Tuesday, January 14, 2014

ഓർമകൾ

എസ്സെന്‍ കാലത്ത് ഗപ്പുകള്‍ ഏറെ വാരിക്കൂട്ടിയത് കാരണം പഞ്ചവത്സര പദ്ധതിയിലൂടെയായിരുന്നു ബികോം പേപ്പറുകള്‍ എഴുതി തീര്‍ത്തത്. കോളെജ് കാലം കഴിഞ്ഞുള്ള രണ്ട് വര്‍ഷങ്ങള്‍ കമ്പ്യൂട്ടര്‍ പഠനത്തിന വിനിയോഗിക്കുന്നതിനിടയില്‍, ഒരു ഡിഗ്രി പോലും എഴുതിയെടുക്കാനാവാത്ത മഫന്‍ എന്ന രീതിയില്‍ അര്‍ത്ഥം വച്ച് സംസാരിക്കുന്ന ചേച്ചിമാരുടെയും, അച്ഛനമ്മമാരുടെയും മുന്നില്‍ ആളാവാന്‍ ഞാന്‍ പലവിധ പരിപാടികള്‍ കാഴ്ചവയ്ക്കുന്നുണ്ടായിരുന്നു. രാവിലെ നേരത്തെ എഴുന്നേറ്റ് എക്കൗണ്ടന്‍സി പഠിക്കുന്ന മട്ടില്‍ പുസ്തകം തുറന്ന് വച്ച് സിനിമയ്ക്ക് തിരക്കഥ എഴുതുക, വീട്ടിലെ ചെടികള്‍ക്കും തെങ്ങിനുമൊക്കെ വെള്ളം നനക്കുക, നാട്ടിലുള്ള സകലമാന കല്ല്യാണങ്ങളുടെയും അടിയന്തരങ്ങളുടെയും ഉത്സാഹക്കമ്മറ്റികളില്‍ സജീവ പങ്കാളിയാവുക. അങ്ങാടിക്കടുത്തെ റോഡരികിലെ വയലില്‍ ഷട്ടില്‍ കളിച്ച് കാഴ്ചക്കാരായി നില്‍ക്കുന്ന കൊച്ചുകുട്ടികളുടെ കയ്യടി വാങ്ങുക, വീട്ടിലേക്കാവശ്യമായ പച്ചക്കറി പലവ്യഞ്ജന സാധനങ്ങള്‍ വാങ്ങികൊണ്ടു കൊടുക്കുക... (ഞാന്‍ വാങ്ങിക്കൊണ്ടുവരുന്ന സാധനങ്ങളുടെ വില മാര്‍ക്കറ്റ് നിലവാരത്തെക്കാള്‍  രണ്ടും മൂന്നും ഇരട്ടിയാവുന്നത് ശ്രദ്ധിച്ച അമ്മ, പിന്നീട് ആ പണിയില്‍ നിന്നും എന്നെ നിര്‍ദ്ദാക്ഷിണ്യം പുറത്താക്കി)

ബികോം പാസാവാതെ വീട്ടില്‍ ആരും എനിക്ക് അഞ്ച് പൈസ പോലും കൊടുത്തുപോകരുത് എന്ന അച്ഛന്റെ ഉഗ്രശാസനം നിലവിലുണ്ടായിരുന്ന കാലം. പരീക്ഷ പരീക്ഷ എന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറഞ്ഞ് അമ്മ ഇടക്കിടെ വല്ലതും തരുന്നതാണ ആകെയുള്ള ആശ്വാസം. അതില്‍ കാര്യങ്ങള്‍ നില്‍ക്കാത്തത് കാരണം, രാവിലെ അമ്മ ജോലിക്ക് പോകാനൊരുങ്ങുന്നതിന്റെ തിരക്കില്‍ മേശപ്പുറത്തെ അമ്മയുടെ ഹാന്‍ഡ്ബാഗില്‍ നിന്നും എളുപ്പത്തില്‍ ചൂണ്ടാവുന്നത് ഞാന്‍ ചൂണ്ടിയെടുക്കും. അവിടെ വച്ച ഇരുപതെവിടെ, ഇവിടെ വച്ച അമ്പതെവിടെ എന്നൊക്കെ തന്നത്താന്‍ പറഞ്ഞ പരതുന്ന അമ്മയെ, ഒരു സ്ഥലത്ത് സൂക്ഷിച്ച് വച്ചുകൂടെ, ശ്റദ്ധ വേണ്ടേ എന്നൊക്കെ ശകാരിച്ച് ഞാനൊന്നുമറിയില്ലേ എന്ന ഭാവത്തില്‍ ഞാനവിടവിടെ വട്ടം ചുറ്റി നില്‍ക്കും. ചിലവുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നു എന്ന് തോനുമ്പോള്‍, ചേച്ചിമാരെ കാണാന്‍ തോനുന്നു എന്ന തുരുപ്പ് ചീട്ടിറക്കി ഞാന്‍ അവരുടെ ജോലിസ്ഥലത്തേക്ക് ബസ്സ് കയറും. എനിക്കിഷ്ടമുള്ള പഴമ്പൊരിയും, പുട്ടും കടലയും, പയറുതോരനുമൊക്കെ തീറ്റിച്ച്, പരീക്ഷ പരീക്ഷ എന്ന് നൂറുവട്ടം ഓര്‍മ്മിപ്പിച്ച്, അച്ഛനുമമ്മയും അറിയേണ്ട എന്നും പറഞ്ഞ രണ്ടുപേരും എന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കാശ് തിരുകി വച്ച്തരും. അവരുടെ മുന്നില്‍ വച്ച് തന്നെ അത് എണ്ണിത്തിട്ടപ്പെടുത്തി, ഉദ്ദേശിച്ച സംഖ്യ കിട്ടിയില്ല എങ്കില്‍ മുഖത്തൊരു മ്ലാനത വരുത്തി ഞാന്‍ മിണ്ടാതെ നിക്കും. മ്ലാനിച്ച് നിക്കുന്ന എന്നെ സന്തോഷിപ്പിക്കാന്‍ പാവങ്ങള്‍ രണ്ടുപേരും നീ അനാവശ്യത്തിനൊന്നും കാശ് ചിലവാക്കരുത് എന്നും പറഞ്ഞ് പിന്നെയും കാശുതന്ന്‍ എന്നെ യാത്രയയക്കും.

