Thursday, September 21, 2006

ലോക അല്‍ഷിമേഴ്സ്‌ ദിനം

ഇന്ന് സെപ്തംപര്‍ 21, ലോക അല്‍ഷിമേഴ്സ്‌ ദിനം.
ഓര്‍മ്മകള്‍ നഷ്ടപ്പെട്ടവരെക്കുറിച്ച്‌ ഓര്‍ക്കാന്‍ ഒരു ദിനം.

1906-ല്‍ അലോയിസ്‌ അല്‍ഷിമര്‍(1864-1915) എന്ന ഡോക്ടര്‍ ആദ്യമായി ഈ അവസ്ഥയെകുറിച്ച്‌ ആധികാരികമായി ലോകത്തോട്‌ പറഞ്ഞ്‌ 100 വര്‍ഷങ്ങള്‍ക്ക്‌ ശേഷമിപ്പോഴും മതിയായ ചികിത്സയോ ആവശ്യത്തിനുള്ള ബോധവല്‍ക്കരണമോ ഇല്ലാതെ ഒരു പ്രഹേളികയായി തുടരുകയാണ്‌ അല്‍ഷിമേഴ്സ്‌.

വൃദ്ധ ജനങ്ങളെ പാടെ അവഗണിക്കുന്ന ഇന്ത്യയെ പോലുള്ള രാജ്യങ്ങളില്‍ എണ്ണത്തില്‍ വളരെ അധികം വരുന്ന അല്‍ഷിമേഴ്സ്‌ ബാധിതരെ സംരക്ഷിക്കാനും ചികിത്സിക്കാനുമുള്ള പദ്ധതികള്‍ ഇപ്പോഴും വളരെ വിരളം.

അല്‍ഷിമേഴ്സ്‌ ബാധിതരോടുള്ള അനുകമ്പയും സ്നേഹവും അറിയിക്കാനും, രോഗികളോടും രോഗത്തോടുമുള്ള അവഗണനയ്ക്കെതിരെയും ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികള്‍ക്കൊപ്പം ഇന്ന് നമുക്കും കൈകോര്‍ക്കാം.

ചെറിയ ചെറിയ ഓര്‍മ്മപ്പിശകുകളോടെ തുടങ്ങി നിത്യേനെ കാണുന്ന സാധനങ്ങളുടെയും ആളുകളുടെയും പേരുകള്‍ മറന്ന് ഒടുവില്‍ ദിനചര്യ, ചുറ്റുപാടുകള്‍, കുടുംബം, സമൂഹം എന്നവയില്‍ നിന്നെല്ലാം പൂര്‍ണ്ണമായും അകന്നുപോകുകയാണ്‌, അല്‍ഷിമേഴ്സ്‌ ബാധിത/ന്‍.

ലക്ഷണങ്ങള്‍ ഇങ്ങിനെയൊക്കെ ആകാം-
1) ആളുകള്‍, സംഭവങ്ങള്‍, മുഖങ്ങള്‍, പേരുകള്‍, വഴികള്‍ എന്നിവ ഓര്‍ത്തെടുക്കാന്‍ പ്രയാസപ്പെടുക.
2) പറഞ്ഞ്‌ പ്രതിഫലിപ്പ്ക്കാനോ മറ്റുള്ളവര്‍ പറയുന്നത്‌ മനസ്സിലാക്കനോ ബുദ്ധിമുട്ടുക.
3) പണം, വീട്ട്‌ സാധനങ്ങള്‍ മുതലായവ കൈകാര്യം ചെയ്യുമ്പോള്‍ ബുദ്ധിമുട്ട്‌ പ്രകടിപ്പിക്കുക.

