Wednesday, October 29, 2014

ഒളിച്ചോട്ടം ;)

നേരം പുലരാന്‍ ഇനി നാഴികകളേ ബാക്കിയുള്ളു. നാട്ടുവെളിച്ചത്തില്‍ മരുഭൂമി ആരോ വലിച്ചെറിഞ്ഞ ഒരു കമ്പിളിപ്പുതപ്പ് പോലെ തോനിച്ചു. ശിശിരകാലത്തിന്റെ ആഗമനത്തെ അറിയിച്ചുകൊണ്ട് കടലില്‍ നിന്നും  ഒരു നേരിയ തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. ശരത് രാത്രി വളരെ വൈകി പോസ്റ്റ് ചെയ്ത സൈഗാളിന്റെ 'ജബ് ദില്‍ ഹി ടൂട്ട് ഗയ... ' ട്യൂണ്‍സ് ടൈമില്‍ നിന്നും ഏങ്ങിവലിഞ്ഞു പാടുന്നത് കേള്‍ക്കുന്നുണ്ട്.  എനിക്കൊരു സിഗരറ്റ് വലിക്കാന്‍ തോനി. നാശം... അഞ്ചാറ് മാസം മുമ്പ് അത് നിര്‍ത്തിയത് അബദ്ധമായി.

ഞാന്‍ ഗ്രൂപ്പിലേക്ക് ഒന്ന് പാളിനോക്കി. എവിടെയും പച്ച വെളിച്ചമില്ല. രാത്രിഞ്ചരന്മാരായ പ്രജിതും സന്തോഷ് വയകരയുമൊന്നും  ഇപ്പോള്‍ അധികം ഇങ്ങോട്ട് വരാത്തത് ഭാഗ്യമായി. അമേരിക്കയിലും കാനഡയിലുമൊക്കെ ഇപ്പോ സമയം എന്തായിക്കാണും എന്തോ. പേടിക്കാനില്ല. അവിടെയൊക്കെയുള്ള മെമ്പര്‍മാര്‍ അപൂര്‍‌വ്വമായെ ഇങ്ങോട്ട് വരാറുള്ളൂ. പെട്ടന്ന് ബൈജുവിന്റെ ടൈംലൈനില്‍ നിന്നും ഒരു മൂങ്ങ നിര്‍ത്താതെ മൂളാന്‍ തുടങ്ങി. ഒരു വഴിക്കിറങ്ങുമ്പോള്‍ മൂങ്ങമൂളിച്ച കേള്‍ക്കുന്നത് നല്ലതാണോ ആവോ. ഗണേശേട്ടന്‍ സ്ഥലത്തുണ്ടായിരുന്നെങ്കില്‍ ചോദിച്ച് നോക്കാമായിരുന്നു. മൂപ്പര്‍ നാടുവിട്ടതോടെ നാട്ടറിവുകളും ഗുണപാഠങ്ങളും കിട്ടാതെയായി.

ഇവിടെ അധികം നേരം തങ്ങി നില്‍ക്കുന്നത് ശരിയല്ല. പുത്തലത്തേട്ടന്‍ ഏതു സമയത്തും കയറി വരാം. ഏത് ഉറക്കത്തിലായാലും ഒരു ത്രഡ് കിട്ടിയാല്‍ മൂപ്പര്‍ എഴുന്നേറ്റ് വന്ന് പോസ്റ്റിടും. അതിനു രാവെന്നോ പകലെന്നോ ഇല്ല. ഇനി അഥവാ കണ്ടാല്‍ തന്നെ പാലു വാങ്ങാന്‍ ഇറങ്ങിയതാണു എന്നെങ്ങാന്‍ പറഞ്ഞാല്‍ പോലും ഈ നട്ടപ്പാതിരാക്ക് ആരെങ്കിലും പാലു വാങ്ങാന്‍ പോകുമോ എന്ന സംശയമൊന്നും പാവത്തിനു ഉണ്ടാവില്ല.

ബുര്‍ജ്ജ് കലീഫയുടെ മിനാരത്തിലെ ക്ലോക്കില്‍ മണി രണ്ട് അടിച്ചു. ദില്‍ജി ഗ്രൂപ്പില്‍ നിന്നും പോയിട്ട് 2h ആയി എന്ന് അവന്റെ സ്റ്റാറ്റസ്സില്‍ കാണിക്കുന്നുണ്ട്. ഇവിടെ ഇപ്പോള്‍ രണ്ട് മണി. നാട്ടില്‍ മൂന്നര. അപ്പോള്‍ ദില്‍ജി സ്ഥലം വിട്ടത് നാട്ടിലെ ഒന്നരയ്ക്ക്. ദൈവമേ ഇവനൊന്നും ഉറക്കവും ഇല്ലേ. ദൈവവിശ്വാസിയല്ലാത്ത ഞാന്‍ എന്തിനാണാവോ ഇപ്പോള്‍ ദൈവത്തെ വിളിച്ചത്... സാരമില്ല. ആരും കേട്ടുകാണില്ല.

