Friday, December 26, 2014

ജൈന്റ് വീൽ

ഞങ്ങള്‍ ഇരുന്നിരുന്ന ജൈന്റ് വീലിന്റെ സീറ്റ് ഉയര്‍ന്ന്, താഴത്തെ സീറ്റില്‍ ആളുകളെ കയറ്റാനായി നിന്നു. ഓരോ സ്റ്റെപ്പ് ഉയരുമ്പോഴും എന്റെ നെഞ്ചിടിപ്പ് കൂടി കൂടി വരുന്നത് ഞാന്‍ അറിയുന്നുണ്ട്. താഴത്തേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്ന പ്രകാശൻ പെട്ടന്ന് എന്റെ കൈ മുറുകെ പിടിച്ച് കുറ്റസമ്മതം നടത്തുന്നത് പോലെ പറഞ്ഞു; "എടാ... ഞാന്‍ ആദ്യമായാണെടാ ഇതില്‍ കയറുന്നത്..."

ഞാന്‍ ഇടിവെട്ടേറ്റത് പോലെ ഇരുന്നു പോയി. ജൈന്റ് വീലിലെ കറക്കം വെറും സിമ്പിളാണ്, ഞാനിതിലൊക്കെ എത്രപ്രാവശ്യം കയറിയതാണ്, നീ ധൈര്യമായി വാ എന്നും പറഞ്ഞ് എന്നെ നിര്‍ബ്ബന്ധിച്ച് പിടിച്ച് കയറ്റിയതാണവന്‍.

"മഹാപാപീ... നിന്റെ ഒരൊറ്റ ഉറപ്പിലാണെടാ ഞാനിതില്‍ കയറിയത്..."; ഞാൻ കരച്ചിലിന്റെ വക്കോളമെത്തി.
"സോറി എടാ... ഞാന്‍ നിന്നോട് കള്ളം പറഞ്ഞതാണ്..."; പ്രകാശന്‍ എന്നെ ദയനീയമായി നോക്കിക്കൊണ്ട് പറഞ്ഞു; "എനിക്ക് പേടിയാവുന്നു. നമ്മക്ക് ഇറങ്ങിയാലോ?"

അപ്പോഴേക്കും ഞങ്ങള്‍ പാതി ഉയരത്തില്‍ എത്തി നില്‍ക്കുകയായിരുന്നു. താഴേക്ക് നോക്കുമ്പോള്‍ ദീപാലങ്കാരങ്ങളില്‍ കുളിച്ച് നില്‍ക്കുന്ന ഓര്‍ക്കാട്ടേരി  ഉല്‍സവപ്പറമ്പ് മുഴുവനായും കാണാം. പക്ഷേ പേടികൊണ്ട് അല്പപ്രാണനായിപ്പോയ ഞാന്‍ അതൊന്നും ആസ്വദിക്കാനുള്ള അവസ്ഥയിലായിരുന്നില്ല.

"ഡോ... ഞങ്ങക്ക് ഇറങ്ങണം..."; പ്രകാശന്‍ താഴേക്ക് നോക്കി ഉച്ചത്തില്‍ വിളിച്ച് പറഞ്ഞു. മൈക്ക് അനൗണ്‍സ്മെന്റുകളുടെയും ആളുകളുടെയും ബഹളത്തിൽ അവന്റെ ശബ്ദം മുങ്ങിപ്പോയി. അവസാനത്തെ സീറ്റില്‍ ആളെ കയറ്റാന്‍ നിര്‍ത്തിയ തക്കത്തിൽ ഞങ്ങള്‍ രണ്ട് പേരും സീറ്റിൽനിന്നും പുറത്തേക്ക് ചാടാൻ ഒരു വിഫലശ്രമം നടത്തി.

"ഇനി ഇറക്കിവിടക്കാകകൂടാതെ..."; തമിഴന്‍ ഓപ്പറേറ്റര്‍ ഒരു ദാക്ഷിണ്യവും കൂടാതെ പറഞ്ഞു. താഴെ കാണികളായി കൂടി നില്‍ക്കുന്നവരും, ഞങ്ങളുടെ താഴെയും മേലെയും സീറ്റുകളില്‍ ഇരിക്കുന്നവരും എന്തോ വലിയ തമാശകേട്ടത് പോലെ ചിരിയോട് ചിരി.

ഇനി എന്ത് ചെയ്യും. എനിക്ക് പ്രകാശനെ കൊല്ലാനുള്ള ദേഷ്യം തോനി. ഇറക്കിവിടാന്‍ ഞങ്ങള്‍ തമിഴനോട് പിന്നെയും കെഞ്ചി. തമിഴന്‍ ഒരു പുഞ്ചിരിയോടെ ലിവര്‍ വലിച്ച് വീല്‍ ഫുള്‍സ്പീഡില്‍ കറക്കി വിട്ടു. പ്രാണഭയത്തോടെ ഞാനും പ്രകാശനും പൂണ്ടടക്കം കെട്ടിപ്പിടിച്ച് കണ്ണുകളടച്ച് അലറി വിളീച്ചു.  ആദ്യത്തെ റൗണ്ട് താഴെയെത്തിയപ്പോള്‍ പ്രകാശന്‍ ഓപ്പറേറ്ററെ നോക്കി അട്ടഹസിച്ചു-
"@#%₹&* മോനെ... നിര്‍ത്താനാണു പറഞ്ഞത്...."; തെറി കേട്ടതിന്റെ ദേഷ്യത്തിലാണെന്ന് തോനുന്നു തമിഴന്‍ ഗിയർ മാറ്റി കറക്കം കുറച്ച് കൂടെ വേഗത്തിലാക്കി.

ജീവനോടെ തിരിച്ചിറങ്ങലുണ്ടാവില്ലെന്ന് ഞാനുറപ്പിച്ചു. കോളെജില്‍ എല്ലാവരും ഞങ്ങളുടെ വേർപാടിൽ അനുശോചിച്ച് കരിങ്കൊടികുത്തി മൗനജാഥ നടത്തുന്നതും, കൂട്ടുകാരൊക്കെ ഞങ്ങളെ ഓര്‍ത്ത് ദുഃഖിച്ച് ചന്തൂട്ടിയേട്ടന്റെ കയ്യിൽ നിന്നും നാടന്‍ വാങ്ങിയടിക്കുന്നതും എന്റെ അന്തരംഗങ്ങളില്‍ തെളിഞ്ഞു. ഇനിയും പറഞ്ഞിട്ടില്ലാത്ത എന്റെ പ്രണയം ഇനി പറയാനാവില്ലല്ലോ എന്നോര്‍ത്ത് അവളുടെ പേരു ഉറക്കെ വിളിച്ച്, ഐ ലവ് യു പറഞ്ഞ് ഞാന്‍ ആ ആഗ്രഹവും തീര്‍ത്തു. ഇല്ല പ്രകാശാ, നിനക്ക് മാപ്പില്ല. ഇനിയൊരു ജന്മത്തില്‍ നിന്നെ കണ്ടുമുട്ടുകയാണെങ്കില്‍ അന്ന് നിന്റെ അന്ത്യം എന്റെ കൈകൊണ്ടായിരിക്കും. ഞാൻ മനസ്സിലുറപ്പിച്ചു.

കണ്ണുകളടച്ച്, നിലവിളിച്ച്, പരസ്പരം അള്ളിപ്പിടിച്ച് ഞങ്ങള്‍ മരണവും കാത്ത്, ഇരുന്ന് കറങ്ങി.

