Monday, October 30, 2006

സങ്കല്‍പ്പങ്ങള്‍

ബാറിലെ അരണ്ട വെളിച്ചത്തില്‍, ഒാര്‍ഡര്‍ചെയ്ത ഡ്രിങ്ക്സുമായി ബെയറര്‍ വരുന്നതും കാത്ത്‌ അഭിമുഖമായി ഇരിക്കുകയായിരുന്നു ഞങ്ങള്‍. വാരാന്ത്യമായതിന്റെ തിരക്കുണ്ട്‌ ബാറില്‍. വിവിധ വേഷങ്ങള്‍, ഭാഷകള്‍.

"അടുത്ത വര്‍ഷം മോനെ സ്കൂളില്‍ ചേര്‍ക്കണം" അവന്‍ പറഞ്ഞു.

"അവന്‌ നാലുവയസ്സായോ" ഞാന്‍ അല്‍ഭുതപ്പെട്ടു.

"മൂന്ന് വയസ്സ്‌ തികയുകയേയുള്ളൂ അടുത്ത വര്‍ഷം. പക്ഷേ അവള്‍ക്ക്‌ നിര്‍ബ്ബന്ധം. അടുത്ത ഫ്ലാറ്റുകളിലുള്ള കുട്ടികളൊക്കെ ഇതിലും ചെറുതിലേ പ്ലേ സ്കൂളില്‍ പോകാന്‍ തുടങ്ങിയെന്ന്"

ഞാനഭിപ്രായമൊന്നും പറഞ്ഞില്ല. രണ്ട്‌ ബെഡ്‌റൂം ഫ്ലാറ്റില്‍, വാതില്‍ തുറന്നാല്‍ അപ്പോള്‍ പുറത്തേയ്ക്‌ ചാടനൊരുങ്ങുന്ന അവന്റെ മകന്റെ കുസൃതി പലപ്പോഴും നേരില്‍ കണ്ടിട്ടുണ്ട്‌. മുറിയില്‍ അടച്ചൊതുക്കി ഇരുത്തുന്നതിന്നേക്കാള്‍ നല്ലതാണല്ലൊ സ്കൂളില്‍ വിടുന്നത്‌.

ബെയറര്‍ സാധനങ്ങളുമായി വന്നു. ഡ്രിങ്ക്‌ ഫിക്സ്ചെയ്ത്‌ ഞങ്ങള്‍ സാവധാനത്തില്‍ കഴിച്ച്‌തുടങ്ങി.

വൈകീട്ട്‌ കണ്ടുമുട്ടിയത്‌ മുതല്‍ ഞാനവനെതന്നെ ശ്രദ്ധിക്കുകയായിരുന്നു, എന്തോ ഒരു അങ്കലാപ്പുള്ളത്‌ പോലെ. ചിലപ്പോഴവനിങ്ങനെയാണ്‌. കാത്തിരിക്കാം, രണ്ട്‌ പെഗ്ഗുകൂടി ചെല്ലുമ്പോള്‍ അവന്‍ തന്നെ കാര്യത്തിലേയ്ക്‌ വരും.

പ്രതീക്ഷിച്ചതിലും നേരത്തെ അവന്‍ കാര്യത്തിലേയ്ക്‌ വന്നു.
"എനിക്ക്‌ മോന്റെ കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ പറ്റുന്നില്ലേ എന്നൊരു സംശയം. മാറി മാറി വരുന്ന ഷിഫ്റ്റും, സര്‍ട്ടിഫിക്കേഷന്‍സ്‌ എഴുതിയെടുക്കാനുള്ള പഠനവും, ജോലി ഒന്ന് മാറാനുള്ള ശ്രമത്തിനുമൊക്കെയിടയില്‍ ഞാന്‍ അവനെ തീരെ ശ്രദ്ധിക്കുന്നില്ലാത്തത്‌ പോലെ"

അപ്പോള്‍ അതാണ്‌ കാര്യം. ഞാനവനെ ആശ്വസിപ്പിക്കാനെന്നപോലെ പറഞ്ഞു,
"ലത നോക്കുന്നില്ലേ മോന്റെ കാര്യങ്ങള്‍. അവള്‍ മുഴുവന്‍ സമയവും അവന്റെകൂടെതന്നെയുണ്ടല്ലോ"
ലത അവന്റെ ഭാര്യയാണ്‌. കുഞ്ഞുണ്ടാകുന്നതിന്ന് മുമ്പ്‌ അവള്‍ നഗരത്തിലെ ഒരുസ്കൂളില്‍ ടീച്ചറായിരുന്നു. ഇപ്പോള്‍ ജോലി ഉപേക്ഷിച്ച്‌ കുഞ്ഞിനെയും നോക്കി വീട്ടിലിരിക്കുന്നു.

