Thursday, December 24, 2015

രാജ്യം, കേരളം.

കഴിഞ്ഞ ദിവസം ഒരു സുഹൃത്തിന്റെ ഫ്ലാറ്റില്‍ കൃസ്തുമസ്സ് കരോളിനു പോയി.

കരോള്‍ സംഘത്തിനൊപ്പം യു.എസ്സില്‍ നിന്നും ബ്രസ്സീലില്‍ നിന്നും വന്ന രണ്ട് അച്ഛന്മാര്‍ അഥിതികളായി ഉണ്ട്. ഞാന്‍ എത്തുമ്പോഴേക്കും ഗായകസംഘം കരോള്‍ ഗാനങ്ങള്‍ ആലപിച്ച് തുടങ്ങിയിരുന്നു. അലങ്കാരദീപങ്ങളുടെ പ്രകാശത്തില്‍,  വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഉണ്ണിയേശുവിന്റെ ജനനത്തെ പ്രകീര്‍ത്തിച്ച് അവര്‍ മനോഹരമായി പാടി. ശേഷം ബ്രസ്സീലില്‍ നിന്നു വന്ന അച്ഛന്റെ വക രസകരമായ ഒരു ലഘു പ്രഭാഷണം.

ഭക്ഷണത്തിനു മുന്‍പുള്ള ഇടവേളയില്‍ ആഥിതേയന്‍ എന്നെ ബ്രസീലച്ഛനു പരിചയപ്പെടുത്തി. അദ്ദേഹം സൗമ്യമായി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു;
"കേരളത്തില്‍ നിന്ന് തന്നെയാവും, അല്ലേ?"
ഞാന്‍ അതേ എന്ന് ഉത്തരം പറഞ്ഞു.

അച്ഛന്‍ മിഡില്‍ ഈസ്റ്റില്‍ എത്തിയിട്ട് കുറച്ച് മാസങ്ങളേ ആയുള്ളൂ. ഇവിടുത്തെ പോസ്റ്റോഫിസില്‍ ആദ്യമായി ചെന്നപ്പോഴുണ്ടായ ഒരു അനുഭവം അദ്ദേഹം പങ്കുവച്ചു.

"ഓരോ രാജ്യങ്ങളിലേക്കുമുള്ള കത്തുകള്‍ നിക്ഷേപിക്കാനായി പ്രത്യേകം പ്രത്യേകം ബോക്സുകള്‍ അവിടെ വച്ചിട്ടുണ്ട്, അമേരിക്ക, ഇറ്റലി, ഫ്രാന്‍സ്, ബ്രസീല്‍, ഇന്ത്യ... അങ്ങിനെ. ആ കൂട്ടത്തിലാണു 'കേരള' എന്നെഴുതിയ ഒരു ബോക്സ് ഞാന്‍ കാണുന്നത്. എത്രതന്നെ ആലോചിച്ചിട്ടും ആ പേരിലൊരു രാജ്യം ഞാന്‍ എവിടെയും കേട്ടതായി ഓര്‍മ വന്നില്ല. ഒടുവില്‍ കൂടെയുണ്ടായിരുന്ന ആളോട് തിരക്കിയപ്പോഴാണു മനസ്സിലായത്, അത് ഇന്ത്യയിലെ ഒരു സ്റ്റേറ്റ് ആണു എന്ന്.  ഒരു കാര്യം കൂടെ എനിക്കപ്പോള്‍ മനസ്സിലായി, എന്തുമാത്രം കേരളയിറ്റ്സുകള്‍ ഇവിടെ ഉണ്ടായിരിക്കും എന്ന്..."

Sunday, November 29, 2015

ചമ്പ

വൈക്കം ചന്ദ്രശേഖരന്‍ നായര്‍ 'കുമാരി' വാരികയില്‍ എഴുതിയ ആ ത്രില്ലര്‍ വായിക്കുമ്പോള്‍ ഞാന്‍ പഠിക്കുന്നത് എട്ടിലോ ഒമ്പതിലോ.

മാതൃഭൂമി, ഡിസി ബുക്സ്, ഇന്ദുലേഖ തുടങ്ങിയ മലയാളത്തിലെ ഓണ്‍ലൈന്‍ പുസ്തകശാലകളിലൊക്കെയും  ഈ പുസ്തകം തിരഞ്ഞെങ്കിലും എവിടെയും കണ്ടെത്താനായില്ല. അന്വേഷിച്ച് അയച്ച മെയിലിനു ഡിസി ബുക്സില്‍ നിന്നും ഒരു മറുപടി വന്നു-  'താങ്കള്‍ അന്വേഷിച്ച പുസ്തകം ഞങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടില്ല. എങ്കിലും പുസ്തകത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ കിട്ടുമെങ്കില്‍ താങ്കളെ അറിയിക്കുന്നതാണു'

മാര്‍ട്ടിന്‍ എന്ന ഫോട്ടോഗ്രാഫറെയും, അയാള്‍ ഉള്‍പ്പെട്ട ഒരു യാത്രാസംഘത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ചമ്പ എന്ന യക്ഷിയെയും, പത്ത് മുപ്പത്തഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറത്തും ഓര്‍ക്കുമ്പോള്‍ അന്ന്, ആ ത്രില്ലര്‍ വായിക്കോമ്പോഴനുഭവിച്ച അതേ വികാരതീവ്രത ഞാന്‍ അനുഭവിക്കുന്നു.

വൈക്കം ചന്ദ്രശേഖരന്‍ നായരുടെ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ ലിസ്റ്റിലൊന്നും 'ചമ്പ' ഇല്ല.

ഇനി ഒരിക്കല്‍ കൂടെ 'ചമ്പ' വായിക്കാനൊക്കുമോ എന്തോ :(

Saturday, October 31, 2015

റാഗിംഗ്

വസന്തമൊഴിഞ്ഞ ഉദ്യാനം പോലെയായിരുന്നു, അക്കാലത്ത് മടപ്പള്ളി കോളേജില്‍ ഉച്ചതിരിഞ്ഞുള്ള ഷിഫ്റ്റിലെ പ്രിഡിഗ്രി ക്ലാസ്സുകള്‍.

മിക്സഡ്‌ ഡിഗ്രി, പിജി ക്ലാസ്സുകളും, പെണ്‍കുട്ടികളും ഉയര്‍ന്ന മാര്‍ക്ക് നേടിയ വളരെ കുറച്ച് ആണ്‍കുട്ടികളും മാത്രമുള്ള പ്രീഡിഗ്രി ക്ലാസ്സുകളും ഉച്ചയോടെ അവസാനിക്കും. ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റില്‍ ആണ്‍കുട്ടികളുടെ പ്രീഡിഗ്രി ക്ലാസ്സുകള്‍ മാത്രം.  പെണ്‍കുട്ടികളുടെ വാടിയ മുടിപൂക്കളും, മുടികുത്തികളും, സ്റ്റിക്കര്‍ പൊട്ടുകളും, വളപ്പൊട്ടുകളും വീണുകിടക്കുന്ന ക്ലാസ്സുമുറികളിലേക്കായിരുന്നു, എന്നും ഞങ്ങള്‍, നിര്‍ഭാഗ്യവാന്മാരായ ആണ്‍കുട്ടികള്‍ നെടുവീര്‍പ്പുകളോടെ പ്രവേശിക്കുക.

ഓര്‍ക്കാട്ടേരി ഹൈസ്കൂളില്‍ കൂടെ പഠിച്ചിരുന്ന ഒട്ടുമിക്ക ആണ്‍ പടയുമായായിരുന്നു, മടപ്പള്ളി കോളേജില്‍ എന്റെ പ്രീഡിഗ്രി പ്രവേശനം. ഉച്ചമയക്കത്തിന്റെ ആലസ്യമുള്ള ക്ലാസ്സ്മുറികളുടെ മടുപ്പില്‍ നിന്നും രക്ഷനേടാന്‍ ഞങ്ങള്‍ ക്ലാസ്സുകള്‍ കട്ട് ചെയ്ത് മാറ്റിനിക്ക് പോവുകയോ, ഒഴിഞ്ഞ ക്ലാസ്സുമുറികളില്‍ താവളമടിച് ബീഡിയും പുകച്ച് വര്‍ത്തമാനം പറയുകയോ, പാട്ടുപാടുകയോ, ബഞ്ചുകളില്‍ കിടന്നുറങ്ങുകയോ ആയിരുന്നു പതിവ്.

