Wednesday, February 14, 2007

ഒരു വലന്റിയന്‍സ്‌-ഡേ യുടെ പിറ്റേന്ന്

ഒരു വലന്റിയന്‍സ്‌-ഡേ യുടെ പിറ്റേന്ന്.

പ്യൂണ്‍ രാജേഷ്‌, 'മാശക്ക്‌' പോസ്റ്റുണ്ടെന്നും പറഞ്ഞ്‌ ലാബിലെ മേശമേല്‍ വച്ചിട്ട്‌ പോയ ഒരു കവര്‍ പൊട്ടിച്ച്‌ നോക്കി ഞാന്‍ തരിച്ചുനിന്നു.

ഹൃദയത്തില്‍ അമ്പുകൊണ്ട ചിത്രമുള്ള ഒരു കാര്‍ഡ്‌! അതിന്നടിയിലായി കയ്യക്ഷരത്തില്‍ ഇംഗ്ലീഷില്‍ എഴുതിയ ഒരു കുറിപ്പ്‌- You are my valentine...

അയച്ച ആളുടെ പേരും വിലാസവുമില്ല. കയ്യക്ഷരം പരിചയമുള്ളതല്ല. പാതി പതിഞ്ഞ സീലില്‍ നിന്നും, അയച്ച പോസ്റ്റോഫീസിന്റെ പേരു കഷ്ടിച്ച്‌ വായിച്ചെടുക്കാം- ചാലപ്പുറം.

കുറുക്കന്‍, കൊഞ്ചന്‍, പൊട്ടിത്തെറി, തവള, കുറുനരി, ചാണകം, പെരിച്ചാഴി, മരക്കൊത്തന്‍, പനമെരു,പേപ്പട്ടി തുടങ്ങിയ പല പേരുകളില്‍ കൂടെ കോളെജില്‍ പഠിച്ച ഏതെങ്കിലുമൊരു വന്യമൃഗത്തിന്റെ നേരമ്പോക്കാവാനെ തരമുള്ളൂ എന്നുറപ്പിച്ച്‌ തിടുക്കത്തില്‍ കാര്‍ഡ്‌ മേശവലിപ്പില്‍ ഒളിപ്പിച്ചു വച്ചു.

ഞാനന്ന് കോഴിക്കോട്‌ ഒരു ITC-യില്‍ 'കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ക്ടര്‍'. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്‌, വെല്‍ഡര്‍, ഫിറ്റര്‍, കമ്പ്യൂട്ടര്‍ തുടങ്ങി പല ട്രേഡുകളിലായി പത്തറനൂറ്‌ കുട്ടികള്‍ പഠിക്കുന്നു. കമ്പ്യൂട്ടര്‍ ഒഴിച്ച്‌ മറ്റൊരു ട്രേഡിനും പഠിക്കാന്‍ പെണ്‍കുട്ടികള്‍ ഇല്ല എന്നതുകാരണം, കിട്ടുന്ന അവസരങ്ങളിലൊക്കെയും ആണ്‍പിള്ളേര്‍ പട ലാബിനുവെളിയില്‍ ടോം സോയര്‍ സ്റ്റൈലില്‍ പലവിധ അഭ്യാസ പരിപാടികളുമായി ചുറ്റിക്കറങ്ങി നടക്കുന്നുണ്ടാവും.

ദിവസം മുഴുവന്‍ എന്റെ ചിന്തകള്‍ ആ കാര്‍ഡിനെ കുറിച്ചായിരുന്നു. നാട്ടില്‍ വലന്റിയന്‍സ്‌-ഡേ അത്രയൊന്നും പ്രചാരത്തിലായിട്ടില്ലാത്ത സമയം. മാനാഞ്ചിറയക്കടുത്തുള്ള 'കാര്‍ഡ്സ്‌ കോര്‍ണര്‍' എന്ന കടയില്‍ അധികം സെലക്ഷനുകളില്ലാതെ കിട്ടുമായിരുന്ന വളരെകുറച്ച്‌ കാര്‍ഡുകള്‍ മാത്രമായിരുന്നു, കോഴിക്കോടുകാരന്റെ വലന്റയിസ്‌-ഡേ ആഘോഷത്തിനുള്ള ഒരേയൊരാശ്രയം.