Saturday, December 20, 2014

പ്രകാശൻ

പിണങ്ങാന്‍ പ്രകാശന് പ്രത്യേകിച്ച് കാരണങ്ങള്‍ വേണ്ട.
അവന്‍ അലക്കി വച്ച ബെഡ് ഷീറ്റെടുത്ത് ഞാന്‍ വിരിച്ച് കിടന്നതിന്. അവന്‍ മെനക്കെട്ട് വൃത്തിയാക്കിയ മുറിയില്‍ ഞാന്‍ അലക്ഷ്യമായി സിഗററ്റ് കുറ്റികള്‍ വലിച്ചെറിയുന്നതിന്, അവന്‍ കോരി വെച്ച വെള്ളമെടുത്ത് ഞാന്‍ കുളിച്ചതിന്... 
എന്നോടുള്ള കലിപ്പുകള്‍ തീര്‍ക്കുന്നതിനായി അവന്‍ വരാന്തയിലെ ഇരുത്തിയില്‍ കയറിയിരുന്ന് കാലുകള്‍ ആട്ടി, തലകുലുക്കി വരികളറിയാത്ത പാട്ടുകള്‍ അവന് തോനുന്ന വാക്കുകള്‍ വച്ച് മൂളുകയോ, അപ്പുറത്തെ ബാലേട്ടന്റെ വീട്ടില്‍ പോയിഅവിടുള്ള പുരാതനമായ റേഡിയോ എടുത്ത് കൊണ്ട് വന്ന്‍ റ്റ്യൂണ്‍ ചെയ്യുകയോ, എക്കൗണ്ടന്‍സി/കോസ്റ്റിംഗ് ടെക്സ്റ്റ് ബുക്കുകള്‍ എടുത്ത് വച്ച് പഠിക്കുകയാണ് എന്ന ഭാവത്തില്‍ ഇരിക്കുകയോ ചെയ്യും. ഇത്തരം സന്ദര്‍ഭങ്ങളില്‍ അവനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചാല്‍ അവന്‍ അക്രമാസക്തനാവും എന്നറിയാവുന്നത് കൊണ്ടും, ഇങ്ങിനുള്ള അവസരങ്ങളിലേ എനിക്ക് അവന്റെ സ്വൈര്യക്കേടില്ലാതെ കിടന്നുറങ്ങാനാവൂ എന്നതുകൊണ്ടും ഞാന്‍ മുറിയില്‍ അവന്റെ തന്നെ കട്ടിലില്‍ കേറി കിടന്ന് ഉറക്കമാരംഭിക്കും..
അടുക്കളയില്‍ കയറി പാത്രങ്ങള്‍ തട്ടിയിട്ട് വെറുതെ ഒച്ചയുണ്ടാക്കുക്ക, റേഡിയോയിലെ കരകര ശബ്ദം അതിന്റെ പരമാവധി ശബ്ദത്തില്‍ വയ്ക്കുക്ക, ടൈം‌പീസിലെ അലാറം തുരുതുരാ അടിപ്പിക്കുക തുടങ്ങിയ, അവന്റെ പ്രതികാര നടപടികള്‍ ഒന്നും അറിയുന്നില്ല എന്ന ഭാവത്തില്‍ ഞാന്‍ കണ്ണടച്ച് അനങ്ങാതെ കിടക്കും.
പിണക്കം പോലെ തന്നെ വേഗത്തിലാണു അവന് ഇണക്കവും.
"നിനക്ക് ചായ വേണേല്‍ വാ...."; വിളിക്കുന്നത് കേള്‍ക്കുമ്പോ റോഡിലൂടെ പോകുന്ന ആരെയെങ്കിലുമാണു ക്ഷണിക്കുന്നത് എന്ന് തോനുമെങ്കിലും അത് എനിക്കുള്ള വിളിയാണ്. ഞാന്‍ മൈന്‍ഡ് ചെയ്യാതെ ഉറക്കം നടിച്ച് കിടക്കും.
"അധികം വൈകിയാല്‍ എമ്പസീല് (ബാലുശ്ശേരിയിലെ ഒരു ഹോട്ടല്‍) പഴം പൊരി തീരും"; പഴംപൊരി എന്റെ വീക്ക്നസ്സ് ആണു എന്ന് അവനറിയാം. എന്നാലും ഞാന്‍ കട്ടക്ക് നിക്കും...
"നിനക്ക് വേണ്ടേല്‍ വരണ്ട. ഞാനിപ്പോ പോകും...."; അവന്റെ ഭീഷണി. എവിടെ പോകാന്‍. റ്റ്യൂഷന്‍ കഴിഞ്ഞ് പെമ്പിള്ളേര്‍ ഇറങ്ങുന്ന സമയം. ഒറ്റക്ക് പോകാന്‍ അവന്‍ വേറേ ജനിക്കണം. ഒടുവില്‍ മനസ്സില്ലാമനസ്സോടെ എന്ന ഭാവത്തില്‍ ഞാന്‍ എഴുന്നേറ്റ് അവന്റെ കൂടെ ഇറങ്ങും.
എമ്പസി ഹോട്ടലിലെ ചായയും പഴമ്പൊരിയും, നാരാണേട്ടന്റെ സൈക്കിള്‍ പീടികയിലെ സിഗററ്റും, ടൂട്ടോറിയല്‍ കോളേജുകള്‍ വിട്ടു പോകുന്നതും, അമ്പലത്തില്‍ വിളക്ക് കത്തിച്ച് തൊഴാന്‍ വരുന്നതുമായ പെണ്‍കിടാങ്ങളും....
വൈകുന്നേരങ്ങള്‍ അന്ന് ഉല്‍‌സവമയമായിരുന്നു.
(വെറുതെ ഒന്ന് സന്തോഷിക്കാന്‍ തോനുന്നു)

Sunday, December 07, 2014

മാവ്


ക്യാമ്പസിലെ ആ മാവ് എപ്പോഴാണു മുറിച്ച് കളഞ്ഞത് എന്ന് എനിക്കറിയില്ല.
അതിന്റെ സ്ഥാനത്ത് ഇപ്പോള്‍ അരമതിലും ഗേറ്റുമുള്ള ഒരു ചെറിയ കെട്ടിടമാണ്.
ഓര്‍മകളുടെ സ്മാരകമാവേണ്ടിയിരുന്ന ആ മാവിനു പകരം, ഓര്‍മകളെ ദഹിപ്പിച്ച് കളഞ്ഞ ഒരു ശവകുടീരം.
വാലുമുറിഞ്ഞ് പോയ ഒരു ഗൗളിയെ പോലെ അപൂര്‍ണ്ണമാണ് ക്യാമ്പസ് ഇപ്പോള്‍.
ആ മാവിനെ കുറിച്ചുള്ള ചിന്തകള്‍, മുറിഞ്ഞ് വീണ ഗൗളിവാലിനെ പോലെ ഓര്‍മകളില്‍ കിടന്ന് പിടയുന്നു...

Monday, November 03, 2014

സദാ ചാരം പുകയുമ്പോള്‍...

സദാചാര ഗുണ്ടായിസത്തിനെതിരെ ഇന്നലെ കൊച്ചിയില്‍ നടന്ന പ്രതിഷേധ സമരത്തിന് ആയിരങ്ങളാണു  തടിച്ച് കൂടിയത്. പക്ഷേ ഇതില്‍ സമരത്തിനു പങ്കെടുക്കാന്‍ വന്നവര്‍  അന്‍പതില്‍ താഴെ മാത്രം. ബാക്കിയുള്ളവര്‍ എത്തിയത് സമരത്തില്‍ പങ്കെടുക്കാനായിരുന്നില്ല, മറിച്ച് പ്രതിഷേധ സമരം നേരില്‍ കണ്ട് ആത്മനിര്‍‌വൃതി അടയാനായിരുന്നു. ഒളിഞ്ഞ് നോക്കിയും തലയില്‍ മുണ്ടിട്ട് കേറി കമ്പിപടങ്ങള്‍ കണ്ടും, മോബൈലില്‍ സെക്സ് ക്ലിപ്പിംഗുകളുടെ ആര്‍ക്കൈവുകള്‍ ഉണ്ടാക്കിയും ലൈംഗീകത ഉത്സവമാക്കുന്ന, പിഞ്ചു കുഞ്ഞുങ്ങളെയും അമ്മൂമ്മമാരെയും വരെ ബലാല്‍സംഘം ചെയ്ത് അതിന്റെയൊക്കെ പേരില്‍ ബ്ലാക്ക് മെയിലിംഗും, ചാനല്‍ ചര്‍ച്ചകളും നടത്തുന്നത് കണ്ടും കേട്ടും മതിവരാത്ത മലയാളിക്ക് 'പരിപാടികള്‍' നേരിട്ട് ഓസില്‍ കണ്ട് ആസ്വദിക്കാന്‍ കിട്ടിയ അത്യപൂര്‍‌വ്വ സന്ദര്‍ഭം. മൊബൈല്‍ ഫോണുകളും  ടാബുകളും ക്യാമറകളുമായി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അവര്‍ പരക്കം പാഞ്ഞു. ആണും പെണ്ണും കൂടിയിടത്തൊക്കെ, അത് നഗരം വൃത്തിയാക്കാനിറങ്ങിയ സ്വച്ഛ് ഭാരത് പ്രവര്‍ത്തകരെയാവട്ടെ, കാമ്പസ് ഫ്രണ്ടിന്റെ പ്രവര്‍ത്തകരെയാവട്ടെ, പത്രക്കാരെയാവട്ടെ, ആള്‍ക്കൂട്ടം ക്യാമറക്കണ്ണുകള്‍ തുറന്ന് പിടിച്ച് ചുംബനം കാണാമെന്ന പ്രതീക്ഷയില്‍  ആക്രാന്തഭരിതരായി വട്ടമിട്ടു .

എന്താണു സദാചാരം അല്ലെങ്കില്‍ Morality. ഒരു സമൂഹത്തില്‍ ധാര്‍മ്മിക ജീവിതം നയിക്കുന്നവന്‍ പാലിക്കേണ്ട മര്യാദകള്‍ അല്ലെങ്കില്‍ ആചാരങ്ങള്‍. അപ്പോള്‍ ആരാണു സദാചാരം നിര്‍‌വ്വചിക്കുന്നത് എന്നതാണു അടുത്ത ചോദ്യം. രാജ്യത്തെ നിയമസംഹിത. സദാചാരത്തിന്റെ ഭാഗങ്ങളായ അശ്ലീലസാഹിത്യം, വ്യഭിചാരം, സ്വവര്‍ഗ്ഗപ്രേമം എന്നിവയൊക്കെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണോ അല്ലയോ എന്നതിന്റെ പേരില്‍ പല വാദഗതികള്‍ നിലനില്‍ക്കുന്നുണ്ട് എങ്കിലും ഇന്ത്യയില്‍  നിയമം മൂലം നിരോധിക്കപ്പെട്ടിരിക്കുന്നു. ചുംബിക്കുന്നത് ഇന്ത്യയില്‍ സദാചാരലംഘനമല്ല. അപ്പോള്‍ അത് എതിര്‍ക്കപ്പെടുന്നുവെങ്കില്‍ ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെ.

ഓര്‍ക്കാട്ടേരി ഹൈസ്കൂളില്‍ പത്താം ക്ലാസ്സില്‍ പൊളിറ്റിക്സ് പഠിപ്പിച്ച രാഘവന്‍ മാസ്റ്റര്‍ സ്വാതന്ത്ര്യം എന്നത് എന്താണെന്ന്  പറഞ്ഞുതന്നത് ഓര്‍ക്കുന്നു . നിങ്ങള്‍ക്ക് കൈവീശി നടക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന ഉറപ്പു തരുന്നുണ്ട്. പക്ഷേ വീശുന്ന കൈ എതിരേ വരുന്ന ആളുടെ ദേഹത്ത് കൊള്ളുക എന്നത്, നിങ്ങള്‍ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തുന്നതും, അതുവഴി എതിരെ വരുന്ന ആളുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നതും ആയതിനാല്‍ നിയമലംഘനവുമാവുന്നു.

പരസ്യ ചുംബനത്തില്‍ സ്വാതന്ത്ര്യവും സദാചാരവും കെട്ടുപിണഞ്ഞ്  കിടക്കുന്നു. ചുംബിക്കാനുള്ള സ്വാതന്ത്ര്യം സദാചാര വിരുദ്ധമല്ല. ഷോപ്പിംഗ് മാളുകളിലും, പാര്‍ക്കുകളിലും, കടപ്പുറങ്ങളിലും ആലിംഗനബദ്ധരായി ചുംബനങ്ങള്‍ കൈമാറുന്നവര്‍  ഇന്ന് ചെറിയ ടൗണുകളില്‍ പോലും സാധാരണം. അത് വ്യക്തികളുടെ സ്വാതന്ത്ര്യം. പ്രണയലീലകള്‍ അതിരുകടക്കുമ്പോഴാണു സദാചാരത്തിന്റെ ചോദ്യമുയരുന്നത്. പൊതു സ്ഥലങ്ങളില്‍ പ്രണയലീലകള്‍ അതിരുകടക്കുമ്പോള്‍ അത് അശ്ലീലമാവുന്നു.