പൂര്‍ണ്ണമായും അല്‍ഷിമേഴ്സിന്റെ പിടിയിലകപ്പെട്ട്‌ കഴിഞ്ഞാല്‍ രാവെന്നോ പകലെന്നോ എന്ന അവസ്ഥ ഇല്ലാതായി, പകല്‍ ഉറങ്ങുകയും രാത്രിയില്‍ എഴുന്നേറ്റിരിക്കുകയും ചെയ്യുക, ലക്ഷ്യമില്ലാതെ ഏതുവഴിക്കെങ്കിലും നടക്കുക, വസ്ത്രങ്ങള്‍ ഉടുക്കാന്‍ വിമുഖത കാണിക്കുക തുടങ്ങി ആളെ ശുശ്രൂഷിക്കാന്‍ ബുദ്ധിമുട്ടാവുന്ന അവസ്ഥയിലേയ്ക്‌ കാര്യങ്ങള്‍ നീങ്ങുകയായി. ദ്വേഷ്യം വാശി എന്നിവ ക്രമാതീതമായി വര്‍ധിക്കുന്നു.

അല്‍ഷിമേഴ്സ്‌ ബാധിതര്‍ക്ക്‌ പിന്നീടൊരിക്കലും സാധാരണ ജീവിതത്തിലേയ്ക്‌ മടങ്ങിപ്പോകാനാവുകയില്ല എന്നാതാണ്‌ ദുഖിപ്പിക്കുന്ന സത്യം. അവരോട്‌ കാണിക്കുന്ന സ്നേഹവും പരിലാളനയും തന്നെയാണ്‌ അവര്‍ക്ക്‌ കൊടുക്കാവുന്ന ഏറ്റവും വലിയ ചികിത്സയും.

Wednesday, September 13, 2006

ഓര്‍മ്മപ്പുസ്തകം

ഓര്‍മ്മപ്പുസ്തകം

കഴിഞ്ഞ ദിവസം സംസാരത്തിനിടയില്‍ ഞാനെന്തോ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മോള്‌ പറഞ്ഞു-
"ആഛനു അല്‍ഷിമേഷ്സാണെന്നാ തോനുന്നേ" (തന്മാത്ര എന്ന സിനിമ ഇറങ്ങിയതിനു ശേഷം നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ പോലും ഈ പേരു സുപരിചിതം).

അല്‍ഷിമേഴ്സ്‌ എന്ന അവസ്ഥയെ ('രോഗം' എന്ന് അല്‍ഷിമേഴ്സിനെ വിളിക്കാന്‍ എനിക്കെന്തോ തോനുന്നില്ല) എനിക്ക്‌ മുമ്പേ തന്നെ അടുത്തറിയാം. പക്ഷേ അന്നതിന്റെ പേരോ, എന്താണിതിങ്ങനെ എന്ന ചോദ്യത്തിന്റെ ഉത്തരമോ തീരെ പിടിപാടില്ലായിരുന്നു. ആകെയുള്ള അറിവ്‌ അഛന്‍ പറഞ്ഞു തന്ന 'പ്രായമാകുമ്പോള്‍ ചിലര്‍ക്കിങ്ങനെ വരും' എന്ന ഒറ്റ വാചകത്തിലെ ഉത്തരം മാത്രം.

ഓര്‍മ്മപുസ്തകത്തിലെ വരികള്‍ക്ക്‌ നിറം മങ്ങി, പ്രിയപ്പെട്ടവര്‍ പലരും പതിയെപതിയെ അല്‍ഷിമേഷ്സിന്റെ പിടിയിലമരുന്നതു കണ്ട്‌ നിസ്സഹായനായി നില്‍ക്കേണ്ടിവന്നപ്പോള്‍ ഈ ഒരവസ്ഥയെകുറിച്ച്‌ കൂടുതല്‍ മനസിലായിത്തുടങ്ങി.