വൈകുന്നേരം സഹപ്രവര്‍ത്തകരും കുട്ടികളും പോയതിന്‌ ശേഷം കാര്‍ഡ്‌ പുറത്തെടുത്ത്‌ മുക്കിനും മൂലയ്കും അരിച്ചുപെറുക്കി പരിശോധിച്ചു. ആരാണെന്ന് എങ്ങും ഒരു സൂചനപോലുമില്ല. ജീവിതത്തില്‍ അന്നേവരെയുള്ള എല്ലാ പ്രണയാന്വേഷണ പരീക്ഷകളിലും പരാജിതനായ എനിക്ക്‌ ആരായിരിക്കും ഇതയച്ചത്‌....

രണ്ടുദിവസം കഴിഞ്ഞ്‌ റിസപ്ഷനില്‍ എനിക്കൊരു ഫോണ്‍ കാള്‍. അങ്ങേത്തലയ്ക്‌ പരിചയമില്ലാത്ത ഒരു പെണ്‍ ശബ്ദം. ആരാണെന്ന എന്റെ അന്വേഷണത്തിനു മറുപടി മറ്റൊരു ചോദ്യം-
"എന്നെ മനസ്സിലായില്ല?"
"ഇല്ല"
"ഞാനൊരു കാര്‍ഡയച്ചിരുന്നു. കിട്ടിയോ?"
അപ്പോള്‍ ഇവളാണവള്‍. ചെറുതായൊന്നു വിറച്ചെങ്കിലും ധൈര്യം സംഭരിച്ച്‌ ഞാന്‍ ചോദിച്ചു-
"ആരാണിത്‌? എവിടെനിന്നാണ്‌?"
"ഇവിടെ അടുത്തുനിന്നും തന്നെ. പക്ഷേ ആരെന്ന് പറയില്ല. കണ്ടുപിടിയ്ക്ക്‌"
"അതിപ്പോ, ആര്‌ എവിടെ എന്നൊക്കെ അറിയാന്‍..." ഞാന്‍ പറഞ്ഞുമുഴുവിപ്പിക്കുന്നതിന്നു മുന്‍പവള്‍ പറഞ്ഞു-
"ഇയാളുടെ പേരും വിലാസവുമൊക്കെ ഞാന്‍ കണ്ടുപിടിച്ചല്ലോ, ഒന്നു ശ്രമിച്ചുനോക്കു. ഞാന്‍ പിന്നീട്‌ വിളിക്കാം"

പിന്നീടങ്ങോട്ട്‌ മിക്കവാറും ദിവസങ്ങളില്‍ ഉച്ചതിരിഞ്ഞ്‌ അവള്‍ വിളിക്കും. കേള്‍ക്കാന്‍ സുഖമുള്ള ശബ്ദത്തില്‍ സാഹിത്യം, രാഷ്ട്രീയം, പ്രണയം, സിനിമ, പാട്ടുകള്‍, കമ്പ്യൂട്ടറുകള്‍ തുടങ്ങി എന്തിനെക്കുറിച്ചും സംസാരിക്കും. ചിലപ്പോള്‍ ആശയങ്ങളുടെ പേരില്‍ വാക്തര്‍ക്കമുണ്ടാക്കി, പിണങ്ങിപ്പിരിയും.

നയത്തില്‍ സംസാരിച്ച്‌ ആളാരാണെന്നു കണ്ടുപിടിക്കാനുള്ള എന്റെ എല്ലാ ശ്രമങ്ങളും ദയനീയമായി പരാജയപ്പെടുകയായിരുന്നു. കോളര്‍ ഐഡി എന്നുള്ള സങ്കല്‍പം പോലും ടെലിഫോണ്‍ ഡിപ്പാര്‍ട്ടുമെന്റിനില്ലാതിരുന്ന കാലം. പ്രണയകാര്യങ്ങളില്‍ നിപുണരായ അടുത്ത സുഹൃത്തുക്കള്‍ വരെ ഉപദേശങ്ങളൊന്നും നല്‍കാനാവാതെ കുഴങ്ങി നിന്നു. ആളറിയാവുന്ന, സംശയമുള്ള കുറച്ചു പേരുടെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ചുവെങ്കിലും അതും ഫലവത്തായില്ല. വഴിയില്‍ കാണുന്ന ഏതൊരു പെണ്‍കുട്ടിയെയും അവളായിരിക്കുമോ എന്ന് ഞാന്‍ സംശയിച്ചു തുടങ്ങി.