കോഴിക്കോട്  ഹോട്ടലില്‍ നടന്നത് എന്താണെന്ന് എനിക്കറിയില്ല. പക്ഷേ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഐസ്ക്റീം പാര്‍ലറുകളുടെയും, ബ്യൂട്ടിപാര്‍ലറുകളുടെയും മറവില്‍ നഗരത്തില്‍ നടന്ന പ്രണയലീലകളുടെയും മാംസകച്ചവടത്തിന്റെയും കഥകള്‍ നമുക്ക് അറിയാവുന്നതാണു. പ്രണയലീലകള്‍ നടത്തുവാനായി സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുന്ന ഇന്റര്‍നെറ്റ് കഫേകളുടെ കഥകളും നാം കേട്ടിട്ടുണ്ട്. മോഹനവാഗ്ദാനങ്ങള്‍ നടത്തി വലയില്‍ കുരുക്കി കൊണ്ടുവരുന്ന പെണ്‍കുട്ടികളെ ഇത്തരം താവളങ്ങളിലെത്തിച്ച് തങ്ങളുടെ ലൈംഗീകാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിന്റെ ഞെട്ടിക്കുന്ന കഥകള്‍ ഒക്കെയും കാളപെറ്റെന്ന് കേട്ടപ്പോള്‍ കയറെടുക്കുന്നതിനിടയില്‍ മലയാളികള്‍ സൗകര്യ പൂര്‍‌വ്വം മറന്നു. രണ്ടായിരം കോടി രൂപയുടെ സെക്സ് വ്യാപാരമാണു ഇന്ത്യയില്‍ നടക്കുന്നത് എന്നും, അതില്‍ ഇരയാകുന്നതില്‍ പകുതിയിലേറെ പേര്‍ പ്രായപൂര്‍ത്തിയാവാത്തെ പെണ്‍കുട്ടികള്‍ ആണു എന്നുള്ളതും നോബല്‍ സമ്മാന ജേതാവായ കൈലാഷ് സത്യാര്‍ത്ഥി  ഈയിടെ വെളിപ്പെടുത്തിയതോര്‍ക്കുക. സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തി സ്വാര്‍ത്ഥതാല്പര്യങ്ങള്‍ മുതലാക്കുന്ന കച്ചവട കണ്ണുകളെ കണ്ടില്ലെന്ന് നടിക്കുന്നത് അപകടമാണു, തടയിടേണ്ടതുമാണു.

പൊതുസ്ഥലത്ത് നിങ്ങള്‍ നിങ്ങളുടെ പ്രണയിനിയെ സഭ്യമായ രീതിയില്‍ ചുംബിച്ചു കൊള്ളൂ, അതിനെ എതിര്‍ക്കുന്നവരെ നാം ഒറ്റക്കെട്ടായി നേരിടുകതന്നെ ചെയ്യും. പക്ഷേ ഇരുള്‍മുറികളിലെ അതിരുകടന്നു പോകുന്ന പ്രണയകേളികളില്‍ ശരിതെറ്റുകള്‍ തിരിച്ചറിയാത്ത ചെറുബാല്യങ്ങള്‍ സമര്‍ത്ഥമായി ചതിക്കപ്പെടുന്നുണ്ട് എന്നത് കൂടെ ഓര്‍മ്മവയ്ക്കുക...

ആയിരം ചുടുചുംബനങ്ങളോടെ.....

Wednesday, October 29, 2014

ഒളിച്ചോട്ടം ;)

നേരം പുലരാന്‍ ഇനി നാഴികകളേ ബാക്കിയുള്ളു. നാട്ടുവെളിച്ചത്തില്‍ മരുഭൂമി ആരോ വലിച്ചെറിഞ്ഞ ഒരു കമ്പിളിപ്പുതപ്പ് പോലെ തോനിച്ചു. ശിശിരകാലത്തിന്റെ ആഗമനത്തെ അറിയിച്ചുകൊണ്ട് കടലില്‍ നിന്നും  ഒരു നേരിയ തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. ശരത് രാത്രി വളരെ വൈകി പോസ്റ്റ് ചെയ്ത സൈഗാളിന്റെ 'ജബ് ദില്‍ ഹി ടൂട്ട് ഗയ... ' ട്യൂണ്‍സ് ടൈമില്‍ നിന്നും ഏങ്ങിവലിഞ്ഞു പാടുന്നത് കേള്‍ക്കുന്നുണ്ട്.  എനിക്കൊരു സിഗരറ്റ് വലിക്കാന്‍ തോനി. നാശം... അഞ്ചാറ് മാസം മുമ്പ് അത് നിര്‍ത്തിയത് അബദ്ധമായി.

ഞാന്‍ ഗ്രൂപ്പിലേക്ക് ഒന്ന് പാളിനോക്കി. എവിടെയും പച്ച വെളിച്ചമില്ല. രാത്രിഞ്ചരന്മാരായ പ്രജിതും സന്തോഷ് വയകരയുമൊന്നും  ഇപ്പോള്‍ അധികം ഇങ്ങോട്ട് വരാത്തത് ഭാഗ്യമായി. അമേരിക്കയിലും കാനഡയിലുമൊക്കെ ഇപ്പോ സമയം എന്തായിക്കാണും എന്തോ. പേടിക്കാനില്ല. അവിടെയൊക്കെയുള്ള മെമ്പര്‍മാര്‍ അപൂര്‍‌വ്വമായെ ഇങ്ങോട്ട് വരാറുള്ളൂ. പെട്ടന്ന് ബൈജുവിന്റെ ടൈംലൈനില്‍ നിന്നും ഒരു മൂങ്ങ നിര്‍ത്താതെ മൂളാന്‍ തുടങ്ങി. ഒരു വഴിക്കിറങ്ങുമ്പോള്‍ മൂങ്ങമൂളിച്ച കേള്‍ക്കുന്നത് നല്ലതാണോ ആവോ. ഗണേശേട്ടന്‍ സ്ഥലത്തുണ്ടായിരുന്നെങ്കില്‍ ചോദിച്ച് നോക്കാമായിരുന്നു. മൂപ്പര്‍ നാടുവിട്ടതോടെ നാട്ടറിവുകളും ഗുണപാഠങ്ങളും കിട്ടാതെയായി.

ഇവിടെ അധികം നേരം തങ്ങി നില്‍ക്കുന്നത് ശരിയല്ല. പുത്തലത്തേട്ടന്‍ ഏതു സമയത്തും കയറി വരാം. ഏത് ഉറക്കത്തിലായാലും ഒരു ത്രഡ് കിട്ടിയാല്‍ മൂപ്പര്‍ എഴുന്നേറ്റ് വന്ന് പോസ്റ്റിടും. അതിനു രാവെന്നോ പകലെന്നോ ഇല്ല. ഇനി അഥവാ കണ്ടാല്‍ തന്നെ പാലു വാങ്ങാന്‍ ഇറങ്ങിയതാണു എന്നെങ്ങാന്‍ പറഞ്ഞാല്‍ പോലും ഈ നട്ടപ്പാതിരാക്ക് ആരെങ്കിലും പാലു വാങ്ങാന്‍ പോകുമോ എന്ന സംശയമൊന്നും പാവത്തിനു ഉണ്ടാവില്ല.

ബുര്‍ജ്ജ് കലീഫയുടെ മിനാരത്തിലെ ക്ലോക്കില്‍ മണി രണ്ട് അടിച്ചു. ദില്‍ജി ഗ്രൂപ്പില്‍ നിന്നും പോയിട്ട് 2h ആയി എന്ന് അവന്റെ സ്റ്റാറ്റസ്സില്‍ കാണിക്കുന്നുണ്ട്. ഇവിടെ ഇപ്പോള്‍ രണ്ട് മണി. നാട്ടില്‍ മൂന്നര. അപ്പോള്‍ ദില്‍ജി സ്ഥലം വിട്ടത് നാട്ടിലെ ഒന്നരയ്ക്ക്. ദൈവമേ ഇവനൊന്നും ഉറക്കവും ഇല്ലേ. ദൈവവിശ്വാസിയല്ലാത്ത ഞാന്‍ എന്തിനാണാവോ ഇപ്പോള്‍ ദൈവത്തെ വിളിച്ചത്... സാരമില്ല. ആരും കേട്ടുകാണില്ല.

ഇനി ഒരു പക്ഷേ ദില്‍ജി ഉറങ്ങിയിട്ടുണ്ടാവില്ലേ. ചാറ്റുകളുടെ കിരീടം വയ്ക്കാത്ത രാജാവാണവന്‍. ഈ ഗ്രൂപ്പ് കൂടാതെ, അവന്റെ സ്കൂള്‍ ടീം, നാട്ടിലെ ടീം, കാമുകിമാരുടെ ടീം എന്നിങ്ങന്റെ പല ഗ്രൂപ്പുകളുടെയും ചാറ്റുകളുടെയും അഡ്മിനും നട്ടെല്ലുമാണു അവന്‍.  ഗ്രൂപ്പ് ചാറ്റുകളാണു ഭൂഗോളത്തിന്റെ സ്പന്ദനം എന്നാണു അവന്റെ ഒരു നിലപാട്. എന്റെ നീക്കങ്ങള്‍ അവന്‍ വീക്ഷിക്കുന്നുണ്ടാവുമോ.... എനിക്ക് സംശയമായി. ഒന്ന് പരിശോധിച്ചാലോ... ചെറുപ്പത്തില്‍ സ്കൂളില്‍ പോകുന്ന വഴിയിലെ പൊന്തക്കാട്ടില്‍ കുറുക്കന്മാര്‍ ഒളിച്ചിരിപ്പുണ്ടാവുമോ എന്നറിയാന്‍ കുറച്ച് ദൂരെ നിന്ന് പൊന്തക്കാട്ടിലേക്ക് കല്ല് വലിച്ചെറിഞ്ഞ് നോക്കുമായിരുന്നു. കുറുക്കന്മാരുണ്ടെങ്കില്‍ കല്ല് വീണാല്‍ അവറ്റകള്‍ പൊന്തക്കാട്ടില്‍ നിന്നും പരക്കം പാഞ്ഞു പോകും. ഞാന്‍ ദില്‍ജിയുടെ ചാറ്റ് ബോക്സ് ക്ലിക്ക് ചെയ്തു... ഇളിച്ചോണ്ട് നില്‍ക്കുന്ന ഒരു സ്മൈലി ഇട്ട്, അത് അയക്കണമോ അയക്കേണ്ടയോ എന്ന സംശയത്തില്‍ ഞാന്‍ തെല്ലിട നിന്നു. ഈ തണുത്ത കാറ്റിലും എനിക്ക് നന്നായി വിയര്‍ത്തു. ദില്‍ജി എന്നെ നിരീക്ഷിക്കുന്നുണ്ടാവുമോ...

