Wednesday, September 29, 2010

വിധി പറയും മുമ്പേ....


"നാണ്വേട്ടാ, നാണ്വേട്ടാ.. അതെന്തുന്നാത്, ബാബറി മസ്ജിദ് പ്രശ്നം?";

പതിവു രാവിലെകളിലെ എന്നത് പോലെ വായനശ്ശാലയിൽ നിന്നും സകല പത്രങ്ങളും അരിച്ച് പെറുക്കി വായിച്ച്, ചാപ്പയിൽ നിന്നും മീനും വാങ്ങി വീട്ടിലേയ്ക്ക് നടക്കുകയായിരുന്ന വാർഡ് മെംബർ നാണുവേട്ടനോട്, പിന്നിൽ നിന്നും സൈക്കിളിൽ വന്ന തയ്യൽക്കാരൻ വിനോദന്റെ ചോദ്യമാണു. വിനോദന്റെ സൈക്കളിന്റെ പിന്നിലേയ്ക്ക് ഒരഭ്യാസിയെ പോലെ ചാടികയറി ഇരുന്ന് നാണുവേട്ടൻ പറയാൻ തുടങ്ങിയത്, ലോഡ്ജിനു  മുന്നിലെ അരമതിലിൽ ഇരിക്കുകയായിരുന്ന എനിക്കോ ദേവനോ, അജയനോ കേൾക്കാൻ കഴിഞ്ഞില്ല.

എൺപതുകളുടെ അവസാനം. അലഹബാദ് ഹൈക്കോടതി വിധിയും, അതിനു മുൻപും പിൻപും ഉണ്ടായിട്ടുള്ള സംഭവ വികാസങ്ങളും കാരണം പത്രങ്ങളിലും ആളുകളുടെ ചർച്ചകളിലും ബാബറി മസ്ജിദ് ഇടം പിടിച്ചുതുടങ്ങിയ കാലം.

“എന്തുവാടൈ സത്യത്തിൽ അവിടുത്തെ പ്രശ്നം? നിനക്കു വല്ലതും പിടിയിണ്ടാ?”; ദേവൻ അജയനെ തോണ്ടി.

“ബാ......”; അണഞ്ഞു പോയ ഒരു ബീഡി കത്തിക്കുന്നതിലായിരുനു അവന്റെ ശ്രദ്ധ.

കെ.എസ്സ്.യുവിലെ പ്രതാപനും എസ്സ്.എഫ്.ഐയിലെ ഗണേശനും കൈ മലർത്തിയപ്പോൾ, എം.എസ്സ്.എഫിലെ നാസ്സർ ആണു ഒരു ഐഡിയ പറഞ്ഞു തന്നത്;

“നമുക്ക് രമേശനോട് ചോദിക്കാം”

രമേശൻ എ.ബി.വി.പി ആണു. കോളെജ് ഗ്രൗണ്ടിലെ പടിഞ്ഞാറെ മൂലയ്ക്ക്, മാവിൻ ചോട്ടിൽ സെക്കന്റ് ബോട്ടണിയിലെ അവന്റെ കാമുകിയുമായി ലൈനടിച്ച്കൊണ്ടിരുന്ന രമേശനു അരിശം വന്നു;

“നിനക്കൊനും വേറെ പണിയില്ലേടേയ്, പൊക്കോണം അവിടുന്ന്”

ഞങ്ങൾ എല്ലാവരും അവസാന വർഷ ഡിഗ്രി ക്ലാസ്സുകളിലാണു. കോളെജ് ഇലക്ഷനു മുൻപു തന്നെ ഞങ്ങൾ തീരുമാനമെടുത്തിരുന്നു, രാഷ്ട്രീയത്തിന്റെ പേരു പറഞ്ഞ് ആരും അലമ്പുണ്ടാക്കരുത്, അവസാന വർഷമാണു- പഞ്ചാരയടി, വെള്ളവടി, നാടു ചുറ്റൽ തുടങ്ങിയ സന്തോഷ പ്രദമായ പരിപാടികൾക്കായിരിക്കണം ഈവർഷത്തെ പ്രധാന്യം.

ഇനിയിപ്പോൾ ഒരു വഴിയേ ഉള്ളൂ, സംഗതി അറിയണമെങ്കിൽ അലക്സ് മാഷോട് ചോദിക്കുക. കോളെജിലെ ബുദ്ധിജീവി ഇംഗ്ളിഷ് പ്രൊഫസറാണു അലക്സ് മാഷ്. ചാതുർവർണ്യത്തിൽ വിശ്വസിക്കുന്ന ആളെപ്പോലാണു ഞങ്ങളെ കണ്ടാൽ അദ്ദേഹം പെരുമാറുക. ഞങ്ങൾക്ക് കടന്നു പോകാൻ തല താഴ്ത്തി മാറി നിന്നു തരും. കൂട്ടത്തിൽ ആരുടെയെങ്കിലും ശബ്ദം കേട്ടാൽ തന്നെ വഴി മാറി നടന്നു പോകും. മുൻപ് ഇംഗ്ളീഷ് ക്ലാസ്സുകളിൽ അറ്റെൻഡൻസ് തന്ന് ഞങ്ങളെ ക്ലാസ്സിൽ നിന്ന് ഇറങ്ങി പോകാൻ അനുവദിച്ചെ ഇരിക്കുക പോലുമുള്ളൂ, അദ്ദേഹം.

അജയൻ ഭവ്യത കാണിച്ച് മാഷോട് പ്രശ്നം അവതരിപ്പിച്ചു.

“ഇതൊക്കെ നിനക്ക് താങ്ങുവോടാ?”; മാഷ് ചിരിച്ചു; “അങ്ങ് യു.പിയിലെങ്ങാൻ കിടക്കുന്ന കാര്യമെടുത്ത് തലയിലിടാതെ, എക്സാമിനു വല്ലതും പ്രിപ്പയർ ചെയ്യാൻ നോക്കു നിങ്ങൾ. ഇതിൽ ആർക്കൊക്കെ ഇനിയും ഇംഗ്ളിഷ് കിട്ടാൻ ബാക്കിയുണ്ട്?”

എങ്കിലും മാഷ് ചുരുക്കി പറഞ്ഞു തന്നു; "ഒരു ആരാധനാലയത്തെ ചൊല്ലി മുസ്ളീം-ഹിന്ദു കലഹമാണു. ഒരു ജനാധിപത്യ രാഷ്ട്രത്തിൽ ഇത്തരം കലഹങ്ങൾ സമവായത്തിലൂടെ തീർക്കാൻ കഴിയും. ക്ഷമയും വിവേകവും നമ്മുടെ രാഷ്ട്രത്തിന്റെ മത സൗഹാർദ്ദത മുന്നോട്ട് നയിക്കുക തന്നെ ചെയ്യും. നമുക്ക് തരണം ചെയ്യാൻ മുൻഗണനാക്രമത്തിൽ പെട്ട ഒരു പാട് കാര്യങ്ങൾ വേറെയുണ്ട്- പട്ടിണി, പൊതുജനാരോഗ്യം, തൊഴിലില്ലായ്മ..."

*

ഇന്നലെ അജയന്റെ ഓഫ് ലൈൻ ചാറ്റ് മെസ്സേജ്-

”ആ കോടതി വിധി ഒന്നു വന്നിരുന്നെങ്കിൽ.. എല്ലാവരും സ്വമനസ്സാലെ അത് അംഗീകരിച്ചിരുന്നെങ്കിൽ....“

No comments:

Post a Comment

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...