A blend of 99% fine fiction and 1% fact

Thursday, July 21, 2011

പഴയ വായനശാല ഇപ്പോൾ...

“.....പഴയ വായനശാല ഇപ്പോൾ അവിടില്ല. റോഡ് വികസനം വന്നപ്പോൾ പൊളിച്ചതാവണം. രാഘവേട്ടന്റെ ഹോട്ടലും, കോണിക്കൂട്ടിൽ ചുവന്ന പോസ്റ്റ് ബോക്സ് തൂക്കിയിട്ട ടൈപ്റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ടായിരുന്ന കെട്ടിടവും അവിടില്ല. ബസ്സിലെ സൈഡ് സീറ്റിലിരുന്ന് നോക്കിയപ്പോൾ പരിചയമുള്ളതായി ഒന്നുമില്ല. പഞ്ചായത്ത് വകയായതുകൊണ്ട് ലൈബ്രറി ചിലപ്പോൾ വേറെ എവിടെയ്ക്കെങ്കിലും മാറ്റിയിട്ടുണ്ടായിരിക്കും. നമ്മുടെ ഒപ്പുകളിട്ട ‘ഡൽഹി’യും ‘അസുരവിത്തും’ ‘ഭ്രാന്തു’മൊക്കെ ഇപ്പോഴും ആ കൂട്ടത്തിൽ കാണുമോ എന്തോ!...”

കോളെജിലെ ആദ്യ ദിവസങ്ങളിൽ, വൈകുന്നേരങ്ങളിൽ ഞങ്ങൾ ആ ചെറിയ അങ്ങാടിയിലേയ്ക്ക് നടക്കാനിറങ്ങും. റോഡിന് അപ്പുറവും ഇപ്പുറവുമായി അഞ്ചോ ആറോ ഓടിട്ട കെട്ടിടങ്ങൾ. മുളയും ഓലയുമുപയോഗിച്ചുണ്ടാക്കിയ ബസ്സ് സ്റ്റോപ്പുകൾ. ഇളകിയാടുന്ന മരക്കോണികൾ കയറിച്ചെല്ലുന്ന പാർട്ടി ആപ്പീസുകൾ.

അങ്ങാടി തുടങ്ങുന്നിടത്ത് മീൻ വിൽക്കുന്ന പുളിമരത്തണലും കഴിഞ്ഞ് ആളുപയോഗമില്ലാത്ത ഒരു പൊളിഞ്ഞ കെട്ടിടവും കഴിഞ്ഞാണ് വായനശാല. ഓടുമേഞ്ഞ, കുമ്മായം പൂശിയ ഒരു ചെറിയ കെട്ടിടം. അകത്ത് ഇരുന്ന് വായിക്കാൻ, വീതിയുള്ള ഒരു ഡസ്കിനു അപ്പുറവും ഇപ്പുറവുമായി രണ്ട് ബെഞ്ചുകൾ. രണ്ടു വശങ്ങളിലായി പുസ്തകങ്ങൾ ഒതുക്കി വച്ച മരഅലമാരകൾ. പിന്നിലെ ചുമരിലെ ജനവാതിലിനു മുന്നിലായുള്ള  ചെറിയ മരമേശയിൽ തുറന്നു വച്ച ലൈബ്രറി റജിസ്റ്ററിൽ എന്തെങ്കിലുമൊക്കെ പരതികൊണ്ടിരിക്കുന്ന ലൈബ്രേറിയൻ, അരവിന്ദേട്ടൻ.

കയറി വരുന്ന വാതിലിനു ഇടതുവശത്തായുള്ള സ്റ്റൂളിൽ ഒരു മർഫി പെട്ടി റേഡിയോ. വൈകീട്ട്  ആറുമണിയാവുമ്പോൾ ഉച്ചഭാഷിണി കണക്ട് ചെയ്ത ആ റേഡിയോ അരവിന്ദേട്ടൻ ഓൺ ചെയ്യും. ചെറിയ ചെറിയപൊട്ടലും ചീറ്റലുമോടെ അതിൽ നിന്നും ‘കമന്റ്സ് ഓൺ ദ പ്രസ്സും’, ‘സംസ്കൃതത്തിൽ വാർത്ത‘യും പിന്നീട് ‘നിയമസഭയിൽ ഇന്ന്‘ അല്ലെങ്കിൽ ഒന്നോ രണ്ടോ ഭക്തി ഗാനങ്ങളും വൈകുന്നേരത്തെ വാർത്തകളും പുറത്തേക്കൊഴുകും.

