A blend of 99% fine fiction and 1% fact

Wednesday, February 09, 2011

മജിഷ്യന്റെ സൂത്രം പൊളിക്കുമ്പോൾ...

മകര ജ്യോതി മനുഷ്യ നിർമ്മിതമാണെന്ന് അറിയാമായിട്ടും, അത് തെളിയുന്നത് കാണുക എന്ന സുഖം പോലെ തന്നെയായിരുന്നു, മാജിക് എന്ന കലാരൂപം കാണുമ്പോഴും അനുഭവിച്ചിരുന്നത്.

ഓർക്കാട്ടേരി ചന്തയിലെ താൽക്കാലിക ടെന്റുകളിൽ, കൂളിംഗ് ഗ്ലാസ്സും ഊശാൻ താടിയും തൊപ്പിയും ഓവർകോട്ടും ടൈയുമൊക്കെയായി ‘പൊഫസർ’ മജിഷ്യന്മാർ കാണിച്ചിരുന്ന മാജിക്കുകൾ ശ്വാസമടക്കിപ്പിടിച്ചിരുന്ന് അന്തം വിട്ട കുട്ടിക്കാലം.

തൊപ്പിയിൽ നിന്നും മുയലിനെ പിടിക്കുക, വായിൽ നിന്നും നീളമേറെയുള്ള റിബൺ വലിച്ചെടുക്കുക, ഗ്ലാസ്സിൽ നിന്നും പാൽ താനെ വറ്റിപ്പോകുക തുടങ്ങിയ ഐറ്റംസ് എങ്ങിനെയായിരിക്കും സംഭവിക്കുന്നത് എന്നത്, ഞങ്ങൾ കൂട്ടുകാർ തമ്മിൽ സ്കൂളിൽ വാദ പ്രതിവാദങ്ങൾ നടത്തി, എങ്ങുമെത്താതെ നിരാശരായി പിരിഞ്ഞു.

പിന്നീട്, വളരെ ഗൗരവത്തോടെ മാജിക് അവതരിപ്പിക്കുമായിരുന്ന പ്രദീപ് ഹുഡിനോ ഷോകളും, വളരെ പ്ലസന്റായി മാജിക് അവതരിപ്പിക്കുമായിരുന്ന മുതുകാട് ഷോകളും കണ്ട് പിന്നെയും പിന്നെയും അത്ഭുതപ്പെട്ടു. (മുതുകാടിനെ പോലെ പ്ലസന്റായ മറ്റൊരു മനുഷ്യനെ ഞാനിതുവരെ കണ്ടിട്ടില്ല!)

ആനയെ അപ്രത്യക്ഷമാക്കിയും, വിലങ്ങിട്ട് വെള്ളത്തിൽ ചാടി വിലങ്ങഴിച്ച് പൊങ്ങി വന്നും ഒക്കെയുള അത്ഭുത പ്രകടനങ്ങൾ ഇവർ തുടരുമ്പോഴും ഉള്ളിലെ കൊച്ചു കുട്ടി ഇതെങ്ങിനെ സംഭവിക്കുന്ന് എന്നോർത്ത് കലഹിച്ചുകൊണ്ടിരുന്നു. ഇടയ്ക്കൊരിക്കൽ, മോഹൻലാലിനെ മുതുകാട് തീയിടുന്നത് കാത്തിരുന്നു നിരാശനായി.

ഈ ഒരു കൗതുകമാണു ഇവന്മാർ നശിപ്പിച്ച് കളഞ്ഞത്-
മജിഷ്യന്റെ സൂത്രം പൊളിക്കുമ്പോൾ . MBC Action ചാനലിൽ ഈ ഷോ കാണാതിരിക്കാൻ ഞാനിപ്പോൾ കിണഞ്ഞ് പരിശ്രമിക്കുകയാണു. എന്നാലും കണ്ടു പോകും!

എങ്കിലും നാട്ടിൽ അവധിയ്ക്ക് വരുമ്പോൾ എവിടെയെങ്കിലും മുതുകാട് ഷോ ഉണ്ടെങ്കിൽ ഞാൻ ഇനിയും പോയി കാണും

ആ മുഖം മൂടി ഇട്ടവന്റെ ഒരു നിപ്പു കണ്ടില്ലേ. 

Monday, February 07, 2011

കേരള പോലിസിനോട് ഒരു അപേക്ഷ

ഇന്ത്യൻ നിമയമം അനുശാസിക്കുന്ന പരമമായ ശിക്ഷയായ തൂക്കി കൊല്ലലിലൂടുള്ള മരണം പോലും അവൻ അർഹിക്കുന്നില്ല.

