Friday, January 12, 2007

ശെല്‍വന്‍

ജനുവരി എന്നെ ശെല്‍വനെ ഓര്‍മ്മിപ്പിക്കുന്നു.

നേരിടാനാവാതിരുന്ന, തണുത്തുറഞ്ഞ അവന്റെ നോട്ടത്തെ ഓര്‍മ്മിപ്പിക്കുന്നു.
ബട്ടണില്ലാത്ത ഫുള്‍സ്ലീവ്‌ ഷര്‍ട്ടിന്റെ കൈകള്‍ക്കിടയിലൂടെ അവന്റെ രണ്ടുകൈത്തണ്ടകളിലും തലങ്ങും വിലങ്ങുമുള്ള സൂചിക്കുത്തുകളെ ഓര്‍മ്മിപ്പിക്കുന്നു.
ഒടുവിലൊരു ഭ്രാന്തനെപ്പോലെ എന്തൊക്കെയോ പുലമ്പിക്കൊണ്ട്‌ എങ്ങോട്ടെന്നില്ലാതെ അവന്‍ ഓടിപ്പോയത്‌ ഓര്‍മ്മിപ്പിക്കുന്നു...

അതെ, ഞാന്‍ ശെല്‍വനെ ഓര്‍ക്കുകയാണ്‌.

കമ്പനിയുടെ വിവിധ യൂണിറ്റുകളില്‍ പുതുതായി ജോലിയില്‍ ചേരുന്നവര്‍ക്ക്‌ ഇ.ആര്‍.പി-യില്‍ പത്ത്‌ ദിവസത്തെ വിശദമായ ട്രെയിനിംഗ്‌, സെന്‍ട്രല്‍ ഇ.ഡി.പി. ഡിപ്പാര്‍ട്ട്‌മെന്റിലാണ്‌.

എച്ച്‌.ആര്‍ മൊഡ്യൂളില്‍ ട്രെയിനിംഗിന്‌ പങ്കെടുക്കാന്‍ ശെല്‍വന്‍ സെന്‍ട്രല്‍ ഇ.ഡി.പി യില്‍ വന്നപ്പോഴാണ്‌ ഞാനവനെ ആദ്യമായി കാണുന്നത്‌. തമിഴ്‌നാട്ടിലെ തിരുനല്‍വേലി സ്വദേശം. ഇക്കണൊമിക്സില്‍ ഡിഗ്രി. എക്സ്‌പോര്‍ട്ടിംഗില്‍ പോസ്റ്റ്‌ ഗ്രാഡുവേറ്റ്‌ ഡിപ്ലോമ. കമ്പ്യൂട്ടറില്‍ ഒരു ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ്‌ കോഴ്സ്‌.

പക്ഷെ ഞാനവനെ ശ്രദ്ധിക്കാന്‍ മറ്റൊന്നായിരുന്നു കാരണം- അല്‍പ്പം കൂമ്പി, ചുവന്ന് തുടുത്ത അവന്റെ കണ്ണുകള്‍, എവിടെയോ തറച്ചുനില്‍ക്കുന്ന നോട്ടം. ആരെയും ഒന്നിനെയും ശ്രദ്ധിക്കാത്ത ഭാവം.

ഞാന്‍ ഓര്‍മ്മകളില്‍ പരതുകയായിരുന്നു ഈ നോട്ടം, ഈ കണ്ണുകള്‍ എനിക്കെവിടെയായിരുന്നു പരിചയം...

