Saturday, December 26, 2009

ചുപ്കെ ചുപ്കെ രാത് ദിന്‍“എന്തടാ അടിച്ച് ഓഫായോ? ഫോണെടുക്കാന്‍ ഒരു താമസം?”; അങ്ങേതലയ്ക്ക് ജോണ്‍.

കൃസ്തുമസ്സ് തലേന്ന് രാത്രി ചെറിയൊരു ആഘോഷവും കഴിഞ്ഞ് ഫ്ലാറ്റിലെത്തി കിടന്നതെ ഉണ്ടായിരുന്നുള്ളു.

ഇറ്റലിയിലെ ഒരു വന്‍ വസ്ത്ര ബ്രാന്‍ഡിന്റെ മാര്‍ക്കറ്റിംഗിലാണ് ജോണ്‍. ജോലിയുടെ ഭാഗമായി ലോകം മുഴുവന്‍ കറക്കം.

“നീ എവിടെയാണെടാ? കൃസ്തുമ്സ്സ് ആഘോഷമൊന്നും ഇല്ലേ?”; അവന്റെ ശബ്ദം കേട്ടതോടെ എന്റെ ഉറക്കച്ചടവ് മാറി.

“ഒരു ഷിപ്മെന്റ് കുവൈറ്റില്‍ പണ്ടാറമടക്കി. അതൊന്ന് ശരിയാക്കാന്‍ രാവിലെ ഇവിടെത്തി. പകല്‍ മുഴുവന്‍ അതിന്ന് പിന്നാലെ. ഇപ്പോ ഹോട്ടലിലെത്തി”

“ഒരു സത്യകൃസ്ത്യാനിയായിട്ട് ഇന്നെങ്കിലും നിനക്ക് പണിയെടുക്കാതിരുന്നു കൂടെ?”; അവനെയൊന്ന് പ്രകോപിപ്പിക്കാനായി എന്റെ ശ്രമം.

“നീ മിണ്ടരുത്. ഇവിടെയാണെങ്കില്‍ ഒരു സ്മോളുപോലും വാങ്ങിക്കാന്‍ കിട്ടില്ല. ഒന്ന് സംഘടിപ്പിക്കാന്‍ ഞാന്‍ പെട്ട പാട്!“; അവന്‍ ഒരു കവിള്‍ എടുക്കന്ന ശബ്ദം എനിക്ക് ഫോണില്‍ കേള്‍ക്കാം.

“യൂനിവേര്‍സല്‍ മലയാളിയെ പൂജിക്കണം പൊന്നുമോനെ. ഹോട്ടല്‍ ബോയ് ഒരു പാലക്കാരന്‍ മലയാളി. ഏറ്റ ബ്രാന്‍ഡ് അവന്‍ പുല്ലുപോലെ എത്തിച്ച് തന്നു”

പിന്നെ പതിവ് പോലെ ചറപറാന്ന് വര്‍ത്തമാനം. വീട്ടുകാരെയും കൂട്ടുകാരെയും നാട്ടുകാരെയും പറ്റിയുള്ള അന്വേഷണങ്ങള്‍. മെയില്‍ അയക്കാത്തതിനും ചാറ്റില്‍ അധികനേരം ചിലവഴിക്കാന്‍ പറ്റാത്തതിലുമുള്ള കുറ്റപ്പെടുത്തലുകള്‍.

സംസാരം അവസാനിപ്പിക്കുന്നതിന് മുമ്പ് അവന്‍ പറഞ്ഞു

“വരുന്നുണ്ടെടാ നാട്ടില്‍. ബോംബെയിലോ ഡല്‍ഹിയിലോ നാട്ടില്‍ എവിടെയെങ്കിലും ഗുലാം അലി ഗസല്‍ പാടുന്നുണ്ടെങ്കില്‍ രണ്ടെണ്ണം അടിച്ച് അത് പോയിരുന്ന് കേള്‍ക്കണം“

ഫോണ്‍ ഡിസ്കണക്ട് ചെയ്യുന്നതിന്നിടയില്‍ അവന്‍ മൂളുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു; “ചുപ്കെ ചുപ്കെ രാത് ദിന്‍ ആസും ബഹാനായാദ് ഹൈ....”

Saturday, November 14, 2009

മഴപാറ്റകള്‍


തുലാവര്‍ഷം തകര്‍ത്ത് പെയതവസാനിച്ച ഒരു ദിവസം സന്ധ്യയ്ക്ക് മക്കള്‍ക്കൊപ്പം നിരത്തിലൂടെ നടക്കുമ്പോള്‍ തെരുവുവിളക്കിന് ചുറ്റും മഴപ്പാറ്റകളുടെ പ്രളയം. രണ്ട് വയസ്സ്കാരി കുഞ്ഞുമോള്‍ എന്ത് കണ്ടാലും ചോദിക്കുന്ന സ്ഥിരം ചോദ്യം ചോദിച്ചു;

“ദെന്നാ ച്ചീ”; ചേച്ചിയോടാണ് ചോദ്യം.

“മഴപ്പാറ്റ. നീ പറയ്”

“യ..പറ്റ”; കുഞ്ഞുമോള്‍ അവളുടെ ഭാഷയില്‍ ചേച്ചി പറഞ്ഞ് കൊടുത്തത് ആവര്‍ത്തിച്ചു.

“ഇത്രേം പെട്ടന്ന് ഇതെവിടെനിന്നാണ് വരുന്നത് അച്ഛാ?”; ചേച്ചി എനിക്ക് നേരെ തിരിഞ്ഞു.

ചെറുപ്പത്തില്‍ കേട്ടിട്ടുണ്ട്, മഴ പെട്ടന്ന് പെയ്തൊഴിയുമ്പോള്‍ മണ്ണിനടിയില്‍ നിന്നും വെളിച്ചം ലക്ഷയമാക്കി പറന്നുയര്‍ന്ന് വരുന്നതാണ് മഴപാറ്റകളെന്ന്. നിലവിളക്കിലെയും, മഴപെയ്ത് കറണ്ട് പോവുമ്പോള്‍ കത്തിച്ച് വയ്ക്കാറുള്ള മണ്ണെണ്ണ വിളക്കിലെയും തിരികളില്‍ പറന്ന് വീണ് ചിറക് കരിഞ്ഞ് പിടയുന്ന മഴപാറ്റകള്‍ എന്നും ഒരത്ഭുതം തന്നെയായിരുന്നു.

നിമിഷ നേരം മാത്രം നീണ്ട് നില്‍ക്കുന്ന ജീവന്‍, കുറെ നേര്‍ത്ത ചിറകുകള്‍ മാത്രം ബാക്കി വച്ച് വന്നത് പോലെ അവസാനിച്ച് പോകുന്ന മഴപാറ്റകള്‍.

Friday, October 30, 2009

അടയാളങ്ങള്‍


കടുത്ത വേനലിലെ ദീര്‍ഘമായ ആ പകലുകളുടെ അവസാനം വൈകുന്നേരം ഞാന്‍ കടുക് പാടങ്ങളുടെ ഇടയില്‍ പോയി തനിയെ ഇരിക്കും.

കിട്ടേണ്ടിയിരുന്ന കൃഷിസ്ഥലങ്ങളുടെ അര്‍ഹമായ കുടുംബവിഹിതം ചോദിക്കാന്‍ അച്ഛന്‍ ചെന്നപ്പോള്‍ എന്നെകൂടെ കൂട്ടിയത് കൊണ്ടാവാം, ഗ്രാമത്തില്‍ അച്ഛന്റെ വീട്ടില്‍ എന്നോട് കൂട്ടുകൂടാന്‍ ആരുമില്ലായിരുന്നു.

കാറ്റിന്റെ ചൂട് കുറഞ്ഞ് കുറഞ്ഞ് വരുന്നതും, കണ്ണെത്താ ദൂരം നീണ്ട് കിടക്കുന്ന പാടത്തിന്റെ അങ്ങേചരിവില്‍ ഓറഞ്ച് നിറത്തിലുള്ള സൂര്യന്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതാവുന്നതും, ഇരുള്‍ പിന്നിലൂടെവന്ന് പൊതിയുന്നതും ഞാനിപ്പോഴും ഇന്നലത്തേത് പോലെ അറിയുന്നു. ആ ഇരുട്ടും നിശ്ശബ്ദതയുമാണ് ഞാനിതുവരെ അനുഭവിച്ച ഏറ്റവും വലിയ സുഖം എന്നും എനിക്ക് തോനുന്നു. കടുക് പൂക്കളുടെ ആ മഞ്ഞ നിറമാണ് എനിക്ക് ഏത് നിറത്തെക്കാളും ഏറെ ഇഷ്ടം.

കുറച്ച് നാളുകള്‍ കൂടെ കഴിഞ്ഞ് എന്റെ കയ്യും പിടിച്ച് തലതാഴ്ത്തി ആ വീട് വിട്ട് ഇറങ്ങിപ്പോരുമ്പോള്‍ അച്ഛന്‍ എന്തായിരിക്കും ആലോചിച്ചത്...

പ്രായത്തിന്റെ അവിവേകം കൊണ്ട് നാട് വിട്ട് ഓടിപ്പോയത് തെറ്റായിപ്പോയെന്നോ...പത്ത് മുപ്പത് വര്‍ഷം അവിടെയ്ക്ക് തിരിഞ്ഞ് നോക്കാതിരുന്നത് തെറ്റായിപ്പോയെന്നോ...പ്രാരാബ്ദങ്ങളും മൂന്ന് പെണ്മക്കളും ഉണ്ടെന്ന് പറഞ്ഞ് തിരിച്ച് ചെന്ന് കൈ നീട്ടിയത് തെറ്റായിപ്പോയെന്നോ...


ഒരു യാത്ര പോലും പറയാതെ സംഗീത പൊയ്ക്കളഞ്ഞിട്ട് പതിനാല് വര്‍‌ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. പഴയ ഡയറികള്‍‌ക്കിടയില്‍ പരതി ഞാനൊരു ഗ്രൂപ്പ് ഫോട്ടോ കണ്ടെടുത്തു. കമ്പനിയിലെ ഒരു ദീപാലി ആഘോഷത്തിനിടയിലെടുത്ത ആ ഫോട്ടോയില്‍ എനിക്ക് തൊട്ടടുത്തായി സംഗീത നില്‍ക്കുന്നു. കഴുത്തറ്റം മുറിച്ചൊതുക്കിയ മുടി. പുരികങ്ങളുടെ ആകൃതി മുഖത്തിന് നല്‍കിയ സ്ഥായിയായ ആശ്ചര്യ ഭാവം.

