Wednesday, December 13, 2006

വൃഥാ ഒരു യാത്ര

ഞാന്‍ പഴയ കുറെ ഓര്‍മ്മകള്‍ ചികഞ്ഞെടുക്കുകയായിരുന്നു.
അവന്‌ വേണ്ടി അടുത്ത വീട്ടിലെ പെൺകുട്ടിക്ക് പ്രണയലേഖനം കൊടുക്കാന്‍ പോയത്‌, താഴത്തെ അമ്പലത്തില്‍ തൊഴാന്‍ വരാറുള്ള പ്രോവിഡന്‍സില്‍ പഠിക്കുകയായിരുന്ന ഒരുണ്ടക്കണ്ണിയുടെ വീട്‌ കണ്ട്‌ പിടിക്കാന്‍ അവളുടെ പിന്നാലെ പോയത്‌, കള്ളുകുടിച്ച്‌ കോണ്‍ തെറ്റി കയ്യാലയില്‍പോയിരുന്നപ്പോള്‍ താഴെ തോട്ടിലേക്ക് മറിഞ്ഞുവീണത്‌, ഞാന്‍ കാശെടുത്തിട്ടുണ്ടാവുമെന്നവനും അവന്‍ കാശെടുത്തിട്ടുണ്ടാവുമെന്ന് ഞാനും കരുതി റിലീസിംഗ്‌ ദിവസത്തില്‍ ഏതോ പടം കാണാന്‍ ഉന്തിത്തള്ളി സിനിമാടിക്കറ്റ്‌ കൗണ്ടറിന്നുമുന്നില്‍ വരെ എത്തി ഇളിഭ്യരായി മടങ്ങിയത്‌, അര്‍ദ്ധരാത്രി ഉറക്കം തൂങ്ങിയിരിക്കുന്ന പാറാവ്‌ പോലിസ്‌കാരന്റെ തൊപ്പി തൊട്ടുവരാൻ ഹരിഷിനെ പ്രകോപിപ്പിച്ചത്, ഞായറാഴ്ച കൊമേഴ്സ്‌ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പിന്നിലത്തെ ജനലിലൂടെ നുഴഞ്ഞ്‌ കയറി പ്രൊഫസറുടെ ക്ലാസ്സ്‌ അറ്റെന്‍ഡന്‍സ്‌ ബുക്കെടുത്ത്‌ കോളെജ്‌ കിണറ്റിലിട്ടത്‌, എന്റെ അച്ഛനെ കൊളെജില്‍ വിളിപ്പിച്ചപ്പോള്‍ ബസ്സിറങ്ങി വരുന്ന അച്ഛനെ ആളറിയാത്ത ഭാവത്തില്‍ പോയി പരിചയപ്പെട്ട്‌ പ്രൊഫസറെക്കുറിച്ച്‌ ഒരുപാട്‌ കുറ്റങ്ങള്‍ പറഞ്ഞ്‌പിടിപ്പിച്ചത്‌, വീട്ടില്‍നിന്നും പിണങ്ങിപ്പോന്ന് ഞങ്ങളുടെ കൂടെ താമസമാക്കിയ ശ്രീജിത്തിന്റെ വീട്ടില്‍ അനുരഞ്ചനത്തിന്‌ പോയത്‌, ചെസ്സ്‌ കളിയില്‍ തോക്കുമെന്നുറപ്പാവുമ്പോള്‍ ബോഡും കരുക്കളും വാരിക്കൂട്ടി വലിച്ചെറിയുന്നത്‌, ഒഴിവ്ദിനങ്ങളില്‍ സമയം കളയാന്‍ കുന്നുകളും മലകളും പുഴകളും താണ്ടിയത്‌, കൂട്ടം കൂടി പോകുന്ന പെണ്‍കുട്ടികള്‍ ഞങ്ങളില്‍ ആരെയാവും തിരിഞ്ഞ്‌ നോക്കിയത്‌ എന്നതിന്ന് വാശിപിടിച്ചത്‌, മാസാവസാനങ്ങളില്‍ ഉള്ള കാശിന്‌ ഒരു പാര്‍സല്‍ വാങ്ങി റൂമില്‍ വന്ന് പകുത്ത്‌ കഴിച്ചത്‌, കെട്ടിപ്പിടിച്ച്‌ കിടന്നുറങ്ങിയത്‌......

Saturday, November 18, 2006

കൂടിക്കാഴ്ചയ്ക്‌ മുന്‍പ്‌

കഴിഞ്ഞദിവസം രാത്രിയില്‍ ഗിരീഷ് ഫോണില്‍ വിളിച്ചു.

പതിനേഴ്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പുള്ള ഒരു കോളെജ്‌ സൗഹൃദത്തിന്റെ പേരില്‍ ഗിരീഷോ രാജീവോ വിളിക്കുമെന്ന പ്രതീക്ഷ ഏകദേശം കൈവ്‌എടിഞ്ഞതായിരുന്നു ഞാന്‍.

പഴയ കത്തുകളുടെ പുനര്‍വായനയ്കിടയില്‍ ഒരുദിവസം വെറുതെ തോന്നിയതാണ്‌, രാജീവന്‍ എവിടെയാണുള്ളതെന്ന് കണ്ടുപിടിക്കണം എന്നത്‌. നീട്ടിവച്ച്‌ നീട്ടിവച്ച്‌ ഒടുവില്‍ രണ്ടുമൂന്നാഴ്ചയ്ക്‌ മുന്‍പ്‌ ഇവിടൊരു പോസ്റ്റാഫീസ്‌ തപ്പിപ്പിടിച്ച്‌ രാജീവിനും കൂടെ ഗിരീഷിനും എഴുതി-

"ഞാന്‍‌, കോളെജ് ഹോസ്റ്റലിലെ പഴയ സഹമുറിയന്‍. ഒന്നോര്‍മ്മപുതുക്കാന്‍ എന്നെയൊന്ന് വിളിക്കുക" കൂട്ടത്തില്‍ ഞാനെന്റെ ഫോണ്‍ നമ്പറും ചേര്‍ത്തു.

ബി.കോമിന്‌, കോളെജിനടുത്തൊരു പഴ വാടകക്കെട്ടിടത്തില്‍ സഹമുറിയരായിരുന്നു, ഞാനും രാജീവും. ഗിരീഷ് രാ‍ജീവിന്റെ നാട്ടുകാരന്‍ ഞങ്ങളുടെ അതേ കോളെജില്‍ ബി.എസ്സ്‌.സി മാത്‌സ്‌. പക്ഷേ താമസം അവന്റെ ഏതോ അകന്ന ബന്ധുവിനൊപ്പം.

കോളെജിലെ സുഹൃത്തുക്കള്‍ എല്ലാവരും മിക്കവാറും സമയം ഭാര്‍ഗ്ഗവീനിലയം എന്ന് ഞങ്ങള്‍ പേരിട്ട ഞങ്ങളുടെ ഈ താവളത്തിലായിരിക്കും. സുഹൃത്തുക്കളുടെ കൂട്ടത്തില്‍ വീട്ടില്‍ നിന്ന് പിണങ്ങി വരുന്നവര്‍, വെള്ളമടിച്ച്‌ ഓഫായി വീട്ടില്‍ പോകാന്‍ പറ്റാത്തവര്‍, സെക്കന്റ്ഷോ കഴിഞ്ഞ്‌ വീട്ടില്‍പോകാന്‍ വാഹനം കിട്ടാത്തവര്‍ എന്നിവര്‍ക്കൊക്കെയും താമസിക്കാനും ഞങ്ങളുടെ ഈ താവളം ഉപയോഗപ്പെട്ടിരുന്നു. മുറിയിലെ ചുമരുകളൊക്കെയും പലരുടെയും കരവിരുതിനനുസരിച്ചുള്ള മോഡേണ്‍-എത്തിക്കല്‍ ചിത്രങ്ങള്‍, കൂട്ടുകാരുടെ ഇരട്ടപ്പേരുകള്‍, ഇഷ്ടപ്പെടുന്ന പെണ്‍കുട്ടികളുടെ പേരുകള്‍ തുടങ്ങി കോളെജ്‌, കൊമേഴ്സ്‌ ഡേ കളുടെ കൗണ്ട്ഡൗണ്‍ വരെയാലും അലങ്കരിക്കപ്പെട്ടിരുന്നു.

റൂമിലെ ഒരേ ഒരു ഫര്‍ണ്ണിച്ചറായ കട്ടിലില്‍ ഒരു കോസടി, എന്റെയും രാജിവിന്റെയും പുതപ്പുകള്‍ (ഇത്‌ മിക്കവാറും ദിവസങ്ങളില്‍ ഞങ്ങള്‍ക്ക്‌ മുന്‍പേ ആരെങ്കിലും കൈവശപ്പെടുത്തി ഉപയോഗിക്കും). കട്ടില്‍ ക്രോസ്സ്‌ ചെയ്ത്‌കെട്ടിയ അയയില്‍ ആഴ്ചകള്‍ പഴകിയ ഞങ്ങളുടെ അലക്കാത്ത വസ്ത്രങ്ങള്‍, നിലത്താകമാനം ബീഡി-സിഗററ്റ്‌ കുറ്റികള്‍ എം.എസ്സ്‌ ശുക്ല, ടി.എസ്സ്‌ ഗ്രിവാള്‍ ചേര്‍ന്നെഴുതിയ എക്കൗണ്ടന്‍സി, കോസ്റ്റിംഗ്‌, ബിസിനസ്സ്‌ ലോ ടെക്സ്റ്റുകളുടെയും നോട്ടുപുസ്തകങ്ങളുടെയും അവശിഷ്ടങ്ങള്‍, രാജിവിന്റെ വിവിധതരം ഷൂകള്‍, റമ്മികളിച്ച്‌ കളിച്ച്‌ നിറം മങ്ങിയ ചീട്ടുകള്‍, ചില കോണുകളില്‍ ഒളിപ്പിച്ചു വച്ച 'കുഞ്ഞു' പുസ്തകങ്ങള്‍...