ഞാന്‍പറഞ്ഞത്‌ കേള്‍ക്കാത്തമട്ടില്‍ അവന്‍ തുടര്‍ന്നു-
"ആറാം വയസ്സില്‍ എല്‍.പി സ്കൂളില്‍ ഒന്നാംക്ലാസില്‍ വച്ചല്ലേ മാധവന്‍ മാഷ്‌ നമ്മളെ അക്ഷരങ്ങളെഴുതാന്‍ പഠിപ്പിച്ചത്‌. ഇത്രയും ചെറിയപ്രായത്തില്‍ അവനെ സ്കൂളില്‍ വിടുക എന്നത്‌...," ഒന്ന് നിര്‍ത്തി അവന്‍ തുടര്‍ന്നു- "ലത ഇപ്പോള്‍ തന്നെ അവനെ എന്തൊക്കെയോ കുത്തിച്ചതച്ച്‌ പഠിപ്പിച്ചു തുടങ്ങിയിരിക്കുന്നു."

ഞങ്ങള്‍ കുഞ്ഞുന്നാള്‍മുതലേയുള്ള കൂട്ടുകാര്‍. എല്‍.പി ,യു.പി, ഹൈ സ്കൂളുകളിലും, പ്രീ-ഡിഗ്രി വരെയും ഒരുമിച്ചു പഠിച്ചു. ഡിഗ്രിയും തുടര്‍പഠനവും പലവഴിക്ക്‌. ജോലിതേടിയുള്ള പാച്ചിലില്‍ അന്യനാട്ടില്‍ ബാച്ചിലര്‍ ലൈഫില്‍ വീണ്ടും ഒരുമിച്ച്‌. ഇപ്പോള്‍ ഒരേ നഗരത്തില്‍ രണ്ടിടത്ത്‌.

അവന്‍ തുടര്‍ന്നു-
"വൈകുന്നേരം ലൈബ്രറിയിലേയ്കും, പുസ്തകങ്ങളെടുത്ത്‌ തിരിച്ചു വരുമ്പോള്‍ അച്ഛന്‍ സ്ഥിരമായി സന്ദര്‍ശിക്കാറുള്ള ചന്തൂട്ടിയേട്ടന്റെ വയല്‍ക്കരയിലുള്ള 'നാടന്‍' വില്‍പന കേന്ദ്രത്തിലേയ്ക്കും ചെറുപ്പത്തില്‍ ഞാന്‍ അച്ഛന്റെ പിന്നാലെ നടക്കക്കുമായിരുന്നു. എനിക്ക്‌ വായിച്ചാല്‍ മനസ്സിലാവില്ലാതിരുന്ന ആ ലൈബ്രറി പുസ്തകങ്ങളില്‍നിന്നുമച്ഛനെനിക്ക്‌ ഗാന്ധിജിയെയും നെഹ്രുവിനെയും ജയപ്രകാശ്‌ നാരായണനെയും കുറിച്ച്‌ പറഞ്ഞുതന്നു. പഞ്ചതന്ത്രത്തിലെയും ആയിരത്തൊന്ന് രാവുകളിലെയും കഥകള്‍ പറഞ്ഞുതന്നു. എട്ടിലോ ഒന്‍പതിലോ പഠിയ്ക്കുമ്പോള്‍ ചെമ്മീനും നാലുകെട്ടും വായിക്കാന്‍ തന്നു"

അവന്റെ അച്ഛന്‍ സ്വാതന്ത്രസമര സേനാനി, സ്വാതന്ത്രാനന്തരം സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകന്‍. നാട്ടുകാര്യങ്ങള്‍ക്കെപ്പോഴും മുന്‍നിരയില്‍. പിന്നീടെപ്പോഴൊ രാഷ്ട്രീയപ്പാര്‍ട്ടികളുടെ അപചയത്തില്‍ മനംമടുത്ത്‌ രാഷ്ട്രീയം വിട്ട്‌ വായനയിലും മദ്യത്തിലും അഭയം തേടി. കൂടെപ്രവര്‍ത്തിച്ചവര്‍ പഞ്ചായത്ത്‌ മെമ്പര്‍മാരും എമെല്ലേമാരും സഹകരണ ബാങ്ക്‌ ഡയറക്ടര്‍മാരുമായി. പണക്കാരായി. കുടുംബം ഭക്ഷണത്തിനും മക്കളുടെ പഠനത്തിനും ബുദ്ധിമുട്ടുന്നത്‌ നോക്കി അയാള്‍ നിസ്സംഗനായി നിന്നു.