നേരത്തെ ഇറങ്ങിയിരുന്ന വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച് നടക്കുമായിരുന്നു. വിശാലമായ ഇന്‍ഡ‌സ്ട്രിയല്‍ ഏരിയയുടെ പുറമ്പോക്കിനപ്പുറം എരുമച്ചാണകത്തിന്റെയും മനുഷ്യ വിസര്ജ്ജ്യത്തിന്റെയും വാടമണം തങ്ങി നില്‍ക്കുന്ന, സാധാരണക്കാരായ കൂലികളും തൊഴിലാളികളും താമസിക്കുന്ന ഗലികള്‍ക്കിടയിലൂടെ മിക്കവാറും ഒന്നും സംസാരിക്കാതെയാണ് നടത്തം. ഒറ്റയ്ക്കും കൂട്ടായും നാളിതുവരെ നടന്ന യാത്രകളില്‍ ഞാനിന്നും ഏറെ ഇഷ്ടപ്പെടുന്നത് സംഗീതയുമൊരുമിച്ചുള്ള ആ യാത്രകള്‍ തന്നെ. മുരുകന്റെ പ്രതിമയുള്ള ഒരു ആല്‍ത്തറയ്ക്ക് മുന്നിലാണ് ആ നടത്തത്തിന്റെ അവസാനം.

അവള്‍ക്കൊപ്പം നടന്ന ആദ്യ ദിവസം അവിടെയെത്തിയപ്പോള്‍ സംഗീത പറഞ്ഞു;
“ഞാന്‍ താമസിക്കുന്നിടത്തിന് വീട് എന്ന് പറയാ‍നാവില്ല. എന്നെങ്കിലും ഒരുപക്ഷേ ആവുമ്പോള്‍ നിന്നെ ഞാന്‍ അവിടെയ്ക്ക് വിളിക്കും. ഇനി തിരിച്ച് നടന്നോളൂ”

ഒരിക്കല്‍ ചെന്നയില്‍ ഒരു ആഴ്ച നീണ്ട ഒരു ഓഫീസ് ടൂര്‍ കഴിഞ്ഞ് വന്നപ്പോഴാണ് സംഗീത ഓഫീസില്‍ വരാതെയായിട്ട് നാലഞ്ച് ദിവസങ്ങളായെന്ന് അറിയുന്നത്. ഒരു ദിവസം കൂടെ കാത്തിരുന്ന് അടുത്ത വൈകുന്നേരം ആ വഴിയിലൂടെ ഞാന്‍ ഒറ്റയ്ക്ക് നടന്ന് ചെന്നു. മുരുകനും ആല്‍ത്തറയും ഒഴിച്ച് ആ കോളനി മുഴുവനായും ഇടിച്ച് നിരത്തിയിരിക്കുന്നു. പൊളിഞ്ഞ് കിടക്കുന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ അവിടവിടെ എന്തൊക്കെയോ തിരയുന്ന കുറച്ച് പേര്‍ മാത്രം. ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് വിപുലീകരിക്കുന്നു. അനധികൃതമായി കുടിയേറിയ സര്‍ക്കാര്‍ ഭൂമി ബലമായി ഒഴിപ്പിച്ചതാണത്രേ.

സ്ഥലങ്ങള്‍, ജോലികള്‍, സഹപ്രവര്‍ത്തകര്‍ എല്ലാം പലവട്ടം മാറി മറഞ്ഞു.
ഒരു യാത്ര പോലും പറയാതെ പോയ സംഗീത ഇപ്പോഴും ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നു.

Monday, October 26, 2009

വീരകേരള സിംഹം - പഴശ്ശിരാജ


എല്‍.പി ക്ലാസ്സില്‍ നാരായണന്‍ മാഷ് പല തവണ പറഞ്ഞുതന്നിട്ടുണ്ട്, പഴശ്ശിരാജായുടെ വീരസാഹസിക കഥകള്‍.

വയനാടന്‍ കാടുകളില്‍ ബ്രിട്ടീഷ് സൈന്യത്തിനെതിരെ പഴശ്ശി നടത്തിയ ഒളിപ്പോരിന്റെ വിവരണങ്ങള്‍ ശ്വാസമടക്കിപ്പിടിച്ച് കേട്ട് ഞങ്ങള്‍ രോമാഞ്ചം കൊണ്ടു. പഴശ്ശിരാജയുടെ സമകാലികരാവാനാവത്തില്‍ ഞങ്ങള്‍ ദു:ഖിച്ചു.
ഇന്റര്‍വെല്‍ സമയങ്ങളില്‍ മുളവടികള്‍ പൊട്ടിച്ചെടുത്ത് വാളാക്കി പഴശ്ശിരാജയെ അനുകരിച്ച് ഞങ്ങള്‍ യുദ്ധം കളിച്ചു.

പഴശ്ശിരാജ സിനിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് മുതല്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു, എങ്ങിനെയായിരിക്കും ആ വീര യോദ്ധാവിനെ അവര്‍ വരച്ച് കാണിക്കുന്നത് എന്ന്.

ഓരോ ഫ്രെയിമും സുന്ദരം. നല്ല ക്യാമറ. യുദ്ധരംഗങ്ങള്‍ ഒരു മലയാള സിനിമയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ എത്രയോ മടങ്ങ് മുന്നില്‍. നന്നായി അഭിനയിച്ച നടീ നടന്മാര്‍. കഴിവിന്ന് പരമാവധി പ്രവര്‍ത്തിച്ച ടെക്നിഷ്യന്മാര്‍. തീര്‍ച്ചയായും ഓരോരുത്തരും കണ്ടിരിക്കേണ്ട സിനിമ.

സംഭവങ്ങളുടെയും കഥാപാത്രങ്ങളുടെയും ബാഹുല്യം ഒരു സിനിമാ സമയത്തിനുള്ളില്‍ ഒതുക്കിയെടുക്കാനാവില്ല എന്നത് അംഗീകരിച്ചേ പറ്റൂ. അവ കോര്‍ത്തിണക്കാന്‍ ശക്തമായ ഒരു തിരക്കഥ ഇല്ല എങ്കില്‍ സിനിമയുടെ ഒഴുക്ക് പലവഴിക്കാകും. അതീവ പാടവവും വൈഭവവും കൈമുതലായ എംടി-യില്‍ ഇതിനേക്കാള്‍ കുറച്ച് കൂടിയായിരുന്നു എന്റെ പ്രതീക്ഷ. എന്റെ പ്രിയപ്പെട്ട എഴുത്തുകാരനാണ് എംടി. എഴുത്തില്‍ അദ്ദേഹത്തിന്റെ കരുത്ത് കണ്ട് എന്നും ഞാന്‍ അതിശയിച്ചിട്ടുണ്ട്. പ്രിയപ്പെട്ടവരുടെ കഴിവുകളില്‍ നിന്നും നാം എപ്പോഴും കൂടുതല്‍ പ്രതീക്ഷിക്കുന്നു!

വെള്ളവുമായി വന്ന മാക്കത്തിന്റെ കയ്യിലെ തളികയില്‍ നിന്നും ചുരികയൂരി പഴയംവീടന്‍ ചന്തുവിനെയും പടയാളികളെയും നിലം പരിശ്ശാക്കുന്നതും, കോട്ട തകര്‍ത്ത് സായിപ്പിനെ കെട്ടിതൂക്കിയതും, പഴയംവീടന്‍ ചന്തുവിനെ കൊല്ലുന്നതിന്ന് കത്തുന്ന കുടിലുകള്‍ക്കിടയില്‍ നിന്നും എടച്ചേന കുങ്കന്‍ കുതിരപ്പുറത്ത് സാവധാനത്തില്‍ മുന്നോട്ട് വരുന്നതും, തൂക്കിക്കൊല്ലുന്നതിന്ന് മുമ്പ് കുന്നവത്ത് നമ്പ്യാര്‍ മകനോട് ‘ഭയക്കരുത്, നാം ഭയക്കുമ്പോള്‍ അവര്‍ക്ക് വിജയിച്ചതായി തോന്നും’ എന്ന് പറയുന്നതും, ‘കമ്പനിയെ നമ്മുടെ മണ്ണില്‍ നിന്നും നാടുകടത്തി ഞാന്‍ രാജ്യം ഭരിക്കുമ്പോള്‍ വയനാടന്‍ കാടുകള്‍ നോക്കി സംരക്ഷിക്കാന്‍ നിന്നെ ഏല്‍പ്പിക്കുമെന്ന്‘ പഴശ്ശി, തലക്കല്‍ ചന്തുവിനോട് പറയുന്നതും, സധൈര്യം പോരാടി ബ്രിട്ടിഷ് സൈനികരെ അറുത്ത് അറുത്ത് വീഴ്ത്തി മരണത്തിലേയ്ക്ക് നടന്ന് ചെന്ന പഴശ്ശിരാജയും ഒക്കെ ഓര്‍മ്മയില്‍ കത്തി നില്‍ക്കുമ്പോഴും കഥയ്ക്ക് എവിടെയോ ഒരു ഒഴുക്ക് നഷ്ടമായത് പോലെ.

ഇങ്ങിനെയൊരു യോദ്ധാവിനെ അറിയാന്‍ നമ്മുടെ കുട്ടികള്‍ക്ക് അവസരമൊരുക്കിയ ‘പഴശ്ശിരാജ’ ടീമിന് തീര്‍ച്ചയായും അഭിമാനിക്കാം.

Monday, October 12, 2009

ആഘോഷങ്ങള്‍
ഓഫീസിൽ നിന്ന് എത്ര വൈകി ഇറങ്ങുമ്പോഴും, എത്ര നേരത്തേ എത്തുമ്പോഴും സെക്യൂരിറ്റി ഗേറ്റിനു പിൻവശത്ത്‌ അവർ കൂടി നിൽക്കുന്നത്‌ കാണാം. കമ്പനിയുടെ വിവിധ യൂനിറ്റുകളിലേയ്ക്ക്‌ റോമെറ്റീരിയലും ഫിനിഷ്ഡ്‌ പ്രോഡക്റ്റും കൊണ്ടുപോകുന്ന ചെറുതും വലുതുമായ വാഹനങ്ങളുടെ ഡ്രൈവർമാരും, 'റണ്ണർ' എന്ന പേരിലറിയപ്പെടുന്ന, സാധനങ്ങളുടെ ഡെലിവറി ചലാനും മറ്റ്‌ പേപ്പറുകളുമായി അവർക്കൊപ്പം പോകുന്ന ഓഫിസ്‌ ബോയ്സും.

രാജ്യത്തിന്റെ പല ഭാഗത്ത്‌ നിന്നും വന്ന് കൂടിയവർ. അവരുടെ ജോലിയ്ക്ക്‌ അവധി ദിനമെന്നോ പകലെന്നോ രാവെന്നോ ഇല്ല. ഡെലിവറി ഡേറ്റിനനുസരിച്ച്‌ ഷിപ്മെന്റ്‌ പോകണമെങ്കിൽ അവർക്ക്‌ വിശ്രമിച്ച്‌ കൂട. അവർക്കും അങ്ങിനെ ജോലി ചെയ്യുന്നത്‌ തന്നെ ഇഷടം.