മെയിന്‍ റോഡില്‍നിന്ന് നല്ല ഉയരത്തിലുള്ള ഒരു പറമ്പിലായിരുന്ന ഈ കെട്ടിടത്തിലേയ്ക്‌ കേറാന്‍ പൊട്ടിത്തകര്‍ന്ന ഒരു ചെങ്കല്‍ കോണിയുണ്ട്‌. അവിടെനിരന്നിരുന്നാണ്‌ വഴിയെപോകുന്ന ആളുകളുടെ (പ്രത്യേകിച്ച്‌ പെണ്‍പിള്ളാരുടെ) തെറിവിളി-നോക്കിപ്പേടിപ്പിക്കല്‍ എന്നിവ സഹര്‍ഷം ഞങ്ങള്‍ ഏറ്റുവാങ്ങുന്നത്‌. റോഡ്‌ ഷോ മടുക്കുന്ന സമയത്ത്‌ തൊട്ടപ്പുറത്ത്‌ ഏതോ യുദ്ധപ്പാച്ചിലില്‍ തകര്‍ന്നുപോയ ഒരു പഴയ ദേവിക്ഷേത്രാങ്കണത്തില്‍ വിളക്കുകൊളുത്താന്‍ വരുന്നവരുടെ കണക്കെടുക്കാന്‍ ഞങ്ങള്‍ സ്വയം നിയുക്തരാകും.

ആ പഴയകെട്ടിടത്തിന്‌ പകരം ഇപ്പോഴവിടെ വലിയ വലിയ കച്ചവടസ്ഥാപനങ്ങള്‍ വന്നു. അമ്പലം പുതുക്കിപ്പണിതു. ഇടയ്ക്ക്‌ ആ വഴികളിലൂടെ ഒന്നുപോയിനോക്കിയപ്പോള്‍ ഓര്‍മ്മകള്‍ക്ക്‌ കൂട്ടിയിണക്കാന്‍ ഒന്നുമവിടെ ബാക്കിയില്ലാത്തത്‌ പോലെ. ആപ്രാവശ്യം നാട്ടില്‍നിന്നും തിരിച്ചുവരുമ്പോള്‍ പഴയ കത്തുകെട്ടുകള്‍ കൂടെ കൊണ്ടുവന്നു. അതിന്റെ വായനയ്ക്കിടയിലാണ്‌ രാജിവിനെ കണ്ടുപിടിക്കണമെന്ന് തോനുന്നതും കത്തെഴുതുന്നതും. കല്ല്യാണങ്ങള്‍ക്ക്‌ ഞങ്ങള്‍ പരസ്പരം ക്ഷണിച്ചില്ല, കത്തെഴുതാറില്ല, ഫോണ്‍ ചെയ്യാറില്ല അങ്ങിനെ പലതും ഒഴിഞ്ഞുപോയതുകൊണ്ട്‌ തിരിച്ചുവിളിക്കാന്‍ അവനിത്തിരി മടിക്കും, അതുകൊണ്ട്‌ ഗിരീഷിനും എഴുതി. നാട്ടിലുണ്ടെങ്കില്‍ അവന്‍ തീര്‍ച്ചയായും വിളിക്കാതിരിക്കില്ല.

കത്തെഴുതി ആഴ്ചകള്‍ തന്നെ കഴിഞ്ഞിട്ടും രണ്ട്‌ പേരും വിളിച്ചില്ല. പതിയെ ഞാനത്‌ മറക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ആരാത്രിയില്‍ ഗിരീഷ് വിളിച്ചത്‌. ജോലിസംബന്ധിച്ച്‌ പുറത്തെവിടെയോ പോകേണ്ടിവന്നതിനാല്‍ അവന്‌ എഴുത്തു കയ്യില്‍ കിട്ടാന്‍ വൈകി.

കുശലാന്വേഷണങ്ങളുടെയും പരിഭവങ്ങളുടെയും ചോദിക്കലിനും പറയലിനും ശേഷം ഞാനവനോട്‌ രാ‍ജീവിനെക്കുറിച്ചന്വേഷിച്ചു. കാണാറുണ്ട്‌, കാണാറില്ല എന്നൊക്കെ പറഞ്ഞവന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നത്‌ മനസ്സിലാക്കി നിര്‍ബ്ബന്ധിച്ചപ്പോള്‍ ഗിരിഷ് പറഞ്ഞു;

"എന്താണ്‌ പറ്റിയതെന്നറിയില്ല. അവന്‍ എന്നോ എല്ലാവരില്‍നിന്നും അകന്നുപോയി. ഇനിയും കല്ല്യാണം പോലും കഴിച്ചില്ല, ഒന്നിലും താല്‍പ്പര്യം കാണിക്കുന്നില്ല"

ഞങ്ങള്‍ക്കിടയില്‍ മൗനം വല്ലാതെ നീണ്ടു. പെട്ടന്ന് ഗിരിഷ് ചോദിച്ചു,
"നീ ഒന്ന് വരുമോടാ? നമുക്കവനോടൊന്ന് സംസാരിച്ചുനോക്കാം"

**********************************************
നിനയ്കെന്ത്‌ പറ്റി?
അന്ന് ഡണ്‍ഹില്ലിന്റെയും സിറ്റിമാന്റെയും റഡിമെയ്ഡ്‌ വസ്ത്രങ്ങള്‍ മാത്രം ധരിച്ചിരുന്ന നീ, പവ്വറിന്റെയും നോര്‍ത്ത്‌സ്റ്റാറിന്റെയും ഷൂകള്‍ മാത്രം ധരിച്ചിരുന്ന നീ, രാജ്ബബ്ബാറിനെ പോലെയുണ്ടെന്ന് പെണ്‍കുട്ടികള്‍ അടക്കം പറയാറുണ്ടായിരുന്ന നീ...

വര്‍ഷങ്ങള്‍ക്ക്‌ ശേഷം നിന്നെക്കാണാന്‍ വന്ന് ഞാന്‍ നിന്നോടെന്താണ്‌ പറയേണ്ടത്‌...

Monday, November 13, 2006

ഒരു കവിയെക്കുറിച്ച്‌

സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡ്‌ അടക്കം ഒരുപാട്‌ അംഗീകാരങ്ങള്‍ നേടിയ ഒരു കവിയുടെ ജീവിതത്തെക്കുറിച്ച്‌ ഇന്നലത്തെ ഹിന്ദുവില്‍ വന്ന വാര്‍ത്ത.

തീക്കുനി എന്ന് പറയുന്ന സ്ഥലം കോഴിക്കോട്‌ ജില്ലയിലെ വടകരയ്ക്കടുത്താണ്‌. ഞാനും ഒരു വടകരക്കാരന്‍. കണ്ടിട്ടില്ലെങ്കിലും പവിത്രനെക്കുറിച്ച്‌ നേരത്തേതന്നെ കേട്ടിട്ടുണ്ട്‌.

ഈ വാര്‍ത്ത കാണാത്തവര്‍, സ്വന്തം ജീവിതാനുഭവങ്ങളുടെ നെരിപ്പോടിലിരുന്ന് കവിതകളെഴുതുന്ന ഈ ചെറുപ്പക്കാരനെക്കുറിച്ച്‌ ഇവിടെ വായിക്കുക.

ഇങ്ങിനെയും ഒരു കവി ജീവിച്ചിരിക്കുന്നു എന്നറിയാന്‍ വേണ്ടിയെങ്കിലും.

Monday, October 30, 2006

സങ്കല്‍പ്പങ്ങള്‍

ബാറിലെ അരണ്ട വെളിച്ചത്തില്‍, ഒാര്‍ഡര്‍ചെയ്ത ഡ്രിങ്ക്സുമായി ബെയറര്‍ വരുന്നതും കാത്ത്‌ അഭിമുഖമായി ഇരിക്കുകയായിരുന്നു ഞങ്ങള്‍. വാരാന്ത്യമായതിന്റെ തിരക്കുണ്ട്‌ ബാറില്‍. വിവിധ വേഷങ്ങള്‍, ഭാഷകള്‍.

"അടുത്ത വര്‍ഷം മോനെ സ്കൂളില്‍ ചേര്‍ക്കണം" അവന്‍ പറഞ്ഞു.

"അവന്‌ നാലുവയസ്സായോ" ഞാന്‍ അല്‍ഭുതപ്പെട്ടു.

"മൂന്ന് വയസ്സ്‌ തികയുകയേയുള്ളൂ അടുത്ത വര്‍ഷം. പക്ഷേ അവള്‍ക്ക്‌ നിര്‍ബ്ബന്ധം. അടുത്ത ഫ്ലാറ്റുകളിലുള്ള കുട്ടികളൊക്കെ ഇതിലും ചെറുതിലേ പ്ലേ സ്കൂളില്‍ പോകാന്‍ തുടങ്ങിയെന്ന്"

ഞാനഭിപ്രായമൊന്നും പറഞ്ഞില്ല. രണ്ട്‌ ബെഡ്‌റൂം ഫ്ലാറ്റില്‍, വാതില്‍ തുറന്നാല്‍ അപ്പോള്‍ പുറത്തേയ്ക്‌ ചാടനൊരുങ്ങുന്ന അവന്റെ മകന്റെ കുസൃതി പലപ്പോഴും നേരില്‍ കണ്ടിട്ടുണ്ട്‌. മുറിയില്‍ അടച്ചൊതുക്കി ഇരുത്തുന്നതിന്നേക്കാള്‍ നല്ലതാണല്ലൊ സ്കൂളില്‍ വിടുന്നത്‌.

ബെയറര്‍ സാധനങ്ങളുമായി വന്നു. ഡ്രിങ്ക്‌ ഫിക്സ്ചെയ്ത്‌ ഞങ്ങള്‍ സാവധാനത്തില്‍ കഴിച്ച്‌തുടങ്ങി.

വൈകീട്ട്‌ കണ്ടുമുട്ടിയത്‌ മുതല്‍ ഞാനവനെതന്നെ ശ്രദ്ധിക്കുകയായിരുന്നു, എന്തോ ഒരു അങ്കലാപ്പുള്ളത്‌ പോലെ. ചിലപ്പോഴവനിങ്ങനെയാണ്‌. കാത്തിരിക്കാം, രണ്ട്‌ പെഗ്ഗുകൂടി ചെല്ലുമ്പോള്‍ അവന്‍ തന്നെ കാര്യത്തിലേയ്ക്‌ വരും.

