Wednesday, December 22, 2010

തമര ഇല"നമ്മുടെ സിനിമാ ടാക്കീസിന്റെ പിന്നിൽ ഇപ്പോൾ വലിയ കെട്ടിടങ്ങൾ ഉയർന്ന് നിൽക്കുന്നിടമൊക്കെ ഞാൻ ചെറുതിൽ, ആളൊഴിഞ്ഞ  പറമ്പായിരുന്നു. മഴക്കാലം കഴിഞ്ഞാൽ അവിടെ നിറച്ചും തമര ചെടികൾ തഴച്ചു വളരും. പിന്നീട് കുറെ നാൾ അതാണു ഭക്ഷണം. അന്നൊക്കെ ചോറും തോരനും ആയിരുന്നില്ല, തോരനും ചോറും ആയിരുന്നു. ഒരു പിഞ്ഞാണം നിറയെ തമരയില തോരനും, ഒരു മൂലയ്ക്ക് കുറച്ചു ചോറും. ഇത്തിരി അരി കൊണ്ട് ഞങ്ങൾ മക്കളുടെ വയർ നിറയ്ക്കാൻ അമ്മയുടെ പെടാപാടുകൾ......

വിശപ്പറിയാതെ പഠിക്കാനിരിക്കാൻ തമരയില അങ്ങിനെ വലിയൊരു അനുഗ്രഹമായി!"

തമരയില തോരനെ കുറിച്ച് എത്ര പറഞ്ഞാലും മതി വരില്ല, ഇപ്പോഴും അവനു

Monday, November 29, 2010

ഏകാന്തൻ - 2

അൽബിദാദ്.
നൂറ്റാണ്ടുകൾ പഴക്കമുള്ള ഒമാനിലെ ഒരു തുറമുഖ നഗരത്തിന്റെ അവശിഷ്ടങ്ങൾ.
ഒരു വൈകുന്നേരം മുഴുവനും അവിടെ കറങ്ങി എടുത്ത ഫോട്ടോകളും പിന്നീട് ഒരു കുറിപ്പാക്കാൻ സമാഹരിച്ചിച്ച വിവരങ്ങളും അടങ്ങിയ പെൻ ഡ്രൈവ് കളഞ്ഞു പോയി.
ക്യാമറയിൽ അവശേഷിച്ചിരുന്ന ഒരേ ഒരു പടം.

Thursday, October 14, 2010

പറഞ്ഞാലും തീരാത്തത്...


“ഗോപാൽട്ടാ ഒരു മുട്ടോംലറ്റ്. പാർസലാ”

‘എംബസി’ ഹോട്ടലിലേയ്ക്ക് കയറിവന്ന ഓട്ടോ ഡ്രൈവർ ‘കില്ലാഡി’ ബാലൻ അകത്തേയ്ക്ക് നോക്കി വിളിച്ചു പറഞ്ഞു;

ഞാൻ അജയന്റെ വാ പൊത്താൻ ചാടി എഴുന്നേൽക്കുന്നതിനു മുമ്പ് തന്നെ, വായിച്ചു കൊണ്ടിരുന്ന മനോരമ വാരികയിൽ നിന്നും മുഖമുയർത്താതെ അവൻ വിളിച്ചു പറഞ്ഞു;

“ഗോപാലേട്ടാ ഒരു ചക്കോംലറ്റ് ഇവിടെ”

ദൈവമേ ഇന്നു തല്ല് ഉറപ്പ്. അറിയാതെ ഞാൻ തലയിൽ കൈ വച്ചു പോയി. ഇതിപ്പോ എത്രാമത്തെ തവണയാണു ലോക്കൽ ഗുണ്ടയായ ‘കില്ലാഡി’ ബാലനുമായി ഇവൻ ഏറ്റുമുട്ടുന്നത്. ഫസ്റ്റ് ഇയറിനു സന്തോഷ് ടാക്കീസിൽ നിന്നും സെക്കൻഡ് ഷോ കാണുമ്പോൾ, അജയൻ സിഗരറ്റ് പുക മന:പൂർവ്വം മുന്നിലെ സീറ്റിലിരിക്കുന്ന കില്ലാഡിയുടെ മുഖത്തേയ്ക്ക് ഊതി എന്നു പറഞ്ഞ് തുടങ്ങിയ ഉടക്കാണു മൂന്നാം വർഷമായിട്ടും തുടരുന്നത്.

കാവുത്സവത്തിനു ചന്ത പറമ്പിൽ വച്ചായിരുന്നു ഒരിക്കൽ ശരിക്കും അടി പൊട്ടിയത്. കൂട്ടതല്ല്. നാലെണ്ണം അടിച്ച് കിന്റായി നില്ക്കുന്ന അജയൻ, അതിലും കിന്റായി നില്ക്കുന്ന കില്ലാഡിയുടെ ദേഹത്ത് അറിയാത്ത ഭാവത്തിൽ ഒന്നു മുട്ടി. ‘കില്ലാഡി’യുടെ സംഘബലം അന്നായിരുന്നു ഞങ്ങൾക്ക് മനസ്സിലായത്. എവിടെനിന്നൊക്കെയോ എത്തിയ അവന്മാർ ഞങ്ങളെ മെതിച്ചു വിട്ടു. ദേവരാജനു മാമൻ ഗൾഫിൽ നിന്നും കൊണ്ടുവന്ന് കൊടുത്ത റാഡോ വാച്ച് അന്നു നഷ്ടപ്പെട്ടതിന്റെ ദുഖം അവനു ഇനിയും മാറിയിട്ടില്ല. (ആ വാച്ചും കെട്ടിയാണു കില്ലാഡി ബാലൻ പിന്നീട് കുറച്ച് നാൾ ഓട്ടോ ഓടിച്ചത് എന്ന് കേട്ടിട്ടുണ്ട്)

അന്നു മുഖത്തിന്റെ ഷേപ്പ് മാറിയ ഞാനും ദേവനും പിന്നീട് കില്ലാഡിയെ കാണുമ്പോൾ കാണാത്ത ഭാവത്തിൽ നടക്കുമായിരുന്നെങ്കിലും, കിട്ടുന്ന അവസരങ്ങളിലൊക്കെയും അജയൻ അവനുമായി ‘കൊളുത്തി’. രാത്രിയിൽ നമ്പീശന്റെ വീട്ടു മുറ്റത്ത് നിർത്തിയിടുമായിരുന്ന കില്ലാഡിയുടെ ഓട്ടോയുടെ ടയറിലെ കാറ്റ്, അലാറം വച്ചു ഉണർന്ന് പോയി അഴിച്ചു വിടുക. ഓട്ടോ സ്റ്റാൻഡിനു മുന്നിലെ സ്റ്റേഷനറി കടയിലെ ഫോണിലേയ്ക്ക് കില്ലാഡിയെ അജ്ഞാതനായി വിളിച്ച് മുട്ടൻ തെറി പറയുക തുടങ്ങി, ഉന്തും തള്ളും കൊണ്ടും കൊടുത്തും ഇങ്ങിനെ കാലം കഴിയുകയാണു.

ഇതിപ്പോൾ ഞാനും അജയനുമേ ഉള്ളൂ. മഞ്ഞക്കാമല പിടിച്ച് ദേവൻ നാട്ടിലാണു. അടി പൊട്ടിയാൽ ഒരാളുടെ ഷേർ കൂടുതൽ വാങ്ങേണ്ടി വരും. ആകെ ഒരു ആശ്വാസമുള്ളത് ഗോപാലേട്ടന്റെ കടയിലാണു എന്നുള്ളതാണു.