വല്ല്യമ്മയിലായിരുന്നു തുടക്കം. പതിനൊന്ന് പ്രസവിച്ച ഞങ്ങളുടെ അഛമ്മയെ ഞങ്ങള്‍ വല്ല്യമ്മ എന്നായിരുന്നു വിളിക്കുക. അഛനായിരുന്നു പതിനൊന്നാമന്‍. അഛന്‍ ജനിക്കും മുന്‍പേ തന്നെ അഛന്റെ മൂത്ത സഹോദരിമാരില്‍ പലരുടെയും വിവാഹം കഴിയുകയും അവര്‍ക്ക്‌ കുട്ടികള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. അഛന്‍ ജനിച്ചതിന്ന് ശേഷം വല്ല്യമ്മ ആ കുട്ടികള്‍ എല്ലാവരെയും കൊണ്ട്‌ അഛനെ 'അമ്മാവന്‍' എന്ന് നിര്‍ബ്ബന്‌ധിച്ച്‌ വിളിച്ച്‌ പഠിപ്പിച്ചു. (ഇപ്പോഴും അഛനെക്കാള്‍ പ്രായം കൂടിയ അഛന്റെ മരുമക്കള്‍ അഛനെ 'അമ്മാവന്‍' എന്നുതന്നെ വിളിക്കുന്നു). ആ വലിയ കുടുംബത്തില്‍ വല്ല്യമ്മയുടെത്‌ തന്നെയായിരുന്നു അവസാന വാക്ക്‌.

പതുക്കെ, വളരെ വളരെ പതുക്കെയായിരുന്നു ചിത്തമാന്ദ്യം വല്ല്യമ്മയെ പിടികൂടാന്‍ തുടങ്ങിയത്‌. കുടുംബത്തിലോ പരിചയത്തിലുള്ള മറ്റാര്‍ക്കെങ്കിലോ ഇങ്ങിനൊരവസ്ഥ മുന്‍പാര്‍ക്കും പരിചയമില്ലാത്തതു കൊണ്ട്‌ തന്നെ വല്ല്യമ്മയുടെ ഈ മാറ്റം എല്ലാവരും മനസിലക്കുമ്പോഴെയ്ക്കും ഒരുപാട്‌ വൈകി. അപ്പോഴെയ്കും വല്ല്യമ്മ ആളുകളെയും സംഭവങ്ങളെയും മറന്നു തുടങ്ങി. തറവാട്‌ വീട്‌ വിട്ട്‌ അധികമെങ്ങും പുറത്തിറങ്ങാറില്ലാതിരുന്ന വല്ല്യമ്മ മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ വീട്ടിലുള്ളവരുടെ കണ്ണ്‍ തെറ്റിയാല്‍ പുറത്തേയ്ക്കിറങ്ങി ലക്ഷ്യമില്ലാതെ നടന്നുപോകും. പരസ്പരം പരിചയമുള്ള ആളുകളും വീടുകളും ഉള്ള ചെറിയൊരു ഗ്രാമത്തിലായിരുന്നു ഞങ്ങളുടെ തറവാട്‌ വീട്‌. അതുകൊണ്ട്‌ തന്നെ ആദ്യം അമ്പരപ്പോടും പിന്നീട്‌ സഹതാപത്തോടും നാട്ടുകാര്‍ വല്ല്യമ്മയെ നിര്‍ബ്ബന്‌ധിച്ച്‌ തിരികെ വീട്ടില്‍ കൊണ്ട്ചെന്നാക്കി.

ഹൈ സ്കൂളില്‍ പഠിക്കുകയായിരുന്ന ഞാന്‍ മിക്കവാറും എല്ലാ വാരാന്ത്യങ്ങളിലും വല്ല്യമ്മയെ കാണാന്‍ ചെല്ലുമായിരുന്നു. ചുക്കിചുളിഞ്ഞ കൈകള്‍ കൊണ്ട്‌ ശരീരമാസകലം പരതി കാഴ്ച മങ്ങിത്തുടങ്ങിയ കണ്ണുകള്‍ എന്റെ മുഖത്തിന്‌ നേരെ അടുപ്പിച്ച്‌ വല്ല്യമ്മ ചോദിക്കും- "ആരാ.."
"വല്ല്യമ്മേ, മനോജ്‌.." ഞാന്‍ പറയും. പിന്നീടൊന്ന് മൂളി വല്ല്യമ്മ പറയും.
"ആരൊ വേഷം മാറി പറ്റിക്കാന്‍ വന്നിരിക്കുന്നു. എനിക്കെന്താ, മനോജിനെ അറിയാഞ്ഞിട്ടോ..."
ചില സമയങ്ങളില്‍ വലിയ വിശദീകരണം കൂടാതെ തന്നെ വല്ല്യമ്മയ്ക്‌ ആളെ മനസിലാകും. തലേദിവസം ചെന്ന് കണ്ടതാണെങ്കില്‍ പോലും പറയും-
"എത്ര കാലായി നീ എന്നെ ഒന്ന് വന്ന് കണ്ടിട്ട്‌.."