ഇനി ഒരു പക്ഷേ ദില്‍ജി ഉറങ്ങിയിട്ടുണ്ടാവില്ലേ. ചാറ്റുകളുടെ കിരീടം വയ്ക്കാത്ത രാജാവാണവന്‍. ഈ ഗ്രൂപ്പ് കൂടാതെ, അവന്റെ സ്കൂള്‍ ടീം, നാട്ടിലെ ടീം, കാമുകിമാരുടെ ടീം എന്നിങ്ങന്റെ പല ഗ്രൂപ്പുകളുടെയും ചാറ്റുകളുടെയും അഡ്മിനും നട്ടെല്ലുമാണു അവന്‍.  ഗ്രൂപ്പ് ചാറ്റുകളാണു ഭൂഗോളത്തിന്റെ സ്പന്ദനം എന്നാണു അവന്റെ ഒരു നിലപാട്. എന്റെ നീക്കങ്ങള്‍ അവന്‍ വീക്ഷിക്കുന്നുണ്ടാവുമോ.... എനിക്ക് സംശയമായി. ഒന്ന് പരിശോധിച്ചാലോ... ചെറുപ്പത്തില്‍ സ്കൂളില്‍ പോകുന്ന വഴിയിലെ പൊന്തക്കാട്ടില്‍ കുറുക്കന്മാര്‍ ഒളിച്ചിരിപ്പുണ്ടാവുമോ എന്നറിയാന്‍ കുറച്ച് ദൂരെ നിന്ന് പൊന്തക്കാട്ടിലേക്ക് കല്ല് വലിച്ചെറിഞ്ഞ് നോക്കുമായിരുന്നു. കുറുക്കന്മാരുണ്ടെങ്കില്‍ കല്ല് വീണാല്‍ അവറ്റകള്‍ പൊന്തക്കാട്ടില്‍ നിന്നും പരക്കം പാഞ്ഞു പോകും. ഞാന്‍ ദില്‍ജിയുടെ ചാറ്റ് ബോക്സ് ക്ലിക്ക് ചെയ്തു... ഇളിച്ചോണ്ട് നില്‍ക്കുന്ന ഒരു സ്മൈലി ഇട്ട്, അത് അയക്കണമോ അയക്കേണ്ടയോ എന്ന സംശയത്തില്‍ ഞാന്‍ തെല്ലിട നിന്നു. ഈ തണുത്ത കാറ്റിലും എനിക്ക് നന്നായി വിയര്‍ത്തു. ദില്‍ജി എന്നെ നിരീക്ഷിക്കുന്നുണ്ടാവുമോ...

ഒടുവില്‍ വരുന്നത് വരട്ടെ എന്ന ധൈര്യത്തില്‍ ഞാന്‍ സെന്‍ഡ് ബട്ടണ്‍ അമര്‍ത്തി. ഒന്ന്... രണ്ട്... മൂന്ന്... എന്റെ ഹൃദയമിടിപ്പുകള്‍ എനിക്ക് തന്നെ കേള്‍ക്കാം... സീന്‍ എന്ന മെസ്സേജ് വരുന്നുണ്ടോ എന്നറിയാന്‍ ഞാന്‍ കണ്ണിമക്കാതെ ചാറ്റ് ബോക്സിലേക്ക് തന്നെ ഉറ്റുനോക്കി നിന്നു. നിമിഷങ്ങള്‍ക്ക് യുഗങ്ങളുടെ ധൈര്‍ഘ്യമുള്ളതായി എനിക്ക് അനുഭവപ്പെട്ടു. എന്റെ ശ്വസോച്ഛാസത്തിന്റെ ശബ്ദത്തില്‍ സൈഗാളിന്റെ പാട്ടും മൂങ്ങയുടെ മൂളിച്ചയും മുങ്ങിപ്പോയി.

ദില്‍ജിയുടെ ചാറ്റ് ബോക്സിലേക്ക് തന്നെ ശ്രദ്ധിച്ചിരിക്കുകയായിരുന്ന ഞാന്‍ പക്ഷേ തൊട്ടപ്പുറത്ത് സംഭവിക്കുന്നത് കണ്ടില്ല. ഒരു പച്ച വെളിച്ചം എവിടെയോ മിന്നിമാഞ്ഞോ എന്ന് തോന്നി ചാറ്റ് ബോക്സില്‍ നിന്നും തലയുയര്‍ത്തി നോക്കിയപ്പോള്‍ കണ്ട ആ ദൃശ്യം എന്റെ സപ്തനാഡികളും തകര്‍ത്തു... എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ സ്തബ്ധനായി നിന്നു. പെട്ടന്ന്....

(തുടരും) 

No comments:

Post a Comment

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...