Thursday, August 24, 2006

തുടക്കം

സ്നേഹത്തോടെ പ്രസാദിനു

ഒരുപാട്‌ നാളുകള്‍ക്കു ശേഷമാണു ഒരു കത്തെഴുതുന്നത്‌.
ഒരുപാട്‌ നാളുകള്‍ എന്ന്‌ പറയുമ്പോള്‍ ഒരുപക്ഷേ വര്‍ഷങ്ങള്‍ തന്നെ.

ഒരിക്കല്‍ ഒരുപാട്‌ കത്തുകള്‍ എഴുതുകയൂം ഒരുപാട്‌ കത്തുകള്‍ ലഭിക്കുകയും ചെയ്തിരുന്ന നമ്മള്‍ക്കൊക്കെ ഒടുവില്‍ ആര്‍ക്കും എഴുതാനില്ലാതെയാവുകയും ആരും എഴുതാതെയാവുകയും ചെയ്തു.

എഴുത്തുകള്‍ ഇല്ലാതാവുന്ന ഒരവസ്തയെകുറിച്ച്‌ അന്നൊക്കെ നമ്മള്‍ സങ്കല്‍പ്പിക്കുക കൂടെ ചെയ്തിരുന്നില്ല. സ്നേഹവും വിദ്വേഷവും കൂട്ടായ്മയും പ്രണയവും പരാജയവും എന്തിനു, ജീവിതം തന്നെ അതുമായി അത്രയ്ക്കു ഇഴചേര്‍ന്നിരുന്നു.

സ്കൂള്‍ നാള്‍മുതലുള്ള കത്തുകളുടെ ശേഖരത്തില്‍, (ഇടയ്ക്കൊക്കെ സവിത ഒാ‍ര്‍മ്മിപ്പിക്കുന്നു, ഇതൊക്കെ ഒന്നു കളഞ്ഞുകൂടെ എന്ന്‌) വല്ലപ്പൊഴെങ്കിലുമൊക്കെ ഒന്ന്‌ ഊര്‍ന്നിറങ്ങുമ്പോള്‍, മാനസിക വളര്‍ച്ചയുടെ ഒാ‍രോ പടവുകളും വ്യക്തമാണു.

ഒാ‍ര്‍മ്മക്കുറിപ്പുകള്‍....
തിരിഞ്ഞ്നോക്കുമ്പോള്‍, ഒരിക്കല്‍ വായിച്ച്മറന്ന മറ്റാരുടെയോ അത്മകഥ പോലെ...

ഒാ‍ര്‍മ്മകള്‍ ഒാ‍രോന്നോരോന്നായി കൂട്ടിക്കെട്ടി അതങ്ങനെ ദിവസങ്ങളിലേയ്ക്കും സംഭവങ്ങളിലേയുക്കും വ്യക്തികളിലേയ്ക്കും വളരുകയായി...

കോളെജ്‌ വിട്ട്‌ നാട്ടില്‍ വെറുതെയിരിക്കുന്ന സമയത്ത്‌ എന്നും ഉച്ചയ്ക്ക്‌ ഒരുമണിക്കും രണ്ടിനുമിടയില്‍ പോസ്റ്റ്മാന്റെ വരവൂം കാത്തുള്ള ആ ഇരിപ്പിന്റെ സുഖം ഇപ്പോള്‍ ഒരു നഷ്ടപ്പെടലിന്റെ നനുത്ത ഒാ‍ര്‍മ്മയാണു. കത്തുകളില്ലാത്ത ദിവസം പോസ്തുമാന്‍ നടന്നുപോകുമ്പോഴനുഭവിച്ചിരുന്ന ദുഖം, കുഞ്ഞുനാളുകളിലെങ്ങൊ തിന്ന നെല്ലിക്കയുടെ മധുരം പോലെ മായാതെ കിടക്കുന്നു.

വര്‍ഷങ്ങള്‍ ഇപ്പുറത്ത്‌ ഒരു ദിവസം സന്ധ്യയ്ക്ക്‌ ഹരീഷിനുമൊത്ത്‌ ഒരു നെല്ലിക്കയും കടിച്ച്‌ തിന്നുകൊണ്ട്‌ ലിങ്ക്‌ റോഡിലൂടെ റെയില്‍ വേ സ്റ്റേഷനിലേയ്ക്ക്‌ നടക്കുമ്പോള്‍, പഴയത്‌ പലതും ഇപ്പോള്‍ ഒാ‍ര്‍ത്തെടുക്കാനാവുന്നില്ലെന്ന സത്യത്തെക്കുറിച്ച്‌ ഞങ്ങള്‍ സംസാരിച്ചുകൊണ്ടേയിരുന്നു. ആ സമയത്ത്‌ ഞങ്ങള്‍ തുല്ല്യ ദുഖിതരായിരുന്നു. കച്ചവടമൊക്കെ പൊളിഞ്ഞ്‌ അവനും പൊളിയാന്‍ തുടങ്ങിയ കച്ചവടവുമായി ഞാനും. ചിലപ്പോള്‍ അങ്ങിനെയാണു, തോല്‍ വികള്‍ സംഭവിക്കാന്‍ തുടങ്ങിയാല്‍ പിന്നെ അതിന്റെ ഒരു ഘോഷയാത്ര തന്നെയായിരിക്കും. ജീവിതത്തിന്റെ രണ്ട്‌ ഘട്ടങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച്ണ്ടായിരുന്നു, ഒന്ന്‌ നമ്മുടെ കൗമാരത്തിന്റെ ആഘോഷനാളുകളില്‍, പിന്നീട്‌ ഇപ്പോള്‍ പറഞ്ഞ യൗവ്വനത്തിന്റെ നടുപ്പിക്കുന്ന യാഥാത്യങ്ങള്‍ക്കൊപ്പവും. രണ്ടവസ്തയിലും അവന്‍ ഒരുപോലെ തന്നെ. വരുന്നിടത്ത്‌ വച്ച്കാണാമെന്ന ചങ്കൂറ്റം, ഞാനാണെങ്കില്‍ രണ്ടാമത്തെ അവസ്ഥയില്‍ വല്ലാതെ പകച്ച്‌ പോയി. മൂന്നാമതും ഞങ്ങള്‍ വഴിപിരിഞ്ഞ്‌ യാത്ര തുടങ്ങി.