ഒടുവില്‍ എന്നെങ്കിലുമൊരിക്കല്‍ അവള്‍ മുന്നില്‍ വരുമെന്നുറപ്പിച്ച്‌ ആളെക്കണ്ടുപിടിക്കാനുള്ള എന്റെ ശ്രമങ്ങളുപേക്ഷിച്ച്‌ ഞാനവളുടെ ഫോണ്‍ വിളികള്‍ക്കായി കാത്തിരുന്നു.

മാസങ്ങള്‍ കഴിഞ്ഞു. ഒരിക്കല്‍ ഞാനവളോട്‌ ചോദിച്ചു- എന്താണിയാളുടെ ഉദ്ദേശം, എന്തിനാണിങ്ങനെ മറഞ്ഞിരിക്കുന്നത്‌ എന്ന്. അവള്‍ മറുപടി പറഞ്ഞു-
"ഉദ്ദേശം പ്രണയം. മറഞ്ഞിരിക്കുന്നത്‌ ഒരിക്കല്‍ കാണുമ്പോള്‍ അത്ഭുതപ്പെടുത്തുവാന്‍..."

ഓരോ വിളികളിലും അവളെന്നെ അല്‍ഭുതപ്പെടുത്തുകയായിരുന്നു. ചില ദിവസങ്ങളില്‍ ഞാന്‍ ധരിച്ച ഷര്‍ട്ടിന്റെ നിറം, റയില്‍വേസ്റ്റേഷനില്‍ നിന്നും ഇന്‍സ്റ്റിറ്റ്യൂട്ടിലേയ്ക്‌ വന്ന ബസ്സിന്റെ പേര്‍, ലിങ്ക്‌ റോഡിലെ റസ്റ്റോറണ്ടില്‍ ഞാനിരുന്ന സീറ്റ്‌, കൂടെയുണ്ടായിരുന്ന കൂട്ടുകാര്‍ എല്ലാമവള്‍ കൃത്യമായി പറയും. എന്റെ മാതാപിതാക്കള്‍, സഹോദരങ്ങള്‍ അവരുടെ കുടുംബം, കുഞ്ഞുങ്ങളുടെ പേരുകള്‍ തുടങ്ങി കുടുംബ കാര്യങ്ങള്‍ വരെ അവള്‍ക്കറിയാം.

സാവധാനത്തില്‍ ഞാനറിയുകയായിരുന്നു- എന്റെ സ്വകാര്യതകള്‍ എനിക്ക്‌ നഷ്ടമാവുകയാണെന്ന്. റയില്‍വേസ്റ്റേഷനിലെ തിരക്കില്‍, ഓടുന്ന വണ്ടിയില്‍, സിനിമാടിക്കറ്റ്‌ കൗണ്ടറിനുമുന്നിലെ ക്യൂവില്‍, ക്ലാസില്‍ എന്നെ തന്നെ നോക്കിയിരിക്കുന്ന സ്റ്റുഡന്‍സിന്റെ കൂട്ടത്തില്‍, സുഹൃദ്‌ സംഘങ്ങളില്‍ എല്ലാം എന്നെ ആരോ പിന്തുടരുന്നതുപോലെ. ആരോ എനിക്ക്‌ തൊട്ടുപിന്നില്‍ നിഴലായി നില്‍ക്കുന്നതുപോലെ.

കാത്തിരിക്കുമായിരുന്ന അവളുടെ വിളികള്‍ പതുക്കെപ്പതുക്കെ എന്നെ അലോസരപ്പെടുത്താന്‍ തുടങ്ങി. ഒരു ദിവസം ഞാനവളോട്‌ പറഞ്ഞു.