ഒടുവില്‍ വരുന്നത് വരട്ടെ എന്ന ധൈര്യത്തില്‍ ഞാന്‍ സെന്‍ഡ് ബട്ടണ്‍ അമര്‍ത്തി. ഒന്ന്... രണ്ട്... മൂന്ന്... എന്റെ ഹൃദയമിടിപ്പുകള്‍ എനിക്ക് തന്നെ കേള്‍ക്കാം... സീന്‍ എന്ന മെസ്സേജ് വരുന്നുണ്ടോ എന്നറിയാന്‍ ഞാന്‍ കണ്ണിമക്കാതെ ചാറ്റ് ബോക്സിലേക്ക് തന്നെ ഉറ്റുനോക്കി നിന്നു. നിമിഷങ്ങള്‍ക്ക് യുഗങ്ങളുടെ ധൈര്‍ഘ്യമുള്ളതായി എനിക്ക് അനുഭവപ്പെട്ടു. എന്റെ ശ്വസോച്ഛാസത്തിന്റെ ശബ്ദത്തില്‍ സൈഗാളിന്റെ പാട്ടും മൂങ്ങയുടെ മൂളിച്ചയും മുങ്ങിപ്പോയി.

ദില്‍ജിയുടെ ചാറ്റ് ബോക്സിലേക്ക് തന്നെ ശ്രദ്ധിച്ചിരിക്കുകയായിരുന്ന ഞാന്‍ പക്ഷേ തൊട്ടപ്പുറത്ത് സംഭവിക്കുന്നത് കണ്ടില്ല. ഒരു പച്ച വെളിച്ചം എവിടെയോ മിന്നിമാഞ്ഞോ എന്ന് തോന്നി ചാറ്റ് ബോക്സില്‍ നിന്നും തലയുയര്‍ത്തി നോക്കിയപ്പോള്‍ കണ്ട ആ ദൃശ്യം എന്റെ സപ്തനാഡികളും തകര്‍ത്തു... എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ സ്തബ്ധനായി നിന്നു. പെട്ടന്ന്....

(തുടരും) 

Sunday, September 21, 2014

അല്‍ഷിമേഴ്സ് ഡേ


ഒരുപക്ഷേ ഞാന്‍ ആരെയും തിരിച്ചറിയുകില്ല.
എങ്കിലും സൗകര്യം കിട്ടുമ്പോള്‍, എന്റെ അരികില്‍ വന്ന്‍ ഇരിക്കുക.
എനിക്ക് ഓര്‍മയുണ്ടാവില്ല, എങ്കിലും നമ്മളൊരുമിച്ച് ചിലവഴിച്ച നല്ല നാളുകളെകുറിച്ച് എന്നോട് സംസാരിക്കുക.
കാലവര്‍ഷം കനത്ത് പെയ്യുമ്പോള്‍ കൈപിടിച്ച് എന്നെ മഴയിലൂടെ നടത്തുക.
നിലാവുള്ള രാത്രികളില്‍ കുറച്ച് നേരം എനിക്കൊപ്പം നിരത്തിലൂടെ നടക്കുക.
സൂര്യാസ്തമയം കാണാന്‍ എന്നെ കടപ്പുറത്ത് കൊണ്ട് പോവുക.
പൂക്കളമൊരുക്കുമ്പോള്‍ എന്നെ വരാന്തയില്‍ കൊണ്ടുവന്ന് ഇരുത്തുക.
ഇതളടര്‍ത്തിയിടാന്‍ കുറച്ച് പൂക്കള്‍ എന്റെ മടിയില്‍ വച്ചുതരിക.
നിര്‍ബ്ബന്ധിച്ച് വിളിച്ചുണര്‍ത്തി എന്നെ വിഷുക്കണി കാണിക്കുക.
വാടാത്ത കുറച്ച് കൊന്നപ്പൂക്കുലകള്‍ എന്റെ കയ്യില്‍ പിടിപ്പിക്കുക.
ക്ഷമയോടെ എനിക്ക് ഭക്ഷണം വാരിത്തരിക.
പതിഞ്ഞ ശബ്ദത്തില്‍ കുറച്ച് നേരം എന്നെ പാട്ടുകള്‍ കേള്‍പ്പിക്കുക.
എന്റെ കട്ടിലിനരികിലെ ജനലുകള്‍ തുറന്നിടുക.
ഞാനെങ്ങോട്ടെങ്കിലും ഇറങ്ങിപ്പോകാതിരിക്കാന്‍ വാതിലുകള്‍ കുറ്റിയിട്ടിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.
ഉറങ്ങാതിരിക്കുന്നതിനു, ഒച്ചയിടുന്നതിനു, ശാഠ്യം കാണിക്കുന്നതിനു എന്നെ വെറുക്കാതിരിക്കുക...

Tuesday, August 12, 2014

വിഷാദം, പിരിമുറുക്കം, ആത്മഹത്യ


വിഷാദവും പിരിമുറുക്കവും അനുഭവിക്കാത്തവരായി ആരുമില്ല. നമ്മെ അതിലേക്ക് എത്തിക്കുന്ന കാരണങ്ങളും സാഹചര്യങ്ങളും ഇല്ലാതാവുമ്പോള്‍ സാവധാനത്തില്‍ നാം അതില്‍ നിന്നും മുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരികയാണു പതിവ്. എന്നാല്‍ ചിലരുണ്ട്, വിഷാദം ഒരു ഒഴിയാബാധയായി സ്വയം പേറി നടക്കുന്നവര്‍. അത് അവരെ ഒരു രോഗാവസ്ഥയിലേക്ക് കൊണ്ടു ചെന്നെത്തിക്കുന്നു. ദുഖങ്ങളും സങ്കടങ്ങളും ആരോടും പങ്കുവയ്ക്കാതെ, സ്വയം പഴിച്ചും വെറുത്തും ഒടുവില്‍ തന്റെ തീവ്രമായ ഒറ്റപ്പെടലിന്റെ അറുതിക്കായി അവര്‍ മരണത്തില്‍ അഭയം പ്രാപിക്കുന്നു.
ലോകമെമ്പാടുമായി മുപ്പത് കോടിയിലേറെ ജനങ്ങള്‍ക്ക് വിഷാദരോഗം ഉള്ളതായാണു കണക്കുകള്‍. മനുഷ്യരാശിക്ക് ഭീഷണിയായിട്ടുള്ള രോഗങ്ങളില്‍ മൂന്നാം സ്ഥാനം.

RIP Robin Williams

Friday, July 25, 2014

മാല


"ആ മാലയെവിടെ?"
ഞാന്‍ അത്ഭുതപ്പെട്ടു. "ഏത് മാല?"
"വെള്ളയും പച്ചയും മുത്തുകള്‍ കോര്‍ത്ത നിന്റെ കഴുത്തിലിട്ടിരുന്ന ആ മാല?"

പത്താം ക്ലാസ്സില്‍, യുവജനോത്സവത്തില്‍ ലോട്ടസ് ഹൗസിന്റെ നാടകത്തില്‍ രാജാവിനു പിന്നില്‍ കുന്തവും പിടിച്ച് ഡയലോഗുകള്‍ കാര്യമായൊന്നുമില്ലാതെ നിന്നിരുന്ന ഭടനായിരുന്നു, ഞാന്‍. സ്റ്റേജില്‍ കേറാനൊരുങ്ങി നിന്നപ്പോള്‍ ഹൗസിന്റെ ചാര്‍ജുണ്ടായിരുന്ന  ജോയ് മാഷ് എന്റെ കഴുത്തില്‍ ഒരു മാല ഇട്ടുതന്നത് ആ നിമിഷം എനിക്ക് ഓര്‍മ്മ വന്നു. പച്ചയും വെള്ളയും മുത്തുകള്‍ കോര്‍ത്ത മാല. ദൈവമേ... അത് ഇവളുടെതായിരുന്നോ!
"എനിക്കാ മാല തിരിച്ചു വേണം"
തിളങ്ങുന്ന കണ്ണുകളുണ്ടായിരുന്ന, ആവശ്യത്തിലധികം നീണ്ട കഴുത്തുണ്ടെന്ന് തോനിയിരുന്ന അവള്‍, ഞാനൊളിഞ്ഞ് നോക്കിയിരുന്ന, എനിക്കാദ്യമായി പ്രണയം തോന്നിയ പെണ്‍കുട്ടി... അവളുടെ മാലയായിര്‍ന്നോ എന്റെ കഴുത്തില്‍!
നാടകം കഴിഞ്ഞപ്പോള്‍ ഞാനത് അഴിച്ച് ഹൗസ് ലീഡര്‍ സുധാമണിയുടെ കയ്യില്‍ കൊടുത്തിരുന്നു.
"മാഷ് പറഞ്ഞു നിന്നോട് ചോദിക്കാന്‍...ഇപ്പോ തന്നെ വൈകി. ഞാന്‍ പൂവ്വാണു. നാളെ തന്നാല്‍ മതി. ഒന്ന് എടുത്ത് വയ്ക്കണം..."
ഒപ്പനയും തിരുവാതിരയും നാടോടി നൃത്തവും തിമര്‍ത്തവസാനിച്ച സ്റ്റേജില്‍ പൊട്ടി വീണ കുപ്പിവളക്കഷ്ണങ്ങള്‍ക്കിടയില്‍, ഗ്രീന്‍ റൂമിലെ ഡസ്കുകള്‍ക്കിടയില്‍ ഒക്കെയും ആ മുത്ത്മാലയും തേടി സന്ധ്യയോളം ഞാന്‍ പരതി.