“എന്താൺടാ തമാശയാ”; ഇരിക്കാനോങ്ങിയ ബാലൻ ഞങ്ങളിരിക്കുന്ന ബഞ്ചിനടുത്തേയ്ക്ക് വന്നു

കലാകൗമുദിയിൽ സാഹിത്യവാരഫലം സ്ഥിരമായി വായിക്കാറുള്ള അജയൻ, അതിന്റെ ഒരു സ്റ്റൈലിൽ എന്നെ നോക്കി പറഞ്ഞു;

“ഓംലറ്റ് എന്നു പറഞ്ഞാൽ മതി. മുട്ട കൊണ്ടേ ഇവിടെ ഓംലറ്റ് ഉണ്ടാക്കൂ”;

കാലമാടാ നീ അത് എന്നോടെന്തിനു പറയുന്നു, നിനക്ക് കില്ലാഡിയോട് നേരിട്ട് പറഞ്ഞാൽ പോരെ എന്ന ഭാവത്തിൽ ഞാൻ അജയനെ ദയനീയമായി നോക്കി.

ഗോപാലേട്ടൻ ഇടപെട്ടു; “വിട്ടേയ്ക്ക് ബാലാ, പിള്ളാരല്ലേ”

“ഗോപാലേട്ടന്റെ കടയായി പോയി...”

“അല്ലായിരുന്നെങ്കിൽ നീ ഒണ്ടാക്കും...”; പിന്നെയും കൊളൂത്താനിരുന്ന അജയനെ പിടിച്ച് വലിച്ച് ഞാൻ റോഡിലേയ്ക്കിറങ്ങി.
....

Wednesday, September 29, 2010

വിധി പറയും മുമ്പേ....


"നാണ്വേട്ടാ, നാണ്വേട്ടാ.. അതെന്തുന്നാത്, ബാബറി മസ്ജിദ് പ്രശ്നം?";

പതിവു രാവിലെകളിലെ എന്നത് പോലെ വായനശ്ശാലയിൽ നിന്നും സകല പത്രങ്ങളും അരിച്ച് പെറുക്കി വായിച്ച്, ചാപ്പയിൽ നിന്നും മീനും വാങ്ങി വീട്ടിലേയ്ക്ക് നടക്കുകയായിരുന്ന വാർഡ് മെംബർ നാണുവേട്ടനോട്, പിന്നിൽ നിന്നും സൈക്കിളിൽ വന്ന തയ്യൽക്കാരൻ വിനോദന്റെ ചോദ്യമാണു. വിനോദന്റെ സൈക്കളിന്റെ പിന്നിലേയ്ക്ക് ഒരഭ്യാസിയെ പോലെ ചാടികയറി ഇരുന്ന് നാണുവേട്ടൻ പറയാൻ തുടങ്ങിയത്, ലോഡ്ജിനു  മുന്നിലെ അരമതിലിൽ ഇരിക്കുകയായിരുന്ന എനിക്കോ ദേവനോ, അജയനോ കേൾക്കാൻ കഴിഞ്ഞില്ല.

എൺപതുകളുടെ അവസാനം. അലഹബാദ് ഹൈക്കോടതി വിധിയും, അതിനു മുൻപും പിൻപും ഉണ്ടായിട്ടുള്ള സംഭവ വികാസങ്ങളും കാരണം പത്രങ്ങളിലും ആളുകളുടെ ചർച്ചകളിലും ബാബറി മസ്ജിദ് ഇടം പിടിച്ചുതുടങ്ങിയ കാലം.

“എന്തുവാടൈ സത്യത്തിൽ അവിടുത്തെ പ്രശ്നം? നിനക്കു വല്ലതും പിടിയിണ്ടാ?”; ദേവൻ അജയനെ തോണ്ടി.

“ബാ......”; അണഞ്ഞു പോയ ഒരു ബീഡി കത്തിക്കുന്നതിലായിരുനു അവന്റെ ശ്രദ്ധ.

കെ.എസ്സ്.യുവിലെ പ്രതാപനും എസ്സ്.എഫ്.ഐയിലെ ഗണേശനും കൈ മലർത്തിയപ്പോൾ, എം.എസ്സ്.എഫിലെ നാസ്സർ ആണു ഒരു ഐഡിയ പറഞ്ഞു തന്നത്;

“നമുക്ക് രമേശനോട് ചോദിക്കാം”

രമേശൻ എ.ബി.വി.പി ആണു. കോളെജ് ഗ്രൗണ്ടിലെ പടിഞ്ഞാറെ മൂലയ്ക്ക്, മാവിൻ ചോട്ടിൽ സെക്കന്റ് ബോട്ടണിയിലെ അവന്റെ കാമുകിയുമായി ലൈനടിച്ച്കൊണ്ടിരുന്ന രമേശനു അരിശം വന്നു;

“നിനക്കൊനും വേറെ പണിയില്ലേടേയ്, പൊക്കോണം അവിടുന്ന്”

ഞങ്ങൾ എല്ലാവരും അവസാന വർഷ ഡിഗ്രി ക്ലാസ്സുകളിലാണു. കോളെജ് ഇലക്ഷനു മുൻപു തന്നെ ഞങ്ങൾ തീരുമാനമെടുത്തിരുന്നു, രാഷ്ട്രീയത്തിന്റെ പേരു പറഞ്ഞ് ആരും അലമ്പുണ്ടാക്കരുത്, അവസാന വർഷമാണു- പഞ്ചാരയടി, വെള്ളവടി, നാടു ചുറ്റൽ തുടങ്ങിയ സന്തോഷ പ്രദമായ പരിപാടികൾക്കായിരിക്കണം ഈവർഷത്തെ പ്രധാന്യം.

ഇനിയിപ്പോൾ ഒരു വഴിയേ ഉള്ളൂ, സംഗതി അറിയണമെങ്കിൽ അലക്സ് മാഷോട് ചോദിക്കുക. കോളെജിലെ ബുദ്ധിജീവി ഇംഗ്ളിഷ് പ്രൊഫസറാണു അലക്സ് മാഷ്. ചാതുർവർണ്യത്തിൽ വിശ്വസിക്കുന്ന ആളെപ്പോലാണു ഞങ്ങളെ കണ്ടാൽ അദ്ദേഹം പെരുമാറുക. ഞങ്ങൾക്ക് കടന്നു പോകാൻ തല താഴ്ത്തി മാറി നിന്നു തരും. കൂട്ടത്തിൽ ആരുടെയെങ്കിലും ശബ്ദം കേട്ടാൽ തന്നെ വഴി മാറി നടന്നു പോകും. മുൻപ് ഇംഗ്ളീഷ് ക്ലാസ്സുകളിൽ അറ്റെൻഡൻസ് തന്ന് ഞങ്ങളെ ക്ലാസ്സിൽ നിന്ന് ഇറങ്ങി പോകാൻ അനുവദിച്ചെ ഇരിക്കുക പോലുമുള്ളൂ, അദ്ദേഹം.

അജയൻ ഭവ്യത കാണിച്ച് മാഷോട് പ്രശ്നം അവതരിപ്പിച്ചു.

“ഇതൊക്കെ നിനക്ക് താങ്ങുവോടാ?”; മാഷ് ചിരിച്ചു; “അങ്ങ് യു.പിയിലെങ്ങാൻ കിടക്കുന്ന കാര്യമെടുത്ത് തലയിലിടാതെ, എക്സാമിനു വല്ലതും പ്രിപ്പയർ ചെയ്യാൻ നോക്കു നിങ്ങൾ. ഇതിൽ ആർക്കൊക്കെ ഇനിയും ഇംഗ്ളിഷ് കിട്ടാൻ ബാക്കിയുണ്ട്?”

