A blend of 99% fine fiction and 1% fact

Tuesday, June 01, 2010

മില്ല്യൻ ഡോളർ ചിരി

“വരുമോ നീയെൻ കൂടെ... എൻ കരളേ... എൻ പൊന്നേ...”

“എന്തുവാടേയ് അത്”; ഉച്ച ഉറക്കം നഷ്ടപ്പെട്ടതിന്റെ ഈര്‍ഷ്യയോടെ അജയന്‍ ചാടി എഴുന്നേറ്റ്‌ ചോദിക്കുന്നത് എനിക്ക് കേള്‍ക്കാം

“കവിത. അലക്സാണ്ടറും പുരുഷോത്തമനും എന്ന എന്റെ നൃത്ത സംഗീത ശിൽപ്പത്തിനായി ഞാൻ എഴുതി, ഞാൻ തന്നെ സംഗീതം നൽകി കൊണ്ടിരിക്കുന്ന കവിത. അലക്സാണ്ടര്‍ ചക്രവര്‍ത്തി ഇന്ത്യന്‍ യുവതിയോടു പ്രണയാഭ്യര്‍ത്ഥന നടത്തുന്ന രംഗമാണ്"

”ഇതാണോടാ കവിത! അതും അലക്സാണ്ടര്‍ ചക്രവര്‍ത്തി നടത്തുന്ന പ്രണയാഭ്യര്‍ത്ഥന! നിന്നോട് പല പ്രാവശ്യമായി ഞാൻ പറയുന്നു, ഈ പണി നിനക്ക് പറ്റിയതല്ല എന്ന്“

”അസൂയ.. അസൂയ. നീയും, പോത്തു പോലെ കിടന്നുറങ്ങുന്ന ദാ ഇവനുമൊക്കെ ഒണ്ടല്ലോ, ഒരിക്കൽ സിനിമയിലും ടിവിയിലുമൊക്കെ എന്റെ പേരു വരുന്നത് കാണും“

”പിതാവേ, അതിനും മുൻപേ നീ ഇവനെ തിരിച്ച് വിളിക്കേണമേ“

ദേവരാജനോടുള്ള കലിപ്പ് തീരാതെ അജയൻ തല മൂടിപുതച്ച് കമിഴ്ന്ന് കിടക്കുകയായിരുന്ന എന്നെ കട്ടിലില്‍ നിന്നും ഉരുട്ടി താഴെ ഇട്ടു. സംഗീത സംവിധായകന്റെ പരിശീലന പരാക്രമത്താൽ നേരത്തെ തന്നെ ഉറക്കം നഷ്ടപ്പെട്ട് കിടക്കുകയായിരുന്ന ഞാൻ, നിസ്സഹായതയോടെ എഴുന്നേറ്റ് ഇരുന്നു.

“ദേവരാജൻ എന്ന് നിനക്ക് പേരിട്ട നിന്റെ അപ്പനെ തല്ലണം ആദ്യം. മലയാളത്തിനു മഹത്തായ പാട്ടുകൾ നല്‍കിയ ഒരു കലകാരന്റെ പേര്! അതും ഒരു കാട്ടാളന്!”; അജയന് കലിപ്പ് തീരുന്നില്ല.

ഓരോ സിഗരറ്റും പുകച്ച് അജയനും ഞാനും പുറത്തേയ്ക്ക് നടക്കുമ്പോൾ ദേവരാജൻ നൃത്ത സംഗീത ശില്പ്പത്തിലെ ഡയലോഗുകൾ തുടരുകയായിരുന്നു;

“കൂച്ച് വിലങ്ങുകൾക്കുള്ളില്ലും മഹരാജാവ് പുരുഷോത്തമൻ പ്രൗഡഗംഭീരനായും അക്ഷീണിതനായും അക്ഷോഭ്യനായും കാണപ്പെട്ടു......”

