നിര്‍ത്തും. ചെറുപ്പം മുതലെ താളം തെറ്റിയ കുടുംബ ബന്ധങ്ങള്‍ക്കിടയില്‍ ജീവിച്ചത്‌ കൊണ്ടാവാം അവള്‍ക്ക്‌ വിവാഹത്തോടും കുടുംബ ജീവിത്തോടുമുള്ള മടുപ്പ്‌.

പിരിഞ്ഞ്‌ പോകാന്‍ അവള്‍ക്ക്‌ കഴിയുമെന്ന്, പക്ഷേ ഒരിക്കലും കരുതിയതേയില്ല.

***

നരേന്ദ്രന്‍ സര്‍ ക്യാബിനിലേയ്ക്ക്‌ വിളിപ്പിച്ച്‌ ഒരു പേപ്പര്‍ മുന്നിലേയ്ക്ക്‌ നീക്കിവച്ച്‌ ചോദിച്ചു;

"എന്താണ്‌ സൈറ ഇങ്ങിനൊരു തീരുമാനമെടുക്കാന്‍ കാരണം?"

അവളുടെ റസിഗ്നേഷന്‍ ലെറ്റര്‍ വായിച്ച്‌ വിശ്വസിക്കാനാവാതെ പകച്ചു നിന്നുപോയി. നരേന്ദ്രന്‍ സര്‍ പിന്നെയും ചോദിച്ചു;

"നിങ്ങള്‍ നല്ല സുഹൃത്തുക്കളല്ലേ. എന്നിട്ട്‌ തന്നോട്‌ പോലും ഒന്നും പറഞ്ഞില്ലെന്നോ?"

വൈകുന്നേരം അവളുടെ ഫ്ലാറ്റിനുമുന്നിലെ പുല്‍പ്പരപ്പില്‍ ഒന്നും സംസാരിക്കാതെ അവള്‍ ഏറെനേരമിരുന്നു.

"മറക്കുക. അമ്മയ്ക്കിഷ്ടപ്പെടുന്ന ഒരു നല്ല പെണ്‍കുട്ടിയെ കണ്ടുപിടിച്ച്‌ വിവാഹം കഴിക്കുക"

"തനിക്കെന്നെ മറക്കാനാവുമെന്ന് ഉറപ്പ്‌ പറയുക"

"ഞാനൊരിക്കലും തന്നെ സ്നേഹിച്ചിരുന്നില്ല" അവള്‍ എഴുന്നേറ്റ്‌ ലിഫ്റ്റിനടുത്തേയ്ക്ക്‌ നടന്നു.

എല്ലാം അവളുടെ തമാശകളായിരിക്കുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷിച്ചു. എയര്‍പോട്ടിലേയ്ക്ക്‌ ടാക്സിയില്‍ കയറുമ്പോള്‍ ശ്രദ്ധിച്ചു, വല്ലാതെ വിളറിയിരുന്നു അവളുടെ മുഖം.

മെയിലുകളോ ഫോണ്‍ വിളികളോ ചാറ്റിലോ ഇല്ലാതെ കഴിഞ്ഞ ആറു മാസങ്ങള്‍....

എന്നിട്ടും പ്രതീക്ഷിച്ചു. തിരിച്ചു വരും. തിരിച്ചുവരാതിരിക്കാന്‍ അവള്‍ക്ക്‌ കഴിയില്ല.

***

യു.എസ്സ്‌ ഓഫീസില്‍ ഇ.ഡി.പി-യിലെ അപര്‍ണ്ണ ഐഗള്‍ ചാറ്റ്‌ റൂമിലുണ്ട്‌.

'ഇറ്റ്‌സ്‌ ട്രൂ. ഷി ഈസ്‌ നൊ മോര്‍. ഷി വാസ്‌ ക്യാരിയിംഗ്‌ സെവന്‍ മന്ത്‌സ്‌ വെന്‍ ഷി ഡൈഡ്‌....'

***

"എനിക്ക്‌ ഒരു കുഞ്ഞിനെ വേണം"

"ഏതെങ്കിലും അനാഥാലയത്തില്‍ ചെന്ന് ദത്തെടുക്ക്‌"

"പറ്റില്ല. എനിക്ക്‌ നിന്റെ കുഞ്ഞിനെ പ്രസവിക്കണം. നിന്നെപ്പോലെ എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്ന, ഒരിക്കലും പരിഭവം പറയാത്ത, നിന്റെ എള്ളിന്റെ നിറമുള്ള ഒരു വികൃതി കുഞ്ഞിനെ. എന്നിട്ട്‌ ഞാനതിനെ എവിടെയെങ്കിലും കൊണ്ടുപോയി പൊന്നുപോലെ നോക്കി വളര്‍ത്തും..."

***

രാവേറെ വൈകി വീശുന്ന തണുത്ത കാറ്റില്‍ ഒരു കുഞ്ഞിന്റെ നേര്‍ത്ത കരച്ചില്‍ കേള്‍ക്കുന്നുവോ...

Sunday, July 29, 2007

പെണ്‍‌മക്കള്‍

ഉഗ്രപ്രതാപിയായിരുന്ന വല്ല്യച്ഛന്‍ ഉമ്മറത്തിരുന്ന് പത്രം വായിക്കുമ്പോള്‍, തറവാട് വീട്ടിന്റെ അകത്തളത്ത് ഒന്‍പത് പെണ്മക്കള്‍ നിശബ്ദരായി പഠിക്കുകയോ വീടുപണിചെയ്യുകയോ ആയിരിക്കും.

ചിരികളുടെയും കുപ്പിവളകളുടെയും പാദസരങ്ങളുടെയും ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ അവര്‍ പൂച്ചക്കുട്ടികളെപ്പോലെ പതുങ്ങി നടന്നു. വല്ലപ്പോഴെങ്കിലും ഒരു കശപിശയോ കരച്ചിലോ കേട്ടാല്‍ അകത്തേയ്ക്ക് നോക്കി ഗംഭീര ശബ്ദത്തില്‍ വല്ല്യച്ഛന്‍ ഒരു ചോദ്യമാണ്;

“എന്താ അവിടെ?” അതോടെ എല്ലാം പഴയതുപോലെ നിശ്ശബ്ദം.

വീട്ടില്‍ അഥിതിയായി വന്ന ഒരകന്ന ബന്ധു ഒരിക്കല്‍ ആശ്ചര്യപ്പെട്ടത്രേ;

“ശങ്കരന്റെ ഒന്‍പത് പെണ്മക്കള്‍ ഈ വീട്ടിനകത്ത് ഉണ്ടെന്ന് വിശ്വസിക്കാനവുന്നില്ല. ഒരാളുടെ പോലും ശബ്ദം കേള്‍ക്കുന്നില്ലല്ലോ!“

എല്ലാവരും നേരത്തെ ഉണരണം. വീതിക്കപ്പെട്ട വീടുപണികള്‍ ചെയ്യണം, പാഠപുസ്തകങ്ങള്‍ ഉറക്കെ വായിക്കണം, സമയത്തിന് സ്കൂളുകളിലേയ്ക്കും കോളെജ്‌കളിലേയ്ക്കും പുറപ്പെടുകയും തിരിച്ചെത്തുകയും വേണം.

വല്ല്യച്ഛന് ആണ്മക്കളില്ല. അനുജന്റെ മകനായ ഞാന്‍ ഇടയ്ക്ക് ഒഴിവുദിവസങ്ങളില്‍ തറവാട്ടിലെത്തുമ്പോള്‍ വിശാലമായി ചിരിച്ചുകൊണ്ട് വല്ല്യച്ചന്‍ പറയും;

“നീ എത്രനാളായെടാ ഇങ്ങോട്ടൊക്കെ വന്നിട്ട്”

എന്റെ സൈക്കിള്‍ ബെല്ല് കേള്‍ക്കുമ്പോഴെയ്ക്ക് തന്നെ എന്റെ പ്രായത്തില്‍ മൂത്തതും ഇളയതുമായ ഒന്‍പതുപേരും വരാന്തയിലേയ്ക്കിറങ്ങിയിരിക്കും. പിന്നെ കളിയും ചിരിയും തമാശകളുമായി സമയം നീങ്ങും. എല്ലാം നോക്കി കണ്ടുകൊണ്ട് വല്ല്യച്ഛന്‍ ഉമ്മറത്തിരിക്കും.

ഞാന്‍ മടങ്ങുമ്പോള്‍ എനിക്കുപിന്നില്‍ തറവാട് വീട് പിന്നെയും നിശ്ശബ്ദം.

******

ഒന്‍പത് പേരും വിവാഹിതരും അമ്മമാരുമായി, നാട്ടിലും വിദേശത്തുമായി. അപൂര്‍വ്വമായി ഒത്തുചേരുന്ന കുടുംബസദസ്സുകളില്‍ മക്കളുടെ വിക്രുതികളെക്കുറിച്ച് പരാതിപ്പെടുന്നതിന്നിടയില്‍ പെട്ടന്ന് ഒന്ന് നിര്‍ത്തി, എന്തോ ഓര്‍ത്ത് ചെറുതായി ചിരിച്ച് അവര്‍ പരസ്പരം പറയും;

“ഈ പിള്ളേര്‍ക്ക് പറഞ്ഞാല്‍ മനസ്സിലാവുമോ, നമ്മളൊക്കെ എങ്ങിനെയായിരുന്നു വളര്‍ന്നതെന്ന്!“

(ദേവസേനയുടെ http://devamazha1.blogspot.com/2007/07/15.html ‘പതിനഞ്ച് വര്‍ഷങ്ങള്‍ക്കിടെ ഒരു ദിവസം വായിച്ചപ്പോള്‍ തോന്നിയത്. )

Thursday, July 12, 2007

അച്ഛന്‍ചൂട്‌വെള്ളത്തില്‍ മുക്കിപിഴിഞ്ഞ തോര്‍ത്തുകൊണ്ട്‌ ദേഹം തുടച്ച്‌, അലക്കിയ മുണ്ടുടുപ്പിച്ച്‌ കട്ടിലില്‍ ചുമരിനോട്‌ ചാരിവച്ച വച്ച തലയിണയില്‍ ചേര്‍ത്തിരുത്തുമ്പോള്‍ അച്ഛന്‍ എന്തോ പറഞ്ഞതുപോലെ തോന്നി.

"എന്താ അച്ഛാ? വിശക്കുന്നുവോ? കഞ്ഞി എടുക്കട്ടേ?"

സ്പൂണില്‍ കുത്തരിയുടെ കഞ്ഞി കോരി അച്ഛന്റെ വായില്‍ ഒഴിക്കുമ്പോള്‍ വെറുതെ ഓര്‍ത്തു; കുഞ്ഞുനാളില്‍ ചോറിന്റെ ചെറിയ ഉരുളകള്‍ കറിയില്‍ മുക്കി അച്ഛന്‍ വായില്‍ വച്ചുതരുന്നത്‌.

ഒരുരുള കാക്ക കൊണ്ടുപോയി, ഒരുരുള കോഴികൊണ്ടുപായി, ഒരുരുള പൂച്ച കൊണ്ടുപോയി...

കവിളാന്‍ കൊടുത്ത വെള്ളം പകുതിയലധികം ഉള്ളിലേയ്ക്ക്‌ പോയി. മുഖം തുടച്ച്‌ കിടക്കയില്‍ കിടത്തി കമ്പിളികൊണ്ട്‌ പുതപ്പിച്ചു.

അജയന്‍ വാതില്‍പ്പടിയില്‍ കൈകെട്ടി നില്‍ക്കുന്നു.

"കിടക്കാറായെങ്കില്‍ മേശപ്പുറത്ത്‌ ഭക്ഷണം എടുത്തുവച്ചിട്ടുണ്ട്‌. അച്ഛനുറങ്ങാന്‍ ചിലപ്പോള്‍ വൈകും.."

അജയന്‍ ചിരിച്ചു; "നമിത അച്ഛനുറങ്ങിയിട്ട്‌ വന്നാല്‍ മതി. അതുവരെ ഞാനീ നാലുകെട്ടിനുള്ളില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആത്മാക്കളുമായി കുശലം പറഞ്ഞിരിക്കട്ടെ"

മരവിച്ച പോലെയുള്ള അച്ഛന്റെ കാലില്‍ ആവര്‍ത്തനത്തിന്റെ തുള്ളികള്‍ വിഴ്ത്തി പത്തുക്കെ തടവുന്നതിന്നിടയില്‍ താളത്തിലുള്ള ശ്വാസോച്ഛ്വാസം കേട്ടു. സാധാരണയായി രാത്രിയുറക്കം അപൂര്‍വ്വമാണ്‌. ഇന്ന് എന്ത്‌ പറ്റിയാവോ...

വാതിലിന്ന് പുറത്തിറങ്ങിയപ്പോള്‍ പൂമുഖത്തെ ചാരുവടിയില്‍ പുറത്ത്‌ കവുങ്ങിന്‍ തോട്ടത്തില്‍ വീണ്‌ കിടക്കുന്ന നിലാവെളിച്ചത്തെ നോക്കിയിരിക്കുകയാണ്‌, അജയന്‍.

"ഇവിടെ ഇങ്ങിനെ ഇരിക്കുമ്പോഴല്ലേ, എനിക്ക്‌ മനസ്സിലാവുന്നത്‌, താനിങ്ങനെ കവിതയെഴുതുന്നതിന്റെ കാര്യം. ഈ നാലുകെട്ടിലായിരുന്നു ജനിച്ചുവളര്‍ന്നത്‌ എങ്കില്‍, ഞാന്‍ മഹാകാവ്യങ്ങള്‍ തന്നെ എഴുതിയേനെ..."

സംസാരിക്കാന്‍ എന്തെങ്കിലും ഒരു വിഷയം കണ്ടെത്തുകയാണ്‌ അജയന്‍.

അഞ്ച്‌ വര്‍ഷത്തെ സൗഹൃദം. നാളെ ഒരു ദിവസം കൂടെ കഴിഞ്ഞാല്‍ അവന്‍ പൂനയ്ക്ക്‌ പോകും. ക്യാമ്പസ്‌ ഇന്റര്‍വ്യൂവില്‍ തനിക്കും കൂടെ സെലക്ഷന്‍ കിട്ടിയതാണ്‌. അറുപത്തിയൊന്ന് കുടുംബങ്ങള്‍ക്കായി ഭാഗം വച്ച, വില്‍ക്കാന്‍ കോടതി വിധിയും കാത്തിരിക്കുന്ന ഈ നാലുകെട്ടില്‍ പക്ഷാഘാതം വന്നു കിടക്കുന്ന അച്ഛനെ വിട്ട്‌ പോകാന്‍ കഴിയുന്നതെങ്ങിനെ...

ആദ്യ ക്യാമ്പസ്‌ ഇന്റര്‍വ്യൂയില്‍ സെലക്ഷന്‍ കിട്ടിയില്ല. വിളിച്ചപ്പോള്‍ അച്ഛന്‍ സമാധാനിപ്പിച്ചു;

"സാരമില്ല, എന്റെ മോള്‍ക്ക്‌ അതിലും നല്ലത്‌ വേറെ കിട്ടും"

പഠിത്തം കഴിയുമ്പോഴേയ്ക്കും എന്തെങ്കിലുമൊരു ജോലി കിട്ടണം എന്നത്‌ വലിയ ആഗ്രഹമായിരുന്നു. ഒരു ചെറിയ വീട്ടിലേയ്ക്ക്‌ അച്ഛനുമായി താമസം മാറണം. തറവാട്‌ എല്ലാവരും കൂടി വില്‍ക്കുകയോ വീതം വയ്ക്കുകയോ ചെയ്യട്ടെ.

അത്‌ പറയുമ്പോള്‍ അച്ഛന്‍ ചിരിക്കും;

നിന്നെ ആരുടെയെങ്കിലും കയ്യിലേല്‍പ്പിച്ച്‌ വേണം എനിക്കൊരു തീര്‍ത്ഥയാത്ര പോവാന്‍. വീടൊക്കെ നീ പിന്നീടുണ്ടാക്കിയാല്‍ മതി, അച്ഛന്‌ ഇടയ്ക്ക്‌ വരാലോ"

അത്‌ കേള്‍ക്കുമ്പോഴാണ്‌ ദേഷ്യം വരിക. പെണ്ണായത്‌ കൊണ്ട്‌ കഴിയുന്നതും വേഗത്തില്‍ കെട്ടിച്ചു വിടണം. അവിടെ മാത്രമാണ്‌ അച്ഛന്‍ പഴഞ്ചാനവുന്നത്‌.

