Friday, July 25, 2014

മാല


"ആ മാലയെവിടെ?"
ഞാന്‍ അത്ഭുതപ്പെട്ടു. "ഏത് മാല?"
"വെള്ളയും പച്ചയും മുത്തുകള്‍ കോര്‍ത്ത നിന്റെ കഴുത്തിലിട്ടിരുന്ന ആ മാല?"

പത്താം ക്ലാസ്സില്‍, യുവജനോത്സവത്തില്‍ ലോട്ടസ് ഹൗസിന്റെ നാടകത്തില്‍ രാജാവിനു പിന്നില്‍ കുന്തവും പിടിച്ച് ഡയലോഗുകള്‍ കാര്യമായൊന്നുമില്ലാതെ നിന്നിരുന്ന ഭടനായിരുന്നു, ഞാന്‍. സ്റ്റേജില്‍ കേറാനൊരുങ്ങി നിന്നപ്പോള്‍ ഹൗസിന്റെ ചാര്‍ജുണ്ടായിരുന്ന  ജോയ് മാഷ് എന്റെ കഴുത്തില്‍ ഒരു മാല ഇട്ടുതന്നത് ആ നിമിഷം എനിക്ക് ഓര്‍മ്മ വന്നു. പച്ചയും വെള്ളയും മുത്തുകള്‍ കോര്‍ത്ത മാല. ദൈവമേ... അത് ഇവളുടെതായിരുന്നോ!
"എനിക്കാ മാല തിരിച്ചു വേണം"
തിളങ്ങുന്ന കണ്ണുകളുണ്ടായിരുന്ന, ആവശ്യത്തിലധികം നീണ്ട കഴുത്തുണ്ടെന്ന് തോനിയിരുന്ന അവള്‍, ഞാനൊളിഞ്ഞ് നോക്കിയിരുന്ന, എനിക്കാദ്യമായി പ്രണയം തോന്നിയ പെണ്‍കുട്ടി... അവളുടെ മാലയായിര്‍ന്നോ എന്റെ കഴുത്തില്‍!
നാടകം കഴിഞ്ഞപ്പോള്‍ ഞാനത് അഴിച്ച് ഹൗസ് ലീഡര്‍ സുധാമണിയുടെ കയ്യില്‍ കൊടുത്തിരുന്നു.
"മാഷ് പറഞ്ഞു നിന്നോട് ചോദിക്കാന്‍...ഇപ്പോ തന്നെ വൈകി. ഞാന്‍ പൂവ്വാണു. നാളെ തന്നാല്‍ മതി. ഒന്ന് എടുത്ത് വയ്ക്കണം..."
ഒപ്പനയും തിരുവാതിരയും നാടോടി നൃത്തവും തിമര്‍ത്തവസാനിച്ച സ്റ്റേജില്‍ പൊട്ടി വീണ കുപ്പിവളക്കഷ്ണങ്ങള്‍ക്കിടയില്‍, ഗ്രീന്‍ റൂമിലെ ഡസ്കുകള്‍ക്കിടയില്‍ ഒക്കെയും ആ മുത്ത്മാലയും തേടി സന്ധ്യയോളം ഞാന്‍ പരതി.

പിറ്റേന്ന്, ഉച്ച ഭക്ഷണസമയത്ത് അവള്‍ വന്ന് പിന്നെയും ചോദിച്ചപ്പോള്‍, ആ മാല എന്റെ കയ്യിലില്ലെന്ന് നിസ്സഹായതയോടെ ഞാന്‍ പറഞ്ഞപ്പോള്‍, വല്ലാത്ത വിഷമത്തോടെ അവള്‍ പറഞ്ഞു,
"എനിക്കറിയാം, സത്യം, നീ തരാഞ്ഞിട്ടാണു...."

Thursday, July 24, 2014

മരണം

ഉറങ്ങുമ്പോഴുണ്ടാവുന്ന മരണമാണു എറ്റവും മനോഹരമെന്ന് കേട്ടിട്ടുണ്ട്.
കണ്ടുകൊണ്ടിരിക്കുന്ന ഒരു സ്വപ്നം മാഞ്ഞ് പോകുന്നത് പോലെ, അല്ലെങ്കില്‍ കാറ്റിലടര്‍ന്ന് വീണുപോകുന്ന ഒരു പൂവുപോലെ... നിശ്ശബ്ദം.
നാട്ടിലൊക്കെ വിളിച്ച് കഴിഞ്ഞ്, വ്യാഴാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന ഒരാള്‍ മരിച്ചു എന്ന് അറിയുന്നത് മൂന്നാം നാള്‍ ഉച്ചയായിട്ടും അയാള്‍ ഓഫിസില്‍ എത്താതിരുന്നപ്പോള്‍, വിളിച്ച് നോക്കിയിട്ടും ഫോണെടുക്കാതായപ്പോള്‍ ആരൊക്കെയോ ചെന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോഴാണു.
ചില വാര്‍ത്തകള്‍ ശരീരത്തിലൂടെ ഒച്ചിഴയുന്നത് പോലെ അലോസരപ്പെടുത്തുന്നു.

