Saturday, February 14, 2009

ഏതോ ഒരച്ഛന്‍


ഓഫീസില്‍ എന്റെ സീറ്റിനരികില്‍ വന്ന് ശാലിനി പറഞ്ഞു;

“എടോ താനൊന്ന് നാളെ രാവിലെ റെയില്‍‌വേ സ്റ്റേഷനില്‍ ലേഡിസ് കമ്പാര്‍ട്ട് മെന്റിനരികില്‍ എന്നെ വെയ്റ്റ് ചെയ്യാമോ?”

ഞങ്ങള്‍ രണ്ട് പേരും ഒരേ സ്റ്റേഷനില്‍ നിന്നുമാണ് ട്രെയിന്‍ കയറുന്നത്. ഒരുമിച്ചാണ് ജോലി ചെയ്യുന്നത് എങ്കിലും ട്രെയിന്‍ യാത്ര പെണ്‍ പടയോടൊപ്പം അവള്‍ ലേഡിസ് കമ്പാര്‍ട്ട്മെന്റിലും ആണ്‍ പടയോടൊപ്പം ഞാന്‍ ജനറല്‍ കമ്പാര്‍ട്ട്മെന്റിലുമാണ്.

“എന്താ കാര്യം?”

“പ്ലാറ്റ്ഫോമില്‍ കുറച്ച് ദിവസമായി ഒരാള്‍ എന്നെ ചുറ്റി പറ്റി നിക്കാന്‍ തുടങ്ങിയിരിക്കുന്നു”

“ലവ് ലെറ്റര്‍ തരാനങ്ങാനായിരിക്കും. അതങ്ങ് വാങ്ങിയേക്ക്. തനിക്ക് കല്ല്യാണപ്രായമൊക്കെ ആയല്ലോ”

“ഇയാള് തമാശ വിട്”; ശാലിനി ഗൌരവമായി, “മുമ്പെങ്ങും കണ്ടിട്ടില്ല. പത്തന്‍പത് വയസ്സെങ്കിലും പ്രായം കാണും. ഒന്നും സംസാരിക്കില്ല. അടുത്തേക്ക് വന്ന് മുഖത്തേക്ക് തന്നെ സൂക്ഷിച്ച് നോക്കി നില്‍ക്കും. എനിക്കൊരു ചെറിയ പേടിയുണ്ടോ എന്നൊരു സംശയം”; ഒന്ന് നിര്‍ത്തി ശാലിനി തുടര്‍ന്നു;“ഒന്ന് വിരട്ടി വിടപ്പാ. നമ്മക്കും ആളുണ്ടെന്നറിയട്ടേന്ന്”

രാവിലെ ആറേകാലിന്റെ ലോക്കല്‍ ട്രെയിനിലാണ് ഞങ്ങള്‍ പുറപ്പെടുന്നത്. ഏറ്റവും പുറകിലാണ് ലേഡിസ് കമ്പാര്‍ട്ട്മെന്റ്. ആ സ്റ്റേഷനില്‍ നിന്നും അധികം പെണ്ണുങ്ങളൊന്നും ലോക്കലിന് കേറാനില്ല.

പിറ്റേന്ന് രാവിലെ ശാലിനി ബസ്സിറങ്ങി സ്റ്റേഷനിലേയ്ക്ക് വരുന്നിടത്ത് ഞാന്‍ കാത്ത് നിന്നു. മഴക്കാലമാണ്. ചെറുതായി മഴപെയ്യുന്നുണ്ട്. സ്റ്റേഷനിലേയ്ക്ക് ഒരുമിച്ച് നടക്കുന്നതിന്നിടയില്‍ തിരിഞ്ഞ് നോക്കി ശാലിനി ആളെ കാണിച്ച് തന്നു. മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച ഒരു മദ്ധ്യവയസ്കന്‍ ഞങ്ങളെ പിന്തുടരുന്നുണ്ട്. ഞങ്ങള്‍ നടത്തം നിര്‍ത്തി ഇത്തിരി മാറി നിന്നു. അരികത്തേയ്ക്ക് നടന്നു വരുന്ന അയാള്‍ സൂക്ഷിച്ച് നോക്കുന്നത് എന്നെയാണ്. ഞങ്ങളുടെ അടുത്തെത്തിയതും കയ്യിലെ കീറക്കുട നിലത്തിട്ട് അലറിക്കൊണ്ട് അയാള്‍ എന്റെ കോളറിന്ന് കടന്ന് പിടിച്ചു;