പിണക്കം മാറ്റാന്‍ അച്ഛന്‍ നെഞ്ചോട്‌ ചേര്‍ത്തുനിര്‍ത്തി നെറുകയില്‍ തലോടും;

"എല്ലാം ദൈവനിശ്ചയം പോലെ നടക്കട്ടെ, മോളേ"

ഫൈനലിന്റര്‍വ്യൂ കഴിഞ്ഞ്‌ സെലക്ഷന്‍ ഉറപ്പായതറിഞ്ഞ്‌ പുറത്തിറങ്ങുമ്പോള്‍ അജയന്‍ കാത്തു നില്‍ക്കുന്നു. അച്ഛനെ വിളിച്ചുപറയാന്‍ ബൂത്തിലേയ്ക്ക്‌ പോവാന്‍ തിടുക്കം കാണിച്ചപ്പോള്‍ അവന്‍ പറഞ്ഞു;

"വേണ്ട, നമുക്ക്‌ നേരില്‍ പോയി പറയാം. നമിത പെട്ടന്ന് പുറപ്പെടൂ"

അവന്റെ മുഖത്ത്‌ പതിവില്ലാത്ത ഒരു അങ്കലാപ്പ്‌.

"നമിതയുടെ അച്ഛന്‌ എന്തോ ഒരു ദേഹാസ്വസ്ഥ്യം. ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തിട്ടുണ്ട്‌. കുഴപ്പമൊന്നുമില്ല. നമുക്കിപ്പോള്‍ തന്നെ പുറപ്പെടാം"

ആശുപത്രിക്കിടക്കയില്‍ ഒരു വശം തളര്‍ന്ന് കിടക്കുന്ന അച്ഛന്‍. തന്നെ കണ്ടപ്പോള്‍ ചുണ്ടുകള്‍ കോട്ടി എന്തോ പറയാന്‍ അച്ഛനൊരു പാഴ്ശ്രമം നടത്തി. കണ്ണുകളില്‍ നനവ്‌. അച്ഛന്‍ കരയുന്നുവോ.

"താനെന്താണിങ്ങിനെ ഓര്‍ത്തിരിക്കുന്നത്‌? ഭക്ഷണം കഴിക്കുന്നില്ലെങ്കില്‍ തന്റെതുകൂടി ഞാനെടുത്ത്‌ കഴിക്കും" അജയന്റെ ശബ്ദം ചിന്തകളില്‍ നിന്നും ഉണര്‍ത്തി.

ഇരുന്നൂറ്‌ വര്‍ഷത്തിലേറെ പഴക്കമുള്ള തറവാട്‌ വീട്‌ ഒരു ട്രസ്റ്റിന്റെ കീഴില്‍ കുടുംബത്തിലെല്ലാവര്‍ക്കും തുല്യ അവകാശമുള്ള ഒരു സ്മാരകം പോലെ നിലനിര്‍ത്താനായിരുന്നു, അച്ഛന്റെ ആഗ്രഹം. പക്ഷേ ആര്‍ക്കും താല്‍പ്പര്യമില്ല. നല്ല വിലതരാമെന്ന് പറഞ്ഞ്‌ ഹെറിട്ടേജ്‌ ഹോട്ടലുകാര്‍ അച്ഛമ്മയുടെ സഹോദരന്മാരുടെ കുടുംബത്തിലെ പലരെയും മോഹിപ്പിച്ചിട്ടുണ്ട്‌.

താങ്ങാന്‍ സാധിച്ചിട്ടല്ല, മൂവായിരം രൂപ ശമ്പളത്തില്‍ ഒരു സ്ത്രിയെ അച്ഛനെ ശുശ്രൂഷിക്കാന്‍ വച്ചത്‌. അച്ഛന്‍ കിടപ്പിലാവുന്ന സമയത്ത്‌ അവസാന സെമസ്റ്റര്‍ തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ. പഠിത്തം പൂര്‍ത്തിയാക്കണമായിരുന്നു. വാരാന്ത്യങ്ങളില്‍ വീട്ടിലെത്തി മരുന്നും അത്യാവശ്യം വേണ്ട അടുക്കള സാധനങ്ങളും വാങ്ങി വച്ച്‌ തിരിച്ച്‌ പോകും. അമ്മ തനിക്കായി കരുതിവച്ച കുറച്ച്‌ സ്വര്‍ണ്ണാഭരണങ്ങള്‍ ഓരോ പ്രാവശ്യമായി അച്ഛന്റെ അലമാരയില്‍ നിന്ന് എടുക്കുമ്പോഴും നഗരത്തിലെ സ്വര്‍ണ്ണക്കടയില്‍ ചെന്ന് അത്‌ വിറ്റ്‌ പണം വാങ്ങുമ്പോഴും മനസ്സ്‌ പിടയും. കണ്ണുകള്‍ അറിയാതെ നിറഞ്ഞു പോകും.

"പഴശ്ശിരാജയ്ക്കൊപ്പം നിന്ന് ബ്രിട്ടീഷ്‌കാര്‍ക്കെതിരെ പോരാടിയ യശ്ശമാന്‍ കുടുംബത്തിലെ പെണ്ണ് കരയുന്നോ", അജയന്‍ പറയും; "ചങ്കൂറ്റത്തോടെ നില്‍ക്കുന്ന തന്നെയാണ്‌ എനിക്കിഷ്ടം"

എമ്പ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ചില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌. സമീപത്തെവിടെയെങ്കിലുമുള്ള പ്ലസ്‌-ടു, അല്ലെങ്കില്‍ വി.എച്ച്‌.എസ്‌.സി സ്കൂളുകളില്‍ ഗസ്റ്റ്‌ ലക്ചറായി കിട്ടാനൊരു സാദ്ധ്യതയുണ്ട്‌. ഒന്നുരണ്ട്‌ പി.എസ്സ്‌.സി പരീക്ഷകള്‍ക്ക്‌ അപേക്ഷിച്ചിട്ടുണ്ട്‌. നന്നായി ശ്രമിച്ചാല്‍ കിട്ടാവുന്നതേയുള്ളൂ. വരട്ടെ.

മാമ്പൂവിന്റെ മണമുള്ള ഇളം കാറ്റ്‌ വരാന്തയിലേയ്ക്‌ വീശി. രാത്രി വൈകിയിരിക്കുന്നു. ഏറെ നേരമായി ഒന്നും സംസാരിക്കാതെ ഇരിക്കുകയാണ്‌.

"അജയന്‌ കിടക്കേണ്ടേ? വരൂ"

തെക്കിനിയില്‍ കിടക്കവിരിച്ച്‌ അജയനോട്‌ പറഞ്ഞു;

"അമ്മയെന്നെ കഥ പറഞ്ഞുറക്കിയ മുറിയാണിത്‌. നല്ല സ്വപ്നങ്ങളും കണ്ട്‌ കിടന്നുറങ്ങൂ. നാളെ പ്രാതല്‍ കഴിഞ്ഞ്‌ താന്‍ പോകും മുന്‍പേ നമുക്കൊന്ന് നടക്കാനിറങ്ങണം"

പ്രഭാതം.

ഒന്നും പറയാനില്ലാതെ ഇടിഞ്ഞുപൊളിഞ്ഞ കുളക്കടവില്‍ നില്‍ക്കുമ്പോള്‍ അജയന്‍ ചുമലില്‍ പിടിച്ച്‌ ചേര്‍ത്തുനിര്‍ത്തി.

"ധൈര്യമായിരിക്കണം. എന്തും നേരിടാന്‍ തനിക്ക്‌ കഴിയും. ഏതായാലും അത്ര പെട്ടന്നൊന്നും കോടതി വിധി വരില്ല. വിധി വരട്ടെ, ബാക്കിയൊക്കെ അപ്പോഴാലോചിക്കാം" ധൈര്യപ്പെടുത്തുവാനെന്നോണം ചുമലില്‍ തട്ടി അവന്‍ തുടര്‍ന്നു;

"ഒരു ഫോണ്‍ വിളിയ്ക്കപ്പുറം ഞാനുണ്ട്‌, എപ്പോഴും"

യാത്രപറഞ്ഞ്‌ അവന്‍ പടികളിറങ്ങി. പെട്ടന്ന് തനിച്ചായത്‌ പോലെ.

കട്ടിലില്‍ അച്ഛനരികില്‍ ചെന്നിരുന്നപ്പോള്‍ വിറക്കുന്ന കൈവിരലുകള്‍ കൊണ്ട്‌ അച്ഛന്‍ കൈകള്‍ അമര്‍ത്തിപിടിച്ചു.

അച്ഛന്റെ നനഞ്ഞ കണ്‍തടങ്ങള്‍ തൂവാലകൊണ്ട്‌ ഒപ്പിയെടുക്കുമ്പോള്‍ ചോദിച്ചു;

"അച്ഛന്‍ കൂടെയുള്ളപ്പോള്‍ ഞാനെങ്ങിനെയാണ്‌ തനിച്ചാവുന്നത്‌..."

Saturday, June 23, 2007

ശിലായുഗത്തിന്റെ അവശേഷിപ്പുകള്‍


അതിവേഗ-അതിദൂര മിസൈലുകളും സൂപ്പര്‍സോണിക്‌ വിമാനങ്ങളും നിര്‍മ്മിക്കുമ്പോഴും നമ്മുടെ നാട്ടിലെ നിരത്തുകളില്‍ പലയിടത്തും കാണാം താങ്ങാവുന്നതിലധികം ഭാരവും കെട്ടിവലിച്ച്‌ നീങ്ങുന്ന ഈ മിണ്ടാപ്രാണികളെ.

മുതുകില്‍ വീഴുന്ന അടിയേറ്റ്‌ പുളഞ്ഞ്‌ വേച്ച്‌ നടക്കുന്ന വണ്ടിക്കാളകള്‍,
ശിലായുഗത്തിന്റെ അവശേഷിപ്പുകള്‍.

Wednesday, June 20, 2007

ആരുടെയോ ഖബറിടങ്ങള്‍


കാടുപിടിച്ച് ആരാലും ശ്രദ്ധിക്കപ്പെടാതെ, ഏത് നിമിഷവും പൊളിഞ്ഞ് വീണേക്കാവുന്ന, കലാവിരുത് നിറഞ്ഞ ഭംഗിയുള്ള ഈ ചെറിയ എടുപ്പുകള്‍ കണ്ട് സമീപവാസികളോട് എന്താണിതെന്ന് ചോദിച്ചപ്പോള്‍ രണ്ടിടത്തുനിന്നും കിട്ടിയത് ഒരേ ഉത്തരം;
“ഖബറിടം‍“
ആരുടേതെന്ന എന്റെ അടുത്ത ചോദ്യത്തിനും കിട്ടിയത് ഒരേ ഉത്തരം;
“ആരുടെയോ”
യാത്ര തുടരുമ്പോള്‍ ഞാന്‍ ആലോചിക്കുകയായിരുന്നു, ഒരിക്കല്‍ എല്ലാവര്‍ക്കും അറിയാമായിരുന്ന, ഇപ്പോള്‍ എല്ലാവരും മറന്നുപോയ അവര്‍ ആരായിരിക്കും...
(പുരാതന നഗരമായ ശ്രീരംഗപട്ടണത്തിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ വഴിയില്‍ കണ്ടത്)

Wednesday, June 13, 2007

മഴ പെയ്യുമ്പോള്‍രണ്ട് ദിവസത്തെ അവധിയ്ക്ക് നാട്ടിലെത്തിയപ്പോള്‍‍, പെയ്യാതെ മുഖം വീര്‍പ്പിച്ച് നില്‍ക്കുകയായിരുന്നു, മഴ.
ഉച്ചതിരിഞ്ഞ് പഴയ വഴികളിലൂടെ ഒന്നു നടക്കാനിറങ്ങി.

വേനലവധികഴിഞ്ഞ കുളക്കടവ് ശാന്തം.

“കോളുണ്ട്, കുഞ്ഞങ്ങളെ നനയ്ക്കാന്‍ സ്കൂള്‍ വിടാന്‍ കാത്ത്ക്ക്വായിരിക്കും, മയ.” അമ്പലക്കുളത്തിനടുത്ത് സൈക്കിള്‍ ഷോപ്പ് നടത്തുന്ന കേളുവേട്ടന്‍ പറഞ്ഞു.

സ്കൂള്‍ വിട്ടിട്ടും മഴ പെയ്തില്ല.

രാത്രി ഏറെ വൈകിയപ്പോള്‍ ദൂരെ ആരവം കേട്ടു.
പെയ്തടുത്ത് വരുന്ന മഴ.
കിടപ്പുമുറിയുടെ ചില്ലു ജാലകത്തില്‍ മഴത്തുള്ളികള്‍ വീണ് ചിതറി.
മഴ കേട്ട് കേട്ട് എപ്പോഴോ ഉറക്കത്തിലേയ്ക്ക് അമര്‍ന്നു.
പിറ്റേന്ന് ഉണര്‍ന്നപ്പോഴും വൈകീട്ട് യാത്ര തിരിക്കുമ്പോഴും മഴ തന്നെ.

ട്രെയിനില്‍ ഓടിക്കയറുമ്പോള്‍, തിമര്‍ത്തുപെയ്യുന്ന മഴ കാതില്‍ ചോദിച്ചു,
“പരിഭവം തീര്‍ന്നോ?”

Monday, May 21, 2007

പറയാതെ പോയത്‌

ഇടിഞ്ഞു പൊളിഞ്ഞു വീണ ചുറ്റമ്പലം. കാടുപിടിച്ചുകിടക്കുന്ന അമ്പലപ്പറമ്പിലെ, കല്ലുകള്‍ക്കും കുറ്റിച്ചെടികള്‍ക്കും ഇടയിലൂടെ ശ്രീകോവിലിനു ചുറ്റുമായി, വല്ലപ്പോഴെങ്കിലും തൊഴാന്‍ വരുന്നവര്‍ നടന്നുണ്ടായ വീതികുറഞ്ഞ നടവഴി. ഏത്‌ നിമിഷവും തകര്‍ന്ന് വീണേക്കാവുന്ന ശ്രീകോവിലിനെ താങ്ങി നിര്‍ത്താന്‍ ആരോ കുത്തിനിര്‍ത്തിയ മുളങ്കാലുകൾ. കാലം ദ്രവിപ്പിച്ച ചെങ്കല്‍ ചുമരുകളില്‍ പണ്ടെങ്ങോ വരച്ചുവച്ച ദൈവങ്ങളുടെ നിറം മങ്ങി അവ്യക്തമായ ചിത്രങ്ങൾ. കാട്ടു ചെടികള്‍ക്കും വള്ളികള്‍ക്കുമിടയില്‍ അവിടിവിടെയായി തകര്‍ന്നതും മണ്ണില്‍ പകുതി പൂണ്ടുപോയതുമായ, മഴയും വെയിലുമേറ്റ്‌ രൂപങ്ങള്‍ തിരിച്ചറിയാനാവാത്ത കരിങ്കല്‍ ശില്‍പ്പങ്ങൾ.

ഏതോ ഒരു യുദ്ധപ്പാച്ചിലില്‍ തകര്‍ന്നു പോയതാണ്‌ ക്ഷേത്രം. യുദ്ധത്തില്‍ നാട്ടുരാജക്കളും ജന്മികളും പുരോഹിതരും ഓടിപ്പോവുകയോ കൊല്ലപ്പെടുകയോ ചെയ്തു. ഉറ്റവരും ഉടയവരും സമ്പത്തും നഷ്ടമായി ബാക്കിയായവരുടെ ഇടയില്‍ ക്ഷേത്രവും ദേവിയും വിസ്മൃതിയിലുമായി.

വെള്ളിയാഴ്ചകളില്‍ വൈകുന്നേരമാണ്‌ അമ്പലത്തില്‍ ആകെയുള്ള പൂജ. ചെറിയൊരു കൂനുള്ള, കഷണ്ടികേറി, വെളുത്ത്‌ ഉയരം കുറഞ്ഞ ഒരു വയസ്സന്‍ നമ്പൂതിരിയാണ്‌ പൂജാരി. പ്രതാപം നശിച്ച ഒരില്ലത്തെ സംബന്ധക്കാരനായി ആ നാട്ടില്‍ എത്തിയതാണ്‌, അദ്ദേഹം. രണ്ട്‌ പെണ്മക്കളുള്ളത്‌ നേരത്തെ വേളികഴിച്ചയച്ചു. നെയ്ത്ത്‌ സഹകരണ സംഘം വിതരണം ചെയ്യുന്ന നൂല്‍നൂറ്റ്‌ കിട്ടുന്ന ചെറിയ വരുമാനം കൊണ്ട്‌ അദ്ദേഹവും ഭാര്യയും ആ പഴയ ഇല്ലത്തില്‍ കഴിയുന്നു. കയ്യില്‍ മിച്ചം വയ്ക്കുന്ന പണംകൊണ്ട്‌ വെള്ളിയാഴ്ചകളില്‍ ക്ഷേത്രത്തില്‍ ഭഗവതിക്കു പൂജചെയ്ത്‌ വെളിച്ചെണ്ണ കത്തിക്കുന്നു.