Monday, July 07, 2014

നയതന്ത്രം

മുഖ്യമന്ത്രിയുടെ ഇടപെടല്‍, കേന്ദ്രമന്ത്രിയുടെ കഴിവ്, ഇറാഖ് വിമതരുടെ ദയ, എന്‍‌ആര്‍‌ഐ വ്യവസായിയുടെ കരുനീക്കങ്ങള്‍, സൗദിയുടെ നയതന്ത്രം, സൈന്യത്തിന്റെ ഭീഷണി, കമാന്‍ഡോ ഓപ്പറേഷന്‍... എന്നിങ്ങിനെ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി തുടരുന്ന ഇറാഖില്‍ നിന്ന് മലയാളി നഴ്‌സുമാരെ തിരിച്ചുകൊണ്ടുവന്നതില്‍ പലഅവകാശവാദങ്ങളും കേട്ട് എല്ലാവരും കണ്‍ഫ്യൂഷനായി ഇരിക്കുകയാവും എന്ന് എനിക്കറിയാം. മുഖ്യമന്ത്രിയാണെങ്കില്‍ ഒന്നും വെളിപ്പെടുത്തില്ല എന്ന്‍ ഉറപ്പിച്ച് പറയുകയും ചെയ്യുന്നു. ഈ അവസരത്തില്‍ സത്യം തുറന്ന് പറയേണ്ടത് എന്റെ കടമയാണെന്ന് എനിക്ക് തോനുന്നു.
പ്രശ്നം കൈകാര്യം ചെയ്യാന്‍ ജഗന്നാഥനെ മൊബൈലില്‍ പലവട്ടം വിളിച്ചിട്ടും കിട്ടാതായപ്പോള്‍, ലോകത്തിന്റെ ഏത് മൂലയിലാണെങ്കിലും അവനെ പൊക്കിയെടുക്കാന്‍ പ്രൈവറ്റ് സെക്രട്ടറിയെ പറഞ്ഞേല്‍‌പ്പിച്ച് ചാണ്ടിച്ചായന്‍ കഞ്ഞികുടിക്കാന്‍ പോയി. സിക്രട്ടറി ജോണിക്കുട്ടി ആദ്യം വിളിച്ചത് പ്രസിഡന്റ് ഒബാമയെ ആയിരുന്നു, ജഗന്നാഥനെയാണ താനും തിരയുന്നത് എന്നും, ഇഷ്ടനെ കയ്യില്‍ കിട്ടിയിട്ട് വേണം റഷ്യ-ഉക്രൈന്‍ സംഘര്‍ഷത്തിനു മധ്യസ്ഥം വഹിക്കാനുള്ള ചര്‍ച്ചകള്‍ നടത്താന്‍ എന്നും, ആളുടെ വല്ല വിവരവും കിട്ടിയാല്‍ തന്നെ കൂടെ ഒന്ന് അറിയിച്ചേക്കണം എന്നും അപേക്ഷിച്ച് ഒബാമ ഫോണ്‍ ഡിസ്കണക്ട് ചെയ്തു. ഇനി അമേരിക്ക ഇടപെടുന്നതിനു മുമ്പ് റഷ്യ-ഉക്രൈന്‍ സംഘര്‍ഷം ഒത്തുതീര്‍പ്പാക്കാന്‍ ജഗന്നാഥന്‍ അങ്ങോട്ട് വിട്ടുകാണുമോ എന്ന സംശയത്തില്‍ ജോണിക്കുട്ടി വ്ലാഡിമര്‍ പുട്ടിനെയും, ഉക്രൈന്‍ പ്രസിഡന്റ് പൊറോഷൊങ്കോയെയും വിളിച്ച് നോക്കിയെങ്കിലും ടിയാന്‍ അവിടെയെവിടെയും എത്തിയിട്ടില്ല എന്ന് അറിവായി. പ്രൊ-റഷ്യന്‍, ആന്റി-റഷ്യന്‍ ആര്‍മിതലവന്മാരും കൈമലര്‍ത്തി.
സിറിയ, ലിബിയ എന്നീ സ്ഥലങ്ങളിലെ എയര്‍പോര്‍ട്ടുകളില്‍ അന്വേഷിച്ചപ്പോള്‍ അവിടെവിടെയും ജഗന്നാഥന്‍ ഈയടുത്തെങ്ങും ഇറങ്ങിയിട്ടില്ല എന്ന്‍ വെളിവായി. ഈജിപ്ത് പ്രസിഡന്റ്, സൗദിരാജാവ്, ഇറാന്‍ സുപ്രീം ലീഡര്‍ തുടങ്ങിയവര്‍ ജഗന്നാഥനെ കണ്ടുപിടിക്കാനുള്ള എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും, ഉടനെ തന്നെ അന്വേഷണങ്ങള്‍ ആരംഭിക്കുകയും ചെയുതു. യൂറോപ്യന്‍ യൂണിയനിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെവിടെയെങ്കിലും ജഗന്നാഥന്‍ എത്തിയിട്ടുണ്ടോ എന്നന്വേഷിക്കാന്‍ ഇംഗ്ലണ്ട്, ഫ്രാന്‍സ് പ്രസിഡന്റ്മാര്‍ക്ക് ജോണിക്കുട്ടി ചാണ്ടിച്ചായന്റെ സ്വകാര്യ ഫാക്സ് നമ്പറില്‍ നിന്നും ഫാക്സയച്ചു. ഇസ്രായേല്‍ പാര്‍ലിമെന്റ് തങ്ങളുടെ രഹസ്യ സംഘടനയായ മൊസാദിനെ ജഗന്നാഥനെ ഉടനെ തന്നെ കണ്ടുപിടിക്കാന്‍ ശട്ടംകെട്ടി