ഒരാഴ്ചത്തെ ഔട്ട്‌സ്റ്റേഷന്‍ യാത്രകഴിഞ്ഞ്‌ തിരിച്ചെത്തിയപ്പോള്‍, ഡിപ്പാര്‍ട്ട്‌മെന്റില്‍ എനിക്ക്‌ ശെല്‍വനെക്കുറിച്ച്‌ കിട്ടിയ വാര്‍ത്തകള്‍ അമ്പരപ്പുണ്ടാക്കുന്നതായിരുന്നു. ട്രെയിനിംഗില്‍ യാതൊരു താല്‍പ്പര്യവും കാണിക്കുന്നില്ല. തോന്നുംപോലെ വരികയും പോവുകയും ചെയ്യുന്നു, ചോദ്യങ്ങള്‍ക്ക്‌ മറുപടിയില്ല, ഇടയ്ക്കൊക്കെ സ്വയം സംസാരിക്കുകയോ ചിരിക്കുകയോ കരയുകയോ ചെയ്യുന്നു.

ഞാന്‍ ട്രെയിനിംഗ്‌ റൂമിലുള്ള ശെല്‍വന്റെ സീറ്റിനടുത്തേയ്ക്‌ ചെന്നു. കമ്പ്യൂട്ടര്‍ ഡസ്കില്‍ തലതാഴ്‌ത്തി വച്ച്‌ മടിയില്‍ നിവര്‍ത്തിവച്ച ഒരു ചെറിയ തടിച്ച പുസ്തകം വായിക്കുകയായിരുന്നു അവന്‍. ഞാന്‍ വിളിച്ചപ്പോള്‍ തല ഉയര്‍ത്തി അവനെന്നെ നോക്കി. എവിടെയോ ഞാന്‍ മറന്ന അതേ നോട്ടം.

"എങ്ങിനെയുണ്ട്‌ ട്രെയിനിംഗ്‌?", അവന്റെ കണ്ണുകളില്‍നിന്നും ദൃഷ്ടി പിന്‍വലിച്ച്‌ ഞാനവനോട്‌ ചോദിച്ചു "രണ്ട്‌-മൂന്ന് ദിവസംകൂടെ കഴിഞ്ഞാല്‍ ഏതെങ്കിലും യൂണിറ്റിലേയ്ക്ക്‌ അയക്കേണ്ടതാണ്‌. ഒറ്റയ്ക്ക്‌ ചെയ്യാനുള്ള കോണ്‍ഫിഡന്‍സായോ?"

എന്നെയും എന്റെ ചോദ്യത്തെയും പാടെ അവഗണിച്ച്‌ അവന്‍ മടിയുലുള്ള പുസ്തകത്തിലേയ്ക്‌ ശ്രദ്ധതിരിച്ചു. പെരുവിരല്‍ മുതല്‍ മൂര്‍ദ്ധാവിലേയ്ക്‌ എന്റെ ദേഷ്യം ഇരച്ചുകയറി.

"ശെല്‍വന്‍, ഇയാളിവിടെ വന്നത്‌ വല്ല പുസ്തകവും വായിച്ചിരിക്കാനോ അതോ ട്രെയിനിംഗില്‍ പങ്കെടുക്കാനോ? എന്താണ്‌ ചോദിച്ചതിന്ന് ഉത്തരം പറയാത്തത്‌?"

എന്റെ ശബ്ദമുയര്‍ന്നതുകൊണ്ടാവാം ട്രെയിനിംഗ്‌റൂം പെട്ടന്ന് നിശ്ശബ്ദമായി. ERP-HR മൊഡ്യൂളിന്റെ ചുമതലയുള്ള അരുളും സ്മിതയും എന്റെ അരികിലേയ്ക്‌ നീങ്ങിനിന്നു.

"അവനോട്‌ സംസാരിച്ചിട്ട്‌ ഒരു കാര്യവുമില്ല, ഞങ്ങള്‍ പലവട്ടം ശ്രമിച്ചതാണ്‌. ഇയാള്‍ യൂണിറ്റ്‌-10ലെ ഹൗസ്‌കീപ്പിംഗ്‌ മാനേജരുടെ പരിചയത്തിലുള്ളതാണെന്നു കേട്ടു. അയാളെ വിളിച്ചൊന്ന് സംസാരിച്ചുനോക്കിയാലോ?" അരുള്‍ പറഞ്ഞു.

