A blend of 99% fine fiction and 1% fact

Thursday, November 03, 2011

കടത്തെപ്പെടുന്ന മനുഷ്യർ


“ബാബു, ചായ് ഓർ കോഫി”

പതിഞ്ഞ ശബ്ദത്തിൽ പതിവില്ലാത്ത ഒരു  ചോദ്യം. വർഷങ്ങൾക്ക് മുമ്പ് ഏതോ ഒരു തമിഴൻ എഴുതിവച്ച് പോയ ഒരു ഒറാക്കിൾ ട്രിഗറിലെ നൂലാമാലകൾക്കിടയിൽ നിന്നും ഞാൻ തലപുറത്തേക്കിട്ടു നോക്കി. റാം പാൽ അല്ല, പകരം പാകമല്ലാത്ത അയഞ്ഞ കാക്കി യൂനിഫോമിനുള്ളിൽ ഒരു പയ്യൻ. പത്ത് പതിനെട്ട് വയസ്സ് കഷ്ടി തോന്നിക്കും. റാം പാൽ പുകയില ചവച്ച് കറുത്ത പല്ലുകാട്ടിചിരിച്ച് അവന് പിന്നിൽ നിൽക്കുന്നു. റാം പാലിനെ പ്രൊഡക്ഷൻ ഫ്ലോറിലെ ക്ലീനിംഗിലേക്ക് മാറ്റിയിരിക്കുന്നു. ചായ സപ്ലൈ ഇനിമുതൽ ഈ പുതിയ പയ്യനായിരിക്കും. പശ്ചിമ ബംഗാളിലെ ഏതോ ഒരു ഗ്രാമത്തിൽ നിന്നും വന്ന മഹേഷ്.

ഭയമാണ് മഹേഷിന്റെ മുഖത്തെ സ്ഥായിയായ ഭാവം. ആവശ്യത്തിൽ കൂടുതൽ ഉച്ചത്തിൽ സംസാരിക്കുന്ന ഡയറക്ടർമാരുടെയും ഫാഷൻ ഡിസൈനേഴ്സിന്റെയും മർച്ചന്റൈസേഴ്സിന്റെയും ഇരിപ്പിടങ്ങൾക്കിടയിലൂടെ ചായകപ്പുകളും എച്ചിൽ പാത്രങ്ങളുമായി ശബ്ദമുണ്ടാക്കാതെ, പതുങ്ങി ഭയന്ന് അവൻ നടന്നു.

ചായയുമായി വരുമ്പോൾ “കൈസേഹേ” എന്ന എന്റെ  ചോദ്യത്തിന് ആദ്യമാദ്യം ഒരു ദയനീയ ചിരിമാത്രമായിരുന്നു എങ്കിലും പിന്നീടവൻ “അച്ഛാഹെ ബാബു” എന്ന് മറുപടി പറയും.

തിരക്കുകളൊഴിഞ്ഞ ഒരു ശനിയാഴ്ച വൈകുന്നേരം മഹേഷ് ചായയുമായി വന്നപ്പോൾ അവൻ ഏതുക്ലാസ്സ് വരെ പഠിച്ചു എന്ന എന്റെ ചോദ്യത്തിന് മടിച്ച് മടിച്ച് അവൻ മറുപടി പറഞ്ഞു;

“ഞാൻ മാത്രമല്ല, ബാബു, ഞങ്ങളുടെ ഗ്രാമത്തിൽ അരും സ്കൂളിൽ പോകാറില്ല.  ഞങ്ങളുടെ ഗ്രാമത്തിനടുത്തെങ്ങും സ്കൂളുകളെ ഇല്ല”; അവൻ ധൃതിയിൽ കാബിനിൽ നിന്നും ഇറങ്ങിപ്പോയി

കേരളം പോലെ പ്രബുദ്ധരുടെ നാടായ പശ്ചിമ ബംഗാളിൽ സ്കൂളുകളില്ലാത്ത ഗ്രാമമോ! ഞാൻ അത്ഭുതപ്പെട്ടു.

ഏതോ ഒരു കാരണത്താൽ രാത്രി വളരെ വൈകി ഓഫീസിൽ നിന്നുമുള്ള ഒരു മടക്കയാത്രയിൽ, വാഹനം കിട്ടാതെ ഓഫീസിന് മുന്നിൽ നിൽക്കുകയായിരുന്ന മഹേഷിനെ ഞാൻ നിർബ്ബന്ധിച്ച് ബൈക്കിന് പിന്നിൽ കയറ്റി. വഴിയിലെ ഒരു ധാബയിൽ ഭക്ഷണം കഴിക്കാൻ അവനെയും കൂടെ പിടിച്ചിരുത്തി. അവന്റെ വീട്ടുകാരെയും ഗ്രാമത്തെയുമൊക്കെകുറിച്ചുള്ള എന്റെ ചോദ്യങ്ങൾക്ക് അവൻ എന്തെങ്കിലുമൊക്കെ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണെന്ന് തോന്നിത്തുടങ്ങിയപ്പോൾ ഞാൻ ചോദ്യങ്ങൾ നിർത്തി.

ഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങി ബൈക്കിൽ കയറാൻ തുടങ്ങുമ്പോൾ തലകുനിച്ച് നിന്നുകൊണ്ട് മഹേഷ് പറഞ്ഞു;
“ബാബുവോട് എനിക്ക് കള്ളം പറയാൻ പറ്റുന്നില്ല”

ഞാനവനെ സംശയത്തോടെ നോക്കി

“ബാബു, ഞാൻ ഇന്ത്യൻ ബംഗാളിയല്ല. ബംഗ്ലാദേശിൽ നിന്നുമാണ്. ഒരിക്കലും അവസാനിക്കാത്ത  വെള്ളപ്പൊക്കവും മണ്ണിടിച്ചലും കാരണം വീടും കൃഷിയും ഒന്നുമില്ലാതായി. മീൻ പിടിക്കാൻ പോയ അച്ഛൻ ഉരുൾപൊട്ടലിൽ പെട്ട് ഒലിച്ചു പോയി. അമ്മയും മൂന്ന് അനുജത്തിമാരുമുള്ള കുടുംബത്തെ നോക്കാൻ അവിടെ ഒരു മാർഗ്ഗവുമില്ലാതെയായപ്പോൾ  ബോർഡർ പട്ടാളക്കാർ കാണാതെ കുറച്ച് ചെറുപ്പക്കാർക്കൊപ്പം പണം കൊടുത്ത്  ഇന്ത്യയിലേക്ക് ഒളിച്ച് കടന്നതാണ്. അവിടെനിന്നും ബാംഗ്ലൂരിലേക്ക് വരാൻ ഏജന്റിന് ആയിരം രൂപ കൊടുത്തു. അയ്യാളുടെ ഒരു സഹായി ശരിയാക്കിതന്നതാണ് ഈ ജോലി”


മനുഷ്യക്കടത്തിനെക്കുറിച്ച് പിന്നെയും കുറെ കഴിഞ്ഞാണ് ശരിക്കും മനസ്സിലാക്കിയത്. ഇന്നത്തെ മനോരമ പത്രത്തിലെ വാർത്ത വായിച്ചപ്പോൾ മഹേഷിനെ ഓർത്തുപോയി.1 comment: