A blend of 99% fine fiction and 1% fact

Tuesday, September 03, 2013

മൂന്ന്

ഏപ്രിൽ, 1997

രാമന്‍: "എന്ത്, അയോദ്ധ്യാപതിയുടെ യാഗാശ്വത്തെ കേവലം രണ്ട് ബാലന്മാര്‍ ബന്ധിച്ചെന്നോ! അസംഭാവ്യം"

ഭടന്‍: "അതേ മഹാരാജന്‍, ആ ബാലരുടെ ആയുധപ്രഹരമേറ്റ് ലക്ഷ്മണനും ഭരതനും ശത്രുഘ്നനും ബോധമറ്റ് വീണു, അജയ്യരെന്ന് വാഴ്ത്തപ്പെട്ട അയോദ്ധ്യയിലെ സൈനികര്‍ പകുതിയിലേറെയും  മരിച്ചുവീണു... അന്വേഷിച്ച് പോയ ഹനുമാനെക്കുറിച്ച് ഇനിയും വിവരമൊന്നുമില്ല..."

വാള്‍ ഊരി ഉയര്‍ത്തിപ്പിടിച്ച് ക്രുദ്ധനായി രാമന്‍: "അസാദ്ധ്യം... അസാദ്ധ്യം! അയോദ്ധ്യാപതിയായ ശ്രീരാമചന്ദ്രനെ അവര്‍ക്കറിയില്ല, അവരുടെ തലയറുത്ത് യാഗാശ്വത്തെ തിരിച്ചെടുക്കാന്‍ നാം തന്നെ എഴുന്നള്ളുകയായി... സേനാപതീ തേരൊരുക്കുക”

മേടമാസത്തിലെ വരണ്ട രാത്രിയില്‍, അമ്പലപ്പറില്‍ നൃത്തസംഗീത നാടകത്തിലെ രംഗങ്ങള്‍ കണ്ട് കാണികള്‍ കയ്യടിച്ചു.  സ്റ്റേജിലെ പെട്രോമാക്സിന്റെ വെളിച്ചം കാറ്റൊഴിഞ്ഞ് മങ്ങിത്തുടങ്ങി. ശ്രീരാമവേഷം കെട്ടിയ ദാമോദരന്‍ വാള് നിലത്ത് വച്ച് കുന്തിച്ചിരുന്ന് മാക്സില്‍ കാറ്റടിച്ചു. രംഗത്ത് വീണ്ടും പ്രകാശം പരന്നു.  എഴുന്നേറ്റ്, വാളുയര്‍ത്തിപ്പിടിച്ച് വീണ്ടും ശ്രീരാമനിലേക്ക് പരകായ പ്രവേശം ചെയ്ത് സ്റ്റേജില്‍ പഴയ സ്ഥാനത്ത് തന്നെ പോയി നിലയുറപ്പിച്ച് ഒന്നുകൂടെ അട്ടഹസിച്ചു; " സേനാപതീ തേരൊരുക്കുക..."

"സാലെ കുത്തെ മദ്രാസ്സി"; സേട്ടു അലറി; "മേലനങ്ങി പണിയെടുക്ക് കുത്തെ"

ലോറിയില്‍ നിന്നും തലയില്‍  കയറ്റി വച്ച അരിച്ചാക്കുമായി ദാമോദരന്‍ ഗോഡൗണിലെ ഇരുളിലേക്ക് വേഗം നടന്നു. മേടമാസത്തില്‍ വിഷുവിന് ആറുദിവസം മുമ്പാണ് കാവിലെ ഉത്സവം. ഈ വര്‍ഷം അരങ്ങേറുന്ന നാടകം ഏതായിരിക്കുമോ. ദാമോദരന്‍ ഉണ്ടായിരുന്നെങ്കില്‍ രാമായണ കഥ വല്ലതും നോക്കാമായിരുന്നുവെന്ന് ആരെങ്കിലും അഭിപ്രായപ്പെട്ടിരിക്കുമോ. സാദ്ധ്യതയില്ല. പതിനാല് വര്‍ഷങ്ങള്‍ക്കിപ്പുറവും ദാമോദരനെ ഓര്‍ക്കാന്‍ അവിടെ ആരിരിക്കുന്നു! ശ്രീരാമചന്ദ്രന്റെ വേഷം കെട്ടി നില്‍ക്കുന്ന തന്നെ നോക്കി ആശാന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. "സംശയിക്കേണ്ട, നാളെ നാലാളറിയുന്ന കലാകാരനായി വളരും". തലയിലെ ചാക്കിന്റെ ഭാരം ഒന്നിളക്കി ദാമോദരന്‍ അറിയാതെ ചിരിച്ചുപോയി. ചുമടെടുപ്പുകാരന്‍ ദാമോദരന്‍, ശ്രീരാമചന്ദ്രന്റെ അലങ്കാരമഴിഞ്ഞു വീണുപോയവന്‍, സേട്ടുവിന്റെ ആട്ടും തുപ്പും കേട്ട് ഭാരം വലിക്കുന്നു....ഹ ഹ ഹ

"വലുതാവുമ്പോള്‍ നിനക്ക് ആരാവണം"

