Monday, February 03, 2014

തെറിയരങ്ങ്

നാട്ടിലെ പ്രശസ്തരായ രണ്ട് കുടിയന്മാരായ ചാത്തുവച്ചന്റെയും കുമാരച്ചന്റെയും വീടുകളുടെ അടുത്തായിരുന്നു, ഞങ്ങളുടെ വീട്.

മരം വെട്ടുകാരനായ ചാത്തുവച്ചന്‍ എന്നും പട്ടഷാപ്പ് സന്ദര്‍ശനം കഴിഞ്ഞ് വൈകീട്ട് ആറുമണിയോടെ വീട്ടിലെത്തി വരാന്തയിലെ കട്ടിലില്‍ ഇരിപ്പുറപ്പിച്ച്, പാരമ്പരാഗതമായതും സ്വയം ഉണ്ടാക്കിയതുമായ വിവിധ തെറികളാല്‍ ഭാര്യയെയും മക്കളെയും അഭിഷേകം ചെയ്യാനാരംഭിക്കും. ഇതിനിടയില്‍ മൂപ്പരുടെ മനോധര്‍മ്മങ്ങളനുസരിച്ച്  ചട്ടി-കലം ഉടക്കല്‍, മുറ്റത്തെ പുല്ലേരിക്ക് തീകൊടുക്കല്‍, മക്കളെ തല്ലാനോടിക്കല്‍, പശുവിനെ കെട്ടഴിച്ച് വിടല്‍ എന്നിങ്ങനെ വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറും.

വൈകുന്നേരത്തെ ചെത്ത് കഴിഞ്ഞ്, ഷാപ്പിന്ന് മൂക്കറ്റം അടിച്ചാണ് ഒരു ഏഴ് ഏഴരയാവുമ്പോള്‍ തെങ്ങ്കയറ്റക്കാരനായ കുമാരച്ചന്റെ വരവ്. പതിവായി അങ്ങാടിയില്‍ വച്ച് ആരോടെങ്കിലും കോര്‍ത്ത്, അവരെയും  തെറിവിളിച്ചോണ്ടുവരുന്ന കുമാരച്ചന്റെ ശബ്ദം ദൂരെ നിന്ന് കേള്‍ക്കാന്‍ തുടങ്ങിയാല്‍, വീട്ടുകാരെ തെറിവിളിക്കുന്നത് തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ച്, ചാത്തുവച്ചന്‍ കുമാരച്ചനു നേരെ തിരിയും. 

തുടര്‍ന്ന് ചാത്തുവച്ചന്‍-കുമാരച്ചന്‍ തമ്മിലുള്ള തെറിയഭിഷേക മഹാമഹം അരങ്ങേറുകയായി. കുമാരച്ചന്‍റെ വീട്ടിലേക്ക് പോകാനുള്ള ഇടവഴിക്ക് അതിരായി നില്‍ക്കുന്ന മമ്മുക്കായുടെ പറമ്പിന്‍റെ അരമതിലില്‍ ചാരിനിന്ന്‍, ബീഡി മാറിമാറി കത്തിച്ച് പുകച്ച്‌ കുമാരച്ചനും, വീട്ടുവരാന്തയിലെ മരക്കട്ടില്‍ മലര്‍ന്ന് കിടന്ന് ചുരുട്ട് പുകച്ചൂതിവിട്ട് ചാത്തുവച്ചനും തെറിപ്രയോഗങ്ങള്‍ തട്ടിന് തറുവട്ടടിച്ച് ഇഞ്ചോടിഞ്ച് പോരാടും. ഞാന്‍ അങ്ങോട്ട് വന്നാല്‍ നിന്റെ കുടലെടുക്കുമെന്ന് ചാത്തുവച്ചനും, നീ ഇങ്ങോട്ട് വന്നാല്‍ നിന്റെ അന്ത്യമായിരിക്കുമെന്ന്‍  കുമാരച്ചനും പരസ്പരം വെല്ലുവിളിക്കുന്നത് പതിവായിരുന്നെങ്കിലും ഈ ഇതിഹാസപുരുഷര്‍ ഒരിക്കലും നേരിട്ടൊരങ്കത്തിനിറങ്ങിയതായി ആരും കണ്ടിട്ടില്ല. കേട്ടാലറക്കുന്ന തെറിവിളികളില്‍ സമീപവാസികള്‍ക്ക്  അമര്‍ഷമുണ്ടായിരുന്നുവെങ്കിലും, ചില മുന്നനുഭവങ്ങള്‍ വച്ച് വടികൊടുത്ത് അടി ഇരന്ന് വാങ്ങേണ്ട എന്ന് കരുതി ആരും ഈ രണ്ട് 'അച്ച'ന്മാരോട് കോര്‍ക്കാന്‍ പോകുന്ന പതിവില്ല.

കോളെജിലെ ഒരവധിക്ക് പ്രകാശന്‍ ആദ്യമായി എന്റെ വീട്ടില്‍ താമസിക്കാന്‍ വന്നദിവസം സന്ധ്യയ്ക്ക്, ഞങ്ങള്‍ മുകളിലെ എന്റെ മുറിയിലിരുന്ന് വര്‍ത്തമാനം പറയുന്നതിനിടയിലായിരുന്നു, അന്നത്തെ ചാത്തുവച്ചന്‍-കുമാരച്ചന്‍ സം‌വാദം ആരംഭിക്കുന്നത്. തെറിവിളികളുടെ വെടിക്കെട്ട് കേട്ട് പ്രകാശന്‍ അമ്പരന്ന്‍ ചാടിയെഴുന്നേറ്റു എന്ത് ചെയ്യണമെന്നറിയാതെ വെപ്രാളപ്പെട്ട് ഓടിപ്പോയി 'താഴെ എല്ലാവരും കേട്ടാലോ' എന്നും പറഞ്ഞ് ജനലുകള്‍ അടക്കാന്‍ തുടങ്ങിയപ്പോള്‍, ഇതൊക്കെയെന്ത് എന്നഭാവത്തില്‍ ഞാനവനെ സമാധാനിപ്പിച്ചു ശാന്തനാക്കി. അല്പം തുറന്നുവച്ച ജനല്പാളിക്കിടയിലൂടെ, ഭീതിയോടെ അവരുടെ തെറിവിളികള്‍ ചെവിയോര്‍ക്കുന്നതിനിടയില്‍ അന്നുവരെ കേള്‍ക്കാത്ത പുതിയ പദങ്ങള്‍ കേട്ട് അത്ഭുതപ്പെട്ട്‌ പ്രകാശന്‍ അവ ഹൃദ്യസ്ഥമാക്കി.

(രസകരമായ കഥകള്‍ ഒരുപാടവശേഷിപ്പിച്ച് ,ചാത്തുവച്ചനും കുമാരച്ചനും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയിട്ട് വര്‍ഷങ്ങളേറെയായി) 

No comments:

Post a Comment

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...