പിറ്റേന്ന്, ഉച്ച ഭക്ഷണസമയത്ത് അവള്‍ വന്ന് പിന്നെയും ചോദിച്ചപ്പോള്‍, ആ മാല എന്റെ കയ്യിലില്ലെന്ന് നിസ്സഹായതയോടെ ഞാന്‍ പറഞ്ഞപ്പോള്‍, വല്ലാത്ത വിഷമത്തോടെ അവള്‍ പറഞ്ഞു,
"എനിക്കറിയാം, സത്യം, നീ തരാഞ്ഞിട്ടാണു...."

Thursday, July 24, 2014

മരണം

ഉറങ്ങുമ്പോഴുണ്ടാവുന്ന മരണമാണു എറ്റവും മനോഹരമെന്ന് കേട്ടിട്ടുണ്ട്.
കണ്ടുകൊണ്ടിരിക്കുന്ന ഒരു സ്വപ്നം മാഞ്ഞ് പോകുന്നത് പോലെ, അല്ലെങ്കില്‍ കാറ്റിലടര്‍ന്ന് വീണുപോകുന്ന ഒരു പൂവുപോലെ... നിശ്ശബ്ദം.
നാട്ടിലൊക്കെ വിളിച്ച് കഴിഞ്ഞ്, വ്യാഴാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന ഒരാള്‍ മരിച്ചു എന്ന് അറിയുന്നത് മൂന്നാം നാള്‍ ഉച്ചയായിട്ടും അയാള്‍ ഓഫിസില്‍ എത്താതിരുന്നപ്പോള്‍, വിളിച്ച് നോക്കിയിട്ടും ഫോണെടുക്കാതായപ്പോള്‍ ആരൊക്കെയോ ചെന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോഴാണു.
ചില വാര്‍ത്തകള്‍ ശരീരത്തിലൂടെ ഒച്ചിഴയുന്നത് പോലെ അലോസരപ്പെടുത്തുന്നു.

Monday, July 07, 2014

നയതന്ത്രം

മുഖ്യമന്ത്രിയുടെ ഇടപെടല്‍, കേന്ദ്രമന്ത്രിയുടെ കഴിവ്, ഇറാഖ് വിമതരുടെ ദയ, എന്‍‌ആര്‍‌ഐ വ്യവസായിയുടെ കരുനീക്കങ്ങള്‍, സൗദിയുടെ നയതന്ത്രം, സൈന്യത്തിന്റെ ഭീഷണി, കമാന്‍ഡോ ഓപ്പറേഷന്‍... എന്നിങ്ങിനെ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി തുടരുന്ന ഇറാഖില്‍ നിന്ന് മലയാളി നഴ്‌സുമാരെ തിരിച്ചുകൊണ്ടുവന്നതില്‍ പലഅവകാശവാദങ്ങളും കേട്ട് എല്ലാവരും കണ്‍ഫ്യൂഷനായി ഇരിക്കുകയാവും എന്ന് എനിക്കറിയാം. മുഖ്യമന്ത്രിയാണെങ്കില്‍ ഒന്നും വെളിപ്പെടുത്തില്ല എന്ന്‍ ഉറപ്പിച്ച് പറയുകയും ചെയ്യുന്നു. ഈ അവസരത്തില്‍ സത്യം തുറന്ന് പറയേണ്ടത് എന്റെ കടമയാണെന്ന് എനിക്ക് തോനുന്നു.
പ്രശ്നം കൈകാര്യം ചെയ്യാന്‍ ജഗന്നാഥനെ മൊബൈലില്‍ പലവട്ടം വിളിച്ചിട്ടും കിട്ടാതായപ്പോള്‍, ലോകത്തിന്റെ ഏത് മൂലയിലാണെങ്കിലും അവനെ പൊക്കിയെടുക്കാന്‍ പ്രൈവറ്റ് സെക്രട്ടറിയെ പറഞ്ഞേല്‍‌പ്പിച്ച് ചാണ്ടിച്ചായന്‍ കഞ്ഞികുടിക്കാന്‍ പോയി. സിക്രട്ടറി ജോണിക്കുട്ടി ആദ്യം വിളിച്ചത് പ്രസിഡന്റ് ഒബാമയെ ആയിരുന്നു, ജഗന്നാഥനെയാണ താനും തിരയുന്നത് എന്നും, ഇഷ്ടനെ കയ്യില്‍ കിട്ടിയിട്ട് വേണം റഷ്യ-ഉക്രൈന്‍ സംഘര്‍ഷത്തിനു മധ്യസ്ഥം വഹിക്കാനുള്ള ചര്‍ച്ചകള്‍ നടത്താന്‍ എന്നും, ആളുടെ വല്ല വിവരവും കിട്ടിയാല്‍ തന്നെ കൂടെ ഒന്ന് അറിയിച്ചേക്കണം എന്നും അപേക്ഷിച്ച് ഒബാമ ഫോണ്‍ ഡിസ്കണക്ട് ചെയ്തു. ഇനി അമേരിക്ക ഇടപെടുന്നതിനു മുമ്പ് റഷ്യ-ഉക്രൈന്‍ സംഘര്‍ഷം ഒത്തുതീര്‍പ്പാക്കാന്‍ ജഗന്നാഥന്‍ അങ്ങോട്ട് വിട്ടുകാണുമോ എന്ന സംശയത്തില്‍ ജോണിക്കുട്ടി വ്ലാഡിമര്‍ പുട്ടിനെയും, ഉക്രൈന്‍ പ്രസിഡന്റ് പൊറോഷൊങ്കോയെയും വിളിച്ച് നോക്കിയെങ്കിലും ടിയാന്‍ അവിടെയെവിടെയും എത്തിയിട്ടില്ല എന്ന് അറിവായി. പ്രൊ-റഷ്യന്‍, ആന്റി-റഷ്യന്‍ ആര്‍മിതലവന്മാരും കൈമലര്‍ത്തി.
സിറിയ, ലിബിയ എന്നീ സ്ഥലങ്ങളിലെ എയര്‍പോര്‍ട്ടുകളില്‍ അന്വേഷിച്ചപ്പോള്‍ അവിടെവിടെയും ജഗന്നാഥന്‍ ഈയടുത്തെങ്ങും ഇറങ്ങിയിട്ടില്ല എന്ന്‍ വെളിവായി. ഈജിപ്ത് പ്രസിഡന്റ്, സൗദിരാജാവ്, ഇറാന്‍ സുപ്രീം ലീഡര്‍ തുടങ്ങിയവര്‍ ജഗന്നാഥനെ കണ്ടുപിടിക്കാനുള്ള എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും, ഉടനെ തന്നെ അന്വേഷണങ്ങള്‍ ആരംഭിക്കുകയും ചെയുതു. യൂറോപ്യന്‍ യൂണിയനിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെവിടെയെങ്കിലും ജഗന്നാഥന്‍ എത്തിയിട്ടുണ്ടോ എന്നന്വേഷിക്കാന്‍ ഇംഗ്ലണ്ട്, ഫ്രാന്‍സ് പ്രസിഡന്റ്മാര്‍ക്ക് ജോണിക്കുട്ടി ചാണ്ടിച്ചായന്റെ സ്വകാര്യ ഫാക്സ് നമ്പറില്‍ നിന്നും ഫാക്സയച്ചു. ഇസ്രായേല്‍ പാര്‍ലിമെന്റ് തങ്ങളുടെ രഹസ്യ സംഘടനയായ മൊസാദിനെ ജഗന്നാഥനെ ഉടനെ തന്നെ കണ്ടുപിടിക്കാന്‍ ശട്ടംകെട്ടി
മെക്സിക്കോവിലെയും കൊളംബിയയിലേയും മയക്ക് മരുന്ന് കേന്ദ്രങ്ങള്‍, ലാസ്‌വേഗസിലെയും, തായ്‌ലന്റിലെയും ചൂതാട്ട കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലേക്കും ജഗന്നാഥനെ തേടിയുള്ള അന്വേഷണം നീണ്ടു. ഫുട്ബോള്‍ ഭ്രാന്തനായ ജഗന്നാഥന്‍ ലോകകപ്പ് നടക്കുന്ന ബ്രസീലിലെ സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കുന്നുണ്ടോ എന്നറിയാന്‍ കവാടങ്ങളില്‍ ജഗന്നാഥന്റെ ഫോട്ടോ പതിച്ച വലിയ ബോഡുകള്‍ ഫിഫ പ്രസിഡന്റിന്റെ പ്രത്യേക മേല്‍നോട്ടത്തില്‍ സ്ഥാപിക്കാന്‍ ഉത്തരവായി. സ്റ്റേഡിയങ്ങളിലെ കൂറ്റന്‍ എല്‍‌ഇഡി സ്ക്റീനുകളില്‍ 'ജഗന്നാഥന്‍ സ്റ്റേഡിയത്തിലുണ്ടെങ്കില്‍ ഉടന്‍ മൈക്ക് പോയന്റുമായി ബന്ധപ്പെടുക' എന്ന വാചകം ഇടക്കിടെ പ്രദര്‍ശിപ്പിച്ചു.
ലോകമെമ്പാടും തനിക്കായുള്ള അന്വേഷണം നടക്കുന്നതറിയാതെ, കൊണ്ടോട്ടിയില്‍ തന്റെ സുഹൃത്തിനായുള്ള ഒരു അതിരുതര്‍ക്കം മദ്ധ്യസ്ഥം വഹിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ ഇറാക്കില്‍ മലയാളി നഴ്സ്മാര്‍ കുഴപ്പത്തിലാണ എന്ന വാര്‍ത്ത ജഗന്നാഥന്‍ ടിവിയില്‍ കാണുന്നത്. ഉടന്‍ തന്നെ ഒരു ഡ്റോണ്‍ വിമാനം വരുത്തി അതിന്റെ ചിറകില്‍ തൂങ്ങിനിന്ന് ജഗന്നാഥന്‍ നേരെ ഇറാക്കില്‍ ചെന്നിറങ്ങി. തിക്രിത് പ്രദേശം പിടിച്ചെടുത്ത് ആഹ്ലാദപ്രകടനമായി വരികയായിരുന്ന വിമതര്‍, ജഗന്നാഥന്റെ വരവ് കണ്ട് പേടിച്ച് പരക്കം പാഞ്ഞു. തന്റെ സ്വതസിദ്ധമായ ചില ഇടപെടലുകളിലൂടെ തിരിച്ചോടിയ വിമതരില്‍ വിശ്വാസം വളര്‍ത്തിയെടുത്ത് അവര്‍ക്കൊപ്പം അറബിപ്പാട്ടുകള്‍ പാടിയും ആടിയും ജഗന്നാഥന്‍, നഴ്സുമാരെ വിട്ടുതന്നാല്‍ വിമതരെ ഉപദ്രവിക്കാതെ വിട്ടുകൊള്ളാം എന്ന് അവര്‍ക്ക് വാക്കുകൊടുത്തു. സന്തോഷത്താല്‍ വീര്‍പ്പുമുട്ടിയ വിമതര്‍ ആ അവശ്യം അപ്പോള്‍ തന്നെ അംഗീകരിക്കുകയും, ജഗന്നാഥനു ജയ് വിളിക്കുകയും ചെയ്ത് ബാഗ്ദാദിലുള്ള ഇന്ത്യന്‍ അംബാസഡറെ വിളിച്ചുവരുത്തി നഴ്സ്മാരെ ഏല്‍‌പ്പിക്കുകയും ചെയ്തു.
- ഇതാണു സത്യത്തില്‍ സംഭവിച്ചത്
(ജഗന്നാഥനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക്- ആറാം തമ്പുരാന്‍ കാണുക :P )