പ്രതീക്ഷിച്ചതിലും നേരത്തെ അവന്‍ കാര്യത്തിലേയ്ക്‌ വന്നു.
"എനിക്ക്‌ മോന്റെ കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ പറ്റുന്നില്ലേ എന്നൊരു സംശയം. മാറി മാറി വരുന്ന ഷിഫ്റ്റും, സര്‍ട്ടിഫിക്കേഷന്‍സ്‌ എഴുതിയെടുക്കാനുള്ള പഠനവും, ജോലി ഒന്ന് മാറാനുള്ള ശ്രമത്തിനുമൊക്കെയിടയില്‍ ഞാന്‍ അവനെ തീരെ ശ്രദ്ധിക്കുന്നില്ലാത്തത്‌ പോലെ"

അപ്പോള്‍ അതാണ്‌ കാര്യം. ഞാനവനെ ആശ്വസിപ്പിക്കാനെന്നപോലെ പറഞ്ഞു,
"ലത നോക്കുന്നില്ലേ മോന്റെ കാര്യങ്ങള്‍. അവള്‍ മുഴുവന്‍ സമയവും അവന്റെകൂടെതന്നെയുണ്ടല്ലോ"
ലത അവന്റെ ഭാര്യയാണ്‌. കുഞ്ഞുണ്ടാകുന്നതിന്ന് മുമ്പ്‌ അവള്‍ നഗരത്തിലെ ഒരുസ്കൂളില്‍ ടീച്ചറായിരുന്നു. ഇപ്പോള്‍ ജോലി ഉപേക്ഷിച്ച്‌ കുഞ്ഞിനെയും നോക്കി വീട്ടിലിരിക്കുന്നു.

ഞാന്‍പറഞ്ഞത്‌ കേള്‍ക്കാത്തമട്ടില്‍ അവന്‍ തുടര്‍ന്നു-
"ആറാം വയസ്സില്‍ എല്‍.പി സ്കൂളില്‍ ഒന്നാംക്ലാസില്‍ വച്ചല്ലേ മാധവന്‍ മാഷ്‌ നമ്മളെ അക്ഷരങ്ങളെഴുതാന്‍ പഠിപ്പിച്ചത്‌. ഇത്രയും ചെറിയപ്രായത്തില്‍ അവനെ സ്കൂളില്‍ വിടുക എന്നത്‌...," ഒന്ന് നിര്‍ത്തി അവന്‍ തുടര്‍ന്നു- "ലത ഇപ്പോള്‍ തന്നെ അവനെ എന്തൊക്കെയോ കുത്തിച്ചതച്ച്‌ പഠിപ്പിച്ചു തുടങ്ങിയിരിക്കുന്നു."

ഞങ്ങള്‍ കുഞ്ഞുന്നാള്‍മുതലേയുള്ള കൂട്ടുകാര്‍. എല്‍.പി ,യു.പി, ഹൈ സ്കൂളുകളിലും, പ്രീ-ഡിഗ്രി വരെയും ഒരുമിച്ചു പഠിച്ചു. ഡിഗ്രിയും തുടര്‍പഠനവും പലവഴിക്ക്‌. ജോലിതേടിയുള്ള പാച്ചിലില്‍ അന്യനാട്ടില്‍ ബാച്ചിലര്‍ ലൈഫില്‍ വീണ്ടും ഒരുമിച്ച്‌. ഇപ്പോള്‍ ഒരേ നഗരത്തില്‍ രണ്ടിടത്ത്‌.

അവന്‍ തുടര്‍ന്നു-
"വൈകുന്നേരം ലൈബ്രറിയിലേയ്കും, പുസ്തകങ്ങളെടുത്ത്‌ തിരിച്ചു വരുമ്പോള്‍ അച്ഛന്‍ സ്ഥിരമായി സന്ദര്‍ശിക്കാറുള്ള ചന്തൂട്ടിയേട്ടന്റെ വയല്‍ക്കരയിലുള്ള 'നാടന്‍' വില്‍പന കേന്ദ്രത്തിലേയ്ക്കും ചെറുപ്പത്തില്‍ ഞാന്‍ അച്ഛന്റെ പിന്നാലെ നടക്കക്കുമായിരുന്നു. എനിക്ക്‌ വായിച്ചാല്‍ മനസ്സിലാവില്ലാതിരുന്ന ആ ലൈബ്രറി പുസ്തകങ്ങളില്‍നിന്നുമച്ഛനെനിക്ക്‌ ഗാന്ധിജിയെയും നെഹ്രുവിനെയും ജയപ്രകാശ്‌ നാരായണനെയും കുറിച്ച്‌ പറഞ്ഞുതന്നു. പഞ്ചതന്ത്രത്തിലെയും ആയിരത്തൊന്ന് രാവുകളിലെയും കഥകള്‍ പറഞ്ഞുതന്നു. എട്ടിലോ ഒന്‍പതിലോ പഠിയ്ക്കുമ്പോള്‍ ചെമ്മീനും നാലുകെട്ടും വായിക്കാന്‍ തന്നു"

അവന്റെ അച്ഛന്‍ സ്വാതന്ത്രസമര സേനാനി, സ്വാതന്ത്രാനന്തരം സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകന്‍. നാട്ടുകാര്യങ്ങള്‍ക്കെപ്പോഴും മുന്‍നിരയില്‍. പിന്നീടെപ്പോഴൊ രാഷ്ട്രീയപ്പാര്‍ട്ടികളുടെ അപചയത്തില്‍ മനംമടുത്ത്‌ രാഷ്ട്രീയം വിട്ട്‌ വായനയിലും മദ്യത്തിലും അഭയം തേടി. കൂടെപ്രവര്‍ത്തിച്ചവര്‍ പഞ്ചായത്ത്‌ മെമ്പര്‍മാരും എമെല്ലേമാരും സഹകരണ ബാങ്ക്‌ ഡയറക്ടര്‍മാരുമായി. പണക്കാരായി. കുടുംബം ഭക്ഷണത്തിനും മക്കളുടെ പഠനത്തിനും ബുദ്ധിമുട്ടുന്നത്‌ നോക്കി അയാള്‍ നിസ്സംഗനായി നിന്നു.

പക്ഷേ അവന്‍ അച്ഛനെ വെറുത്തില്ല. കഷ്ടപ്പെട്ട്‌ പഠിച്ചു. ട്യൂട്ടോറിയല്‍ കോളേജില്‍ പഠിപ്പിച്ച്‌ കിട്ടിയ കാശ്‌ മിച്ചം വച്ച്‌ ചന്തൂട്ടിയേട്ടന്റെ അടുത്തുനിന്നും നൂറ്‌ മില്ലി വാങ്ങി അമ്മകാണാതെ അച്ഛന്‌ കൊണ്ട്‌ കൊടുത്തു, ലൈബ്രറിയില്‍നിന്നും അച്ഛന്‍ പറയുന്ന പുസ്തകങ്ങള്‍ എടുത്തുകൊടുത്തു. കൂട്ടുകാര്‍ക്കൊപ്പംകൂടി പുറത്തുപോകാന്‍ കാശില്ലാഞ്ഞത്‌ കൊണ്ട്‌ അച്ഛനടുത്ത്‌ ചടഞ്ഞിരുന്ന് പുസ്തകങ്ങളെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും അച്ഛന്റെ വിശകലനങ്ങള്‍ കേട്ടു.

അച്ഛന്‍ മരിച്ചതോടെ ജോലിതേടി നാട്‌ വിട്ട്‌ ബാംഗ്ലൂരെത്തി. ജോലി, തുടര്‍പഠനം, സര്‍ട്ടിഫിക്കേഷന്‍സ്‌, വിവാഹം, വീട്‌, കുഞ്ഞ്‌...

"അടുത്തയാഴ്ചമുതല്‍ രണ്ടാഴ്ച നൈറ്റ്ഷിഫ്റ്റ്‌. എന്റെ മോനുറങ്ങുമ്പോള്‍ ഞാന്‍ ഉണര്‍ന്നിരുന്ന് ജോലിചെയ്യും അവനുണരുമ്പോള്‍ ഞാനുറങ്ങാന്‍ തുടങ്ങും. ഞാനവിടെയുണ്ടെന്ന് മനസ്സിലായാല്‍ വാതില്‍ തള്ളിത്തുറന്ന് അവന്‍ കട്ടിലില്‍ വന്ന് ബഹളം വയ്കും അവന്റെകൂടെ കളിക്കാന്‍. പാതിയുറങ്ങിയും പാതി കളിച്ചും രാത്രിയില്‍ പിന്നെയും ജോലിസ്ഥലത്തേയ്ക്‌. അവന്ന് പറഞ്ഞ്‌കൊടുക്കാന്‍ പഞ്ചതന്ത്രത്തിലെയും ആയിരത്തൊന്ന് രാവുകളിലെയും ഒറ്റക്കഥപോലും എനിക്കോര്‍മ്മയില്ലെടാ"

പിരിയുമ്പോള്‍ രാത്രി ഏറെ വൈകി. വണ്ടി സ്റ്റാര്‍ട്ട്ചെയ്ത്‌ പോകാനൊരുങ്ങുമ്പോള്‍ അവന്‍ പറഞ്ഞു-
"എന്റെ മോന്‍ ഞാൻ പഠിച്ച എൽ‌പി സ്കൂളിൽ പഠിക്കണം, കൂര്‍മ്മംകുളങ്ങര യു.പി യില്‍ പഠിക്കണം, ചെമ്പ്ര ഹൈ സ്കൂളിലെ ഞാനും നീയും പഠിച്ച പത്ത്‌-C യില്‍ പഠിക്കണം, മടപ്പള്ളി കോളെജില്‍ പഠിക്കണം, കോളെജിന്റെ താഴെയുള്ള ബാലേട്ടന്റെ ചായക്കടയില്‍നിന്നും കായപ്പവും പൊറാട്ടയും തിന്ന് ഒരു ചാംസ്‌ സിഗറട്ടും വലിച്ച്‌, വടകര കീര്‍ത്തി-മുദ്രയില്‍നിന്നു മാറ്റിനിയും കണ്ട്‌ പഴയസ്റ്റാന്റില്‍ നിന്നും ബസ്സ്‌ കേറി വീട്ടിലേയ്ക്‌ പോകണം..."

മിണ്ടാതെ നില്‍ക്കുന്ന എന്നെനോക്കി ഒന്ന് കളിയാക്കിച്ചിരിച്ചവന്‍ തുടര്‍ന്നു- "എവ്‌ടെ നടക്കാന്‍ അല്ലേ?"

അവന്റെ വണ്ടി അകന്നുപോകുന്നതും നോക്കി ഞാന്‍ നിന്നു.

Wednesday, October 18, 2006

പ്രണയം!