"ഒന്നുകില്‍ എന്നെ കാണാനനുവദിക്കുക. അല്ലെങ്കില്‍ നമുക്കിതവസാനിപ്പിക്കാം"

അടുത്ത തവണ വിളിച്ചപ്പോള്‍ ഇത്രയും നാള്‍ അജ്ഞാതയായിരുന്നതിലും വല്ലാതെ ക്ഷമ പരിശോധിച്ചതിനുമവള്‍ മാപ്പുപറഞ്ഞു. താന്‍ ഗവണ്‍മന്റ്‌ ആര്‍ട്സ്‌ കോളെജില്‍ BSC-യ്ക്ക്‌ അവസാന വര്‍ഷം പഠിക്കുകയാണെന്നും, വീട്‌ വെസ്റ്റ്‌ഹില്‍ ആണെന്നും അടുത്ത വെള്ളിയാഴ്ച വൈകീട്ട്‌ നാലുമണിക്ക്‌ MCC ബാങ്ക്‌ സ്റ്റോപ്പില്‍ നേരില്‍ക്കാണാമെന്നുമവള്‍ പറഞ്ഞപ്പോള്‍ തലയിലെ ഭാരം അയയുന്നത്‌ ഞാന്‍ വ്യക്തമായും അറിയുകയായിരുന്നു. പേര്‌ പറയാന്‍ നിര്‍ബ്ബന്ധിച്ചപ്പോള്‍ ചിരിച്ചുകൊണ്ടവള്‍ പറഞ്ഞു-

"നേരില്‍ കാണുമ്പോള്‍ ചോദിക്കാന്‍ എന്തെങ്കിലുമൊന്ന് വേണ്ടേ? ഞാനതപ്പോള്‍ പറഞ്ഞാല്‍ പോരെ?"

അന്നൊരു ചൊവ്വാഴ്ച. അടുത്ത രണ്ട്‌ ദിവസങ്ങള്‍ തള്ളിനീക്കുമ്പോഴായിരുന്നു, ദിവസങ്ങള്‍ക്കിത്രയും ദൈര്‍ഘ്യമുണ്ടെന്ന് ഞാനറിഞ്ഞത്‌.

വെള്ളിയാഴ്ച വൈകീട്ട്‌ നാലുമണിയില്‍ നിന്നും സമയം ആറുമണിയിലേയ്കെത്തിയപ്പോള്‍ MCC ബാങ്ക്‌ ബസ്സ്‌ സ്റ്റോപ്പില്‍, പതുക്കെപ്പതുക്കെ ഞാന്‍ തിരിച്ചറിയുകയായിരുന്നു, ജീവിതത്തിലാദ്യമായി ഞാനന്ന് ഒരുപെണ്ണിനുമുന്നില്‍ വിഢിയാക്കപ്പെടുകയായിരുന്നുവെന്ന്‌.

എനിക്കുമുന്നിലൂടെ കടന്നുപോയ ഏതെങ്കിലുമൊരു ബസ്സില്‍, അല്ലെങ്കില്‍ ഒരോട്ടോയില്‍ അവളതുകണ്ട്‌ ഊറിച്ചിരിച്ചിരിക്കണം.

അടുത്ത തിങ്കളാഴ്ച ഞാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജോലി രാജിവച്ചു. ചൊവ്വാഴ്ച തന്നെ ബാംഗ്ലൂരിലുള്ള സുഹൃത്തുക്കളുടെ അടുത്തേക്ക്‌ പോകാന്‍ ടിക്കറ്റ്‌ ബുക്ക്ചെയ്ത്‌ രാത്രിയില്‍ അച്ഛനുമൊന്നിച്ച്‌ ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ ഫോണ്‍ ബെല്ലടിച്ചു.

അങ്ങേത്തലയ്ക്കല്‍ അവള്‍, അജ്ഞാത.

"മനോജ്‌, ക്ഷമിക്കണം..." അവള്‍ പറഞ്ഞുതുടങ്ങുന്നതിന്ന് മുമ്പേ നാളതുവരെ എന്റെ അച്ഛനമ്മമാര്‍ എന്നില്‍നിന്നും കേള്‍ക്കാത്തത്ര ഉച്ചത്തില്‍ ഞാനെന്തോക്കെയോ അട്ടഹസിച്ചു.

കലിപിടിച്ച്‌, വിറച്ച്‌, വിയര്‍ത്ത്‌ ഫോണ്‍ വച്ച്‌ തിരിഞ്ഞപ്പോള്‍ സ്തബ്ധരായി എനിക്കുമുന്നില്‍ നില്‍ക്കുകയാണ്‌ അച്ഛനും അമ്മയും.

(പതിമൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു വലന്റിയന്‍സ്‌-ഡേ യുടെ ഓര്‍മ്മയ്ക്ക്‌)

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...