Monday, November 03, 2014

സദാ ചാരം പുകയുമ്പോള്‍...

സദാചാര ഗുണ്ടായിസത്തിനെതിരെ ഇന്നലെ കൊച്ചിയില്‍ നടന്ന പ്രതിഷേധ സമരത്തിന് ആയിരങ്ങളാണു  തടിച്ച് കൂടിയത്. പക്ഷേ ഇതില്‍ സമരത്തിനു പങ്കെടുക്കാന്‍ വന്നവര്‍  അന്‍പതില്‍ താഴെ മാത്രം. ബാക്കിയുള്ളവര്‍ എത്തിയത് സമരത്തില്‍ പങ്കെടുക്കാനായിരുന്നില്ല, മറിച്ച് പ്രതിഷേധ സമരം നേരില്‍ കണ്ട് ആത്മനിര്‍‌വൃതി അടയാനായിരുന്നു. ഒളിഞ്ഞ് നോക്കിയും തലയില്‍ മുണ്ടിട്ട് കേറി കമ്പിപടങ്ങള്‍ കണ്ടും, മോബൈലില്‍ സെക്സ് ക്ലിപ്പിംഗുകളുടെ ആര്‍ക്കൈവുകള്‍ ഉണ്ടാക്കിയും ലൈംഗീകത ഉത്സവമാക്കുന്ന, പിഞ്ചു കുഞ്ഞുങ്ങളെയും അമ്മൂമ്മമാരെയും വരെ ബലാല്‍സംഘം ചെയ്ത് അതിന്റെയൊക്കെ പേരില്‍ ബ്ലാക്ക് മെയിലിംഗും, ചാനല്‍ ചര്‍ച്ചകളും നടത്തുന്നത് കണ്ടും കേട്ടും മതിവരാത്ത മലയാളിക്ക് 'പരിപാടികള്‍' നേരിട്ട് ഓസില്‍ കണ്ട് ആസ്വദിക്കാന്‍ കിട്ടിയ അത്യപൂര്‍‌വ്വ സന്ദര്‍ഭം. മൊബൈല്‍ ഫോണുകളും  ടാബുകളും ക്യാമറകളുമായി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അവര്‍ പരക്കം പാഞ്ഞു. ആണും പെണ്ണും കൂടിയിടത്തൊക്കെ, അത് നഗരം വൃത്തിയാക്കാനിറങ്ങിയ സ്വച്ഛ് ഭാരത് പ്രവര്‍ത്തകരെയാവട്ടെ, കാമ്പസ് ഫ്രണ്ടിന്റെ പ്രവര്‍ത്തകരെയാവട്ടെ, പത്രക്കാരെയാവട്ടെ, ആള്‍ക്കൂട്ടം ക്യാമറക്കണ്ണുകള്‍ തുറന്ന് പിടിച്ച് ചുംബനം കാണാമെന്ന പ്രതീക്ഷയില്‍  ആക്രാന്തഭരിതരായി വട്ടമിട്ടു .

എന്താണു സദാചാരം അല്ലെങ്കില്‍ Morality. ഒരു സമൂഹത്തില്‍ ധാര്‍മ്മിക ജീവിതം നയിക്കുന്നവന്‍ പാലിക്കേണ്ട മര്യാദകള്‍ അല്ലെങ്കില്‍ ആചാരങ്ങള്‍. അപ്പോള്‍ ആരാണു സദാചാരം നിര്‍‌വ്വചിക്കുന്നത് എന്നതാണു അടുത്ത ചോദ്യം. രാജ്യത്തെ നിയമസംഹിത. സദാചാരത്തിന്റെ ഭാഗങ്ങളായ അശ്ലീലസാഹിത്യം, വ്യഭിചാരം, സ്വവര്‍ഗ്ഗപ്രേമം എന്നിവയൊക്കെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണോ അല്ലയോ എന്നതിന്റെ പേരില്‍ പല വാദഗതികള്‍ നിലനില്‍ക്കുന്നുണ്ട് എങ്കിലും ഇന്ത്യയില്‍  നിയമം മൂലം നിരോധിക്കപ്പെട്ടിരിക്കുന്നു. ചുംബിക്കുന്നത് ഇന്ത്യയില്‍ സദാചാരലംഘനമല്ല. അപ്പോള്‍ അത് എതിര്‍ക്കപ്പെടുന്നുവെങ്കില്‍ ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെ.

ഓര്‍ക്കാട്ടേരി ഹൈസ്കൂളില്‍ പത്താം ക്ലാസ്സില്‍ പൊളിറ്റിക്സ് പഠിപ്പിച്ച രാഘവന്‍ മാസ്റ്റര്‍ സ്വാതന്ത്ര്യം എന്നത് എന്താണെന്ന്  പറഞ്ഞുതന്നത് ഓര്‍ക്കുന്നു . നിങ്ങള്‍ക്ക് കൈവീശി നടക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന ഉറപ്പു തരുന്നുണ്ട്. പക്ഷേ വീശുന്ന കൈ എതിരേ വരുന്ന ആളുടെ ദേഹത്ത് കൊള്ളുക എന്നത്, നിങ്ങള്‍ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തുന്നതും, അതുവഴി എതിരെ വരുന്ന ആളുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നതും ആയതിനാല്‍ നിയമലംഘനവുമാവുന്നു.