ദേവനാണ് എന്നെ അവിടേയ്ക്ക്‌ ആദ്യം കൂട്ടി കൊണ്ടുപോയത്‌. കോളെജില്‍ പഠിക്കുമ്പോള്‍ ഞാന്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ നിന്നും കഷ്ടിച്ച്‌ അര കിലോമീറ്റര്‍ മെയിന്‍ റോഡിലൂടെ ചെന്ന് ചെറിയൊരിറക്കമുള്ള ഇടവഴിയിലേയ്ക്കിറങ്ങി അല്‍പ്പം നടന്നാല്‍ അമ്പലമെത്തി. മെയിന്‍ റോഡില്‍ നിന്നും രണ്ടാമത്തെ സ്റ്റോപ്പിലാണ്‌ ദേവന്റെ വീട്‌. പത്തിലെയും പ്രീ-ഡിഗ്രിയുടെയും പരീക്ഷയ്ക്ക്‌ പകല്‍ സമയത്ത്‌, ആള്‍പെരുമാറ്റമില്ലാത്ത ഈ അമ്പലപ്പറമ്പിലിരുന്നായിരുന്നത്രേ അവന്റെ പഠനം.

അമ്പലപ്പറമ്പിലേയ്ക്ക്‌ കയറുന്ന ഇടിഞ്ഞ്‌ പൊളിഞ്ഞ പടവുകള്‍ക്ക്‌ ഇടത്‌ ഭാഗത്ത്‌ പടര്‍ന്ന് പന്തലിച്ച്‌ നില്‍ക്കുന്ന ഒരു കാഞ്ഞിരമരമുണ്ട്. അതിന്റെ ചുവട്ടിലിരുന്ന് ഞാനും ദേവനും  ആകാശത്തിന്‌ കീഴിലുള്ള സകലതിനെക്കുറിച്ചും ചര്‍ച്ച ചെയ്തു. അവന്‍ കൂടെയില്ലാത്ത ദിവസങ്ങളില്‍ ആ കാഞ്ഞിരമരത്തിന്റെ വേരുകള്‍ക്കിടയില്‍ ചാരിക്കിടന്ന് ഞാന്‍ അന്തമില്ലാതെ ദിവാസ്വപ്നങ്ങള്‍ കണ്ടു.

ദേവൻ കൂടെ ഇല്ലാതിരുന്ന ഒരു വെള്ളിയാഴ്ച വൈകുന്നേരമാണ്‌, ഞാനാ പെണ്‍കുട്ടിയെ ആദ്യമായി കാണുന്നത്. കൂടെ അഞ്ചിലോ ആറിലോ പഠിക്കുന്ന ഒരാണ്‍കുട്ടിയും. ചേച്ചിയും അനിയനുമാണെന്നത്‌ ഒറ്റ നോട്ടത്തില്‍ തന്നെ തിരിച്ചറിയാം. അവളുടെ കയ്യിലെ വാഴയിലക്കീറില്‍ ദേവിക്ക്‌ ചാര്‍ത്താനുള്ള, തുളസിയും കനകാംബരവും കൊണ്ട്‌ മെടഞ്ഞ മാല. നിറം മങ്ങിയതെങ്കിലും വൃത്തിയിലുള്ള വസ്ത്രങ്ങൾ. കുളിച്ച്‌ ഈറനായ നീളമുള്ള കോലന്മുടിയുടെ ഇല്ലിപിരിച്ച്‌ കെട്ടിയതിനുള്ളില്‍ തിരുകിവച്ച തുളസിയിലകൾ. ചിരിക്കുമ്പോള്‍ ഇറുങ്ങിപ്പോകുന്ന കണ്ണുകൾ. അടക്കിപിടിച്ചുള്ള സംസാരം. രണ്ടുപേരുടെയും നെറ്റിയില്‍ വിശാലമായ ചന്ദനക്കുറികൾ.

വെള്ളിയാഴ്ചകളില്‍ അവിടെയ്ക്കുള്ള യാത്ര പിന്നീട്‌ മുടക്കാറില്ല. കോളേജ്‌ സംഘത്തില്‍ നിന്നും എന്തെങ്കിലുമൊക്കെ ഒഴിവുകഴിവുകള്‍ പറഞ്ഞിറങ്ങുമ്പോള്‍ ദേവൻ അമര്‍ത്തി ചിരിക്കും. "ഇത്‌ ഞാനൊരുദിവസം ഇവരുടെയിടയില്‍ പൊട്ടിക്കുന്നുണ്ട്‌"

അവളെപ്പറ്റി കൂടുതല്‍ അന്വേഷിച്ചറിഞ്ഞ്‌ വിവരങ്ങള്‍ തന്നത്‌ ദേവൻ തന്നെ. വാരസ്യരാണ്‌. പേര്‌ ആതിര. അനിയന്റെ പേര്‌ ഉണ്ണി. പൂജാരിയുടെ ഇല്ലത്തിനടുത്തൊരു ചെറിയ വീട്ടിലാണ്‌ താമസം. അവളും അനിയനും ആസ്മയുടെ ബുദ്ധിമുട്ടുള്ള അമ്മയും മാത്രമേ വീട്ടിലുള്ളൂ. അച്ഛന്‍ നേരത്തെ മരിച്ചു. അടുത്തുള്ള അമ്പലങ്ങളില്‍ മാലകെട്ടിക്കൊടുത്ത്‌ കിട്ടുന്ന വരുമാനം കൊണ്ടാണ്‌ ജീവിതം. പ്രീ-ഡിഗ്രി പാസായി, തുടര്‍ പഠനം ഉപേക്ഷിച്ച്‌ അനിയനെ പഠിപ്പിക്കുകയാണ്‌.

ഒരു ദിവസം പടവുകള്‍ കയറി വരുന്ന അവളോട്‌ ധൈര്യം സംഭരിച്ചു ഞാന്‍ ചോദിച്ചു-
"ഒരു മാല എനിക്ക്‌ വില്‍ക്കുമോ?"
"എന്തിന്‌?" അവളുടെ ശബ്ദത്തില്‍ അല്‍പ്പം ഗൗരവം.
"ഒരു നേര്‍ച്ചയുണ്ടായിരുന്നു" ഞാന്‍ വിട്ടുകൊടുത്തില്ല.
"അതിനിയാള്‍ക്ക്‌ ദൈവ വിശ്വാസംണ്ടോ?"
"എന്നെ കണ്ടാല്‍ വിശ്വാസിയല്ലെന്ന് തോനുന്നോ?"
"ദൈവവിശ്വാസമുള്ളയാള്‍ അമ്പലത്തിന്‌ മുന്നിലിരുന്ന് സിഗറട്ട്‌ വലിക്ക്വോ?"
അപ്പോള്‍ അതാണ്‌ കാര്യം. ഞാന്‍ ന്യായീകരിച്ചു;
"ഞാന്‍ പുറത്തിരുന്നല്ലേ വലിക്കുന്നത്‌"
"ന്നാലും അമ്പലപ്പറമ്പിലത്‌ പാടില്ല്യ" അവള്‍ കേറിപ്പോയി. കാച്ചിയ വെളിച്ചെണ്ണയുടെ സുഗന്ധം.

അവള്‍ ശ്രദ്ധിക്കുന്നുണ്ട്‌!

പിന്നീടൊരിക്കലും അവിടെയിരുന്ന് സിഗരറ്റ്‌ വലിച്ചില്ല. സംസാരിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ അവള്‍ ഉണ്ണിയുടെ കയ്യും പിടിച്ച്‌ നടക്കും. പ്രദക്ഷിണം വയ്ക്കുന്നതിന്നിടയിലോ, ഒതുക്കുകല്ലുകളിറങ്ങി തിരിച്ചുപോകുമ്പോഴോ അവളുടെ നോട്ടമൊന്ന് പാറി വീഴും, ചുണ്ടുകള്‍ക്കിടയില്‍ ഒരു ചെറിയ ചിരി വിരിയും.

"അത്‌ മതി" ദേവൻ പറയും, "സംഗതി നടക്കുന്നുണ്ട്‌"

ദേവന് അങ്ങിനെ പറയാന്‍ ഒരു കാരണം കൂടിയുണ്ട്‌. അവന്റെ വീട്ടിനടുത്തുള്ള കോട്ട ഭഗവതി ക്ഷേത്രത്തില്‍ ഒരു ദിവസം അവന്‍ വീട്ടുകാരൊപ്പം തൊഴാന്‍ ചെന്നപ്പോള്‍ അവളുണ്ട്‌ ചുറ്റമ്പലത്തിലിരുന്ന് മാലകോര്‍ക്കുന്നു.  അവനെ കണ്ടപ്പോള്‍ ചിരിച്ച്‌ കൊണ്ട്‌ ചോദിച്ചത്രേ, കൂട്ടുകാരനെവിടെ-എന്ന്.

ഒരു ദിവസം അവളും ഉണ്ണിയും കൂടി ശ്രീകോവില്‍ പ്രദിക്ഷണം വയ്ക്കുന്നത്‌ നോക്കി ഞങ്ങള്‍ക്കടുത്ത്‌ കാഞ്ഞിരമരത്തിന്റെ വേരുകളിലൊന്നിലിരിക്കുകയായിരുന്ന പൂജാരി പറഞ്ഞു,
"കഷ്ടം. നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു. പഠിത്തോം നിര്‍ത്തി. ഇനിയാ ഉണ്ണി വലുതായി വേണം അവള്‍ക്കും അമ്മയ്ക്കുമൊരു തുണയാവാന്‍"

ഞാനും ദേവനും പരസ്പരം നോക്കി.

"വലിയ പ്രാരാബ്ധക്കാരാണ്‌, അല്ലേ"; ദേവൻ ചോദിച്ചു.

"അമ്മേ ദേവി" പൂജാരി നെടുവീര്‍പ്പിട്ടു. "ഭഗവതി കാണാതിരിക്കില്ല. ആ കുട്ടിയല്ലേ ഭഗവതിക്ക്‌ പൂജയ്ക്കുള്ള പൂവ്‌ കെട്ടുന്നത്‌"

കോളെജില്‍ യാത്രപറയലിന്റെയും ഫൈനലിയര്‍ പരീക്ഷയുടെയും തിരക്ക്‌. രണ്ട്‌ മൂന്ന് വെള്ളിയാഴ്ചകളില്‍ അമ്പലത്തിലെത്തിച്ചേരാന്‍ കഴിഞ്ഞില്ല. അവസാന പരീക്ഷ കഴിഞ്ഞ വെള്ളിയാഴ്ച ഓടിപ്പിടിച്ചെത്തുമ്പോഴേയ്ക്കും സന്ധ്യകഴിഞ്ഞു. ശ്രീകോവിലില്‍ മുനിഞ്ഞുകത്തുന്ന നിലവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ ദേവിയുടെ വിഗ്രഹത്തിനു മുന്നില്‍ തെച്ചി പൂക്കളും തുളസിയിലയും മാത്രം. അവള്‍ മെടഞ്ഞുകൊണ്ടുവരാറുള്ള പൂമാലയില്ല.

എന്നെ സമാധാനപ്പെടുത്തി ദേവൻ പറഞ്ഞു.
"സാരമില്ല. നമുക്കെന്റെ വീട്ടിലേയ്ക്ക്‌ പോകാം. രാവിലെ എഴുന്നേറ്റ്‌ കോട്ട ഭഗവതി ക്ഷേത്രത്തില്‍ പോയാല്‍ അവളെ അവിടെ തീര്‍ച്ചയായും കാണാം..."

ദേവന്റെ വീട്ടിലെ ബാല്‍ക്കണിയില്‍, രാത്രിയില്‍ റബ്ബര്‍ തോട്ടത്തില്‍ നിന്നും വരുന്ന ചീവീടുകളുടെ ശബ്ദവും കേട്ട്‌ കിടന്ന് എങ്ങിനെയോ നേരം വെളുപ്പിച്ച്‌ അതിരാവിലെ ഞങ്ങള്‍ ക്ഷേത്രനടയിലെത്തി.

ഏറെനേരം കാത്തുനിന്നിട്ടും കാണാതായപ്പോള്‍ ദേവൻ ചുറ്റമ്പലത്തിലെ ഒരു കോണിലിരുന്ന് മാല കോര്‍ക്കുകയായിരുന്ന ഒരു വൃദ്ധയുടെ അടുത്ത്‌ ചെന്ന് എന്തൊക്കെയോ സംസാരിച്ച്‌ തിരികെ വന്ന് എന്നോട്‌ പറഞ്ഞു-

"നീ വാ, പറയാനുണ്ട്‌..." അവന്‍ എന്നെയും പിടിച്ചു കുളക്കടവിലേയ്ക്ക്‌ നടന്നു.
"എന്താടാ, അവരെന്താണ്‌ പറഞ്ഞത്‌? നമുക്കവളുടെ വീട്ടില്‍ പോയി നോക്കിയാലോ?"

അമ്പലക്കുളത്തിലേയ്ക്കിറങ്ങുന്ന പടവുകളിലൊന്നില്‍ പെട്ടന്ന് നിന്ന് ദേവൻ പറഞ്ഞു-

"ആ കുട്ടിയുടെ അമ്മ രണ്ടാഴ്ച മുന്‍പ്‌ മരിച്ചു പോയത്രേ. ബന്ധത്തിലെ ആരോ വന്ന് അവളെയും അനിയനെയും പട്ടാമ്പിയിലേയ്ക്ക്‌ കൊണ്ടുപോയെന്ന്..."

..............................................
പതിനഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം അവന്റെ രണ്ടാമത്തെ കുട്ടിയുടെ ചോറൂണിന്റെ ഫോട്ടോകള്‍ അറ്റാച്ച്‌ ചെയ്ത മെയിലില്‍ ദേവൻ എഴുതി.

"മോളുടെ ചോറൂണ്‌ കോട്ട ഭഗവതി ക്ഷേത്രത്തിലായിരുന്നു. ചടങ്ങ്‌ കഴിഞ്ഞ്‌ പ്രദിക്ഷണം വയ്ക്കുമ്പോള്‍ എനിക്കുമുന്നില്‍ നടന്ന ഒരു സ്ത്രീയെ ഞാന്‍ ഓര്‍മ്മയില്‍ നിന്നും ചികഞ്ഞെടുത്തു- നമ്മുടെ പഴയ ആതിര. ഓര്‍മ്മ പുതുക്കിയപ്പോള്‍ അല്‍ഭുതം, ആഹ്ലാദം. കല്ല്യാണം കഴിഞ്ഞ്‌ ഭര്‍ത്താവിനും രണ്ട്‌ കുട്ടികള്‍ക്കുമൊപ്പം സിന്‍സിനെറ്റില്‍. അനുജന്‍ പി.എസ്സ്‌.സി കിട്ടി പാലക്കാട്ട്‌ ഹെല്‍ത്ത്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍.

വീട്ടുകാരെ പരസ്പരം പരിചയപ്പെടുത്തി പിരിയാന്‍ നേരത്ത്‌ അവള്‍ എന്നോട്‌ ചോദിച്ചു, എവിടെയാണ്‌ കൂട്ടുകാരനെന്ന്..."

(ആ ക്ഷേത്രം പുനരുദ്ധാരണം കഴിഞ്ഞു. ഇടിഞ്ഞുപൊളിഞ്ഞ കല്‍പ്പടവുകളും, ആ കാഞ്ഞിരമരവും ഇന്നവിടില്ല. അവിടുത്തെ നടയില്‍ നില്‍ക്കുമ്പോള്‍ പക്ഷേ, ഓര്‍മ്മകളുടെ വേലിയേറ്റം)

Wednesday, April 11, 2007

ദൈവത്തിന്‌ ഇഷ്ടപ്പെട്ടവര്‍


ആശുപത്രിയുടെ മനം മടുപ്പിക്കുന്ന ഗന്ധം.

വിഷു ദിവസമായതു കൊണ്ടാവാം, സന്ദര്‍ശക സമയമായിട്ടും തിരക്ക്‌ തീരെ കുറവ്‌.

ഞാന്‍ കൊണ്ടുകൊടുത്ത എം.മുകുന്ദന്റെ 'ദല്‍ഹി' യിലെ താളുകള്‍ മറിച്ച്‌ നോക്കുകയായിരുന്നു, സുരേഷ്‌. കഴിഞ്ഞയാഴ്ച കണ്ടതിനെക്കാള്‍ അവന്‍ കുറച്ചുകൂടെ ക്ഷീണിച്ചത്‌ പോലെ. അതോ എനിക്ക്‌ വെറുതെ തോനുന്നതോ.

കോഴിക്കോട്‌ മെഡിക്കല്‍ കോളെജിന്റെ ഇരുപത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച്‌ അവിടെ നടത്തിയ എക്സിബിഷന്‌ ഹൈ സ്കൂളില്‍ നിന്നും കൊണ്ടുവന്നപ്പോഴാണ്‌ ആദ്യമായി മെഡിക്കല്‍ കോളെജ്‌ കാണുന്നത്‌.