ഭക്ഷണം കഴിഞ്ഞ്‌ വരാന്തയിലെ മരബഞ്ചില്‍ വന്നിരുന്ന് വല്ല്യമ്മ ഇടയ്ക്കിടെ അകത്തേയ്ക്‌ വിളിച്ച്‌ ചോദിക്കും.-
"യശോദേ, ഇന്നിവിടെ ചോറും കറിയുമൊന്നും വച്ചില്ലേ, വിശന്നിട്ട്‌ വയ്യ."
യശോദ, തറവാട്ട്‌ വീട്ടില്‍ താമസിക്കുന്ന അഛന്റെ ജേഷ്ഠന്റെ ഭാര്യ, ഞങ്ങളുടെ മൂത്തമ്മ, ആദ്യമാദ്യം അമ്മ ഇപ്പോഴല്ലേ ഊണ്‌ കഴിഞ്ഞ്‌ ഇവിടെ വന്നിരുന്നത്‌ എന്നൊക്കെ പറഞ്ഞ്‌ ഓര്‍മ്മിപ്പിക്കാന്‍ ശ്രമിപ്പിക്കുകയും പരാജയപ്പെട്ട്‌ പിന്നെ പിന്നെ ചോദിക്കുമ്പോഴൊക്കെ തിന്നാന്‍ വല്ലതും മുന്‍പില്‍ കൊണ്ടു വയ്ക്കാന്‍ തുടങ്ങി. ഒരു വായില്‍ കഴിച്ചെന്ന് വരുത്തി മുഖം കഴുകി തിരിച്ച്‌ വന്ന് വല്ല്യമ്മ പഴയ പല്ലവി ആവര്‍ത്തിക്കും...

മക്കളെയും മക്കളുടെ മക്കളെയും അവരുടെ മക്കളെയും മറന്ന് തുടങ്ങിയ വല്ല്യമ്മ, വല്ല്യമ്മയുടെ മക്കള്‍പോലും കാണുകകയോ കേള്‍ക്കുകയോ ചെയ്യാതിരുന്ന പണ്ടെങ്ങോ പലവഴികളില്‍ പിരിഞ്ഞ്‌ പോവുകയോ മരിച്ച്‌ പോവുകയോ ചെയ്ത വല്ല്യമ്മയുടെ അഛനെയും അമ്മയെയും അമ്മാവന്മാരെയും കുറിച്ച്‌ സംസാരിക്കാന്‍ തുടങ്ങുകയും അവരെ കാണാന്‍ നിര്‍ബ്ബന്‌ധം പിടിയ്കുകയും ചെയ്തു. കാഞ്ഞിരക്കടവിലുള്ള അനന്തനമ്മാമന്‍, മയ്യഴിയിലുള്ള കുഞ്ഞിരാമന്‍ ഇളയച്ചന്‍, നാണി ഇളയമ്മ... അങ്ങിനെ അതുവരെ കേള്‍ക്കാതിരുന്ന പല പല പേരുകളും ബന്‌ന്ദങ്ങളും കേട്ട്‌ എല്ലാവരും ആദ്യമാദ്യം അന്തം വിട്ട്‌ നില്‍ക്കുകയും പിന്നെപ്പിന്നെ വല്ല്യമ്മ എന്തൊക്കെയോ പുലമ്പുന്നു എന്ന് കരുതി അവഗണിക്കുകയും ചെയ്തു.