പക്ഷേ രണ്ടാം വര്‍ഷമായപ്പോഴേക്കും കാര്യങ്ങള്‍ മാറി മറിഞ്ഞു. വളരെ ദൂരെ നിന്നുമുള്ള പ്രദേശങ്ങളില്‍ നിന്നും പ്രീഡിഗ്രി ക്ലാസ്സുകളിലേക്ക്  വന്നിരുന്ന ആണ്‍കുട്ടികളെ രാവിലത്തെ ഷിഫ്റ്റിലേക്ക് മാറ്റി, സമീപപ്രദേശങ്ങളില്‍ നിന്നും വരുന്ന പെണ്‍കുട്ടികളെ വൈകുന്നേരത്തെ ഷിഫ്റ്റിലേക്ക് കൊണ്ടുവന്ന്‍ അധികൃതര്‍ ക്ലാസ്സുകള്‍ പുനക്രമീകരിച്ചു. മരുഭൂമിയില്‍ പൊടുന്നനെ പെയ്ത മഴപോലെ പെണ്‍കുട്ടികളുടെ ആ  വരവ് ഞങ്ങളുടെ മനവും നിനവും കനവും കുളിര്‍പ്പിച്ചു. അതുവരെ വിരലിലെണ്ണാവുന്ന ആണ്‍കുട്ടികള്‍ മാത്രം അറ്റന്‍ഡ് ചെയ്തിരുന്ന കൊമേഴ്സ്‌, ഹിസ്റ്ററി ക്ലാസുകളിലൊക്കെയും ആണ്‍കുട്ടികളുടെ തിക്കും തിരക്കും കാരണം ഇരിക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥയായി. ക്ലാസുമുറികളിലെങ്ങും റോക്കറ്റുകളും, പ്രണയലേഖനങ്ങളും,  പ്രണയഗാനങ്ങളും, വിരഹഗാനങ്ങളും പറന്നു നടന്നു.

അതുവരെ ഉച്ചയ്ക്ക് വീട്ടില്‍ പോവുമായിരുന്ന ഡിഗ്രി വിദ്യാര്ത്ഥികളായ ആണ്‍കുട്ടികള്‍, ഉച്ചതിരിഞ്ഞുള്ള ഷിഫ്റ്റിലേക്ക് മാറിയ പല പെണ്‍കുട്ടികളെയും ചുറ്റിപറ്റി വീട്ടില്‍ പോകാതെ വൈകുന്നേരം വരെ ക്യാമ്പസില്‍ തിരിഞ്ഞുകളിക്കാനും ഇതോടെ ആരംഭിച്ചു. സീനിയേഴ്സ് എന്ന അധികാരം കാണിച്ച് അവളോടു മിണ്ടരുത്, ഇവളോട്‌ മിണ്ടരുത്, അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്നിങ്ങനെയുള്ള ആജ്ഞകള്‍ പുറപ്പെടുവിച്ച് ഇവന്മാര്‍ ഞങ്ങള്‍ക്ക് പിന്നില്‍ ഭീഷണികളുമായി സദാ കറങ്ങി നിന്നു. ഏതോ നിസ്സാര കാര്യത്തിന് ഞങ്ങളുടെ ടീമിലെ ഒരാളെ കയ്യേറ്റം ചെയ്യാനൊരുങ്ങിയ ഒരു സീനിയര്‍ സംഘത്തിനെ ചോദ്യം ചെയ്യുകയും അവര്‍ക്കെതിരെ ആട്സ് ബ്ലോക്കുടനീളം പോസ്റ്ററെഴുതി ഒട്ടിക്കുകയും ചെയ്തതോടെ ഞാന്‍ അവരില്‍ ചിലരുടെ നോട്ടപ്പുള്ളിയായി. പത്തിരുപത് പേരുള്ള കൂട്ടുകാരുടെ വലയത്തിനുള്ളില്‍ സുരക്ഷിതനായി നിന്ന്‍, കിട്ടിയ അവസരങ്ങളിലോക്കെയും ഞാനവരെ കൊട്ടിക്കൊണ്ടേയിരുന്നു. ഓഡിറ്റോറിയത്തിലും, ക്ലാസ്സുമുറികളിലും, താഴത്തെ ഹോട്ടലുകളികളിലും, കോളെജിലേക്കുള്ള ബസ്സുകളിലും വച്ച് പലപ്പോഴായി ഞങ്ങളുടെ സംഘങ്ങള്‍ ഒന്നും രണ്ടും പറഞ്ഞ് പരസ്പരം ഉരസി.

എന്റെ നിര്‍ഭാഗ്യത്തിന്റെ ദിനമായിരുന്നു, അന്ന്‍.
സുഹൃത്തുക്കള്‍ക്കൊപ്പം ഒരു ഒഴിഞ്ഞ ക്ലാസ്സുമുറിയില്‍ വര്‍ത്തമാനം പറഞ്ഞിരിക്കുന്നതിനിടയില്‍ പുറത്തെ പൈപ്പില്‍ വെള്ളം കുടിക്കാന്‍ പോയ എന്നെ, സീനിയര്‍ സംഘം വായ പൊത്തി പൊക്കിയെടുത്ത്  രണ്ടാം വര്‍ഷ ഫോര്‍ത്ത് ഗ്രൂപ്പ് ക്ലാസുമുറിയില്‍ കൊണ്ടുപോയി നിര്‍ത്തി കതകടച്ചു. ലാംഗ്വേജ് ക്ലാസ്സിനായി, പെണ്‍കുട്ടികളടക്കം എണ്‍പത്തില്‍ പരം വിദ്യാര്‍ഥികള്‍ നിരന്നിരിക്കുന്ന ആ ക്ലാസ്സില്‍,  ഇന്ന്‍ നിങ്ങള്‍ അനാട്ടമി പഠിക്കാന്‍ പോകുന്നു എന്ന്‍ പ്രഖ്യാപിച്ച്, എന്റെ ചെറുത്തുനില്‍പുകള്‍ നിഷ്ഫലമാക്കി അവന്മാര്‍ ബലാല്‍ക്കാരമായി എന്റെ ഷര്‍ട്ടൂരി വലിച്ചെറിഞ്ഞു.  എന്റെ വെള്ള ബനിയനില്‍ ഒരുവന്‍ പേനകൊണ്ട് ഹൃദയവും ശ്വാസകോശവും അടയാളപ്പെടുത്തി പുകവലി ശ്വാസകോശത്തെ എങ്ങിനെ ബാധിക്കുന്നു എന്നതിനെ കുറിച്ച് ക്ലാസ്സെടുക്കാന്‍ തുടങ്ങി. ആര്‍ത്തു ചിരിക്കുന്ന കുട്ടികളുടെ മുന്നില്‍ മാനം പോയി ചൂളി നിന്ന എന്റെ ബനിയനും അവന്മാര്‍ ഊരി എടുത്തു. തുടര്‍ന്ന്‍ എന്റെ പാന്‍റ് ഊരാനുള്ള അവരുടെ ശ്രമത്തിനിടയിലാണ് ആരോ വിവരമറിയിച്ച് പാഞ്ഞെത്തിയ എന്റെ കൂട്ടുകാര്‍ ജനലുകളിലൂടെ ക്ലാസിലേക്ക് ഇരച്ച് കയറിയത്. കയ്യേറ്റവും ബഹളവും നടക്കുന്നതിനിടയില്‍ ആരൊക്കെയോ ചേര്‍ന്ന്‍ എന്നെ പുറത്തെത്തിച്ചു. താഴെ ബാലേട്ടന്റെ ചായക്കടയില്‍ കൂട്ടുകാരുടെ ആശ്വസിപ്പിക്കലുകള്‍ക്കിടയില്‍ ഇരിക്കുമ്പോഴാണ്, റാഗിംഗ് എന്നാല്‍ കിട്ടുന്നത് തിരിച്ചുകൊടുക്കാനുമുള്ളതാണ് എന്ന ഒരു മൂഡവിശ്വാസം എന്നില്‍ ഉടലെടുത്തത്.

ന്യായികരണങ്ങള്‍ എന്തൊക്കെ നിരത്തിയാലും ചില തെറ്റുകള്‍ക്ക് കാലം ഒരിക്കലും മാപ്പു നല്‍കില്ല.

എന്നിരിക്കിലും അവിവേകങ്ങള്‍ കൊണ്ട് പറ്റിയ തെറ്റുകള്‍ക്ക് മാപ്പ്.