അന്ന് ഉച്ചഭക്ഷണം കഴിഞ്ഞ്‌, ഗ്രൗണ്ടിലെ മരത്തിന്റെ തണലില്‍ ഓറഞ്ചും തിന്നിരിക്കുമ്പോള്‍ കോളെജ്‌ കെട്ടിടത്തിന്റെ ഗോപുരത്തിന്‌ മുകളിലെ വലിയ ക്ലോക്ക്‌ നോക്കി സുരേഷ്‌ പറഞ്ഞു-

"ഇപ്പോഴെ നന്നായി ശ്രമിക്കുകയാണെങ്കില്‍ മൂന്ന് കൊല്ലം കഴിഞ്ഞാല്‍ നമുക്കും ഇതിനകത്ത്‌ കേറി പഠിക്കാം"

എന്റെ കഴിവില്‍ എനിക്ക്‌ വിശ്വാസം പോര. ജീവശാസ്ത്രത്തില്‍ കുഴപ്പമില്ലെങ്കിലും, ഊര്‍ജ്ജതന്ത്രത്തിലും രസതന്ത്രത്തിലും കണക്കിലും പതിമൂന്നും പതിനാലുമൊക്കെയാണ്‌ എനിക്കുകിട്ടുന്ന മാര്‍ക്ക്‌. സുരേഷ്‌ അങ്ങിനെയല്ല. എല്ലാ വിഷയങ്ങളിലും കേമന്‍. ക്ലാസില്‍ ഒന്നാമന്‍, സയന്‍സ്‌ ക്ലബ്ബ്‌ സിക്രട്ടറി, സ്കൗട്ട്‌ ട്രൂപ്പ്‌ ലീഡര്‍, അദ്ധ്യാപകര്‍ക്ക്‌ പ്രിയപ്പെട്ടവന്‍.

പക്ഷേ, പ്രീഡിഗ്രി സയന്‍സ്‌ ഗ്രൂപ്പ്‌ ഫസ്റ്റ്‌ ക്ലാസില്‍ പാസായി അവന്‍ കോട്ടയത്ത്‌ ടി.ടി.സിയ്ക്ക്‌ ചേര്‍ന്നു. അവന്റെ അച്ഛന്‍ ജോലിചെയ്യുന്ന സ്കൂളില്‍ രണ്ട്‌ വര്‍ഷം കഴിഞ്ഞാല്‍ ഒരു റിട്ടയര്‍മന്റ്‌ ഒഴിവ്‌ വരുന്നത്‌, അവന്‌ നല്‍കാമെന്ന് സ്കൂള്‍ മാനേജര്‍ അവന്റെ അച്ഛന്‌ ഉറപ്പ്‌ കൊടുത്തിരുന്നു.

ഞാന്‍ ബികോം അവസാനവര്‍ഷം എത്തുമ്പോഴേയ്ക്കും അവന്‍ സ്കൂള്‍ അദ്ധ്യാപകനായി. പിന്നീടങ്ങോട്ട്‌, ഒഴിവു ദിവസങ്ങളില്‍ ഒത്തുകൂടുമ്പോഴുള്ള സിനിമയും അത്‌ കഴിഞ്ഞ്‌ വടകര 'ന്യൂ ഇന്ത്യ'യില്‍ നിന്നുള്ള പൊറാട്ടയടിയും ശമ്പളക്കാരനായ അവന്റെ വകയായി.

"കഴിഞ്ഞ വിഷുവിന്‌ ഈ സമയത്ത്‌ നമ്മളെവിടെയായിരുന്നുവെന്ന് നിനക്കോര്‍മ്മയുണ്ടോ?"

'ദല്‍ഹി' കിടക്കയില്‍ മടക്കി വെച്ച്‌, ചുമരിനോട്‌ ചേര്‍ത്തുവച്ച തലയിണയിലേയ്ക്ക്‌ ചാരിയിരുന്ന് സുരേഷ്‌ ചോദിച്ചു.

"നമ്മള്‍ മടപ്പള്ളി കടപ്പുറത്ത്‌ നടക്കാന്‍ പോയി" ഒന്നുചിരിച്ച്‌ അവന്‍ തുടര്‍ന്നു- "ഈ വര്‍ഷം ഹോസ്പിറ്റല്‍ ബെഡിലായിപ്പോയി വിഷു, അല്ലേ?"

അത്‌ ശ്രദ്ധിക്കാത്ത മട്ടില്‍ ഞാന്‍ പറഞ്ഞു-
"അടുത്ത വിഷു ആവട്ടെ. ബീച്ചില്‍ പോയിരുന്ന് നമുക്ക്‌ ഓരോ സിഗററ്റ്‌ വലിക്കണം"

"കഴിഞ്ഞ വര്‍ഷം നീ തന്ന സിഗററ്റ്‌ വലിച്ച്‌ ഞാന്‍ ചുമച്ച ചുമ" മുഖത്ത്‌ ഇത്തിരി ഗൗരവം വരുത്തി അവന്‍ ചോദിച്ചു "നീ ഇപ്പോഴും നല്ല വലിയായിരിക്കും അല്ലേ. നിന്നെ സിഗരറ്റ്‌ മണക്കുന്നുണ്ട്‌"

സ്കൂളില്‍ പഠിക്കുമ്പോള്‍ ചെറിയ ഒരു നടുവേദനയിലായിരുന്നു തുടക്കം. വോളിവോള്‍ കളിക്കുന്നതിനിടയിലെപ്പൊഴോ വീണതാവാം കാരണം എന്നായിരുന്നു നിഗമനം. ആദ്യമാദ്യം ഒന്നോ രണ്ടോ ഗുളികകളില്‍ ഒഴിഞ്ഞു പോയിരുന്ന വേദന പക്ഷേ, വര്‍ഷങ്ങള്‍ കഴിയുന്നതിനൊപ്പം കൂടി കൂടി വരികയായിരുന്നു. ഒരു പാട്‌ ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ടെസ്റ്റുകള്‍ക്കുമൊടുവില്‍ വെല്ലൂരില്‍ നിന്നും രോഗം നിര്‍ണ്ണയിക്കപ്പെട്ടു. രക്തത്തിലെ ശ്വേത രക്താണുക്കളുടെ ക്രമാതീതമായ വര്‍ദ്ധനവ്‌- രക്താര്‍ബുദം. തുടര്‍ ചികിത്സകള്‍ക്കായി കോഴിക്കോട്‌ മെഡിക്കല്‍ കോളെജില്‍ അഡ്മിറ്റ്‌ ചെയ്തതാണ്‌.

രോഗത്തിന്റെ ഗൗരവമറിഞ്ഞപ്പോള്‍ അവന്‍ പതറിയില്ല. കൊടിയ വേദനയിലും അവന്‍ കരഞ്ഞില്ല. സംസാരിക്കാനാവാതെ ഞാനവന്റെ മുന്നിലിരിക്കുമ്പോള്‍ ഞങ്ങളുടെ സുഹൃത്തുക്കളെക്കുറിച്ചും, എന്റെ കമ്പ്യൂട്ടര്‍ കോഴ്സിനെക്കുറിച്ചും ചോദിച്ചും പറഞ്ഞും അവന്‍ വിഷയങ്ങളുണ്ടാക്കും. അവന്‍ കടിച്ചുപിടിച്ചനുഭവിക്കുന്ന വേദന അവന്റെ കണ്ണുകളിലും മുഖത്തും ഞാന്‍ വായിക്കുന്നത്‌ അവനറിയാം. ടി.ടി.സിയ്ക്‌ പഠിക്കുമ്പോള്‍ ഏറ്റവുമടുത്ത സുഹൃത്തിനെക്കുറിച്ച്‌ എവിടെയോ എഴുതേണ്ടിവന്നപ്പോള്‍ അവനെഴുതിയത്‌ എന്നെക്കുറിച്ചായിരുന്നു.

"നീ എന്താണ്‌ ഓര്‍ക്കുന്നത്‌? പായസം കഴിക്കൂ"

വിഷു ദിവസമായത്‌ കൊണ്ട്‌ വീട്ടില്‍ നിന്നും കൊണ്ടുവന്ന പായസം ഒരു കപ്പില്‍ അവന്റെ അമ്മ എനിക്ക്‌ മുന്നില്‍ വച്ചിട്ടുണ്ട്‌.

കട്ടിലിന്റെ തലയ്ക്കല്‍ നില്‍ക്കുന്ന അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അവന്‍ കാണാതിരിക്കാന്‍ തിരിഞ്ഞുനിന്ന് അവര്‍ സാരിതുമ്പുകൊണ്ട്‌ കണ്ണീരൊപ്പി.

"ഭക്ഷണം എന്തുവേണമെങ്കിലും കഴിച്ച്‌ കൊള്ളാന്‍ ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്‌. പക്ഷേ ഇവന്‍... നീയൊന്നു പറയൂ അവനോടിത്തിരി പായസം കഴിക്കാന്‍..." അവര്‍ കരച്ചിലൊതുക്കാന്‍ പാടുപെടുന്നു.

ഞാനവനെ നോക്കി

"ഇപ്പോ വേണ്ടെടാ, കുറച്ച്‌ കഴിഞ്ഞ്‌ കഴിച്ചോളാം"

സന്ധ്യയ്ക്‌ ഞാനിറങ്ങുമ്പോള്‍ അവന്‍ വാതില്‍ വരെ കൂടെ വന്നു. എന്റെ ചുമലില്‍ അമര്‍ത്തി പിടിച്ച കൈ എടുക്കാതെ, കുറെനേരം ഒന്നും സംസാരിക്കാതെ വാതില്‍ക്കലില്‍ നിന്നു. പിന്നെ ശബ്ദമമര്‍ത്തി പറഞ്ഞു-

"എനിക്കിനി അധികം നാളുകളില്ലെടാ. എല്ലാവരെയും ബുദ്ധിമുട്ടിച്ച്‌, എല്ലാവരുടെയും കണ്ണുനീര്‍ കണ്ട്‌ ഇനിയും വയ്യ. മടുത്തു, എത്രയും വേഗത്തില്‍ ഇതൊന്നവസാനിച്ചാല്‍ മതിയായിരുന്നു..."

ഒന്നും പറയാനാവാതെ എന്റെ ശബ്ദം തൊണ്ടയില്‍ കുരുങ്ങി.

അതായിരുന്നു അവസാനത്തെ കൂടിക്കാഴ്ച.

ഒരു രാത്രി ഉറക്കത്തില്‍ എന്നെ വിളിച്ചുണര്‍ത്തി അച്ഛന്‍ പറഞ്ഞു-

"സുരേഷ്‌ പോയി..."

തളര്‍ന്ന് നിന്ന എന്നെ അച്ഛന്‍ ചേര്‍ത്തു പിടിച്ചു.

"പ്രാര്‍ത്ഥിക്കുക. വേദന സഹിച്ച്‌ സഹിച്ച്‌ ആവനിനിയും കഷ്ടപ്പെടില്ലല്ലോ" അച്ഛന്‍ ദീര്‍ഘനിശ്വാസം വിട്ടു "ദൈവം അവനിഷ്ടപ്പെട്ടവരെ നേരത്തെ തന്നെ തിരിച്ചു വിളിക്കും..."

***
പത്താം ക്ലാസില്‍ പഠിക്ക്മ്പോള്‍, തിരുവനന്തപുരത്തെ സ്കൗട്ട്‌ ഹെഡ്ക്വാര്‍ട്ടറില്‍, പ്രസിഡന്റ്‌ സ്കൗട്ട്‌ ക്യാമ്പില്‍ രാത്രി നക്ഷത്ര നിരീക്ഷണവും കഴിഞ്ഞ്‌ ടെന്റിന്‌ പുറത്തെ ടാര്‍പോളിനില്‍ ആകാശം നോക്കി ഞങ്ങള്‍ മലര്‍ന്ന് കിടക്കുമ്പോള്‍ സുരേഷ്‌ പറഞ്ഞു-

"നക്ഷത്രങ്ങളെക്കുറിച്ച്‌ അമ്മമ്മ പറഞ്ഞു തന്നത്‌, അവ മരിച്ചു പോയ മനുഷ്യരുടെ ആത്മാക്കളാണെന്നാണ്‌. അവര്‍ സ്നേഹിച്ചിരുന്നവരെ നോക്കി ചിരിച്ചുകൊണ്ട്‌ അവരങ്ങിനെ നില്‍ക്കുകയാണെന്ന്‌..."

അങ്ങിനെ തന്നെ വിശ്വസിക്കാനാണ്‌ എനിക്കും ഇഷ്ടം.

ആകാശത്തെ കോടാനുകോടി നക്ഷത്രങ്ങളുടെ കൂട്ടത്തില്‍ ഒന്ന് എന്നെ നോക്കി കണ്ണു ചിമ്മുന്നുവോ, ചിരിക്കുന്നുവോ...

Monday, March 26, 2007

മകള്‍ക്ക്‌

സ്വസ്ഥതയുടെ കൊക്കൂണില്‍ നിന്നും അസ്വസ്ഥതയുടെ യാഥാര്‍ത്യങ്ങളിലേയ്ക്ക്‌ പിറന്നു വീണ നിന്റെ കുഞ്ഞു ചുണ്ടുകള്‍ തേടിയ മുലപ്പാലിന്റെ കനിവെവിടെ...

നീ വിതുമ്പുമ്പോള്‍ അമ്മയുടെ ആലിംഗനത്തില്‍ നീ കൊതിച്ച സുരക്ഷിതത്തിന്റെ തീരമെവിടെ...

നിന്റെ ഉറക്കത്തില്‍ നിനക്കായി ദൈവം നീട്ടിയ പൂക്കള്‍ തിരിച്ചറിയാമായിരുന്ന അമ്മയുടെ ആത്മ നിര്‍വൃതിയുടെ നിറവെവിടെ...

നീ കേള്‍ക്കാതെപോയ, നിനക്കായി മൂളാതെപോയ താരാട്ട്‌ പാട്ടുകളുടെ ഈണങ്ങളെവിടെ...

നിന്റെ സ്വപ്നങ്ങള്‍ക്ക്‌ വര്‍ണ്ണങ്ങളേകാന്‍, നിന്റെ കൊഞ്ചലുകള്‍ക്ക്‌ അര്‍ത്ഥങ്ങളേകാന്‍, നിന്റെ യാത്രയില്‍ കൂട്ടായിരിക്കാന്‍ മകളേ നിനക്കായാരാണിനി...

(തിരുവനന്തപുരത്തെ തെരുവിലെവിടെയോ ഇന്നലെ (24-03-2007) ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നിര്‍ഭാഗ്യവതിയായ, മൂന്ന് ദിവസം മാത്രം പ്രായമായ ആ പെണ്‍കുഞ്ഞിന്‌)

Thursday, March 15, 2007

സഹയാത്ര


സന്ധ്യയാവുന്നതേയുള്ളൂ.

ജാലകത്തിനപ്പുറത്ത്‌ മഞ്ഞിന്റെ നേരിയ പാളിയിലൂടെ അവ്യക്തമായി കാണുന്ന പുറംകാഴ്ചകളിലേയ്ക്ക് നോക്കി നില്‍ക്കുകയാണവൾ. യാത്രയിലുണ്ടായിരുന്ന വസ്ത്രം മാറി കടും കാവിനിറത്തിലുള്ള സല്‍വാര്‍ ധരിച്ചിരിക്കുന്നു. ആ നിറം അവള്‍ക്ക്‌ നന്നായി ഇണങ്ങുന്നുണ്ട്. മുടി നെറുകയിലേയ്ക്‌ വാരികെട്ടിവച്ചിരിക്കുന്നു. മേശപ്പുറത്ത്‌ അവള്‍ക്കായി വച്ച കപ്പിലെ കാപ്പി അങ്ങിനെതന്നെ ഇരിക്കുന്നു.

നാല്‌ മണിക്കൂര്‍ ഡ്രൈവ്. യാത്രാക്ഷീണമൊന്നുമില്ല. എങ്കിലും ചൂടുവെള്ളത്തില്‍ ഒന്നു കുളിച്ച്‌ വസ്ത്രം മാറി. ബാത്‌റൂമില്‍ നിന്നും ഞാന്‍ പുറത്തിറങ്ങിയത്‌ അവള്‍ അറിഞ്ഞിട്ടില്ല.

"എന്തേ, കാപ്പി കഴിച്ചില്ല?" ഞാനവളുടെ അടുത്തേയ്ക്ക്‌ ചെന്നു.

തിരിഞ്ഞുനോക്കി, ഒന്നു ചിരിച്ച്‌ അവള്‍ കാപ്പി കപ്പ്‌ കയ്യിലെടുത്തു.

"നല്ല മഞ്ഞാണ്‌. തണുപ്പും. ഒന്ന് പുറത്തേയ്ക്കിറങ്ങണമെന്ന് തോനുന്നുണ്ടോ?" ഞാന്‍ ചോദിച്ചു.