"ശമ്പളാ തുമ്പ കമ്മി സാർ. ഓടി മാടിന്താ ഡബിൾ സിക്ക്തെ"
(ശമ്പളം കുറവാണു, ഓവടൈം ചെയ്താൽ ഇരട്ടി ശമ്പളം കിട്ടും)

ആയുധ പൂജയ്ക്ക്‌, ഫാക്ടറികളും മെഷിനറികളും വാഹനങ്ങളും പൂജ ചെയ്യുന്ന ദിവസം അവർക്ക്‌ ഒഴിവാണു. അവരുടെ ആഘോഷവും ഫാക്ടറികളിൽ തന്നെ. കമ്പനി വക ബോണസ്സുണ്ട്‌. കൂടാതെ ആടിയും പാടിയും ആഘോഷം നടക്കുമ്പോൾ സൂപ്പർ വൈസർമാരുടെ വകയായും മാനേജർമാരുടെ വകയായും നെഞ്ചിൽ കുത്തിക്കൊടുക്കുന്ന പത്തോ അൻപതോ നൂറോ കൂടെയും!

Friday, September 04, 2009

ഓണത്തിന്റെ നഷ്ടം


ഓണക്കാലത്ത്‌ ഓരോ ദിവസവും പുതിയ പൂക്കളം ഇടുമ്പോൾ തലേദിവസത്തെ കളത്തിലെ വാടിയപൂക്കൾ വാരിയെടുത്ത്‌ ഒരു കൂടയിൽ ഇട്ട്‌ വയ്ക്കും.

തിരുവോണദിവസം ഉച്ചയൂണ്‌ കഴിഞ്ഞ്‌ അന്നത്തെ പൂക്കളം കൂടി വാരിയെടുത്ത്‌ കൂടയിലാക്കി വീട്ടിനടുത്തെ തോട്ടിലേയ്ക്ക്‌ ജാഥയായി ഒരു പോക്കുണ്ട്‌, ഞങ്ങൾ കുട്ടികൾ. കൂടയിലെ പൂക്കൾ തോട്ടിലെ വെള്ളത്തിലേയ്ക്ക്‌ ഒഴുക്കി വിടും.

വാടിയതും കരിഞ്ഞതുമായ ആ പൂവിതളുകൾ വെള്ളത്തിലെ ഓളങ്ങൾക്കൊപ്പം ഒഴുകിപ്പോകുന്നത്‌ കാണുമ്പോൾ ഉള്ളിൽ എന്തിനെന്ന‍ീയാതെ വല്ലാത്തൊരു നഷ്ടബോധം നുരയും.

***

കഴിഞ്ഞ തിരുവോണ ദിവസം വൈകീട്ട്‌ വീട്ടിനടുത്തെ തോട്ടിൽ മക്കൾക്കൊപ്പം പൂക്കളൊഴുക്കി അവ ഒഴുകിപ്പോകുന്നതും നോക്കി നിൽക്കുമ്പോൾ മകൾ സ്വയമെന്നത്‌ പോലെ പരഞ്ഞു;

"തോട്ടിലൊഴുക്കേണ്ടായിരുന്നു, വീട്ടിലെ തോട്ടത്തിൽ തന്നെ കൂട്ടിയിട്ടാൽ മതിയായിരുന്നു......"

Saturday, August 29, 2009

മുളങ്കൂട്ടം


എല്‍.പി സ്കൂളിലേയ്ക്കുള്ള വഴിയില്‍ ഇല്ലപ്പറമ്പ് കഴിഞ്ഞാല്‍ സമൃദ്ധമായി വളര്‍ന്ന് നില്‍ക്കുന്ന മുളങ്കൂട്ടത്തിനിടയിലൂടെ അല്പദൂരം നടക്കണം.

മോഹന്‍‌ദാസാണ് പറഞ്ഞ് തന്നത്, മുളങ്കൂട്ടത്തിനിടയില്‍ പാമ്പുകള്‍ ധാരാളമായി ഉണ്ടാവും എന്ന്. അതുകൊണ്ട് തന്നെ അവിടെത്തുമ്പോള്‍ നടത്തത്തിന് വേഗം കൂടും.

തെക്ക് നിന്ന് ഞങ്ങളുടെ നാട്ടില്‍ കരിങ്കല്‍ പണിക്ക് വന്ന മേസ്തിരിയുടെ മകന്‍ ജോണ്‍ ഞങ്ങളുടെ സ്കൂളില്‍ ചേര്‍ന്നതില്‍ പിന്നെയാണ് മുളങ്കൂമ്പിന്റെ സ്വാദ് ഞങ്ങള്‍ അറിയുന്നത്. മുളന്തണ്ടില്‍ നിന്നും തളിരില വലിച്ചൂരി, മാര്‍ദ്ദവമേറിയ അതിന്റെ അടിഭാഗം കടിച്ച് തിന്നതിന്റെ ഇളം മധുരം ഇപ്പൊഴും നാവിന്‍ തുമ്പില്‍.

Saturday, July 11, 2009

ബീഡി വിതറല്‍


“എന്തടാ വൈകുന്നേരം പോത്തിനെ പോലെ കിടന്നുറങ്ങുന്നത്”
“പോത്തിന്റെ കൂടയൊക്കെയല്ലേ സഹവാസം”
“നീ മനൂനെ പോത്ത് എന്ന് പറയരുതായിരുന്നു. ഒന്നുമില്ലെങ്കിലും നിങ്ങള്‍ ഭയങ്കര കൂട്ടുകാരല്ലേ..”
“അവനെയല്ല, നിന്നെയാണുദ്ദേശിച്ചത്”
“അതേ, അത് തന്നെയാണ് ഞാന്‍ പറഞ്ഞത്. നീ അവനെ തന്നെയാണ് ഉദ്ദേശിച്ചത് എന്ന്”

കട്ടിലില്‍ നിന്ന് അലറി കൊണ്ട് അജയൻ ചാടിയെണിക്കുന്നതിന്റെയും എന്തൊക്കെയോ തട്ടി മറിച്ചിട്ട് ദേവൻ ഓടുന്നതിന്റെയും ശബ്ദം അലക്ക് കല്ലിനടുത്ത് എനിക്ക് കേള്‍ക്കാം. ഞായറാഴ്ചയായത് കാ‍രണം കോളെജില്ല. ‘എംബസി’ ഹോട്ടലിലെ പറ്റില്‍ വിശാലമായ ഉച്ചയൂണിന് ശേഷം, ഉറക്കത്തിന്റെ ആലസ്യത്തിലുള്ള കിടപ്പിനിടയിലാണ് രണ്ടും കൂടെ വഴക്കടിക്കുന്നത്. രണ്ടും എപ്പോഴും ഇങ്ങിനെയാണ്, എന്തെങ്കിലും പറഞ്ഞ് വെറുതേ അങ്ങോട്ടും ഇങ്ങോട്ടും ചൊറിഞ്ഞ് കൊണ്ടിരിക്കും. എന്നാലും പഞ്ചാരയടി-വായില്‍ നോട്ടം-സ്മോളടി തുടങ്ങിയ കാര്യങ്ങളില്‍ ഒറ്റക്കെട്ടാണ്.

“കഴിഞ്ഞില്ലടേയ് നിന്റെ കവിത എഴുത്ത്?”;
അജയൻ ഒരു ബീഡിയും വലിച്ച് കൊണ്ട് ഞാന്‍ അലക്കികൊണ്ടിരിക്കുന്നിടത്തേയ്ക്ക് വന്നു. ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റ് സിനിമ കണ്ടതില്‍ പിന്നെ അടുക്കള-വീട്ടുപണികള്‍ ഞങ്ങളുടെ ഇടയില്‍ അറിയപ്പെടുന്നത് കവിത എഴുത്ത് എന്ന പേരിലാണ്.

“പൂഞ്ചോലയുടെ ബീഡി ഒന്നൂടെ ചൂണ്ടി”;

അവന്‍ മുറിബീഡി എനിക്ക് നേരെ നീട്ടി. ‘പൂഞ്ചോല’ ഞങ്ങളുടെ ലൈന്‍ ലോഡ്ജ് മുറിയുടെ തൊട്ടപ്പുറത്തെ മുറിയില്‍ താമസിക്കുന്ന ബാലേട്ടനാണ്. ഗേള്‍സ് ഹൈസ്കൂളിനടുത്ത് ബാലേട്ടന് ഒരു ഫാന്‍സി കടയുണ്ട്,‘പൂഞ്ചോല’. അങ്ങേര്‍ അടക്കാന്‍ മറന്നുപോയ ജനലിനുള്ളിലൂടെ കയ്യിട്ട് ഇന്നിപ്പോ നാലാമത്തെയോ അഞ്ചാമത്തെയോ പ്രാവശ്യമാണ് ഞങ്ങള്‍ മൂപ്പരുടെ ബീഡി ചൂണ്ടുന്നത്.

“ഇത്തവണമുതല്‍ നമുക്ക് ബീഡി വിതറല്‍ രണ്ട് കെട്ടെങ്കിലും ആക്കണം. എന്നാലെ മാസാവസാനം താണ്ടാന്‍ പറ്റൂ”; രണ്ടാമതൊരു പുക എടുക്കാന്‍ ഓങ്ങി നിന്ന എന്റെ കയ്യില്‍ നിന്നും ബീഡി തട്ടിപ്പറിച്ച് കിണറ്റിന്‍ കരയില്‍ ചാരിയിരുന്ന് ഒരു പുക വിട്ട് ദേവൻ പറഞ്ഞു.

ബീഡി വിതറല്‍ ഞങ്ങളുടെ ഒരു വലിയ ചടങ്ങാണ്. മാസാദ്യം വീടുകളില്‍ നിന്നും കൊണ്ടുവരുന്ന ചിലവിനുള്ള കാശില്‍ വാടക, ഹോട്ടല്‍ പറ്റ്, മറ്റു ചില അറ-റ കുറ-റ സ്ഥിരം ചിലവുകള്‍ എന്നിങ്ങനെയുള്ളത് ആദ്യം തന്നെ കൊടുത്ത് ഒഴിവാക്കും. ബാക്കി വരുന്നത് കൊണ്ട് പിന്നീട് കുറച്ച് നാള്‍ ഞങ്ങള്‍ ലാവിഷാണ്. വില്‍‌സ് സിഗരറ്റ്, ബ്ലൂ ഡയമണ്ടില്‍ സിനിമ, ടോപ് ഫോമില്‍ ബിരിയാണി അങ്ങിനെ രാജകീയം. പിന്നീടങ്ങോട്ട് പഞ്ഞ കാലമാണ്. സിഗരറ്റ് വിട്ട് ബീഡിയിലേക്കും ടൌണിലെ തിയറ്ററുകള്‍ വിട്ട് ലോഡ്ജിനടുത്തെ ‘സന്തോഷ്’,‘പ്രഭാത്’ ടാക്കിസുകളിലെ മുന്‍ ബഞ്ചുകളിലേയ്ക്കും, ‘എംബസി’ ഹോട്ടലിലെ പറ്റിലേയ്ക്കും ഞങ്ങള്‍ കൂട് മാറും.