Friday, September 11, 2015

ഊസുക്ക

ഊസുക്കാൻറെ കടയിലെ പറ്റ് കൂടി കൂടി വന്നാല്‍ ഞാന്‍ ദേവേട്ടൻറെ കടയില്‍ പറ്റ് തുടങ്ങും. മാസാദ്യം വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന കാശില്‍നിന്നും ഊസുക്കാൻറെ പറ്റ് തീര്‍ക്കണമെന്നൊക്കെ കരുതുമെങ്കിലും, വകമാറി ചിലവാക്കല്‍ കാരണം സാധാരണയായി ഒന്നും പ്ലാന്‍ ചെയ്തത് പോലെ നടക്കാറില്ല. പറ്റിൻറെ കാര്യത്തില്‍ ഊസുക്കയെ പോലല്ല, ദേവേട്ടന്‍. ഇടക്കിടെ കണക്ക് അവതരണമുണ്ട്. മാസാവസാനം എന്തെങ്കിലുമൊക്കെ കൊടുത്ത് വേണം ക്യാരി ഫോര്‍‌വേഡ് ചെയ്യാന്‍. അല്ലെങ്കില്‍ കണക്കവതരണം കടയില്‍ വല്ലതും വാങ്ങാന്‍ വരുന്ന പെമ്പിള്ളാരുടെ മുന്നില്‍ വച്ചൊക്കെ അങ്ങ് ആയിപ്പോകും. നമുക്കാണെങ്കില്‍ കടം വേറെ, മാനം വേറെ.
ഒരു ചെറിയ സൈക്കിള്‍ കടയാണേലും പറ്റ് എത്ര കേറിയാലും ഊസുക്ക കണക്ക് പറയില്ല. സൈക്കിൾ കടക്ക് പിന്നിലെ ഫ്ലോര്‍മില്ലാണു മൂപ്പരുടെ പ്രധാന വരുമാന സ്രോതസ്സ്. സൈക്കിള്‍ കട ഞങ്ങള്‍ ചെക്കന്മാര്‍ക്ക് ഒരു ഉപകാരത്തിനിരിക്കട്ടെ എന്ന ലൈനില്‍ തുടങ്ങിയതാണു എന്നെനിക്ക് പലപ്പോഴും തോനിയിട്ടുണ്ട്. ഒഴിഞ്ഞ സിഗററ്റ് കൂടുകള്‍ പൊളിച്ച് നിവര്‍ത്തി കാര്‍ഡാക്കി, അതിന്റെ പിന്നിലാണു മൂപ്പരുടെ കണക്കെഴുത്ത്. കാര്‍ഡിൻറെ മുകളില്‍ ഓരോരുത്തരുടെയും പേരെഴുതി, അതിനു താഴെയായി അതാത് തീയതിക്ക് നേരെ സിഗററ്റ് ഇത്ര, സോഡ ഇത്ര, സര്‍ബത്ത് ഇത്ര, മാംഗോ ബൈറ്റ് ഇത്ര, ബബിള്‍ഗം ഇത്ര എന്നൊക്കെ കൃത്യമായി എഴുതി, കാര്‍ഡുകള്‍ റബ്ബര്‍ബാന്‍ഡിട്ട് കുടുക്കി മേശവലിപ്പില്‍ നിക്ഷേപിക്കും. എൻറെ മുങ്ങല്‍ പരിപാടി എങ്ങിനെയോ മനസ്സിലാക്കിയ ഊസുക്ക ഒരു ദിവസം എന്നെ പൊക്കി;
"പൈസ യ്യ് കയ്യിമ്മല്‍ ണ്ടാവുമ്പം തന്നാമതി. ഇൻറെട്ത്ത് കൊറവ് വിചാരിക്കേണ്ട"
വല്ലപ്പോഴെങ്കിലുമേ പറ്റ്കാശ് കൊടുക്കൂ എങ്കിലും ഊസുക്കയ്ക്ക് എന്നെക്കൊണ്ട് ചില്ലറ ഉപകാരങ്ങളും ഉണ്ട്. ആഴ്ചയ്ക്ക് രണ്ട് ദിവസം കടയിലേക്ക് സിഗററ്റും മിഠായികളും മറ്റ് അല്ലറചില്ലറ സാധനങ്ങളും വാങ്ങിക്കാന്‍ ഊസുക്ക ടൗണില്‍ പോകുമ്പോള്‍ എന്നെയാണു കടയിലിരുത്തുക. ക്ലാസ്സ് ടൈമിലായത് കൊണ്ട് കടയില്‍ വലിയ കച്ചവടമൊന്നും കാണില്ല. പ്രസാദോ പ്രസിയോ ഹരീഷോ ഒക്കെ മിക്കവാറും എനിക്ക് കൂട്ടുണ്ടാവും. ഞങ്ങള്‍ സിഗററ്റും ബീഡിയുമൊക്കെ പുകച്ച്, കടയ്ക്ക് പിന്നിലിട്ട ചെറിയ മരബെഞ്ചില്‍ തിക്കിയിരുന്ന് വര്‍ത്തമാനം പറഞ്ഞ് സമയം കളയും. കോളെജിലെ പിള്ളേരാരെങ്കിലും അത്യാവശ്യത്തിനു വല്ലതും വാങ്ങാന്‍ കടയ്ക്ക് നേരെ വന്നാല്‍ തന്നെ ഞങ്ങളെ കണ്ട് പെട്ടന്ന് വഴിമാറി നടന്നു പൊയ്ക്കോളും.
ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കുന്ന ചങ്ങാതിമാര്‍ക്ക് ബീഡിവാങ്ങിക്കാന്‍ ചെന്ന ഒരു വൈകുന്നേരം ഊസുക്ക എന്നോട് ഒരു കള്ളച്ചിരിയോടെ ചോദിച്ചു;
"യ്യ് ആരെയോ കുസലാക്കാന്‍ നോക്കുന്നുണ്ടൂന്ന് കേട്ടല്ലോ"
"ഏയ്... നമ്മക്കങ്ങിനത്തെ എടപാടൊന്നും ഇല്ല ഊസുക്കാ..."; ഞാന്‍ മെല്ലെ തടിയൂരാന്‍ നോക്കി
"അത് പോട്ടെ മോനെ. ഓളെ ഇയ്ക്ക് നല്ലോണം അറിയാം. ഇന്ന് ആ മഞ്ഞക്കുപ്പായോം ഇട്ടോണ്ട് വന്ന..."
ഞാന്‍ ഞെട്ടി. ഈശ്വരാ... കൂട്ടത്തിലുള്ള ആരോ പാര പണിതിട്ടുണ്ട്.
"അനക്കെന്താ അത് പറ്റൂലേ.."; ഊസുക്ക വിടാനുള്ള ഭാവമില്ല; "യ്യ് ഓളോട് സംഗതി പറഞ്ഞോ?"
ഇനി ഒളിച്ചിട്ട് കാര്യമില്ല. ഞാന്‍ സത്യസന്ധമായി മറുപടി പറഞ്ഞു; "ഇല്ല. എനിക്ക് അത്ര ധൈര്യം പോര..."
"അനക്ക് ധൈര്യല്ലേല്‍ ഇന്നോട് പറയ്. ഞാന്‍ പോയി പറയാം..."; ഊസുക്ക ചാര്‍ജ്ജായി.
"അത് ഏതായാലും വേണ്ട ഊസുക്കാ... ഞാനൊന്ന് ധൈര്യം സംഭരിക്കട്ടെ"
" യ്യ് പെട്ടന്ന് തന്നെ പോയി പറഞ്ഞോണം. അന്ന് ൻറെവകയാ പാര്‍ട്ടി"
അങ്ങിനെ ഊസുക്കയുടെയും കൂടെ നിരന്തരമായ പ്രോത്സാഹനം കൊണ്ടായിരുന്നു, ഞാന്‍ ചെന്ന് അവളോട് പ്രണയാഭ്യര്‍ത്ഥന നടത്തിയത് :P

Saturday, September 05, 2015

മുതലക്കണ്ണീര്‍

പടനിലങ്ങളും ശവപ്പറമ്പുകളും മാറി മാറി കടന്നിട്ടും ആര്‍ത്തിതീരാത്ത ആവര്‍ത്തനം.
യുദ്ധങ്ങളുടെയും പലായനങ്ങളുടെയും കഥ തന്നെയാണു മനുഷ്യ ചരിത്രം.

ഇല്ലാത്ത ശത്രുവിനെ വകവരുത്താന്‍ ഓരോ മനുഷ്യനും അവന്റെയുള്ളില്‍ ഒരു ആയുധം ഒളിച്ച് വച്ചിരിക്കുന്നു, മഹായുദ്ധങ്ങളില്‍ നിന്നും വിഭജനങ്ങളില്‍ നിന്നും തിരിച്ചറിവുകളുണ്ടാവാതെ പോയ, ചിന്താശേഷി നഷ്ടപ്പെട്ടുപോയ പടുജന്മങ്ങള്‍.

അയ്‌ലന്‍, മകനേ, നിനക്കായി മനുഷ്യര്‍ പൊഴിക്കുന്ന ഈ മുതലക്കണ്ണീര്‍ നീ കണ്ടില്ലെന്ന് നടിക്കുക.

Sunday, August 23, 2015

ഹൃദയത്തുടിപ്പുകള്‍


എപ്പോഴും കേള്‍ക്കാത്ത, എങ്കിലും ഒന്ന് കാതോര്‍ത്താല്‍ കേള്‍ക്കാവുന്ന ഹൃദയത്തുടിപ്പുകള്‍ പോലെ, സദാസമയവും ഓരോരുത്തരുടെയും ഉള്ളില്‍ മിടിച്ചുകൊണ്ടിരിക്കുന്ന ചില ഓര്‍മകളുണ്ട്.

സുരേഷ് എനിക്ക് അങ്ങിനെയുള്ള ഒരു ഓര്‍മയാണു.

ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ക്ഷീണിച്ച കണ്ണുകളും, നര കേറിയ താടിമീശയും, കഷണ്ടി കയറിയതുടങ്ങിയ തലയുമായി ഞാന്‍ കണ്ണാടിക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍, ഇരുപത്തിനാലുകാരന്റെ ഊര്‍ജ്ജ്വസലതയോടെ, പ്രസരിപ്പേറിയ മുഖവുമായി സുരേഷ് എനിക്ക് തൊട്ടു പിന്നില്‍ നിന്ന് മന്ദഹസിക്കുന്നു. അവനു ജരാനരകളില്ല, അവനെകുറിച്ചുള്ള ഓര്‍മകള്‍ക്കും.

എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണു കഴിഞ്ഞ അവധിക്ക് ഞാന്‍ കൂര്‍മ്മം കുളങ്ങര അമ്പലപ്പറമ്പില്‍ വീണ്ടും ചെല്ലുന്നത്. ഈ തെങ്ങിന്‍ തോപ്പിലെ വോളിബോള്‍ കോര്‍ട്ടില്‍, സുരേഷ് അവന്റെ നാട്ടിലെ കൂട്ടുകാരുമൊത്ത് വോളിബോള്‍ കളിക്കുന്നതും നോക്കി അമ്പലപ്പറമ്പിന്റെ അതിരില്‍ ഞാന്‍ പല വൈകുന്നേരങ്ങളിലും കുത്തിയിരുന്നിട്ടുണ്ട്. ലിഫ്റ്റും സ്മാഷും ഡിഫന്‍ഡുമൊക്കെയായി അവന്‍ കളം നിറഞ്ഞ് കളിക്കുന്നത് കണ്ട് ആനന്ദിച്ചിട്ടുണ്ട്... കളി കഴിഞ്ഞ് അവനൊപ്പം പറമ്പുകളും ഇടവഴികളും കേറിമറിഞ്ഞ് കൊറുമ്പാത്തി കുളത്തിലെ സ്ഫടിക തുല്യമായ വെള്ളത്തില്‍ നീന്തിതുടിച്ചിട്ടുണ്ട്... കുളികഴിഞ്ഞ് അവന്റെ വീട്ടില്‍ ചെന്ന് അവന്റെ അമ്മ ഉണ്ടാക്കിതന്ന ചായയും പലഹാരങ്ങളും കഴിച്ചിട്ടുണ്ട്...

ഈ പറമ്പിലെ മണ്ണില്‍ ചവിട്ടി നില്‍ക്കുമ്പോള്‍, എല്ലാം ഇന്നലെയിലെന്നപോലെ ഓര്‍മകളില്‍ തെളിയുന്നു. സൗമ്യമായ പുഞ്ചിരിയോടുള്ള അവന്റെ സാമീപ്യം അറിയുന്നു.

Friday, July 24, 2015

മോട്ടോർ സൈക്കിൾ ഡയറി


കോഴിക്കോട് എയര്‍പോര്‍ട്ടിലെ ഡിപ്പാര്‍ട്ടറില്‍ ഒരു ബുക്ക് ഷോപ്പുണ്ട്. വിമാനത്താവളം സ്പെഷ്യല്‍ ആയതുകൊണ്ടാവും പുസ്തകങ്ങള്‍ക്ക് പുറത്ത് കിട്ടുന്നതിലും മരണമാസ്സ് വിലയണു. .

ഇത്തവണ അവധി കഴിഞ്ഞ് വരുമ്പോള്‍ വിമാനം 3 മണിക്കൂര്‍ വൈകി.
ഡിപ്പാര്‍ട്ടറിലെ പുസ്തകശാലയില്‍ നിന്ന് രണ്ട് മൂന്ന് പുസ്തകങ്ങള്‍ വാങ്ങിയകൂട്ടത്തില്‍ ചെഗുവരെയുടെ 'മോട്ടോര്‍സൈക്കിള്‍ ഡയറിയുടെ' മലയാളം പരിഭാഷയും വാങ്ങി. 'മോട്ടോര്‍സൈക്കിള്‍ ഡയറിയെ' കുറിച്ച് ധാരാളം കേട്ടിരുന്നുവെങ്കിലും ഇതുവരെ വായിച്ചിരുന്നില്ല.

ചെഗുവരെ ജീവിച്ചിരുന്നുവെങ്കില്‍ പരിഭാഷകനെയും പ്രസാധകനെയും കൊന്ന് കൊലവിളിച്ച് തീയിട്ട് ചാരം ദേഹമാസകലം പൂശി താണ്ഡവ നൃത്തമാടിയേനെ.

(ജീവിതത്തില്‍ ആദ്യമായാണു ഒരു പുസ്തകം ഞാന്‍ വലിച്ച് കീറി കുപ്പയിലിട്ടത്)

Tuesday, July 21, 2015

ഡിറ്റക്ടീവ് പുഷ്പരാജ്

അര്‍ദ്ധരാത്രി. കൂരാക്കൂരിരുട്ട്. ഹൈറേഞ്ചിലെ ഹെയര്‍പിന്‍ വളവുകളില്‍ കോരിച്ചെരിയുന്ന മഴ. പടിഞ്ഞാറന്‍ ചക്രവാളത്തില്‍ എവിടെയോ കൊള്ളിയാന്‍ മിന്നി. സെമിത്തേരി റോഡിലേക്ക് അതിവേഗത്തില്‍ പാഞ്ഞ് വന്ന കാര്‍ പെട്ടന്ന് ബ്രേക്കിട്ട് നിന്നു. ഒരു ട്രിപ്പ്ള്‍ ഫൈഫ് ചുണ്ടില്‍ തിരുകി തീകൊടുത്ത്, പുക സമൃദ്ധമായ് ഉള്ളിലേക്ക് വലിച്ച്, സൈലന്‍സര്‍ ഘടിപ്പിച്ച തോക്ക് കയ്യിലെടുത്ത്, കറുത്ത കണ്ണടയും തൊപ്പിയും ധരിച്ച ആ മനുഷ്യന്‍ കാറില്‍ നിന്നിറങ്ങി നേരെ സെമിത്തേരിയുടെ കമാനത്തിലൂടെ ഉള്ളിലേക്ക് കടന്നു. ഒരുകൊടുങ്കാറ്റ് ആഞ്ഞ് വീശി. പെട്ടന്നാണ് അയാള്‍ തൊട്ടുമുന്നില്‍ അത് കണ്ടത്...
(തുടരും)
പ്രേമലേഖനത്തിനുള്ള മറുപടി പോലും ഇത്രയും ആകാംക്ഷയോടെ കാത്തിരുന്നതായി ഓര്‍ക്കുന്നില്ല.
കോട്ടയം പുഷ്പനാഥ്, തോമസ് ടി. അമ്പാട്ട്, ബാറ്റണ്‍ ബോസ്... ഒക്കെ എഴുതിയിരുന്ന അപസര്‍പ്പക കഥകളുടെ തുടര്‍ച്ചയ്ക്കായി കാത്തിരുന്ന ഒരു കാലം.
(അവധിയാണു. ഒരു ഡിറ്റക്ടീവ് നോവല്‍ വായിക്കാന്‍ തോനുന്നു)

Friday, July 10, 2015

പൈങ്കിളികള്‍ക്ക് ഒരു ചരമഗീതം

rown emoticon
"അശോകാ, മംഗളം ഉണ്ടോ"
"ഇല്ലാലോ ചേട്ടാ... "; കഴിഞ്ഞ അവധിക്ക്, കൂത്തപ്പള്ളി സ്റ്റോറില്‍ എനിക്ക് നാരങ്ങ സോഡ കലക്കുന്നതിനിടയില്‍ അശോകന്‍ കസ്റ്റമറോട് പറഞ്ഞു.
കസ്റ്റമര്‍ ഒന്നും മിണ്ടാതെ പോയി. അശോകന്‍ എനിക്ക് ഗ്ലാസ്സ് നീട്ടി. നാരങ്ങസോഡക്ക് അന്നും ഇന്നും ഒരേ രുചി.
"അതെന്താടാ, നീ ഇപ്പോ മംഗളം ഒന്നും വിക്കുന്നില്ലേ?"
"നിനക്ക് പ്രാന്താ... മംഗളവും മനോരമയും ഒന്നും ഇപ്പോല്ലഡാ.. ഫുള്‍ വാട്ടസപും ഫേസ്ബുക്കുമൊക്കെയാ.."
എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു ഞാന്‍ ആദ്യമായി കുമാരി വാരിക വായിക്കുന്നത്. പിന്നെ മംഗളം, മനോരമ, കുങ്കുമം....
ഇപ്പോ ഒന്നും വിറ്റു പോകുന്നില്ല പോലും.

എന്തോ എനിക്ക് വെറുതെ ഒന്ന് ദുഖിക്കാന്‍ തോനി.

Monday, June 15, 2015

പല്ലീന്റെ അപ്പി

"അച്ഛാ..."
"ഊം"
"പിന്നെയില്ലേ..."
"ഉണ്ടല്ലോ"
"ഒരു കാര്യം ചോദിക്കട്ടേ..."
"ചോദിക്ക്"
"പല്ലീന്റെ അപ്പീടെ മേലെയെന്താ ടോപ്പിംഗ് പോലെ ഒരു സാധനം... വെളുത്തിട്ട്..."
(ഞാന്‍ ഞെട്ടി)
"പശൂന്റെയും പട്ടീന്റെയും കോഴീന്റെയും മനുഷ്യന്മാരുടെയുമൊന്നും അപ്പിക്ക് അങ്ങിനെ ടോപ്പിംഗ് ഇല്ലല്ലോ..."
(ദൈവങ്ങളേ...)