"വേണ്ട. നമുക്ക്‌ ബാല്‍ക്കണിയില്‍ നില്‍ക്കാം"

ഞാന്‍ ബാല്‍ക്കണിയിലേയ്ക്കുള്ള വാതില്‍ തുറന്നു. തണുപ്പ്‌ മുറിയിലേയ്ക്ക്‌ ഒഴുകിയിറങ്ങി. വൈകുന്നേരം ചാറിയ മഴത്തുള്ളികള്‍ വീണുകിടക്കുന്ന തണുത്ത ഗ്രില്ലില്‍ കൈമുട്ടുകളൂന്നി റോഡിനപ്പുറത്തെ താഴ്‌വാരത്തേയ്ക്‌ ദൃഷ്ടികളൂന്നി അവള്‍ നിന്നു.

സതീഷാണ്‌ മുറി ബുക്കു ചെയ്തത്. മട്ക്കേരി മുറി വേണമെന്ന് പറഞ്ഞപ്പോള്‍ അവൻ ചോദിച്ചു.

"നാട്ടീന്ന് ഫാമിലി വന്നോ?"
"ഇല്ല. ഒരു സുഹൃത്ത്‌. വെറുതെ ഒന്നു കറങ്ങാന്‍"

ഭാഗ്യത്തിന്‌ അവന്‍ കൂടുതലൊന്നും ചോദിച്ചില്ല. ചോദിച്ചാല്‍ പറയേണ്ട കളവുകളെക്കുറിച്ച്‌ തയ്യാറായിരുന്നുമില്ല.

സതീഷിന്റെ പരിചയത്തിലുള്ള ഒരു കിന്റര്‍ഗാഡന്‍ പ്രിന്‍സിപ്പലിന്റെതാണ്‌ വീട്. വെള്ള ചായമടിച്ച, ബ്രിട്ടിഷ്‌കാരുടെ കാലത്ത്‌ പണിത ഭംഗിയുള്ള ഒരു പഴയ ഇരുനില കെട്ടിടം. റോഡില്‍നിന്നും വീട്ടിലേയ്ക്കുള്ള നടവഴിയിൽ, ഇരുവശത്തും വളര്‍ത്തിയ ബോഗന്‍വില്ലകള്‍ കൊണ്ടുള്ള നടപ്പന്തൽ.  മതിലിനോട്‌ ചേര്‍ന്ന് വളര്‍ന്നു നില്‍ക്കുന്ന അരളിച്ചെടികളില്‍ നിറയെയും കടും നിറത്തിലുള്ള പൂക്കൾ. തൊടിയാകെ എവിടെയോ പൂത്തുനില്‍ക്കുന്ന മന്ദാരത്തിന്റെ നറുമണം.

വീടിന്റെ താഴെ നിലയില്‍ പ്രിന്‍സിപ്പലും കുടുംബവും താമസിക്കുന്നു. മുകളിലത്തെ നിലയില്‍ പ്രൗഡിയോടെ ഒരുക്കി വച്ചിരിക്കുന്ന രണ്ട് വലിയ മുറികള്‍ മട്ക്കേരി കാണാന്‍ വരുന്ന സഞ്ചാരികള്‍ക്ക്‌ ദിവസ വാടകയ്ക്‌ കൊടുക്കുന്നു.

വീടിനു തൊട്ടപ്പുറത്ത്‌ തന്നെയാണ്‌ കിന്റര്‍ഗാഡൻ. നിറയെ മരങ്ങളും പൂച്ചെടികളും വച്ചുപിടിപ്പിച്ച കോമ്പൗണ്ടില്‍ അവിടിവിടെയായി കുട്ടികള്‍ക്ക്‌ കളിക്കാനുള്ള ഊഞ്ഞാൽ, സീസോ, ചക്രത്തില്‍ കറങ്ങുന്ന മരകുതിരകൾ.

സ്കൂളിലെ പ്യൂണും ഗാര്‍ഡനറും അഥിതികള്‍ക്ക്‌ സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുന്നതും ഒരാള്‍ തന്നെ. വെളുത്തുമെലിഞ്ഞ ഒരു ചെറുപ്പക്കാരന്‍, മഞ്ജുനാഥ്.

രാത്രിഭക്ഷണത്തിന്‌ വെജിറ്റേറിയന്‍ വിഭവങ്ങള്‍ ഓര്‍ഡര്‍ചെയ്തപ്പോള്‍ അവള്‍ പറഞ്ഞു;

"എന്നെ കരുതി പച്ചക്കറിയാവേണ്ട. നോണ്‍വെജ്‌ കഴിച്ചോളൂ, എനിക്ക്‌ ബുദ്ധിമുട്ടാവില്ല"

നോണ്‍വെജ്‌ വേണ്ടെന്നുതന്നെ വച്ചു. അവള്‍ നോര്‍ത്തിന്ത്യന്‍ ബ്രാഹ്മിണ കുടുംബത്തില്‍ നിന്നാണ്.  മഹാരാഷ്ട്രയിലെ ഏതോ ഗ്രാമത്തില്‍നിന്നും വടക്കന്‍ കര്‍ണ്ണാടകയിലെ കൃഷിയിടങ്ങളിലേയ്ക്ക്‌ കുടിയേറിയതായിരുന്നു അവളുടെ അച്ഛൻ. കൃഷിയും കൃഷിയിടങ്ങളും നഷ്ടമായപ്പോള്‍ മൂന്ന് പെണ്‍കുട്ടികളും രോഗിയായ ഭാര്യയും അമ്മയുമടങ്ങിയ കുടുംബവുമായി പലയിടങ്ങളില്‍ താവളം  തേടി ഒടുവില്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ബാംഗ്ലൂരിലെത്തി. കര്‍ഷകനില്‍ നിന്നും ഫാക്ടറി തൊഴിലാളിയും ഫുട്‌പാത്‌ കച്ചവടക്കാരനായും സെക്യൂരിറ്റി ഗാഡുമായും വേഷങ്ങള്‍ മാറി.

ബയോമെട്രിക്സ്‌ അറ്റന്‍ഡന്‍സ്‌ സിസ്റ്റം ഇമ്പ്ലിമെന്റേഷന്റെ സമയത്ത്‌ കമ്പനിയിലെ വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്ത ഓപ്പറേറ്റര്‍ വിഭാഗത്തിലുള്ള ജോലിക്കാരോട്‌ സിസ്റ്റം ഉപയോഗിക്കേണ്ടതെങ്ങിനെ എന്ന് ക്ഷമയോടെ പറഞ്ഞുകൊടുക്കുന്നത്‌ കണ്ടാണ്‌ അവളെ ആദ്യം ശ്രദ്ധിക്കുന്നത്. ഇ.ആർ.പി-യില്‍ അഡ്മിനിസ്ട്രേഷന്‍ മൊഡ്യൂളില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച്‌ അവള്‍ എഴുതിവച്ച നോട്ടുപുസ്തകത്തിന്റെ ചിലതാളുകളില്‍ കുത്തിവരച്ചിട്ട ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഒരു ദിവസം ചോദിച്ചു;

"നന്നായി വരക്കുന്നുണ്ടല്ലോ"

മറുപടി ഒന്നുമില്ല. പിന്നീട്‌ നോട്ടുപുസ്തമൊഴിവാക്കി മെയിലില്‍ അറ്റാച്ച്‌ ചെയ്ത എക്സല്‍ ഷീറ്റുകളില്‍ മാത്രമായി വിശദീകരണങ്ങളും അഭിപ്രായങ്ങളും.

കൊറിയര്‍ വന്ന ചില മലയാള പുസ്തകങ്ങള്‍ മേശമേല്‍ കണ്ടപ്പോഴാണ്‌ അവള്‍ ആദ്യമായി ഒഫീഷ്യലല്ലാത്ത ഒരു കാര്യം സംസാരിച്ചത്‌.;

"ആരെഴുതിയതാണീ പുസ്തകങ്ങൾ?"

എം.ടിയെയും മാധവിക്കുട്ടിയെയും കുറിച്ചവള്‍ കേട്ടിട്ടുണ്ട്. ചില പരിഭാഷകള്‍ വായിച്ചിട്ടുമുണ്ട്.

അങ്ങിനെയാണ്‌ സൗഹൃദം തുടങ്ങിയത്. ഉച്ചഭക്ഷണത്തിനിരിക്കുമ്പോഴും വല്ലപ്പോഴും കിട്ടുന്ന വൈകുന്നേരത്തെ ഒഴിവുസമയത്തുമെല്ലാം അവള്‍ നിര്‍ത്താതെ സംസാരിക്കും. കമ്മ്യൂണിസവും സൈക്കോളജിയുമായിരുന്നു അവള്‍ക്ക്‌ ഇഷ്ടമുള്ള വിഷയങ്ങൾ.  ഫാക്ടറികളില്‍ നിഷേധിക്കപ്പെടുന്ന തൊഴിലാളി അവകാശങ്ങളെ പറ്റി സംകാരിക്കുമ്പോഴവള്‍ വല്ലാതെ ക്ഷോഭിക്കും.

"എന്തിനാണിങ്ങിനെ ക്ഷോഭിക്കുന്നത്‌?"; ഞാനൊരിക്കല്‍ ചോദിച്ചു

പെട്ടന്നവള്‍ നിര്‍ത്തി. സമനില വീണ്ടെടുത്ത്‌ കുറച്ച്‌ നേരം മൗനയായി.

"എന്റെ ഒരു സ്വഭാവം. ദേവരാജിന്‌ ഇതൊക്കെയാണ്‌ തീരെ ഇഷ്ടമല്ലാത്തത്” അവള്‍ ചിരിച്ചു;  "ആവുന്നത്‌ പറഞ്ഞതാണ്‌ ഈ വിവാഹം വേണ്ടെന്ന്. എന്നിട്ടും..."

അവള്‍ തുടര്‍ന്നില്ല. ദേവരാജ്‌ അവളുടെ ഭര്‍ത്താവാണെന്നറിയാം. ഫാക്ടറിക്കുമുന്നില്‍ ഒരുദിവസം അവളെ ബൈക്കില്‍ കൂട്ടികൊണ്ടുപോവാന്‍ വന്ന അയാളെ അവള്‍ തന്നെയാണ്‌ പരിചയപ്പെടുത്തിയത്.

കമ്പനിയുടെ മറ്റു യൂനിറ്റുകളിലെ ഇ.ആർ.പി ഇമ്പ്ലിമെന്റേഷന്‍ തിരക്കുകളുമായി നേരില്‍ കാണലുകള്‍ കുറഞ്ഞപ്പോള്‍ ഫോണ്‍ വിളികള്‍ പതിവായി. ഒന്നും സംസാരിക്കാനില്ലതെ ഫോണ്‍ ചെവിയില്‍ വച്ചിരിക്കുന്ന രാത്രികളില്‍ ഒരിക്കലവള്‍ പറഞ്ഞു;

"അടുത്തൊരാള്‍ ഉള്ളത്‌ പോലെ, ഒരു സമാധാനം"

കുറച്ചുനാളുകള്‍ക്ക്‌ ശേഷം കാണുന്നത്‌ ഒരു സഹപ്രവര്‍ത്തകന്റെ വിവാഹ റിസപ്ഷന്. രാത്രിയില്‍ അവിടെനിന്നിറങ്ങിയപ്പോള്‍ അവള്‍ ചോദിച്ചു;

"ബസ്സ്‌ സ്റ്റോപ്പ്‌ വരെ നടക്കാന്‍ കൂടുന്നോ?"

ഡ്രോപ്പ്‌ ചെയ്യാമെന്ന് പറയുമ്പോഴൊക്കെയും അവള്‍ നിരസിക്കുമായിരുന്നു. അതുകൊണ്ടിപ്പോള്‍ ചോദിക്കാറില്ല. ഫുട്‌പാത്തിലൂടെ അവള്‍ക്കൊപ്പം നടന്നു. എതിരെ വരുന്ന ആളുകള്‍ക്ക്‌ വഴിമാറുമ്പോള്‍ കൈകളും ചുമലുകളും പരസ്പരം ഉരുമ്മി. ഇടയ്ക്കെപ്പോഴൊ അവളെന്റെ കൈവിരലുകള്‍ മുറുക്കെ കോര്‍ത്തുപിടിച്ചു. അതൊട്ടും പുറത്ത്‌ ഭാവിക്കാതെ കുഞ്ഞുനാളുകളിലെന്നോ ഒരവധിയ്ക്ക്‌ മഹാരാഷ്ട്രയിലെ അച്ഛന്റെ ഗ്രാമത്തില്‍ കൊയ്ത്ത്‌ കഴിഞ്ഞ ഗോതമ്പ്‌ പാടങ്ങളില്‍ ചിലവഴിച്ച വൈകുന്നേരങ്ങളെകുറിച്ച്‌ സംസാരിക്കുകയായിരുന്നു അവൾ.

അവള്‍ ബസ്സ്‌ കേറി പോയിട്ടും ഉള്ളം കയ്യില്‍ അവളുടെ കൈതണുപ്പ്‌ തങ്ങിനിന്നു.

അസ്വസ്തതകളുടെ കാണാക്കയങ്ങളില്‍ ഉഴലുകയാണ്‌ മനസ്സ്. ചിന്തകള്‍ വല്ലാതെ കാടുകയറുന്നു. അവള്‍ ആരാണെനിക്ക്... ഒരു സൗഹൃദത്തിനപ്പുറത്തേക്ക്‌ അവളുമായുള്ള ബന്ധം വളരുകയാണോ... അവളുടെ സാമീപ്യം ഞാനെന്താണിങ്ങിനെ ആഗ്രഹിക്കുന്നത്... അവളുടെ ഫോണ്‍ വിളികള്‍ക്കായി ഞാനെന്തിനാണിങ്ങനെ കാത്തിരിക്കുന്നത്...

രാത്രിയില്‍ ഫ്ലാറ്റിലെത്തി നാട്ടിലേയ്ക്ക്‌ വിളിച്ച്‌ ഭാര്യയോടും മോളോടും ഒരുപാട്‌ നേരം സംസാരിച്ചു. ചെല്ലാനൊക്കില്ലെന്ന് അറിയാമായിട്ടും കളറിംഗ്‌ മത്സരത്തിന്‌ അവള്‍ക്ക്‌ കിട്ടിയ സമ്മാനം വാങ്ങാന്‍ പോകുന്ന ദിവസം നാട്ടിലെത്താമെന്ന് മോള്‍ക്ക്‌ വാക്കുകൊടുത്തു. സംസാരം നിര്‍ത്താതായപ്പോള്‍ ഭാര്യ ഇടപെട്ടു;

"പാതിരയായി. കിടന്നുറങ്ങാന്‍ നോക്ക്. മോള്‍ വൈകി ഉറങ്ങിയാല്‍ രാവിലെ എഴുന്നേള്‍ക്കാനുള്ള പുകിലറിയാവുന്നതല്ലേ. അവളുടെ സ്കൂളില്‍ പോക്കും എന്റെ ഓഫീസില്‍ പോക്കും കുഴയും"

പുറത്തെ വാതിലില്‍ മുട്ടുന്ന ശബ്ദം. നേരം ഇരുട്ടിയിരിക്കുന്നു. ലൈറ്റിട്ട്‌ വാതില്‍ തുറന്നപ്പോള്‍ ഭക്ഷണപാത്രങ്ങളുമായി മഞ്ജുനാഥ്. മൂടിവച്ച പാത്രങ്ങള്‍ ഡൈനിംഗ്‌ ടേബിളില്‍ നിരത്തിവച്ച്‌ അയാള്‍ ചോദ്യഭാവത്തില്‍ നോക്കി.

"വേണ്ട, കുറച്ച്‌ കഴിഞ്ഞ്‌ കഴിച്ചോളാം"

മഞ്ജുനാഥ്‌ പോയിക്കഴിഞ്ഞപ്പോള്‍ അവളോട്‌ ചോദിച്ചു; "വിശക്കുന്നില്ലേ?"

വഴിയില്‍ നടുനിവര്‍ത്താന്‍ രണ്ടിടങ്ങളില്‍ ഡാബയ്ക്ക്‌ മുന്നില്‍ നിര്‍ത്തിയപ്പോള്‍ കഴിച്ച ഇളനീര്‍ വെള്ളം മാത്രമേയുള്ളൂ ഉച്ചയൂണിനു ശേഷമുള്ള ഭക്ഷണം. അവളതും കഴിച്ചിട്ടില്ല. ഇടയ്ക്കിടെ ബോട്ടിലില്‍ നിന്നും വെള്ളമെടുത്ത്‌ കുടിക്കുന്നത്‌ കണ്ടു. ജഗദ്ജിത്‌ സിംഗിന്റെ സിഡി പാടാന്‍ തുടങ്ങിയപ്പോള്‍ കണ്ണുകളടച്ച്‌ അവള്‍ സീറ്റിലേയ്ക്ക്‌ ചരിയിരുന്നു. എന്തെങ്കിലും സംസാരിക്കണമല്ലോ എന്ന് കരുതി ചോദിച്ചു;

"ഉറങ്ങുകയാണോ?"

"ജഗദ്ജിത്‌ സിംഗിനെ കണ്ണടച്ച്‌ കേള്‍ക്കാനാണെനിക്കിഷ്ടം"; കണ്ണുകള്‍ തുറക്കാതെ തന്നെ അവള്‍ മറുപടി പറഞ്ഞു.