എല്‍.പി ക്ലാസ്സിലെ കൂട്ടുകാരുടെ മുഖങ്ങള്‍ക്ക് വ്യക്തതയില്ല. ബാബുവിനും ദിനേശനും ഹനീഫയ്ക്കും ഒക്കെ ഒരേമുഖം

"പോലിസ്"

കൂര്‍ത്ത തൊപ്പിയും, പശചേര്‍ത്ത് കുത്തനെ നിര്‍ത്തിയ ട്രൌസറും ധരിച്ച് ബൂട്ടുകള്‍ അമര്‍ത്തിച്ചവിട്ടി ഒച്ചയുണ്ടാക്കി ദാമോദരന്‍ പോലിസ് നടന്നു.  മുന്നില്‍ വനവാസികളായ രണ്ട് കോമള ബാലന്മാര്‍

"ബാലന്മാരെ"; ക്രോദ്ധമൊതുക്കി ശ്രീരാമൻ പറഞ്ഞു; "നിങ്ങളുടെ കളിതമാശകള്‍ക്കുള്ളതല്ല യാഗാശ്വം. അതിനെ വിട്ടു തരിക. നാം നിങ്ങളോട് ക്ഷമിച്ചിരിക്കുന്നു"

"ഈരേഴുപതിനാല് ലോകങ്ങളിലും പുകഴ്പെറ്റ ശ്രീരാമചന്ദ്രൻ ഭീരുവിനെപ്പോലെ സംസാരിക്കുന്നുവോ! യാഗാശ്വത്തെ വിട്ടുകിട്ടണമെങ്കില്‍ ഞങ്ങളെ യുദ്ധംചെയ്ത് പരാജയപ്പെടുത്തുക"; ബാലന്മാര്‍ക്ക് കൂസലേതുമില്ല.

"ഹാ കഷ്ടം! ബാലന്മാരെ നിങ്ങളുടെ ഗുരു ഇതറിഞ്ഞാല്‍ പൊറുക്കില്ല, അതാരായാലും, ശ്രേഷ്ഠനായ അദ്ദേഹത്തിന്റെ അനുവാദത്തോടെയാണോ നിങ്ങളീ സാഹസത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്നത്?"

"ശ്രേഷ്ഠരിൽ ശ്രേഷ്ഠരെന്നറിയപ്പെടുന്ന താങ്കളുടെ ഗുരുവായ വസിഷ്ഠ മുനിയുടെ അനുവാദത്തോടെയായിരുന്നുവോ മഹാരാജന്‍, ദേവി സീതയെ താങ്കള്‍ വനത്തിലേക്കയച്ചത്? സംശയത്തിന്റെ നിഴല്‍ പരത്തി, ഇല്ലാക്കഥകള്‍ മെനഞ്ഞ് അവരെ കളങ്കിതയെന്ന് മുദ്രകുത്തിയത്!"

ആരാണിവര്‍! രാമനെ അറിയുന്നവര്‍, രാമായണം അറിയുന്നവര്‍. ശ്രീരാമന് ഉത്തരം മുട്ടി. ചുണ്ടുകള്‍ വരളുന്നു. മാതൃകാ പുരുഷനെന്ന് ലോകം വാഴ്ത്തുന്നവനെ ഈ കുരുന്നു ബാലന്മാര്‍ ചോദ്യം ചെയ്യുന്നുവോ. കുറച്ച് വെള്ളം കിട്ടിയിരുന്നെങ്കില്‍...

തണുത്ത കഞ്ഞിവെള്ളം കുടിച്ച് അരവയറോടെ പായയില്‍ കിടന്നിരുന്ന രണ്ടാംക്ലാസ്സുകാരനെ ചേര്‍ത്തുകിടത്തി അമ്മ തേങ്ങിക്കരഞ്ഞു, എവിടെനിന്നെങ്കിലും കുറച്ച് അരികൊണ്ടുവന്ന് എന്റെ മോന് അമ്മ നാളെ കഞ്ഞിവച്ച് തരാം. അമ്മയുടെ തേങ്ങലിന്റെ താളം കേട്ട് ദാമോദരൻ തളര്‍ന്നു കിടന്നുറങ്ങി.

മഹാനഗരത്തിലെ തിരക്കുകളില്‍ ലക്ഷ്യം തെറ്റി ദാമോദരന്‍ അലഞ്ഞു. താണ്ടിയിട്ടും തീരാത്ത നഗരവീഥികള്‍.  മേടക്കാറ്റും കൊന്നപ്പൂക്കളും ശ്രീരാമനും കൈവിട്ട ദാമോദരന്‍ നഗരത്തിരക്കില്‍  മേല്‍‌വിലാസമില്ലാതെ അനാഥനായി ജീവിതം ജീവിച്ചു തീര്‍ക്കുകയാണ്.

കാണികളുടെ ആര്‍പ്പുവിളികളും കയ്യടികളുമില്ലാത്ത അവസാന രംഗം-
മഹാനഗരത്തിലെ പുറമ്പോക്കിലെ ചേരികളിലൊന്നില്‍ ദാമോദരന്‍ എന്ന അറുപത്തഞ്ചുകാരന്‍ മരണത്തിന് തൊട്ടുമുമ്പുള്ള അഗാഥമായ മയക്കത്തില്‍ പരസ്പരബന്ധമേതുമില്ലാത്ത സ്വപ്നങ്ങള്‍ കാണുകയാണ്