എങ്കിലും മാഷ് ചുരുക്കി പറഞ്ഞു തന്നു; "ഒരു ആരാധനാലയത്തെ ചൊല്ലി മുസ്ളീം-ഹിന്ദു കലഹമാണു. ഒരു ജനാധിപത്യ രാഷ്ട്രത്തിൽ ഇത്തരം കലഹങ്ങൾ സമവായത്തിലൂടെ തീർക്കാൻ കഴിയും. ക്ഷമയും വിവേകവും നമ്മുടെ രാഷ്ട്രത്തിന്റെ മത സൗഹാർദ്ദത മുന്നോട്ട് നയിക്കുക തന്നെ ചെയ്യും. നമുക്ക് തരണം ചെയ്യാൻ മുൻഗണനാക്രമത്തിൽ പെട്ട ഒരു പാട് കാര്യങ്ങൾ വേറെയുണ്ട്- പട്ടിണി, പൊതുജനാരോഗ്യം, തൊഴിലില്ലായ്മ..."

*

ഇന്നലെ അജയന്റെ ഓഫ് ലൈൻ ചാറ്റ് മെസ്സേജ്-

”ആ കോടതി വിധി ഒന്നു വന്നിരുന്നെങ്കിൽ.. എല്ലാവരും സ്വമനസ്സാലെ അത് അംഗീകരിച്ചിരുന്നെങ്കിൽ....“

Sunday, September 19, 2010

മുരുടേശ്വര
മുരുടേശ്വര, കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നിന്നും ഉദ്ദേശം 60 കി.മി അകലെ ഒരു അറബിക്കടലോര പട്ടണം.

ഇരുപതു നിലയുള്ള ക്ഷേത്ര ഗോപുരത്തിനു മുകളിലേയ്ക്ക് പോകാൻ ആളൊന്നിനു ഇരുപതു രൂപ നിരക്കിൽ ലിഫ്റ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഗോപുര മുകളിൽ നിന്നും, 123 അടി ഉയരമുള്ള ശിവ വിഗ്രഹവും ചുറ്റുമുള്ള കടലും കരയും അതിന്റെ പൂർണ്ണ സൗന്ദര്യത്തോടെ കാണാനാകും.

വിക്കിയിൽ കൂടുതൽ വായിക്കാം- http://en.wikipedia.org/wiki/Murudeshwara

Wednesday, September 08, 2010

രഞ്ജിനി, ശ്രോതക്കൾ ആവശ്യപ്പെട്ട ചലചിത്ര ഗാനങ്ങൾ


“ആകാശവാണി, തിരുവനന്തപുരം, തൃശ്ശൂർ, അലപ്പുഴ, കോഴിക്കോട്. രഞ്ജിനി, ശ്രോതക്കൾ ആവശ്യപ്പെട്ട ചലചിത്ര ഗാനങ്ങൾ”

ശ്രുതി മധുരമായ സ്ത്രീ ശബ്ദത്തിൽ, പ്രദീപേട്ടന്റെ ചെറിയ റേഡിയോവിൽ നിന്നും അനൌൺസ്മെന്റ് വന്നതോടെ ഉറക്കം തൂങ്ങി ഇരുന്ന ഞങ്ങൾ ഉഷാറായി.

“ഇന്ന് ആദ്യമായി ഒരു യുഗ്മഗാനമാണു. യേശുദാസും ചിത്രയും ചേർന്ന് പാടിയത്. ചിത്രം ഞാൻ ഏകനാണു. ഗാന രചന സത്യൻ അന്തിക്കാട്, സംഗീതം എം.ജി രാധാകൃഷ്ണൻ”

പ്രണയവസന്തം തളിരണിയുമ്പോൾ പ്രിയസഖിയെന്തേ മൗനം.....

“ശ്ശേടാ,  രജനീ പറയൂ പൂ നിലാവിൻ... ആയിരുന്നു വേണ്ടത് ...”; ദേവരാജൻ അഭിപ്രായപ്പെട്ടു.

ഓ മൃദുലേ... ആയിരിക്കും എന്നാണു ഞാൻ കരുതിയത്”; പ്രദീപേട്ടൻ അരയിൽ നിന്നും ബീഡി കെട്ട് എടുത്തു. ഒരു ബീഡി കിട്ടിയാൽ വലിക്കാമെന്ന മൂഡിൽ ഇരിക്കുകയായിരുന്ന അജയൻ പ്രദീപേട്ടനെ പിന്താങ്ങി. പ്രദീപേട്ടൻ ഒരു ബീഡി അജയനു നേരെ നീട്ടി.

രാത്രി പത്ത് മണിമുതൽ, ഒരു മണിക്കൂർ നീളുന്ന രഞ്ജിനി. ഇഷ്ട ഗാനങ്ങൾ ആസ്വദിക്കാൻ കിട്ടുന്ന അവസരം. കാസറ്റുകളും ടേപ്പ് റിക്കോഡറുകളും അന്ന് സർവ്വ സാധരണമായി തുടങ്ങിയിരുന്നില്ല.

ലോഡ്ജ് വരാന്തയിൽ ബീഡിയും പുകച്ച്, പാട്ട് കേട്ടും അഭിപ്രായം പറഞ്ഞും, അടുത്ത പാട്ട് ഏതായിരിക്കും എന്ന് ബെറ്റ് വച്ചും ഞങ്ങൾ ഇരുന്നു.

ശോക-വിരഹ ഗാനങ്ങളായിരുന്നു, പ്രദീപേട്ടനു ഇഷ്ടം. ‘മനം നൊന്തു ഞാൻ കരഞ്ഞു, മനതാരിലെ ഓർമകളും’ ഒക്കെ വരുമ്പോൾ ഒരു ബീഡിയും പുകച്ച്, തോർത്ത് തലയിൽ കെട്ടി പ്രദീപേട്ടൻ അഭിനയിച്ചു കാണിച്ചു.

നീയെൻ കിനാവോ പൂവോ നിലാവോ, രാഗം തുളുമ്പും...’ ടൈപ്പ് പാട്ടുകൾ വരുമ്പോൾ ദേവരാജൻ കൂടെ പാടും. അന്നത്തെ അടിപൊളി പാട്ടുകളുടെ ആരാധകനായിരുന്നു അവൻ.

എനിക്കും അജയനും അങ്ങിനെ പ്രത്യേക താൽപര്യങ്ങൾ ഇല്ല. എന്തും കേൾക്കും. അജയൻ ഇത്തിരി കൂടെ കടന്ന കയ്യാണു. അവൻ ചിലപ്പോൾ ഉച്ച സമയത്തെ ‘ശ്രീനിവാസ അയ്യർ പുല്ലാംകുഴലിൽ വായിച്ച കൃതികൾ’ ടൈപ്പ് ഇരുന്ന് കേൾക്കുന്നത് കാണാം.

*

അജയന്റെ കാറിൽ, എഫ്-എം റേഡിയോവിൽ വാചകമേളകൾക്കും പരസ്യങ്ങൾക്കും ശബ്ദ കോലാഹലങ്ങൾക്കും ഇടയിൽ വരുന്ന പാട്ട് ഓഫ് ചെയ്ത് അവൻ അടുത്തിരിക്കുന്ന എന്നോട് ചോദിച്ചു;

“അന്ന് നമ്മെ അലട്ടിയിരുന്ന ഒരു പ്രധാന കാര്യം നിനക്ക് ഓർമ്മയുണ്ടോ?”; അജയൻ ഓർമകളിൽ കയറി ഇറങ്ങി ഒന്ന് ചിരിച്ചു; “ശ്രോതാക്കൾ എവിടെ ചെന്നാണു പാട്ട് ആവശ്യപ്പെടേണ്ടത് എന്ന്!”

Sunday, August 08, 2010

പ്രളയം


ആദ്യ ജോലിസ്ഥലത്ത്, ഒരു മഴക്കാലത്ത് ഞങ്ങൾ ഇൻസ്ട്രക്ടർമാർക്ക് തോനിയ ഒരു ആശയം- ഒരു കയ്യെഴുത്ത് പുസ്തകം ഉണ്ടാക്കുക.

വിവിധ ട്രേഡുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളോടും, പഠിപ്പിക്കുന്ന അദ്ധ്യാപകരോടും മഴയുടെ സൗന്ദര്യത്തെ കൂറിച്ച് എഴുതാൻ ഞങ്ങൾ പ്രസാധക സംഘം ആവശ്യപ്പെട്ടു.