പരിചയപ്പെട്ടതിന്ന് ഇരുപതു വര്‍ഷങ്ങള്‍ക്ക്‌ ശേഷം,
പിരിഞ്ഞതിന്ന് പതിനേഴ്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം,
അവസാനമായി കണ്ടതിന്ന് പത്ത്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം,
ഇപ്പോള്‍ വല്ലപ്പോഴെങ്കിലും ഓര്‍മ്മപുതുക്കാന്‍ തുടരുന്ന ഫോണ്‍ വിളികളില്‍ ഇന്നലെ അവള്‍ ചോദിച്ചു-

"അന്ന് താന്‍ എന്നെ പ്രണയിച്ചിരുന്നോ?"

Thursday, September 21, 2006

ലോക അല്‍ഷിമേഴ്സ്‌ ദിനം

ഇന്ന് സെപ്തംപര്‍ 21, ലോക അല്‍ഷിമേഴ്സ്‌ ദിനം.
ഓര്‍മ്മകള്‍ നഷ്ടപ്പെട്ടവരെക്കുറിച്ച്‌ ഓര്‍ക്കാന്‍ ഒരു ദിനം.

1906-ല്‍ അലോയിസ്‌ അല്‍ഷിമര്‍(1864-1915) എന്ന ഡോക്ടര്‍ ആദ്യമായി ഈ അവസ്ഥയെകുറിച്ച്‌ ആധികാരികമായി ലോകത്തോട്‌ പറഞ്ഞ്‌ 100 വര്‍ഷങ്ങള്‍ക്ക്‌ ശേഷമിപ്പോഴും മതിയായ ചികിത്സയോ ആവശ്യത്തിനുള്ള ബോധവല്‍ക്കരണമോ ഇല്ലാതെ ഒരു പ്രഹേളികയായി തുടരുകയാണ്‌ അല്‍ഷിമേഴ്സ്‌.

വൃദ്ധ ജനങ്ങളെ പാടെ അവഗണിക്കുന്ന ഇന്ത്യയെ പോലുള്ള രാജ്യങ്ങളില്‍ എണ്ണത്തില്‍ വളരെ അധികം വരുന്ന അല്‍ഷിമേഴ്സ്‌ ബാധിതരെ സംരക്ഷിക്കാനും ചികിത്സിക്കാനുമുള്ള പദ്ധതികള്‍ ഇപ്പോഴും വളരെ വിരളം.

അല്‍ഷിമേഴ്സ്‌ ബാധിതരോടുള്ള അനുകമ്പയും സ്നേഹവും അറിയിക്കാനും, രോഗികളോടും രോഗത്തോടുമുള്ള അവഗണനയ്ക്കെതിരെയും ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികള്‍ക്കൊപ്പം ഇന്ന് നമുക്കും കൈകോര്‍ക്കാം.

ചെറിയ ചെറിയ ഓര്‍മ്മപ്പിശകുകളോടെ തുടങ്ങി നിത്യേനെ കാണുന്ന സാധനങ്ങളുടെയും ആളുകളുടെയും പേരുകള്‍ മറന്ന് ഒടുവില്‍ ദിനചര്യ, ചുറ്റുപാടുകള്‍, കുടുംബം, സമൂഹം എന്നവയില്‍ നിന്നെല്ലാം പൂര്‍ണ്ണമായും അകന്നുപോകുകയാണ്‌, അല്‍ഷിമേഴ്സ്‌ ബാധിത/ന്‍.

ലക്ഷണങ്ങള്‍ ഇങ്ങിനെയൊക്കെ ആകാം-
1) ആളുകള്‍, സംഭവങ്ങള്‍, മുഖങ്ങള്‍, പേരുകള്‍, വഴികള്‍ എന്നിവ ഓര്‍ത്തെടുക്കാന്‍ പ്രയാസപ്പെടുക.
2) പറഞ്ഞ്‌ പ്രതിഫലിപ്പ്ക്കാനോ മറ്റുള്ളവര്‍ പറയുന്നത്‌ മനസ്സിലാക്കനോ ബുദ്ധിമുട്ടുക.
3) പണം, വീട്ട്‌ സാധനങ്ങള്‍ മുതലായവ കൈകാര്യം ചെയ്യുമ്പോള്‍ ബുദ്ധിമുട്ട്‌ പ്രകടിപ്പിക്കുക.

പൂര്‍ണ്ണമായും അല്‍ഷിമേഴ്സിന്റെ പിടിയിലകപ്പെട്ട്‌ കഴിഞ്ഞാല്‍ രാവെന്നോ പകലെന്നോ എന്ന അവസ്ഥ ഇല്ലാതായി, പകല്‍ ഉറങ്ങുകയും രാത്രിയില്‍ എഴുന്നേറ്റിരിക്കുകയും ചെയ്യുക, ലക്ഷ്യമില്ലാതെ ഏതുവഴിക്കെങ്കിലും നടക്കുക, വസ്ത്രങ്ങള്‍ ഉടുക്കാന്‍ വിമുഖത കാണിക്കുക തുടങ്ങി ആളെ ശുശ്രൂഷിക്കാന്‍ ബുദ്ധിമുട്ടാവുന്ന അവസ്ഥയിലേയ്ക്‌ കാര്യങ്ങള്‍ നീങ്ങുകയായി. ദ്വേഷ്യം വാശി എന്നിവ ക്രമാതീതമായി വര്‍ധിക്കുന്നു.

അല്‍ഷിമേഴ്സ്‌ ബാധിതര്‍ക്ക്‌ പിന്നീടൊരിക്കലും സാധാരണ ജീവിതത്തിലേയ്ക്‌ മടങ്ങിപ്പോകാനാവുകയില്ല എന്നാതാണ്‌ ദുഖിപ്പിക്കുന്ന സത്യം. അവരോട്‌ കാണിക്കുന്ന സ്നേഹവും പരിലാളനയും തന്നെയാണ്‌ അവര്‍ക്ക്‌ കൊടുക്കാവുന്ന ഏറ്റവും വലിയ ചികിത്സയും.

Wednesday, September 13, 2006

ഓര്‍മ്മപ്പുസ്തകം

ഓര്‍മ്മപ്പുസ്തകം

കഴിഞ്ഞ ദിവസം സംസാരത്തിനിടയില്‍ ഞാനെന്തോ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മോള്‌ പറഞ്ഞു-
"ആഛനു അല്‍ഷിമേഷ്സാണെന്നാ തോനുന്നേ" (തന്മാത്ര എന്ന സിനിമ ഇറങ്ങിയതിനു ശേഷം നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ പോലും ഈ പേരു സുപരിചിതം).

അല്‍ഷിമേഴ്സ്‌ എന്ന അവസ്ഥയെ ('രോഗം' എന്ന് അല്‍ഷിമേഴ്സിനെ വിളിക്കാന്‍ എനിക്കെന്തോ തോനുന്നില്ല) എനിക്ക്‌ മുമ്പേ തന്നെ അടുത്തറിയാം. പക്ഷേ അന്നതിന്റെ പേരോ, എന്താണിതിങ്ങനെ എന്ന ചോദ്യത്തിന്റെ ഉത്തരമോ തീരെ പിടിപാടില്ലായിരുന്നു. ആകെയുള്ള അറിവ്‌ അഛന്‍ പറഞ്ഞു തന്ന 'പ്രായമാകുമ്പോള്‍ ചിലര്‍ക്കിങ്ങനെ വരും' എന്ന ഒറ്റ വാചകത്തിലെ ഉത്തരം മാത്രം.

ഓര്‍മ്മപുസ്തകത്തിലെ വരികള്‍ക്ക്‌ നിറം മങ്ങി, പ്രിയപ്പെട്ടവര്‍ പലരും പതിയെപതിയെ അല്‍ഷിമേഷ്സിന്റെ പിടിയിലമരുന്നതു കണ്ട്‌ നിസ്സഹായനായി നില്‍ക്കേണ്ടിവന്നപ്പോള്‍ ഈ ഒരവസ്ഥയെകുറിച്ച്‌ കൂടുതല്‍ മനസിലായിത്തുടങ്ങി.

വല്ല്യമ്മയിലായിരുന്നു തുടക്കം. പതിനൊന്ന് പ്രസവിച്ച ഞങ്ങളുടെ അഛമ്മയെ ഞങ്ങള്‍ വല്ല്യമ്മ എന്നായിരുന്നു വിളിക്കുക. അഛനായിരുന്നു പതിനൊന്നാമന്‍. അഛന്‍ ജനിക്കും മുന്‍പേ തന്നെ അഛന്റെ മൂത്ത സഹോദരിമാരില്‍ പലരുടെയും വിവാഹം കഴിയുകയും അവര്‍ക്ക്‌ കുട്ടികള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. അഛന്‍ ജനിച്ചതിന്ന് ശേഷം വല്ല്യമ്മ ആ കുട്ടികള്‍ എല്ലാവരെയും കൊണ്ട്‌ അഛനെ 'അമ്മാവന്‍' എന്ന് നിര്‍ബ്ബന്‌ധിച്ച്‌ വിളിച്ച്‌ പഠിപ്പിച്ചു. (ഇപ്പോഴും അഛനെക്കാള്‍ പ്രായം കൂടിയ അഛന്റെ മരുമക്കള്‍ അഛനെ 'അമ്മാവന്‍' എന്നുതന്നെ വിളിക്കുന്നു). ആ വലിയ കുടുംബത്തില്‍ വല്ല്യമ്മയുടെത്‌ തന്നെയായിരുന്നു അവസാന വാക്ക്‌.

പതുക്കെ, വളരെ വളരെ പതുക്കെയായിരുന്നു ചിത്തമാന്ദ്യം വല്ല്യമ്മയെ പിടികൂടാന്‍ തുടങ്ങിയത്‌. കുടുംബത്തിലോ പരിചയത്തിലുള്ള മറ്റാര്‍ക്കെങ്കിലോ ഇങ്ങിനൊരവസ്ഥ മുന്‍പാര്‍ക്കും പരിചയമില്ലാത്തതു കൊണ്ട്‌ തന്നെ വല്ല്യമ്മയുടെ ഈ മാറ്റം എല്ലാവരും മനസിലക്കുമ്പോഴെയ്ക്കും ഒരുപാട്‌ വൈകി. അപ്പോഴെയ്കും വല്ല്യമ്മ ആളുകളെയും സംഭവങ്ങളെയും മറന്നു തുടങ്ങി. തറവാട്‌ വീട്‌ വിട്ട്‌ അധികമെങ്ങും പുറത്തിറങ്ങാറില്ലാതിരുന്ന വല്ല്യമ്മ മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ വീട്ടിലുള്ളവരുടെ കണ്ണ്‍ തെറ്റിയാല്‍ പുറത്തേയ്ക്കിറങ്ങി ലക്ഷ്യമില്ലാതെ നടന്നുപോകും. പരസ്പരം പരിചയമുള്ള ആളുകളും വീടുകളും ഉള്ള ചെറിയൊരു ഗ്രാമത്തിലായിരുന്നു ഞങ്ങളുടെ തറവാട്‌ വീട്‌. അതുകൊണ്ട്‌ തന്നെ ആദ്യം അമ്പരപ്പോടും പിന്നീട്‌ സഹതാപത്തോടും നാട്ടുകാര്‍ വല്ല്യമ്മയെ നിര്‍ബ്ബന്‌ധിച്ച്‌ തിരികെ വീട്ടില്‍ കൊണ്ട്ചെന്നാക്കി.