മാസാവസാനങ്ങളില്‍ മാന്ദ്യകാലത്ത് ബീഡിവലി എങ്ങിനെ സന്തോഷകരമാക്കാം എന്നതിന് ദേവനാണ് ഒരു ഐഡിയ കൊണ്ടുവന്നത്. മാസാദ്യം കാശുള്ളപ്പോള്‍ ഒരു കെട്ട് ബീഡി വാങ്ങി മുറിയില്‍ പുസ്തകങ്ങള്‍ക്കിടയിലും അലമാരയിലും തട്ടിന്‍ പുറത്തുമായി വിതറുക.മാസാവസാനം ബീഡിവാങ്ങാന്‍ കാശില്ലാതെയാവുമ്പോള്‍ അതൊക്കെയും പരതി എടുത്ത് വലിക്കുക.

മാസാവസാനമാകുമ്പോള്‍, വാരി വലിച്ചിട്ടിരിക്കുന്ന പുസ്തകങ്ങളുടെ കൂട്ടത്തിനിടയിലും, കൂറകള്‍ ഓടി നടക്കുന്ന അടുക്കള മുറിയിലെ അലമാരയിലും, ഒരിക്കലും തീ പുകയാതിരുന്ന അടുപ്പിനുള്ളിലും, എക്കൌണ്ടന്‍സി ചെയ്ത് പഠിച്ച ന്യൂസ് പ്രിന്റ് കടലാസുകള്‍ കൂട്ടിയിട്ടിരിക്കുന്നതിനുള്ളിലും, ചൂല്‍ പെരുമാറ്റം ഉണ്ടാവാതിരുന്ന കട്ടിലിനടിയിലും പരതി ഞങ്ങള്‍ ബീഡികള്‍ കണ്ടെടുത്ത് വലിക്കും!

രമണീയം ഒരു കാലം...

(കഴിഞ്ഞ അവധിക്ക് രാവിലെ നാട്ടില്‍ ബസ്സിറങ്ങിയപ്പോള്‍ ആദ്യമടിച്ച മണം തൊട്ടടുത്ത് അരമതിലില്‍ പത്രം നിവര്‍ത്തി വച്ച് വായിക്കുന്ന ഒരു ചേട്ടന്‍ ഊതി വിട്ട ദിനേശ് ബീഡിയുടെ പുകയുടെതായിരുന്നു!)

Tuesday, June 30, 2009

കടുവകള്‍
കടുവകള്‍-മൈസൂര്‍ മൃഗശാലയില്‍ നിന്നും

Saturday, May 23, 2009

മഴവെള്ളപ്പാച്ചില്‍


“കുട്ട കൊണ്ടോന്ന് ഇറക്കണം. ഒരു അഞ്ചെട്ട് ലോഡെങ്കിലും വേണ്ടി വരും, അല്ലെങ്കി ഇങ്ങള് ഇക്കൊല്ലം ഇറക്കിയ മണ്ണും മയവെള്ളം കൊണ്ടോവും”; പണിക്കാരന്‍ കണ്ണേട്ടന്‍ അച്ഛനോട് തറപ്പിച്ച് പറഞ്ഞു

കണ്ണൂക്കരയും ഒഞ്ചിയവും മുഴുവന്‍ കറങ്ങി, ചാറ്റുകുളവും നിറച്ച് കുത്തിയൊലിച്ച് കരകവിഞ്ഞ് വരുന്ന മഴവെള്ളം ഒഴുകുക ഞങ്ങളുടെ വീട്ടിന് പിന്നിലൂടെയുള്ള വയലുകളിലൂടെയായിരുന്നു. ഇതിനിടയിലുള്ള തോടുകളും കുളങ്ങളും വയലുകളും താഴ്ന്നപ്രദേശങ്ങളിലുള്ള വീടുകളും ഒക്കെയും വെള്ളത്തിനടിയിലാവും. കുത്തിയൊലിച്ച് നീങ്ങുന്ന വെള്ളത്തിന്റെ ലക്ഷ്യം തുരുത്തിമുക്ക് പുഴയാണ്. നല്ലമഴയും വെള്ളവുമാണെങ്കില്‍ പടിഞ്ഞാറോട്ട് അറബിക്കടലിലേയ്ക്ക് ഒഴുകുന്ന പുഴ ചിലപ്പോള്‍ തിരിഞ്ഞൊഴുകും, എല്ലായിടത്തേയ്ക്കും വെള്ളം പാഞ്ഞ് കയറും.

കുത്തിയൊഴുകുന്ന വെള്ളപ്പാച്ചിലില്‍ ഞങ്ങളുടെ വീടിന്റെ പിന്‍ഭാഗത്തെ മതിലും മണ്ണും ഒഴുകിപ്പോകുന്നത് സ്ഥിരമാണ്. ആ വര്‍ഷത്തെ മഴയെ എങ്ങിനെ നേരിടണമെന്ന് പണിക്കാരുമായുള്ള ചര്‍ച്ചയ്ക്കിടയിലാണ് കണ്ണേട്ടന്‍ മേല്‍പ്പറഞ്ഞ അഭിപ്രായം അച്ഛനോട് പറഞ്ഞത്.

“മലയില് നല്ല മഴയായിരിക്കും”; വെള്ളം ഇറങ്ങാന്‍ വൈകുകയാണെങ്കില്‍ നാട്ടിലെ പ്രായം കൂടിയവര്‍ പറയുന്നത് കേള്‍ക്കാം. മല എന്ന് പറയുന്നത് കിഴക്കന്‍ പ്രദേശങ്ങളായ കുറ്റ്യാടി, തൊട്ടില്പാലം, വാണിമേല്‍, പേരാമ്പ്ര തുടങ്ങിയ സ്ഥലങ്ങളാണ്.

വാണിമേലില്‍ നിന്നും വന്ന ഒരമ്മൂമ്മ ഒരിക്കല്‍ പറഞ്ഞത് ഓര്‍ക്കുന്നു;
“അന്നത്തൊക്കെ എടവത്തിലേം കര്‍ക്കിടകത്തിലേം മയാന്ന് പറഞ്ഞാലെന്താ, അഞ്ചും പത്തും ദീസം നിര്‍ത്താതെ പെയ്യും. ഒണക്കി വച്ച കപ്പയും ചക്കക്കുരുവും ഒക്കെത്തന്നെ തീറ്റ. അരി ഭക്ഷണം കഷ്ടി. വൈന്നേരം മധിരല്ലാത്ത കട്ടന്‍ ചായക്ക് ഒണക്ക് മുള്ളന്‍ ചുട്ടതാ കടി”

സ്ഥിരമായി വെള്ളം കയറുന്ന പ്രദേശങ്ങളിലെ വീട്ടുകാരൊക്കെ മഴക്കാലമാകുമ്പോഴേയ്ക്കും കുഞ്ഞുങ്ങളെയും സ്ത്രീകളെയും പ്രായമായവരെയുമൊക്കെ കുടുംബവീടുകളിലേയ്ക്കും മറ്റും മാറ്റി പാര്‍പ്പിക്കും. നനഞ്ഞാല്‍ കേടാവുന്ന സാധനങ്ങള്‍ ഇറയത്തോ അട്ടത്തോ കെട്ടി തൂക്കും. വലിയ വീടുകളില്‍ ഉണ്ടാവുമായിരുന്ന തോണികള്‍ അറ്റകുറ്റപ്പണികള്‍ ചെയ്ത് നാട്ടുകാര്‍ക്ക് അത്യാവശ്യത്തിന് ഉപയോഗിക്കാന്‍ ഒരുക്കി വയ്ക്കും. ഒറ്റലുകളും ചെറിയ കണ്ണിയുള്ള വലകളും തയ്യാറാക്കി വയ്ക്കും.

ഒഴുകിവരുന്ന വെള്ളത്തിനൊപ്പം വരുന്ന പുതുമീനുകളാണ് വലിയൊരു ആകര്‍ഷണം. ഒഴുക്കിനിടയില്‍ വെള്ളത്തില്‍ ചാടിക്കളിക്കുന്ന വെള്ളി നിറമുള്ള മീനുകളായിരുന്നു അതില്‍ പ്രധാനം. മുതിര്‍ന്നവര്‍ മത്സരിച്ച് ഒറ്റല്‍ കുത്തിയും വല വിരിച്ചും മീനുകളെ പിടിക്കാനിറങ്ങും. പിടിച്ച് കൂട്ടിയിടുന്ന ബക്കറ്റുകളിലെ വെള്ളത്തില്‍ പുളഞ്ഞ് കളിക്കുന്ന വലിയ മീനുകളെ കുട്ടികള്‍ അത്ഭുതത്തോടെ നോക്കിയിരിക്കും. വൈകുന്നേരം മീന്‍പിടുത്തക്കാരെല്ലാവരും കൂടി പിടിച്ച മീനുകളെ ഓഹരി വച്ച് എടുത്ത് പിരിയും.

തൊണ്ട് കൂട്ടിക്കെട്ടിയ എരണ്ടയിലും വാഴത്തടയിലും കാറ്റ് നിറച്ച ട്യൂബുകളിലും ഇരുന്നും കിടന്നും തൂങ്ങിയും വെള്ളത്തില്‍ കളിച്ച് കുട്ടികള്‍ വെള്ളപ്പൊക്കം ആഘോഷമാക്കും. മലന്ന് നീന്തല്‍, മുങ്ങാംകുഴിയിടല്‍, ഗുസ്തികൂടല്‍...

Wednesday, May 13, 2009

ലഹരിയുടെ വഴികള്‍


ഉച്ചത്തില്‍ വിളിച്ച് കൂവി ടെമ്പോ വാനുകളിലേയ്ക്ക് ആളുകളെ കയറ്റുന്ന പതിനഞ്ച് വയസ്സിന് താഴെയുള്ള ആണ്‍കുട്ടികള്‍ ബാംഗ്ലൂരിലെ ബസ്സ്‌സ്റ്റോപ്പുകളില്‍ സ്ഥിരം കാഴ്ചയാണ്. വൃത്തികെട്ട വസ്ത്രങ്ങളും അഴുക്ക് പുരണ്ട ശരീരവും തെറിവിളികളും അടിപിടിയും ബഹളവുമായി വാനുകളില്‍ തൂങ്ങി നീങ്ങുന്ന ഈ കുട്ടികള്‍ ഹാന്‍സോ പാന്‍പരാഗോ മറ്റ് വിലകുറഞ്ഞ പുകയില ഉല്‍പ്പന്നങ്ങളോ എപ്പൊഴും ചവച്ച് കൊണ്ടേയിരിക്കും.