ഒരു യാത്ര പോകാമെന്നവള്‍ പറഞ്ഞപ്പോള്‍ സ്ഥലവും ദിവസവും തീരുമാനിച്ചറിയിച്ചു. പറഞ്ഞ സ്ഥലത്ത്‌ സമയത്തിന്‌ തന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഡ്രൈവ്ചെയ്യുന്നതിനിടയിൽ പലവട്ടം ആലോചിച്ചു, എന്തിനാണീ യാത്ര?

അന്യയായ ഒരു പെണ്‍കുട്ടിക്കൊപ്പം ഒരു രാത്രി കഴിയേണ്ടിയിരിക്കുന്നു.

ഡൈനിംഗ്‌ ടേബിളില്‍ അഭിമുഖമായി ഇരുന്നു. പ്ലേറ്റില്‍ നിന്നും കണ്ണുകളുയര്‍ത്താതെ ചപ്പാത്തിയുടെ ഒരു ചീള്‌ മുറിച്ചെടുത്ത്‌ അവള്‍ കഴിക്കണമോ എന്നാലോചിച്ചിരിക്കുന്നത്‌ പോലെ.

"എന്താണാലോചിക്കുന്നത്‌? കഴിക്കൂ"

മറുപടി പറയാതെ അവള്‍ മുഖമുയര്‍ത്തി നോക്കി.

"വരേണ്ടായിരുന്നു എന്ന് തോനുന്നുണ്ടോ?"; ചോദിച്ച്‌ കഴിഞ്ഞപ്പോള്‍ തന്നെ എനിക്ക്‌ തോന്നി, ആ ചോദ്യം ഒഴിവാക്കാമായിരുന്നു.

"കുറ്റപ്പെടുത്തലുകളും പരിഭവങ്ങളുമില്ലാത്ത ഒരു ദിവസം. പിന്നില്‍നിന്നും പിടിച്ച്‌ വലിച്ച്‌, നിര്‍ബ്ബന്ധപൂര്‍വ്വം വഴങ്ങിക്കൊടുക്കേണ്ടിവരുന്ന ഗതികേടില്‍നിന്നും എന്റെ സ്വകാര്യതയില്‍ ഒതുങ്ങിയിരിക്കാന്‍ ഒരു ദിവസം. കുറെ നാളായി ഞാനതാഗ്രഹിക്കുന്നു..."; അവള്‍ ചെറുതായൊന്നു ചിരിച്ചു; "അതിന്ന് ഞാന്‍ നന്ദിയല്ലേ പറയേണ്ടത്‌?"

"ഇങ്ങിനത്തെ യാത്രകളൊന്നും പതിവില്ല. സ്വകാര്യതകള്‍ ഒരിക്കലും ഇല്ലായിരുന്നുവെന്ന് തന്നെ പറയാം. നഗരത്തിന്റെ പുറമ്പോക്കുകളില്‍ ഒറ്റമുറി വീടുകളില്‍ വളര്‍ന്നവള്‍ക്ക്‌ സ്വകാര്യതയെ എങ്ങിനെ ആഗ്രഹിക്കാൻ"

ഭക്ഷണം കഴിച്ചെഴുന്നേറ്റു. മഞ്ജുനാഥ്‌ വന്ന് പാത്രങ്ങള്‍ പെറുക്കിയെടുത്തുകൊണ്ടു പോയി.

സെറ്റിയില്‍ അവള്‍ക്കടുത്തായി ഇരുന്നു.

"വീട്ടിലെ ബുദ്ധിമുട്ടുകള്‍ക്കനുസരിച്ച്‌ മനസ്സിനെ പാകപ്പെടുത്തിയത്‌ കൊണ്ടവാം, ചെറുപ്പം മുതല്‍ക്കേ വായനയൊഴിച്ച്‌ മറ്റൊന്നിനോടും എനിക്ക്‌ വലിയ താല്‍പ്പര്യം തോനാറില്ലായിരുന്നു. സൗഹൃദം, പ്രണയം, വിവാഹം, കുടുംബം, ആഘോഷങ്ങൾ.. തുടങ്ങി ഒന്നിനോടും"

കുറച്ചുനേരം എന്തോ ആലോചിച്ചിരുന്ന്, അവള്‍ തുടര്‍ന്നു;

"എന്നിട്ടും എന്റേത്‌ ഒരു പ്രണയ വിവാഹമായിരുന്നു. ഞാനാഗ്രഹിക്കാത്തൊരു പ്രണയ വിവാഹം"

"ആഗ്രഹിക്കാത്ത ഒരു പ്രണയ വിവാഹമോ?"

അവള്‍ തലകുലുക്കി.

"ദേവരാജ്‌ വീട്ടിലെ ഒരംഗത്തെ പോലായിരുന്നു. ആണ്‍കുട്ടികളില്ലാതിരുന്ന ഞങ്ങളുടെ കുടുംബത്തിന്‌ അവന്‍ എപ്പോഴും വലിയ തുണയായിരുന്നു. സഹോദരിമാര്‍ രണ്ടുപേരും നേരത്തെ വിവാഹം കഴിഞ്ഞ്‌ അവരുടെ പ്രാരബ്ധങ്ങളുമായി ഓരോയിടത്ത്. രോഗിയായ അമ്മയെയും ശരീരമനങ്ങി ജോലിചെയ്യാനാവാതെയായ അച്ഛനെയും സംരക്ഷിക്കാന്‍ ഞാന്‍ പെടാപ്പാട്‌ പെടുമ്പോള്‍ അവൻ  എന്നെ ഒരുപാട്‌ സഹായിച്ചു. എന്നെക്കാള്‍ രണ്ടു വയസ്സിന്‌ ഇളയ അവനെ ഞാനെന്റെ സ്വന്തം അനിയനെ പോലെ സ്നേഹിച്ചു. പക്ഷെ വളരെ വൈകിയാണ്‌ ഞാനറിഞ്ഞത്‌ അവൻ.. അവൻ...”

സംസാരം നിര്‍ത്തി അവള്‍ വല്ലാതെ കിതച്ചു.

"ആവുന്നത്ര ഞാന്‍ അവനെ പറഞ്ഞു മനസ്സിലാക്കിക്കാന്‍ ശ്രമിച്ചു. കരഞ്ഞു, കെഞ്ചി, ദേഷ്യപ്പെട്ടു, ആട്ടിയിറക്കി. അന്നുവരെ ഒരു വിവാഹത്തെ പറ്റി ചിന്തിക്കുകപോലും ചെയ്യാതിരുന്ന എനിക്ക്‌, പരാജയമാവുമെന്നുറപ്പുണ്ടായിട്ടും ഒടുവില്‍, കൂടപ്പിറപ്പിനെ പോലെ കണ്ട അവനെ വിവാഹം കഴിക്കാന്‍ സമ്മതിക്കേണ്ടി വന്നു..."

"പിടിച്ച്‌ നില്‍ക്കാമായിരുന്നീല്ലേ, സ്വന്തം താല്‍പ്പര്യങ്ങള്‍ക്കപ്പുറം എന്തിനങ്ങിനെ ഒരു തീരുമാനമെടുത്തു?"

"ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ്‌ അവന്‍ ഭീഷണിപ്പെടുത്തിയപ്പോഴൊന്നും ഞാനത്‌ ചെവിക്കൊണ്ടതേയില്ല. പക്ഷേ ഒരുദിവസം അവനതിന്ന് ശ്രമിച്ചു. വിഷം കഴിച്ച്‌ ആശുപത്രിയില്‍ ബോധമില്ലാതെ അവന്‍ കിടക്കുമ്പോൾ, ആര്‍ക്കും വേണ്ടാത്ത എന്റെ ജീവിതം അവന്റെ കൂടെ ജീവിച്ച്‌ തീര്‍ക്കാന്‍ ഞാന്‍ സ്വയം തീരുമാനിക്കുകയായിരുന്നു"

ഒന്നു നിര്‍ത്തി സ്വയമെന്നപോലെ അവള്‍ പറഞ്ഞു;
"പ്രായമായ അച്ഛനും അമ്മയും ഇല്ലായിരുന്നുവെങ്കില്‍ അതിന്നും എത്രയോ മുന്‍പേ ഞാനീ ജീവിതം അവസാനിപ്പിച്ചേനെ"

ഞങ്ങള്‍ക്കിടയില്‍ മൗനം കനത്തു. എന്താണ് പറയേണ്ടത്. നീണ്ട്‌ സുന്ദരമായ അവളുടെ വിരലുകള്‍ ഞാൻ അമര്‍ത്തിപ്പിടിച്ചു;

"റിലാക്സ്”

"വിവാഹം എന്നത്‌ എന്റെ സങ്കല്‍പ്പത്തില്‍ കൂടി ഇല്ലായിരുന്നു. അവനൊരു നല്ല ഭാര്യയാവാന്‍ എനിക്ക്‌ കഴിയുകയില്ല. ഞങ്ങളുടെ ഇഷ്ടങ്ങൾ, ജീവിത രീതികള്‍ എല്ലാം പരസ്പര വിരുദ്ധങ്ങളാണ്. വായന, സംഗീതം ഒന്നും ദേവരാജിന്‌ ഇഷ്ടമല്ല. ഹോട്ടലില്‍ നിന്നും വാങ്ങി വരുന്ന പാര്‍സല്‍ ഭക്ഷണങ്ങളും, രാവിലെ ഓഫീസിന്‌ മുന്നില്‍ ഇറക്കിവിടുന്നതും വൈകീട്ട്‌ കൂട്ടികൊണ്ടു പോകുന്നതും മണിക്കൂറില്‍ നാലും അഞ്ചും തവണ ഫോണ്‍ ചെയ്ത്‌ ഓഫീസില്‍ ആരുടെകൂടെ എന്തുചെയ്യുകയാണ്‌ എന്ന് അന്വേഷിക്കുന്നതുമാണ്‌ അവന്‌ സ്നേഹം"

"വിവാഹം എന്നത്‌ ഒരൊത്തുതീര്‍പ്പാണ്‌. പരസ്പരം മനസ്സിലാക്കി, അഡ്ജസ്റ്റ്‌ ചെയ്ത്...”

"എന്തൊത്തുതീര്‍പ്പ്‌?"; അവളുടെ ശബ്ദം വല്ലാതെ ഉയര്‍ന്നു; "അനുജനെ പോലെ കരുതിയ ഒരാളെ വിവാഹം കഴിക്കുക, വലിച്ചിഴച്ച്‌ കൊണ്ടുപോയി ശരീരത്തില്‍ കാട്ടുന്ന പേകൂത്തുകള്‍ക്കുശേഷമുള്ള കുറ്റപ്പെടുത്തലുകളും ആവലാതികളും കേട്ടില്ലെന്ന് വയ്ക്കുക, എന്തിനും ഏതിനും സംശയിക്കുന്ന അവന്റെ വൃത്തികെട്ട സ്വഭാവം കണ്ടില്ലെന്ന് നടിക്കുക. ഇതൊക്കെയാണോ ഒത്തുതീര്‍പ്പ്‌?"

എനിക്കുത്തരം മുട്ടി.

"അധികാരത്തിന്റെ ശബ്ദത്തില്‍ മാത്രമേ അവനെന്നോട്‌ സംസാരിച്ചിട്ടുള്ളൂ, വേട്ടക്കാരന്റെ കണ്ണുകളുമായേ അവനെന്നെ കെട്ടിപ്പിടിച്ചിട്ടുള്ളൂ, വേദനയില്‍ ഞാന്‍ പുളയുമ്പോള്‍ മാത്രമേ അവന്‍ മനസ്സറിഞ്ഞ്‌ ചിരിച്ചിട്ടുള്ളൂ...."

അവളുടെ നെടുവീര്‍പ്പ്‌ നേരിയ തേങ്ങലായി മാറി. ഞാനവളെ ചേര്‍ത്തുപിടിച്ചു. കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ ചാലുകൾ തുടച്ചു കളയുമ്പോൾ ആ കവിളുകളുടെ മൃദുലത ഞാനറിഞ്ഞു. കമ്മലിടാത്ത അവളുടെ ചെവിയ്ക്കുമേല്‍ എന്റെ കൈ ഉടക്കിനിന്നു.

കണ്ണുനീര്‍ തളം കെട്ടിനില്‍ക്കുന്ന അവളുടെ കണ്ണുകളിലേയ്ക്ക്‌ ഞാനെന്താണിങ്ങനെ സൂക്ഷിച്ച്‌ നോക്കുന്നത്... എന്റെ കൈകള്‍ എന്തിനാണവളെ എന്നിലേയ്ക്ക്‌ വലിച്ചടുപ്പിക്കുന്നത്... നെഞ്ചില്‍ ഞാനറിയുന്ന ഈ ഇളം ചൂട്‌ ഞാനെന്തിനാണിങ്ങനെ ആസ്വദിക്കുന്നത്..

എന്റെ കണ്ണുകളിലേയ്ക്ക്‌ നോക്കി പതിഞ്ഞ സ്വരത്തില്‍ അവള്‍ പറഞ്ഞു;

"ബുദ്ധിമുട്ടിക്കുകയില്ല, ഞാൻ. എന്റെ സ്വകാര്യതയില്‍ സൂക്ഷിക്കാന്‍, ഒറ്റപ്പെടുന്നുവെന്ന് തോനുമ്പോള്‍ അങ്ങിനെയല്ല എന്ന് സ്വയം ബോധ്യപ്പെടുത്താന്‍, വല്ലപ്പോഴെങ്കിലും ഇങ്ങിനെയൊന്ന് തലചായ്ച്ച്‌ വയ്ക്കാൻ... അതുമാത്രം മതി. അതെനിക്ക്‌ ധാരാളം. പകരം എന്തെങ്കിലും വേണമെന്ന് തോനുന്നുവെങ്കിൽ...”

അവളുടെ പിന്‍കഴുത്തില്‍ ഇഴയുകയായിരുന്ന എന്റെ കൈവിരലുകള്‍ നിശ്ചലമായി.

കളറിംഗ്‌ മത്സരത്തിന്റെ സമ്മാനം വാങ്ങി കൂട്ടുകാരുടെ ആരവങ്ങള്‍ക്കിടയില്‍ മോള്‍ ഇറങ്ങിവരുമ്പോള്‍ ആ ദിവസം അവിടെ എത്താത്തതിന്ന് പരിഭവം നിറഞ്ഞ അവളുടെ മുഖം...

ഓഫീസിലെ തിരക്കുകള്‍ക്കിടയില്‍ രാത്രി ഏറെ വൈകിയിട്ടും ഭക്ഷണം കഴിക്കാതെ ഇരിക്കുന്നതില്‍ വീട്ടുകാരിയുടെ ശാസന...

തൊടിയില്‍ കുലച്ച കദളിവാഴക്കുല പഴുക്കാനാവുമ്പോഴേയ്ക്കും നാട്ടിലെത്താന്‍ ലീവ്‌ കിട്ടുമോ എന്ന അമ്മയുടെ അന്വേഷണം...

കാവിലെ ഉത്സവത്തിന്‌ ഇപ്രാവശ്യം തീര്‍ച്ചയായും കുടുംബത്തോടെ തൊഴണമെന്ന അച്ഛന്റെ ഇടയ്ക്കിടെയുള്ള ഓര്‍മ്മപ്പെടുത്തൽ...

നിശ്ശബ്ദത.
മുറിയിലേയ്ക്ക്‌ അരിച്ചെത്തുന്ന തണുപ്പിനൊപ്പം മന്ദാരപ്പൂക്കളുടെ നേരിയ സുഗന്ധം. രാത്രി ഏറെ വൈകിയിരിക്കുന്നു. മടിയില്‍ തലവച്ച്‌ അവള്‍ ശാന്തമായുറങ്ങുന്നു.

ആ ജനല്‍ കര്‍ട്ടനുകള്‍ ഒതുക്കിവച്ചിരുന്നുവെങ്കില്‍ പുറത്ത്‌ ആകാശം കാണാമായിരുന്നു, മേഘങ്ങള്‍ക്കിടയില്‍ ഒളിച്ചു കളിക്കുന്ന ചന്ദ്രനെ കാണാമായിരുന്നു, അകത്തേയ്ക്ക്‌ വീഴുന്ന നിലാവെളിച്ചം കാണാമായിരുന്നു, കണ്ണുചിമ്മിക്കളിക്കുന്ന നക്ഷത്രങ്ങളെ കാണാമായിരുന്നു, തെന്നി നീങ്ങിപ്പോകുന്ന കോടമഞ്ഞ്‌ കാണാമായിരുന്നു...

വേണ്ട. എഴുന്നേല്‍ക്കണമെങ്കില്‍ അവളെ ഉണര്‍ത്തണം. ആഗ്രഹിച്ച സമാധാനത്തിൽ, സുഖത്തില്‍ അവളുറങ്ങട്ടെ.