മോഡൽ പോളിടെക്നികിൽ നിന്നും ഡിപ്ളോമ കഴിഞ്ഞ് ആയിടെ, ഓട്ടോ ഇലക്ട്രിഷ്യൻ ട്രേഡിൽ പഠിപ്പിക്കാൻ വന്ന മോൻസി മാത്യു, എന്റെ നിരന്തരമായ നിർബ്ബന്ധത്തിനു ശേഷം ഒരു കടലാസിൽ എനിക്ക് എഴുതി തന്നു;

“സുഹൃത്തേ, നിങ്ങളീപറയുന്ന മഴയെ എനിക്കറിയില്ല. അതിന്റെ സൗന്ദര്യത്തെയും എനിക്കറിയില്ല. ചോർന്നൊലിക്കുന്ന പുരയിൽ, നിർദ്ദയം പെയ്യുന്ന മഴയൊന്നു തോർന്നുകിട്ടാൻ പ്രാർത്ഥനയോടെ കാത്തിരുന്ന ബാല്യം. മാനം കറുക്കുന്നത് നോക്കി, ഉരുൾ പൊട്ടലിന്റെ ഭീതിയിൽ നിസ്സഹായതയോടെ നെടുവീർപ്പുകളോടെ ഞങ്ങൾ, മക്കളെ നോക്കി നില്ക്കുന്ന മാതാപിതാക്കൾ. ഇറക്കിയ കൃഷി മുഴുവൻ നക്കി വെളുപ്പിച്ചു പോകുന്ന മലവെള്ളം. തീ പിടിപ്പിക്കാൻ, നനഞ്ഞ വിറകു ഊതി ഊതി നെഞ്ചിൻ കൂടു പൊളിഞ്ഞ ദിനരാത്രങ്ങൾ. മഴയെ നേരിടാൻ, മഴക്കാലത്തെ നേരിടാൻ ഒന്നുമില്ലായിരുന്നു, ഞങ്ങളുടെ പക്കൽ. അതെ സുഹൃത്തെ, മഴയുടെ സൗന്ദര്യത്തെ കുറിച്ച് എനിക്ക് ഒന്നും അറിയില്ല. കാരണം, മഴയെ എനിക്ക് ഭയമാണു”

മോൻസിയുടെ കുറിപ്പ് വേറിട്ട് നിന്നു. കൂട്ടത്തിൽ മറ്റാർക്കും അങ്ങിനെ ഒരു അനുഭവം ഇല്ലായിരുന്നു.

***

മഴവെള്ളവും പ്രളയവും നക്കിതുടച്ചെടുക്കുന്ന പാക്കിസ്താനിലെ സിന്ധ് പ്രവിശ്യയിൽ നിന്നുമുള്ള ദൃശ്യങ്ങൾ കരളലിയിക്കുന്നതാണു. കുത്തിയൊഴുകുന്ന വെള്ളപ്പാച്ചിലിൽ നിസ്സഹാരായി നില്ക്കുന്ന കുഞ്ഞുങ്ങളും വൃദ്ധരും സ്ത്രീകളൂം അടക്കമുള്ള ആൾക്കൂട്ടം. ആവശ്യത്തിനു ഭക്ഷണമോ, ഷെൽട്ടറുകളോ ഇല്ല. ആയിരത്തി അറനൂറിലധികം ജീവഹാനി ഇതുവരെ. ദുരിതാശ്വാസ പ്രവർത്തനങ്ങളുക്കും മഴ തടസ്സം.

മോൻസി മാത്യുവിന്റെ കുറിപ്പ് ഞാൻ വീണ്ടും ഓർക്കുന്നു-

“സുഹൃത്തേ, നിങ്ങളീപറയുന്ന മഴയെ എനിക്കറിയില്ല....”

Sunday, July 25, 2010

ഗ്രൌണ്ട് സീറോ


“ഡോ, മുടിയും മീശയുമൊക്കെ വെളുപ്പിച്ചാൽ ആളിനെ തിരിച്ചറിയില്ലെന്നു കരുതിയോ”

ആതിര ബേക്കറിയ്ക്ക് മുന്നിൽ സമൂസ വാങ്ങാൻ നില്ക്കുകയായിരുന്ന ഞാൻ അമ്പരപ്പോടെ തിരിഞ്ഞു നോക്കി.

ഇത്തിരി ബുദ്ധിമുട്ടിയെങ്കിലും ഞാൻ ആളെ തിരിച്ചറിഞ്ഞു. സജിനി! കൂടെ രണ്ട് സിക്സ് പായ്ക്ക് ചെക്കന്മാർ.

“മക്കളേ, ദാ നിക്കുന്നു അമ്മേടെ എൽ.പി സ്കൂൾ ക്ലാസ്സ് മേറ്റ്!”

സജിനി, ഒന്ന് മുതൽ അഞ്ച് വരെയുള്ള എൽ.പി ക്ലാസിലെ സഹപാഠി. പി-ജിയും വിവാഹവും കഴിഞ്ഞ് സജിനി മദ്രാസിൽ സെറ്റിലായത് അറിയാമായിരുന്നു. പത്ത് ഇരുപത്തി അഞ്ച് വർഷങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ച.

കുറച്ച് നേരം വിശേഷങ്ങളൂം തമാശകളൂം പഴയ സ്കൂൾ കഥകളൂം പറഞ്ഞ് യാത്ര പറയാനൊരുങ്ങുമ്പോൾ സജിനി പറഞ്ഞു.

“വല്ലാത്തൊരു യോഗമായിപ്പോയൊടോ നമ്മളുടെത്. മക്കൾക്ക് കാണിച്ച് കൊടുക്കാൻ നമ്മൾ പഠിച്ച സ്കൂളും വളപ്പും ഇല്ലാതായിപ്പോയി”

കുട്ടികൾ ആവശ്യത്തിനു ഇല്ലാതിരുന്നതിയാൽ, ഞങ്ങൾ ഹൈസ്കൂളിൽ പഠിക്കുന്ന കാലമാകുമ്പോഴെയ്ക്കും, ഞങ്ങളൂടെ എൽ.പി സ്കൂൾ അടച്ചു പൂട്ടിയിരുന്നു. അദ്ധ്യാപകരെ മറ്റ് പല സ്കൂളുകളിലേയ്ക്ക് മാറ്റി നിയമിച്ചു. പിന്നീടെപ്പോഴോ ആ കെട്ടിടം പൊളിച്ചു മാറ്റി. ചുറ്റുമുള്ള സ്ഥലങ്ങളിൽ വീടുകൾ ഉയർന്നു.

വളർച്ചയുടെ ഓരോ കാലഘട്ടത്തിലും അതൊരു നീറുന്ന ഓർമ്മയായി മാറി. ഒറ്റയ്ക്കും, ഭാര്യയ്ക്കും, പിന്നീട് മക്കളുടെ വിരൽ തുമ്പ് പിടിച്ചും ഞാൻ ആ വഴിയെ നടന്നു. മരങ്ങൾക്കിടയിൽ, സ്കൂൾ കെട്ടിടം നിന്നിരുന്ന ഇടത്ത് നിന്ന് ഞാൻ ഓർമ്മകളെ ചികഞ്ഞെടുക്കാൻ വൃഥാ ശ്രമിച്ചു. ഓർമകളിലെ ബാല്യത്തിന്റെ തീരാ നഷ്ടത്തെ ഓർത്ത് പരിതപിച്ചു.

“പലയിടങ്ങളിലും സ്കൂളുകൾ പത്തും നൂറും വർഷങ്ങൾ ആഘോഷിക്കുന്ന വാർത്തകൾ കാണുമ്പോഴും വായിക്കുമ്പോഴും വല്ലാത്തൊരും വിഷമമാണെടോ. സ്കൂളുകളല്ലേ ബാല്യത്തിന്റെ ഓർമ്മപ്പെടുത്തലുകൾ. നമുക്കാഭാഗ്യം ഇല്ലാതായിപ്പോയി”; സജിനിയുടെ ചിരിയിൽ ഓർമകളുടെ അവശേഷിപ്പുകൾ...

Tuesday, June 01, 2010

മില്ല്യൻ ഡോളർ ചിരി

“വരുമോ നീയെൻ കൂടെ... എൻ കരളേ... എൻ പൊന്നേ...”

“എന്തുവാടേയ് അത്”; ഉച്ച ഉറക്കം നഷ്ടപ്പെട്ടതിന്റെ ഈര്‍ഷ്യയോടെ അജയന്‍ ചാടി എഴുന്നേറ്റ്‌ ചോദിക്കുന്നത് എനിക്ക് കേള്‍ക്കാം

“കവിത. അലക്സാണ്ടറും പുരുഷോത്തമനും എന്ന എന്റെ നൃത്ത സംഗീത ശിൽപ്പത്തിനായി ഞാൻ എഴുതി, ഞാൻ തന്നെ സംഗീതം നൽകി കൊണ്ടിരിക്കുന്ന കവിത. അലക്സാണ്ടര്‍ ചക്രവര്‍ത്തി ഇന്ത്യന്‍ യുവതിയോടു പ്രണയാഭ്യര്‍ത്ഥന നടത്തുന്ന രംഗമാണ്"

”ഇതാണോടാ കവിത! അതും അലക്സാണ്ടര്‍ ചക്രവര്‍ത്തി നടത്തുന്ന പ്രണയാഭ്യര്‍ത്ഥന! നിന്നോട് പല പ്രാവശ്യമായി ഞാൻ പറയുന്നു, ഈ പണി നിനക്ക് പറ്റിയതല്ല എന്ന്“

”അസൂയ.. അസൂയ. നീയും, പോത്തു പോലെ കിടന്നുറങ്ങുന്ന ദാ ഇവനുമൊക്കെ ഒണ്ടല്ലോ, ഒരിക്കൽ സിനിമയിലും ടിവിയിലുമൊക്കെ എന്റെ പേരു വരുന്നത് കാണും“

”പിതാവേ, അതിനും മുൻപേ നീ ഇവനെ തിരിച്ച് വിളിക്കേണമേ“

ദേവരാജനോടുള്ള കലിപ്പ് തീരാതെ അജയൻ തല മൂടിപുതച്ച് കമിഴ്ന്ന് കിടക്കുകയായിരുന്ന എന്നെ കട്ടിലില്‍ നിന്നും ഉരുട്ടി താഴെ ഇട്ടു. സംഗീത സംവിധായകന്റെ പരിശീലന പരാക്രമത്താൽ നേരത്തെ തന്നെ ഉറക്കം നഷ്ടപ്പെട്ട് കിടക്കുകയായിരുന്ന ഞാൻ, നിസ്സഹായതയോടെ എഴുന്നേറ്റ് ഇരുന്നു.

“ദേവരാജൻ എന്ന് നിനക്ക് പേരിട്ട നിന്റെ അപ്പനെ തല്ലണം ആദ്യം. മലയാളത്തിനു മഹത്തായ പാട്ടുകൾ നല്‍കിയ ഒരു കലകാരന്റെ പേര്! അതും ഒരു കാട്ടാളന്!”; അജയന് കലിപ്പ് തീരുന്നില്ല.

ഓരോ സിഗരറ്റും പുകച്ച് അജയനും ഞാനും പുറത്തേയ്ക്ക് നടക്കുമ്പോൾ ദേവരാജൻ നൃത്ത സംഗീത ശില്പ്പത്തിലെ ഡയലോഗുകൾ തുടരുകയായിരുന്നു;

“കൂച്ച് വിലങ്ങുകൾക്കുള്ളില്ലും മഹരാജാവ് പുരുഷോത്തമൻ പ്രൗഡഗംഭീരനായും അക്ഷീണിതനായും അക്ഷോഭ്യനായും കാണപ്പെട്ടു......”

"അവന്റെ അപ്പാപ്പന്‍"; അജയന്‍ ഒരു കല്ല്‌ എടുത്ത്‌ ലോഡ്ജിന്റെ വാതിലിനു നേരെ എറിഞ്ഞു

സന്ധ്യ-
ഞാനും അജയനും അമ്പലപ്പറമ്പിലെ പതിവ് കറക്കവും കഴിഞ്ഞ് ലോഡ്ജിലെയ്ക്ക് കേറിവരുമ്പോഴുണ്ട്‌ മുറ്റത്ത്‌ ചെറിയൊരു ആള്‍ക്കൂട്ടം. ആരൊക്കെയോ ഉറക്കെ സംസാരിക്കുന്നുണ്ട്. പെട്ടന്ന്‍ അതിനിടയില്‍ നിന്നും ദേവരാജന്റെ ശബ്ദം;

"എടാ ഓടി വാടാ, ഇവരെന്നെ തല്ലാന്‍ നോക്കുന്നു"

ഞങ്ങൾ ഇടയിൽ ചാടി വീണു. പട്ട ചാരയത്തിന്റെ മനം മയക്കുന്ന ലോല ശ്യാമള കോമള സുന്ദര ഗന്ധം. നല്ല തടിയും വണ്ണവുമുള്ള ഒരു ചേട്ടനുണ്ട് ദേവരാജനെ കുത്തിനു പിടിച്ച് നിർത്തിയിരിക്കുന്നു. ദേവനാണെങ്കിൽ ഇപ്പോള്‍ കരയും എന്ന ഭാവത്തിലും. കാര്യമെന്താണെന്ന് അന്വെഷിച്ച ഞങ്ങളോട് ആ ചേട്ടൻ അട്ടഹസിച്ചു;

“നിനക്കൊന്നും തല്ല് കിട്ടാത്തതിന്റെ കുറവാണെടാ  £$%@*! മക്കളേ. പെണ്ണുങ്ങളെ നോക്കി പൊലയാട്ട് പാട്ട് പാടുന്നോ. ഒന്നൂടെ പാടെടാ- വരുമോ നീയെൻ കൂടെ... പൊന്നേ... കരളേ.... പിന്നെന്താണു? പാടാനാ പറഞ്ഞത്‌”; അയാള്‍ ദേവന്റെ കുത്തിനുള്ള പിടി ഒന്നു കുടെ മുറുക്കി.

“അജയാ ഞാൻ ആ മതിലിൽ ഇരുന്ന് പാട്ട് റിഹേഴ്സൽ ചെയ്തതായിരുന്നു. സത്യമായും ആരെയും നോക്കി പാടിയതല്ല. അമ്മ സത്യം...”

ആ ചേട്ടന്റെ ഭാര്യയും മകളും റോഡിലൂടെ പോകുമ്പോഴായിരുന്നു അവന്റെ നൃത്ത സംഗീത ശില്പ്പത്തിന്റെ റിഹേഴ്സൽ!

സാഷ്ടാംഗം അടിച്ച് ഞാനും അജയനും അവരെ ഒരു വിധം കാര്യം പറഞ്ഞ്‌ മനസ്സിലാക്കിച്ചു . കൈതരിപ്പ്‌ തീര്‍ക്കാന്‍ പറ്റാത്തതിന്റെ വിഷമത്തോടെ അവര്‍ മടങ്ങിപോകുമ്പോള്‍  കൂട്ടത്തിൽ നിന്നും ഒരു ചേട്ടന്റെ ശബ്ദം ഉയർന്നു കേട്ടു;

“പോട്ട്, ചീളു പിള്ളേരു കേസ്. ഒരു ഇര കിട്ടിയതാന്ന് കരുതിയതായിരുന്നു. ജീപ്പ് നേരെ കന്നൂരു ഷാപ്പിലേയ്ക്ക് വിട്”

ഒരു വിധം നിവർന്ന് നിന്ന് ദേവരാജൻ എന്നെയും അജയനെയും നോക്കി ലോകപ്രശസ്തമായ ആ ചിരി ചിരിച്ചു.