വില കുറഞ്ഞതും ലഹരി കൂടിയതുമായ സാധനങ്ങള്‍ക്കായുള്ള അന്വേഷണങ്ങളില്‍ അവര്‍ കണ്ടെത്തിയ സാധനങ്ങളിലൊന്നാണ് ക്യുക്ക് ഫിക്സ്. ഒരു തുണിക്കഷ്ണത്തില്‍ പശ തേച്ച് പിടിപ്പിച്ച്, ചുരുട്ടിപ്പിടിച്ച് മൂക്കിലേയ്ക്ക് വലിച്ച് കയറ്റിയാണ് ക്യുക്ക് ഫിക്സിലെ ലഹരി ഉള്ളിലെത്തിക്കുന്നത്.

എന്താണ് ഈ വലിച്ച് കയറ്റുന്നത് എന്ന ചോദ്യത്തിന് രൂക്ഷമായ ഒരു നോട്ടവും കന്നഡയിലുള്ള ഏതോ ഒരു മുട്ടന്‍ തെറിയുമായിരുന്നു ഇത്തിരിപ്പോന്ന ഒരു ചെക്കന്റെ മറുപടി. പശതേച്ചുള്ള നിരന്തരമായ ഉപയോഗമാവാം, അവന്റെ ഉള്ളം കൈകള്‍ക്ക് കറുപ്പ് നിറമായിരുന്നു.

ഇത് ഉള്ളില്‍ ചെന്നാല്‍ വിശപ്പുണ്ടാവില്ല, ദാഹമുണ്ടാവില്ല, സമയ ബോധമുണ്ടാവില്ല എന്നിങ്ങനെ പല ‘ഗുണങ്ങളും’ ഉണ്ടത്രേ. നിര്‍ത്താതെ, നിലക്കാതെയുള്ള വിളിച്ച് കൂവലിന് ഇതൊന്നും ഒരു തടസ്സമാവുകയുമരുതല്ലോ!

Monday, April 13, 2009

Nostalgiaയുടെ മാത്രം ഭാഷ- ഒരു കമന്റ്

എന്തിനെ പറ്റി എഴുതുന്നു എന്നതല്ല, എഴുതുന്നു എന്നതാണ് പ്രാധാന്യം. എന്തെഴുതിയാലും ഭാഷ ഭാഷ തന്നെ.

എംടിയുടെയും ബഷീറിന്റെയും പൊറ്റക്കാടിന്റെയും ഭാഷ ലളിതമാണ് എന്നത് കൊണ്ടോ, ഒ.വി വിജയന്റെയും ആനന്ദിന്റെയും ഭാഷ സങ്കീര്‍ണ്ണമാണ് എന്നത് കൊണ്ടോ, സി.രാധാകൃഷ്ണന്റെയും പി.പത്മരാജന്റ്റെയും ഭാഷ ഈ രണ്ടിനും ഇടയിലാണ് എന്നത് കൊണ്ടോ മലയാള ഭാഷയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല.

പുതിയ തലമുറ മലയാള ഭാഷ ഉപയോഗിക്കാന്‍ താല്‍പ്പര്യം കാണിക്കുന്നുണ്ടോ എന്നതാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. ഒരു കോള്‍ സെന്റര്‍-മാര്‍ക്കെറ്റിംഗ്-എന്‍ജിനീറിംഗ് ഭാവിയെ മാത്രം ലാക്കാക്കി മുന്നോട്ട് കുതിക്കുന്ന നമ്മുടെ കുട്ടികള്‍, കൂടുതല്‍ ചര്‍ച്ചകളും പഠനങ്ങളും ഗവേഷണങ്ങളും ആവശ്യമായി വരുന്ന സയന്‍സ്, സാമ്പത്തീക, വാണിജ്യ, കാര്‍ഷിക വിഷയങ്ങളില്‍ താല്‍പ്പര്യം കാണിക്കാത്തതാണ് പുതിയ ആശയങ്ങളും ചിന്താ ധാരയും അവതരിപ്പിക്കാനുള്ള വ്യഗ്രത നഷ്ടമാകുന്നതിനുള്ള കാരണം. പഠനങ്ങളും ഗവേഷണങ്ങളുമില്ലാതെ, നാട്ടിന്റെ പുരോഗതിക്കും വളര്‍ച്ചയ്ക്കുമാവശ്യമായ തൊഴില്‍ കാര്‍ഷിക മേഖലയില്‍ വേണ്ടി വരുന്ന പരിഷ്കാരങ്ങള്‍ മറ്റാരുടെയോ ചുമതലാണെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും ധരിച്ച് വച്ച്, ലോണെടുത്തും കടം വാങ്ങിയും കുട്ടികളെ മധുരയിലും കോയമ്പത്തൂരിലും മൈസുറിലും ഇപ്പോള്‍ നാട്ടിലുമുള്ള പണം വിഴുങ്ങി എന്‍‌ജിനീറിം കോളേജ്കളില്‍ ബ്രോയിലര്‍ കോഴികളെ പോലെ വളര്‍ത്തിയെടുക്കുന്നു. പിന്നെ കുറേപേര്‍ രാഷ്ട്രീയം കളിച്ചും പി.എസ്സ്.സി പരീക്ഷയെഴുതിയും ഗള്‍ഫിലേയ്ക്കുള്ള വിസ പ്രതീക്ഷിച്ചും നടക്കുന്നു.

നൊസ്‌റ്റാള്‍ജിയ എന്ന പദത്തിനോടോ, അതിന്റെ വിശാലമായ അര്‍ത്ഥ തലത്തിനോടോ ഉള്ള എതിര്‍പ്പ് മാത്രമാണ് മലയാള ഭാഷ നശിക്കാന്‍ കാരണം അതാണ് എന്ന് പറയുന്നത്. എഴുത്തുകാരന്റെ നൊസ്റ്റാള്‍ജിയ തന്നെയാണ് ഒരു ദേശത്തിന്റെ കഥയും, അസുരവിത്തും, പുള്ളിപ്പുലികളും വെള്ളി നക്ഷത്രങ്ങളും മുതല്‍ കോളറക്കാ‍ലത്തെ പ്രണയവും, ഏകാന്തയുടെ നൂറ് വര്‍ഷങ്ങളും വരെയുള്ള കൃതികളെ അതാത് ഭാഷയിലെ മികച്ച കൃതികളാക്കിയത്.

കുഞ്ഞുകഥകളും ചിത്ര കഥകളും ഡിക്റ്റക്ടീവ് കഥകളും ‘കൊച്ചു’ പുസ്തകങ്ങളും ‘പൈങ്കിളി’ കഥകളുമാണ് ഗൌരവമായ വായനയില്‍ പലരെയും കൊണ്ടെത്തിക്കുന്നത്. വെറുമൊരു സ്ക്രിബ്ലിംഗ് പാഡാണ് ഇപ്പോള്‍ മലയാളം ബ്ലോഗ്, അല്ലെങ്കില്‍ സമയം കൊല്ലി. ഗൌരവകരമായ എഴുത്തും വായനയും ഈ മീഡിയത്തിന് ആവശ്യമായി വരുമ്പോള്‍ ഒരു നിലവിളിയുടെയും ആവശ്യമില്ലാതെ അത് വരിക തന്നെ ചെയ്യും.

(കൈപ്പള്ളിയുടെ പോസ്റ്റിന് ഒരു കമന്റ് എഴുതിയതാണ്. നാലഞ്ച് തവണ ശ്രമിച്ചിട്ടും അവിടെ നടന്നില്ല)

Tuesday, April 07, 2009

മിന്നാമിനുങ്ങുകള്‍വൈകുന്നേരം മഴ ചാറിയ, കറണ്ടില്ലാത്ത ഒരു വേനല്‍ രാത്രിയില്‍, ജനലുകള്‍ തുറന്നിട്ട് വീട്ടിലെ മുറിയില്‍ കിടയ്ക്കുമ്പോഴാണ് വഴി തെറ്റി എന്നത് പോലെ ഒരു മിന്നാമിനുങ്ങ് മുറിക്ക് ഉള്ളിലേയ്ക്ക് വന്നത്.

ഉറങ്ങാന്‍ ചിണുങ്ങി കരയുകയായിരുന്ന ഒന്നര വസ്സുകാരി കുഞ്ഞുമോള്‍ അത്ഭുതപ്പെട്ട് അവളുടെ ഭാഷയില്‍ എന്തൊക്കെയോ പറഞ്ഞ് കൊണ്ട് ചാടി എണീറ്റു. കൈകൊട്ടി ചിരിച്ച് ആ മിന്നാമിനുങ്ങിനെയും നോക്കി ഏറെനേരം കളിച്ച് കളിച്ച് എപ്പോഴോ അവളുറങ്ങി. ഉറക്കത്തിലും അവള്‍ ഇടയ്ക്കിടെ കുലുങ്ങി ചിരിക്കുകയായിരുന്നു. അടുത്ത ദിവസം രാവിലെ ഉണര്‍ന്നപ്പോള്‍ മുതല്‍ വീട്ടിലെ എല്ലാ മുറികളിലും അവള്‍ മിന്നാമിനുങ്ങിനെയും തിരഞ്ഞു നടന്നു.

മിന്നാമിനുങ്ങുകള്‍ക്ക് എന്ത് പറ്റി? അമ്മ വീട്ടിനടുത്തെ അമ്പലപ്പറമ്പില്‍ മലര്‍ന്ന് കിടന്നിരുന്ന വേനല്‍ക്കാല രാത്രികളില്‍ ചുറ്റുമുള്ള മരങ്ങളില്‍ നിറച്ചും മിന്നി നില്‍ക്കുന്ന മിന്നാമിനുങ്ങുകളെ കാണാമായിരുന്നു. മിന്നാമിനുങ്ങുകള്‍ പൂത്ത് നില്‍ക്കുന്ന മരങ്ങള്‍! കഴിഞ്ഞ വര്‍ഷം മേടത്തില്‍ ഒരു രാത്രിയില്‍ പഴയ ആ വഴികളിലൂടൊന്ന് നടക്കാനിറങ്ങിയപ്പോള്‍ അവിടെങ്ങും ഒരെണ്ണത്തിനെപ്പോലും കാണാനൊത്തില്ല.

