Sunday, November 27, 2011

എന്റെ പിന്തുണ


മുപ്പത്തിരണ്ട് ലക്ഷത്തോളം കേരളിയരുടെ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന മുല്ലപ്പെരിയാർ ഡാം മാറ്റിപണിയാൻ ഇനിയും വൈകിക്കുന്നത് ആത്മഹത്യപരമാണ്, ജീവിക്കാനുള്ള ഓരോ പൌരന്റെയും അവകാശത്തിനെതിരെയുള്ള കടന്നു കയറ്റമാണ്.

ഭീതിയുടെ നിഴലിൽ, മരണമെങ്കിൽ അതുതന്നെ എന്ന് പ്രഖ്യാപിച്ച് കുടുംബത്തിനും കുഞ്ഞുങ്ങൾക്കുമൊപ്പം നിസ്സഹായരായി നിൽക്കുന്ന ജനങ്ങൾ നമ്മുടെ പ്രിയപ്പെട്ടവരാണ്. കേരളം ഒരു വൻ ദുരന്തത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നില്ല എന്ന് ഉറപ്പിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും  ബാധ്യതയാണ്.

അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തുക, ദുരന്ത നിവാരണ പദ്ധതികൾക്ക് തുടക്കം കുറിക്കുക തുടങ്ങിയ അടിയന്തര പ്രധാന്യമുള്ള കാര്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പ്രാവർത്തികമാക്കുക.

Rebuild Mullaperiyar  മൂവ്‌മെന്റിന് എന്റെ എല്ലാ പിന്തുണകളും.


Sign a petition


Friday, November 11, 2011

ഒരാൾ എങ്ങിനെയാണ് ഒറ്റപ്പെട്ടുപോകുന്നത്


സന്ധ്യ.

കാറ്റിന്റെ ചൂടിന് അല്പം ശമനമുണ്ട്.
വ്രൂം വ്രൂം... ശബ്ദത്തിൽ നാലഞ്ച് ബൈക്കുകൾ ഹൈവയിലൂടെ കുതിച്ച് പാഞ്ഞുപോയി

കഫ്റ്റേരിയയുടെ പുറത്ത് നിരത്തിയിട്ടിരിക്കുന്ന കസേരകളിൽ ഞാനും അബ്ദുക്കയും ഇരിക്കുകയാണ്. എനിക്ക് അദ്ദേഹത്തെ പരിചപ്പെടുത്തിയ വിജയേട്ടൻ അല്പം അപ്പുറത്ത് നിന്ന്  ഈ വർഷത്തെ ഓണാഘോഷം ഡിസംബറിലേക്ക് മാറ്റി വച്ചതിന്റെ കാരണങ്ങൾ മൊബൈലിൽ ആരോടോ വിശദീകരിക്കുകയാണ്. അബ്ദുക്ക മൾബറോയുടെ പാക്ക് എനിക്ക് നേരെ നീട്ടി. “വലിക്കാറില്ല”; ഞാൻ ഒഴിഞ്ഞു;

“നന്നായി”; അബ്ദുക്ക ഒരു സിഗറട്ടിന് തീ കൊളുത്തി; “പതിമൂന്നാമത്തെ വയസ്സിൽ മദ്രാസ്സിലെ ഹോട്ടൽ പണിക്ക് നിൽക്കുമ്പോൾ തുടങ്ങിയതാണ്. ഇതുവരെ നിർത്തിയിട്ടില്ല. കുഴിവെട്ടി കാൽ നീട്ടിയിരിക്കുമ്പോൾ ഇനി എന്തിന് അതേക്കുറിച്ച് വേവലാതിപ്പെടാൻ“