Wednesday, June 18, 2014

ബിണ്ടിമുട്ടായി

പഴയ സ്കൂള്‍ സഹപാഠി കൂത്തപ്പള്ളി അശോകന്‍ ഇപ്പോള്‍ അങ്ങാടിയില്‍ സ്റ്റേഷനറി കട നടത്തുകയാണു. നാട്ടിലും വിദേശത്തുമൊക്കെയായി പിരിഞ്ഞുപോയ പഴയ സുഹൃത്തുക്കളൊക്കെയും അവധിക്ക് വരുമ്പോള്‍ അശോകന്റെ കടയില്‍ വരും. അതുകൊണ്ട് അവന്റെ കടയി ചെന്നാല്‍ പഴയ കൂട്ടുകാരുടെയൊക്കെ വിശേഷങ്ങളറിയാം. ജയന്‍ ഉത്സവത്തിനു വന്ന് പോയി. നവീന്‍, അവന്റെ ചേട്ടന്റെ വീട്ടില്‍ കൂടലിനു പത്ത് ദിവസത്തെ അവധിക്ക് വരുന്നുണ്ട്. പ്രമോദ് സ്കൂള്‍ വെക്കേഷന്‍ സമയത്ത് കുടുംബസമേതം ഒരാഴ്ചയുണ്ടായിരുന്നു... അങ്ങിനെ അങ്ങിനെ ഓരോ വിശേഷങ്ങള്‍ പറയുന്നതിനിടയില്‍ അവന്‍ ജാറ് തുറന്ന് എനിക്ക് എടുത്തുതന്നതാണ ഈ ബിണ്ടിമുട്ടായികള്‍.

ചവയ്ക്കുമ്പോള്‍ പല്ലുകളിലൊട്ടിപ്പിടിച്ച് പോകുന്ന, വെല്ലത്തിന്റെ അതിമധുരമുള്ള, ഞങ്ങളുടെ സ്കൂള്‍ കാലത്തെ അതേ ബിണ്ടിമുട്ടായികള്‍. 

Wednesday, May 07, 2014

എസ്സെൻ സ്മരണകൾ

ബികോംകാരുടെ ശല്യം ഇനിയും സഹിക്കാന്‍ വയ്യെന്ന അവസ്ഥയെത്തിയപ്പോള്‍ പ്രിന്‍സിപ്പല്‍ ഒരു സര്‍ക്കുലര്‍ ഇറക്കി-
'മേലില്‍ ബികോം ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ മെയിന്‍ ബ്ലോക്കില്‍ പ്രവേശിക്കരുത്, പ്രവേശിച്ചാല്‍ സസ്പെന്‍ഷനടക്കമുള്ള അച്ചടക്ക നടപടികള്‍ നേരിടേണ്ടി വരും'
രാവിലെതന്നെ നോട്ടീസ് വായിച്ച് ഞങ്ങള്‍ ബികോം ക്ലാസ്സില്‍ ഇതികര്‍ത്തവ്യമൂഡരായി ഇരുന്നു.
മെയിന്‍ ബ്ലോക്കില്‍ പ്രവേശിക്കരുത് എന്ന് പറയുന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം അത്മഹത്യയ്ക്ക് തുല്യമാണു. പലരുടെയും നിലവിലുള്ള ലൈനുകളും വീഴാനിരിക്കുന്ന ലൈനുകളൂം അവിടെയാണു. ഇതൊക്കെയും വേണ്ടെന്ന് വയ്ക്കാം, ആ ഇടനാഴിയിലൂടെ നടക്കരുത് എന്ന് പറയുന്നത് ഞങ്ങള്‍ക്ക് സങ്കല്പിക്കാന്‍ പോലുമാവില്ലായിരുന്നു.
"നിങ്ങളൊക്കെ എന്ത് മൊയന്തമ്മാരാണു! ഇത് കൊമേഴ്സിലെ ആണ്‍കുട്ടികളെ ഒതുക്കാനുള്ള നീക്കമാണു. ഇതിനെതിരെ ശബ്ദമുയര്‍ത്തിയേ പറ്റൂ"; ബികോം ക്ലാസ്സുകളിലെ പെണ്‍കുട്ടികള്‍ കൂട്ടത്തോടെ ഇളകി വന്ന്‍ ഞങ്ങള്‍ക്ക് ചുറ്റും കൂടി. ഞങ്ങള്‍ ചാര്‍ജ്ജായി. കരിങ്കൊടി കെട്ടാനും, നെഞ്ചില്‍ കുത്താനുമുള്ള കറുത്ത ബാഡ്ജുകള്‍ക്കുമായി പെണ്‍കുട്ടികള്‍ അവരുടെ കറുത്ത ഷാളുകള്‍ സംഭാവന നല്‍കി. പത്ത്പൈസാപോലും ചോദിച്ചാല്‍ തരാത്ത പലപെണ്‍കുട്ടികളും ഒന്നും രണ്ടും രൂപ സംഭാവന തന്ന് ഞങ്ങളെ പ്രോത്സാഹിപ്പിച്ചു.
പിന്നീടെല്ലാം വളരെ പെട്ടന്നായിരുന്നു. കരിങ്കൊടികള്‍ വഹിച്ച്, വായമൂടിക്കെട്ടി പെണ്‍കുട്ടികളടക്കം ഞങ്ങള്‍ മൗനജാഥയായി മെയിന്‍ ബ്ലോക്കിലേക്ക് നീങ്ങി. പ്രിന്‍സിപ്പല്‍ ചൂരല്‍ വടിയുമായി അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണു. നിന്റെയൊക്കെ പേരെഴുതിയെടുത്ത് സസ്പെന്‍ഡ് ചെയ്തുകളയുമെന്ന ഭാവത്തില്‍ ചില നോണ്‍‌ടീച്ചിംഗ് സ്റ്റാഫംഗങ്ങള്‍ കടലാസ്സില്‍ എന്തൊക്കെയോ കുത്തിക്കുറിച്ച്കൊണ്ട് ഗൗരവം നടിച്ച് പ്രിന്‍സിപ്പലിനു പിന്നില്‍ നടക്കുന്നു. കരിനിയമം പിന്‍‌വലിക്കാതെ പിരിയില്ല എന്ന വാശിയില്‍ ഞങ്ങള്‍ വരാന്തയില്‍ കുത്തിയിരുന്നു. ഒടുവില്‍ ചില അദ്ധ്യാപകര്‍ ഇടപെട്ട് പ്രിന്‍സിപ്പലിനെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.

Friday, April 11, 2014

ഇലക്ഷന്‍ സ്മരണകള്‍മൂന്നോ നാലോ തവണയേ ഇലക്ഷന്‍ സമയത്ത് നാട്ടിലുണ്ടായിരുന്നുള്ളൂ. അതില്‍ രണ്ടെണ്ണം പണ്ടാറമടക്കി
1. ഇരുപതാം വയസ്സിലെ ആദ്യ സമ്മതി ദാനാവകാശം-
രാവിലെ തന്നെ കുളിച്ചൊരുങ്ങി വളരെ ഗൗരവത്തില്‍ ഓര്‍ക്കാട്ടേരി എല്‍.പി സ്കൂളിലെ ബൂത്ത് ക്യൂവില്‍ പോയി സ്ഥലം പിടിച്ചു. കടലാസും സീലുമായി കാര്‍ബോഡ് പെട്ടി വളച്ച് മറച്ച മേശയില്‍ ചെന്ന് സീലു കുത്തിയപ്പോള്‍ പാതി മേലത്തെ ചിഹ്നത്തിലും പാതി താഴത്തെ ചിഹ്നത്തിലുമായിപ്പോയി. തെറ്റിപ്പോയോ എന്ന സംശയത്തില്‍ മേലത്തെ ചിഹ്നത്തില്‍ ഒന്നുകൂടെ സീല്‍ പതിപ്പിച്ചു. സംഭവം അസാധു 
2. വോട്ടിംഗ് മെഷീന്‍ നിലവില്‍ വന്ന ആദ്യ ഇലക്ഷന്‍-
രാവിലെ തന്നെ കുളിച്ചൊരുങ്ങി ഭാര്യ, അച്ഛന്‍, അമ്മ എന്നിവരൊപ്പം ബൂത്തിലെത്തി. മഷിയടയാളം പതിപ്പിച്ച് ഏതോ ഒരു സ്വിച്ചിട്ട് വോട്ട് ചെയ്തോളൂ എന്ന നിര്‍ദ്ദേശം കിട്ടിയപ്പോള്‍ ആവേശത്തില്‍ മനസ്സില്‍ കണ്ട ചിഹ്നത്തിനു പകരം ആദ്യ ചിഹ്നത്തില്‍ അറിയാതെ ഞെക്കിപ്പോയി. മണ്ടത്തരം മനസ്സിലായി പിന്നെയും ഒന്നുകൂടെ ട്രൈ ചെയ്തപ്പോള്‍ സംഭവം ശൂന്യം 