വല്ല്യമ്മയുടെ കൂടെ തറവാട്ട്‌ വീട്ടില്‍ താമസിച്ചിരുന്ന മകന്‍ (ഞങ്ങളുടെ അഛന്റെ ജേഷ്ഠന്‍) മരിച്ച സമയത്ത്‌ വീട്ടില്‍ കൂടിയ ബന്‌ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ഇടയിലൂടെ മരണമെന്നോ മക്കളെന്നോ ആധിയില്ലാതെ ഇത്തിരി പുകയില തേടി നടക്കുകയായിരുന്നു വല്ല്യമ്മ. ദഹനത്തിനെടുക്കും മുന്‍പേ അവസാനമായി കാണിക്കാന്‍ വല്ല്യമ്മയെ കൊണ്ടുവന്നപ്പോള്‍ വെള്ളത്തുണിയില്‍ പൊതിഞ്ഞ വല്ല്യച്ചന്റെ മൃദദേഹത്തില്‍ വലിയമ്മ ഒന്ന് നോക്കുകപോലും ചെയ്തിട്ടില്ലെന്ന് ഞാനിപ്പോഴും ഓര്‍ക്കുന്നു.
പണ്ടൊക്കെ വല്ല്യഛന്‍ വീട്ടിലെത്താതെ ഉണ്ണുകയോ ഉറങ്ങുകയോ ചെയ്യില്ലായിരുന്നു വല്ല്യമ്മ.

ശൈശവവും ബാല്യവും കൗമാരവും വാര്‍ദ്‌ധക്യവും പിന്നിട്ട്‌ ഒടുവില്‍ ശൈശവത്തില്‍ തന്നെ തിരിച്ചെത്തി കുഞ്ഞുങ്ങളെപ്പോലെ ചിരിച്ചും എല്ലാം അമ്പരപ്പോടെ നോക്കിയും ഒന്നിനെപ്പറ്റിയും വേവലാതിപ്പെടാതെയും, വെറുതെ വാശിപിടിച്ചും നൂറ്റി ഒന്‍പാതാമത്തെ വയസ്സില്‍ അഞ്ചാം തലമുറയിലെ കുഞ്ഞും പിറന്ന് കഴിഞ്ഞ്‌ വല്ല്യമ്മ മരണപ്പെട്ടിട്ട്‌ വര്‍ഷങ്ങള്‍ പതിനഞ്ച്‌ കഴിയുന്നു.

അല്‍ഷിമേഴ്സ്‌ തുടരുകയായിരുന്നു- വല്ല്യമ്മയ്ക്ക്‌ ശേഷം അമ്മമ്മ, പിന്നെ ഒരു വല്ല്യഛന്‍.....
ചെന്നു കണ്ട ഡോക്ടര്‍മാര്‍ എല്ലാവരും പറഞ്ഞുതന്ന ചികിത്സ ഒന്ന്‌മാത്രം-
"അവരെ മനസ്സിലാക്കുക, അവരെ സ്നേഹിക്കുക. സ്നേഹം മാത്രമാണവര്‍ക്കുള്ള സ്വാന്തനം..."

വല്ല്യമ്മയെ കുറിച്ചോര്‍ക്കുമ്പോഴൊരു കുറ്റബോധം വിങ്ങലായി നില്‍ക്കുന്നു. വല്ല്യമ്മയെ മനസിലാക്കാന്‍ ശരിക്കും ശ്രമിച്ചിരുന്നോ, ആ ഒരവസ്ഥ മനസ്സിലാക്കി വല്ല്യമ്മയെ സ്നേഹിച്ചിരുന്നോ എന്നൊക്കെ.
(അന്ന് അതിനുള്ള ചുറ്റുപാടും പ്രായവുമായിരുന്നില്ല എന്നിരിക്കിലും)

മരിച്ച്‌ പോയ ഓര്‍മ്മകളുമായി ജീവിതത്തിനും മരണത്തിനും ഇടയില്‍ നട്ടം തിരിയുന്ന അല്‍ഷിമേഴ്സ്‌ അവസ്ഥയിലുള്ള നിര്‍ഭാഗ്യരായ ഒരുപാട്‌ വൃദ്ധജനങ്ങള്‍ നമുക്കുമുന്നില്‍ ജീവിക്കുന്ന ഉദാഹരണങ്ങളായി നില്‍ക്കുമ്പോള്‍ അറിയാതെ തന്നെ സ്വയം ചോദിച്ച്‌ പോകുന്നു -

ആരാണ്‌ പറഞ്ഞത്‌, ഓര്‍മ്മകള്‍ക്ക്‌ മരണമില്ലെന്ന്...

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...