"അവന്റെ അപ്പാപ്പന്‍"; അജയന്‍ ഒരു കല്ല്‌ എടുത്ത്‌ ലോഡ്ജിന്റെ വാതിലിനു നേരെ എറിഞ്ഞു

സന്ധ്യ-
ഞാനും അജയനും അമ്പലപ്പറമ്പിലെ പതിവ് കറക്കവും കഴിഞ്ഞ് ലോഡ്ജിലെയ്ക്ക് കേറിവരുമ്പോഴുണ്ട്‌ മുറ്റത്ത്‌ ചെറിയൊരു ആള്‍ക്കൂട്ടം. ആരൊക്കെയോ ഉറക്കെ സംസാരിക്കുന്നുണ്ട്. പെട്ടന്ന്‍ അതിനിടയില്‍ നിന്നും ദേവരാജന്റെ ശബ്ദം;

"എടാ ഓടി വാടാ, ഇവരെന്നെ തല്ലാന്‍ നോക്കുന്നു"

ഞങ്ങൾ ഇടയിൽ ചാടി വീണു. പട്ട ചാരയത്തിന്റെ മനം മയക്കുന്ന ലോല ശ്യാമള കോമള സുന്ദര ഗന്ധം. നല്ല തടിയും വണ്ണവുമുള്ള ഒരു ചേട്ടനുണ്ട് ദേവരാജനെ കുത്തിനു പിടിച്ച് നിർത്തിയിരിക്കുന്നു. ദേവനാണെങ്കിൽ ഇപ്പോള്‍ കരയും എന്ന ഭാവത്തിലും. കാര്യമെന്താണെന്ന് അന്വെഷിച്ച ഞങ്ങളോട് ആ ചേട്ടൻ അട്ടഹസിച്ചു;

“നിനക്കൊന്നും തല്ല് കിട്ടാത്തതിന്റെ കുറവാണെടാ  £$%@*! മക്കളേ. പെണ്ണുങ്ങളെ നോക്കി പൊലയാട്ട് പാട്ട് പാടുന്നോ. ഒന്നൂടെ പാടെടാ- വരുമോ നീയെൻ കൂടെ... പൊന്നേ... കരളേ.... പിന്നെന്താണു? പാടാനാ പറഞ്ഞത്‌”; അയാള്‍ ദേവന്റെ കുത്തിനുള്ള പിടി ഒന്നു കുടെ മുറുക്കി.

“അജയാ ഞാൻ ആ മതിലിൽ ഇരുന്ന് പാട്ട് റിഹേഴ്സൽ ചെയ്തതായിരുന്നു. സത്യമായും ആരെയും നോക്കി പാടിയതല്ല. അമ്മ സത്യം...”

ആ ചേട്ടന്റെ ഭാര്യയും മകളും റോഡിലൂടെ പോകുമ്പോഴായിരുന്നു അവന്റെ നൃത്ത സംഗീത ശില്പ്പത്തിന്റെ റിഹേഴ്സൽ!

സാഷ്ടാംഗം അടിച്ച് ഞാനും അജയനും അവരെ ഒരു വിധം കാര്യം പറഞ്ഞ്‌ മനസ്സിലാക്കിച്ചു . കൈതരിപ്പ്‌ തീര്‍ക്കാന്‍ പറ്റാത്തതിന്റെ വിഷമത്തോടെ അവര്‍ മടങ്ങിപോകുമ്പോള്‍  കൂട്ടത്തിൽ നിന്നും ഒരു ചേട്ടന്റെ ശബ്ദം ഉയർന്നു കേട്ടു;

“പോട്ട്, ചീളു പിള്ളേരു കേസ്. ഒരു ഇര കിട്ടിയതാന്ന് കരുതിയതായിരുന്നു. ജീപ്പ് നേരെ കന്നൂരു ഷാപ്പിലേയ്ക്ക് വിട്”

ഒരു വിധം നിവർന്ന് നിന്ന് ദേവരാജൻ എന്നെയും അജയനെയും നോക്കി ലോകപ്രശസ്തമായ ആ ചിരി ചിരിച്ചു.

സൈക്കിളിൽ നിന്ന് വീണവന്റെ ആ മില്ല്യൻ ഡോളർ ചിരി!

1 comment:

 1. പടിപ്പുരാ

  പേരുകള്‍ മാറ്റിയാല്‍ പല സംഘത്തിലും സംഭാവ്യമാണ്. എത്രയെത്ര...
  രസിച്ചു
  :-)
  ഉപാസന

  ReplyDelete