(രണ്ടെണ്ണം വിട്ട് ഇന്നലെ രാത്രിയില്‍ ടെറസ്സില്‍ നില്‍ക്കുമ്പോള്‍ ദൂരെ എവിടെനിന്നോ മിന്നിക്കത്തുകയായിരുന്ന വൈദ്യുത അലങ്കാര വിളക്കുകള്‍ കണ്ടപ്പോള്‍ വെറുത് ഓര്‍ത്ത് പോയത്)

Wednesday, March 11, 2009

മാമ്പൂക്കാലം


“ഒന്നെണീറ്റ് എളുപ്പം റെഡിയാകഡേയ്. ഞാനൊരു അര-മുക്കാല്‍ മണിക്കൂറിനകം നിന്റെ ഫ്ലാറ്റിന് താഴെയെത്തും”

ഒരു ഞായറാഴ്ച രാവിലയുടെ ആലസ്യത്തില്‍ കിടക്കയില്‍ തന്നെ ചുരുണ്ട് കൂടി കിടക്കുകയായിരുന്നു,ഞാന്‍. എന്താണ്, എവിടെയ്ക്കാണ് എന്നൊക്കെ ചോദിക്കുന്നതിന് മുന്‍പ്തന്നെ അവന്‍ ഫോണ്‍ ഡിസ്കണക്ട് ചെയ്തു.

അജയന്‍, അവനങ്ങിനെയാണ്. പെട്ടന്നായിരിക്കും ഏതെങ്കിലും ഒരുള്‍വിളിയുടെ പേരില്‍ വല്ലതും പ്ലാന്‍ ചെയ്യുന്നത്. കൂടെ പോയേ പറ്റൂ. അല്ലെങ്കില്‍ അവന്‍ കൊണ്ടുപോകും.

കുളിച്ച് ഡ്രസ്സ് ചെയ്യുമ്പോഴെയ്ക്കും താഴെനിന്നും അജയന്റെ കാറിന്റെ ഹോണടി.

നല്ല മൂഡിലാണവന്‍ ഡ്രൈവ് ചെയ്യുന്നത്. മ്യൂസിക് പ്ലേയറില്‍ നിന്നും അവന് പ്രിയപ്പെട്ട പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മയുടെ സന്തൂര്‍ വാദ്യം ഒഴുകുന്നു.

“എങ്ങോട്ടാണെടാ?”

“മിണ്ടരുത്. വേണമെങ്കില്‍ വെറും വയറ്റില്‍ രണ്ടെണ്ണം വിട്ടോളൂ”; അവന്‍ പിന്‍സീറ്റിലേയ്ക്ക് വിരല്‍ ചൂണ്ടി.

ഫുള്‍ സെറ്റപ്പിലാണ്. പിന്‍സീറ്റിലെ ബിഗ് ഷോപ്പറില്‍ ഒരു ആര്‍സി തല പുറത്തേയ്ക്കിട്ട് കിടക്കുന്നു. ഡിസ്പോസ്സബള്‍ ഗ്ലാസ്സുകളുണ്ട്, സോഡയുണ്ട്, വെള്ളമുണ്ട്. പ്രീതി സാഗറിന്റെ പേരുള്ള കവറില്‍ മസാല ദോശയുണ്ട്.

ഒന്ന് വിട്ടാലോ എന്ന എന്റെ ആലോചന മനസ്സിലാക്കിയത് പോലെ അവന്‍ പറഞ്ഞു;

“പക്ഷേ നമ്മളവിടെ എത്തിയിട്ട് തുടങ്ങുന്നതാവും നല്ലത് എന്നാണെനിക്ക് തോനുന്നത്. പച്ചയ്ക്ക് ചെല്ലണം അവിടെ”

നഗരത്തിന്റെ പുറമ്പോക്കിലെ റിംഗ് റോഡിലൂടെ കാര്‍ പാഞ്ഞു. കെട്ടിടങ്ങളും വീടുകളും ഫാക്ടറികളും കടന്ന് തിരക്കൊഴിഞ്ഞ ഹൈവേയിലേക്ക് കേറി കുറച്ച് നേരം ഓടി, ഒരു കട്ട് റോഡിലേയ്ക്ക് അവന്‍ കാര്‍ തിരിച്ചു.

“കഴിഞ്ഞ ദിവസം എംഡിയുടെ കൂടെ ഈ വഴി ഒന്ന് പോയി. അപ്പോ തോന്നിയതാണ് നമ്മളെത്താന്‍ പോകുന്ന സ്ഥലത്ത് വന്ന് കുറച്ച് നേരം ചിലവഴിക്കണമെന്ന്“; ഒരു മുന്നറിയിപ്പ് പോലെ അവന്‍ തുടര്‍ന്നു; “ഒരു കാരണവശാലും നീ വിന്‍ഡോ താഴ്ത്തരുത്”

കൃഷിയിടങ്ങള്‍ക്കിടയിലൂടെയുള്ള റോഡിലൂടെ കന്നുകാലികളെയും തെളിച്ച് നീങ്ങുന്ന സ്ത്രീകളും കുട്ടികളും. കാര്‍ ഒരു മാവിന്‍ തോട്ടത്തിലേയ്ക്ക് പ്രവേശിച്ചു. നിരനിരയായി കൃത്യമായ അകലത്തില്‍ വളര്‍ന്ന് നില്‍ക്കുന്ന വലിയ മാവുകള്‍ ഇലകാണാത്ത വിധം പൂത്ത് നില്‍ക്കുന്നു. അജയന്‍ റോഡരികില്‍ കാര്‍ നിര്‍ത്തി.

“പുറത്തേയ്ക്കിറങ്ങെടാ. പറഞ്ഞാല്‍ മനസ്സിലാവില്ല. യു ഫീല്‍ ഇറ്റ്”

കാറിന്റെ ഡോര്‍ തുറന്നതും രാവിലത്തെ ഇളം കാറ്റിനൊപ്പം മാമ്പൂവിന്റെ മദഗന്ധം.

“പണ്ടാറമടക്കിയ മോറിയുടെയും റൂം റഫ്രഷ്ണറുടെയും മേലാസകലം പെര്‍ഫ്യൂം അടിച്ച് കേറ്റി വരുന്നവരുടെ വിയര്‍പ്പ് കലര്‍ന്ന വാടമണത്തിന്റെയും ഇടയില്‍ നിന്ന് ഇവിടെ വന്നിങ്ങിനെ നില്‍ക്കുമ്പോ എന്തൊരു സുഖം, അല്ലേ!“

അജയന്‍ ദീര്‍ഘമായി ശ്വാസം ഉള്ളിലേയ്ക്ക് വലിച്ച് ചിരിച്ചു.

Wednesday, March 04, 2009

കൊലപാതകി


വര്‍ഷങ്ങള്‍ക്ക് മുന്‍പ്.

ശിവകാശിയില്‍ നിന്നും മധുരയ്ക്ക് തമിഴ്‌നാട് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ വക ബസ്സില്‍ നട്ടുച്ചയ്ക്കുള്ള ഒരു യാത്ര. പൊട്ടിപൊളിഞ്ഞ റോഡിലൂടെ പൊടിപടലങ്ങളുയര്‍ത്തി ആടിക്കുഴഞ്ഞ് നീങ്ങുന്ന ബസ്സ്. ബസ്സിനകത്തും മുകളിലുമായി മണ്‍പാത്രങ്ങള്‍, ചൂല്, പച്ചക്കറികള്‍, പഴങ്ങള്‍, കോഴി തുടങ്ങി നിരവധി സാധനസാമിഗ്രികളുമായി തദ്ദേശവാസികളായ ഗ്രാമീണര്‍.

ഏതോ ഒരു സ്റ്റോപ്പില്‍ നിന്നും തോക്കു ധാരികളായ രണ്ട് പോലിസുകാര്‍ കൈവിലങ്ങ് വച്ച ഒരാളുമായി ബസ്സില്‍ കയറി. ബസ്സിനുള്ളില്‍ പിന്‍ഭാഗത്ത് സീറ്റിലും നിലത്തുമായി കുത്തി നിറച്ച പച്ചക്കറി കൂടകള്‍ എടുത്ത് ഒതുക്കി വച്ച്, പിന്‍സീറ്റിലെ മൂലയ്ക്ക് ഇരിക്കുകയായിരുന്ന എന്റെ അരികില്‍ വിലങ്ങ് വച്ച ആളെ ഇരുത്തി അയാള്‍ക്ക് അരികിലായി പോലിസുകാരും ഇരിപ്പായി.

ബസ്സിലുള്ളവര്‍ എന്തൊക്കെയോ അടക്കം പറയുന്നുണ്ട്. വിലങ്ങ് ധാരിയായ ആള്‍ ആരെയും കൂസാത്ത ഭാ‍വവുമായി എവിടെയോ തറച്ച കണ്ണുമായി ഇരിക്കുകയാണ്. മുപ്പത്തഞ്ച് നാല്‍പ്പതിനോട് പ്രായം വരും. അവിടവിടെ നരവീണ കുറ്റിത്താടി. മുഷിഞ്ഞ വേഷം.

കൈകള്‍ വിലങ്ങിനകത്തായാല്‍ നഷ്ടമാവുന്ന സ്വാതന്ത്രത്തെ കുറിച്ചോര്‍ത്ത് കാട്കയറി എങ്ങുമെത്താതായപ്പോള്‍ എനിക്കൊരു ആശയം തോന്നി. അയാളോട് ചോദിക്കുക, എന്ത് കുറ്റം ചെയ്തതിനാണ് അയാളെ പിടികൂടിയതെന്ന്.

എന്തിനാണ് പോലിസ് പിടിയിലായതെന്ന് അറിയാവുന്ന തമിഴില്‍ ഞാന്‍ അയാളോട് ശബ്ദം കുറച്ച് ചോദിച്ചു

“ഉങ്കളുക്ക് അതറിഞ്ഞിട്ടെന്ത് കാര്യം?”; അയാളുടെ മറുപടി കുറച്ച് ഉച്ചത്തിലാണ്. അടുത്തിരിക്കുന്ന പോലിസുകാരന്‍ തലയുയര്‍ത്തി എന്നെ ഒന്ന് നോക്കി.

“വെറുതെ ചോദിച്ചതാണ്”; ഞാനൊന്ന് ചിരിച്ച് കാണിച്ചു.

“ഒരുത്തനെ കൊന്നു. കുത്തികുത്തി കൊന്നു”; പെട്ടന്നായിരുന്നു അയാളുടെ മറുപടി. ഞാനൊന്ന് അടിമുടി വിറച്ചു, ദൈവമേ കൊലപാതകി.