പണം സമ്പാദിച്ച് കാണിക്കാമെന്ന് എല്ലാവരെയും മനസ്സാ വെല്ലുവിളിച്ച് ചില ബിസിനസ്സുകളിലേക്ക് ഞാന്‍ ഇറങ്ങിത്തിരിച്ചതും ഈ കാലഘട്ടത്തിലാണ. മധുര ശിവകാശി ഏരിയായിലുള്ള പ്രസ്സുകളില്‍ നിന്നും നേരിട്ട് ഗ്രീറ്റിംഗ്സ് കാര്‍ഡുകള്‍ കൊണ്ടുവന്ന്, ഒരു കൃസ്തുമസ് ന്യൂയിര്‍ സീസണില്‍ ഓര്‍ക്കാട്ടേരിയില്‍ ഞാനും നാട്ടിലെ ഒന്നുരണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് ആഘോഷമായി ഒരു കടതുറന്നു. സീസണ്‍ കഴിഞ്ഞ് കണക്കു നോക്കിയപ്പോള്‍ ഓരോരുത്തര്‍ക്കും മുടക്കിയതുകയുടെ പകുതിയിലേറെ നഷ്ടം. എനിക്ക് ഫൈനാന്‍സ് നല്‍കിയ ചേച്ചിമാരുടെ 'ലാഭമെത്രയുണ്ടാക്കിയെടാ' എന്ന ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറി, കെ.എല്‍ മോഹനവര്‍മ്മയുടെ 'ഓഹരി' എന്ന നോവല്‍ വായിച്ച് ആവേശം കൊണ്ട ഞാന്‍ നേരെ ഷെയര്‍ മാര്‍ക്കറ്റിലേക്കിറങ്ങി. തലമുറകളായി തനിക്ക് കൈമാറിക്കിട്ടിയ ധന്വന്തരി ആയുര്‍‌വേദ കമ്പനിയുടെ ഷേറുകള്‍ പിടിച്ചെടുത്ത് കമ്പനി സ്വന്തമാക്കാന്‍ ശ്രമിക്കുന്ന ഒരു ഉത്തരേന്ത്യന്‍ കമ്പനിക്കെതിരെ പോരാടുന്ന മിനി എന്ന യുവ എന്റര്‍പ്രണറും അവരെ സഹായിക്കുന്ന ശര്‍മ്മാജി എന്ന കണ്‍സല്‍ട്ടന്റും തുടങ്ങി ആ നോവലിലെ മിക്കാവാറും പേരും എന്റെ ആരാധ്യരായിരുന്നു. പുതിയ ചുറ്റുപാടുകളും, പുതിയ ഷേര്‍ബ്രോക്കര്‍ സുഹൃത്തുക്കളും, അല്പസ്വല്പം ലാഭവുമായി കാര്യങ്ങള്‍ പച്ചപിടിച്ച് വന്നിരുന്ന ഒരു സമയത്തായിരുന്നു, ഹര്‍ഷാദ് മേത്ത എന്ന വെട്ടുപോത്ത് ഒരു ഇടിത്തീപോലെ ഇന്ത്യന്‍ ഓഹരിവിപണി കലക്കി മറിച്ചത്. വെള്ളക്കടലാസ്സിന്റെ വിലപോലുമില്ലാതെയായിപ്പോയ കുറെ ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമായിരുന്നു, അവസാനം എന്റെകയ്യില്‍ ഷേര്‍ബിസിനസ്സിന്റെതായി ബാക്കിയായത്. 

അങ്ങിനെ, ബിസിനസ്സുകള്‍ നമുക്ക് പറ്റിയതല്ല എന്ന് മനസ്സിലായതോടെ ഞാന്‍ ജോലി തേടിയിറങ്ങി

No comments:

Post a Comment

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...