പക്ഷേ അവന്‍ അച്ഛനെ വെറുത്തില്ല. കഷ്ടപ്പെട്ട്‌ പഠിച്ചു. ട്യൂട്ടോറിയല്‍ കോളേജില്‍ പഠിപ്പിച്ച്‌ കിട്ടിയ കാശ്‌ മിച്ചം വച്ച്‌ ചന്തൂട്ടിയേട്ടന്റെ അടുത്തുനിന്നും നൂറ്‌ മില്ലി വാങ്ങി അമ്മകാണാതെ അച്ഛന്‌ കൊണ്ട്‌ കൊടുത്തു, ലൈബ്രറിയില്‍നിന്നും അച്ഛന്‍ പറയുന്ന പുസ്തകങ്ങള്‍ എടുത്തുകൊടുത്തു. കൂട്ടുകാര്‍ക്കൊപ്പംകൂടി പുറത്തുപോകാന്‍ കാശില്ലാഞ്ഞത്‌ കൊണ്ട്‌ അച്ഛനടുത്ത്‌ ചടഞ്ഞിരുന്ന് പുസ്തകങ്ങളെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും അച്ഛന്റെ വിശകലനങ്ങള്‍ കേട്ടു.

അച്ഛന്‍ മരിച്ചതോടെ ജോലിതേടി നാട്‌ വിട്ട്‌ ബാംഗ്ലൂരെത്തി. ജോലി, തുടര്‍പഠനം, സര്‍ട്ടിഫിക്കേഷന്‍സ്‌, വിവാഹം, വീട്‌, കുഞ്ഞ്‌...

"അടുത്തയാഴ്ചമുതല്‍ രണ്ടാഴ്ച നൈറ്റ്ഷിഫ്റ്റ്‌. എന്റെ മോനുറങ്ങുമ്പോള്‍ ഞാന്‍ ഉണര്‍ന്നിരുന്ന് ജോലിചെയ്യും അവനുണരുമ്പോള്‍ ഞാനുറങ്ങാന്‍ തുടങ്ങും. ഞാനവിടെയുണ്ടെന്ന് മനസ്സിലായാല്‍ വാതില്‍ തള്ളിത്തുറന്ന് അവന്‍ കട്ടിലില്‍ വന്ന് ബഹളം വയ്കും അവന്റെകൂടെ കളിക്കാന്‍. പാതിയുറങ്ങിയും പാതി കളിച്ചും രാത്രിയില്‍ പിന്നെയും ജോലിസ്ഥലത്തേയ്ക്‌. അവന്ന് പറഞ്ഞ്‌കൊടുക്കാന്‍ പഞ്ചതന്ത്രത്തിലെയും ആയിരത്തൊന്ന് രാവുകളിലെയും ഒറ്റക്കഥപോലും എനിക്കോര്‍മ്മയില്ലെടാ"

പിരിയുമ്പോള്‍ രാത്രി ഏറെ വൈകി. വണ്ടി സ്റ്റാര്‍ട്ട്ചെയ്ത്‌ പോകാനൊരുങ്ങുമ്പോള്‍ അവന്‍ പറഞ്ഞു-
"എന്റെ മോന്‍ ഞാൻ പഠിച്ച എൽ‌പി സ്കൂളിൽ പഠിക്കണം, കൂര്‍മ്മംകുളങ്ങര യു.പി യില്‍ പഠിക്കണം, ചെമ്പ്ര ഹൈ സ്കൂളിലെ ഞാനും നീയും പഠിച്ച പത്ത്‌-C യില്‍ പഠിക്കണം, മടപ്പള്ളി കോളെജില്‍ പഠിക്കണം, കോളെജിന്റെ താഴെയുള്ള ബാലേട്ടന്റെ ചായക്കടയില്‍നിന്നും കായപ്പവും പൊറാട്ടയും തിന്ന് ഒരു ചാംസ്‌ സിഗറട്ടും വലിച്ച്‌, വടകര കീര്‍ത്തി-മുദ്രയില്‍നിന്നു മാറ്റിനിയും കണ്ട്‌ പഴയസ്റ്റാന്റില്‍ നിന്നും ബസ്സ്‌ കേറി വീട്ടിലേയ്ക്‌ പോകണം..."

മിണ്ടാതെ നില്‍ക്കുന്ന എന്നെനോക്കി ഒന്ന് കളിയാക്കിച്ചിരിച്ചവന്‍ തുടര്‍ന്നു- "എവ്‌ടെ നടക്കാന്‍ അല്ലേ?"

അവന്റെ വണ്ടി അകന്നുപോകുന്നതും നോക്കി ഞാന്‍ നിന്നു.