പോലീസുകാരന്‍ എനിക്ക് നേരെ വിരലുയര്‍ത്തി; “സംസാരം വേണ്ട”

*

ആരെയായിരിക്കും അയാള്‍ കൊന്നിരിക്കുക. എന്തിനായിരിക്കും അയാള്‍ അത് ചെയ്തിരിക്കുക...

Thursday, February 19, 2009

ഗസല്‍


വയനാട്ടിലെ ഒരു റിസോര്‍ട്ട്.

രാവിലെ സുഹൃത്തുക്കളുമായി യാത്ര പുറപ്പെട്ട് വഴിയിലെ കാഴ്ചകളും ആഘോഷങ്ങളുമായി റിസോര്‍ട്ടിലെത്തുമ്പോഴേയ്ക്കും വൈകീട്ട് നാല് മണി. ഒരു താഴ്വരയിലേയ്ക്ക് തുറക്കുന്ന പച്ച ചായമടിച്ച ജനവാതിലുകളുള്ള റിസോര്‍ട്ടിലെ മുറികളില്‍ കൂട്ടുകാര്‍ വിശ്രമിക്കുകയും ഫ്രഷ് ആകുകയും ചെയ്യുമ്പോള്‍ ഞാന്‍ പുറത്തേക്ക് ഇറങ്ങി മരങ്ങള്‍ക്കിടയിലൂടെയുള്ള കല്ലുകള്‍ പാകിയ നടപ്പാതയിലൂടെ വെറുതെ നടന്നു.

സുന്ദരമായ വൈകുന്നേരം. ചുറ്റും നിബിഡമായ വനവും അതിനപ്പുറം വലിയ മലനിരകളും. ചൂഴ്ന്ന് നില്‍ക്കുന്ന നിശ്ശബ്ദതയെ ഭഞ്ജിക്കുന്നത് ഇടയ്ക്കിടെ കേള്‍ക്കുന്ന കിളികളുടെ പാട്ടും കാറ്റിന്റെ ചൂളമടിയും മാത്രം.

വൈകുന്നേരത്തെ വെയില്‍ ചാഞ്ഞ് വീഴുന്ന ആളൊഴിഞ്ഞ വിശാലമായ റിസപ്ഷന്‍ വരാന്തയിലെ ചാരുവടിയില്‍ ഒരു ചെറുപ്പകാരന്‍ ചാരി ഇരിക്കുന്നു. അയാളെയും കടന്ന് പോകുമ്പോഴാണ് പതിഞ്ഞ ശബ്ദത്തില്‍ ഈണത്തില്‍ അയാള്‍ പാടുന്നത് ഞാന്‍ ശ്രദ്ധിച്ചത്-

“എന്തിനേ കൊട്ടിയടക്കുന്നു കാലമെന്‍ ഇന്ദ്രിയ ജാലകങ്ങള്‍... എന്‍ ഇന്ദ്രിയ ജാലകങ്ങള്‍...”
പാടുക സൈഗാള്‍ പാടുക-യിലെ എന്റെ പ്രിയപ്പെട്ട ഗസല്‍.

ശബ്ദമുണ്ടാക്കാതെ ഞാന്‍ അയാള്‍ക്ക് കുറച്ച് പിന്നിലായി ഒരു തൂണില്‍ ചാരിയിരുന്നു. ഇടയ്ക്ക് വച്ച് അയാള്‍ പാട്ട് മൂളുന്നത് നിര്‍ത്തി.

“നന്നായി പാടുന്നുവല്ലോ. അതൊന്ന് മുഴുവനായി പാടാമോ?”; ഞാന്‍ അയാളുടെ അടുത്തേയ്ക്ക് ചെന്നു. എനിക്ക് നേരെ അയാള്‍ മുഖമുയര്‍ത്തിയപ്പോഴാണ് എനിക്ക് മനസ്സിലായത്, അയാളൊരു അന്ധനാണെന്ന്.

റിസോര്‍ട്ടില്‍ വരുന്നവര്‍ക്കായുള്ള രാത്രിയിലെ ക്യാമ്പ് ഫയറിലെ പാട്ടുകാരനാണ് അയാള്‍. റയില്‍‌വേസ്റ്റേഷനിലും ബസ്സ് സ്റ്റാന്റിലും ബാറുകളിലും പാടി ഒടുവില്‍ ഇവിടെയെത്തിപ്പെട്ട പാലക്കാട്ടുകാരന്‍ മജീദ്. തുടയില്‍ താളം തട്ടി എനിക്ക് വേണ്ടി അയാള്‍ ഒരിക്കല്‍ കൂടി പാടി; “എന്തിനേ കൊട്ടിയടക്കുന്നു കാലമെന്‍....”

അന്ന് രാത്രി റിസോര്‍ട്ടിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലെ ചെറിയ സ്റ്റേജില്‍ അഥിതികള്‍ക്ക് മുമ്പില്‍ ചന്ദന നിറമുള്ള തിളങ്ങുന്ന പൈജാമയും ജുബ്ബയും ധരിച്ച് ചമ്രം പടിഞ്ഞിരുന്ന് ആദ്യ ഗാനം പാടുന്നതിന്ന് മുമ്പ് മജീദ് പറഞ്ഞു;

“കുറച്ച് നേരം മുമ്പ് റിസപ്ഷനില്‍ വച്ച് പരിചയപ്പെട്ട ആ കൂട്ടുകാരന് വേണ്ടി ഈ ആദ്യ ഗാനം”

ഹാര്‍മോണിയത്തില്‍ ഈണമിട്ട് മജീദ് പാടിതുടങ്ങി;
“എന്തിനേ കൊട്ടിയടക്കുന്നു കാലമെന്‍ ഇന്ദ്രിയ ജാലകങ്ങള്‍... എന്‍ ഇന്ദ്രിയ ജാലകങ്ങള്‍...”

Saturday, February 14, 2009

ഏതോ ഒരച്ഛന്‍


ഓഫീസില്‍ എന്റെ സീറ്റിനരികില്‍ വന്ന് ശാലിനി പറഞ്ഞു;

“എടോ താനൊന്ന് നാളെ രാവിലെ റെയില്‍‌വേ സ്റ്റേഷനില്‍ ലേഡിസ് കമ്പാര്‍ട്ട് മെന്റിനരികില്‍ എന്നെ വെയ്റ്റ് ചെയ്യാമോ?”

ഞങ്ങള്‍ രണ്ട് പേരും ഒരേ സ്റ്റേഷനില്‍ നിന്നുമാണ് ട്രെയിന്‍ കയറുന്നത്. ഒരുമിച്ചാണ് ജോലി ചെയ്യുന്നത് എങ്കിലും ട്രെയിന്‍ യാത്ര പെണ്‍ പടയോടൊപ്പം അവള്‍ ലേഡിസ് കമ്പാര്‍ട്ട്മെന്റിലും ആണ്‍ പടയോടൊപ്പം ഞാന്‍ ജനറല്‍ കമ്പാര്‍ട്ട്മെന്റിലുമാണ്.

“എന്താ കാര്യം?”

“പ്ലാറ്റ്ഫോമില്‍ കുറച്ച് ദിവസമായി ഒരാള്‍ എന്നെ ചുറ്റി പറ്റി നിക്കാന്‍ തുടങ്ങിയിരിക്കുന്നു”

“ലവ് ലെറ്റര്‍ തരാനങ്ങാനായിരിക്കും. അതങ്ങ് വാങ്ങിയേക്ക്. തനിക്ക് കല്ല്യാണപ്രായമൊക്കെ ആയല്ലോ”

“ഇയാള് തമാശ വിട്”; ശാലിനി ഗൌരവമായി, “മുമ്പെങ്ങും കണ്ടിട്ടില്ല. പത്തന്‍പത് വയസ്സെങ്കിലും പ്രായം കാണും. ഒന്നും സംസാരിക്കില്ല. അടുത്തേക്ക് വന്ന് മുഖത്തേക്ക് തന്നെ സൂക്ഷിച്ച് നോക്കി നില്‍ക്കും. എനിക്കൊരു ചെറിയ പേടിയുണ്ടോ എന്നൊരു സംശയം”; ഒന്ന് നിര്‍ത്തി ശാലിനി തുടര്‍ന്നു;“ഒന്ന് വിരട്ടി വിടപ്പാ. നമ്മക്കും ആളുണ്ടെന്നറിയട്ടേന്ന്”

രാവിലെ ആറേകാലിന്റെ ലോക്കല്‍ ട്രെയിനിലാണ് ഞങ്ങള്‍ പുറപ്പെടുന്നത്. ഏറ്റവും പുറകിലാണ് ലേഡിസ് കമ്പാര്‍ട്ട്മെന്റ്. ആ സ്റ്റേഷനില്‍ നിന്നും അധികം പെണ്ണുങ്ങളൊന്നും ലോക്കലിന് കേറാനില്ല.

പിറ്റേന്ന് രാവിലെ ശാലിനി ബസ്സിറങ്ങി സ്റ്റേഷനിലേയ്ക്ക് വരുന്നിടത്ത് ഞാന്‍ കാത്ത് നിന്നു. മഴക്കാലമാണ്. ചെറുതായി മഴപെയ്യുന്നുണ്ട്. സ്റ്റേഷനിലേയ്ക്ക് ഒരുമിച്ച് നടക്കുന്നതിന്നിടയില്‍ തിരിഞ്ഞ് നോക്കി ശാലിനി ആളെ കാണിച്ച് തന്നു. മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച ഒരു മദ്ധ്യവയസ്കന്‍ ഞങ്ങളെ പിന്തുടരുന്നുണ്ട്. ഞങ്ങള്‍ നടത്തം നിര്‍ത്തി ഇത്തിരി മാറി നിന്നു. അരികത്തേയ്ക്ക് നടന്നു വരുന്ന അയാള്‍ സൂക്ഷിച്ച് നോക്കുന്നത് എന്നെയാണ്. ഞങ്ങളുടെ അടുത്തെത്തിയതും കയ്യിലെ കീറക്കുട നിലത്തിട്ട് അലറിക്കൊണ്ട് അയാള്‍ എന്റെ കോളറിന്ന് കടന്ന് പിടിച്ചു;

“ദുഷ്ടാ, നീയെന്റെ മോളേം കൊണ്ടു പോവും അല്ലേടാ”

അപ്രതീക്ഷിതമായ അക്രമണമായത് കൊണ്ട് ഞാന്‍ ബാലന്‍സ് തെറ്റി. കുട കയ്യില്‍ നിന്നും തെറിച്ചു പോയി. ബലിഷ്ടമായ പിടുത്തം. ബാലന്‍സ് വീണ്ടെടുത്ത് ശക്തമായി ഞാനയാളെ പിറകോട്ട് തള്ളി. അയാള്‍ പിടിവിടുന്നില്ല. പിടിയും വലിയും കണ്ടാവും ട്രെയിനിലേക്ക് മീന്‍ കയറ്റാന്‍ വന്ന മിനി ലോറിയില്‍ നിന്നും രണ്ട് മൂന്ന് ആളുകള്‍ ഓടിക്കൂടി അയാളെ ഒരു വിധം പിടിച്ച് മാറ്റി.