ഒരു മനുഷ്യനു എത്രത്തോളം ക്രൂരനാവാമെന്നതിനു നമ്മുടെ മുന്നിൽ പകൽ പോലെയുള്ള തെളിവാണു അവൻ. ഓടുന്ന വണ്ടിയിൽ നിന്നും തള്ളിയിട്ട് ഗുരുതരമായി പരിക്കേറ്റ ആ പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ട് പോയി മാനഭംഗപ്പെടുത്തി ജീവനെടുത്തവൻ.

മരണത്തിലേയ്ക്കുള്ള വഴി എന്തെന്ന് അവനെ അറിയിക്കണം. ശരീരത്തിലെ ഓരോ അണുവിലും വേദനകൊണ്ടവൻ പുളയണം. കേരള പോലിസിനു അറിയാവുന്നതും ഇനി പരീക്ഷിക്കാവുന്നതുമായ സകല മർദ്ദന മുറകളിലൂടെയും ജീവനെടുക്കാതെ അവനെ കൊണ്ടു പോകുക. വേദന തിന്ന് മരിച്ച് ജീവിക്കണം, ആ മഹാ പാതകി.

ഇതൊരു അപേക്ഷയാണു. 

Thursday, February 03, 2011

ടച്ചിംഗ്സ്

ചന്തൂട്ടിയേട്ടൻ ഗ്ലാസ്സിൽ പകുതി ഒഴിച്ചു തന്ന നാടന്റെ മണം എന്റെ മൂക്കിലേയ്ക്ക് ഇരച്ചു കയറി. ഞാൻ പ്രസിയെ നോക്കി;

“ടച്ചിംഗ്സ് വല്ലതും കിട്ടുമോടാ..”

പ്രസി ഒരു സിസർ കത്തിച്ചു. “നീ ഒറ്റപ്പിടിക്ക് അതങ്ങ് വിഴുങ്ങ്. എന്നിട്ട് ഒരു പുക എടുത്തോ”

പതളൂ കോളെജ് പിള്ളേർ എന്ന ഭാവത്തിൽ ചന്തൂട്ടിയേട്ടൻ ഞങ്ങളെ ഒന്നു നോക്കി, എന്നിട്ട് പറഞ്ഞു- “നിക്ക്”

കുറച്ചപ്പുറത്ത് ഒരു കശുമാവിന്റെ താഴത്തെ ചില്ലയിൽ തൂക്കിയിട്ട തുണി സഞ്ചി എടുത്തു തുറന്ന്, അതിൽ നിന്നും  സ്റ്റീലിന്റെ ഒരു ടിഫിൻ ബോക്സും, വാട്ടിയ വാഴയിലയുടെ ഒരു പൊതിയും അയാൾ പുറത്തെടുത്തു. ടിഫിൻ ബോക്സിൽ, പുഴുങ്ങിയ കോഴിമുട്ടകൾ നാലായി പകുത്തു വച്ചിരിക്കുന്നു. ഇലപൊതിയിൽ കാന്താരി മുളകും ചെറിയുള്ളിയും ചേർത്ത് ചതച്ച്, വെളിച്ചെണ്ണ ചാലിച്ച ചട്നി.

മുട്ട കഷ്ണങ്ങൾ ചട്നിയിൽ കുത്തി ഞാനും പ്രസിയും കുന്നിൻ മുകളിലുള്ള ചന്തൂട്ടിയേട്ടന്റെ രഹസ്യ താവളത്തിലിരുന്ന് നാടനടിച്ച് ഫിറ്റായി.

ചേച്ചിയുടെ കല്യാണം കൂടാൻ തലേദിവസം ഉച്ചയ്ക്ക് തന്നെ എത്തിയ രണ്ട് കോളെജ് ഫ്രൻഡ്സ് എവിടെപ്പോയെന്ന് അത്ഭുതപ്പെട്ടിരുന്ന പ്രസാദിനു, രാത്രി ചന്തൂട്ടിയേട്ടന്റെ ഒരു ദൂതൻ വിവരമെത്തിച്ചു-

രണ്ടെണ്ണവും കുന്നിൻ മുകളിലെ ഒരു കശുമാവിൻ ചോട്ടിൽ ഫ്ളാറ്റ് ആൻഡ് സേഫ്...