Thursday, May 07, 2015

തെരുവിലുറങ്ങുന്ന പട്ടികൾ

തെരുവിലുറങ്ങുന്നവരെ അവരുടെ തന്തമാരുടെ വകയാണോ റോഡ് എന്നും, തെരുവിലുറങ്ങുന്നത് പട്ടികളാണു എന്നും വിളിച്ചു പറഞ്ഞ് ആവേശം കാണിക്കുന്ന ഹിന്ദി സിനിമാലമ്പടന്മാര്‍, അറുപത് ശതമാനത്തില്‍ താഴെ വരുന്ന ഇന്ത്യയിലെ ദരിദ്രനാരായണന്മാരുടെ വിയര്‍പ്പിന്റെ കൂലിയിലാണു തങ്ങള്‍ വെള്ളിവെളിച്ചത്തില്‍ തിളങ്ങി നില്‍ക്കുന്നത് എന്ന് ഓര്‍ക്കുക. സ്പെഷ്യല്‍ ഇഫക്ടിന്റെയും, ക്യാമറ ട്രിക്കുകളുടെയും, ഒരിക്കല്‍ പോലും മുഖം പുറത്ത് കാണിക്കാനവസരമില്ലാത്ത ഡ്യൂപ്പുകളുടെയും സഹായത്തോടെ വെള്ളിത്തിരയില്‍ അത്ഭുതങ്ങള്‍ കാണിക്കുന്നത് വെറും മായക്കാഴ്ചയാണു എന്ന് തിരിച്ചറിയാത്തവരല്ല, പട്ടികളെന്ന് വിളിക്കപ്പെട്ട ഈ സാധാരണ ജനങ്ങള്‍. 

നക്ഷത്ര ഹോട്ടലുകളില്‍ അഴിഞ്ഞാടി, കോടികള്‍ വിലമതിക്കുന്ന വാഹനങ്ങളില്‍ യാത്രചെയ്ത്, ദന്തഗോപുരങ്ങളില്‍ വിരാജിക്കുന്നവര്‍ക്കും ജനാധിപത്യ ഇന്ത്യയിലെ നിയമങ്ങള്‍ ബാധകമാണെന്ന് സാധാരണക്കാരനെ ബോദ്യപെടുത്തിയ നീതി പീഠത്തിന് അഭിവാദ്യങ്ങള്‍

Wednesday, May 06, 2015

യമൻ

അഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് സംഘര്‍ഷഭരിതമായ യമന്‍ അതിര്‍ത്തിയിലേക്ക് സലാലയില്‍ നിന്നും 150 കിലോമീറ്ററില്‍ താഴയേ ദൂരമുള്ളൂ. 

യമനില്‍ സൗദിഅറേബ്യയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്ന യുദ്ധത്തിലെ സഖ്യകക്ഷികളില്‍ ജി.സി.സി അംഗമായ ഒമാന്‍ പങ്കാളിയല്ല. 1990ല്‍ നോര്‍ത്ത്-സൗത്ത് യമനുകള്‍ ലയിച്ച്, റിപ്പബ്ലിക്ക് ഓഫ് യമന്‍ എന്ന പേരില്‍ ഒറ്റരാജ്യമായി തീര്‍ന്നതില്‍ പിന്നെ, അതിര്‍ത്തി പങ്കിടുന്ന യമനുമായി ഒമന് നല്ല നയതന്ത്ര ബന്ധമാണു നിലവിലുള്ളത്.

യമനിലെ അരക്ഷിതാവസ്ഥയും യുദ്ധവും കണക്കിലെടുത്ത് അതിര്‍ത്തിയില്‍ കനത്ത സുരക്ഷാ സന്നാഹങ്ങളാണു ഒമാന്‍ ഒരുക്കിയിരിക്കുന്നത്. ഒമാനിലേക്കുള്ള  വിസ ലഭ്യതയ്ക്കും കടുത്ത നിയന്ത്രണങ്ങളുണ്ട്. എങ്കിലും അതിര്‍ത്തി ഗ്രാമങ്ങളില്‍ പാര്‍ക്കുന്നവര്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും പ്രവേശിക്കാനുള്ള പ്രത്യേക അനുമതിയുള്ളത്, അവശ്യവസ്തുക്കള്‍ക്ക് കടുത്ത ക്ഷാമം നേരിടുന്ന യമനികള്‍ക്ക് ഒരു വലിയ ആനുഗ്രഹമാണ്. അവര്‍ക്ക് ഒമാന്‍ അതിര്‍ത്തിയില്‍ വന്ന് ഇന്ധനം നിറച്ചും അത്യാവശ്യ സാധനങ്ങള്‍ വാങ്ങിയും തിരിച്ച് പോകാം. 

യമനില്‍ നിന്നും രക്ഷപെട്ടു വരുന്ന ആന്ധ്രക്കാരനായ മുരളിയെ കൂട്ടികൊണ്ടു വരാനാണ് ഒരു സുഹൃത്തിനൊപ്പം ഞാന്‍ ഒമാന്‍-യമന്‍ അതിര്‍ത്തിയിലേക്ക് പുറപ്പെട്ടത്. മലനിരകളിലൂടെ കയറ്റവും ഇറക്കവുമായി വളഞ്ഞ് പുളഞ്ഞുള്ള പാത. വഴിയില്‍ പലയിടത്തും ആര്‍മി ചെക്ക് പോസ്റ്റുകളില്‍ വാഹനങ്ങള്‍ക്കും ആളുകള്‍ക്കും കനത്ത പരിശോധന. യമനിലെ ഏതോ മീന്‍പിടുത്ത ഗ്രാമത്തില്‍ നിന്നും സമീപത്തെ നഗരത്തിലെത്തിയ മുരളി, തദ്ദേശികളായ ചില ടാക്സി ഡ്രൈവര്‍മാരുടെ സഹായത്തോടെ ഒമാന്‍ അതിര്‍ത്തിയില്‍ എത്തുകയായിരുന്നു. ദുര്‍ഘടമായ പാതകളിലൂടെ ഒരു പകല്‍ മുഴുവനെടുത്ത ദുരിത യാത്ര. അന്ന് അതിരാവിലെ അയാള്‍ പുറപ്പെടുന്നതിനു തൊട്ടുമുമ്പ് സമീപത്തെ ഒരു കെട്ടിടത്തിനു നേരെ സൗദി വ്യോമാക്രമണമുണ്ടായി. വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയും തുടര്‍ന്ന് പൊടിയും പുകയും ആളുകളുടെ പരക്കം പാച്ചിലും നിലവിളികളും. യാത്ര പുറപ്പെടാന്‍ കഴിയുമോ എന്ന് ഭയന്നിരുന്നുവെങ്കിലും നിശ്ചയിച്ചതിലും നാലു മണിക്കൂര്‍ വൈകി വാഹനം പുറപ്പെട്ടു.

യമനില്‍ നിന്നും രക്ഷപെട്ട് അന്ന് വൈകുന്നേരം അതിര്‍ത്തിയില്‍ എത്തിയ രണ്ട് ലബനോണ്‍ പൗരന്മാരെ സലാലയിലെ ഏതെങ്കിലും ഹോട്ടലില്‍ കൊണ്ടുവിടാന്‍, ഒമാന്‍ അതിര്‍ത്തി പോലിസിന്റെ അപേക്ഷ പ്രകാരം മടക്കയാത്രയില്‍ ഞങ്ങള്‍ കൂടെ കൂട്ടി. യമന്‍ നഗരമായ മുഖല്ലയിലെ ഒരു എണ്ണ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന അവര്‍, വിലപിടിപ്പുള്ള തങ്ങളുടെ സമ്പാദ്യങ്ങള്‍ മുഴുവന്‍ അവിടെ ഉപേക്ഷിച്ചാണു വന്നത്. "അക്ഷരാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ജീവനും കൊണ്ട് ഓടുകയായിരുന്നു...";  ഞങ്ങള്‍ നല്‍കിയ വെള്ളവും ബിസ്കറ്റും കഴിച്ച് കൊണ്ട് അവരിലൊരാള്‍ പറഞ്ഞു.  

വാര്‍ത്തകളില്‍ കാണുന്നതിലും ദുരിതമയമാണ് യമനിലെ ഇപ്പോഴത്തെ അവസ്ഥ. കുടിവെള്ളത്തിനും ഭക്ഷണത്തിനും ഇന്ധനത്തിനും മരുന്നിനും കടുത്ത ക്ഷാമം. ബാങ്കുകളും കച്ചവട സ്ഥാപനങ്ങളും വീടുകളും കൊള്ളയടിക്കപ്പെട്ടു. യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സര്‍ക്കാര്‍ പട്ടാളത്തിനും ഹൂദി റബലുകള്‍ക്കും പുറമേ, അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന അല്‍-ഖ്വയ്ദയ്ക്കും ഇടയില്‍ പെട്ട് വീര്‍പ്പ് മുട്ടുകയാണു യമനിലെ സാധാരണ ജനം.

ഓരോ യുദ്ധവും തകർത്ത് കളയുന്നത് ഇന്നിലെ ജീവിതങ്ങൾ മാത്രമല്ല, ഇന്നലെകളുടെ നീക്കിയിരിപ്പുകളും, നാളെകളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും കൂടെയാണ്...