യാത്രകള്‍ പലപ്പോഴും ലക്ഷ്യം കാണാതെ തുടങ്ങിയിടത്തേയ്ക്ക്‌ തന്നെ മടങ്ങി വേറൊരു ദിശയിലേയ്ക്കു തുടങ്ങേണ്ടിയിരിക്കുന്നു. ലക്ഷ്യം കാണാത്ത ഒാ‍രോ യാത്രയും അതുകൊണ്ട്‌ തന്നെ നഷ്ടങ്ങളാണു. പ്രായത്തിന്റെ, ഊര്‍ജ്ജത്തിന്റെ, ബന്ധങ്ങളുടെ, ആത്മവിശ്വാസത്തിന്റെ...

യത്രകള്‍ ഒരിക്കലും അവസാനിക്കുന്നില്ല. അവസാനിപ്പിക്കാനാവാതെ അതിങ്ങനെ തുടര്‍ന്ന്‌ കൊണ്ടേയിരിക്കുന്നു. അതിനിടയില്‍ എത്ര എത്ര വേഷങ്ങള്‍....

ഏന്നായിരുന്നു നമ്മള്‍ അവസാനമായി കണ്ടത്‌?

ബാലന്‍ കെ നായര്‍ റോഡിലുണ്ടായിരുന്ന എന്റെ ഒാ‍ഫീസില്‍ വച്ചാവണം. നീ വയനാട്ടിലേയ്ക്ക്‌ പോയതില്‍ പിന്നെ നമ്മള്‍ വീണ്ടും കാണാതെയായി.

എങ്ങീനെയിരിക്കുന്നു, ജീവിതം?, എവിടെയാണിപ്പോള്‍?

ഒരുപക്ഷെ കത്തുകള്‍ എഴുതിയിരുന്ന അവസാനത്തെ കോളേജ്‌ തലമുറ നമ്മുടേതായിരിക്കും. സുഹൃദ്‌ ബന്ധങ്ങളുടെ തീവ്രത എനിക്കിപ്പോഴും അതില്‍ വായിക്കാന്‍ കഴിയുന്നു.

കത്തുകള്‍ എഴുതാനും വായിക്കാനും എന്നും ഏറെ താല്‍പ്പര്യം കാണിച്ചിരുന്ന നിനക്ക്‌ തന്നെ പുനര്‍വായനക്കായി ഞാനീ എഴുത്തുകള്‍ ഓരോന്നായി തുറന്ന് തരുന്നു.

4 comments:

 1. മലയാളം ബൂലോഗത്തേയ്ക്കു സ്വാഗതം. താങ്കള്‍ എഴുത്തില്‍ പറഞ്ഞ തലമുറയ്ക്കു ശേഷമാവണം എന്റെ തലമുറ. ഒരു സുഹൃത്തിനുപോലും ഞാനൊരു കത്തയച്ചിട്ടില്ല.

  ReplyDelete
 2. സ്വാഗതം പടിപ്പുരേ, മലയാളം ബ്ലോഗുകള്‍ക്കുള്ള സെറ്റിങ്ങ്സ് ഇവിടെ വിശദീകരിച്ചിട്ടുണ്ട്. ശ്രദ്ധിക്കുമല്ലോ.

  http://ashwameedham.blogspot.com/2006/07/blog-post_28.html

  കൂടാതെ, ഈ ബ്ലോഗിന്റെ പേരു ഒന്ന് മലയാളത്തിലാക്കിയിരുന്നെങ്കില്‍ അതിവിടെ മലയാളത്തില്‍ വന്നേനേ.

  ReplyDelete
 3. ബൂലോഗക്ലബിലാണ് ആദ്യം വായിച്ചത്. ഇത്ര നല്ലൊരു പോസ്റ്റെന്താ അവിടെയിട്ടത് എന്നറിയാനായി വന്നതായിരുന്നു.:) ‘പ്രിയപ്പെട്ട അച്ഛനും അമ്മയ്ക്കും’ എന്നു തുടങ്ങുന്ന എഴുത്തുകള്‍ വല്ലപ്പോഴും എഴുതാറുണ്ടിപ്പോഴും. :)

  ReplyDelete
 4. "നാട്ടില്‍ വെറുതെയിരിക്കുന്ന സമയത്ത്‌ എന്നും ഉച്ചയ്ക്ക്‌ ഒരുമണിക്കും രണ്ടിനുമിടയില്‍ പോസ്റ്റ്മാന്റെ വരവൂം കാത്തുള്ള ആ ഇരിപ്പിന്റെ സുഖം "

  ശരിക്കും !!! പ്രത്യേകിച്ച്‌ പോസ്റ്റ്‌ മാന്‍ രാജേന്ദ്രന്‍ ചേട്ടന്റെ അടുത്ത്‌ പൊയി , തരംതിരിക്കുന്നതിനിടയില്‍, ചൂടോടെ കത്തുകള്‍ വാങ്ങിപ്പോരുന്നതും.

  ReplyDelete

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...