Wednesday, June 27, 2012

....കഭി അൽവിദ നാ കെഹനാ


“കൊറേ ആയല്ലോ അന്നെ കണ്ടിട്ട്, എവ്ടായ്‌ര്ന്ന് യ്യ്?“

എന്നെ കണ്ടതിന്റെ സന്തോഷം എന്ന പോലെ നിലക്കടല വറുത്തുകൊണ്ടിരുന്ന ചീനചട്ടിയിൽ ചട്ടുകം കൊണ്ട് രണ്ട്മൂന്ന് തവണ ആഞ്ഞു മുട്ടി അയ്യപ്പേട്ടൻ ചിരിച്ചു

“പരീക്ഷയായിരുന്നു. കഴിഞ്ഞു. മറ്റന്നാൾ തിരിച്ച് പോവുകയാണ്”

“അങ്ങനെ യ്യും പൂവ്വായി, ല്ലേ”; വറുത്ത കടല ചീന ചട്ടിയിൽ നിന്നും അരിപ്പചട്ടുകത്തിൽ കോരി എടുത്ത്, കുലുക്കി പൂഴി കളഞ്ഞ് അയ്യപ്പേട്ടൻ ഒരു സ്റ്റീൽ പാത്രത്തിലേക്ക് ചരിഞ്ഞു. എന്നിട്ട് അതിൽ നിന്നും കുറച്ച് വാരി ഒരു  കടലാസു കുമ്പിളിൽ ഇട്ട് എനിക്ക് നേരെ നീട്ടി.

വറുത്ത നിലകടലയുടെ ഹൃദ്യമായ മണം ആസ്വദിച്ച് ഞാൻ കടല കൊറിച്ചു

“ഫസ്റ്റ് ഷോ ഇപ്പോ വിടും അത് കയിഞ്ഞ് നമ്മക്ക് പോകാം”; ഒന്നു ഉറപ്പിക്കാനെന്ന പോലെ അയ്യപ്പേട്ടൻ ചോദിച്ചു; “യ്യ് ന്ന് തിരിച്ച് പോന്നില്ലല്ലോ?”

ഇല്ല എന്ന് ഞാൻ തലയാട്ടി.
സന്തോഷ് ടാക്കീസിൽ നിന്നും ഏതോ തെലുങ്ക് സിനിമയുടെ ക്ലൈമാക്സ് സീനിലെ സ്റ്റണ്ടിന്റെ ശബ്ദ കോലാഹലങ്ങൾ കേൾക്കാം. കറുത്ത കോട്ടും തൊപ്പിയും ധരിച്ച്, കൂളിംഗ് ഗ്ലാസ്സ് വച്ച്, കയ്യിൽ വലിയൊരു തോക്കുമായി, ട്രെയിനിനു പിന്നാലെ പായുന്ന ഒരു കുതിരപ്പുറത്തിരിക്കുന്ന നായകന്റെ പോസ്റ്റർ പുറത്തെ മതിലിൽ ഒട്ടിച്ച് വച്ചിട്ടുണ്ട്.

“വൈന്നേരം വന്നൂടായിരുന്നോ, ഭയങ്കര അടിപടാണ്. അനക്കിഷ്ടാവും”; അയ്യപ്പേട്ടൻ ഉന്തുവണ്ടി  കടയിലെ സാധങ്ങൾ ഒതുക്കി വച്ച് കട അടക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. “ചെരംജീവിയാണ്. അടീന്റെ പൂരാ, ഞാനിന്നലെ കേറി സെക്കൻഡ് ഷോ കണ്ടു”

കുറച്ച് അപ്പുറത്ത് പ്രൈമറി ഹെൽത്ത് സെന്റർ കെട്ടിടത്തിന്റെ മുന്നിലെ ചുവരിൽ, നിറം മങ്ങിയ ഒരു ബൾബ് കത്തി നിൽക്കുന്നു. മതിലിന് മുന്നിലെ ബസ്സ് ഷെൽട്ടറിന്റെ സിമന്റ് തറയിൽ എന്റെ കണ്ണുകൾ സാമിയേട്ടനെ തിരഞ്ഞു.

“സാമിയേട്ടൻ ഈ വഴിക്കൊന്നും പിന്നെ വന്നതേ ഇല്ല?”

“അവന് എവിടായാലെന്താ! കറങ്ങി നടക്കുന്നുണ്ടാവും. പിന്നെ വന്നതേയില്ല”; ഉന്തുവണ്ടിയുടെ അടിയിൽ തൂക്കിയിട്ടിരുന്ന തുണി സഞ്ചിയിൽ നിന്നു ഒരു ചെറിയ കടലാസുപൊതി എടുത്ത് അയ്യപ്പേട്ടൻ എനിക്ക് നേരെ നീട്ടി; “കുരു കളഞ്ഞ ഉഗ്രൻ സാധനാണ്. വയനാടൻ”

പൊതി ഞാൻ മൂക്കോട് അടുപ്പിച്ചു. ഉണങ്ങി പാകമായ കഞ്ചാവിന്റെ മണം എന്റെ നാസാരന്ധ്രങ്ങളിലേക്ക് പടർന്ന് കയറി