Saturday, April 25, 2015

ഹാഫ ബീച്ച്

ഒമാൻ സുല്‍ത്താന്റെ സലാലയിലെ കൊട്ടാരത്തോട് ചേര്‍ന്ന് തുടങ്ങി, ഉല്‍ഘനനം ചെയ്തെടുത്ത പുരാതനനഗരമായ അല്‍-ബദീദിന്റെ അവശിഷ്ടങ്ങള്‍ തുടങ്ങുന്നിടം വരെ രണ്ടര കിലോമീറ്റര്‍ നീളമേയുള്ളൂ ഹാഫ ബീച്ചിന്.

കടലിന് സമാന്തരമായി, റോഡിനോട് ചേര്‍ന്ന വീതിയുള്ള നടപ്പാത. റോഡിനപ്പുറത്ത് കടലിനഭിമുഖമായി നിരന്ന് നില്‍ക്കുന്ന പഴയ കെട്ടിടങ്ങളില്‍, ഞാന്‍ ഇവിടെ വന്ന കാലം മുതലേ ആള്‍പാര്‍പ്പില്ല. അല്‍-ബദീദും ബീച്ചുമൊക്കെ ചേര്‍ന്നുള്ള ഒരു വമ്പന്‍ വിനോദ സഞ്ചാര  പ്രൊജക്ടിനു വേണ്ടി താമസക്കാര്‍ക്കും കെട്ടിട ഉടമകള്‍ക്കുമൊക്കെ നഷ്ടപരിഹാരം നല്‍കുകയും വീട് വച്ചുകൊടുക്കുകയുമൊക്കെ ചെയ്തിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു എന്ന് അന്നേ കേട്ടിട്ടുണ്ട്. എങ്കിലും  മിക്ക കെട്ടിടങ്ങളിലെയും താഴത്തെ നിലയില്‍ റസ്റ്റോറന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.

വൈകുന്നേരമാവുമ്പോള്‍ ഹാഫ ബീച്ച് സജീവമാകും. പാട്ട് കേട്ടും, സൊറ പറഞ്ഞും, ഷീഷ വലിച്ചും, ചായ കുടിച്ചും, ആഹാരം കഴിച്ചും, ഫുട്ബാള്‍ കളിച്ചും, മീന്‍ പിടിച്ചും സ്വദേശികളും വിദേശികളും രാവേറെ വൈകുന്നത് വരെ കടലില്‍ നിന്നും വരുന്ന തണുത്ത കാറ്റേറ്റ് ബീച്ചില്‍ ചിലവഴിക്കും. തുറന്നിട്ട കാറുകളില്‍ ഉച്ചത്തില്‍ തുടന്നുവച്ച അറേബ്യന്‍ സംഗീതത്തിനൊത്ത് പാടിരസിക്കുന്ന അറബി യുവാക്കള്‍, കുട്ടികള്‍ക്കും കുടുംബത്തിനുമൊപ്പാം പൂഴിമണലില്‍ പായവിരിച്ച് ഭക്ഷണം കഴിക്കുന്നവര്‍, കടലയും പോപ് കോണും ചിക്കിലിയും സൈക്കിളില്‍ ഉന്തി നടന്ന്  വില്‍ക്കുന്ന ബംഗാളികള്‍, ചില സീസണുകളില്‍ കടപ്പുറം നിറയുന്ന കടല്‍കാക്കകള്‍....

ബീച്ചിലിരുന്നാല്‍ പടിഞ്ഞാറന്‍ അതിരില്‍ സലാല സീപോര്‍ട്ടിന്റെ വിശാലമായ ദൃശ്യം കാണാം. പോര്‍ട്ടില്‍ നിന്നും തിരിച്ച് പോകുന്നതും, പ്രവേശിക്കാന്‍ അനുമതിക്കായി കാത്ത് നില്‍ക്കുന്നതുമായ പല നിറങ്ങളിലുള്ള കണ്ടയിനറുകള്‍ അടുക്കി വച്ച ചരക്കുകപ്പലുകള്‍. ഇടയില്‍ ചില ക്രൂയിസ്, മീന്‍പിടുത്ത കപ്പലുകളും. പുറം കടലില്‍ നിന്നും കപ്പല്‍ പോര്‍ട്ടിലേക്ക് പ്രവേശിക്കുന്നത് വരെ നോക്കി ഇരിക്കുക എന്നത് ചില വൈകുന്നേരങ്ങളിലെ എന്റെ ഒരു സമയം കൊല്ലി വിനോദമാണ്.

ജൂലയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സലാലയിലെ കരീഫ് സീസണില്‍ ആര്‍ത്തുലച്ച് വരുന്ന കടല്‍, ബീച്ചിലെ ചില ഭാഗങ്ങളില്‍ നടപ്പാതയും റോഡും തകര്‍ത്ത്, അപ്പുറത്തെ കെട്ടിടങ്ങള്‍ക്കരികെ വരെ വന്ന് പോകും. നേരിയമഴയില്‍, പതനുരഞ്ഞ് രൗദ്രതാളത്തില്‍ ഉയരത്തിൽ ആഞ്ഞടിക്കുന്ന, ഭയപ്പെടുത്തുന്ന തിരമാലകളുടെ ആ കടല്‍ക്കാഴ്ചകള്‍ക്ക് പോലുമുണ്ട് അനിര്‍‌വചനീയമായ ഒരു ദൃശ്യഭംഗി.

*
കെട്ടിടങ്ങള്‍ മുഴുവന്‍ ഇടിച്ച് നിരത്തി നവീകരണ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നു. നക്ഷത്ര ഹോട്ടലുകളും കോഫീഷോപ്പുകളും ഉദ്യാനങ്ങളും ജലധാരകളും നടപ്പാതകളും വൈദ്യുതാലങ്കാരങ്ങളും വര്‍ണ്ണക്കാഴ്ചകളുമായി കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞ് ഹാഫ ബീച്ച് സലാലയുടെ മുഖഛായതന്നെ മാറ്റി മറിച്ചേക്കും.

Wednesday, March 04, 2015

ബീഫ് ഫ്രൈ

എസ്സെന്‍ കാലം.
ഞങ്ങള്‍ താമസിക്കുന്നതിനടുത്ത്, ബാലുശ്ശേരി മുക്കിലെ പാലത്തിന് അടുത്തായി ഒരു ഹോട്ടല്‍ പുതുതായി പ്രവർത്തനം ആരംഭിച്ചു. എംബസ്സിയിലെയും, ബസ്സ് സ്റ്റാന്‍ഡിനടുത്തെ ഒരു കെട്ടിടത്തിനു മുകളിലെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലിലെയും (പേരു മറന്ന് പോയി) ഭക്ഷണം കഴിച്ച് മടുത്ത ഞാനും പ്രകാശനും മുക്കിലെ പുതിയ ഹോട്ടലിക്ക് തീറ്റത്താവളം മാറ്റി.
ഫ്രഞ്ച് ഫ്രൈസ് പോലെ, എങ്കിലും അത്ര വണ്ണമില്ലാതെ, നീളത്തില്‍ അരിഞ്ഞ് മസാല ചേര്‍ത്ത് വറുത്തെടുത്ത ബീഫ് ഫ്രൈ ആയിരുന്നു അവിടുത്തെ പ്രധാന ഐറ്റം. നല്ല മസാലയിൽ, എണ്ണയില്‍ മൊരിഞ്ഞ് ബ്രൗണ്‍ നിറത്തിലാവുന്ന ബീഫ്രൈയുടെ മണം പിടിക്കുമ്പോള്‍ തന്നെ വായില്‍ അണക്കെട്ട് തുറന്ന പ്രതീതിയാവും. ഈരണ്ട് (ചിലപ്പോ മൂന്നോ നാലോ) പൊറാട്ടയും രണ്ട് പേര്‍ക്കും കൂടെ ഒരു ബീഫ് ഫ്രൈയുമാണ് അക്കാലത്ത് ഞങ്ങളുടെ രാത്രി മെനു. മേശമേൽ കൊണ്ട് വയ്ക്കേണ്ട താമസമേയുള്ളൂ, ബീഫ്‌ഫ്രൈ പ്ലേറ്റ് ഞങ്ങള്‍ അക്രമിച്ച് കാലിയാക്കും. കിട്ടുന്ന ഗാപ്പില്‍ പ്ലേറ്റിലുള്ളത് മുഴുവന്‍ അടിച്ചുമാറ്റിക്കളയുമോ എന്ന് ഞങ്ങള്‍ പരസ്പരം സംശയിക്കുന്നതിനാല്‍ ആകാശം ഇടിഞ്ഞ് വീഴുന്നു എന്ന് കേട്ടാല്‍ പോലും ഈ ബീഫ് ഫ്രൈ തീറ്റക്കിടയില്‍ ഞങ്ങള്‍ പ്ലേറ്റില്‍ നിന്നും അണുവിട ശ്രദ്ധ തിരിക്കുന്ന പ്രശ്നമില്ല. പ്ലേറ്റ് വെളൂപ്പിച്ച്, നല്ല എരുവില്‍ നാവും കണ്ണും പുകയുന്നത് കുറെ തണുത്ത വെള്ളം കുടിച്ച് മയപ്പെടുത്തിയതിന് ശേഷം ഫ്രീയായി കിട്ടുന്ന ഗ്രേവിയില്‍ മുക്കി ഞങ്ങൾ പൊറാട്ട തീറ്റ തുടങ്ങും.
അത്രയും രുചികരമായ ബീഫ് ഫ്രൈ ജീവിതത്തിലിന്നുവരെ ഞാന്‍ പിന്നീടൊരിക്കലും വേറെ എവിടെയും വച്ച് കഴിച്ചിട്ടില്ല. എസ്സെന്‍ കാലത്തെ അതിമനോഹരമായ ഓര്‍മ്മകളില്‍ ഇപ്പോഴുമുണ്ട്, നാവിന്‍ തുമ്പില്‍ പകരം വയ്ക്കാനൊന്നുമില്ലാത്ത ആ രുചി.
**
അതിരുചികരമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, അതിഷ്ടപ്പെടുന്നവര്‍ക്ക് എന്തിന് നിഷേധിക്കണം. ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍, എന്റെ രീതികളെ ഞാന്‍ ആദരിക്കുന്നത് പോലെതന്നെ മറ്റുള്ളവരുടെ രീതികളെ ആദരിക്കാനും ഞാന്‍ തയ്യാറാവണമെന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍.
ഒരു കവിതയില്‍ വായിച്ചത് പോലെ, '...എന്നെങ്കിലും ദൈവത്തെ നേരില്‍ക്കണ്ടാല്‍ ആദ്യം ചോദിക്കുക ഇത്രക്കും രുചിയുള്ള പന്നിയിറച്ചിയും ഫ്രഞ്ച് വീഞ്ഞും എന്തിന് ഹറാമാക്കി എന്നായിരിക്കും...' എന്ന് പറഞ്ഞ ദൈവ വിശ്വാസിയായ ഒരു മുസല്‍മാനെ പോലെ, മഹാരാഷ്ട്രയിൽ നാളെ ജനിക്കാനിരിക്കുന്ന, ദൈവ വിശ്വാസിയായ ഒരു ഹിന്ദു തീര്‍ച്ചയായും ചോദിക്കും, '...ഇത്രയും രുചികരമായ ബീഫ് നിങ്ങള്‍ എന്തിന് നിഷിദ്ധമാക്കി...' എന്ന്.