ഇതാണ് അബ്ദുക്ക. വയസ്സ് എൺപത്. ഒമ്പത് പേർ ഉണ്ടായിരുന്ന കൂടപ്പിറപ്പുകളിൽ  മൂത്തവൻ. ഓർമ്മവച്ചമുതൽ കുടുംബത്തിന് വേണ്ടി ജീവിച്ചവൻ. സഹോദരങ്ങളെ പോറ്റിവളർത്താൻ ആറാം വയസ്സുമുതൽ ഉപ്പയുടെ കൊപ്പര ഉണക്കുന്നതിന് കാവൽ നിന്നവൻ. പതിനൊന്നാം വയസ്സിൽ മീൻ വിൽക്കാൻ തുടങ്ങിയവൻ. പതിമൂന്നാം വയസ്സിൽ അന്യനാടായ മദ്രാസ്സിൽ ഹോട്ടലിൽ ക്ലീനിംഗ് പണിക്ക് നിന്നവൻ. പതിനാലാം വയസ്സിൽ ബോംബെയിൽ ‘ചരക്കുകളെ’ കൂട്ടിക്കൊടുക്കുവാൻ നിന്നവൻ. സിക്ക്-മാർവാഡി ലോറിഡ്രൈവർമാർക്ക് ‘പ്രകൃതിവിരുദ്ധം’ ചെയ്ത് കാശുവാങ്ങിയവൻ. പതിനാറാം വയസ്സിൽ ബോംബെയിൽ തന്നെ ഡ്രൈവറായി പണി തുടങ്ങിയവൻ. പതിനെട്ടാം  വയസ്സിൽ വയസ്സുകൂട്ടിക്കാണിച്ച് പാസ്സ്പോർട്ടെടുത്ത് ഗൾഫിലേക്ക് കടന്നവൻ. ഗൾഫിൽ ഒട്ടകങ്ങളെയും പശുക്കളെയും ആടുകളെയും മേച്ച് നടന്നവൻ. അറബി കൊണ്ടുകൊടുത്ത ഇറച്ചികഷ്ണങ്ങൾ കല്ലിൽ ചുട്ട് തിന്ന് വിശപ്പകറ്റിയവൻ!

“എറച്ചി ചുടുമ്പോൾ ഇച്ചിരി ഉപ്പോ മുളകോ പോലും ചേർക്കാൻ ഉണ്ടായിരുന്നീല”; അബ്ദുക്ക ഓർമകളുടെ വേലിയേറ്റത്തിൽ മുങ്ങിത്താണു.

എഴുത്തറിയാത്തതുകൊണ്ട് വല്ലവരുടെയും കൊണ്ട് കത്തെഴുതിച്ച് ഭാര്യയുടെ വിരഹമകറ്റിയവൻ. മറുപടികത്തുകൾ വായിച്ച്കേട്ട് മണൽക്കാറ്റിനൊപ്പം ഏങ്ങിക്കരഞ്ഞ് രാവ് പകലാക്കിയവൻ. മക്കൾ പഠിച്ഛിരുന്ന ക്ലാസ്സുകൾ ഓർത്തുവയ്ക്കാൻ പറ്റാതിരുന്നവൻ. വല്ലാതെ സെക്സ് തോന്നിയപ്പോൾ  ‘ചരക്കുകളുടെ’ ഷീറ്റ് മുറിക്ക് മുന്നിൽ ഊഴം കാത്ത് നിന്നവൻ.

പച്ചവെള്ളം മാത്രം കുടിച്ച് നോമ്പ് തുറന്നവൻ. മഴനനയാൻ കൊതിച്ച് വെയിൽ തളർത്തിയവൻ. അസുഖങ്ങൾകൊണ്ട് മരിക്കില്ലെന്ന് വാശിപിടിച്ചവൻ. കൊച്ചുകേരളത്തിൽ കമ്യൂണിസം സമത്വം കൊണ്ടുവരുന്നത് ആശിച്ചവൻ!

“ഇപ്പോ ഇന്റെ മോന്റെ വിസിറ്റ് വിസയിൽ വന്നതാണ് ഞാനും ഓന്റെ ഉമ്മയും. ഞാനീ പഴയ വഴികളിലൂടെ ഒന്ന് നടക്കാനിറങ്ങിയതാണ്. ഇങ്ങള് വിശ്വസിക്ക്വോന്നറിയീല. ഇബിടുന്ന് നോക്കുമ്പോൽ അന്ന് കടല് കാണായിരുന്നു! അവിടാണിപ്പം പോർട്ട്“

കെട്ടിടങ്ങൾ കാഴ്ചമറച്ച അബ്ദുക്ക വല്ലാത്തൊരങ്കലാപ്പിലാണെന്ന് എനിക്ക് തോന്നി.