"ഡിപ്രഷനാണെന്നാണ്‌ എന്റെ സംശയം" സ്മിത ശബ്ദം താഴ്ത്തി പറഞ്ഞു.

തിരിച്ചുനടക്കുമ്പോള്‍ ഞാന്‍ ശെല്‍വനെ ഒന്നുകൂടെ നോക്കി. വായിച്ചുകൊണ്ടിരുന്ന പുസ്തകം അവന്‍ മടിയില്‍ മടക്കി വച്ചിരിക്കുന്നു. പുറം ചട്ടയില്‍ അതിന്റെ പേര്‌ ഞാന്‍ വായിച്ചു - 'പുതിയ നിയമം'

ഉച്ചതിരിഞ്ഞാണ്‌ ഹൗസ്‌കീപ്പിംഗ്‌ മാനേജര്‍ കരുണാകരന്‍ വന്നത്‌. കാന്റീനില്‍ ചായയ്ക്‌ ഓര്‍ഡര്‍ ചെയ്ത്‌ ഒരുസിഗരറ്റ്‌ കത്തിച്ച്‌ ആഞ്ഞുവലിച്ച്‌ കരുണാകരന്‍ സംസാരിച്ചു തുടങ്ങി.

"നല്ല കുടുംബത്തിലേതാണ്‌, അഛനും അമ്മയും സര്‍ക്കാര്‍ ജീവനക്കാര്‍. മൂന്നുമക്കളില്‍ ഇവനാണ്‌ മൂത്തത്‌. മൂന്നും നന്നായി പഠിക്കും. പക്ഷേ, എപ്പൊഴാണെന്നറിയില്ല, ഇവന്‍ തലതിരിഞ്ഞുപോയി"

എനിക്കൊന്നും മനസ്സിലായില്ല. ഞാന്‍ കരുണാകരന്‍ തുടരുന്നതും കാത്ത്‌ അയാള്‍ വായിലൂടെയും മൂക്കിലൂടെയും വിടുന്ന സിഗരറ്റ്‌ പുക നോക്കിയിരുന്നു.

"മയക്കുമരുന്ന്. എവിടുന്നാണവനത്‌ പഠിച്ചതെന്നാര്‍ക്കറിയാം. കഴുത. കുറെനാള്‍ അസെയിലത്തിലൊക്കെ കിടന്നു. അവന്റെ കൈത്തണ്ടകള്‍ കണ്ടോ? കുത്തിവച്ചതിന്റെ പാടുകളാണ്‌ എമ്പാടും. എന്നെ ഏല്‍പ്പിച്ചതാണ്‌ നന്നാക്കിയെടുക്കാന്‍. എന്നെക്കൊണ്ട്‌ പറ്റുമ്ന്ന് തോനുന്നില്ല. തിരിച്ച്‌ കൊണ്ടുചെന്നാക്കിയാലോ എന്നാലോചിക്കുകയാണ്‌ ഞാന്‍."

മയക്കുമരുന്ന്. ദൈവമേ, വെറുതെയല്ല അവന്റെ കണ്ണുകള്‍ എവിടെയോ പരിചയമുള്ളതായി എനിക്ക്‌ തോന്നിയത്‌.

പഴയ കോളേജ്‌ ഹോസ്റ്റലിന്നടുത്ത്‌ താമസിച്ചിരുന്ന, എപ്പോഴും കഞ്ചാവും എന്തൊക്കെയോ മയക്കുമരുന്നുകളും ഉപയോഗിച്ച്‌ നടന്നിരുന്ന ദിലീപേട്ടന്റെ അതേ ചുവന്ന കണ്ണുകള്‍. പ്രകാശമില്ലാത്ത തണുത്തുറഞ്ഞതെന്ന് തോനുന്ന അതേ നോട്ടം....