Saturday, March 03, 2007

My protest against plagiarisation of Yahoo India | പ്രതിഷേധിക്കുക


My protest against plagiarisation of Yahoo India
യാഹുവിന്റെ ബ്ലോഗ്‌ സാഹിത്യ ചോരണത്തില്‍ എന്റെ പ്രതിഷേധം.


1. ബ്ലോഗ് കോപ്പിയടിവിരുദ്ധദിനം

2. ലാബ്‌നോള്‍ - അമിത് അഗര്‍വാള്‍

3. കറിവേപ്പില - സൂര്യഗായത്രി

4. ഇഞ്ചിമാങ്ങ - ഇഞ്ചിപ്പെണ്ണ്

5. If it were… - സിബു

6. ശേഷം ചിന്ത്യം- സന്തോഷ്

7. Against Plagiarism

8. Global Voice On Line

9. Yahoo Plagiarism Protest Scheduled March 5th

10.Bloggers protest on March 5th 2007 against Yahoo!

11. Indian bloggers Mad at Yahoo

12.Indian Bloggers Enraged at Yahoo! India’s Plagiarism

13.Indian bloggers Mad at Yahoo

14.Malayalam Bloggers Don’t Agree with Yahoo India

15.Yahoo back upsetting people

16.Wat Blog

17.Tamil News

18.Yahoo India accused of plagiarism by Malayalam blogger

19.Yahoo India Denies Stealing Recipes

20. Yahoo! India Rejects Web Plagiarism Accusations

21.Content theft by Yahoo India

22.Lawyers’ Opinion

23. മനോരമ ഓണ്‍ലൈന്‍

24. याहू ने साहित्यिक चोरि की

25. യാഹൂവിന്റെ ബ്ലോഗ് മോഷണം

26. മാതൃഭൂമി

27. And Yahoo counsels us to respect intellectual rights of others

28. സങ്കുചിത മനസ്കന്‍

29. Content Theft by Yahoo! Shame Shame…

30. JUGALBANDI(ലിങ്കുകള്‍ക്ക്‌ കടപ്പാട്‌: ചന്ദ്രശേഖരന്‍ നായര്‍ ചേട്ടന്‌)

Wednesday, February 14, 2007

ഒരു വലന്റിയന്‍സ്‌-ഡേ യുടെ പിറ്റേന്ന്

ഒരു വലന്റിയന്‍സ്‌-ഡേ യുടെ പിറ്റേന്ന്.

പ്യൂണ്‍ രാജേഷ്‌, 'മാശക്ക്‌' പോസ്റ്റുണ്ടെന്നും പറഞ്ഞ്‌ ലാബിലെ മേശമേല്‍ വച്ചിട്ട്‌ പോയ ഒരു കവര്‍ പൊട്ടിച്ച്‌ നോക്കി ഞാന്‍ തരിച്ചുനിന്നു.

ഹൃദയത്തില്‍ അമ്പുകൊണ്ട ചിത്രമുള്ള ഒരു കാര്‍ഡ്‌! അതിന്നടിയിലായി കയ്യക്ഷരത്തില്‍ ഇംഗ്ലീഷില്‍ എഴുതിയ ഒരു കുറിപ്പ്‌- You are my valentine...

അയച്ച ആളുടെ പേരും വിലാസവുമില്ല. കയ്യക്ഷരം പരിചയമുള്ളതല്ല. പാതി പതിഞ്ഞ സീലില്‍ നിന്നും, അയച്ച പോസ്റ്റോഫീസിന്റെ പേരു കഷ്ടിച്ച്‌ വായിച്ചെടുക്കാം- ചാലപ്പുറം.

കുറുക്കന്‍, കൊഞ്ചന്‍, പൊട്ടിത്തെറി, തവള, കുറുനരി, ചാണകം, പെരിച്ചാഴി, മരക്കൊത്തന്‍, പനമെരു,പേപ്പട്ടി തുടങ്ങിയ പല പേരുകളില്‍ കൂടെ കോളെജില്‍ പഠിച്ച ഏതെങ്കിലുമൊരു വന്യമൃഗത്തിന്റെ നേരമ്പോക്കാവാനെ തരമുള്ളൂ എന്നുറപ്പിച്ച്‌ തിടുക്കത്തില്‍ കാര്‍ഡ്‌ മേശവലിപ്പില്‍ ഒളിപ്പിച്ചു വച്ചു.

ഞാനന്ന് കോഴിക്കോട്‌ ഒരു ITC-യില്‍ 'കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ക്ടര്‍'. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്‌, വെല്‍ഡര്‍, ഫിറ്റര്‍, കമ്പ്യൂട്ടര്‍ തുടങ്ങി പല ട്രേഡുകളിലായി പത്തറനൂറ്‌ കുട്ടികള്‍ പഠിക്കുന്നു. കമ്പ്യൂട്ടര്‍ ഒഴിച്ച്‌ മറ്റൊരു ട്രേഡിനും പഠിക്കാന്‍ പെണ്‍കുട്ടികള്‍ ഇല്ല എന്നതുകാരണം, കിട്ടുന്ന അവസരങ്ങളിലൊക്കെയും ആണ്‍പിള്ളേര്‍ പട ലാബിനുവെളിയില്‍ ടോം സോയര്‍ സ്റ്റൈലില്‍ പലവിധ അഭ്യാസ പരിപാടികളുമായി ചുറ്റിക്കറങ്ങി നടക്കുന്നുണ്ടാവും.

ദിവസം മുഴുവന്‍ എന്റെ ചിന്തകള്‍ ആ കാര്‍ഡിനെ കുറിച്ചായിരുന്നു. നാട്ടില്‍ വലന്റിയന്‍സ്‌-ഡേ അത്രയൊന്നും പ്രചാരത്തിലായിട്ടില്ലാത്ത സമയം. മാനാഞ്ചിറയക്കടുത്തുള്ള 'കാര്‍ഡ്സ്‌ കോര്‍ണര്‍' എന്ന കടയില്‍ അധികം സെലക്ഷനുകളില്ലാതെ കിട്ടുമായിരുന്ന വളരെകുറച്ച്‌ കാര്‍ഡുകള്‍ മാത്രമായിരുന്നു, കോഴിക്കോടുകാരന്റെ വലന്റയിസ്‌-ഡേ ആഘോഷത്തിനുള്ള ഒരേയൊരാശ്രയം.

വൈകുന്നേരം സഹപ്രവര്‍ത്തകരും കുട്ടികളും പോയതിന്‌ ശേഷം കാര്‍ഡ്‌ പുറത്തെടുത്ത്‌ മുക്കിനും മൂലയ്കും അരിച്ചുപെറുക്കി പരിശോധിച്ചു. ആരാണെന്ന് എങ്ങും ഒരു സൂചനപോലുമില്ല. ജീവിതത്തില്‍ അന്നേവരെയുള്ള എല്ലാ പ്രണയാന്വേഷണ പരീക്ഷകളിലും പരാജിതനായ എനിക്ക്‌ ആരായിരിക്കും ഇതയച്ചത്‌....

രണ്ടുദിവസം കഴിഞ്ഞ്‌ റിസപ്ഷനില്‍ എനിക്കൊരു ഫോണ്‍ കാള്‍. അങ്ങേത്തലയ്ക്‌ പരിചയമില്ലാത്ത ഒരു പെണ്‍ ശബ്ദം. ആരാണെന്ന എന്റെ അന്വേഷണത്തിനു മറുപടി മറ്റൊരു ചോദ്യം-
"എന്നെ മനസ്സിലായില്ല?"
"ഇല്ല"
"ഞാനൊരു കാര്‍ഡയച്ചിരുന്നു. കിട്ടിയോ?"
അപ്പോള്‍ ഇവളാണവള്‍. ചെറുതായൊന്നു വിറച്ചെങ്കിലും ധൈര്യം സംഭരിച്ച്‌ ഞാന്‍ ചോദിച്ചു-
"ആരാണിത്‌? എവിടെനിന്നാണ്‌?"
"ഇവിടെ അടുത്തുനിന്നും തന്നെ. പക്ഷേ ആരെന്ന് പറയില്ല. കണ്ടുപിടിയ്ക്ക്‌"
"അതിപ്പോ, ആര്‌ എവിടെ എന്നൊക്കെ അറിയാന്‍..." ഞാന്‍ പറഞ്ഞുമുഴുവിപ്പിക്കുന്നതിന്നു മുന്‍പവള്‍ പറഞ്ഞു-
"ഇയാളുടെ പേരും വിലാസവുമൊക്കെ ഞാന്‍ കണ്ടുപിടിച്ചല്ലോ, ഒന്നു ശ്രമിച്ചുനോക്കു. ഞാന്‍ പിന്നീട്‌ വിളിക്കാം"

പിന്നീടങ്ങോട്ട്‌ മിക്കവാറും ദിവസങ്ങളില്‍ ഉച്ചതിരിഞ്ഞ്‌ അവള്‍ വിളിക്കും. കേള്‍ക്കാന്‍ സുഖമുള്ള ശബ്ദത്തില്‍ സാഹിത്യം, രാഷ്ട്രീയം, പ്രണയം, സിനിമ, പാട്ടുകള്‍, കമ്പ്യൂട്ടറുകള്‍ തുടങ്ങി എന്തിനെക്കുറിച്ചും സംസാരിക്കും. ചിലപ്പോള്‍ ആശയങ്ങളുടെ പേരില്‍ വാക്തര്‍ക്കമുണ്ടാക്കി, പിണങ്ങിപ്പിരിയും.

നയത്തില്‍ സംസാരിച്ച്‌ ആളാരാണെന്നു കണ്ടുപിടിക്കാനുള്ള എന്റെ എല്ലാ ശ്രമങ്ങളും ദയനീയമായി പരാജയപ്പെടുകയായിരുന്നു. കോളര്‍ ഐഡി എന്നുള്ള സങ്കല്‍പം പോലും ടെലിഫോണ്‍ ഡിപ്പാര്‍ട്ടുമെന്റിനില്ലാതിരുന്ന കാലം. പ്രണയകാര്യങ്ങളില്‍ നിപുണരായ അടുത്ത സുഹൃത്തുക്കള്‍ വരെ ഉപദേശങ്ങളൊന്നും നല്‍കാനാവാതെ കുഴങ്ങി നിന്നു. ആളറിയാവുന്ന, സംശയമുള്ള കുറച്ചു പേരുടെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ചുവെങ്കിലും അതും ഫലവത്തായില്ല. വഴിയില്‍ കാണുന്ന ഏതൊരു പെണ്‍കുട്ടിയെയും അവളായിരിക്കുമോ എന്ന് ഞാന്‍ സംശയിച്ചു തുടങ്ങി.

ഒടുവില്‍ എന്നെങ്കിലുമൊരിക്കല്‍ അവള്‍ മുന്നില്‍ വരുമെന്നുറപ്പിച്ച്‌ ആളെക്കണ്ടുപിടിക്കാനുള്ള എന്റെ ശ്രമങ്ങളുപേക്ഷിച്ച്‌ ഞാനവളുടെ ഫോണ്‍ വിളികള്‍ക്കായി കാത്തിരുന്നു.

മാസങ്ങള്‍ കഴിഞ്ഞു. ഒരിക്കല്‍ ഞാനവളോട്‌ ചോദിച്ചു- എന്താണിയാളുടെ ഉദ്ദേശം, എന്തിനാണിങ്ങനെ മറഞ്ഞിരിക്കുന്നത്‌ എന്ന്. അവള്‍ മറുപടി പറഞ്ഞു-
"ഉദ്ദേശം പ്രണയം. മറഞ്ഞിരിക്കുന്നത്‌ ഒരിക്കല്‍ കാണുമ്പോള്‍ അത്ഭുതപ്പെടുത്തുവാന്‍..."

ഓരോ വിളികളിലും അവളെന്നെ അല്‍ഭുതപ്പെടുത്തുകയായിരുന്നു. ചില ദിവസങ്ങളില്‍ ഞാന്‍ ധരിച്ച ഷര്‍ട്ടിന്റെ നിറം, റയില്‍വേസ്റ്റേഷനില്‍ നിന്നും ഇന്‍സ്റ്റിറ്റ്യൂട്ടിലേയ്ക്‌ വന്ന ബസ്സിന്റെ പേര്‍, ലിങ്ക്‌ റോഡിലെ റസ്റ്റോറണ്ടില്‍ ഞാനിരുന്ന സീറ്റ്‌, കൂടെയുണ്ടായിരുന്ന കൂട്ടുകാര്‍ എല്ലാമവള്‍ കൃത്യമായി പറയും. എന്റെ മാതാപിതാക്കള്‍, സഹോദരങ്ങള്‍ അവരുടെ കുടുംബം, കുഞ്ഞുങ്ങളുടെ പേരുകള്‍ തുടങ്ങി കുടുംബ കാര്യങ്ങള്‍ വരെ അവള്‍ക്കറിയാം.

സാവധാനത്തില്‍ ഞാനറിയുകയായിരുന്നു- എന്റെ സ്വകാര്യതകള്‍ എനിക്ക്‌ നഷ്ടമാവുകയാണെന്ന്. റയില്‍വേസ്റ്റേഷനിലെ തിരക്കില്‍, ഓടുന്ന വണ്ടിയില്‍, സിനിമാടിക്കറ്റ്‌ കൗണ്ടറിനുമുന്നിലെ ക്യൂവില്‍, ക്ലാസില്‍ എന്നെ തന്നെ നോക്കിയിരിക്കുന്ന സ്റ്റുഡന്‍സിന്റെ കൂട്ടത്തില്‍, സുഹൃദ്‌ സംഘങ്ങളില്‍ എല്ലാം എന്നെ ആരോ പിന്തുടരുന്നതുപോലെ. ആരോ എനിക്ക്‌ തൊട്ടുപിന്നില്‍ നിഴലായി നില്‍ക്കുന്നതുപോലെ.

കാത്തിരിക്കുമായിരുന്ന അവളുടെ വിളികള്‍ പതുക്കെപ്പതുക്കെ എന്നെ അലോസരപ്പെടുത്താന്‍ തുടങ്ങി. ഒരു ദിവസം ഞാനവളോട്‌ പറഞ്ഞു.

"ഒന്നുകില്‍ എന്നെ കാണാനനുവദിക്കുക. അല്ലെങ്കില്‍ നമുക്കിതവസാനിപ്പിക്കാം"

അടുത്ത തവണ വിളിച്ചപ്പോള്‍ ഇത്രയും നാള്‍ അജ്ഞാതയായിരുന്നതിലും വല്ലാതെ ക്ഷമ പരിശോധിച്ചതിനുമവള്‍ മാപ്പുപറഞ്ഞു. താന്‍ ഗവണ്‍മന്റ്‌ ആര്‍ട്സ്‌ കോളെജില്‍ BSC-യ്ക്ക്‌ അവസാന വര്‍ഷം പഠിക്കുകയാണെന്നും, വീട്‌ വെസ്റ്റ്‌ഹില്‍ ആണെന്നും അടുത്ത വെള്ളിയാഴ്ച വൈകീട്ട്‌ നാലുമണിക്ക്‌ MCC ബാങ്ക്‌ സ്റ്റോപ്പില്‍ നേരില്‍ക്കാണാമെന്നുമവള്‍ പറഞ്ഞപ്പോള്‍ തലയിലെ ഭാരം അയയുന്നത്‌ ഞാന്‍ വ്യക്തമായും അറിയുകയായിരുന്നു. പേര്‌ പറയാന്‍ നിര്‍ബ്ബന്ധിച്ചപ്പോള്‍ ചിരിച്ചുകൊണ്ടവള്‍ പറഞ്ഞു-

"നേരില്‍ കാണുമ്പോള്‍ ചോദിക്കാന്‍ എന്തെങ്കിലുമൊന്ന് വേണ്ടേ? ഞാനതപ്പോള്‍ പറഞ്ഞാല്‍ പോരെ?"

അന്നൊരു ചൊവ്വാഴ്ച. അടുത്ത രണ്ട്‌ ദിവസങ്ങള്‍ തള്ളിനീക്കുമ്പോഴായിരുന്നു, ദിവസങ്ങള്‍ക്കിത്രയും ദൈര്‍ഘ്യമുണ്ടെന്ന് ഞാനറിഞ്ഞത്‌.

വെള്ളിയാഴ്ച വൈകീട്ട്‌ നാലുമണിയില്‍ നിന്നും സമയം ആറുമണിയിലേയ്കെത്തിയപ്പോള്‍ MCC ബാങ്ക്‌ ബസ്സ്‌ സ്റ്റോപ്പില്‍, പതുക്കെപ്പതുക്കെ ഞാന്‍ തിരിച്ചറിയുകയായിരുന്നു, ജീവിതത്തിലാദ്യമായി ഞാനന്ന് ഒരുപെണ്ണിനുമുന്നില്‍ വിഢിയാക്കപ്പെടുകയായിരുന്നുവെന്ന്‌.