ഹൈ സ്കൂളില്‍ പഠിക്കുകയായിരുന്ന ഞാന്‍ മിക്കവാറും എല്ലാ വാരാന്ത്യങ്ങളിലും വല്ല്യമ്മയെ കാണാന്‍ ചെല്ലുമായിരുന്നു. ചുക്കിചുളിഞ്ഞ കൈകള്‍ കൊണ്ട്‌ ശരീരമാസകലം പരതി കാഴ്ച മങ്ങിത്തുടങ്ങിയ കണ്ണുകള്‍ എന്റെ മുഖത്തിന്‌ നേരെ അടുപ്പിച്ച്‌ വല്ല്യമ്മ ചോദിക്കും- "ആരാ.."
"വല്ല്യമ്മേ, മനോജ്‌.." ഞാന്‍ പറയും. പിന്നീടൊന്ന് മൂളി വല്ല്യമ്മ പറയും.
"ആരൊ വേഷം മാറി പറ്റിക്കാന്‍ വന്നിരിക്കുന്നു. എനിക്കെന്താ, മനോജിനെ അറിയാഞ്ഞിട്ടോ..."
ചില സമയങ്ങളില്‍ വലിയ വിശദീകരണം കൂടാതെ തന്നെ വല്ല്യമ്മയ്ക്‌ ആളെ മനസിലാകും. തലേദിവസം ചെന്ന് കണ്ടതാണെങ്കില്‍ പോലും പറയും-
"എത്ര കാലായി നീ എന്നെ ഒന്ന് വന്ന് കണ്ടിട്ട്‌.."

ഭക്ഷണം കഴിഞ്ഞ്‌ വരാന്തയിലെ മരബഞ്ചില്‍ വന്നിരുന്ന് വല്ല്യമ്മ ഇടയ്ക്കിടെ അകത്തേയ്ക്‌ വിളിച്ച്‌ ചോദിക്കും.-
"യശോദേ, ഇന്നിവിടെ ചോറും കറിയുമൊന്നും വച്ചില്ലേ, വിശന്നിട്ട്‌ വയ്യ."
യശോദ, തറവാട്ട്‌ വീട്ടില്‍ താമസിക്കുന്ന അഛന്റെ ജേഷ്ഠന്റെ ഭാര്യ, ഞങ്ങളുടെ മൂത്തമ്മ, ആദ്യമാദ്യം അമ്മ ഇപ്പോഴല്ലേ ഊണ്‌ കഴിഞ്ഞ്‌ ഇവിടെ വന്നിരുന്നത്‌ എന്നൊക്കെ പറഞ്ഞ്‌ ഓര്‍മ്മിപ്പിക്കാന്‍ ശ്രമിപ്പിക്കുകയും പരാജയപ്പെട്ട്‌ പിന്നെ പിന്നെ ചോദിക്കുമ്പോഴൊക്കെ തിന്നാന്‍ വല്ലതും മുന്‍പില്‍ കൊണ്ടു വയ്ക്കാന്‍ തുടങ്ങി. ഒരു വായില്‍ കഴിച്ചെന്ന് വരുത്തി മുഖം കഴുകി തിരിച്ച്‌ വന്ന് വല്ല്യമ്മ പഴയ പല്ലവി ആവര്‍ത്തിക്കും...

മക്കളെയും മക്കളുടെ മക്കളെയും അവരുടെ മക്കളെയും മറന്ന് തുടങ്ങിയ വല്ല്യമ്മ, വല്ല്യമ്മയുടെ മക്കള്‍പോലും കാണുകകയോ കേള്‍ക്കുകയോ ചെയ്യാതിരുന്ന പണ്ടെങ്ങോ പലവഴികളില്‍ പിരിഞ്ഞ്‌ പോവുകയോ മരിച്ച്‌ പോവുകയോ ചെയ്ത വല്ല്യമ്മയുടെ അഛനെയും അമ്മയെയും അമ്മാവന്മാരെയും കുറിച്ച്‌ സംസാരിക്കാന്‍ തുടങ്ങുകയും അവരെ കാണാന്‍ നിര്‍ബ്ബന്‌ധം പിടിയ്കുകയും ചെയ്തു. കാഞ്ഞിരക്കടവിലുള്ള അനന്തനമ്മാമന്‍, മയ്യഴിയിലുള്ള കുഞ്ഞിരാമന്‍ ഇളയച്ചന്‍, നാണി ഇളയമ്മ... അങ്ങിനെ അതുവരെ കേള്‍ക്കാതിരുന്ന പല പല പേരുകളും ബന്‌ന്ദങ്ങളും കേട്ട്‌ എല്ലാവരും ആദ്യമാദ്യം അന്തം വിട്ട്‌ നില്‍ക്കുകയും പിന്നെപ്പിന്നെ വല്ല്യമ്മ എന്തൊക്കെയോ പുലമ്പുന്നു എന്ന് കരുതി അവഗണിക്കുകയും ചെയ്തു.

വല്ല്യമ്മയുടെ കൂടെ തറവാട്ട്‌ വീട്ടില്‍ താമസിച്ചിരുന്ന മകന്‍ (ഞങ്ങളുടെ അഛന്റെ ജേഷ്ഠന്‍) മരിച്ച സമയത്ത്‌ വീട്ടില്‍ കൂടിയ ബന്‌ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ഇടയിലൂടെ മരണമെന്നോ മക്കളെന്നോ ആധിയില്ലാതെ ഇത്തിരി പുകയില തേടി നടക്കുകയായിരുന്നു വല്ല്യമ്മ. ദഹനത്തിനെടുക്കും മുന്‍പേ അവസാനമായി കാണിക്കാന്‍ വല്ല്യമ്മയെ കൊണ്ടുവന്നപ്പോള്‍ വെള്ളത്തുണിയില്‍ പൊതിഞ്ഞ വല്ല്യച്ചന്റെ മൃദദേഹത്തില്‍ വലിയമ്മ ഒന്ന് നോക്കുകപോലും ചെയ്തിട്ടില്ലെന്ന് ഞാനിപ്പോഴും ഓര്‍ക്കുന്നു.
പണ്ടൊക്കെ വല്ല്യഛന്‍ വീട്ടിലെത്താതെ ഉണ്ണുകയോ ഉറങ്ങുകയോ ചെയ്യില്ലായിരുന്നു വല്ല്യമ്മ.

ശൈശവവും ബാല്യവും കൗമാരവും വാര്‍ദ്‌ധക്യവും പിന്നിട്ട്‌ ഒടുവില്‍ ശൈശവത്തില്‍ തന്നെ തിരിച്ചെത്തി കുഞ്ഞുങ്ങളെപ്പോലെ ചിരിച്ചും എല്ലാം അമ്പരപ്പോടെ നോക്കിയും ഒന്നിനെപ്പറ്റിയും വേവലാതിപ്പെടാതെയും, വെറുതെ വാശിപിടിച്ചും നൂറ്റി ഒന്‍പാതാമത്തെ വയസ്സില്‍ അഞ്ചാം തലമുറയിലെ കുഞ്ഞും പിറന്ന് കഴിഞ്ഞ്‌ വല്ല്യമ്മ മരണപ്പെട്ടിട്ട്‌ വര്‍ഷങ്ങള്‍ പതിനഞ്ച്‌ കഴിയുന്നു.

അല്‍ഷിമേഴ്സ്‌ തുടരുകയായിരുന്നു- വല്ല്യമ്മയ്ക്ക്‌ ശേഷം അമ്മമ്മ, പിന്നെ ഒരു വല്ല്യഛന്‍.....
ചെന്നു കണ്ട ഡോക്ടര്‍മാര്‍ എല്ലാവരും പറഞ്ഞുതന്ന ചികിത്സ ഒന്ന്‌മാത്രം-
"അവരെ മനസ്സിലാക്കുക, അവരെ സ്നേഹിക്കുക. സ്നേഹം മാത്രമാണവര്‍ക്കുള്ള സ്വാന്തനം..."

വല്ല്യമ്മയെ കുറിച്ചോര്‍ക്കുമ്പോഴൊരു കുറ്റബോധം വിങ്ങലായി നില്‍ക്കുന്നു. വല്ല്യമ്മയെ മനസിലാക്കാന്‍ ശരിക്കും ശ്രമിച്ചിരുന്നോ, ആ ഒരവസ്ഥ മനസ്സിലാക്കി വല്ല്യമ്മയെ സ്നേഹിച്ചിരുന്നോ എന്നൊക്കെ.
(അന്ന് അതിനുള്ള ചുറ്റുപാടും പ്രായവുമായിരുന്നില്ല എന്നിരിക്കിലും)

മരിച്ച്‌ പോയ ഓര്‍മ്മകളുമായി ജീവിതത്തിനും മരണത്തിനും ഇടയില്‍ നട്ടം തിരിയുന്ന അല്‍ഷിമേഴ്സ്‌ അവസ്ഥയിലുള്ള നിര്‍ഭാഗ്യരായ ഒരുപാട്‌ വൃദ്ധജനങ്ങള്‍ നമുക്കുമുന്നില്‍ ജീവിക്കുന്ന ഉദാഹരണങ്ങളായി നില്‍ക്കുമ്പോള്‍ അറിയാതെ തന്നെ സ്വയം ചോദിച്ച്‌ പോകുന്നു -

ആരാണ്‌ പറഞ്ഞത്‌, ഓര്‍മ്മകള്‍ക്ക്‌ മരണമില്ലെന്ന്...