Thursday, February 05, 2015

പുകവലി

പുകവലി ഒന്ന് നിര്‍ത്തി കിട്ടാന്‍ പാടു പെട്ട ബാംഗ്ലൂര്‍ ബാച്ചിലര്‍ കാലം. 

വലിക്കില്ല എന്ന തീരുമാനവുമായി രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങി ബസ്സ് സ്റ്റോപ്പിലെത്തും. പിക്ക് ചെയ്യാന്‍ വരുന്ന മഹേഷ് മല്ലപ്പ മരഗുഡിയെയും കാത്ത് നിന്ന് മുഷിയുമ്പോള്‍, വരുന്നത് വരട്ടെ ഇന്നൂടെ വലിച്ചേക്കാം എന്നും തീരുമാനിച്ച് റോഡരികിലെ പെട്ടിക്കടയില്‍ നിന്നും ഒരു സിഗററ്റ് വാങ്ങിച്ച് പുകയ്ക്കും. 

ചില ദിവസങ്ങളില്‍ രാവിലത്തെ പ്രലോഭനങ്ങളെ അതിജീവിച്ച് ഓഫിസിലെത്തി പണിതുടങ്ങും. പതിനൊന്ന് മണി കഴിയുമ്പോള്‍ മനീഷ് അരവിന്ദ് ലംഗ്ഡെ വന്ന് വാതിലിന മുട്ടും. ആ മുട്ടിന്റെ അര്‍ത്ഥം അപ്പുറത്തെ തമിഴന്റെ കടയില്‍ നിന്നും കാപ്പിയും സിഗററ്റും എന്നതാണ്. മനീഷിനോട് മറുത്ത് പറയാന്‍ പറ്റില്ല.  ഞാന്‍ ജോലിയില്‍ ജോയിന്‍ ചെയ്ത നാളുകളില്‍, സീനിയര്‍ പ്രോഗ്രാമറായിരുന്ന  അവനെ പതിനൊന്ന് മണിക്ക് കാപ്പികുടിക്കാന്‍ വിളിച്ച് കൊണ്ടുപോയി സിഗറട്ട് വലി പഠിപ്പിച്ചതും ശീലിപ്പിച്ചതും ഞാന്‍ തന്നെയായിരുന്നു. എന്തെങ്കിലും തിരക്ക് കാരണം ഞാനും മനീഷും വലിക്കേണ്ട എന്നും വിചാരിച്ച് ജോലിയുമായി ഇരിക്കുകയാണെങ്കില്‍ ഒക്കേഷണല്‍ വലിക്കാരന്‍ ഗുജറാത്തി, ഹിമാന്‍ഷു ലളിദ് ദോഷി ഞങ്ങളെ രണ്ട് പേരെയും നിര്‍ബ്ബന്ധിച്ച് പിടിച്ച് വലിച്ച് കാപ്പി കടയിലെത്തിക്കും. ഇതൊന്നുമല്ലാത്ത ദിവസമാണെങ്കില്‍ കസ്റ്റമര്‍ സപ്പോട്ടിലെ ആന്ധ്രക്കാരന്‍ ഷെയ്ക്ക് ജിലന്‍ ബാഷ, ഗള്‍ഫില്‍ നിന്നും ഏതെങ്കിലും കുടുംബക്കാരന്‍ അവന്റെ ബാപ്പുവിനു സമ്മാനമായി കൊണ്ടു കൊടുത്ത സിഗറട്ട് പാക്കറ്റുകളില്‍ നിന്നും ഒരെണ്ണം പൊക്കിയെടുത്ത് കൊണ്ട് വന്ന് ഞങ്ങള്‍ക്ക് സമ്മാനിക്കും. 'ബാപ്പുവിന് പലപല അസുഖങ്ങളാണ്. വലി അത്രയെങ്കിലും കുറയട്ടെ'; അവന്‍ പറയും.

ഫ്ലാറ്റിലാണെങ്കില്‍ സഹമുറിയരില്‍ ഒരാള്‍ ജയന്‍,  സ്കൂള്‍ കാലം മുതലുള്ള എന്റെ സഹപാഠി, ഒരു മികച്ച വലിക്കാരനാണ്. സിഗരട്ട് വലിയൊക്കെ നിര്‍ത്തി നാട്ടില്‍ സല്‍‌സ്വഭാവിയായി ജീവിക്കുമ്പോഴായിരുന്നു ബാംഗ്ലൂരിലേക്കുള്ള അവന്റെ വരവ്. ബാംഗ്ലൂരില്‍ തണുപ്പ് തുടങ്ങുന്ന നവംബറിലെ ഒരു പ്രഭാതത്തില്‍, ജോലിയില്‍ പ്രവേശിക്കാന്‍ നാട്ടില്‍ നിന്നും ഖലാസിപ്പാളയത്ത് വന്നിറങ്ങി തണുത്ത് വിറച്ച് നിന്ന അവനെ ഒരു സിഗറട്ട് നീട്ടിയാണ്, പിക്ക് ചെയ്യാന്‍ ചെന്ന ഞങ്ങളുടെ സഹമുറിയന്‍ ജിതേഷ് സ്വാഗതം ചെയ്തത്. നാലു കൊല്ലത്തെ വൃതം മുറിച്ച് ജയന്‍ അങ്ങിനെ പിന്നെയും പുകവലിക്കാരനായി. ശനിയാഴ്ച രാത്രികളിലെ വെള്ളവടിയും വെടിവട്ടവുമായി ഇരിക്കുന്നതിനിടയില്‍ സിഗററ്റ് തീര്‍ന്നു പോയാല്‍ ഞങ്ങള്‍, കുറച്ചപ്പുറത്ത് താമസിക്കുന്ന പലചരക്ക് കച്ചവടക്കാരന്‍, പാനൂരുകാരന്‍ പ്രദീപനെ പോയി വിളിച്ചുണര്‍ത്തി കട തുറപ്പിച്ച് സിഗറട്ട് വാങ്ങി വരും. ഉറങ്ങാന്‍ വിടാതെയുള്ള ഞങ്ങളുടെ ശല്യം സഹിക്കാതായപ്പോള്‍ എല്ലാ ശനിയാഴ്ചകളിലും രാത്രി രണ്ട് പേക്ക് സിഗററ്റുകൂടെ ഞങ്ങളെ അധികമായി നിര്‍ബ്ബന്ധിപ്പിച്ച് വാങ്ങിപ്പിച്ചേ പ്രദീപന്‍ കട അടക്കുകയുള്ളൂ; 'നാളെയും ആവശ്യം വരുന്ന സാധനം ആണല്ലോ, അണ്ണന്മാര്‍ എന്റെ ഉറക്കം മെനക്കെടുത്തരുത്'

എന്റെ ശ്രമങ്ങളെ പിന്തുണക്കുന്നതിനായി, മണം അടിച്ച് ഞാന്‍ പ്രലോഭിതന്‍ ആവേണ്ട എന്ന് കരുതി ജയന്‍ ബാല്‍ക്കണിയില്‍ ഇറങ്ങി നിന്നാണു വലിക്കുക. അവന്‍ പുറത്തെ സ്റ്റെയര്‍ കേസില്‍ ഇരുന്നും, ഞാന്‍ അകത്തിരുന്നും വര്‍ത്തമാനം പറയുന്നതിനിടയില്‍ അറിയാതെ തന്നെ ഞാന്‍ ചെന്ന് സിഗറട്ടെടുത്ത് കത്തിച്ച് അവനോടൊപ്പമിരുന്നു സംസാരം തുടരും. ചില ദിവസങ്ങളില്‍ വൈകുന്നേരം ആഘോഷമായി വരുന്ന ദിലീപായിരിക്കും വൃതം മുടക്കി. അടുക്കളയില്‍ കയറി അവന്റെ ഫേവററ്റ് വെണ്ട തീയല്‍ ഉണ്ടാക്കുനതിനിടയില്‍ രണ്ട് പഫെടുത്ത് സിഗറട്ട്, കൈക്കാരനായി നില്‍ക്കുന്ന എന്നെ ഏല്പിച്ച് 'നമ്മളൊക്കെ വലി നിര്‍ത്തേണ്ട സമയമായെടാ' എന്ന് ഗൗരവത്തിലൊരു പ്രസ്താവനയും നടത്തി അവന്‍ പാചകം തുടരും. 