സൈക്കിളിൽ നിന്ന് വീണവന്റെ ആ മില്ല്യൻ ഡോളർ ചിരി!

Wednesday, May 05, 2010

ഡൈവേഴ്സ്


“ശരിക്കും ആലോചിച്ച് തന്നെ എടുത്ത തീരുമാനമായിരുന്നോ?”

“ഇതു തന്നെയാണ് നീ പല പ്രാവശ്യം എന്നോട് ചോദിച്ചത്“

“നേരിൽ ചോദിക്കണമെന്ന് തോന്നി“

ഉത്തരം പറയാതെ ഹരി എന്റെ മുഖത്ത് നിന്നും കണ്ണുകൾ പിൻ വലിച്ചു.

“നിങ്ങൾക്ക് മകന്റെ ഭാവി എങ്കിലും ഓർക്കാമായിരുന്നു. അവൻ ചെറിയ കുട്ടിയല്ലേ, തിരിച്ചറിവുകളുടെ പ്രായമാകാത്തവൻ“

ഹരി കാപ്പി കപ്പ് കയ്യിൽ വച്ച് ഒന്നും മിണ്ടാതെ ഇരിക്കുകയാണ്.

“പ്രേമിച്ച് നടന്നിരുന്ന കാലത്ത് എന്തൊക്കെ വീര വാദങ്ങളായിരുന്നു! എന്റെ കയ്യിൽ ഇപ്പോഴുമുണ്ട് മെഡിക്കൽ കോളെജിൽ നിന്നും, നിങ്ങളുടെ പ്രണയത്തെ വാഴ്ത്തി നീ എനിക്ക് അയച്ച കത്തുകൾ“

“പ്രണയം!“; അവൻ ചെറുതായൊന്നു ചിരിച്ചു; “പ്രണയിക്കണം. അത് നഷ്ടവുമാവണം. അങ്ങിനെയാവുമ്പോൾ നഷ്ടപ്രണയത്തെ ഓർക്കുമ്പോഴെങ്കിലും ഒരു സുഖമുണ്ടാവും“

മെഡിക്കൽ കോളെജിൽ പഠിക്കുമ്പോൾ രണ്ട് വർഷം ജൂനിയറായുള്ള പെൺകുട്ടിയുമായുള്ള പ്രണയം. ലണ്ടനിൽ നിന്നും അവൻ എം.ഡി കഴിഞ്ഞ് വന്ന ഉടനെ രണ്ട് കുടുംബങ്ങളിലും ഏറെ എതിർപ്പുകളുയർത്തിയ വിവാഹം. ഒരു ആൺ കുഞ്ഞ്. ഒൻപത് വർഷങ്ങൾക്ക് ശേഷം വിവാഹ മോചനം. അതിനും എത്രയോ മുൻപേ മനസ്സുകൾ കൊണ്ടുള്ള വേർപിരിയൽ.

ഹരി എന്ന ഡോ.ഹരിദാസ് ഒരാഴ്ച കഴിഞ്ഞ് യു.എന്നിൽ സേവനത്തിനായി സൊമാലിയയിലേയ്ക്ക് പോകുകയാണ്. കുട്ടികളുടെ ന്യൂട്രിഷനെ കുറിച്ച് ലോകത്തിലെ പല പ്രമുഖ യൂനിവേഴ്സിറ്റികളിൽ പ്രബന്ധം അവതരിപ്പിച്ചവൻ, പ്രശസ്തൻ, കർമ്മനിരതൻ.

“രണ്ട് കുടുംബങ്ങൾക്കും തുടക്കം മുതൽ ഞങ്ങളുടെ ബന്ധത്തിൽ എതിർപ്പായിരുന്നു. രണ്ടാൾക്കും കുടുംബങ്ങളെ വേണവുമായിരുന്നു“; ഹരി കസേരയിലേയ്ക്ക് ചാരി ഇരുന്നു; “സൌഹൃദം എന്നു പറയുന്നത് പുറത്തുള്ള ആശ്വാസ കേന്ദ്രങ്ങൾ മാത്രമാണ്. വീട്ടിനുള്ളിലാണ് ജീവിതം. അച്ഛൻ, അമ്മ, ഭാര്യ, കുട്ടികൾ, സഹോദരങ്ങൾ...”

“നിനക്ക് ഒരു കോമ്പ്രമൈസിന്...”; പറഞ്ഞ് തീരും മുൻപേ ഒരു നോട്ടം കൊണ്ട് അവൻ എന്നെ തടഞ്ഞു.

“ഇറ്റ്സ് ക്ലോസ്ഡ്. ലീഗലി അൻഡ് മെന്റലി”

Thursday, April 15, 2010

സൈനികൻ


“നാല് വർഷത്തെ പട്ടാള സേവനം കൊണ്ട് കിട്ടിയ വലിയൊരു ലാഭം എന്നു പറയുന്നത് ഈ കാന്റീൻ ഏക്സ്സ്സ് ആണു“; അനുപ് അവന്റെ ബാഗിൽ നിന്നും ഒരു ഫുൾ ബോട്ടിൽ വിസ്കി എടുത്ത് ടീപോയിൽ വച്ചു.

ബാഗ്ലൂരിലെ എന്റെ വാടക ഫ്ലാറ്റിൽ രാവിലെ എത്തിയതാണ് അനുപ്. നാല് വർഷം ഇന്ത്യൻ ആർമിയിൽ കമാൻഡോ ആയിരുന്നു. പട്ടാളത്തിൽ നിന്നും വിട്ടതിനു ശേഷം പല വിധ ബിസിനസ്സുകൾ, അതിനായുള്ള ലോക സഞ്ചാരം. മലേഷ്യ, ചൈന, തായ്ലൻഡ്....ബാംഗ്ലൂരിലേയ്ക്കുള്ള ഈ വരവും എന്തോ ബിസിനസ്സ് കാര്യത്തിനു തന്നെ.

പട്ടാളക്കാർക്ക് പൊതുവെ പറഞ്ഞു കേട്ടിട്ടുള്ള, വീര സാഹസിക കഥ പറച്ചിലുകൾ അനുപിന് ഇല്ല. തലേ ദിവസം റിലീസ് ചെയ്ത മേജർ രവിയുടെ കീർത്തി ചക്ര, കോഴിക്കോട് നിന്നും കണ്ടതിന്ന് ശേഷമാണ് ബാംഗ്ലൂരിലേയ്ക്ക് വണ്ടി കേറിയത്.

“നല്ല പടമാണ്. നീ പോയി കാണണം”

ബാഗ്ലൂരിലെ ഒരു സുഹൃത്ത് വഴിയുള്ള പരിചയമാണു എനിക്ക് അനൂപുമായിട്ട്. മൂന്ന് നാലു പ്രാവശ്യമേ അതിനു മുമ്പ് ഞങ്ങൾ കണ്ടിട്ടുള്ളു. ആദ്യമായാണു അവൻ എന്റെ ഫ്ലാറ്റിൽ വരുന്നത്. നാളെ ഡൽഹി വഴി ഹോങ്കോങ്ങിലേയ്ക്ക്. എയർപോർട്ടിനടുത്ത് ഏതെങ്കിലും ഹോട്ടലിൽ മുറിയെടുക്കാമെന്ന് പറഞ്ഞൊഴിയാൻ നോക്കിയ അവനെ ഞാൻ നിർബ്ബന്ധിച്ച് വിളിച്ച് കൊണ്ടുവന്നതാണ്.