Friday, March 28, 2014

തനിയാവർത്തനം

ഇന്ന് വൈകുന്നേരം-
മോള്‍: "കൂടെ പഠിക്കുന്ന ഒരു ഫ്രണ്ട് സ്കൂള്‍ വിട്ടുപോവുകയാണ. അവള്‍ ഫ്ലാറ്റിലേക്ക് ക്ഷണിച്ചിട്ടുണ്ട്"
ഞാന്‍: "അത്രദൂരമൊക്കെ ഒറ്റക്ക് പോകാന്‍ മോള്‍ക്കാവില്ല"
മോള്‍: "രണ്ടുമൂന്ന് ഫ്രണ്ട്സൂടെയുണ്ട്... ഒന്ന് ട്രൈ ചെയ്ത് നോക്കിയാലോ"
ഞാന്‍: "അച്ഛനു ധൈര്യം പോരാ"
മോള്‍: "അച്ഛനു ധൈര്യമില്ല എന്ന്‍ പറയുന്നതുകൊണ്ടാണു എനിക്ക് ധൈര്യമില്ലാത്തത്"
ഞാന്‍: (സാഷ്ടാംഗം) "അച്ഛന്‍ മേയില്‍ വന്നാല്‍ ഒരു ദിവസം മോളെ അവളുടെ വീട്ടില്‍ കൊണ്ടുപോകാം"
മോള്‍: "അപ്പോഴേക്കും അവരു പോവില്ലേ... ഈ അച്ഛനെന്തൊരച്ഛനാ..."

ഞാന്‍ ഒന്‍പതിലോ പത്തിലോ പഠിക്കുന്ന ഒരു വൈകുന്നേരം-
മംഗളം വാരികയില്‍ ഖണ്ഡശ്ശേ വന്ന നോവല്‍ 'വീണ്ടും ചലിക്കുന്ന ചക്രം' സിനിമയായി വടകര കീര്‍ത്തിയില്‍ ഓടുന്നു. 'മ' വാരികകളുടെ ആരാധകരായിരുന്ന ഞങ്ങള്‍ കൂട്ടുകാര്‍ പടം കാണാന്‍ പോകാന്‍ പ്ലാനിടുന്നു. ശ്വാസം വലിച്ച് പിടിച്ച് ഇല്ലാത്ത ധൈര്യം സംഭരിച്ച് ഞാന്‍ അച്ഛനോട് സംഗതി അവതരിപ്പിച്ചു. "സാദ്ധ്യമല്ല", അച്ഛന്റെ അറുത്തുമുറിച്ച മറുപടി. ചേച്ചിമാരുടെ അടക്കിപ്പിടിച്ച ചിരികള്‍. സങ്കടവും ദേഷ്യവുമൊക്കെ ഒരുപൊട്ടിത്തെറിയുടെ വക്കിലെത്തി കോണിപ്പടികള്‍ അമർത്തിച്ചവുട്ടി എന്റെ മുറിയിലേക്ക് പോകുന്നതിനിടയില്‍ ഞാന്‍ പിറുപിറുത്തു;
"ഈ അച്ഛനെന്തൊരച്ഛനാ..."


(ആരാണ് പറഞ്ഞത് ചരിത്രം ആവർത്തനമാണെന്ന്!)

Monday, February 03, 2014

തെറിയരങ്ങ്

നാട്ടിലെ പ്രശസ്തരായ രണ്ട് കുടിയന്മാരായ ചാത്തുവച്ചന്റെയും കുമാരച്ചന്റെയും വീടുകളുടെ അടുത്തായിരുന്നു, ഞങ്ങളുടെ വീട്.

മരം വെട്ടുകാരനായ ചാത്തുവച്ചന്‍ എന്നും പട്ടഷാപ്പ് സന്ദര്‍ശനം കഴിഞ്ഞ് വൈകീട്ട് ആറുമണിയോടെ വീട്ടിലെത്തി വരാന്തയിലെ കട്ടിലില്‍ ഇരിപ്പുറപ്പിച്ച്, പാരമ്പരാഗതമായതും സ്വയം ഉണ്ടാക്കിയതുമായ വിവിധ തെറികളാല്‍ ഭാര്യയെയും മക്കളെയും അഭിഷേകം ചെയ്യാനാരംഭിക്കും. ഇതിനിടയില്‍ മൂപ്പരുടെ മനോധര്‍മ്മങ്ങളനുസരിച്ച്  ചട്ടി-കലം ഉടക്കല്‍, മുറ്റത്തെ പുല്ലേരിക്ക് തീകൊടുക്കല്‍, മക്കളെ തല്ലാനോടിക്കല്‍, പശുവിനെ കെട്ടഴിച്ച് വിടല്‍ എന്നിങ്ങനെ വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറും.

വൈകുന്നേരത്തെ ചെത്ത് കഴിഞ്ഞ്, ഷാപ്പിന്ന് മൂക്കറ്റം അടിച്ചാണ് ഒരു ഏഴ് ഏഴരയാവുമ്പോള്‍ തെങ്ങ്കയറ്റക്കാരനായ കുമാരച്ചന്റെ വരവ്. പതിവായി അങ്ങാടിയില്‍ വച്ച് ആരോടെങ്കിലും കോര്‍ത്ത്, അവരെയും  തെറിവിളിച്ചോണ്ടുവരുന്ന കുമാരച്ചന്റെ ശബ്ദം ദൂരെ നിന്ന് കേള്‍ക്കാന്‍ തുടങ്ങിയാല്‍, വീട്ടുകാരെ തെറിവിളിക്കുന്നത് തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ച്, ചാത്തുവച്ചന്‍ കുമാരച്ചനു നേരെ തിരിയും. 

തുടര്‍ന്ന് ചാത്തുവച്ചന്‍-കുമാരച്ചന്‍ തമ്മിലുള്ള തെറിയഭിഷേക മഹാമഹം അരങ്ങേറുകയായി. കുമാരച്ചന്‍റെ വീട്ടിലേക്ക് പോകാനുള്ള ഇടവഴിക്ക് അതിരായി നില്‍ക്കുന്ന മമ്മുക്കായുടെ പറമ്പിന്‍റെ അരമതിലില്‍ ചാരിനിന്ന്‍, ബീഡി മാറിമാറി കത്തിച്ച് പുകച്ച്‌ കുമാരച്ചനും, വീട്ടുവരാന്തയിലെ മരക്കട്ടില്‍ മലര്‍ന്ന് കിടന്ന് ചുരുട്ട് പുകച്ചൂതിവിട്ട് ചാത്തുവച്ചനും തെറിപ്രയോഗങ്ങള്‍ തട്ടിന് തറുവട്ടടിച്ച് ഇഞ്ചോടിഞ്ച് പോരാടും. ഞാന്‍ അങ്ങോട്ട് വന്നാല്‍ നിന്റെ കുടലെടുക്കുമെന്ന് ചാത്തുവച്ചനും, നീ ഇങ്ങോട്ട് വന്നാല്‍ നിന്റെ അന്ത്യമായിരിക്കുമെന്ന്‍  കുമാരച്ചനും പരസ്പരം വെല്ലുവിളിക്കുന്നത് പതിവായിരുന്നെങ്കിലും ഈ ഇതിഹാസപുരുഷര്‍ ഒരിക്കലും നേരിട്ടൊരങ്കത്തിനിറങ്ങിയതായി ആരും കണ്ടിട്ടില്ല. കേട്ടാലറക്കുന്ന തെറിവിളികളില്‍ സമീപവാസികള്‍ക്ക്  അമര്‍ഷമുണ്ടായിരുന്നുവെങ്കിലും, ചില മുന്നനുഭവങ്ങള്‍ വച്ച് വടികൊടുത്ത് അടി ഇരന്ന് വാങ്ങേണ്ട എന്ന് കരുതി ആരും ഈ രണ്ട് 'അച്ച'ന്മാരോട് കോര്‍ക്കാന്‍ പോകുന്ന പതിവില്ല.

കോളെജിലെ ഒരവധിക്ക് പ്രകാശന്‍ ആദ്യമായി എന്റെ വീട്ടില്‍ താമസിക്കാന്‍ വന്നദിവസം സന്ധ്യയ്ക്ക്, ഞങ്ങള്‍ മുകളിലെ എന്റെ മുറിയിലിരുന്ന് വര്‍ത്തമാനം പറയുന്നതിനിടയിലായിരുന്നു, അന്നത്തെ ചാത്തുവച്ചന്‍-കുമാരച്ചന്‍ സം‌വാദം ആരംഭിക്കുന്നത്. തെറിവിളികളുടെ വെടിക്കെട്ട് കേട്ട് പ്രകാശന്‍ അമ്പരന്ന്‍ ചാടിയെഴുന്നേറ്റു എന്ത് ചെയ്യണമെന്നറിയാതെ വെപ്രാളപ്പെട്ട് ഓടിപ്പോയി 'താഴെ എല്ലാവരും കേട്ടാലോ' എന്നും പറഞ്ഞ് ജനലുകള്‍ അടക്കാന്‍ തുടങ്ങിയപ്പോള്‍, ഇതൊക്കെയെന്ത് എന്നഭാവത്തില്‍ ഞാനവനെ സമാധാനിപ്പിച്ചു ശാന്തനാക്കി. അല്പം തുറന്നുവച്ച ജനല്പാളിക്കിടയിലൂടെ, ഭീതിയോടെ അവരുടെ തെറിവിളികള്‍ ചെവിയോര്‍ക്കുന്നതിനിടയില്‍ അന്നുവരെ കേള്‍ക്കാത്ത പുതിയ പദങ്ങള്‍ കേട്ട് അത്ഭുതപ്പെട്ട്‌ പ്രകാശന്‍ അവ ഹൃദ്യസ്ഥമാക്കി.