18 comments:

 1. എന്റെ മോന്‍ തെരുവത്ത്‌ എല്‍.പി യില്‍ പഠിക്കണം, കൂര്‍മ്മംകുളങ്ങര യു.പി യില്‍ പഠിക്കണം, ചെമ്പ്ര ഹൈ സ്കൂളിലെ ഞാനും നീയും പഠിച്ച പത്ത്‌-C യില്‍ പഠിക്കണം, മടപ്പള്ളി കോളെജില്‍ പഠിക്കണം, കോളെജിന്റെ താഴെയുള്ള ബാലേട്ടന്റെ ചായക്കടയില്‍നിന്നും കായപ്പവും പൊറാട്ടയും തിന്ന് ഒരു ചാംസ്‌ സിഗറട്ടും വലിച്ച്‌, വടകര കീര്‍ത്തി-മുദ്രയില്‍നിന്നു മാറ്റിനിയും കണ്ട്‌ പഴയസ്റ്റാന്റില്‍ നിന്നും ബസ്സ്‌ കേറി വീട്ടിലേയ്ക്‌ പോകണം...

  ReplyDelete
 2. നിങ്ങളെന്നെ കരയിച്ചല്ലോ...
  Excellent...

  ReplyDelete
 3. എല്ലാ പ്രവാസികളുടേയും ഒരു നൊമ്പരം നന്നായി അവതരിപ്പിച്ചിരിക്കുന്നു.

  ReplyDelete
 4. അനോണീ, ഇത്‌ ഞങ്ങള്‍ 69 മോഡല്‍സിന്റെ യഥാര്‍ത്ഥത്തിലുള്ള അനുഭവമാണ്‌.

  വല്ല്യമ്മായി, നിങ്ങളുടെ വനിതലോകത്ത്‌ വന്ന പാര്‍വ്വതിയുടെ 'ബക്കറ്റില്‍ വിരിയിക്കാവുന്ന മഴവില്ലിന്‌' ഒരു കമ്മന്റെഴുതിത്തുടങ്ങിയതായിരുന്നു. വല്ലാതെ നീണ്ടപ്പോള്‍ ഇത്തിരിക്കൂടി മാറ്റംവരുത്തി ഒരു പോസ്റ്റാക്കി.

  ReplyDelete
 5. ബക്കറ്റിലെ മഴവില്ലു കണ്ടുവന്നപ്പോള്‍ .... കോപ്പയിലെ കൊടുങ്കാറ്റൊ?

  എന്റെ മക്കളെ സാധാരണ ഡി പി ഇ പി കൊടുക്കാന്നു കരുതിയിരിക്കാരുന്നു. അതില്‍ എനിക്കു മാത്രമെ സമ്മതമുള്ളു. മറ്റുള്ളവരുടെ സമ്മതത്തില്‍ അവളിപ്പോള്‍ മഴയെ ആട്ടിപ്പായിക്കുന്ന പാട്ടുപാടുന്നു; Rain Rain Go Away; മഴക്കും കാണും ഒരു മനസ്സ്. തന്റെ പഴയ കാലപ്രതാപം ഓര്‍ത്തതു വിതുമ്പുന്നുണ്ടാവും.

  മഴവേണ്ടാത്ത പുത്തന്‍ തലമുറക്കെന്തിനാ മഴവില്ല്?

  ReplyDelete
 6. “അവന്ന് പറഞ്ഞ്‌കൊടുക്കാന്‍ പഞ്ചതന്ത്രത്തിലെയും ആയിരത്തൊന്ന് രാവുകളിലെയും ഒറ്റക്കഥപോലും എനിക്കോര്‍മ്മയില്ലെടാ...”

  അതെ, അല്ലെങ്കില്‍ ഓര്‍മ്മകളെ ചികഞ്ഞെടുക്കാന്‍ നമുക്ക് സമയമില്ല - ഇതെന്‍റേയും ദുഃഖം.

  നന്നായിരിക്കുന്നു പടിപ്പുരേ!

  ReplyDelete
 7. അവസാനം, സുഹൃത്ത് പറഞ്ഞതൊന്നും നടക്കില്ല. എന്നാലും കഥകളൊക്കെ പുസ്തകം ഉണ്ടല്ലോ. അതൊക്കെ വാങ്ങി, വായിച്ച് കേള്‍പ്പിക്കുക. ഇതൊക്കെ ആ സുഹൃത്തിനു പറ്റും. അത്രയ്ക്കൊക്കെ സമയം വേണ്ടേ മോന് വേണ്ടി.