അന്തം വിട്ട് നില്‍ക്കുകയാണ് ശാലിനി.

റയില്‍‌വേസ്റ്റേഷനിലെ വെയിറ്റിംഗ് റൂമില്‍ നിന്നും ഷര്‍ട്ടിലെ ചെളി കഴുകി കളഞ്ഞ് പുറത്ത് ഓരോ കാപ്പിയും കഴിച്ച് ട്രെയിന്‍ വരുന്നതും കാത്ത് നില്‍ക്കുമ്പോള്‍ ശാലിനി ചോദിച്ചു;

“പാവം. അയാളുടെ മകള്‍ ആരുടെയോ കൂടെ ഓടിപ്പോയി കാണും. അല്ലേ?”

Thursday, February 05, 2009

ഞാന്‍‌ ലജ്ജിക്കുന്നു


ഒരു ആറ് വയസ്സുകാരിയോടാണിത് ചെയ്തിരിക്കുന്നത്. അതും നീതിന്യായത്തിന്റെ സൂക്ഷിപ്പുകാര്‍.

കണ്ടില്ലെന്ന് നടിക്കാനാവുന്നില്ല.
ഞാന്‍ ലജ്ജിക്കുന്നു, പ്രതിഷേധിക്കുന്നു.


അവലംബം:ഡെക്കാന്‍ ഹെറാള്‍ഡ്

Thursday, January 01, 2009

കം, ലെറ്റസ്സ് ഡാന്‍സ്


“കം, ലെറ്റസ്സ് ഡാന്‍സ്“;
എന്റെ കൈ പിടിച്ച് വലിച്ച് തോഷിത പറഞ്ഞു.
ഞാനൊന്ന് അറച്ച് നിന്നു.
കോളെജ് ഡേയ്ക്ക് ശ്രീജിത്തും രാ‍ധാകൃഷ്ണനുമൊക്കെ ഏക്ദോതീന്‍... പാടുമ്പോള്‍ കളിക്കുന്ന ബാംഗ്ഡ നൃത്തമല്ലാത്ത മറ്റൊന്നും കളിച്ചിട്ടില്ലാത്ത ഞാന്‍ ഈ ഹൈസൊസൈറ്റി ആളുകള്‍ക്കിടയില്‍ എന്ത് കാണിക്കാന്‍.

ഒരു ഫൈവ്സ്റ്റാര്‍ ഹോട്ടലിലെ ഹാളിനെ വെല്ലുന്ന തരത്തില്‍ ഒരുക്കിയ തോഷിതയുടെ വീട്ടിലെ വിശാലമായ സ്വീകരണ മുറിയില്‍, ഒഴുകിവരുന്ന സംഗീതത്തിനൊത്ത് അവിടെ കൂടിയിരിക്കുന്നവരില്‍ ചിലര്‍ ഇംഗ്ലീഷ് സിനിമകളിലൊക്കെ കാണുന്നത് പോലെ അരയില്‍ പരസ്പരം കൈചുറ്റി ഡാന്‍സ് ചെയ്യുന്നുണ്ട്.

ഞാന്‍ ദയനീയമായി ജോസഫിനെ നോക്കി. ഞാനൊന്നുമറിയില്ല എന്ന ഭാവത്തില്‍ അവന്‍ അതിലെ കടന്ന് പോയ ഒരു ബെയററുടെ കയ്യില്‍ നിന്നും ഒരു സോഫ്റ്റ് ഡ്രിംഗ്സിന്റെ ബോട്ടിലെടുത്ത് വളരെ ഗൌരവത്തില്‍ മറ്റെവിടെയോ ശ്രദ്ധിക്കുകയാണ് എന്ന് ഭാവിച്ച് നിന്നുകളഞ്ഞു.

“നിന്റെ കൂട്ടത്തില്‍ പെട്ട ഒരു പാട് ചോക്ലേറ്റ് സേട്ടുപയ്യന്മാരല്ലേ നിരന്ന് നിക്കുന്നു, ചെന്ന് ഏതെങ്കിലുമൊരുത്തനെ പൊക്ക്“; ഞാന്‍ ഒഴിഞ്ഞ് മാറാന്‍ നോക്കി.

“കൂടെ ജോലിചെയ്യുന്ന വലിയ പുള്ളിയാനൊക്കെ കേറ്റി പറഞ്ഞ് നിന്നെ ഞാന്‍ പരിചയപ്പെടുത്തുമ്പോള്‍ ഞെളിഞ്ഞു നിന്നതല്ലേ. നീ എന്റെ കൂടെ കൂടീയേ പറ്റൂ”

തോഷിത എന്റെ അരയില്‍ ഇടത് കൈചുറ്റി അവളുടെ വലത് കൈകൊണ്ട് എന്റെ വലത് കൈ ഏന്തിപ്പിടിച്ചു. അവളുടെ മാറിടത്തിന്റെ ഒരുഭാഗം എന്റെ നെഞ്ചില്‍ അമര്‍ന്നു. എന്റെ നെഞ്ചിടിപ്പിന്റെ ശബ്ദം കേട്ടാ‍വാം അവള്‍ കുറച്ചൊന്ന് അയഞ്ഞ് നിന്ന് ചിരിച്ചു;

“നീയെന്തിന് അവിടെ ശ്രദ്ധിക്കുന്നു”

അവളുടെ നിര്‍ദ്ദേശത്തിനനുസരിച്ച് ഒരു പാവ പോലെ ചുവടുവയ്ക്കുമ്പോഴാണ് ഒരു അനുഗ്രഹം പോലെ പെട്ടന്ന് ഞാനത് കണ്ടത്. തൊട്ടപ്പുറത്ത് അലങ്കരിച്ച മേശമേല്‍ നിരത്തി വച്ചിരിക്കുന്ന കുപ്പികള്‍, ഗ്ലാസ്സുകള്‍, ടച്ചിംഗ്സുകള്‍. ഒറ്റച്ചാട്ടത്തിന് രണ്ടെണ്ണം വിഴുങ്ങി ഞാന്‍ തോഷിതയുടെ അടുത്ത് തിരിച്ചെത്തി. ഡാന്‍സ് ചെയ്യാന്‍ ഒരു പ്രത്യേക സുഖം.

“യുവാര്‍ ബിക്കം സ്മാര്‍ട്ട്”; തോഷിത ചുവടുകള്‍ കുറച്ച് വേഗത്തിലാക്കി. ഡാന്‍സ് തുടരുന്നതിന്നിടയില്‍ പിന്നെയും മൂന്ന് നാല് പ്രാവശ്യമായി ഞാന്‍ ഡ്രിംഗ്സുകള്‍ വിഴുങ്ങി.

തോഷിതയുടെ ഉള്ളം കൈകള്‍ക്ക് നല്ല മാര്‍ദ്ദവം, ഇളം ചൂട്. ഞാനവളെ ഉറ്റുനോക്കി. മുഖത്തേയ്ക്ക് പാറിവീഴുന്ന സില്‍ക്ക് നൂലുകള്‍ പോലുള്ള മുടിയിഴകള്‍. തിളങ്ങുന്ന കണ്ണുകള്‍. റോസ് നിറമുള്ള കവിളുകള്‍. ചുവന്ന ചായം തേച്ച ചുണ്ടുകള്‍.‍... പെട്ടന്ന് ഞാനവളുടെ ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചു.

***

അടുത്ത പ്രഭാതം. ജനുവരി ഒന്ന്.

മുറിയില്‍ ഉറക്കമുണര്‍ന്ന് നോക്കുമ്പോള്‍ ജോസഫ് കട്ടിലിനടുത്തെ സ്റ്റൂളില്‍‍ എന്നെ തന്നെ നോക്കിയിരിക്കുന്നു.

“നടന്നത് വല്ലോം ഓര്‍മ്മയുണ്ടോടാ നിനക്ക്? സേട്ടുമാരുടെ കയ്യില്‍ നിന്നും തല്ല് കൊള്ളാതെ വണ്ടിയില്‍ കേറ്റി നിന്നെ ഇവിടെ കൊണ്ടെത്തിച്ചതിന്ന് എനിക്ക് ധീരതയ്ക്കുള്ള അവാര്‍ഡ് തരണം”

എന്റെയുള്ളില്‍ തലേന്ന് രാത്രിയിലെ സംഭവങ്ങള്‍ മിന്നിത്തെളിയാന്‍ തുടങ്ങി

“എങ്ങിനെയാടേയ് നീയിനി അവളുടെ മുഖത്ത് നോക്കുക. ഏതായാലും പുറപ്പെട്. ഓഫീസില്‍ രാവിലത്തെ ന്യൂഇയര്‍ ഫംഗ്ഷന് എത്തേണ്ടതാണ്”

ഓഫീസിന് മുന്നില്‍ തോഷിതയുടെ കൈനറ്റിക്ക് ഹോണ്ടയുണ്ട്. എന്റെ നെഞ്ച് പിടയാന്‍ തുടങ്ങി. കോണ്‍ഫ്രന്‍സ് ഹാളില്‍ എല്ലാവരും റെഡിയാണ്.

“മല്ലൂസ് എത്തിയല്ലോ. ഇനി തുടങ്ങാം”; എംഡി സംസാരിക്കാന്‍ തുടങ്ങി.

മധുരം വിതരണം ചെയ്തു എല്ലാവരും പരസ്പരം പുതുവര്‍ഷാശംസകള്‍ പറയുന്നതിന്നിടയില്‍ എനിക്ക് മുന്നില്‍ കൈനീട്ടി തോഷിത.

“ഹാപ്പി ന്യൂ ഇയര്‍”; വിറയലിന്നിടയില്‍ മുക്കാല്‍ ഭാഗവും വിഴുങ്ങിപ്പോയ ഒരു വാചകം എന്റെ വായില്‍ നിന്നും വീണു.

എനിക്കരികിലേയ്ക്ക് അല്‍പ്പം നീങ്ങി നിന്ന് തോഷിത ശബ്ദം താഴ്ത്തി പറഞ്ഞു;

“ഫസ്റ്റ് കിസ്സ് ഓണ്‍ മൈ ലിപ്സ്. എനിക്കിനി ജീവിത്തില്‍ നിന്നെ മറക്കാനാവില്ലല്ലോ”

***

പിന്നെയും ഒരു ന്യൂ ഇയര്‍.
തോഷിത ഇപ്പൊഴും എന്നെ ഓര്‍ക്കുന്നുണ്ടാവുമോ...

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...