എനിക്കുമുന്നിലൂടെ കടന്നുപോയ ഏതെങ്കിലുമൊരു ബസ്സില്‍, അല്ലെങ്കില്‍ ഒരോട്ടോയില്‍ അവളതുകണ്ട്‌ ഊറിച്ചിരിച്ചിരിക്കണം.

അടുത്ത തിങ്കളാഴ്ച ഞാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജോലി രാജിവച്ചു. ചൊവ്വാഴ്ച തന്നെ ബാംഗ്ലൂരിലുള്ള സുഹൃത്തുക്കളുടെ അടുത്തേക്ക്‌ പോകാന്‍ ടിക്കറ്റ്‌ ബുക്ക്ചെയ്ത്‌ രാത്രിയില്‍ അച്ഛനുമൊന്നിച്ച്‌ ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ ഫോണ്‍ ബെല്ലടിച്ചു.

അങ്ങേത്തലയ്ക്കല്‍ അവള്‍, അജ്ഞാത.

"മനോജ്‌, ക്ഷമിക്കണം..." അവള്‍ പറഞ്ഞുതുടങ്ങുന്നതിന്ന് മുമ്പേ നാളതുവരെ എന്റെ അച്ഛനമ്മമാര്‍ എന്നില്‍നിന്നും കേള്‍ക്കാത്തത്ര ഉച്ചത്തില്‍ ഞാനെന്തോക്കെയോ അട്ടഹസിച്ചു.

കലിപിടിച്ച്‌, വിറച്ച്‌, വിയര്‍ത്ത്‌ ഫോണ്‍ വച്ച്‌ തിരിഞ്ഞപ്പോള്‍ സ്തബ്ധരായി എനിക്കുമുന്നില്‍ നില്‍ക്കുകയാണ്‌ അച്ഛനും അമ്മയും.

(പതിമൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു വലന്റിയന്‍സ്‌-ഡേ യുടെ ഓര്‍മ്മയ്ക്ക്‌)

Friday, January 12, 2007

ശെല്‍വന്‍

ജനുവരി എന്നെ ശെല്‍വനെ ഓര്‍മ്മിപ്പിക്കുന്നു.

നേരിടാനാവാതിരുന്ന, തണുത്തുറഞ്ഞ അവന്റെ നോട്ടത്തെ ഓര്‍മ്മിപ്പിക്കുന്നു.
ബട്ടണില്ലാത്ത ഫുള്‍സ്ലീവ്‌ ഷര്‍ട്ടിന്റെ കൈകള്‍ക്കിടയിലൂടെ അവന്റെ രണ്ടുകൈത്തണ്ടകളിലും തലങ്ങും വിലങ്ങുമുള്ള സൂചിക്കുത്തുകളെ ഓര്‍മ്മിപ്പിക്കുന്നു.
ഒടുവിലൊരു ഭ്രാന്തനെപ്പോലെ എന്തൊക്കെയോ പുലമ്പിക്കൊണ്ട്‌ എങ്ങോട്ടെന്നില്ലാതെ അവന്‍ ഓടിപ്പോയത്‌ ഓര്‍മ്മിപ്പിക്കുന്നു...

അതെ, ഞാന്‍ ശെല്‍വനെ ഓര്‍ക്കുകയാണ്‌.

കമ്പനിയുടെ വിവിധ യൂണിറ്റുകളില്‍ പുതുതായി ജോലിയില്‍ ചേരുന്നവര്‍ക്ക്‌ ഇ.ആര്‍.പി-യില്‍ പത്ത്‌ ദിവസത്തെ വിശദമായ ട്രെയിനിംഗ്‌, സെന്‍ട്രല്‍ ഇ.ഡി.പി. ഡിപ്പാര്‍ട്ട്‌മെന്റിലാണ്‌.

എച്ച്‌.ആര്‍ മൊഡ്യൂളില്‍ ട്രെയിനിംഗിന്‌ പങ്കെടുക്കാന്‍ ശെല്‍വന്‍ സെന്‍ട്രല്‍ ഇ.ഡി.പി യില്‍ വന്നപ്പോഴാണ്‌ ഞാനവനെ ആദ്യമായി കാണുന്നത്‌. തമിഴ്‌നാട്ടിലെ തിരുനല്‍വേലി സ്വദേശം. ഇക്കണൊമിക്സില്‍ ഡിഗ്രി. എക്സ്‌പോര്‍ട്ടിംഗില്‍ പോസ്റ്റ്‌ ഗ്രാഡുവേറ്റ്‌ ഡിപ്ലോമ. കമ്പ്യൂട്ടറില്‍ ഒരു ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ്‌ കോഴ്സ്‌.

പക്ഷെ ഞാനവനെ ശ്രദ്ധിക്കാന്‍ മറ്റൊന്നായിരുന്നു കാരണം- അല്‍പ്പം കൂമ്പി, ചുവന്ന് തുടുത്ത അവന്റെ കണ്ണുകള്‍, എവിടെയോ തറച്ചുനില്‍ക്കുന്ന നോട്ടം. ആരെയും ഒന്നിനെയും ശ്രദ്ധിക്കാത്ത ഭാവം.

ഞാന്‍ ഓര്‍മ്മകളില്‍ പരതുകയായിരുന്നു ഈ നോട്ടം, ഈ കണ്ണുകള്‍ എനിക്കെവിടെയായിരുന്നു പരിചയം...

ഒരാഴ്ചത്തെ ഔട്ട്‌സ്റ്റേഷന്‍ യാത്രകഴിഞ്ഞ്‌ തിരിച്ചെത്തിയപ്പോള്‍, ഡിപ്പാര്‍ട്ട്‌മെന്റില്‍ എനിക്ക്‌ ശെല്‍വനെക്കുറിച്ച്‌ കിട്ടിയ വാര്‍ത്തകള്‍ അമ്പരപ്പുണ്ടാക്കുന്നതായിരുന്നു. ട്രെയിനിംഗില്‍ യാതൊരു താല്‍പ്പര്യവും കാണിക്കുന്നില്ല. തോന്നുംപോലെ വരികയും പോവുകയും ചെയ്യുന്നു, ചോദ്യങ്ങള്‍ക്ക്‌ മറുപടിയില്ല, ഇടയ്ക്കൊക്കെ സ്വയം സംസാരിക്കുകയോ ചിരിക്കുകയോ കരയുകയോ ചെയ്യുന്നു.

ഞാന്‍ ട്രെയിനിംഗ്‌ റൂമിലുള്ള ശെല്‍വന്റെ സീറ്റിനടുത്തേയ്ക്‌ ചെന്നു. കമ്പ്യൂട്ടര്‍ ഡസ്കില്‍ തലതാഴ്‌ത്തി വച്ച്‌ മടിയില്‍ നിവര്‍ത്തിവച്ച ഒരു ചെറിയ തടിച്ച പുസ്തകം വായിക്കുകയായിരുന്നു അവന്‍. ഞാന്‍ വിളിച്ചപ്പോള്‍ തല ഉയര്‍ത്തി അവനെന്നെ നോക്കി. എവിടെയോ ഞാന്‍ മറന്ന അതേ നോട്ടം.

"എങ്ങിനെയുണ്ട്‌ ട്രെയിനിംഗ്‌?", അവന്റെ കണ്ണുകളില്‍നിന്നും ദൃഷ്ടി പിന്‍വലിച്ച്‌ ഞാനവനോട്‌ ചോദിച്ചു "രണ്ട്‌-മൂന്ന് ദിവസംകൂടെ കഴിഞ്ഞാല്‍ ഏതെങ്കിലും യൂണിറ്റിലേയ്ക്ക്‌ അയക്കേണ്ടതാണ്‌. ഒറ്റയ്ക്ക്‌ ചെയ്യാനുള്ള കോണ്‍ഫിഡന്‍സായോ?"

എന്നെയും എന്റെ ചോദ്യത്തെയും പാടെ അവഗണിച്ച്‌ അവന്‍ മടിയുലുള്ള പുസ്തകത്തിലേയ്ക്‌ ശ്രദ്ധതിരിച്ചു. പെരുവിരല്‍ മുതല്‍ മൂര്‍ദ്ധാവിലേയ്ക്‌ എന്റെ ദേഷ്യം ഇരച്ചുകയറി.

"ശെല്‍വന്‍, ഇയാളിവിടെ വന്നത്‌ വല്ല പുസ്തകവും വായിച്ചിരിക്കാനോ അതോ ട്രെയിനിംഗില്‍ പങ്കെടുക്കാനോ? എന്താണ്‌ ചോദിച്ചതിന്ന് ഉത്തരം പറയാത്തത്‌?"

എന്റെ ശബ്ദമുയര്‍ന്നതുകൊണ്ടാവാം ട്രെയിനിംഗ്‌റൂം പെട്ടന്ന് നിശ്ശബ്ദമായി. ERP-HR മൊഡ്യൂളിന്റെ ചുമതലയുള്ള അരുളും സ്മിതയും എന്റെ അരികിലേയ്ക്‌ നീങ്ങിനിന്നു.

"അവനോട്‌ സംസാരിച്ചിട്ട്‌ ഒരു കാര്യവുമില്ല, ഞങ്ങള്‍ പലവട്ടം ശ്രമിച്ചതാണ്‌. ഇയാള്‍ യൂണിറ്റ്‌-10ലെ ഹൗസ്‌കീപ്പിംഗ്‌ മാനേജരുടെ പരിചയത്തിലുള്ളതാണെന്നു കേട്ടു. അയാളെ വിളിച്ചൊന്ന് സംസാരിച്ചുനോക്കിയാലോ?" അരുള്‍ പറഞ്ഞു.

"ഡിപ്രഷനാണെന്നാണ്‌ എന്റെ സംശയം" സ്മിത ശബ്ദം താഴ്ത്തി പറഞ്ഞു.

തിരിച്ചുനടക്കുമ്പോള്‍ ഞാന്‍ ശെല്‍വനെ ഒന്നുകൂടെ നോക്കി. വായിച്ചുകൊണ്ടിരുന്ന പുസ്തകം അവന്‍ മടിയില്‍ മടക്കി വച്ചിരിക്കുന്നു. പുറം ചട്ടയില്‍ അതിന്റെ പേര്‌ ഞാന്‍ വായിച്ചു - 'പുതിയ നിയമം'

ഉച്ചതിരിഞ്ഞാണ്‌ ഹൗസ്‌കീപ്പിംഗ്‌ മാനേജര്‍ കരുണാകരന്‍ വന്നത്‌. കാന്റീനില്‍ ചായയ്ക്‌ ഓര്‍ഡര്‍ ചെയ്ത്‌ ഒരുസിഗരറ്റ്‌ കത്തിച്ച്‌ ആഞ്ഞുവലിച്ച്‌ കരുണാകരന്‍ സംസാരിച്ചു തുടങ്ങി.

"നല്ല കുടുംബത്തിലേതാണ്‌, അഛനും അമ്മയും സര്‍ക്കാര്‍ ജീവനക്കാര്‍. മൂന്നുമക്കളില്‍ ഇവനാണ്‌ മൂത്തത്‌. മൂന്നും നന്നായി പഠിക്കും. പക്ഷേ, എപ്പൊഴാണെന്നറിയില്ല, ഇവന്‍ തലതിരിഞ്ഞുപോയി"

എനിക്കൊന്നും മനസ്സിലായില്ല. ഞാന്‍ കരുണാകരന്‍ തുടരുന്നതും കാത്ത്‌ അയാള്‍ വായിലൂടെയും മൂക്കിലൂടെയും വിടുന്ന സിഗരറ്റ്‌ പുക നോക്കിയിരുന്നു.

"മയക്കുമരുന്ന്. എവിടുന്നാണവനത്‌ പഠിച്ചതെന്നാര്‍ക്കറിയാം. കഴുത. കുറെനാള്‍ അസെയിലത്തിലൊക്കെ കിടന്നു. അവന്റെ കൈത്തണ്ടകള്‍ കണ്ടോ? കുത്തിവച്ചതിന്റെ പാടുകളാണ്‌ എമ്പാടും. എന്നെ ഏല്‍പ്പിച്ചതാണ്‌ നന്നാക്കിയെടുക്കാന്‍. എന്നെക്കൊണ്ട്‌ പറ്റുമ്ന്ന് തോനുന്നില്ല. തിരിച്ച്‌ കൊണ്ടുചെന്നാക്കിയാലോ എന്നാലോചിക്കുകയാണ്‌ ഞാന്‍."

മയക്കുമരുന്ന്. ദൈവമേ, വെറുതെയല്ല അവന്റെ കണ്ണുകള്‍ എവിടെയോ പരിചയമുള്ളതായി എനിക്ക്‌ തോന്നിയത്‌.

പഴയ കോളേജ്‌ ഹോസ്റ്റലിന്നടുത്ത്‌ താമസിച്ചിരുന്ന, എപ്പോഴും കഞ്ചാവും എന്തൊക്കെയോ മയക്കുമരുന്നുകളും ഉപയോഗിച്ച്‌ നടന്നിരുന്ന ദിലീപേട്ടന്റെ അതേ ചുവന്ന കണ്ണുകള്‍. പ്രകാശമില്ലാത്ത തണുത്തുറഞ്ഞതെന്ന് തോനുന്ന അതേ നോട്ടം....

അടുത്ത ദിവസങ്ങളിലൊന്നും ശെല്‍വന്‍ ഓഫീസില്‍ വന്നില്ല. കരുണാകരനെ വിവരമറിയിച്ചപ്പോള്‍, "എവിടെയെങ്കിലും പോയി തുലയട്ടെ. ഞാനവന്റെ വീട്ടില്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്‌" എന്നായിരുന്നു മറുപടി.

കുറച്ചു നാളുകള്‍ക്ക്‌ ശേഷം ഒരുദിവസം രാവിലെ ഫാക്ടറിയിലെത്തുമ്പോള്‍ സെക്യൂരിറ്റി ഓഫീസര്‍ അടുത്തുവന്നു പറഞ്ഞു-
"അന്ന് ഓടിപ്പോയ ആ ശെല്‍വന്‍, സാറിനെ കാണണം എന്നും പറഞ്ഞ്‌ വെളുപ്പിനെ വന്നു നില്‍ക്കുന്നു"

അവനെ ഡിപ്പാര്‍ട്ട്‌മെന്റിലേയ്ക്കയക്കാന്‍ പറഞ്ഞ്‌ ഞാന്‍ നടക്കാനൊരുങ്ങുമ്പോള്‍ അയാള്‍ തുടര്‍ന്നു-
"വല്ലാത്തൊരവസ്ഥയിലാണയാള്‍. ഉള്ളിലേയ്ക്കയക്കാന്‍ പറ്റുമെന്നു തോനുന്നില്ല. സാറൊന്ന് സെക്യൂരിറ്റി റൂമിലേയ്ക്ക്‌ വന്നിരുന്നെങ്കില്‍.."

സെക്യൂരിറ്റി റൂമിലെ കസേരകളിലൊന്നില്‍ കൂനിക്കൂടിയിരിക്കുന്ന ശെല്‍വനെ കണ്ട്‌ ഞാന്‍ ഞെട്ടിപ്പോയി.

ദിവസങ്ങളായി മാറാത്ത വസ്ത്രങ്ങള്‍. ഒതുക്കിവയ്ക്കാതെ വല്ലാതെ നീണ്ട എണ്ണമയമില്ലാത്ത തലമുടി. കുറ്റി താടി. ചെരിപ്പുകളില്ലാത്ത അഴുക്കുപിടിച്ച കാല്‍പ്പാദങ്ങള്‍.

ബട്ടണില്ലാത്ത ഫുള്‍സ്ലീവ്‌ ഷര്‍ട്ടിന്റെ കൈകള്‍ക്കിടയിലൂടെ ഞാന്‍ കണ്ടു, രണ്ടുകൈത്തണ്ടകളിലും തലങ്ങും വിലങ്ങുമുള്ള സൂചിക്കുത്തുകള്‍.

"എനിക്ക്‌ ജോലി വേണം, ജീവിക്കണം" എന്നെ കണ്ടപ്പോള്‍ വല്ലാത്തൊരു ശബ്ദത്തില്‍ അവന്‍ മുരണ്ടു.

കരുണാകരനെ ഉടനെ വിളിച്ചുവരുത്താന്‍ സെക്യൂരിറ്റി ഓഫീസറെ ഏര്‍പ്പാട്‌ ചെയ്ത്‌ ഞാന്‍ സ്റ്റെപ്പുകള്‍ കയറുമ്പോള്‍ പിന്നില്‍നിന്നും സെക്യൂരിറ്റി വിളിച്ചു പറഞ്ഞു-

"സാര്‍, അയാളതാ ഇറങ്ങിയോടുന്നു"

ഞാന്‍ തിരിഞ്ഞ്‌ നോക്കുമ്പോള്‍ എന്തൊക്കെയോ പുലമ്പിക്കൊണ്ട്‌ എങ്ങോട്ടെന്നില്ലാതെ ശെല്‍വന്‍ ഓടുകയാണ്‌.

(കൃത്യം രണ്ട്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ജനുവരിയില്‍. )

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...