Tuesday, August 29, 2006

ഓര്‍മ്മയിലെ കത്തുകള്‍

ആദ്യമാദ്യമെഴുതിയതും വന്നതുമായ കത്തുകള്‍ വെറും അറിയിപ്പുകള്‍ മാത്രമായിരുന്നു. വെക്കേഷനുകളില്‍ ഇന്ന ദിവസം ഇത്ര മണിയ്ക്‌ വടകര കീര്‍ത്തി/മുദ്ര, അശോക്‌, ജയഭാരത്‌, കേരള ക്വയര്‍ എന്നീ സിനിമാ തീയറ്ററുകളില്‍ ഏതെങ്കിലുമൊന്നിന്റെ മുന്നില്‍ എത്തിച്ചേരണമെന്ന അറിയിച്ചുകൊണ്ട്‌ മുസ്തഫ എഴുതുന്നത്‌. സിനിമകള്‍ അവനു അന്നും ഇന്നും പ്രിയപ്പെട്ടതതന്നെ. 80കളില്‍ അരവിന്ദന്‍, ഭരതന്‍, പത്മരാജന്‍, ഹരിഹരന്‍ തുടങ്ങി പ്രിയദര്‍ശന്‍, ഐവി ശശി, ജോഷി വരെയുള്ള സംവിധായകരും, എംടി, ടി. ദാമോദരന്‍, ഡെന്നിസ്‌ ജോസഫ്‌, ജോണ്‍ പോള്‍ പോലുള്ള എഴുത്തുകാരും, രവീന്ദ്രന്‍, ജെറി അമല്‍ദേവ്‌, ശ്യാം തുടങ്ങിയ സംഗീത സംവിധായകരും, ഒ.എന്‍.വി, ബിച്ചു തിരുമല തുടങ്ങിയ സിനിമാഗാന രചയിതാക്കളും നിറഞ്ഞു നിന്നിരുന്ന കാലം.

ഒരു സെക്കന്‍ഡ്‌ ക്ലാസ്‌ ടിക്കറ്റിനു വെറും രണ്ട്‌-മൂന്ന് രൂപ. വീട്ടുകാരെ പറ്റിക്കാന്‍ നൂണ്‍ ഷോ ആയിരുന്നു പതിവ്‌. അന്ന് നൂണ്‍ ഷോവിനു ഒരു 'വട്ട' പേരു നിലവിലുണ്ടായിരുന്നത്‌ കാരണം 'മാന്യന്മാര്‍' നൂണ്‍ ഷോയ്ക്‌ പോകുന്നത്‌ വിലക്കപ്പെട്ടിരുന്നു. കുടുംബവുമായി വരുന്നവരും തീരെ കുറവ്‌. അതുകൊണ്ട്‌ തന്നെ നൂണ്‍ഷോ കോളേജ്‌ പിള്ളാരുടെ തിരുവാതിരയായിരുന്നു. മടപ്പള്ളി കോളെജിലെ പ്രീ-ഡിഗ്രി 3-ബി സെക്കന്റ്‌ ബാച്ച്‌ ക്ലാസുകള്‍ മിക്കവാറും നടന്നിരുന്നത്‌ മേല്‍പ്പറഞ്ഞ സിനിമാ തിയേറ്ററുകളില്‍ ഏതെങ്കിലുമൊന്നിലായിരുന്നു!

(ഇതിനു ചെറിയൊരു മാറ്റം വന്നത്‌ പ്രീ-ഡിഗ്രി രണ്ടാം വര്‍ഷം സെക്കന്റ്‌ ഷിഫ്റ്റില്‍ പെണ്‍കുട്ടികള്‍ വന്നതോടെയാണു . അതുവരെ മടപ്പള്ളി കോളേജില്‍ പ്രീ-ഡിഗ്രി രാവിലത്തെ ഷിഫ്റ്റ്‌ പെണ്‍കുട്ടികള്‍ക്കും എസ്‌.എസ്‌.എല്‍സി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക്‌ വാങ്ങിയ ഭഗ്യവാന്മാരായ അപൂര്‍വ്വം ആണ്‍കുട്ടികള്‍ക്കും മാത്രമായിരുന്നു. പത്താം ക്ലാസ്‌ വരെ ഒരുമിച്ച്‌ പഠിച്ച രാമകൃഷ്ണന്‍ രാവിലത്തെ ബാച്ചില്‍ 'ചെത്തി' നടക്കുന്നത്‌ ഞാനും എം.എന്‍ പ്രമോദും, എ.കെ സുകുമാരനുമൊക്കെ നെടുവീര്‍പ്പോടെ നോക്കി നിന്നിട്ടുണ്ട്‌. )

പിന്നീട്‌ കത്തുകളില്‍, കണ്ടിരുന്ന സിനിമകളെയും കേട്ട പാട്ടു കളെയുമൊക്കെ കുറിച്ചുള്ള ആസ്വാദനങ്ങളും വിമര്‍ശനങ്ങളും കടന്നു വരാന്‍ തുടങ്ങി...

സംഗീതത്തിനൊത്ത്‌ വരികള്‍ എഴുതാന്‍ തുടങ്ങിയ കാലം. മുസ്തഫയ്ക്കാണെങ്കില്‍ അര്‍ഥമില്ലാതെ ഇടയ്ക്കും തലയ്ക്കും കുത്തിക്കേറ്റിയ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ കലിയിളകും. മാത്രുഭൂമി വാരികയുടെ അവസാനപേജിലെ ചിത്രശാല എന്ന പംക്തിയില്‍ സിനിക്‌, കോഴിക്കോടന്‍ തുടങ്ങിയവര്‍ എഴുതിയിരുന്ന സിനിമാ നിരൂപണങ്ങളും, ചിത്രഭൂമിയില്‍ ടി.പി.ശാസ്തമംഗലം കൈകാര്യം ചെയ്തിരുന്ന സിനിമാപാട്ടുകളിലെ വരികളിലെ കുറിച്ചുള്ള പംക്തിയും വായിച്ച്‌ ഞങ്ങള്‍ ചര്‍ച്ചകള്‍ സജീവമാക്കി.

രണ്ട്‌ വരിക്കത്തുകള്‍ പിന്നീട്‌ നാലും അഞ്ചും പേജുകളായി വളര്‍ന്നു. കത്തെഴുത്ത്‌ രാത്രി വൈകുവോളം നീണ്ടു..

കത്ത്‌ എഴുത്തിനെ കുറിച്ചുള്ള രസകരമായ ഓര്‍മകള്‍ ചെന്നെത്തുന്നത്‌ ചേളന്നൂര്‍ എസ്‌.എന്‍ കോളെജിലെ ഫൈനല്‍ ബികോം ക്ലാസിന്റെ പിന്‍ബഞ്ചില്‍ ചുറ്റും കൂടിയിരുന്നവര്‍ക്കായി പ്രണയലേഖനങ്ങള്‍ ഫ്രീയായി എഴുതികൊടുത്തിരുന്ന ശിവപ്രസാദിലാണു. ഈ ചുറ്റും കൂടിയിരിക്കുന്നവര്‍ ഞങ്ങളുടെ സംഘാംഗങ്ങള്‍ തന്നെ. മഹേഷ്‌, രാധാകൃഷ്ണന്‍, പ്രകാശന്‍, ഷൈലേഷ്‌, ഹര്‍ഷു, സജി, ദില്‍ജിത്ത്‌, സുരേഷ്‌, പ്രസി..

കത്ത്‌ വേണ്ടയാള്‍ സിറ്റുവേഷന്‍ പ്രസാദിനു പറാഞ്ഞുകൊടുക്കുന്നു. (അത്‌ ചിലപ്പോള്‍ ആദ്യ പ്രണയാഭ്യര്‍ഥനയാവാം, തുടര്‍ കത്തുകളാവാം, നിരസിക്കപ്പെട്ട പ്രണയത്തിന്റെ റീ-സബ്മിഷന്‍ ആവാം, അറ്റകൈ പുളിക്കുന്ന മുന്തിരിക്കുള്ള തെറി-വിടവാങ്ങല്‍ കുറിപ്പാവാം). എക്കൗണ്ടന്‍സി നോട്ടു ബുക്കില്‍ നിന്നും കീറിയെടുത്ത എ-4 കടലാസില്‍ റെയ്നോള്‍ഡ്‌ പേന കൊണ്ട്‌ തന്റെ ഭംഗിയുള്ള കയ്യക്ഷരത്തില്‍ പ്രസാദ്‌ എഴുതി തുടങ്ങും.

ഇത്തിരി സാഹിത്യവും ഭാവനയുമുണ്ടായിരുന്ന പ്രസാദ്‌ എഴുതിക്കൊടുത്ത പ്രണയലേഖനങ്ങള്‍ അങ്ങിനെ ഞങ്ങള്‍ക്കിടയില്‍ പ്രശസ്തമായി. (ഒട്ടും റൊമാന്റിക്കല്ലാതിരുന്ന, പ്രണയത്തില്‍ ഒരിക്കലും വിശ്വസിക്കില്ലെന്ന് ആണയിട്ട്‌ പറഞ്ഞിരുന്ന ഹരീഷ്‌ പോലും ഡിഗ്രി ക്ലാസുകളുടെ അവസാന നാളുകളില്‍ ഒരു പ്രണയലേഖനമെഴുതാന്‍ പ്രസാദിനെ രഹസ്യമായി സമീപിച്ചിരുന്ന വിവരം പ്രസാദ്‌ തന്നെ പരസ്യമാക്കിയിരുന്നു.)

പൊതുവേ സാഹിത്യ കമ്പക്കാരധികമില്ലാതിരുന്ന ഞങ്ങളുടെ സംഘത്തില്‍, പ്രസാദിന്റെ സഹായമില്ലാതെ പ്രസി എഴുതിയ ഒരു പ്രണയലേഖനം അതിന്റെ തുടക്കത്തിലെ ഒരൊറ്റ വരികൊണ്ട്‌ തന്നെ വന്‍ ഹിറ്റായി. അതിന്റെ തുടക്കം ഇങ്ങിനെയായിരുന്നു-

'ബഹുമാനപ്പെട്ട' സുമിത്രയ്ക്‌.....

കാലത്തിന്റെ കുത്തൊഴുക്കില്‍പ്പെടാതെ ഇരുപത്‌ വര്‍ഷങ്ങള്‍ക്കിപ്പുറത്തും ആ കോളെജ്‌ സൗഹൃദം ഇന്നും തീഷ്ണമായി തുടരുന്നതിന്റെ പിന്‍ബലം ദീപ്തമായ ഇത്തരം ഓര്‍മകള്‍ തന്നെ..

