Wednesday, September 08, 2010

രഞ്ജിനി, ശ്രോതക്കൾ ആവശ്യപ്പെട്ട ചലചിത്ര ഗാനങ്ങൾ


“ആകാശവാണി, തിരുവനന്തപുരം, തൃശ്ശൂർ, അലപ്പുഴ, കോഴിക്കോട്. രഞ്ജിനി, ശ്രോതക്കൾ ആവശ്യപ്പെട്ട ചലചിത്ര ഗാനങ്ങൾ”

ശ്രുതി മധുരമായ സ്ത്രീ ശബ്ദത്തിൽ, പ്രദീപേട്ടന്റെ ചെറിയ റേഡിയോവിൽ നിന്നും അനൌൺസ്മെന്റ് വന്നതോടെ ഉറക്കം തൂങ്ങി ഇരുന്ന ഞങ്ങൾ ഉഷാറായി.

“ഇന്ന് ആദ്യമായി ഒരു യുഗ്മഗാനമാണു. യേശുദാസും ചിത്രയും ചേർന്ന് പാടിയത്. ചിത്രം ഞാൻ ഏകനാണു. ഗാന രചന സത്യൻ അന്തിക്കാട്, സംഗീതം എം.ജി രാധാകൃഷ്ണൻ”

പ്രണയവസന്തം തളിരണിയുമ്പോൾ പ്രിയസഖിയെന്തേ മൗനം.....

“ശ്ശേടാ,  രജനീ പറയൂ പൂ നിലാവിൻ... ആയിരുന്നു വേണ്ടത് ...”; ദേവരാജൻ അഭിപ്രായപ്പെട്ടു.

ഓ മൃദുലേ... ആയിരിക്കും എന്നാണു ഞാൻ കരുതിയത്”; പ്രദീപേട്ടൻ അരയിൽ നിന്നും ബീഡി കെട്ട് എടുത്തു. ഒരു ബീഡി കിട്ടിയാൽ വലിക്കാമെന്ന മൂഡിൽ ഇരിക്കുകയായിരുന്ന അജയൻ പ്രദീപേട്ടനെ പിന്താങ്ങി. പ്രദീപേട്ടൻ ഒരു ബീഡി അജയനു നേരെ നീട്ടി.

രാത്രി പത്ത് മണിമുതൽ, ഒരു മണിക്കൂർ നീളുന്ന രഞ്ജിനി. ഇഷ്ട ഗാനങ്ങൾ ആസ്വദിക്കാൻ കിട്ടുന്ന അവസരം. കാസറ്റുകളും ടേപ്പ് റിക്കോഡറുകളും അന്ന് സർവ്വ സാധരണമായി തുടങ്ങിയിരുന്നില്ല.

ലോഡ്ജ് വരാന്തയിൽ ബീഡിയും പുകച്ച്, പാട്ട് കേട്ടും അഭിപ്രായം പറഞ്ഞും, അടുത്ത പാട്ട് ഏതായിരിക്കും എന്ന് ബെറ്റ് വച്ചും ഞങ്ങൾ ഇരുന്നു.

ശോക-വിരഹ ഗാനങ്ങളായിരുന്നു, പ്രദീപേട്ടനു ഇഷ്ടം. ‘മനം നൊന്തു ഞാൻ കരഞ്ഞു, മനതാരിലെ ഓർമകളും’ ഒക്കെ വരുമ്പോൾ ഒരു ബീഡിയും പുകച്ച്, തോർത്ത് തലയിൽ കെട്ടി പ്രദീപേട്ടൻ അഭിനയിച്ചു കാണിച്ചു.

നീയെൻ കിനാവോ പൂവോ നിലാവോ, രാഗം തുളുമ്പും...’ ടൈപ്പ് പാട്ടുകൾ വരുമ്പോൾ ദേവരാജൻ കൂടെ പാടും. അന്നത്തെ അടിപൊളി പാട്ടുകളുടെ ആരാധകനായിരുന്നു അവൻ.

എനിക്കും അജയനും അങ്ങിനെ പ്രത്യേക താൽപര്യങ്ങൾ ഇല്ല. എന്തും കേൾക്കും. അജയൻ ഇത്തിരി കൂടെ കടന്ന കയ്യാണു. അവൻ ചിലപ്പോൾ ഉച്ച സമയത്തെ ‘ശ്രീനിവാസ അയ്യർ പുല്ലാംകുഴലിൽ വായിച്ച കൃതികൾ’ ടൈപ്പ് ഇരുന്ന് കേൾക്കുന്നത് കാണാം.

*

അജയന്റെ കാറിൽ, എഫ്-എം റേഡിയോവിൽ വാചകമേളകൾക്കും പരസ്യങ്ങൾക്കും ശബ്ദ കോലാഹലങ്ങൾക്കും ഇടയിൽ വരുന്ന പാട്ട് ഓഫ് ചെയ്ത് അവൻ അടുത്തിരിക്കുന്ന എന്നോട് ചോദിച്ചു;

“അന്ന് നമ്മെ അലട്ടിയിരുന്ന ഒരു പ്രധാന കാര്യം നിനക്ക് ഓർമ്മയുണ്ടോ?”; അജയൻ ഓർമകളിൽ കയറി ഇറങ്ങി ഒന്ന് ചിരിച്ചു; “ശ്രോതാക്കൾ എവിടെ ചെന്നാണു പാട്ട് ആവശ്യപ്പെടേണ്ടത് എന്ന്!”

3 comments:

  1. ഞാനും വളരെ താല്പര്യത്തോടെ കേട്ടിരുന്ന ഒരു പരിപാടി.

    ReplyDelete
  2. ഈശ്വരന്‍ പോസ്റ്റ് കാര്‍ഡ് സൃഷ്ടിച്ചിട്ടുള്ളത് പിന്നെ എന്നാത്തിനാ?

    ReplyDelete
  3. ഇപ്പോള്‍ മനസ്സിലായോ........

    ReplyDelete

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...