A blend of 99% fine fiction and 1% fact

Thursday, February 05, 2015

പുകവലി

പുകവലി ഒന്ന് നിര്‍ത്തി കിട്ടാന്‍ പാടു പെട്ട ബാംഗ്ലൂര്‍ ബാച്ചിലര്‍ കാലം. 

വലിക്കില്ല എന്ന തീരുമാനവുമായി രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങി ബസ്സ് സ്റ്റോപ്പിലെത്തും. പിക്ക് ചെയ്യാന്‍ വരുന്ന മഹേഷ് മല്ലപ്പ മരഗുഡിയെയും കാത്ത് നിന്ന് മുഷിയുമ്പോള്‍, വരുന്നത് വരട്ടെ ഇന്നൂടെ വലിച്ചേക്കാം എന്നും തീരുമാനിച്ച് റോഡരികിലെ പെട്ടിക്കടയില്‍ നിന്നും ഒരു സിഗററ്റ് വാങ്ങിച്ച് പുകയ്ക്കും. 

ചില ദിവസങ്ങളില്‍ രാവിലത്തെ പ്രലോഭനങ്ങളെ അതിജീവിച്ച് ഓഫിസിലെത്തി പണിതുടങ്ങും. പതിനൊന്ന് മണി കഴിയുമ്പോള്‍ മനീഷ് അരവിന്ദ് ലംഗ്ഡെ വന്ന് വാതിലിന മുട്ടും. ആ മുട്ടിന്റെ അര്‍ത്ഥം അപ്പുറത്തെ തമിഴന്റെ കടയില്‍ നിന്നും കാപ്പിയും സിഗററ്റും എന്നതാണ്. മനീഷിനോട് മറുത്ത് പറയാന്‍ പറ്റില്ല.  ഞാന്‍ ജോലിയില്‍ ജോയിന്‍ ചെയ്ത നാളുകളില്‍, സീനിയര്‍ പ്രോഗ്രാമറായിരുന്ന  അവനെ പതിനൊന്ന് മണിക്ക് കാപ്പികുടിക്കാന്‍ വിളിച്ച് കൊണ്ടുപോയി സിഗറട്ട് വലി പഠിപ്പിച്ചതും ശീലിപ്പിച്ചതും ഞാന്‍ തന്നെയായിരുന്നു. എന്തെങ്കിലും തിരക്ക് കാരണം ഞാനും മനീഷും വലിക്കേണ്ട എന്നും വിചാരിച്ച് ജോലിയുമായി ഇരിക്കുകയാണെങ്കില്‍ ഒക്കേഷണല്‍ വലിക്കാരന്‍ ഗുജറാത്തി, ഹിമാന്‍ഷു ലളിദ് ദോഷി ഞങ്ങളെ രണ്ട് പേരെയും നിര്‍ബ്ബന്ധിച്ച് പിടിച്ച് വലിച്ച് കാപ്പി കടയിലെത്തിക്കും. ഇതൊന്നുമല്ലാത്ത ദിവസമാണെങ്കില്‍ കസ്റ്റമര്‍ സപ്പോട്ടിലെ ആന്ധ്രക്കാരന്‍ ഷെയ്ക്ക് ജിലന്‍ ബാഷ, ഗള്‍ഫില്‍ നിന്നും ഏതെങ്കിലും കുടുംബക്കാരന്‍ അവന്റെ ബാപ്പുവിനു സമ്മാനമായി കൊണ്ടു കൊടുത്ത സിഗറട്ട് പാക്കറ്റുകളില്‍ നിന്നും ഒരെണ്ണം പൊക്കിയെടുത്ത് കൊണ്ട് വന്ന് ഞങ്ങള്‍ക്ക് സമ്മാനിക്കും. 'ബാപ്പുവിന് പലപല അസുഖങ്ങളാണ്. വലി അത്രയെങ്കിലും കുറയട്ടെ'; അവന്‍ പറയും.