കളർ ചോക്കുകൾ കൊണ്ട് ബസ്സ് ഷെൽട്ടറിലെ സിമന്റ് തറയിൽ ഹനുമാന്റെയും യേശുവിന്റെയും ക-അബയുടെയും ചിത്രങ്ങൾ വരച്ച് അതിന് തലയ്ക്കൽ ധ്യാനത്തിലെന്ന പോലെ ഇരിക്കുന്ന സാമിയേട്ടന്റെ ഊരും പേരുമൊന്നും ആർക്കും അറിയില്ല. ചിത്രങ്ങളിലേക്ക് ആളുകൾ എറിഞ്ഞു കൊടുക്കുന്ന ചില്ലറകാളാണ് വരുമാനം. സദാസമയവും കഞ്ചാവിന്റെ  ലഹരിയിലിരിക്കുന്നത് കൊണ്ട് അങ്ങാടിയിലെ ആളുകൾ ഇട്ട പേരാണ് സാമി.

അറുപത് വയസ്സെങ്കിലും കഴിഞ്ഞ ഒറ്റത്തടിയാണ് അയ്യപ്പേട്ടൻ. അങ്ങാടി വിട്ട് കുറച്ച് നടന്നാൽ വയൽക്കരയിൽ അയ്യപ്പേട്ടന് ഓലമേഞ്ഞ ഒരു ചെറിയ വീടുണ്ട്. സദാസമയവും കാറ്റ് വീശിക്കൊണ്ടിരിക്കുന്ന അതിന്റെ ഉമ്മറത്തിരുന്ന് ഞാനും അയ്യപ്പേട്ടനും സാമിയേട്ടനും വയനാടൻ ചുരമിറങ്ങിവരുന്ന കഞ്ചാവ് വലിക്കും. നാടൻ ചാരായം കുടിക്കും. എംബസ്സി ഹോട്ടലിൽ നിന്നും വാങ്ങി കൊണ്ടുവരുന്ന ബീഫ് ഫ്രൈയും പൊറാട്ടയും കഴിക്കും.

നീല പുകചുരളുകളുടെ ലഹരിയിൽ, മുറ്റത്തെ ഞേറലിന്റെ ചുവട്ടിലെ ബഞ്ചിലിരുന്ന് തന്റെ പഴയ ഹാർമോണിയത്തിൽ താളമിട്ട് അയ്യപ്പേട്ടൻ .സുഹാനി രാത് ധൽ ചുകി‘യും ‘ചൌന്ദിനികാ ചാന്ദ് ഹോ’യും ‘ചൽതേ ചൽതേ മേരെ യേ ഗീതും’ പാടും.

അപൂർവ്വമായി സംസാരിക്കുകയും അതിലും അപൂർവ്വമായി മാത്രം ചിരിക്കുകയും ചെയ്യുമായിരുന്ന സാമിയേട്ടൻ കളർചോക്കുകളുടെ നിറങ്ങൾ പറ്റിപിടിച്ച തന്റെ നീണ്ട താടിയിൽ തലോടി അയ്യപ്പേട്ടന്റെ പാട്ടുകളും ആസ്വദിച്ച് ഇരിക്കും. മഴക്കാലത്ത് ഒഴിച്ച് അയ്യപ്പേട്ടന്റെ മുറ്റത്തെ ഞേറലിനു ചുവട്ടിലെ ബഞ്ചിലാണ് സാമിയേട്ടന്റെ രാത്രി ഉറക്കം. മഴ തുടങ്ങിയാൽ അയ്യപ്പേട്ടൻ വിളിച്ചാലും കൂട്ടാക്കാതെ ബസ്സ് ഷെൽട്ടറിലെ തണുപ്പിൽ അയാൾ കൂനികൂടി ഇരിക്കും. സാമിയേട്ടന്  മഴയോടുള്ള ഇഷ്ടമാണ് കാരണം എന്ന് അയ്യപ്പേട്ടൻ ഒരിക്കൽ എന്നോട് പറഞ്ഞു.

എവിടെ നിന്നോ വന്ന സാമിയേട്ടൻ ഒരു ദിവസം അരോടും പറയാതെ എങ്ങോട്ടേക്കോ പോയി. അയാൾ വരച്ച ചിത്രങ്ങൾ ബസ്സ് ഷെൽട്ടറിന്റെ സിമന്റ് തറയിൽ, ആളുകളുടെ കാൽചുവടുകളിൽ പെട്ട് നിറം മങ്ങി മങ്ങി ഇല്ലാതെയായി.

നാളെ കഴിഞ്ഞാൽ ഞാനും മടങ്ങുകയാണ്.

ഏകാന്ത രാവുകളിൽ ഞേറലിന്റെ ചുവട്ടിലെ ബഞ്ചിലിരുന്ന് ഹാർമോണിയത്തിൽ താളമിട്ട് അയ്യപ്പേട്ടൻ ഇനിയും പാടികൊണ്ടേയിരിക്കും “....കഭി അൽവിദ നാ കെഹനാ“

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...