ഡ്രിങ്ക്സിനിടയിലുള്ള വർത്തമാനത്തിനിടയിൽ ഞാൻ അനുപിനോട് ചോദിച്ചു;

“നാലു വർഷം കൊണ്ട് എന്താണ് കമാൻഡോ പണി ഉപേക്ഷിച്ച് പോന്നത്?”

ഇടത് കാല് ടീപോയിലേയ്ക്ക് കയറ്റി വച്ച്, ജീൻസ് അൽ‌പം മുകളിലേയ്ക്ക് വലിച്ച് ഒരു ആറിഞ്ച് നീളത്തിലുള്ള മുറിവ് കാണിച്ച് അനൂപ് പറഞ്ഞു;
“വെടിയുണ്ട കേറിയതാണ്, കാശ്മീരിൽ നിന്ന്. ഉള്ളിൽ സ്റ്റീലിട്ടിരിക്കുകയാണ്. മതിയാക്കി പോന്നു”

ഒരു സിപ് എടുക്കുന്നതിനിടയിൽ അഗാധമായി എന്തോ ആലോചിച്ച് അനുപ് തുടർന്നു;

“കമാൻഡോ പണിനൊക്കെ പറയുന്നതു ആരച്ചാരുടെ പണിയാണ്. ഇപ്പോ ആലോചിച്ച് നോക്കുമ്പോൾ എനിക്കുതന്നെ വിശ്വസിക്കാനാവുന്നില്ല.”; അനൂപ് വലതു കൈ നിവർത്തി പിടിച്ചു അതിലേയ്ക്ക് നോക്കി ചിരിച്ചു;
“ഒരുപാടെണ്ണത്തിനെ കൊന്നു തള്ളിയിട്ടുണ്ട്“

“അവന്മാർ അതു അർഹിക്കുന്നും ഉണ്ട്. ടെററിസ്റ്റ്സ്. കാശ്മീരിലെ ഗ്രാമങ്ങളിലേയ്ക്ക് ഇറങ്ങി വന്ന് അവന്മാർ എന്തൊക്കെ അതിക്രമങ്ങളാണ് കാണിക്കുക. കൊച്ചു പിള്ളേരെ ബലമായി പിടിച്ചു കൊണ്ടുപോയി സംഘം ചേർക്കുക. പെണ്ണുങ്ങളെ ബലാൽ‌സംഘം ചെയ്യുക....സിനിമയിലൊക്കെ കാണുന്നതിലുമധികവും ചിലപ്പോൾ സംഭവിക്കാറുണ്ട്”

ഒരു ഡ്രിങ്ക് ഫിക്സ് ചെയ്യുന്ന സമയം എടുത്ത് അനൂപ് തുടർന്നു;

“ആദ്യത്തെ ഓപ്പറേഷനു മാത്രമെ ഇത്തിരി നെർവസ്സ് ആയിട്ടുള്ളു. പിന്നൊരിക്കലും രണ്ടാമതൊന്ന് ആലോചിച്ചിട്ടില്ല. ആലോചിക്കാനുള്ള സമയവും ഉണ്ടാവില്ല. കൊല്ലുക, അല്ലെങ്കിൽ ചാവുക. രണ്ടേ രണ്ട് ഒപ്ഷൻ!“

“ട്രെയിനിംഗ് കഴിഞ്ഞ് ആദ്യ് പോസ്റ്റിംഗ് തന്നെ കാശ്മീരിലായിരുന്നു. ഗ്രാമത്തിലെ കുന്നിൻ മുകളിൽ ഒരുത്തൻ വന്നിറങ്ങിയിട്ടുണ്ടെന്ന് ഇൻഫോർമേഷൻ കിട്ടി. ഞങ്ങൾ എട്ട് പേർ, ഒബ്ജക്റ്റ് ഇറങ്ങി വരുന്നത് കാണാനുള്ള സൌകര്യത്തിൽ ഇരുട്ടിൽ, നിലത്ത് പാറക്കെട്ടുകൾക്കും പുൽ‌പ്പരപ്പുകൾക്കും ഇടയിൽ ജാഗരൂകരായി പൊസിഷനിൽ കാത്തു നിന്നു. രാത്രി ഒരു മണി കഴിഞ്ഞു കാണും, കരിയിലകളിൽ ചവിട്ടി ആരോ പതുക്കെ നടന്നു വരുന്നതിന്റെ ശബ്ദം. കുറച്ചകലെ നാട്ടുവെളിച്ചത്തിൽ അവ്യക്തമായി ഒരു മനുഷ്യ രൂപം. നിന്നിടത്തു നിന്ന് അനങ്ങരുതെന്നും കൈകൾ തലയ്ക്ക് മീതെ ഉയർത്തി പിടിക്കണമെന്നും ഞങ്ങൾ ഹിന്ദിയിലും ഇംഗ്ലീഷിലും ആവശ്യപ്പെട്ടു. പുള്ളി നടത്തം നിർത്തി. കൈകൾ തലയ്ക്ക് മീതെ ഉയർത്തി പിടിക്കാൻ ഞങ്ങൾ ആവർത്തിച്ചു. ശബ്ദം കേട്ട ദിക്കിലേയ്ക്ക് അയാൾ പെട്ടന്ന് തന്നെ ഒരു വെടി ഉതിർത്തു. ഒരു തവണ കാഞ്ചി വലിക്കാനുള്ള സമയമേ പുള്ളിക്ക് കിട്ടിക്കാണൂ. ഞങ്ങൾ എട്ടുപേരുടെയും എ.കെ-47 നിർത്താതെ രണൂമൂന്ന് മിനുട്ട് തകർത്തു. പുള്ളി തലയും കുത്തി വീഴുന്നത് ഞങ്ങൾക്ക് കാണാമായിരുന്നു. നേരം വെളുക്കുന്നതു വരെ ഞങ്ങൾ ആ കിടപ്പ് കിടന്നു. രാത്രിയിൽ നിന്നിടത്ത് നിന്ന് അനങ്ങരുതെന്ന് കർശന നിർദ്ദേശമുണ്ട്. നേരം വെളുത്തു വന്നപ്പോൾ ഞങ്ങൾ ഞങ്ങൾ അടുത്ത് ചെന്നു നോക്കി. വെടിയുണ്ടകളേറ്റ് അരിപ്പ പരുവത്തിലായ ഒരു മനുഷ്യ രൂപം“

“അങ്ങിനെ എത്ര എത്ര ഓപറേഷൻസ്. ഒടുവിലേത്തതിൽ ഒരെണ്ണം കാലിനു കുടുങ്ങി. ഭാഗ്യം നെഞ്ചത്താവാതിരുന്നത്”; അനൂപ് ചിരിച്ചു.

Monday, March 22, 2010

അഭയാർത്ഥികൾ


അൽ‌വാദിയിൽ, ഒരു മലയാളിയുടെ ചെറിയ കഫ്റ്റേരിയിൽ രാത്രി ഭക്ഷണം കഴിക്കാൻ ഇരിക്കുകയാണ്.
മുന്നിൽ ഇരിക്കുകയായിരുന്ന ഒമാനി എന്നെ തന്നെ സൂക്ഷിച്ച് നോക്കി;

“യു അർ ഇൻ‌ഡ്യൻ? മലബാറി?”

ഞാൻ തല ആട്ടി
അയാളും തല ആട്ടി ചിരിച്ചു;

“മലബാറികൾ തല ആട്ടിയേ സംസാരിക്കൂ!“

നല്ല ഇംഗ്ലിഷിൽ അയാൾ ചോദിച്ചു;

“നിങ്ങളുടെ നാട്ടിലെ മിക്കവരും വിദേശത്താണ്! ഞാനവരെ എല്ലായിടത്തും കണ്ടിട്ടുണ്ട്, സൌദിയിൽ, ബഹറിനിൽ, ദുബായിൽ, ഹോങ്കോങ്ങിൽ, കുവൈറ്റിൽ, ഇവിടെ മസ്കറ്റിലും സലാലയിലും...”

