Thursday, April 15, 2010

സൈനികൻ


“നാല് വർഷത്തെ പട്ടാള സേവനം കൊണ്ട് കിട്ടിയ വലിയൊരു ലാഭം എന്നു പറയുന്നത് ഈ കാന്റീൻ ഏക്സ്സ്സ് ആണു“; അനുപ് അവന്റെ ബാഗിൽ നിന്നും ഒരു ഫുൾ ബോട്ടിൽ വിസ്കി എടുത്ത് ടീപോയിൽ വച്ചു.

ബാഗ്ലൂരിലെ എന്റെ വാടക ഫ്ലാറ്റിൽ രാവിലെ എത്തിയതാണ് അനുപ്. നാല് വർഷം ഇന്ത്യൻ ആർമിയിൽ കമാൻഡോ ആയിരുന്നു. പട്ടാളത്തിൽ നിന്നും വിട്ടതിനു ശേഷം പല വിധ ബിസിനസ്സുകൾ, അതിനായുള്ള ലോക സഞ്ചാരം. മലേഷ്യ, ചൈന, തായ്ലൻഡ്....ബാംഗ്ലൂരിലേയ്ക്കുള്ള ഈ വരവും എന്തോ ബിസിനസ്സ് കാര്യത്തിനു തന്നെ.

പട്ടാളക്കാർക്ക് പൊതുവെ പറഞ്ഞു കേട്ടിട്ടുള്ള, വീര സാഹസിക കഥ പറച്ചിലുകൾ അനുപിന് ഇല്ല. തലേ ദിവസം റിലീസ് ചെയ്ത മേജർ രവിയുടെ കീർത്തി ചക്ര, കോഴിക്കോട് നിന്നും കണ്ടതിന്ന് ശേഷമാണ് ബാംഗ്ലൂരിലേയ്ക്ക് വണ്ടി കേറിയത്.

“നല്ല പടമാണ്. നീ പോയി കാണണം”

ബാഗ്ലൂരിലെ ഒരു സുഹൃത്ത് വഴിയുള്ള പരിചയമാണു എനിക്ക് അനൂപുമായിട്ട്. മൂന്ന് നാലു പ്രാവശ്യമേ അതിനു മുമ്പ് ഞങ്ങൾ കണ്ടിട്ടുള്ളു. ആദ്യമായാണു അവൻ എന്റെ ഫ്ലാറ്റിൽ വരുന്നത്. നാളെ ഡൽഹി വഴി ഹോങ്കോങ്ങിലേയ്ക്ക്. എയർപോർട്ടിനടുത്ത് ഏതെങ്കിലും ഹോട്ടലിൽ മുറിയെടുക്കാമെന്ന് പറഞ്ഞൊഴിയാൻ നോക്കിയ അവനെ ഞാൻ നിർബ്ബന്ധിച്ച് വിളിച്ച് കൊണ്ടുവന്നതാണ്.

ഡ്രിങ്ക്സിനിടയിലുള്ള വർത്തമാനത്തിനിടയിൽ ഞാൻ അനുപിനോട് ചോദിച്ചു;

“നാലു വർഷം കൊണ്ട് എന്താണ് കമാൻഡോ പണി ഉപേക്ഷിച്ച് പോന്നത്?”

ഇടത് കാല് ടീപോയിലേയ്ക്ക് കയറ്റി വച്ച്, ജീൻസ് അൽ‌പം മുകളിലേയ്ക്ക് വലിച്ച് ഒരു ആറിഞ്ച് നീളത്തിലുള്ള മുറിവ് കാണിച്ച് അനൂപ് പറഞ്ഞു;
“വെടിയുണ്ട കേറിയതാണ്, കാശ്മീരിൽ നിന്ന്. ഉള്ളിൽ സ്റ്റീലിട്ടിരിക്കുകയാണ്. മതിയാക്കി പോന്നു”

ഒരു സിപ് എടുക്കുന്നതിനിടയിൽ അഗാധമായി എന്തോ ആലോചിച്ച് അനുപ് തുടർന്നു;

“കമാൻഡോ പണിനൊക്കെ പറയുന്നതു ആരച്ചാരുടെ പണിയാണ്. ഇപ്പോ ആലോചിച്ച് നോക്കുമ്പോൾ എനിക്കുതന്നെ വിശ്വസിക്കാനാവുന്നില്ല.”; അനൂപ് വലതു കൈ നിവർത്തി പിടിച്ചു അതിലേയ്ക്ക് നോക്കി ചിരിച്ചു;
“ഒരുപാടെണ്ണത്തിനെ കൊന്നു തള്ളിയിട്ടുണ്ട്“