  ReplyDelete
 8. എന്നും കരഞ്ഞ് നിലവിളിച്ച് കൊണ്ട പ്ലേ സ്കൂളിലേയ്ക്കിറങ്ങുന്ന ഒരു മൂന്ന് വയസ്സുകാരനുണ്ട് എനിക്ക്, ഷിഫ്ടില്‍ വര്‍ക്ക് ചെയ്യുന്ന അവന്റെ അമ്മയും അച്ഛനും കഴിഞ്ഞാല്‍ വിട പറയുമ്പോള്‍ അവന്‍ കരയുന്ന ഒരേ ഒരു വ്യക്തിയാണ് അവന്റെ ലോകത്തിലെ ഞാന്‍.

  മൂന്ന് വയസ്സില്‍ അവന്‍ തയ്യാറെടുത്ത് കഴിഞ്ഞു, മൂന്നര-നാല് വയസ്സില്‍ നടക്കേണ്ട നേഴ്സറി ഇന്റര്‍വ്യൂന് വേണ്ടി, അവന് 32 നേഴ്സറി റൈംസും,10 സ്റ്റോറീസും,A-Z ക്യാപിറ്റലും സ്മോളും, 1-20 പറയാനും എഴുതാനും അറിയാം.

  രണ്ടാഴ്ച മുമ്പ് പകലുറങ്ങിയ അവന്‍ അച്ഛനമ്മമാരുടെ ഉറക്കം കളയാതിരിക്കാന്‍ കൂടെ കിടത്തി ഉറക്കാന്‍ ശ്രമിക്കുമ്പോള്‍ എന്റെ കഴിവിന് ആകെ പറ്റുന്ന “ഓമനതിങ്കള്‍ കിടാവോ“ പാടി, ഓര്‍ക്കാനാവുന്നത് വരെ ആവര്‍ത്തിച്ചു പാടിയപ്പോള്‍ അവന്‍ ചോദിച്ചു,”ഇത്രയും കുഞ്ഞ് പാട്ടാ” പിന്നെ അവന് വേണ്ടി അത് കാണാതെ പഠിച്ച് മുഴുവന്‍ കഴിഞ്ഞയാഴ്ച പാടികേള്‍പ്പിച്ചപ്പോള്‍ മനസ്സില്‍ എനിക്ക് ഭയമായിരുന്നു, ഒരു നൈരാശ്യത്തിന്റെ വിത്ത് ഞാന്‍ വിതയ്ക്കുകയാണൊ എന്ന്, കാരണം അവന്‍ ഉറങ്ങുന്ന സമയത്ത് ഒരു പാട്ട് പാടാന്‍ ഒരു കഥ കേള്‍ക്കാന്‍ അവന് അച്ഛനേയും അമ്മയേയും കാണാനാവില്ല.

  എനിക്കറിയാവുന്ന മലയാളം ഹിന്ദിയില്‍ ആ പാട്ടിലെന്തൊക്കെ എന്ന് പറഞ്ഞു കൊടുക്കേണ്ടി വന്നു, ചിന്തിച്ചിരിക്കുന്ന അവന്റെ മുഖം എപ്പോഴും എന്റെ മനസ്സില്‍ ഉണ്ട്.

  ഞാന്‍ എഴുതിയതാണോ ചെയ്തതാണൊ തെറ്റ് എന്നെനിക്കറിയില്ല.

  ഇത്രയും വലിയ കമന്റിന് ക്ഷമ ചോദിക്കുന്നു

  ReplyDelete
 9. പാര്‍വ്വതീ,
  ഈ ആകുലതകള്‍ നമുടെ തലമുറയ്ക്‌ മാത്രമേ സഹിക്കേണ്ടതുള്ളൂ. ആറാം വയസ്സില്‍ പഠനം തുടങ്ങുകയും മൂന്നോ നാലോ ബുക്കുകളുമായി സ്കൂളില്‍ പോവുകയും വിദ്യാഭ്യാസകാലം ആഘോഷമാക്കുകയും ചെയ്ത ഒരു തലമുറയ്ക്‌, മൂന്നാം വയസ്സില്‍ പഠനം തുടങ്ങുകയും, എടുത്താല്‍പൊങ്ങാത്ത ബാഗും തീര്‍ത്താല്‍ തീരാത്ത പഠനഭാരവുമായി നട്ടം തിരിയുന്ന കുഞ്ഞുങ്ങളെ കാണുമ്പോള്‍ അസ്വസ്ഥ തോന്നുന്നത്‌ സ്വാഭാവികം.