“ഞങ്ങളുടെ നാട്ടിൽ ജോലി സാദ്ധ്യത തീരെ കുറവാണ്. ജോലിയും തേടിയുള്ള യാത്രയിലാണ് ഞങ്ങൾ പലയിടങ്ങളിലായി എത്തുന്നത്”

“റഫ്യൂജിസ്“; അയാൾ ചിരിച്ചു

ഭക്ഷണം കഴിച്ച് മടങ്ങുമ്പോൾ ഞാൻ ആലോചിച്ചു, എന്താണ് Refugee എന്ന പദത്തിന്റെ ശരിയായ മലയാളം?

‘യുദ്ധമോ രാഷ്ട്രീയമോ മതപരമോ ആയ കാരണങ്ങളാൽ സ്വന്തം വീടോ നാടോ വിട്ട് പോകാൻ നിർബ്ബന്ധിതരായവർ‘, എന്നാണ് ഡിക്ഷ്ണറി പറയുന്നത്.

ഒമാനി പറഞ്ഞ അർഥം കിട്ടനായി ഞാനതിൽ ചെറിയൊരു മാറ്റം വരുത്തി നോക്കി-
‘യുദ്ധമോ രാഷ്ട്രീയമോ മതപരമോ തൊഴിൽ പരമോ ആയ കാരണങ്ങളാൽ വീടോ നാടോ വിട്ട് പോകാൻ നിർബ്ബന്ധിതരായവർ‘

Thursday, February 25, 2010

പിന്നെയും ഒരു യാത്ര


ഒമാനിലെ സലാല പോർട്ടിനടുത്തുനിന്നുമുള്ള ദൃശ്യം

Saturday, January 09, 2010

അതിജീവനം


“നിങ്ങളൊക്കെ ഒരു അച്ഛനും അമ്മയുമാണോ? സ്വന്തം മകന്‍ ദൂരദേശത്തേയ്ക്ക് പോകുമ്പോള്‍ ഒന്ന് കരയുക പോലും ചെയ്യാതെ യാത്രയയക്കുന്നു!“

“നീ ജോലി കിട്ടി നിറയെ സമ്പാദിക്കാന്‍ പോകുന്നതല്ലേ. ഞാനെന്തിന് കരയണം. അതിനൊക്കെ സീരിയലിലെ അമ്മമാരെയെ കിട്ടുകയുള്ളു, എന്നെ കിട്ടില്ല”; ചിരിച്ച് കൊണ്ട് അമ്മയുടെ മറുപടി. അത് കേട്ട് ചിരിക്കുന്ന അച്ഛന്‍. രണ്ട് പേരെയും ആശ്ലേഷിച്ച് കാറില്‍ കയറി പോകുന്ന മകന്‍.


കെ ടിവിയില്‍ ഏതോ ഒരു തമിഴ് സിനിമ ഓടുകയാണ്. രാത്രി ഒന്‍പത് മണിക്ക് ചാനലുകളില്‍ കയറിനിരങ്ങുമ്പോള്‍ കിട്ടിയതാണ്. പടത്തിന്റെ പേരറിയില്ല.

ഞാന്‍ അബ്ദുള്ളയെ ഓര്‍ത്തു. യു.പി സ്കൂളില്‍ ഒരുമിച്ച് പഠിച്ച കൂട്ടുകാരൻ. ഏഴാം ക്ലാസിലെ മദ്ധ്യവേനലവധിയ്ക്ക് ഒരു വൈകുന്നേരം അവന്‍ വീട്ടിന് മുന്നില്‍ വന്ന് വിളിച്ചു;

“എടാ, ഞാന്‍ ഇനി പഠിക്കുന്നില്ല. നാളെ കോയിക്കോട്ക്ക് പോവാ. മൂത്തുപ്പാന്റെ പരിചത്തിലുള്ള ഒരു ഹോട്ടലില്‍ പണിക്ക് നിക്കാൻ. ഇന്നെ ഒന്ന് കാണണംന്ന് തോനിയത് കൊണ്ട് വന്നതാ”

പഠിക്കാന്‍ അബ്ദുള്ളയ്ക്ക് വലിയ താല്പര്യമൊന്നുമില്ലായിരുന്നു. വീട്ടിലാണെങ്കില്‍ പ്രാരാബ്ധങ്ങളുടെ പെരുന്നാള്‍. ഏഴ് പെണ്മക്കള്‍ക്കൊടുവിലെ ആണ്‍ തരി. അവനെ കൊണ്ട് ആവുന്നത് സമ്പാദിക്കാനുള്ള സമയമായി.

പിന്നീട് അബ്ദുള്ളയെ ഞാന്‍ കാണുന്നത് പത്താം ക്ലാസിലെ പരീക്ഷ കഴിഞ്ഞ് സജിനി ഇന്‍സ്റ്റിറ്റ്യ്യൂട്ടില്‍ ടൈപ്പ് റൈറ്റിംഗ് പഠിക്കാന്‍ പോകുന്ന കാലത്ത്. പിന്നില്‍ നിന്ന് ഒരു നീട്ടി വിളി;

“ഡാ....”

“എടാ ഞാനിപ്പോ കോയമ്പത്തൂരിലെ ഒരു ഹോട്ടലിലാ. കൊയപ്പയില്ല. ചിലവും കയിഞ്ഞ് നാന്നൂറ് ഉറുപ്യ കിട്ടും”; പ്രകാശ് ടീസ്റ്റാളില്‍ നിന്ന് അബ്ദുള്ള അന്നെനിക്ക് പഴം പൊരിയും ചായയും വാങ്ങി തന്നു.

ഡിഗ്രി കഴിഞ്ഞ് തേരാ പാരാ നടക്കുന്ന കാലം. മുന്നിലൂടെ പാഞ്ഞ് പോയ ഒരു ജീപ്പ് പെട്ടന്ന് നിന്നു. ആ പഴയ വിളി; “ഡാ...”; ജീപ്പിൽ നിന്നും ചാടി ഇറങ്ങി അബ്ദുള്ള ഓടി വരുന്നു.

“ഞാന്‍ ഷാര്‍ജ്ജയിലാടാ. ചെറിയൊരു ഹോട്ടല്‍ നടത്തുന്നുണ്ട്. കഴിഞ്ഞ് കൂടാം”; അവന്‍ എന്റെ കൈ പിടിച്ച് ജീപ്പിനടുത്തേയ്ക്ക് നടന്നു; “എന്റെ ഭാര്യേം മക്കളേം കാണിക്കാം”

മൂന്ന് മക്കളാണ് അബ്ദുള്ളയ്ക്ക്. മൂത്തത് ഇരട്ട പെണ്‍കുട്ടികൾ. ആറ് മാസം മാത്രം പ്രായമുള്ള ഒരു ആണ്‍കുട്ടി. അബ്ദുള്ളയുടെ ഭാര്യ വെളുക്കെ ചിരിച്ചു.

അവന്‍ പുതുതായെടുത്ത വീട്ടില്‍ തീര്‍ച്ചയായും ചെല്ലാം എന്ന് എന്നെ കൊണ്ട് സമ്മതിപ്പിച്ച് ജീപ്പില്‍ കയറി അവന്‍ ഓടിച്ച് പോകുമ്പോള്‍ ആ മദ്ധ്യവേനലവധിയിലെ വൈകുന്നേരം പിരിയാനൊരുങ്ങുമ്പോള്‍ അവന്‍ പറഞ്ഞത് ഞാനോര്‍ത്തു;

“ഉപ്പാക്കും ഉമ്മാക്കുമൊക്കെ വല്യ വെഷമോണ്ട്, എന്നെ പിരിഞ്ഞ് നിക്കാൻ. പക്ഷേല് ഉപ്പാന്റെ കൊപ്പര കച്ചോടം കൊണ്ട് മാത്രം കഴിഞ്ഞ് പോകാ‍നാവൂല”

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...