Monday, July 07, 2014

നയതന്ത്രം

മുഖ്യമന്ത്രിയുടെ ഇടപെടല്‍, കേന്ദ്രമന്ത്രിയുടെ കഴിവ്, ഇറാഖ് വിമതരുടെ ദയ, എന്‍‌ആര്‍‌ഐ വ്യവസായിയുടെ കരുനീക്കങ്ങള്‍, സൗദിയുടെ നയതന്ത്രം, സൈന്യത്തിന്റെ ഭീഷണി, കമാന്‍ഡോ ഓപ്പറേഷന്‍... എന്നിങ്ങിനെ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി തുടരുന്ന ഇറാഖില്‍ നിന്ന് മലയാളി നഴ്‌സുമാരെ തിരിച്ചുകൊണ്ടുവന്നതില്‍ പലഅവകാശവാദങ്ങളും കേട്ട് എല്ലാവരും കണ്‍ഫ്യൂഷനായി ഇരിക്കുകയാവും എന്ന് എനിക്കറിയാം. മുഖ്യമന്ത്രിയാണെങ്കില്‍ ഒന്നും വെളിപ്പെടുത്തില്ല എന്ന്‍ ഉറപ്പിച്ച് പറയുകയും ചെയ്യുന്നു. ഈ അവസരത്തില്‍ സത്യം തുറന്ന് പറയേണ്ടത് എന്റെ കടമയാണെന്ന് എനിക്ക് തോനുന്നു.
പ്രശ്നം കൈകാര്യം ചെയ്യാന്‍ ജഗന്നാഥനെ മൊബൈലില്‍ പലവട്ടം വിളിച്ചിട്ടും കിട്ടാതായപ്പോള്‍, ലോകത്തിന്റെ ഏത് മൂലയിലാണെങ്കിലും അവനെ പൊക്കിയെടുക്കാന്‍ പ്രൈവറ്റ് സെക്രട്ടറിയെ പറഞ്ഞേല്‍‌പ്പിച്ച് ചാണ്ടിച്ചായന്‍ കഞ്ഞികുടിക്കാന്‍ പോയി. സിക്രട്ടറി ജോണിക്കുട്ടി ആദ്യം വിളിച്ചത് പ്രസിഡന്റ് ഒബാമയെ ആയിരുന്നു, ജഗന്നാഥനെയാണ താനും തിരയുന്നത് എന്നും, ഇഷ്ടനെ കയ്യില്‍ കിട്ടിയിട്ട് വേണം റഷ്യ-ഉക്രൈന്‍ സംഘര്‍ഷത്തിനു മധ്യസ്ഥം വഹിക്കാനുള്ള ചര്‍ച്ചകള്‍ നടത്താന്‍ എന്നും, ആളുടെ വല്ല വിവരവും കിട്ടിയാല്‍ തന്നെ കൂടെ ഒന്ന് അറിയിച്ചേക്കണം എന്നും അപേക്ഷിച്ച് ഒബാമ ഫോണ്‍ ഡിസ്കണക്ട് ചെയ്തു. ഇനി അമേരിക്ക ഇടപെടുന്നതിനു മുമ്പ് റഷ്യ-ഉക്രൈന്‍ സംഘര്‍ഷം ഒത്തുതീര്‍പ്പാക്കാന്‍ ജഗന്നാഥന്‍ അങ്ങോട്ട് വിട്ടുകാണുമോ എന്ന സംശയത്തില്‍ ജോണിക്കുട്ടി വ്ലാഡിമര്‍ പുട്ടിനെയും, ഉക്രൈന്‍ പ്രസിഡന്റ് പൊറോഷൊങ്കോയെയും വിളിച്ച് നോക്കിയെങ്കിലും ടിയാന്‍ അവിടെയെവിടെയും എത്തിയിട്ടില്ല എന്ന് അറിവായി. പ്രൊ-റഷ്യന്‍, ആന്റി-റഷ്യന്‍ ആര്‍മിതലവന്മാരും കൈമലര്‍ത്തി.
സിറിയ, ലിബിയ എന്നീ സ്ഥലങ്ങളിലെ എയര്‍പോര്‍ട്ടുകളില്‍ അന്വേഷിച്ചപ്പോള്‍ അവിടെവിടെയും ജഗന്നാഥന്‍ ഈയടുത്തെങ്ങും ഇറങ്ങിയിട്ടില്ല എന്ന്‍ വെളിവായി. ഈജിപ്ത് പ്രസിഡന്റ്, സൗദിരാജാവ്, ഇറാന്‍ സുപ്രീം ലീഡര്‍ തുടങ്ങിയവര്‍ ജഗന്നാഥനെ കണ്ടുപിടിക്കാനുള്ള എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും, ഉടനെ തന്നെ അന്വേഷണങ്ങള്‍ ആരംഭിക്കുകയും ചെയുതു. യൂറോപ്യന്‍ യൂണിയനിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെവിടെയെങ്കിലും ജഗന്നാഥന്‍ എത്തിയിട്ടുണ്ടോ എന്നന്വേഷിക്കാന്‍ ഇംഗ്ലണ്ട്, ഫ്രാന്‍സ് പ്രസിഡന്റ്മാര്‍ക്ക് ജോണിക്കുട്ടി ചാണ്ടിച്ചായന്റെ സ്വകാര്യ ഫാക്സ് നമ്പറില്‍ നിന്നും ഫാക്സയച്ചു. ഇസ്രായേല്‍ പാര്‍ലിമെന്റ് തങ്ങളുടെ രഹസ്യ സംഘടനയായ മൊസാദിനെ ജഗന്നാഥനെ ഉടനെ തന്നെ കണ്ടുപിടിക്കാന്‍ ശട്ടംകെട്ടി