“അവന്മാർ അതു അർഹിക്കുന്നും ഉണ്ട്. ടെററിസ്റ്റ്സ്. കാശ്മീരിലെ ഗ്രാമങ്ങളിലേയ്ക്ക് ഇറങ്ങി വന്ന് അവന്മാർ എന്തൊക്കെ അതിക്രമങ്ങളാണ് കാണിക്കുക. കൊച്ചു പിള്ളേരെ ബലമായി പിടിച്ചു കൊണ്ടുപോയി സംഘം ചേർക്കുക. പെണ്ണുങ്ങളെ ബലാൽ‌സംഘം ചെയ്യുക....സിനിമയിലൊക്കെ കാണുന്നതിലുമധികവും ചിലപ്പോൾ സംഭവിക്കാറുണ്ട്”

ഒരു ഡ്രിങ്ക് ഫിക്സ് ചെയ്യുന്ന സമയം എടുത്ത് അനൂപ് തുടർന്നു;

“ആദ്യത്തെ ഓപ്പറേഷനു മാത്രമെ ഇത്തിരി നെർവസ്സ് ആയിട്ടുള്ളു. പിന്നൊരിക്കലും രണ്ടാമതൊന്ന് ആലോചിച്ചിട്ടില്ല. ആലോചിക്കാനുള്ള സമയവും ഉണ്ടാവില്ല. കൊല്ലുക, അല്ലെങ്കിൽ ചാവുക. രണ്ടേ രണ്ട് ഒപ്ഷൻ!“

“ട്രെയിനിംഗ് കഴിഞ്ഞ് ആദ്യ് പോസ്റ്റിംഗ് തന്നെ കാശ്മീരിലായിരുന്നു. ഗ്രാമത്തിലെ കുന്നിൻ മുകളിൽ ഒരുത്തൻ വന്നിറങ്ങിയിട്ടുണ്ടെന്ന് ഇൻഫോർമേഷൻ കിട്ടി. ഞങ്ങൾ എട്ട് പേർ, ഒബ്ജക്റ്റ് ഇറങ്ങി വരുന്നത് കാണാനുള്ള സൌകര്യത്തിൽ ഇരുട്ടിൽ, നിലത്ത് പാറക്കെട്ടുകൾക്കും പുൽ‌പ്പരപ്പുകൾക്കും ഇടയിൽ ജാഗരൂകരായി പൊസിഷനിൽ കാത്തു നിന്നു. രാത്രി ഒരു മണി കഴിഞ്ഞു കാണും, കരിയിലകളിൽ ചവിട്ടി ആരോ പതുക്കെ നടന്നു വരുന്നതിന്റെ ശബ്ദം. കുറച്ചകലെ നാട്ടുവെളിച്ചത്തിൽ അവ്യക്തമായി ഒരു മനുഷ്യ രൂപം. നിന്നിടത്തു നിന്ന് അനങ്ങരുതെന്നും കൈകൾ തലയ്ക്ക് മീതെ ഉയർത്തി പിടിക്കണമെന്നും ഞങ്ങൾ ഹിന്ദിയിലും ഇംഗ്ലീഷിലും ആവശ്യപ്പെട്ടു. പുള്ളി നടത്തം നിർത്തി. കൈകൾ തലയ്ക്ക് മീതെ ഉയർത്തി പിടിക്കാൻ ഞങ്ങൾ ആവർത്തിച്ചു. ശബ്ദം കേട്ട ദിക്കിലേയ്ക്ക് അയാൾ പെട്ടന്ന് തന്നെ ഒരു വെടി ഉതിർത്തു. ഒരു തവണ കാഞ്ചി വലിക്കാനുള്ള സമയമേ പുള്ളിക്ക് കിട്ടിക്കാണൂ. ഞങ്ങൾ എട്ടുപേരുടെയും എ.കെ-47 നിർത്താതെ രണൂമൂന്ന് മിനുട്ട് തകർത്തു. പുള്ളി തലയും കുത്തി വീഴുന്നത് ഞങ്ങൾക്ക് കാണാമായിരുന്നു. നേരം വെളുക്കുന്നതു വരെ ഞങ്ങൾ ആ കിടപ്പ് കിടന്നു. രാത്രിയിൽ നിന്നിടത്ത് നിന്ന് അനങ്ങരുതെന്ന് കർശന നിർദ്ദേശമുണ്ട്. നേരം വെളുത്തു വന്നപ്പോൾ ഞങ്ങൾ ഞങ്ങൾ അടുത്ത് ചെന്നു നോക്കി. വെടിയുണ്ടകളേറ്റ് അരിപ്പ പരുവത്തിലായ ഒരു മനുഷ്യ രൂപം“

“അങ്ങിനെ എത്ര എത്ര ഓപറേഷൻസ്. ഒടുവിലേത്തതിൽ ഒരെണ്ണം കാലിനു കുടുങ്ങി. ഭാഗ്യം നെഞ്ചത്താവാതിരുന്നത്”; അനൂപ് ചിരിച്ചു.

1 comment:

  1. കൊല്ലുക അല്ലെങ്കില്‍ ചാവുക, രണ്ടേ രണ്ടു ഓപ്ഷന്‍സ്....

    എനിക്കെന്നും ബഹുമാനമാണ് പട്ടാളക്കാരോട്.

    ReplyDelete

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...