  ഈ കുഞ്ഞുങ്ങളൊക്കെയും വാണിജ്യവല്‍ക്കരിക്കപ്പെട്ട ലോകത്തേയ്ക്കുള്ള ചവിട്ടുപടികളുടെ തുടക്കത്തിലാണ്‌. ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ കഴിയുമ്പോഴേയ്കും അവരുടെ ചിന്തകളും ലോകവും അതിനനുസരിച്ച്‌ പാകപ്പെട്ട്‌ വരും. ഇവിടെ കൂടെയുള്ള പല സുഹൃത്തുക്കളുടെയും മൂന്നിലും നാലിലുമൊക്കെ പഠിക്കുന്ന കുട്ടികള്‍ക്ക്‌ നാട്‌ എന്ന് കേള്‍ക്കുന്നത്‌ തന്നെ അരോചകമാണ്‌. നാട്ടില്‍ മഴയാണു, ചെളിയാണ്‌, തിന്നാന്‍ പിസ്സ കിട്ടില്ല അങ്ങിനെ ഒരുപാട്‌ പരാതികള്‍. ഓണത്തേക്കാളും അവര്‍ ആഘോഷിക്കാനിഷ്ടപ്പെടുന്നത്‌ ദീപാവലിയും ദസറയുമൊക്കെയാണ്‌.

  എന്റെ സുഹൃത്തിനെപ്പോലുള്ളവരുടെ ആശങ്കയും ഇതൊക്കെത്തന്നെ. അച്ഛന്റെ കയ്യില്‍തൂങ്ങി വയലിലൂടെയും വരമ്പിലൂടെയും കഥകള്‍ കേട്ട്‌ നടന്ന അവന്‍, അമ്പലപ്പറമ്പിലും ഉത്സവങ്ങള്‍ക്കും മദിച്ച്‌ നടന്ന അവന്‍, തന്റെ മകന്ന് ഇതൊക്കെ താന്‍ തന്നെ നിഷേധിക്കുന്നോ എന്ന തോന്നലുകളാണ്‌ ഞാനുമായി പങ്കുവച്ചത്‌.

  പാര്‍വ്വതി എഴുതിയതും ചെയ്തതുമല്ല തെറ്റ്‌.
  ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും മാറ്റാന്‍പറ്റാത്തതും പൊരുത്തപ്പെടാനാവാത്തതുമായ ചില സങ്കല്‍പ്പങ്ങള്‍ ഓരോരുത്തരുടെയും ഉള്ളിലുണ്ട്‌.

  ReplyDelete
 10. പടിപ്പുര പറഞ്ഞതെല്ലാം പൊള്ളയായ യാഥാര്‍ഥ്യം.
  നാലു വയസ്സായ എന്റെ മോള്‍ രാവിലെ ആറരക്കെഴുന്നേറ്റ് തയ്യാറായി, എന്റെ മുന്‍പില്‍ വന്നിരിക്കും, കാരണം ഞാന്‍ കൊടുത്താലെ അവള്‍ രാവിലെ കോണ്‍ഫ്ലാക്സും പാലും കുടിക്കൂ...അതു കഴിച്ചു കഴിഞ്ഞാല്‍ പറഞ്ഞതുപോലെ, എടുത്താല്‍ പൊന്താത്ത അത്ര ഭാരവുമുള്ള ബാഗും എടുത്ത് ഏഴുമണിയുടെ ബസ് പിടിക്കാന്‍ നീങ്ങുന്നത് കാണുമ്പോള്‍, ശരിക്കും സങ്കടം വരാറുണ്ട്.

  കുട്ടിത്തം ജന്മനാ നഷ്ടപെട്ട കുട്ടികള്‍. കുമ്പിളപ്പത്തിന്നും, ചക്കവരട്ടിയതിന്നും പകരം, മാജിക് കോണും, ഷൊവുര്‍മ്മയും കഴിക്കാന്‍ വിധിക്കപെട്ട ബാല്യങ്ങള്‍..

  ReplyDelete
 11. പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളുടെ കഥയാണു പടിപ്പുര പറഞ്ഞതു.

  ReplyDelete
 12. പടിപ്പുരയുടെയീ കഥ, തികച്ചും യാഥാര്‍ത്ഥ്യത്തിന്റെ ലോകത്തുള്ളതാണ്‌. ഞാനും മൂന്നു വയസ്സുള്ള എന്റെ മകനെ അംഗന്‍വാടിയില്‍ വിടുന്നു, പക്ഷെ ഭാര്യയോടു പറഞ്ഞിട്ടുണ്ട്‌, വെറുതേ കളിക്കാനും, കുറച്ചു കഴിയുമ്പോള്‍ അവന്റെ അമ്മയില്‍ നിന്നും അകന്നു നില്‍ക്കേണ്ടതിന്റെ ഒരു ട്രയല്‍ എന്ന രീതിയിലും മാത്രേ അവനെ അവിടെ വിടാവൂ എന്ന്‌. ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം, രാവിലെ 10 മുതല്‍ 12 വരെ. ഭാര്യ പറഞ്ഞു, വീട്ടില്‍ അവന്റെ മുത്തച്ഛന്‍ പറയുന്നുണ്ട്‌ ബാലശാപം കിട്ടുംന്ന്‌... ഏതാണ്‌ ശരി ഏതാണ്‌ തെറ്റ്‌ എന്നറിയാന്‍ പറ്റാത്ത അവസ്ഥ...

