Friday, November 11, 2011

ഒരാൾ എങ്ങിനെയാണ് ഒറ്റപ്പെട്ടുപോകുന്നത്


സന്ധ്യ.

കാറ്റിന്റെ ചൂടിന് അല്പം ശമനമുണ്ട്.
വ്രൂം വ്രൂം... ശബ്ദത്തിൽ നാലഞ്ച് ബൈക്കുകൾ ഹൈവയിലൂടെ കുതിച്ച് പാഞ്ഞുപോയി

കഫ്റ്റേരിയയുടെ പുറത്ത് നിരത്തിയിട്ടിരിക്കുന്ന കസേരകളിൽ ഞാനും അബ്ദുക്കയും ഇരിക്കുകയാണ്. എനിക്ക് അദ്ദേഹത്തെ പരിചപ്പെടുത്തിയ വിജയേട്ടൻ അല്പം അപ്പുറത്ത് നിന്ന്  ഈ വർഷത്തെ ഓണാഘോഷം ഡിസംബറിലേക്ക് മാറ്റി വച്ചതിന്റെ കാരണങ്ങൾ മൊബൈലിൽ ആരോടോ വിശദീകരിക്കുകയാണ്. അബ്ദുക്ക മൾബറോയുടെ പാക്ക് എനിക്ക് നേരെ നീട്ടി. “വലിക്കാറില്ല”; ഞാൻ ഒഴിഞ്ഞു;

“നന്നായി”; അബ്ദുക്ക ഒരു സിഗറട്ടിന് തീ കൊളുത്തി; “പതിമൂന്നാമത്തെ വയസ്സിൽ മദ്രാസ്സിലെ ഹോട്ടൽ പണിക്ക് നിൽക്കുമ്പോൾ തുടങ്ങിയതാണ്. ഇതുവരെ നിർത്തിയിട്ടില്ല. കുഴിവെട്ടി കാൽ നീട്ടിയിരിക്കുമ്പോൾ ഇനി എന്തിന് അതേക്കുറിച്ച് വേവലാതിപ്പെടാൻ“

ഇതാണ് അബ്ദുക്ക. വയസ്സ് എൺപത്. ഒമ്പത് പേർ ഉണ്ടായിരുന്ന കൂടപ്പിറപ്പുകളിൽ  മൂത്തവൻ. ഓർമ്മവച്ചമുതൽ കുടുംബത്തിന് വേണ്ടി ജീവിച്ചവൻ. സഹോദരങ്ങളെ പോറ്റിവളർത്താൻ ആറാം വയസ്സുമുതൽ ഉപ്പയുടെ കൊപ്പര ഉണക്കുന്നതിന് കാവൽ നിന്നവൻ. പതിനൊന്നാം വയസ്സിൽ മീൻ വിൽക്കാൻ തുടങ്ങിയവൻ. പതിമൂന്നാം വയസ്സിൽ അന്യനാടായ മദ്രാസ്സിൽ ഹോട്ടലിൽ ക്ലീനിംഗ് പണിക്ക് നിന്നവൻ. പതിനാലാം വയസ്സിൽ ബോംബെയിൽ ‘ചരക്കുകളെ’ കൂട്ടിക്കൊടുക്കുവാൻ നിന്നവൻ. സിക്ക്-മാർവാഡി ലോറിഡ്രൈവർമാർക്ക് ‘പ്രകൃതിവിരുദ്ധം’ ചെയ്ത് കാശുവാങ്ങിയവൻ. പതിനാറാം വയസ്സിൽ ബോംബെയിൽ തന്നെ ഡ്രൈവറായി പണി തുടങ്ങിയവൻ. പതിനെട്ടാം  വയസ്സിൽ വയസ്സുകൂട്ടിക്കാണിച്ച് പാസ്സ്പോർട്ടെടുത്ത് ഗൾഫിലേക്ക് കടന്നവൻ. ഗൾഫിൽ ഒട്ടകങ്ങളെയും പശുക്കളെയും ആടുകളെയും മേച്ച് നടന്നവൻ. അറബി കൊണ്ടുകൊടുത്ത ഇറച്ചികഷ്ണങ്ങൾ കല്ലിൽ ചുട്ട് തിന്ന് വിശപ്പകറ്റിയവൻ!

“എറച്ചി ചുടുമ്പോൾ ഇച്ചിരി ഉപ്പോ മുളകോ പോലും ചേർക്കാൻ ഉണ്ടായിരുന്നീല”; അബ്ദുക്ക ഓർമകളുടെ വേലിയേറ്റത്തിൽ മുങ്ങിത്താണു.

എഴുത്തറിയാത്തതുകൊണ്ട് വല്ലവരുടെയും കൊണ്ട് കത്തെഴുതിച്ച് ഭാര്യയുടെ വിരഹമകറ്റിയവൻ. മറുപടികത്തുകൾ വായിച്ച്കേട്ട് മണൽക്കാറ്റിനൊപ്പം ഏങ്ങിക്കരഞ്ഞ് രാവ് പകലാക്കിയവൻ. മക്കൾ പഠിച്ഛിരുന്ന ക്ലാസ്സുകൾ ഓർത്തുവയ്ക്കാൻ പറ്റാതിരുന്നവൻ. വല്ലാതെ സെക്സ് തോന്നിയപ്പോൾ  ‘ചരക്കുകളുടെ’ ഷീറ്റ് മുറിക്ക് മുന്നിൽ ഊഴം കാത്ത് നിന്നവൻ.

പച്ചവെള്ളം മാത്രം കുടിച്ച് നോമ്പ് തുറന്നവൻ. മഴനനയാൻ കൊതിച്ച് വെയിൽ തളർത്തിയവൻ. അസുഖങ്ങൾകൊണ്ട് മരിക്കില്ലെന്ന് വാശിപിടിച്ചവൻ. കൊച്ചുകേരളത്തിൽ കമ്യൂണിസം സമത്വം കൊണ്ടുവരുന്നത് ആശിച്ചവൻ!

“ഇപ്പോ ഇന്റെ മോന്റെ വിസിറ്റ് വിസയിൽ വന്നതാണ് ഞാനും ഓന്റെ ഉമ്മയും. ഞാനീ പഴയ വഴികളിലൂടെ ഒന്ന് നടക്കാനിറങ്ങിയതാണ്. ഇങ്ങള് വിശ്വസിക്ക്വോന്നറിയീല. ഇബിടുന്ന് നോക്കുമ്പോൽ അന്ന് കടല് കാണായിരുന്നു! അവിടാണിപ്പം പോർട്ട്“

കെട്ടിടങ്ങൾ കാഴ്ചമറച്ച അബ്ദുക്ക വല്ലാത്തൊരങ്കലാപ്പിലാണെന്ന് എനിക്ക് തോന്നി.

“ഇന്നെപ്പോലത്തോൻ  പെട്ടുപണിതുയർത്തിയ നാട്ടിലാണ് മോനെ ഇങ്ങളിപ്പോൾ ജീവിക്കുന്നത്. തിന്നാതെയും കുടിക്കാതെയും കുടുംബം നോക്കാൻ എല്ലാം ഉപേക്ഷിച്ച് വന്ന് ഈ നാട്  ഇക്കാണുന്നത് പോലെ പണിതുയർത്തിയത്  മലബാറിയാണ് ...”

1 comment:

  1. ഒരാൾ എങ്ങിനെയാണ് ഒറ്റപ്പെട്ടുപോകുന്നത്

    ReplyDelete

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...