“ഇന്നെപ്പോലത്തോൻ  പെട്ടുപണിതുയർത്തിയ നാട്ടിലാണ് മോനെ ഇങ്ങളിപ്പോൾ ജീവിക്കുന്നത്. തിന്നാതെയും കുടിക്കാതെയും കുടുംബം നോക്കാൻ എല്ലാം ഉപേക്ഷിച്ച് വന്ന് ഈ നാട്  ഇക്കാണുന്നത് പോലെ പണിതുയർത്തിയത്  മലബാറിയാണ് ...”

Thursday, November 03, 2011

കടത്തെപ്പെടുന്ന മനുഷ്യർ


“ബാബു, ചായ് ഓർ കോഫി”

പതിഞ്ഞ ശബ്ദത്തിൽ പതിവില്ലാത്ത ഒരു  ചോദ്യം. വർഷങ്ങൾക്ക് മുമ്പ് ഏതോ ഒരു തമിഴൻ എഴുതിവച്ച് പോയ ഒരു ഒറാക്കിൾ ട്രിഗറിലെ നൂലാമാലകൾക്കിടയിൽ നിന്നും ഞാൻ തലപുറത്തേക്കിട്ടു നോക്കി. റാം പാൽ അല്ല, പകരം പാകമല്ലാത്ത അയഞ്ഞ കാക്കി യൂനിഫോമിനുള്ളിൽ ഒരു പയ്യൻ. പത്ത് പതിനെട്ട് വയസ്സ് കഷ്ടി തോന്നിക്കും. റാം പാൽ പുകയില ചവച്ച് കറുത്ത പല്ലുകാട്ടിചിരിച്ച് അവന് പിന്നിൽ നിൽക്കുന്നു. റാം പാലിനെ പ്രൊഡക്ഷൻ ഫ്ലോറിലെ ക്ലീനിംഗിലേക്ക് മാറ്റിയിരിക്കുന്നു. ചായ സപ്ലൈ ഇനിമുതൽ ഈ പുതിയ പയ്യനായിരിക്കും. പശ്ചിമ ബംഗാളിലെ ഏതോ ഒരു ഗ്രാമത്തിൽ നിന്നും വന്ന മഹേഷ്.

ഭയമാണ് മഹേഷിന്റെ മുഖത്തെ സ്ഥായിയായ ഭാവം. ആവശ്യത്തിൽ കൂടുതൽ ഉച്ചത്തിൽ സംസാരിക്കുന്ന ഡയറക്ടർമാരുടെയും ഫാഷൻ ഡിസൈനേഴ്സിന്റെയും മർച്ചന്റൈസേഴ്സിന്റെയും ഇരിപ്പിടങ്ങൾക്കിടയിലൂടെ ചായകപ്പുകളും എച്ചിൽ പാത്രങ്ങളുമായി ശബ്ദമുണ്ടാക്കാതെ, പതുങ്ങി ഭയന്ന് അവൻ നടന്നു.

ചായയുമായി വരുമ്പോൾ “കൈസേഹേ” എന്ന എന്റെ  ചോദ്യത്തിന് ആദ്യമാദ്യം ഒരു ദയനീയ ചിരിമാത്രമായിരുന്നു എങ്കിലും പിന്നീടവൻ “അച്ഛാഹെ ബാബു” എന്ന് മറുപടി പറയും.