ലൈബ്രറിയുടെ തൊട്ടപ്പുറത്ത് രാഘവേട്ടന്റെ ‘രാഘവ വിലാസം’ ഹോട്ടൽ. അടുത്തത് ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട്. അതു കഴിഞ്ഞ് താഴോട്ടേയ്ക്കുള്ള ചെമ്മൺ റോഡ്. ഞാനും അജയനും വൈകുന്നേരം ആ റോഡിലൂടെ നടക്കും. കുറച്ച നടന്നാൽ റോഡ് ക്രോസ് ചെയ്ത് ഒരു കനാൽ കടന്നു പോകുന്നു. കക്കയം ഡാം തുറക്കുന്ന സമയത്ത് അതിലൂടെ തെളിഞ്ഞ വെള്ളമൊഴുകും. അതിന്റെ കരയിലൂടെ അസ്തമയ സൂര്യനെയും നോക്കി ഞങ്ങൾ പടിഞ്ഞാറോട്ട് നടക്കും.

ആ നടത്തത്തിന് വേറെയും ഒരു ഉദ്ദേശമുണ്ട്. കുറച്ച് ചെന്നാൽ കനാലിന് വലതു വശത്തെ ഉയർന്ന പറമ്പിലെ ടെറസ്സ് വീട്ടിലെ പെൺകുട്ടി! കാശുകാരാണ്. പോർച്ചിൽ കോണ്ടെസ്സ കാർ. ടെറസ്സിനു മേലെ കുത്തി നിർത്തിയ ഇരുമ്പ് പൈപ്പിൽ ടി.വി ആന്റിന.

മുറ്റത്തെ തോട്ടത്തിൽ നിറച്ചും പല നിറങ്ങളിലുള്ള പൂക്കൾ. മതിലിന് പുറത്തേയ്ക്ക് പടർന്ന് നിൽക്കുന്ന പൂത്ത ബോഗൻവില്ലകൾ. വൈകുന്നേരത്തെ മഞ്ഞ വെയിൽ വീണ് കിടക്കുന്ന ആ വീട്ടിലെ ടെറസ്സിലെ ഊഞ്ഞാൽ കസേരയിൽ  ചാരിയിരുന്ന് പതുക്കെ ആടുകയോ, അല്ലെങ്കിൽ തോട്ടത്തിലെ ചെടികൾക്കിടയിൽ നിൽക്കുകയോ ചെയ്തിരുന്ന ആ പെൺകുട്ടിയുടെ വലിയ കണ്ണുകൾക്ക് അപാര ഭംഗിയായിരുന്നു. ഒരിക്കൽ പോലും ചിരിച്ചിരുന്നില്ലെങ്കിലും അവൾ ഞങ്ങളെ കൌതുകപൂർവ്വം നോക്കുന്നത്, ആ വഴിയിലൂടെ എന്നും നടക്കാൻ ഞങ്ങളെ വല്ലാതെ പ്രേരിപ്പിച്ചു.

ഓണാവധി കഴിഞ്ഞ് ഞങ്ങൾ തിരിച്ച് വന്നപ്പോൾ ആ വീട് അടഞ്ഞു കിടക്കുന്നു. ബാൽക്കണിയിലെ ഊഞ്ഞാൽ കസേര ശൂന്യം. തോട്ടത്തിൽ ചെടികൾ വാടാൻ തുടങ്ങിയിരിക്കുന്നു. എങ്കിലും എല്ലാ വൈകുന്നേരങ്ങളിലും അവളെ കാണുമെന്ന പ്രതീക്ഷയിൽ ഞങ്ങൾ ആ വഴി നടന്നു.

ലൈബ്രറിയിൽ പുസ്തകം എടുത്ത് റജിസ്റ്ററിൽ എഴുതാൻ കൊടുത്ത്, എനിക്ക് നേരെ കണ്ണിറുക്കി കാട്ടി  അജയൻ ഒരു ദിവസം അരവിന്ദേട്ടനോട് ആ വീട്ടുകാരെക്കുറിച്ച് ചോദിച്ചു. കട്ടിക്കണ്ണടയുടെ ഫ്രെയിമിന് മുകളിലൂടെ ഞങ്ങളെ മാറി മാറി നോക്കി അരവിന്ദേട്ടൻ പറഞ്ഞു;

“ആ അമ്മയും മോളും അവളുടെ അച്ഛന്റെ അടുത്ത് ജർമ്മനിയിലേക്ക് പോയി. കാശും പണവും എത്രണ്ടായി എന്ന് പറഞ്ഞിട്ടെന്താ, ആ കുട്ടി ജന്മനാ സംസാരിക്കീല, കേൾവീം ഇല്ല“

എനിക്കും അജയനും ചുറ്റും പൊടുന്നനേ എല്ലാം നിശ്ശബ്ദമായതു പോലെ...