അടുത്ത ദിവസങ്ങളിലൊന്നും ശെല്‍വന്‍ ഓഫീസില്‍ വന്നില്ല. കരുണാകരനെ വിവരമറിയിച്ചപ്പോള്‍, "എവിടെയെങ്കിലും പോയി തുലയട്ടെ. ഞാനവന്റെ വീട്ടില്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്‌" എന്നായിരുന്നു മറുപടി.

കുറച്ചു നാളുകള്‍ക്ക്‌ ശേഷം ഒരുദിവസം രാവിലെ ഫാക്ടറിയിലെത്തുമ്പോള്‍ സെക്യൂരിറ്റി ഓഫീസര്‍ അടുത്തുവന്നു പറഞ്ഞു-
"അന്ന് ഓടിപ്പോയ ആ ശെല്‍വന്‍, സാറിനെ കാണണം എന്നും പറഞ്ഞ്‌ വെളുപ്പിനെ വന്നു നില്‍ക്കുന്നു"

അവനെ ഡിപ്പാര്‍ട്ട്‌മെന്റിലേയ്ക്കയക്കാന്‍ പറഞ്ഞ്‌ ഞാന്‍ നടക്കാനൊരുങ്ങുമ്പോള്‍ അയാള്‍ തുടര്‍ന്നു-
"വല്ലാത്തൊരവസ്ഥയിലാണയാള്‍. ഉള്ളിലേയ്ക്കയക്കാന്‍ പറ്റുമെന്നു തോനുന്നില്ല. സാറൊന്ന് സെക്യൂരിറ്റി റൂമിലേയ്ക്ക്‌ വന്നിരുന്നെങ്കില്‍.."

സെക്യൂരിറ്റി റൂമിലെ കസേരകളിലൊന്നില്‍ കൂനിക്കൂടിയിരിക്കുന്ന ശെല്‍വനെ കണ്ട്‌ ഞാന്‍ ഞെട്ടിപ്പോയി.

ദിവസങ്ങളായി മാറാത്ത വസ്ത്രങ്ങള്‍. ഒതുക്കിവയ്ക്കാതെ വല്ലാതെ നീണ്ട എണ്ണമയമില്ലാത്ത തലമുടി. കുറ്റി താടി. ചെരിപ്പുകളില്ലാത്ത അഴുക്കുപിടിച്ച കാല്‍പ്പാദങ്ങള്‍.

ബട്ടണില്ലാത്ത ഫുള്‍സ്ലീവ്‌ ഷര്‍ട്ടിന്റെ കൈകള്‍ക്കിടയിലൂടെ ഞാന്‍ കണ്ടു, രണ്ടുകൈത്തണ്ടകളിലും തലങ്ങും വിലങ്ങുമുള്ള സൂചിക്കുത്തുകള്‍.

"എനിക്ക്‌ ജോലി വേണം, ജീവിക്കണം" എന്നെ കണ്ടപ്പോള്‍ വല്ലാത്തൊരു ശബ്ദത്തില്‍ അവന്‍ മുരണ്ടു.

കരുണാകരനെ ഉടനെ വിളിച്ചുവരുത്താന്‍ സെക്യൂരിറ്റി ഓഫീസറെ ഏര്‍പ്പാട്‌ ചെയ്ത്‌ ഞാന്‍ സ്റ്റെപ്പുകള്‍ കയറുമ്പോള്‍ പിന്നില്‍നിന്നും സെക്യൂരിറ്റി വിളിച്ചു പറഞ്ഞു-

"സാര്‍, അയാളതാ ഇറങ്ങിയോടുന്നു"

ഞാന്‍ തിരിഞ്ഞ്‌ നോക്കുമ്പോള്‍ എന്തൊക്കെയോ പുലമ്പിക്കൊണ്ട്‌ എങ്ങോട്ടെന്നില്ലാതെ ശെല്‍വന്‍ ഓടുകയാണ്‌.