പുകവലി വിരുദ്ധനായ പ്രമോദ് ഒരു അവധിക്ക് നാട്ടില്‍ പോയി തിരിച്ച് വന്നപ്പോള്‍ പരിചയപ്പെടുത്തിയ സാധനമായിരുന്നു 'കുടംകരം'. പുകയിലയുടെ ദൂഷ്യങ്ങളൊന്നുമില്ലാത്ത ചില ഉണങ്ങിയ പുല്ലും ചപ്പും പൊടിച്ച് തെരുത്ത ഒരു തരം ബീഡി. പുകവലി നിര്‍ത്താനാഗ്രഹിക്കുന്നവര്‍ക്കുള്ള ഒരു മരുന്ന് കൂടെയാണത്രേ അത്. 'കുടംകര'ത്തിനും പക്ഷേ എന്നെ പുകയിലാസക്തിയില്‍ നിന്നും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. പണ്ടൊരാള്‍ പുകവലി നിര്‍ത്താന്‍ ഏലക്കായ തീറ്റ ശ്രമിച്ച്, ഒടുവില്‍ ഏലക്കായ തീറ്റയും പുകവലിയോടൊപ്പം ഒരു ശീലമായിപ്പോയ അവസ്ഥയിലായത് പോലെയായി ഞാന്‍ എന്ന് ജയനും ദിലീപും കളിയാക്കും. 'കുടംകര'വും വേണം. സിഗറട്ടും വേണം.

Thursday, January 08, 2015

പ്രേതം


പ്രേതങ്ങളുടെ നാടാണ് കുടക്.

അധിനിവേശക്കാലത്ത് ബ്രിട്ടീഷുകാര്‍ പണികഴിപ്പിച്ച ബംഗ്ലാവുകളിലെ നിശ്ശബ്ദതയിലും, ഇടതൂര്‍ന്ന്‍ വളര്‍ന്നു നില്‍ക്കുന്ന കാപ്പിച്ചെടികൾക്കിടയിലെ ഇരുളിലും, മഞ്ഞും തണുപ്പും വിറങ്ങലടിച്ച് വീണുകിടക്കുന്ന താഴ്‌വരകളിലും പ്രേതങ്ങള്‍ നിര്‍ബാധം അലഞ്ഞു തിരിഞ്ഞ് നടക്കും. രാത്രികളിലെ കുടകിന്റെ അനിര്‍‌വ്വചനീയമായ നിശ്ശബ്ദതയില്‍ കാതോര്‍ത്താല്‍ കേള്‍ക്കാം, തണുത്തകാറ്റില്‍ അലയുന്ന പ്രേതങ്ങളുടെ മര്‍മ്മരം.

ഡിസംബറിലെ തണുപ്പുറഞ്ഞ് കിടന്ന, മഴപെയ്തൊഴിഞ്ഞ, ഇരുള്‍ വീഴാന്‍ തുടങ്ങിയ ഒരു വൈകുന്നേരം ഞാന്‍ ആ ഗസ്റ്റ് ഹൗസിലെ ഒന്നാം നിലയിലെ ബാല്‍ക്കണിയില്‍ ഒരു സിഗററ്റും പുകച്ച്, പുറത്ത് നിരത്തിനപ്പുറത്ത് കോടമഞ്ഞില്‍ അവ്യക്തമായി കാണാമായിരുന്ന താഴ്‌വാരത്തിലേക്ക് നോക്കി നില്‍ക്കേ, താഴെ നിന്ന് ഒരു ചെറുപ്പക്കാരന്‍ കൈകൊട്ടി ശബ്ദമുണ്ടാക്കി ഒരു സിഗരട്ട് തരാമോ എന്ന് എന്നോട് ആഗ്യം കാണിച്ച് ചോദിച്ചു. ആ കൊടും തണുപ്പിലും, മുട്ടോളമെത്തുന്ന ഒരു ട്രൗസര്‍ മാത്രമായിരുന്നു അയാളുടെ വേഷം. ബലിഷ്ഠമായ ശരീരം. കയ്യില്‍ കുതിരവണ്ടികളോടിക്കുമ്പോള്‍ ഉപയോഗിക്കുന്നതരത്തിലുള്ള ഒരു ചെറിയ ചാട്ട. ഞാന്‍ എറിഞ്ഞ് കൊടുത്ത രണ്ട് സിഗററ്റുകളും, അയാള്‍ക്ക് പിടിക്കാനാവാതെ റോഡിലെ മഴവെള്ളത്തില്‍ വീണു നനഞ്ഞു. അയാളോട് അവിടെ തന്നെ നില്‍ക്കൂ, താഴെക്ക് കൊണ്ട് വന്ന് തരാം എന്ന് ആഗ്യം കാണിച്ച് ഞാന്‍, അകത്ത് കയറി മുന്‍‌വശത്തെ കോണിപ്പടവുകളിറങ്ങി റോഡിലേക്ക് ചെന്നു.

ഞാന്‍ എറിഞ്ഞ് കൊടുത്ത രണ്ട് സിഗരറ്റുകളും നിരത്തിലെ വെള്ളത്തില്‍ വീണ് കുതിർന്ന് അവിടെ തന്നെ കിടപ്പുണ്ട്. പക്ഷേ അയാളെ അവിടെയെങ്ങും കണ്ടില്ല. ഇരുട്ട് പരന്ന്‍, കോടവീണ്, കാഴ്ചകള്‍ അവ്യക്തമായിരുന്നു എങ്കിലും ഞാന്‍ അയാളെയും തിരഞ്ഞ് നിരത്തിലൂടെ മുന്നോട്ട് നടന്നു. ഇടക്കിടെ തണുത്ത കാറ്റ് ചൂളം കുത്തി ആഞ്ഞ് വീശി. കുറച്ചുകൂടെ നടന്ന്, വിജനമായ വഴിയിലെവിടെയും ഒരു കുഞ്ഞിനെ പോലും കാണാതെ ഒടുവില്‍ ഞാന്‍ ഗസ്റ്റ് ഹൗസിലേക്ക് തന്നെ മടങ്ങി. അടുക്കളയില്‍ നിന്നും കെയര്‍ടേക്കര്‍ കം കുക്ക് കം ഗാര്‍ഡനര്‍ കം എല്ലാമായ ഉന്തിയപല്ലുകളുള്ള രേവണ്ണ, എന്റെ അടുത്തേക്ക് വന്ന് എന്തോ സ്വകാര്യം പറയുന്നത് പോലെ മുറി മലയാളത്തില്‍ പറഞ്ഞു;

"സാര്‍.... അസമയത്ത് ഒറ്റക്ക് പുറത്തിറങ്ങി നടക്കാതെ. താഴ്‌വരയില്‍ ചാടി ചത്ത കുതിരക്കാരന്‍ മഞ്ജുവിന്റെ പ്രേതം കേറി വന്ന് സിഗരട്ട് ചോദിക്കും"

സപ്തനാഡികളും തളര്‍ന്ന് ഞാന്‍ ഹാളിലെ സോഫയിലേക്ക് വീണു.

ദില്‍ജി മോനെ നീ കഷ്ടി രക്ഷപെട്ടതാണടെ :P  ;)

Tuesday, January 06, 2015

ദിനചര്യ

കാണാത്ത കാഴ്ചകളാണ് കൂടുതലും.
ആഗ്രഹങ്ങള്‍ക്കൊപ്പം നടക്കാറില്ല എന്നത് തന്നെ കാരണം.
അടഞ്ഞ ഒരു മുറിയില്‍ നിന്നും അടഞ്ഞ മറ്റൊരു മുറിയിലേക്കുള്ള യാത്ര,
അതാണ് ഇപ്പോള്‍ ദിനചര്യ.

ഞാന്‍ എന്നിലേക്ക് മാത്രമായി വല്ലാതെ ചുരുങ്ങിപ്പോയിരിക്കുന്നു.

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...