ഫ്ലാറ്റിലാണെങ്കില്‍ സഹമുറിയരില്‍ ഒരാള്‍ ജയന്‍,  സ്കൂള്‍ കാലം മുതലുള്ള എന്റെ സഹപാഠി, ഒരു മികച്ച വലിക്കാരനാണ്. സിഗരട്ട് വലിയൊക്കെ നിര്‍ത്തി നാട്ടില്‍ സല്‍‌സ്വഭാവിയായി ജീവിക്കുമ്പോഴായിരുന്നു ബാംഗ്ലൂരിലേക്കുള്ള അവന്റെ വരവ്. ബാംഗ്ലൂരില്‍ തണുപ്പ് തുടങ്ങുന്ന നവംബറിലെ ഒരു പ്രഭാതത്തില്‍, ജോലിയില്‍ പ്രവേശിക്കാന്‍ നാട്ടില്‍ നിന്നും ഖലാസിപ്പാളയത്ത് വന്നിറങ്ങി തണുത്ത് വിറച്ച് നിന്ന അവനെ ഒരു സിഗറട്ട് നീട്ടിയാണ്, പിക്ക് ചെയ്യാന്‍ ചെന്ന ഞങ്ങളുടെ സഹമുറിയന്‍ ജിതേഷ് സ്വാഗതം ചെയ്തത്. നാലു കൊല്ലത്തെ വൃതം മുറിച്ച് ജയന്‍ അങ്ങിനെ പിന്നെയും പുകവലിക്കാരനായി. ശനിയാഴ്ച രാത്രികളിലെ വെള്ളവടിയും വെടിവട്ടവുമായി ഇരിക്കുന്നതിനിടയില്‍ സിഗററ്റ് തീര്‍ന്നു പോയാല്‍ ഞങ്ങള്‍, കുറച്ചപ്പുറത്ത് താമസിക്കുന്ന പലചരക്ക് കച്ചവടക്കാരന്‍, പാനൂരുകാരന്‍ പ്രദീപനെ പോയി വിളിച്ചുണര്‍ത്തി കട തുറപ്പിച്ച് സിഗറട്ട് വാങ്ങി വരും. ഉറങ്ങാന്‍ വിടാതെയുള്ള ഞങ്ങളുടെ ശല്യം സഹിക്കാതായപ്പോള്‍ എല്ലാ ശനിയാഴ്ചകളിലും രാത്രി രണ്ട് പേക്ക് സിഗററ്റുകൂടെ ഞങ്ങളെ അധികമായി നിര്‍ബ്ബന്ധിപ്പിച്ച് വാങ്ങിപ്പിച്ചേ പ്രദീപന്‍ കട അടക്കുകയുള്ളൂ; 'നാളെയും ആവശ്യം വരുന്ന സാധനം ആണല്ലോ, അണ്ണന്മാര്‍ എന്റെ ഉറക്കം മെനക്കെടുത്തരുത്'

എന്റെ ശ്രമങ്ങളെ പിന്തുണക്കുന്നതിനായി, മണം അടിച്ച് ഞാന്‍ പ്രലോഭിതന്‍ ആവേണ്ട എന്ന് കരുതി ജയന്‍ ബാല്‍ക്കണിയില്‍ ഇറങ്ങി നിന്നാണു വലിക്കുക. അവന്‍ പുറത്തെ സ്റ്റെയര്‍ കേസില്‍ ഇരുന്നും, ഞാന്‍ അകത്തിരുന്നും വര്‍ത്തമാനം പറയുന്നതിനിടയില്‍ അറിയാതെ തന്നെ ഞാന്‍ ചെന്ന് സിഗറട്ടെടുത്ത് കത്തിച്ച് അവനോടൊപ്പമിരുന്നു സംസാരം തുടരും. ചില ദിവസങ്ങളില്‍ വൈകുന്നേരം ആഘോഷമായി വരുന്ന ദിലീപായിരിക്കും വൃതം മുടക്കി. അടുക്കളയില്‍ കയറി അവന്റെ ഫേവററ്റ് വെണ്ട തീയല്‍ ഉണ്ടാക്കുനതിനിടയില്‍ രണ്ട് പഫെടുത്ത് സിഗറട്ട്, കൈക്കാരനായി നില്‍ക്കുന്ന എന്നെ ഏല്പിച്ച് 'നമ്മളൊക്കെ വലി നിര്‍ത്തേണ്ട സമയമായെടാ' എന്ന് ഗൗരവത്തിലൊരു പ്രസ്താവനയും നടത്തി അവന്‍ പാചകം തുടരും. 

പുകവലി വിരുദ്ധനായ പ്രമോദ് ഒരു അവധിക്ക് നാട്ടില്‍ പോയി തിരിച്ച് വന്നപ്പോള്‍ പരിചയപ്പെടുത്തിയ സാധനമായിരുന്നു 'കുടംകരം'. പുകയിലയുടെ ദൂഷ്യങ്ങളൊന്നുമില്ലാത്ത ചില ഉണങ്ങിയ പുല്ലും ചപ്പും പൊടിച്ച് തെരുത്ത ഒരു തരം ബീഡി. പുകവലി നിര്‍ത്താനാഗ്രഹിക്കുന്നവര്‍ക്കുള്ള ഒരു മരുന്ന് കൂടെയാണത്രേ അത്. 'കുടംകര'ത്തിനും പക്ഷേ എന്നെ പുകയിലാസക്തിയില്‍ നിന്നും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. പണ്ടൊരാള്‍ പുകവലി നിര്‍ത്താന്‍ ഏലക്കായ തീറ്റ ശ്രമിച്ച്, ഒടുവില്‍ ഏലക്കായ തീറ്റയും പുകവലിയോടൊപ്പം ഒരു ശീലമായിപ്പോയ അവസ്ഥയിലായത് പോലെയായി ഞാന്‍ എന്ന് ജയനും ദിലീപും കളിയാക്കും. 'കുടംകര'വും വേണം. സിഗറട്ടും വേണം.