മെക്സിക്കോവിലെയും കൊളംബിയയിലേയും മയക്ക് മരുന്ന് കേന്ദ്രങ്ങള്‍, ലാസ്‌വേഗസിലെയും, തായ്‌ലന്റിലെയും ചൂതാട്ട കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലേക്കും ജഗന്നാഥനെ തേടിയുള്ള അന്വേഷണം നീണ്ടു. ഫുട്ബോള്‍ ഭ്രാന്തനായ ജഗന്നാഥന്‍ ലോകകപ്പ് നടക്കുന്ന ബ്രസീലിലെ സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കുന്നുണ്ടോ എന്നറിയാന്‍ കവാടങ്ങളില്‍ ജഗന്നാഥന്റെ ഫോട്ടോ പതിച്ച വലിയ ബോഡുകള്‍ ഫിഫ പ്രസിഡന്റിന്റെ പ്രത്യേക മേല്‍നോട്ടത്തില്‍ സ്ഥാപിക്കാന്‍ ഉത്തരവായി. സ്റ്റേഡിയങ്ങളിലെ കൂറ്റന്‍ എല്‍‌ഇഡി സ്ക്റീനുകളില്‍ 'ജഗന്നാഥന്‍ സ്റ്റേഡിയത്തിലുണ്ടെങ്കില്‍ ഉടന്‍ മൈക്ക് പോയന്റുമായി ബന്ധപ്പെടുക' എന്ന വാചകം ഇടക്കിടെ പ്രദര്‍ശിപ്പിച്ചു.
ലോകമെമ്പാടും തനിക്കായുള്ള അന്വേഷണം നടക്കുന്നതറിയാതെ, കൊണ്ടോട്ടിയില്‍ തന്റെ സുഹൃത്തിനായുള്ള ഒരു അതിരുതര്‍ക്കം മദ്ധ്യസ്ഥം വഹിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ ഇറാക്കില്‍ മലയാളി നഴ്സ്മാര്‍ കുഴപ്പത്തിലാണ എന്ന വാര്‍ത്ത ജഗന്നാഥന്‍ ടിവിയില്‍ കാണുന്നത്. ഉടന്‍ തന്നെ ഒരു ഡ്റോണ്‍ വിമാനം വരുത്തി അതിന്റെ ചിറകില്‍ തൂങ്ങിനിന്ന് ജഗന്നാഥന്‍ നേരെ ഇറാക്കില്‍ ചെന്നിറങ്ങി. തിക്രിത് പ്രദേശം പിടിച്ചെടുത്ത് ആഹ്ലാദപ്രകടനമായി വരികയായിരുന്ന വിമതര്‍, ജഗന്നാഥന്റെ വരവ് കണ്ട് പേടിച്ച് പരക്കം പാഞ്ഞു. തന്റെ സ്വതസിദ്ധമായ ചില ഇടപെടലുകളിലൂടെ തിരിച്ചോടിയ വിമതരില്‍ വിശ്വാസം വളര്‍ത്തിയെടുത്ത് അവര്‍ക്കൊപ്പം അറബിപ്പാട്ടുകള്‍ പാടിയും ആടിയും ജഗന്നാഥന്‍, നഴ്സുമാരെ വിട്ടുതന്നാല്‍ വിമതരെ ഉപദ്രവിക്കാതെ വിട്ടുകൊള്ളാം എന്ന് അവര്‍ക്ക് വാക്കുകൊടുത്തു. സന്തോഷത്താല്‍ വീര്‍പ്പുമുട്ടിയ വിമതര്‍ ആ അവശ്യം അപ്പോള്‍ തന്നെ അംഗീകരിക്കുകയും, ജഗന്നാഥനു ജയ് വിളിക്കുകയും ചെയ്ത് ബാഗ്ദാദിലുള്ള ഇന്ത്യന്‍ അംബാസഡറെ വിളിച്ചുവരുത്തി നഴ്സ്മാരെ ഏല്‍‌പ്പിക്കുകയും ചെയ്തു.
- ഇതാണു സത്യത്തില്‍ സംഭവിച്ചത്
(ജഗന്നാഥനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക്- ആറാം തമ്പുരാന്‍ കാണുക :P )

No comments:

Post a Comment

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...