എല്ലാവരും പലവഴി പിരിഞ്ഞു പോയപ്പോഴും കുറച്ചു നാളുകള്‍ കൂടെ എഴുത്തുകള്‍ തുടര്‍ന്നു. അതിജീവനത്തിന്റെ പരക്കം പാച്ചിലുകള്‍ക്കിടയില്‍ പിന്നീടെപ്പോഴോ എഴുതാനിരിക്കുന്നതിന്റെ ദൈര്‍ഘ്യം കുറഞ്ഞുകുറഞ്ഞില്ലാതെയായി. തീരെ എഴുതാതെയും എഴുത്തുകള്‍ വരാതെയുമായി. വായന പോലും പാടേ നിലച്ചു. ഇടയ്കിടെയുള്ള ഫോണ്‍ വിളികളിലും, വല്ലപ്പോഴെങ്കിലുമുള്ള കണ്ടുമുട്ടലുകളിലും സൗഹ്രുദങ്ങള്‍ തുടര്‍ന്നു.

ബാംഗ്ലൂരിലെ ബാച്ചിലര്‍ ജീവിതത്തില്‍ ഞായറാഴ്ചകളിലെ ഇരുട്ടും വരെയുള്ള ആഘോഷമായ ഉച്ചയുറക്കത്തില്‍ നിന്നുണരുമ്പോള്‍ പ്രമോദ്‌ സൂട്‌ കേസു മടിയില്‍ വച്ച്‌ ദീര്‍ഘമായി കത്തുകളെഴുതുന്നത്‌ കണ്ടതായിരിക്കും ഒരുപക്ഷേ കത്തെഴുത്തുകളെ കുറിച്ചുള്ള എന്റെ അവസാനത്തെ ഓര്‍മകള്‍....

Saturday, August 26, 2006

കത്തുകള്‍

കൊച്ച്‌ നാളുളില്‍ വീട്ടില്‍ മിക്കവാറും ദിവസവും പോസ്റ്റ്മാന്‍ കത്തുകളുമായി വരുമായിരുന്നു. കൂടുതലും അഛനുള്ളത്‌. മൂത്തമ്മയും വല്ല്യച്ചനും (അഛന്റെ ചേട്ടനും ചേച്ചിയം മദ്രാസിലായിരുന്നു) കൃത്യമായ ഇടവേളകളില്‍ അഛനെഴുതുമായിരുന്നു. മൂത്തമ്മയുടെ കത്തുകളുടെ തുടക്കം എപ്പോഴും ഇങ്ങിനെയയായിരുന്നു-

"പ്രിയ സഹോദരന്‍ കുമാരനും സതിയും മക്കളും വായിച്ചറിയാന്‍ സഹോദരി നാരായണി എഴുതുന്നത്‌.."

ദീര്‍ഘകാലം തമിഴ്‌നാട്ടിലായിരുന്നതുകൊണ്ടാവും മൂത്തമ്മയുടെ മലയാളം തമിഴ്‌ കൂട്ടിക്കലര്‍ത്തിയായിരുന്നു. കത്തിന്റെ അവസാന ഭാഗത്ത്‌ എന്നെയും സഹോദരിമാരെയും കുറിച്ചുള്ള പതിവ്‌ അന്വെഷണം ഇങ്ങിനെയിരിക്കും-

"മനോജിയും മോളിയും ബേബിയും നന്നായിട്ട്‌ പഠിക്കുന്നുണ്ടല്ലോ"

മനോജ്‌ എന്ന എന്നെ ഇപ്പോഴും മൂത്തമ്മ "മനോജി" എന്നേ വിളിക്കൂ.

ബോംബെയിലുള്ള ഞങ്ങളുടെ മാമന്റെ (അമ്മയുടെ സഹോദരന്‍) കത്തുകള്‍ തുടങ്ങുന്നതിങ്ങനെ -

"സതിയും കുമാരനും മക്കളും വായിക്കുവാന്‍ ജേഷ്ഠന്‍ ദാമു എഴുതുന്നത്‌...."

രാജ്യത്തിനകത്തും പുറത്തുമായി ജീവിക്കുന്ന അഛന്റെ വന്‍ കുടുംബത്തിലെ അംഗങ്ങള്‍ പലരും എഴുത്ത്‌ തുടങ്ങിയിരുന്നതിങ്ങനെ -

"ബഹുമാനപ്പെട്ട അമ്മാവനും അമ്മായിയും മക്കളും അറിയാന്‍..."

ജോലി തേടി നാടുവിട്ടപ്പോള്‍, അഛനെനിക്കെഴുതിയിരുന്ന കത്തുകളിളുടെ തുടക്കം ഇങ്ങിനെയയായിരുന്നു-

പ്രിയ മകന്‍ മനോജിനു.....

ആ ഇളം നീലനിറത്തിലുള്ള ഇന്‍ലാന്റ്‌ ലെറ്ററിലായിരുന്നു അകലങ്ങളിലായി ചിതറിക്കിടന്നിരുന്ന കുടുംബബന്ദങ്ങള്‍ കോര്‍ത്തിണക്കിയിരുന്നത്‌. പരിഭവങ്ങളും പിണക്കങ്ങളും സുഖാനവെഷണങ്ങളും കൈമാറിയിരുന്നത്‌...

വിദേശത്ത്‌ നിന്നും സ്വദേശത്ത്‌ നിന്നും വരുന്ന പോസ്റ്റല്‍ കവറുകളിലെ സീല്‍ പതിഞ്ഞ സറ്റാമ്പുകള്‍ പറിച്ചെടുത്ത്‌ പഴയ നോട്ട്‌ പുസ്തകതാളുകളില്‍ ഒട്ടിച്ച്‌, ചെറിയ ക്ലാസുകളില്‍ പഠിക്കുമ്പോള്‍ സ്കൂളില്‍ പ്രദര്‍ശിപ്പിക്കാന്‍ കുട്ടികള്‍ മല്‍സരിച്ചു. ഗള്‍ഫില്‍ കുടുംബക്കാരുള്ള കുട്ടികളുടെ കയ്യിലെ പരുന്തിന്റെയും താടിവച്ച ഷെയ്ക്കിന്റെയും ചിത്രങ്ങളുള്ള സറ്റാമ്പുകള്‍ നോക്കി മറ്റുള്ളവര്‍ അസൂയപ്പെട്ടു.

പ്രീ-ഡിഗ്രിക്ക്‌ പഠിക്കുമ്പോഴണു സുഹ്രുത്തുകള്‍ക്ക്‌ എഴുതാന്‍ തുടങ്ങുന്നതും, സ്വന്തം പേരില്‍ കത്തുകള്‍ കിട്ടാന്‍ തുടങ്ങുന്നതും. ( പ്രീ ഡിഗ്രി പുതിയ തലമുറയ്ക്‌ അന്യമാണു. ആവര്‍ക്ക്‌ പ്ലസ്‌-2). 84-86 കാലഘട്ടം. അത്‌ പിന്നീട്‌ കലാലയ ജീവിതം മുഴുവന്‍ കഴിഞ്ഞും കുറച്ചു കാലം കൂടെ നീണ്ടു.

അതിനും മുമ്പേ ഞനൊരു ഹംസമായി. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു പ്രണയ ലേഖനം കൈമാറാന്‍ ഞാന്‍ നിയോഗപ്പെട്ടു. കക്ഷിക്ക്‌ കൈമാറാന്‍ പോകും മുമ്പേ ഞാനത്‌ പൊട്ടിച്ച്‌ വായിച്ചു. അതായിരുന്നു ഞാന്‍ വായിച്ച ആദ്യ പ്രണയ ലേഖനം.

ഒരു ദയനീയ പരാജയമായിരുന്നു, ആ ഉദ്യമം. കൈമാറ്റം നടന്നില്ല എന്നുമാത്രമല്ല എന്റെ വീട്ടില്‍ അറിയിക്കുമെന്ന് കൂടെ എന്റെ വീട്ടുകാരെ അറിയാമായിരുന്ന ആ ചേച്ചി എന്നെ ഭീഷണിപ്പെടുത്തി. കത്തേല്‍പ്പിച്ച ചേട്ടനോട്‌ കൊടുത്തെന്ന് കള്ളം പറാഞ്ഞ്‌ ഞാനാകത്ത്‌ എന്റെ സ്വകാര്യ ശേഖരത്തിലേക്ക്‌ മാറ്റി.

പിന്നീടങ്ങോട്ട്‌ എത്ര എത്ര കത്തുകള്‍, കൂട്ടുകാര്‍, സംഭവങ്ങള്‍..

കോളേജ്‌ പഠനം മുഴുവനാക്കും മുമ്പേ കുടുംബ ഭാരം വലിക്കാന്‍ ബഹറിനിലേയ്ക്‌ പോയ മുസ്തഫ, അവിടെ നിന്നും എഴുതിയ മണല്‍ക്കാറ്റിന്റെ ചൂരുള്ള കത്തുകള്‍...

ഗള്‍ഫിലെ ഏകാന്തതയില്‍ അവന്‍ രണ്ടാമൂഴവും നാലുകെട്ടും വായിച്ച്‌ എം.ടി യ്ക്‌ സ്ഥിരമായി എഴുതി തുടങ്ങി, ഒടുവില്‍ എംടി അവനു അയക്കാറുള്ള മറുപടികത്തുകള്‍...

കോളേജ്‌ ഹോസ്റ്റലില്‍ കൂടെ താമസിച്ചിരുന്ന പ്രകാശന്‍ പിന്നീട്‌ ഒരു കടമ തീര്‍ക്കാനെന്നവണ്ണം കുറച്ചു കാലം എഴുതികൊണ്ടിരുന്ന മൂന്ന് നാലുവരിക്കത്തുകള്‍...

ഒരു വിവരവുമില്ലാതെ വയനാടന്‍ കാടുകളിലെങ്ങോ മറഞ്ഞ അവന്റെ വിവരങ്ങള്‍ അന്വേഷിക്കുവാന്‍ എപ്പോഴും എഴുതിയിരുന്ന അവന്റെ കോളെജ്‌ പ്രണയത്തിലെ നായിക..

ഒരു കത്തെഴുതാന്‍ കഴിയുമെന്ന് വിശ്വസിക്കാനാവത്ത ഹരീഷ്‌ വെറുതെ എഴുതിയ കത്തുകള്‍..

ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ചേര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിനോദ്‌ കുമാര്‍ അയച്ച എഴുത്തുകള്‍...

ഒരു ഗുരുനാഥന്‍ എന്നതിലുപരി എന്നും വഴികാട്ടിയും സുഹ്രുത്തുമായിരുന്ന ബാലചന്ദ്രന്‍ മാസ്റ്റര്‍ അയച്ച ദീര്‍ഘമായ കത്തുകള്‍..

