A blend of 99% fine fiction and 1% fact

Friday, December 26, 2014

ജൈന്റ് വീൽ

ഞങ്ങള്‍ ഇരുന്നിരുന്ന ജൈന്റ് വീലിന്റെ സീറ്റ് ഉയര്‍ന്ന്, താഴത്തെ സീറ്റില്‍ ആളുകളെ കയറ്റാനായി നിന്നു. ഓരോ സ്റ്റെപ്പ് ഉയരുമ്പോഴും എന്റെ നെഞ്ചിടിപ്പ് കൂടി കൂടി വരുന്നത് ഞാന്‍ അറിയുന്നുണ്ട്. താഴത്തേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്ന പ്രകാശൻ പെട്ടന്ന് എന്റെ കൈ മുറുകെ പിടിച്ച് കുറ്റസമ്മതം നടത്തുന്നത് പോലെ പറഞ്ഞു; "എടാ... ഞാന്‍ ആദ്യമായാണെടാ ഇതില്‍ കയറുന്നത്..."

ഞാന്‍ ഇടിവെട്ടേറ്റത് പോലെ ഇരുന്നു പോയി. ജൈന്റ് വീലിലെ കറക്കം വെറും സിമ്പിളാണ്, ഞാനിതിലൊക്കെ എത്രപ്രാവശ്യം കയറിയതാണ്, നീ ധൈര്യമായി വാ എന്നും പറഞ്ഞ് എന്നെ നിര്‍ബ്ബന്ധിച്ച് പിടിച്ച് കയറ്റിയതാണവന്‍.

"മഹാപാപീ... നിന്റെ ഒരൊറ്റ ഉറപ്പിലാണെടാ ഞാനിതില്‍ കയറിയത്..."; ഞാൻ കരച്ചിലിന്റെ വക്കോളമെത്തി.
"സോറി എടാ... ഞാന്‍ നിന്നോട് കള്ളം പറഞ്ഞതാണ്..."; പ്രകാശന്‍ എന്നെ ദയനീയമായി നോക്കിക്കൊണ്ട് പറഞ്ഞു; "എനിക്ക് പേടിയാവുന്നു. നമ്മക്ക് ഇറങ്ങിയാലോ?"

അപ്പോഴേക്കും ഞങ്ങള്‍ പാതി ഉയരത്തില്‍ എത്തി നില്‍ക്കുകയായിരുന്നു. താഴേക്ക് നോക്കുമ്പോള്‍ ദീപാലങ്കാരങ്ങളില്‍ കുളിച്ച് നില്‍ക്കുന്ന ഓര്‍ക്കാട്ടേരി  ഉല്‍സവപ്പറമ്പ് മുഴുവനായും കാണാം. പക്ഷേ പേടികൊണ്ട് അല്പപ്രാണനായിപ്പോയ ഞാന്‍ അതൊന്നും ആസ്വദിക്കാനുള്ള അവസ്ഥയിലായിരുന്നില്ല.

"ഡോ... ഞങ്ങക്ക് ഇറങ്ങണം..."; പ്രകാശന്‍ താഴേക്ക് നോക്കി ഉച്ചത്തില്‍ വിളിച്ച് പറഞ്ഞു. മൈക്ക് അനൗണ്‍സ്മെന്റുകളുടെയും ആളുകളുടെയും ബഹളത്തിൽ അവന്റെ ശബ്ദം മുങ്ങിപ്പോയി. അവസാനത്തെ സീറ്റില്‍ ആളെ കയറ്റാന്‍ നിര്‍ത്തിയ തക്കത്തിൽ ഞങ്ങള്‍ രണ്ട് പേരും സീറ്റിൽനിന്നും പുറത്തേക്ക് ചാടാൻ ഒരു വിഫലശ്രമം നടത്തി.

"ഇനി ഇറക്കിവിടക്കാകകൂടാതെ..."; തമിഴന്‍ ഓപ്പറേറ്റര്‍ ഒരു ദാക്ഷിണ്യവും കൂടാതെ പറഞ്ഞു. താഴെ കാണികളായി കൂടി നില്‍ക്കുന്നവരും, ഞങ്ങളുടെ താഴെയും മേലെയും സീറ്റുകളില്‍ ഇരിക്കുന്നവരും എന്തോ വലിയ തമാശകേട്ടത് പോലെ ചിരിയോട് ചിരി.

ഇനി എന്ത് ചെയ്യും. എനിക്ക് പ്രകാശനെ കൊല്ലാനുള്ള ദേഷ്യം തോനി. ഇറക്കിവിടാന്‍ ഞങ്ങള്‍ തമിഴനോട് പിന്നെയും കെഞ്ചി. തമിഴന്‍ ഒരു പുഞ്ചിരിയോടെ ലിവര്‍ വലിച്ച് വീല്‍ ഫുള്‍സ്പീഡില്‍ കറക്കി വിട്ടു. പ്രാണഭയത്തോടെ ഞാനും പ്രകാശനും പൂണ്ടടക്കം കെട്ടിപ്പിടിച്ച് കണ്ണുകളടച്ച് അലറി വിളീച്ചു.  ആദ്യത്തെ റൗണ്ട് താഴെയെത്തിയപ്പോള്‍ പ്രകാശന്‍ ഓപ്പറേറ്ററെ നോക്കി അട്ടഹസിച്ചു-
"@#%₹&* മോനെ... നിര്‍ത്താനാണു പറഞ്ഞത്...."; തെറി കേട്ടതിന്റെ ദേഷ്യത്തിലാണെന്ന് തോനുന്നു തമിഴന്‍ ഗിയർ മാറ്റി കറക്കം കുറച്ച് കൂടെ വേഗത്തിലാക്കി.

ജീവനോടെ തിരിച്ചിറങ്ങലുണ്ടാവില്ലെന്ന് ഞാനുറപ്പിച്ചു. കോളെജില്‍ എല്ലാവരും ഞങ്ങളുടെ വേർപാടിൽ അനുശോചിച്ച് കരിങ്കൊടികുത്തി മൗനജാഥ നടത്തുന്നതും, കൂട്ടുകാരൊക്കെ ഞങ്ങളെ ഓര്‍ത്ത് ദുഃഖിച്ച് ചന്തൂട്ടിയേട്ടന്റെ കയ്യിൽ നിന്നും നാടന്‍ വാങ്ങിയടിക്കുന്നതും എന്റെ അന്തരംഗങ്ങളില്‍ തെളിഞ്ഞു. ഇനിയും പറഞ്ഞിട്ടില്ലാത്ത എന്റെ പ്രണയം ഇനി പറയാനാവില്ലല്ലോ എന്നോര്‍ത്ത് അവളുടെ പേരു ഉറക്കെ വിളിച്ച്, ഐ ലവ് യു പറഞ്ഞ് ഞാന്‍ ആ ആഗ്രഹവും തീര്‍ത്തു. ഇല്ല പ്രകാശാ, നിനക്ക് മാപ്പില്ല. ഇനിയൊരു ജന്മത്തില്‍ നിന്നെ കണ്ടുമുട്ടുകയാണെങ്കില്‍ അന്ന് നിന്റെ അന്ത്യം എന്റെ കൈകൊണ്ടായിരിക്കും. ഞാൻ മനസ്സിലുറപ്പിച്ചു.

കണ്ണുകളടച്ച്, നിലവിളിച്ച്, പരസ്പരം അള്ളിപ്പിടിച്ച് ഞങ്ങള്‍ മരണവും കാത്ത്, ഇരുന്ന് കറങ്ങി.

No comments:

Post a Comment