(രസകരമായ കഥകള്‍ ഒരുപാടവശേഷിപ്പിച്ച് ,ചാത്തുവച്ചനും കുമാരച്ചനും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയിട്ട് വര്‍ഷങ്ങളേറെയായി) 

Tuesday, January 14, 2014

ഓർമകൾ

എസ്സെന്‍ കാലത്ത് ഗപ്പുകള്‍ ഏറെ വാരിക്കൂട്ടിയത് കാരണം പഞ്ചവത്സര പദ്ധതിയിലൂടെയായിരുന്നു ബികോം പേപ്പറുകള്‍ എഴുതി തീര്‍ത്തത്. കോളെജ് കാലം കഴിഞ്ഞുള്ള രണ്ട് വര്‍ഷങ്ങള്‍ കമ്പ്യൂട്ടര്‍ പഠനത്തിന വിനിയോഗിക്കുന്നതിനിടയില്‍, ഒരു ഡിഗ്രി പോലും എഴുതിയെടുക്കാനാവാത്ത മഫന്‍ എന്ന രീതിയില്‍ അര്‍ത്ഥം വച്ച് സംസാരിക്കുന്ന ചേച്ചിമാരുടെയും, അച്ഛനമ്മമാരുടെയും മുന്നില്‍ ആളാവാന്‍ ഞാന്‍ പലവിധ പരിപാടികള്‍ കാഴ്ചവയ്ക്കുന്നുണ്ടായിരുന്നു. രാവിലെ നേരത്തെ എഴുന്നേറ്റ് എക്കൗണ്ടന്‍സി പഠിക്കുന്ന മട്ടില്‍ പുസ്തകം തുറന്ന് വച്ച് സിനിമയ്ക്ക് തിരക്കഥ എഴുതുക, വീട്ടിലെ ചെടികള്‍ക്കും തെങ്ങിനുമൊക്കെ വെള്ളം നനക്കുക, നാട്ടിലുള്ള സകലമാന കല്ല്യാണങ്ങളുടെയും അടിയന്തരങ്ങളുടെയും ഉത്സാഹക്കമ്മറ്റികളില്‍ സജീവ പങ്കാളിയാവുക. അങ്ങാടിക്കടുത്തെ റോഡരികിലെ വയലില്‍ ഷട്ടില്‍ കളിച്ച് കാഴ്ചക്കാരായി നില്‍ക്കുന്ന കൊച്ചുകുട്ടികളുടെ കയ്യടി വാങ്ങുക, വീട്ടിലേക്കാവശ്യമായ പച്ചക്കറി പലവ്യഞ്ജന സാധനങ്ങള്‍ വാങ്ങികൊണ്ടു കൊടുക്കുക... (ഞാന്‍ വാങ്ങിക്കൊണ്ടുവരുന്ന സാധനങ്ങളുടെ വില മാര്‍ക്കറ്റ് നിലവാരത്തെക്കാള്‍  രണ്ടും മൂന്നും ഇരട്ടിയാവുന്നത് ശ്രദ്ധിച്ച അമ്മ, പിന്നീട് ആ പണിയില്‍ നിന്നും എന്നെ നിര്‍ദ്ദാക്ഷിണ്യം പുറത്താക്കി)

ബികോം പാസാവാതെ വീട്ടില്‍ ആരും എനിക്ക് അഞ്ച് പൈസ പോലും കൊടുത്തുപോകരുത് എന്ന അച്ഛന്റെ ഉഗ്രശാസനം നിലവിലുണ്ടായിരുന്ന കാലം. പരീക്ഷ പരീക്ഷ എന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറഞ്ഞ് അമ്മ ഇടക്കിടെ വല്ലതും തരുന്നതാണ ആകെയുള്ള ആശ്വാസം. അതില്‍ കാര്യങ്ങള്‍ നില്‍ക്കാത്തത് കാരണം, രാവിലെ അമ്മ ജോലിക്ക് പോകാനൊരുങ്ങുന്നതിന്റെ തിരക്കില്‍ മേശപ്പുറത്തെ അമ്മയുടെ ഹാന്‍ഡ്ബാഗില്‍ നിന്നും എളുപ്പത്തില്‍ ചൂണ്ടാവുന്നത് ഞാന്‍ ചൂണ്ടിയെടുക്കും. അവിടെ വച്ച ഇരുപതെവിടെ, ഇവിടെ വച്ച അമ്പതെവിടെ എന്നൊക്കെ തന്നത്താന്‍ പറഞ്ഞ പരതുന്ന അമ്മയെ, ഒരു സ്ഥലത്ത് സൂക്ഷിച്ച് വച്ചുകൂടെ, ശ്റദ്ധ വേണ്ടേ എന്നൊക്കെ ശകാരിച്ച് ഞാനൊന്നുമറിയില്ലേ എന്ന ഭാവത്തില്‍ ഞാനവിടവിടെ വട്ടം ചുറ്റി നില്‍ക്കും. ചിലവുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നു എന്ന് തോനുമ്പോള്‍, ചേച്ചിമാരെ കാണാന്‍ തോനുന്നു എന്ന തുരുപ്പ് ചീട്ടിറക്കി ഞാന്‍ അവരുടെ ജോലിസ്ഥലത്തേക്ക് ബസ്സ് കയറും. എനിക്കിഷ്ടമുള്ള പഴമ്പൊരിയും, പുട്ടും കടലയും, പയറുതോരനുമൊക്കെ തീറ്റിച്ച്, പരീക്ഷ പരീക്ഷ എന്ന് നൂറുവട്ടം ഓര്‍മ്മിപ്പിച്ച്, അച്ഛനുമമ്മയും അറിയേണ്ട എന്നും പറഞ്ഞ രണ്ടുപേരും എന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കാശ് തിരുകി വച്ച്തരും. അവരുടെ മുന്നില്‍ വച്ച് തന്നെ അത് എണ്ണിത്തിട്ടപ്പെടുത്തി, ഉദ്ദേശിച്ച സംഖ്യ കിട്ടിയില്ല എങ്കില്‍ മുഖത്തൊരു മ്ലാനത വരുത്തി ഞാന്‍ മിണ്ടാതെ നിക്കും. മ്ലാനിച്ച് നിക്കുന്ന എന്നെ സന്തോഷിപ്പിക്കാന്‍ പാവങ്ങള്‍ രണ്ടുപേരും നീ അനാവശ്യത്തിനൊന്നും കാശ് ചിലവാക്കരുത് എന്നും പറഞ്ഞ് പിന്നെയും കാശുതന്ന്‍ എന്നെ യാത്രയയക്കും.

പണം സമ്പാദിച്ച് കാണിക്കാമെന്ന് എല്ലാവരെയും മനസ്സാ വെല്ലുവിളിച്ച് ചില ബിസിനസ്സുകളിലേക്ക് ഞാന്‍ ഇറങ്ങിത്തിരിച്ചതും ഈ കാലഘട്ടത്തിലാണ. മധുര ശിവകാശി ഏരിയായിലുള്ള പ്രസ്സുകളില്‍ നിന്നും നേരിട്ട് ഗ്രീറ്റിംഗ്സ് കാര്‍ഡുകള്‍ കൊണ്ടുവന്ന്, ഒരു കൃസ്തുമസ് ന്യൂയിര്‍ സീസണില്‍ ഓര്‍ക്കാട്ടേരിയില്‍ ഞാനും നാട്ടിലെ ഒന്നുരണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് ആഘോഷമായി ഒരു കടതുറന്നു. സീസണ്‍ കഴിഞ്ഞ് കണക്കു നോക്കിയപ്പോള്‍ ഓരോരുത്തര്‍ക്കും മുടക്കിയതുകയുടെ പകുതിയിലേറെ നഷ്ടം. എനിക്ക് ഫൈനാന്‍സ് നല്‍കിയ ചേച്ചിമാരുടെ 'ലാഭമെത്രയുണ്ടാക്കിയെടാ' എന്ന ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറി, കെ.എല്‍ മോഹനവര്‍മ്മയുടെ 'ഓഹരി' എന്ന നോവല്‍ വായിച്ച് ആവേശം കൊണ്ട ഞാന്‍ നേരെ ഷെയര്‍ മാര്‍ക്കറ്റിലേക്കിറങ്ങി. തലമുറകളായി തനിക്ക് കൈമാറിക്കിട്ടിയ ധന്വന്തരി ആയുര്‍‌വേദ കമ്പനിയുടെ ഷേറുകള്‍ പിടിച്ചെടുത്ത് കമ്പനി സ്വന്തമാക്കാന്‍ ശ്രമിക്കുന്ന ഒരു ഉത്തരേന്ത്യന്‍ കമ്പനിക്കെതിരെ പോരാടുന്ന മിനി എന്ന യുവ എന്റര്‍പ്രണറും അവരെ സഹായിക്കുന്ന ശര്‍മ്മാജി എന്ന കണ്‍സല്‍ട്ടന്റും തുടങ്ങി ആ നോവലിലെ മിക്കാവാറും പേരും എന്റെ ആരാധ്യരായിരുന്നു. പുതിയ ചുറ്റുപാടുകളും, പുതിയ ഷേര്‍ബ്രോക്കര്‍ സുഹൃത്തുക്കളും, അല്പസ്വല്പം ലാഭവുമായി കാര്യങ്ങള്‍ പച്ചപിടിച്ച് വന്നിരുന്ന ഒരു സമയത്തായിരുന്നു, ഹര്‍ഷാദ് മേത്ത എന്ന വെട്ടുപോത്ത് ഒരു ഇടിത്തീപോലെ ഇന്ത്യന്‍ ഓഹരിവിപണി കലക്കി മറിച്ചത്. വെള്ളക്കടലാസ്സിന്റെ വിലപോലുമില്ലാതെയായിപ്പോയ കുറെ ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമായിരുന്നു, അവസാനം എന്റെകയ്യില്‍ ഷേര്‍ബിസിനസ്സിന്റെതായി ബാക്കിയായത്. 

അങ്ങിനെ, ബിസിനസ്സുകള്‍ നമുക്ക് പറ്റിയതല്ല എന്ന് മനസ്സിലായതോടെ ഞാന്‍ ജോലി തേടിയിറങ്ങി

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...