പരസ്യ ചുംബനത്തില്‍ സ്വാതന്ത്ര്യവും സദാചാരവും കെട്ടുപിണഞ്ഞ്  കിടക്കുന്നു. ചുംബിക്കാനുള്ള സ്വാതന്ത്ര്യം സദാചാര വിരുദ്ധമല്ല. ഷോപ്പിംഗ് മാളുകളിലും, പാര്‍ക്കുകളിലും, കടപ്പുറങ്ങളിലും ആലിംഗനബദ്ധരായി ചുംബനങ്ങള്‍ കൈമാറുന്നവര്‍  ഇന്ന് ചെറിയ ടൗണുകളില്‍ പോലും സാധാരണം. അത് വ്യക്തികളുടെ സ്വാതന്ത്ര്യം. പ്രണയലീലകള്‍ അതിരുകടക്കുമ്പോഴാണു സദാചാരത്തിന്റെ ചോദ്യമുയരുന്നത്. പൊതു സ്ഥലങ്ങളില്‍ പ്രണയലീലകള്‍ അതിരുകടക്കുമ്പോള്‍ അത് അശ്ലീലമാവുന്നു.

കോഴിക്കോട്  ഹോട്ടലില്‍ നടന്നത് എന്താണെന്ന് എനിക്കറിയില്ല. പക്ഷേ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഐസ്ക്റീം പാര്‍ലറുകളുടെയും, ബ്യൂട്ടിപാര്‍ലറുകളുടെയും മറവില്‍ നഗരത്തില്‍ നടന്ന പ്രണയലീലകളുടെയും മാംസകച്ചവടത്തിന്റെയും കഥകള്‍ നമുക്ക് അറിയാവുന്നതാണു. പ്രണയലീലകള്‍ നടത്തുവാനായി സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുന്ന ഇന്റര്‍നെറ്റ് കഫേകളുടെ കഥകളും നാം കേട്ടിട്ടുണ്ട്. മോഹനവാഗ്ദാനങ്ങള്‍ നടത്തി വലയില്‍ കുരുക്കി കൊണ്ടുവരുന്ന പെണ്‍കുട്ടികളെ ഇത്തരം താവളങ്ങളിലെത്തിച്ച് തങ്ങളുടെ ലൈംഗീകാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിന്റെ ഞെട്ടിക്കുന്ന കഥകള്‍ ഒക്കെയും കാളപെറ്റെന്ന് കേട്ടപ്പോള്‍ കയറെടുക്കുന്നതിനിടയില്‍ മലയാളികള്‍ സൗകര്യ പൂര്‍‌വ്വം മറന്നു. രണ്ടായിരം കോടി രൂപയുടെ സെക്സ് വ്യാപാരമാണു ഇന്ത്യയില്‍ നടക്കുന്നത് എന്നും, അതില്‍ ഇരയാകുന്നതില്‍ പകുതിയിലേറെ പേര്‍ പ്രായപൂര്‍ത്തിയാവാത്തെ പെണ്‍കുട്ടികള്‍ ആണു എന്നുള്ളതും നോബല്‍ സമ്മാന ജേതാവായ കൈലാഷ് സത്യാര്‍ത്ഥി  ഈയിടെ വെളിപ്പെടുത്തിയതോര്‍ക്കുക. സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തി സ്വാര്‍ത്ഥതാല്പര്യങ്ങള്‍ മുതലാക്കുന്ന കച്ചവട കണ്ണുകളെ കണ്ടില്ലെന്ന് നടിക്കുന്നത് അപകടമാണു, തടയിടേണ്ടതുമാണു.

പൊതുസ്ഥലത്ത് നിങ്ങള്‍ നിങ്ങളുടെ പ്രണയിനിയെ സഭ്യമായ രീതിയില്‍ ചുംബിച്ചു കൊള്ളൂ, അതിനെ എതിര്‍ക്കുന്നവരെ നാം ഒറ്റക്കെട്ടായി നേരിടുകതന്നെ ചെയ്യും. പക്ഷേ ഇരുള്‍മുറികളിലെ അതിരുകടന്നു പോകുന്ന പ്രണയകേളികളില്‍ ശരിതെറ്റുകള്‍ തിരിച്ചറിയാത്ത ചെറുബാല്യങ്ങള്‍ സമര്‍ത്ഥമായി ചതിക്കപ്പെടുന്നുണ്ട് എന്നത് കൂടെ ഓര്‍മ്മവയ്ക്കുക...

ആയിരം ചുടുചുംബനങ്ങളോടെ.....

No comments:

Post a Comment

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...