മെക്സിക്കോവിലെയും കൊളംബിയയിലേയും മയക്ക് മരുന്ന് കേന്ദ്രങ്ങള്‍, ലാസ്‌വേഗസിലെയും, തായ്‌ലന്റിലെയും ചൂതാട്ട കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലേക്കും ജഗന്നാഥനെ തേടിയുള്ള അന്വേഷണം നീണ്ടു. ഫുട്ബോള്‍ ഭ്രാന്തനായ ജഗന്നാഥന്‍ ലോകകപ്പ് നടക്കുന്ന ബ്രസീലിലെ സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കുന്നുണ്ടോ എന്നറിയാന്‍ കവാടങ്ങളില്‍ ജഗന്നാഥന്റെ ഫോട്ടോ പതിച്ച വലിയ ബോഡുകള്‍ ഫിഫ പ്രസിഡന്റിന്റെ പ്രത്യേക മേല്‍നോട്ടത്തില്‍ സ്ഥാപിക്കാന്‍ ഉത്തരവായി. സ്റ്റേഡിയങ്ങളിലെ കൂറ്റന്‍ എല്‍‌ഇഡി സ്ക്റീനുകളില്‍ 'ജഗന്നാഥന്‍ സ്റ്റേഡിയത്തിലുണ്ടെങ്കില്‍ ഉടന്‍ മൈക്ക് പോയന്റുമായി ബന്ധപ്പെടുക' എന്ന വാചകം ഇടക്കിടെ പ്രദര്‍ശിപ്പിച്ചു.
ലോകമെമ്പാടും തനിക്കായുള്ള അന്വേഷണം നടക്കുന്നതറിയാതെ, കൊണ്ടോട്ടിയില്‍ തന്റെ സുഹൃത്തിനായുള്ള ഒരു അതിരുതര്‍ക്കം മദ്ധ്യസ്ഥം വഹിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ ഇറാക്കില്‍ മലയാളി നഴ്സ്മാര്‍ കുഴപ്പത്തിലാണ എന്ന വാര്‍ത്ത ജഗന്നാഥന്‍ ടിവിയില്‍ കാണുന്നത്. ഉടന്‍ തന്നെ ഒരു ഡ്റോണ്‍ വിമാനം വരുത്തി അതിന്റെ ചിറകില്‍ തൂങ്ങിനിന്ന് ജഗന്നാഥന്‍ നേരെ ഇറാക്കില്‍ ചെന്നിറങ്ങി. തിക്രിത് പ്രദേശം പിടിച്ചെടുത്ത് ആഹ്ലാദപ്രകടനമായി വരികയായിരുന്ന വിമതര്‍, ജഗന്നാഥന്റെ വരവ് കണ്ട് പേടിച്ച് പരക്കം പാഞ്ഞു. തന്റെ സ്വതസിദ്ധമായ ചില ഇടപെടലുകളിലൂടെ തിരിച്ചോടിയ വിമതരില്‍ വിശ്വാസം വളര്‍ത്തിയെടുത്ത് അവര്‍ക്കൊപ്പം അറബിപ്പാട്ടുകള്‍ പാടിയും ആടിയും ജഗന്നാഥന്‍, നഴ്സുമാരെ വിട്ടുതന്നാല്‍ വിമതരെ ഉപദ്രവിക്കാതെ വിട്ടുകൊള്ളാം എന്ന് അവര്‍ക്ക് വാക്കുകൊടുത്തു. സന്തോഷത്താല്‍ വീര്‍പ്പുമുട്ടിയ വിമതര്‍ ആ അവശ്യം അപ്പോള്‍ തന്നെ അംഗീകരിക്കുകയും, ജഗന്നാഥനു ജയ് വിളിക്കുകയും ചെയ്ത് ബാഗ്ദാദിലുള്ള ഇന്ത്യന്‍ അംബാസഡറെ വിളിച്ചുവരുത്തി നഴ്സ്മാരെ ഏല്‍‌പ്പിക്കുകയും ചെയ്തു.
- ഇതാണു സത്യത്തില്‍ സംഭവിച്ചത്
(ജഗന്നാഥനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക്- ആറാം തമ്പുരാന്‍ കാണുക :P )

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...