തിരക്കുകളൊഴിഞ്ഞ ഒരു ശനിയാഴ്ച വൈകുന്നേരം മഹേഷ് ചായയുമായി വന്നപ്പോൾ അവൻ ഏതുക്ലാസ്സ് വരെ പഠിച്ചു എന്ന എന്റെ ചോദ്യത്തിന് മടിച്ച് മടിച്ച് അവൻ മറുപടി പറഞ്ഞു;

“ഞാൻ മാത്രമല്ല, ബാബു, ഞങ്ങളുടെ ഗ്രാമത്തിൽ അരും സ്കൂളിൽ പോകാറില്ല.  ഞങ്ങളുടെ ഗ്രാമത്തിനടുത്തെങ്ങും സ്കൂളുകളെ ഇല്ല”; അവൻ ധൃതിയിൽ കാബിനിൽ നിന്നും ഇറങ്ങിപ്പോയി

കേരളം പോലെ പ്രബുദ്ധരുടെ നാടായ പശ്ചിമ ബംഗാളിൽ സ്കൂളുകളില്ലാത്ത ഗ്രാമമോ! ഞാൻ അത്ഭുതപ്പെട്ടു.

ഏതോ ഒരു കാരണത്താൽ രാത്രി വളരെ വൈകി ഓഫീസിൽ നിന്നുമുള്ള ഒരു മടക്കയാത്രയിൽ, വാഹനം കിട്ടാതെ ഓഫീസിന് മുന്നിൽ നിൽക്കുകയായിരുന്ന മഹേഷിനെ ഞാൻ നിർബ്ബന്ധിച്ച് ബൈക്കിന് പിന്നിൽ കയറ്റി. വഴിയിലെ ഒരു ധാബയിൽ ഭക്ഷണം കഴിക്കാൻ അവനെയും കൂടെ പിടിച്ചിരുത്തി. അവന്റെ വീട്ടുകാരെയും ഗ്രാമത്തെയുമൊക്കെകുറിച്ചുള്ള എന്റെ ചോദ്യങ്ങൾക്ക് അവൻ എന്തെങ്കിലുമൊക്കെ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണെന്ന് തോന്നിത്തുടങ്ങിയപ്പോൾ ഞാൻ ചോദ്യങ്ങൾ നിർത്തി.

ഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങി ബൈക്കിൽ കയറാൻ തുടങ്ങുമ്പോൾ തലകുനിച്ച് നിന്നുകൊണ്ട് മഹേഷ് പറഞ്ഞു;
“ബാബുവോട് എനിക്ക് കള്ളം പറയാൻ പറ്റുന്നില്ല”

ഞാനവനെ സംശയത്തോടെ നോക്കി

“ബാബു, ഞാൻ ഇന്ത്യൻ ബംഗാളിയല്ല. ബംഗ്ലാദേശിൽ നിന്നുമാണ്. ഒരിക്കലും അവസാനിക്കാത്ത  വെള്ളപ്പൊക്കവും മണ്ണിടിച്ചലും കാരണം വീടും കൃഷിയും ഒന്നുമില്ലാതായി. മീൻ പിടിക്കാൻ പോയ അച്ഛൻ ഉരുൾപൊട്ടലിൽ പെട്ട് ഒലിച്ചു പോയി. അമ്മയും മൂന്ന് അനുജത്തിമാരുമുള്ള കുടുംബത്തെ നോക്കാൻ അവിടെ ഒരു മാർഗ്ഗവുമില്ലാതെയായപ്പോൾ  ബോർഡർ പട്ടാളക്കാർ കാണാതെ കുറച്ച് ചെറുപ്പക്കാർക്കൊപ്പം പണം കൊടുത്ത്  ഇന്ത്യയിലേക്ക് ഒളിച്ച് കടന്നതാണ്. അവിടെനിന്നും ബാംഗ്ലൂരിലേക്ക് വരാൻ ഏജന്റിന് ആയിരം രൂപ കൊടുത്തു. അയ്യാളുടെ ഒരു സഹായി ശരിയാക്കിതന്നതാണ് ഈ ജോലി”


മനുഷ്യക്കടത്തിനെക്കുറിച്ച് പിന്നെയും കുറെ കഴിഞ്ഞാണ് ശരിക്കും മനസ്സിലാക്കിയത്. ഇന്നത്തെ മനോരമ പത്രത്തിലെ വാർത്ത വായിച്ചപ്പോൾ മഹേഷിനെ ഓർത്തുപോയി.യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...