(കൃത്യം രണ്ട്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ജനുവരിയില്‍. )

10 comments:

 1. ജനുവരി എന്നെ ശെല്‍വനെ ഓര്‍മ്മിപ്പിക്കുന്നു.

  നേരിടാനാവാതിരുന്ന, തണുത്തുറഞ്ഞ അവന്റെ നോട്ടത്തെ ഓര്‍മ്മിപ്പിക്കുന്നു.
  ബട്ടണില്ലാത്ത ഫുള്‍സ്ലീവ്‌ ഷര്‍ട്ടിന്റെ കൈകള്‍ക്കിടയിലൂടെ അവന്റെ രണ്ടുകൈത്തണ്ടകളിലും തലങ്ങും വിലങ്ങുമുള്ള സൂചിക്കുത്തുകളെ ഓര്‍മ്മിപ്പിക്കുന്നു.
  ഒടുവിലൊരു ഭ്രാന്തനെപ്പോലെ എന്തൊക്കെയോ പുലമ്പിക്കൊണ്ട്‌ എങ്ങോട്ടെന്നില്ലാതെ അവന്‍ ഓടിപ്പോയത്‌ ഓര്‍മ്മിപ്പിക്കുന്നു...

  ReplyDelete
 2. എന്താ പറയാ... എന്ത് അസുഖവും സഹിക്കാം . പക്ഷെ സ്വന്തം മനസ്സിന്റെ കടിഞ്ഞാണ്‍ കൈവിട്ടു പോവുന്ന അവസ്ഥ... അതൊരിക്കലും വരാതിരിക്കട്ടെ...

  ReplyDelete
 3. വായിച്ചു.വേദനിപ്പിക്കുന്ന ഓര്‍മകള്‍ എനിക്ക് വേണ്ട.

  ReplyDelete
 4. നൊമ്പരമായി ശെല്‍‌വന്‍. ജനുവരിയില്‍ത്തന്നെ കടന്നുവരുമ്പോള്‍ അതൊരു വല്ലാത്ത ഓര്‍മ്മയാവും.

  ReplyDelete
 5. വായിച്ചു..വേദനിപ്പിക്കുന്നതു തന്നെ..
  പക്ഷേ..നമ്മുടെ സഹതാപവും സ്നേഹവുമൊന്നും അക്കൂട്ടര്‍ അര്‍ഹിക്കുന്നില്ല തന്നെ.
  അവര്‍ അറിഞ്ഞു കൊണ്ട് സ്വന്തത്തെ നശിപ്പിച്ചവരാണ്.
  അവര്‍ ലഹരിയെ മാത്രം സ്നേഹിച്ചവരല്ലേ?..മറ്റെന്തിനേക്കാളും..

  ReplyDelete
 6. ഇട്ടിമാളൂ, വിഷ്ണുപ്രസാദ്‌, സു, ബത്തേരിയന്‍-
  വെറുതെ സഹതപിക്കുക തന്നെ. അല്ലാതെന്തുചെയ്യാന്‍.

  ReplyDelete
 7. http://sinuminu.blogspot.com/2007/01/blog-post_17.html
  I have included the requested details in my above post
  regards

  ReplyDelete
 8. പടിപ്പ്പ്പുരേ..

  ശെല്വന്റെ ഓര്‍മ്മകള്‍ നൊംബരമാവുന്നു..

  ReplyDelete
 9. Chilappozhenkilum njaan ennil mattoru Shelvane kaanaarundu patippura.... nandi

  brijviharam.blogspot.com
  jeevitharekhakal.blogspot.com

  ReplyDelete
 10. ജിമനു, മറ്റൊരു ശെല്‍വനെകുറിച്ച്‌ കേള്‍ക്കാതിരിക്കാനാണെന്റെ പ്രാര്‍ത്ഥന.

  ReplyDelete

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...