  ReplyDelete
 13. ഇതെല്ലാം വായിച്ചപ്പോഴേയ്ക്കും കണ്ണ് ഫ്യൂസായല്ലോ.. മുരളിയേട്ടന്‍ പറഞ്ഞപോലെ എതാ ശരി എന്ന് അറിയാത്ത അവസ്ഥ.

  ReplyDelete
 14. ഒരു അഞ്ചു മാസക്കാരന്റെ പിതാവാണ്‌ ഞാന്‍. അവനെയും ഭാര്യയെയും ഗള്‍ഫ്‌ ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരേണ്ട എന്ന് തീരുമാനിക്കേണ്ടിവന്നു നാട്ടിലെത്തി അവനെ കണ്ടു കഴിഞ്ഞപ്പോള്‍. എനിക്ക്‌ വയ്യ അടച്ചിട്ട ഫ്ലാറ്റിനുള്ളില്‍ കളിക്കാന്‍ ആയ മാത്രമാകുന്ന മോനെ കാണാന്‍. അതിലും ഭേദം അവന്‍ മുത്തശിക്കും മുത്തശ്ശനുമൊപ്പം അവിടെ നില്‍ക്കട്ടെ. ആഗ്രഹമുണ്ട്‌ അവന്‍ പഠനത്തെ ക്കുറിച്ച്‌ പേടിക്കുന്ന ജീവിതത്തിലേക്ക്‌ പോകാതിരിക്കണമെന്ന്.. അറിയില്ല എന്താകുമെന്ന്. എങ്കിലും ഇത്‌ പ്രവാസികളുടെ മാത്രം വിധിയല്ലല്ലോ പടിപ്പുരേ... നാട്ടിലും ഇങ്ങനെയൊക്കെത്തന്നെയാണല്ലോ വരുന്ന തലമുറയുടെ 'ജീവിത പ്രാരാബ്ധങ്ങള്‍'. ജനിക്കും മുന്‍പേ മുതിര്‍ന്നുപോകാന്‍ വിധിക്കപ്പെട്ട കുഞ്ഞുങ്ങള്‍...

  ReplyDelete
 15. പടിപ്പുരയുടെ ‘ സങ്കല്പങ്ങള്‍’ വായിച്ചില്ലെങ്കില്‍ ഞാന്‍ എന്നോട് തന്നെ ചെയ്യുന്ന ക്രൂരയായിരിക്കും.
  സങ്കല്പങ്ങളിലെ അതേ സാഹചര്യവുമായി എന്തു ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് ഞാന്‍.
  എന്‍റെ മോന്‍ വരുന്ന നവംബര്‍ 29- രണ്ട് വയസ്സാകും എന്നാല്‍ അവനെ പ്ലേ സ്കൂളില്‍ വിടാന്‍ ഭാര്യയും കൂടെ ഉള്ള എല്ലാവരും തിരക്കു കൂട്ടുന്നു. മൂന്ന് വയസ്സെങ്കിലും ആയ്ട്ടു പോരെ എന്ന എന്‍റെ ചോദ്യം എല്‍. കെ. ജി യില്‍ സീറ്റ് കിട്ടണമെങ്കില്‍ ഇപ്പോഴേ പ്ലേ സ്കൂളില്‍ വിടണമെന്ന വാദങ്ങള്‍കോണ്ട് എന്നെ തോല്പിക്കുന്നു.
  ഇപ്പോള്‍ തന്നെ വണ്‍, ടു, ത്രീയും, പിന്നെ എ,ബി. സി. ഡി യും അവനറിയാം. കൂ‍ടാതെ അവ്യക്തമായ ഭാഷയില്‍ ‘ജാക് ആന്‍റ് ജില്‍, അതിനിടയില്‍ ഫോണില്‍ കൂടി ഞാന്‍ പഠിപ്പിച്ച ‘കാക്കയുടെ പാട്ടും’ അവനറിയാം. എങ്കിലും ഞാന്‍ പലതും ഭയപ്പെടുന്നു. ഫ്ലാറ്റില്‍ (മുംബയില്‍) തളച്ചിടപ്പെട്ട അവന് പ്ലേ സ്കൂള്‍ അനുഗ്രഹമാകുമൊ? അറിയില്ല.
  അടുത്ത മാസം മുതല്‍ ഞാങ്ങള്‍ രണ്ടു പേരെയും അവന്‍ പിരിഞ്ഞിരിക്കാന്‍ ശീലിക്കേണ്ടിയിരിക്കുന്നു (ഭാര്യ മാറ്റം കിട്ടി ഉത്തരാഞ്ചല്‍ സംസ്ഥാനത്തെക്ക് പോകുന്നു.
  അറിയില്ല എന്തു ചെയ്യണമെന്ന്.
  സ്നേഹത്തോടെ
  രാജു

