Saturday, January 09, 2010

അതിജീവനം


“നിങ്ങളൊക്കെ ഒരു അച്ഛനും അമ്മയുമാണോ? സ്വന്തം മകന്‍ ദൂരദേശത്തേയ്ക്ക് പോകുമ്പോള്‍ ഒന്ന് കരയുക പോലും ചെയ്യാതെ യാത്രയയക്കുന്നു!“

“നീ ജോലി കിട്ടി നിറയെ സമ്പാദിക്കാന്‍ പോകുന്നതല്ലേ. ഞാനെന്തിന് കരയണം. അതിനൊക്കെ സീരിയലിലെ അമ്മമാരെയെ കിട്ടുകയുള്ളു, എന്നെ കിട്ടില്ല”; ചിരിച്ച് കൊണ്ട് അമ്മയുടെ മറുപടി. അത് കേട്ട് ചിരിക്കുന്ന അച്ഛന്‍. രണ്ട് പേരെയും ആശ്ലേഷിച്ച് കാറില്‍ കയറി പോകുന്ന മകന്‍.


കെ ടിവിയില്‍ ഏതോ ഒരു തമിഴ് സിനിമ ഓടുകയാണ്. രാത്രി ഒന്‍പത് മണിക്ക് ചാനലുകളില്‍ കയറിനിരങ്ങുമ്പോള്‍ കിട്ടിയതാണ്. പടത്തിന്റെ പേരറിയില്ല.

ഞാന്‍ അബ്ദുള്ളയെ ഓര്‍ത്തു. യു.പി സ്കൂളില്‍ ഒരുമിച്ച് പഠിച്ച കൂട്ടുകാരൻ. ഏഴാം ക്ലാസിലെ മദ്ധ്യവേനലവധിയ്ക്ക് ഒരു വൈകുന്നേരം അവന്‍ വീട്ടിന് മുന്നില്‍ വന്ന് വിളിച്ചു;

“എടാ, ഞാന്‍ ഇനി പഠിക്കുന്നില്ല. നാളെ കോയിക്കോട്ക്ക് പോവാ. മൂത്തുപ്പാന്റെ പരിചത്തിലുള്ള ഒരു ഹോട്ടലില്‍ പണിക്ക് നിക്കാൻ. ഇന്നെ ഒന്ന് കാണണംന്ന് തോനിയത് കൊണ്ട് വന്നതാ”

പഠിക്കാന്‍ അബ്ദുള്ളയ്ക്ക് വലിയ താല്പര്യമൊന്നുമില്ലായിരുന്നു. വീട്ടിലാണെങ്കില്‍ പ്രാരാബ്ധങ്ങളുടെ പെരുന്നാള്‍. ഏഴ് പെണ്മക്കള്‍ക്കൊടുവിലെ ആണ്‍ തരി. അവനെ കൊണ്ട് ആവുന്നത് സമ്പാദിക്കാനുള്ള സമയമായി.

പിന്നീട് അബ്ദുള്ളയെ ഞാന്‍ കാണുന്നത് പത്താം ക്ലാസിലെ പരീക്ഷ കഴിഞ്ഞ് സജിനി ഇന്‍സ്റ്റിറ്റ്യ്യൂട്ടില്‍ ടൈപ്പ് റൈറ്റിംഗ് പഠിക്കാന്‍ പോകുന്ന കാലത്ത്. പിന്നില്‍ നിന്ന് ഒരു നീട്ടി വിളി;

“ഡാ....”

“എടാ ഞാനിപ്പോ കോയമ്പത്തൂരിലെ ഒരു ഹോട്ടലിലാ. കൊയപ്പയില്ല. ചിലവും കയിഞ്ഞ് നാന്നൂറ് ഉറുപ്യ കിട്ടും”; പ്രകാശ് ടീസ്റ്റാളില്‍ നിന്ന് അബ്ദുള്ള അന്നെനിക്ക് പഴം പൊരിയും ചായയും വാങ്ങി തന്നു.

ഡിഗ്രി കഴിഞ്ഞ് തേരാ പാരാ നടക്കുന്ന കാലം. മുന്നിലൂടെ പാഞ്ഞ് പോയ ഒരു ജീപ്പ് പെട്ടന്ന് നിന്നു. ആ പഴയ വിളി; “ഡാ...”; ജീപ്പിൽ നിന്നും ചാടി ഇറങ്ങി അബ്ദുള്ള ഓടി വരുന്നു.

“ഞാന്‍ ഷാര്‍ജ്ജയിലാടാ. ചെറിയൊരു ഹോട്ടല്‍ നടത്തുന്നുണ്ട്. കഴിഞ്ഞ് കൂടാം”; അവന്‍ എന്റെ കൈ പിടിച്ച് ജീപ്പിനടുത്തേയ്ക്ക് നടന്നു; “എന്റെ ഭാര്യേം മക്കളേം കാണിക്കാം”

മൂന്ന് മക്കളാണ് അബ്ദുള്ളയ്ക്ക്. മൂത്തത് ഇരട്ട പെണ്‍കുട്ടികൾ. ആറ് മാസം മാത്രം പ്രായമുള്ള ഒരു ആണ്‍കുട്ടി. അബ്ദുള്ളയുടെ ഭാര്യ വെളുക്കെ ചിരിച്ചു.

അവന്‍ പുതുതായെടുത്ത വീട്ടില്‍ തീര്‍ച്ചയായും ചെല്ലാം എന്ന് എന്നെ കൊണ്ട് സമ്മതിപ്പിച്ച് ജീപ്പില്‍ കയറി അവന്‍ ഓടിച്ച് പോകുമ്പോള്‍ ആ മദ്ധ്യവേനലവധിയിലെ വൈകുന്നേരം പിരിയാനൊരുങ്ങുമ്പോള്‍ അവന്‍ പറഞ്ഞത് ഞാനോര്‍ത്തു;

“ഉപ്പാക്കും ഉമ്മാക്കുമൊക്കെ വല്യ വെഷമോണ്ട്, എന്നെ പിരിഞ്ഞ് നിക്കാൻ. പക്ഷേല് ഉപ്പാന്റെ കൊപ്പര കച്ചോടം കൊണ്ട് മാത്രം കഴിഞ്ഞ് പോകാ‍നാവൂല”

2 comments:

 1. pala weekend ilum njaayaRaazhcha vaikiitt over coat eduththe bangalore kke iRangngumpOL ammayuTe oru nOttamuNT paTippuraa...
  maRakkaanaavilla ath thirichche chellunna vare..
  :-(
  Upasana

  ReplyDelete
 2. സാധാരണക്കാരന് ഈ ജീവിതത്തില്‍ കഴിഞ്ഞു കൂടാന്‍ അങ്ങനെ എന്തെല്ലാം ത്യജിയ്ക്കേണ്ടി വരുന്നു... അല്ലേ മാഷേ?

  എന്റെ ഒരു സുഹൃത്തിനെ ഓര്‍മ്മിപ്പിച്ചു, ഇതിലെ അബ്ദുള്ള.

  ReplyDelete

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...