Thursday, October 14, 2010

പറഞ്ഞാലും തീരാത്തത്...


“ഗോപാൽട്ടാ ഒരു മുട്ടോംലറ്റ്. പാർസലാ”

‘എംബസി’ ഹോട്ടലിലേയ്ക്ക് കയറിവന്ന ഓട്ടോ ഡ്രൈവർ ‘കില്ലാഡി’ ബാലൻ അകത്തേയ്ക്ക് നോക്കി വിളിച്ചു പറഞ്ഞു;

ഞാൻ അജയന്റെ വാ പൊത്താൻ ചാടി എഴുന്നേൽക്കുന്നതിനു മുമ്പ് തന്നെ, വായിച്ചു കൊണ്ടിരുന്ന മനോരമ വാരികയിൽ നിന്നും മുഖമുയർത്താതെ അവൻ വിളിച്ചു പറഞ്ഞു;

“ഗോപാലേട്ടാ ഒരു ചക്കോംലറ്റ് ഇവിടെ”

ദൈവമേ ഇന്നു തല്ല് ഉറപ്പ്. അറിയാതെ ഞാൻ തലയിൽ കൈ വച്ചു പോയി. ഇതിപ്പോ എത്രാമത്തെ തവണയാണു ലോക്കൽ ഗുണ്ടയായ ‘കില്ലാഡി’ ബാലനുമായി ഇവൻ ഏറ്റുമുട്ടുന്നത്. ഫസ്റ്റ് ഇയറിനു സന്തോഷ് ടാക്കീസിൽ നിന്നും സെക്കൻഡ് ഷോ കാണുമ്പോൾ, അജയൻ സിഗരറ്റ് പുക മന:പൂർവ്വം മുന്നിലെ സീറ്റിലിരിക്കുന്ന കില്ലാഡിയുടെ മുഖത്തേയ്ക്ക് ഊതി എന്നു പറഞ്ഞ് തുടങ്ങിയ ഉടക്കാണു മൂന്നാം വർഷമായിട്ടും തുടരുന്നത്.

കാവുത്സവത്തിനു ചന്ത പറമ്പിൽ വച്ചായിരുന്നു ഒരിക്കൽ ശരിക്കും അടി പൊട്ടിയത്. കൂട്ടതല്ല്. നാലെണ്ണം അടിച്ച് കിന്റായി നില്ക്കുന്ന അജയൻ, അതിലും കിന്റായി നില്ക്കുന്ന കില്ലാഡിയുടെ ദേഹത്ത് അറിയാത്ത ഭാവത്തിൽ ഒന്നു മുട്ടി. ‘കില്ലാഡി’യുടെ സംഘബലം അന്നായിരുന്നു ഞങ്ങൾക്ക് മനസ്സിലായത്. എവിടെനിന്നൊക്കെയോ എത്തിയ അവന്മാർ ഞങ്ങളെ മെതിച്ചു വിട്ടു. ദേവരാജനു മാമൻ ഗൾഫിൽ നിന്നും കൊണ്ടുവന്ന് കൊടുത്ത റാഡോ വാച്ച് അന്നു നഷ്ടപ്പെട്ടതിന്റെ ദുഖം അവനു ഇനിയും മാറിയിട്ടില്ല. (ആ വാച്ചും കെട്ടിയാണു കില്ലാഡി ബാലൻ പിന്നീട് കുറച്ച് നാൾ ഓട്ടോ ഓടിച്ചത് എന്ന് കേട്ടിട്ടുണ്ട്)

അന്നു മുഖത്തിന്റെ ഷേപ്പ് മാറിയ ഞാനും ദേവനും പിന്നീട് കില്ലാഡിയെ കാണുമ്പോൾ കാണാത്ത ഭാവത്തിൽ നടക്കുമായിരുന്നെങ്കിലും, കിട്ടുന്ന അവസരങ്ങളിലൊക്കെയും അജയൻ അവനുമായി ‘കൊളുത്തി’. രാത്രിയിൽ നമ്പീശന്റെ വീട്ടു മുറ്റത്ത് നിർത്തിയിടുമായിരുന്ന കില്ലാഡിയുടെ ഓട്ടോയുടെ ടയറിലെ കാറ്റ്, അലാറം വച്ചു ഉണർന്ന് പോയി അഴിച്ചു വിടുക. ഓട്ടോ സ്റ്റാൻഡിനു മുന്നിലെ സ്റ്റേഷനറി കടയിലെ ഫോണിലേയ്ക്ക് കില്ലാഡിയെ അജ്ഞാതനായി വിളിച്ച് മുട്ടൻ തെറി പറയുക തുടങ്ങി, ഉന്തും തള്ളും കൊണ്ടും കൊടുത്തും ഇങ്ങിനെ കാലം കഴിയുകയാണു.

ഇതിപ്പോൾ ഞാനും അജയനുമേ ഉള്ളൂ. മഞ്ഞക്കാമല പിടിച്ച് ദേവൻ നാട്ടിലാണു. അടി പൊട്ടിയാൽ ഒരാളുടെ ഷേർ കൂടുതൽ വാങ്ങേണ്ടി വരും. ആകെ ഒരു ആശ്വാസമുള്ളത് ഗോപാലേട്ടന്റെ കടയിലാണു എന്നുള്ളതാണു.

“എന്താൺടാ തമാശയാ”; ഇരിക്കാനോങ്ങിയ ബാലൻ ഞങ്ങളിരിക്കുന്ന ബഞ്ചിനടുത്തേയ്ക്ക് വന്നു

കലാകൗമുദിയിൽ സാഹിത്യവാരഫലം സ്ഥിരമായി വായിക്കാറുള്ള അജയൻ, അതിന്റെ ഒരു സ്റ്റൈലിൽ എന്നെ നോക്കി പറഞ്ഞു;

“ഓംലറ്റ് എന്നു പറഞ്ഞാൽ മതി. മുട്ട കൊണ്ടേ ഇവിടെ ഓംലറ്റ് ഉണ്ടാക്കൂ”;

കാലമാടാ നീ അത് എന്നോടെന്തിനു പറയുന്നു, നിനക്ക് കില്ലാഡിയോട് നേരിട്ട് പറഞ്ഞാൽ പോരെ എന്ന ഭാവത്തിൽ ഞാൻ അജയനെ ദയനീയമായി നോക്കി.

ഗോപാലേട്ടൻ ഇടപെട്ടു; “വിട്ടേയ്ക്ക് ബാലാ, പിള്ളാരല്ലേ”

“ഗോപാലേട്ടന്റെ കടയായി പോയി...”

“അല്ലായിരുന്നെങ്കിൽ നീ ഒണ്ടാക്കും...”; പിന്നെയും കൊളൂത്താനിരുന്ന അജയനെ പിടിച്ച് വലിച്ച് ഞാൻ റോഡിലേയ്ക്കിറങ്ങി.
....

1 comment:

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...