  ReplyDelete
 16. നാട്ടില്‍ ഞാനീയിടെയായി ശ്രദ്ധിച്ച മറ്റൊരു കാര്യം കൂടെ ഇതിനനുബന്ധമായി പറയേണ്ടിയിരിക്കുന്നു.

  പലരും മക്കളെ പ്ലേ-സ്കൂള്‍, LKG/UKG പഠനത്തിന്‌ അയക്കാതെ അംഗനവാടിയിലേയ്ക്ക്‌ വിടുന്നു. അവിടെ പാട്ടുകളുടെയും കളികളുടെയും ഇടയിലൂടെ അവര്‍ എണ്ണവും വാക്കുകളും പഠിക്കുന്നു. വെറും പ്രാഥമീക പഠനം. യൂനിഫോമിന്റെയോ പുസ്തകക്കെട്ടുകളുടെയോ ഔപചാരികതയുടെയോ ഭാരമില്ല.

  ആറ്‌ വയസ്സാകുമ്പോള്‍ ഒന്നാം ക്ലാസില്‍ ചേര്‍ക്കുന്നു.

  കുഞ്ഞുങ്ങള്‍ക്ക്‌ അവരുടെ ബാല്യം തിരിച്ചു നല്‍കുന്ന ഈ പുതിയ പ്രവണത എനിക്ക്‌ തോന്നുന്നത്‌ കേരളത്തില്‍ ഇനിയും വ്യാപകമാവുകതന്നെ ചെയ്യുമെന്നാണ്‌.

  സുല്‍,അഗ്രു,സു,കുറു,മുസാഫിര്‍,മുരളീ,ദില്‍ബൂ,അനിയന്‍,മേനോന്‍,ഇരിങ്ങല്‍- ഈ ചര്‍ച്ച സജീവമാക്കിയതിന്‌ നന്ദി.

  ReplyDelete
 17. 情趣用品,情趣用品,情趣用品,情趣用品,情趣用品,情趣用品,情趣,情趣,情趣,情趣,情趣,情趣,情趣用品,情趣用品,情趣,情趣,A片,A片,情色,A片,A片,情色,A片,A片,情趣用品,A片,情趣用品,A片,情趣用品,a片,情趣用品,A片,A片

  A片,A片,AV女優,色情,成人,做愛,情色,AIO,視訊聊天室,SEX,聊天室,自拍,AV,情色,成人,情色,aio,sex,成人,情色

  免費A片,美女視訊,情色交友,免費AV,色情網站,辣妹視訊,美女交友,色情影片,成人影片,成人網站,H漫,18成人,成人圖片,成人漫畫,情色網,日本A片,免費A片下載,性愛

  情色文學,色情A片,A片下載,色情遊戲,色情影片,色情聊天室,情色電影,免費視訊,免費視訊聊天,免費視訊聊天室,一葉情貼圖片區,情色視訊,免費成人影片,視訊交友,視訊聊天,言情小說,愛情小說,AV片,A漫,AVDVD,情色論壇,視訊美女,AV成人網,成人交友,成人電影,成人貼圖,成人小說,成人文章,成人圖片區,成人遊戲,愛情公寓,情色貼圖,色情小說,情色小說,成人論壇


  情色文學,色情小說,情色小說,色情,寄情築園小遊戲,情色電影,aio,av女優,AV,免費A片,日本a片,美女視訊,辣妹視訊,聊天室,美女交友,成人光碟

  A片,A片,A片下載,做愛,成人電影,.18成人,日本A片,情色小說,情色電影,成人影城,自拍,情色論壇,成人論壇,情色貼圖,情色,免費A片,成人,成人網站,成人圖片,AV女優,成人光碟,色情,色情影片,免費A片下載,SEX,AV,色情網站,本土自拍,性愛,成人影片,情色文學,成人文章,成人圖片區,成人貼圖

  ReplyDelete

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...