ഏന്നും കണ്ടിരുന്ന, ഒരുമിച്ച്‌ പഠിച്ച്‌ കളിച്ച്‌ ഒരിക്കലും കത്തെഴുതേണ്ടിയിരുന്നില്ലാത്ത, വീട്ടിനടുത്ത്‌ തന്നെയുള്ള സുരേഷ്‌, ടി.ടി.സി യ്ക്ക്‌ കോട്ടയത്തേക്ക്‌ പോയപ്പോള്‍ അവിടുത്തെ വിശേഷങ്ങള്‍ എഴുതി, ഒടുവില്‍ എല്ലവരെയും കബളിപ്പിച്ച്‌ ദേവലോകത്തേയ്ക്‌ മടങ്ങിപ്പോയപ്പോള്‍ നീറുന്ന ഒരോര്‍മ്മക്കുറിപ്പായി ബാക്കിയായ എഴുത്തുകള്‍...

നേരം പോക്കിനായിരിക്കും, കുറെക്കാലം വിളിക്കുകയും, എഴുതുകയും ഒടുവില്‍ പിരിയുകയും ചെയ്ത അജ്ഞാതയായ പെണ്‍കുട്ടിയെഴുതിയ കത്തുകള്‍...

ആളറിയിക്കാതെ പ്രണയിനിക്കായെഴുതിയ കത്തുകള്‍, ആളറിഞ്ഞപ്പോള്‍ മറുപടിക്കായുള്ള ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പ്‌...
വിരഹം..ദുഖം..

കത്തുകളെപ്പറ്റി ഇനിയുമേറെ പറയാനുണ്ട്‌
(അതിലേറെ കേള്‍ക്കാനും കൗതുകം)

Thursday, August 24, 2006

തുടക്കം

സ്നേഹത്തോടെ പ്രസാദിനു

ഒരുപാട്‌ നാളുകള്‍ക്കു ശേഷമാണു ഒരു കത്തെഴുതുന്നത്‌.
ഒരുപാട്‌ നാളുകള്‍ എന്ന്‌ പറയുമ്പോള്‍ ഒരുപക്ഷേ വര്‍ഷങ്ങള്‍ തന്നെ.

ഒരിക്കല്‍ ഒരുപാട്‌ കത്തുകള്‍ എഴുതുകയൂം ഒരുപാട്‌ കത്തുകള്‍ ലഭിക്കുകയും ചെയ്തിരുന്ന നമ്മള്‍ക്കൊക്കെ ഒടുവില്‍ ആര്‍ക്കും എഴുതാനില്ലാതെയാവുകയും ആരും എഴുതാതെയാവുകയും ചെയ്തു.

എഴുത്തുകള്‍ ഇല്ലാതാവുന്ന ഒരവസ്തയെകുറിച്ച്‌ അന്നൊക്കെ നമ്മള്‍ സങ്കല്‍പ്പിക്കുക കൂടെ ചെയ്തിരുന്നില്ല. സ്നേഹവും വിദ്വേഷവും കൂട്ടായ്മയും പ്രണയവും പരാജയവും എന്തിനു, ജീവിതം തന്നെ അതുമായി അത്രയ്ക്കു ഇഴചേര്‍ന്നിരുന്നു.

സ്കൂള്‍ നാള്‍മുതലുള്ള കത്തുകളുടെ ശേഖരത്തില്‍, (ഇടയ്ക്കൊക്കെ സവിത ഒാ‍ര്‍മ്മിപ്പിക്കുന്നു, ഇതൊക്കെ ഒന്നു കളഞ്ഞുകൂടെ എന്ന്‌) വല്ലപ്പൊഴെങ്കിലുമൊക്കെ ഒന്ന്‌ ഊര്‍ന്നിറങ്ങുമ്പോള്‍, മാനസിക വളര്‍ച്ചയുടെ ഒാ‍രോ പടവുകളും വ്യക്തമാണു.

ഒാ‍ര്‍മ്മക്കുറിപ്പുകള്‍....
തിരിഞ്ഞ്നോക്കുമ്പോള്‍, ഒരിക്കല്‍ വായിച്ച്മറന്ന മറ്റാരുടെയോ അത്മകഥ പോലെ...

ഒാ‍ര്‍മ്മകള്‍ ഒാ‍രോന്നോരോന്നായി കൂട്ടിക്കെട്ടി അതങ്ങനെ ദിവസങ്ങളിലേയ്ക്കും സംഭവങ്ങളിലേയുക്കും വ്യക്തികളിലേയ്ക്കും വളരുകയായി...

കോളെജ്‌ വിട്ട്‌ നാട്ടില്‍ വെറുതെയിരിക്കുന്ന സമയത്ത്‌ എന്നും ഉച്ചയ്ക്ക്‌ ഒരുമണിക്കും രണ്ടിനുമിടയില്‍ പോസ്റ്റ്മാന്റെ വരവൂം കാത്തുള്ള ആ ഇരിപ്പിന്റെ സുഖം ഇപ്പോള്‍ ഒരു നഷ്ടപ്പെടലിന്റെ നനുത്ത ഒാ‍ര്‍മ്മയാണു. കത്തുകളില്ലാത്ത ദിവസം പോസ്തുമാന്‍ നടന്നുപോകുമ്പോഴനുഭവിച്ചിരുന്ന ദുഖം, കുഞ്ഞുനാളുകളിലെങ്ങൊ തിന്ന നെല്ലിക്കയുടെ മധുരം പോലെ മായാതെ കിടക്കുന്നു.

വര്‍ഷങ്ങള്‍ ഇപ്പുറത്ത്‌ ഒരു ദിവസം സന്ധ്യയ്ക്ക്‌ ഹരീഷിനുമൊത്ത്‌ ഒരു നെല്ലിക്കയും കടിച്ച്‌ തിന്നുകൊണ്ട്‌ ലിങ്ക്‌ റോഡിലൂടെ റെയില്‍ വേ സ്റ്റേഷനിലേയ്ക്ക്‌ നടക്കുമ്പോള്‍, പഴയത്‌ പലതും ഇപ്പോള്‍ ഒാ‍ര്‍ത്തെടുക്കാനാവുന്നില്ലെന്ന സത്യത്തെക്കുറിച്ച്‌ ഞങ്ങള്‍ സംസാരിച്ചുകൊണ്ടേയിരുന്നു. ആ സമയത്ത്‌ ഞങ്ങള്‍ തുല്ല്യ ദുഖിതരായിരുന്നു. കച്ചവടമൊക്കെ പൊളിഞ്ഞ്‌ അവനും പൊളിയാന്‍ തുടങ്ങിയ കച്ചവടവുമായി ഞാനും. ചിലപ്പോള്‍ അങ്ങിനെയാണു, തോല്‍ വികള്‍ സംഭവിക്കാന്‍ തുടങ്ങിയാല്‍ പിന്നെ അതിന്റെ ഒരു ഘോഷയാത്ര തന്നെയായിരിക്കും. ജീവിതത്തിന്റെ രണ്ട്‌ ഘട്ടങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച്ണ്ടായിരുന്നു, ഒന്ന്‌ നമ്മുടെ കൗമാരത്തിന്റെ ആഘോഷനാളുകളില്‍, പിന്നീട്‌ ഇപ്പോള്‍ പറഞ്ഞ യൗവ്വനത്തിന്റെ നടുപ്പിക്കുന്ന യാഥാത്യങ്ങള്‍ക്കൊപ്പവും. രണ്ടവസ്തയിലും അവന്‍ ഒരുപോലെ തന്നെ. വരുന്നിടത്ത്‌ വച്ച്കാണാമെന്ന ചങ്കൂറ്റം, ഞാനാണെങ്കില്‍ രണ്ടാമത്തെ അവസ്ഥയില്‍ വല്ലാതെ പകച്ച്‌ പോയി. മൂന്നാമതും ഞങ്ങള്‍ വഴിപിരിഞ്ഞ്‌ യാത്ര തുടങ്ങി.

യാത്രകള്‍ പലപ്പോഴും ലക്ഷ്യം കാണാതെ തുടങ്ങിയിടത്തേയ്ക്ക്‌ തന്നെ മടങ്ങി വേറൊരു ദിശയിലേയ്ക്കു തുടങ്ങേണ്ടിയിരിക്കുന്നു. ലക്ഷ്യം കാണാത്ത ഒാ‍രോ യാത്രയും അതുകൊണ്ട്‌ തന്നെ നഷ്ടങ്ങളാണു. പ്രായത്തിന്റെ, ഊര്‍ജ്ജത്തിന്റെ, ബന്ധങ്ങളുടെ, ആത്മവിശ്വാസത്തിന്റെ...

യത്രകള്‍ ഒരിക്കലും അവസാനിക്കുന്നില്ല. അവസാനിപ്പിക്കാനാവാതെ അതിങ്ങനെ തുടര്‍ന്ന്‌ കൊണ്ടേയിരിക്കുന്നു. അതിനിടയില്‍ എത്ര എത്ര വേഷങ്ങള്‍....

ഏന്നായിരുന്നു നമ്മള്‍ അവസാനമായി കണ്ടത്‌?

ബാലന്‍ കെ നായര്‍ റോഡിലുണ്ടായിരുന്ന എന്റെ ഒാ‍ഫീസില്‍ വച്ചാവണം. നീ വയനാട്ടിലേയ്ക്ക്‌ പോയതില്‍ പിന്നെ നമ്മള്‍ വീണ്ടും കാണാതെയായി.

എങ്ങീനെയിരിക്കുന്നു, ജീവിതം?, എവിടെയാണിപ്പോള്‍?

ഒരുപക്ഷെ കത്തുകള്‍ എഴുതിയിരുന്ന അവസാനത്തെ കോളേജ്‌ തലമുറ നമ്മുടേതായിരിക്കും. സുഹൃദ്‌ ബന്ധങ്ങളുടെ തീവ്രത എനിക്കിപ്പോഴും അതില്‍ വായിക്കാന്‍ കഴിയുന്നു.

കത്തുകള്‍ എഴുതാനും വായിക്കാനും എന്നും ഏറെ താല്‍പ്പര്യം കാണിച്ചിരുന്ന നിനക്ക്‌ തന്നെ പുനര്‍വായനക്കായി ഞാനീ എഴുത്തുകള്‍ ഓരോന്നായി തുറന്ന് തരുന്നു.

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...