“ദുഷ്ടാ, നീയെന്റെ മോളേം കൊണ്ടു പോവും അല്ലേടാ”

അപ്രതീക്ഷിതമായ അക്രമണമായത് കൊണ്ട് ഞാന്‍ ബാലന്‍സ് തെറ്റി. കുട കയ്യില്‍ നിന്നും തെറിച്ചു പോയി. ബലിഷ്ടമായ പിടുത്തം. ബാലന്‍സ് വീണ്ടെടുത്ത് ശക്തമായി ഞാനയാളെ പിറകോട്ട് തള്ളി. അയാള്‍ പിടിവിടുന്നില്ല. പിടിയും വലിയും കണ്ടാവും ട്രെയിനിലേക്ക് മീന്‍ കയറ്റാന്‍ വന്ന മിനി ലോറിയില്‍ നിന്നും രണ്ട് മൂന്ന് ആളുകള്‍ ഓടിക്കൂടി അയാളെ ഒരു വിധം പിടിച്ച് മാറ്റി.

അന്തം വിട്ട് നില്‍ക്കുകയാണ് ശാലിനി.

റയില്‍‌വേസ്റ്റേഷനിലെ വെയിറ്റിംഗ് റൂമില്‍ നിന്നും ഷര്‍ട്ടിലെ ചെളി കഴുകി കളഞ്ഞ് പുറത്ത് ഓരോ കാപ്പിയും കഴിച്ച് ട്രെയിന്‍ വരുന്നതും കാത്ത് നില്‍ക്കുമ്പോള്‍ ശാലിനി ചോദിച്ചു;

“പാവം. അയാളുടെ മകള്‍ ആരുടെയോ കൂടെ ഓടിപ്പോയി കാണും. അല്ലേ?”

7 comments:

 1. മകള്‍?
  അതോ മകളാണെന്നു തോന്നിയോ?
  സുബോധവും ഭ്രാന്തും ആയി തലനാരിഴയുടെ
  വിത്യാസം മാത്രം!പതിവില്‍ നിന്ന് വിത്യസ്തമായി പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്താല്‍, ഭ്രാന്തിലേക്ക് സ്ഥാനകയറ്റം കൊടുക്കും ജനം.
  താങ്ങാനാവാത്ത റ്റെന്‍ഷന്‍ തിരക്ക് ഒപ്പം എത്താന്‍ കഴിയാത്ത മനുഷന്‍ നിസ്സഹായനാവുന്നു.
  നല്ല അവതരണം .. ആശംസകള്‍!

  ReplyDelete
 2. എനിക്കുതോന്നുന്നത് അവള്‍ തനിക്കിട്ടൊരു പണിതന്നതാണെന്നാണ്‌ :) ചുമ്മാതാ കേട്ടോ, നല്ല കഥ.

  ReplyDelete
 3. നന്നായി പറഞ്ഞിരിക്കുന്ന ഒരു ചെറിയ കഥ.ആ തലക്കെട്ട് സസ്പന്‍സ് കളഞ്ഞില്ലേന്ന് ഒരു സംശയം.

  ReplyDelete
 4. പാവം ആ അച്ഛന്‍..!
  ചെറുതെങ്കിലും നല്ല വൃത്തിയുള്ള കഥ.

  മുസാഫിര്‍ ചൂണ്ടിക്കാണിച്ചത് ശ്രദ്ധിക്കുമല്ലൊ.

  ReplyDelete
 5. സങ്കടപ്പെടുത്തിക്കളഞ്ഞു

  ReplyDelete

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...