A blend of 99% fine fiction and 1% fact

Saturday, December 20, 2014

പ്രകാശൻ

പിണങ്ങാന്‍ പ്രകാശന് പ്രത്യേകിച്ച് കാരണങ്ങള്‍ വേണ്ട.
അവന്‍ അലക്കി വച്ച ബെഡ് ഷീറ്റെടുത്ത് ഞാന്‍ വിരിച്ച് കിടന്നതിന്. അവന്‍ മെനക്കെട്ട് വൃത്തിയാക്കിയ മുറിയില്‍ ഞാന്‍ അലക്ഷ്യമായി സിഗററ്റ് കുറ്റികള്‍ വലിച്ചെറിയുന്നതിന്, അവന്‍ കോരി വെച്ച വെള്ളമെടുത്ത് ഞാന്‍ കുളിച്ചതിന്... 
എന്നോടുള്ള കലിപ്പുകള്‍ തീര്‍ക്കുന്നതിനായി അവന്‍ വരാന്തയിലെ ഇരുത്തിയില്‍ കയറിയിരുന്ന് കാലുകള്‍ ആട്ടി, തലകുലുക്കി വരികളറിയാത്ത പാട്ടുകള്‍ അവന് തോനുന്ന വാക്കുകള്‍ വച്ച് മൂളുകയോ, അപ്പുറത്തെ ബാലേട്ടന്റെ വീട്ടില്‍ പോയിഅവിടുള്ള പുരാതനമായ റേഡിയോ എടുത്ത് കൊണ്ട് വന്ന്‍ റ്റ്യൂണ്‍ ചെയ്യുകയോ, എക്കൗണ്ടന്‍സി/കോസ്റ്റിംഗ് ടെക്സ്റ്റ് ബുക്കുകള്‍ എടുത്ത് വച്ച് പഠിക്കുകയാണ് എന്ന ഭാവത്തില്‍ ഇരിക്കുകയോ ചെയ്യും. ഇത്തരം സന്ദര്‍ഭങ്ങളില്‍ അവനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചാല്‍ അവന്‍ അക്രമാസക്തനാവും എന്നറിയാവുന്നത് കൊണ്ടും, ഇങ്ങിനുള്ള അവസരങ്ങളിലേ എനിക്ക് അവന്റെ സ്വൈര്യക്കേടില്ലാതെ കിടന്നുറങ്ങാനാവൂ എന്നതുകൊണ്ടും ഞാന്‍ മുറിയില്‍ അവന്റെ തന്നെ കട്ടിലില്‍ കേറി കിടന്ന് ഉറക്കമാരംഭിക്കും..
അടുക്കളയില്‍ കയറി പാത്രങ്ങള്‍ തട്ടിയിട്ട് വെറുതെ ഒച്ചയുണ്ടാക്കുക്ക, റേഡിയോയിലെ കരകര ശബ്ദം അതിന്റെ പരമാവധി ശബ്ദത്തില്‍ വയ്ക്കുക്ക, ടൈം‌പീസിലെ അലാറം തുരുതുരാ അടിപ്പിക്കുക തുടങ്ങിയ, അവന്റെ പ്രതികാര നടപടികള്‍ ഒന്നും അറിയുന്നില്ല എന്ന ഭാവത്തില്‍ ഞാന്‍ കണ്ണടച്ച് അനങ്ങാതെ കിടക്കും.
പിണക്കം പോലെ തന്നെ വേഗത്തിലാണു അവന് ഇണക്കവും.
"നിനക്ക് ചായ വേണേല്‍ വാ...."; വിളിക്കുന്നത് കേള്‍ക്കുമ്പോ റോഡിലൂടെ പോകുന്ന ആരെയെങ്കിലുമാണു ക്ഷണിക്കുന്നത് എന്ന് തോനുമെങ്കിലും അത് എനിക്കുള്ള വിളിയാണ്. ഞാന്‍ മൈന്‍ഡ് ചെയ്യാതെ ഉറക്കം നടിച്ച് കിടക്കും.
"അധികം വൈകിയാല്‍ എമ്പസീല് (ബാലുശ്ശേരിയിലെ ഒരു ഹോട്ടല്‍) പഴം പൊരി തീരും"; പഴംപൊരി എന്റെ വീക്ക്നസ്സ് ആണു എന്ന് അവനറിയാം. എന്നാലും ഞാന്‍ കട്ടക്ക് നിക്കും...
"നിനക്ക് വേണ്ടേല്‍ വരണ്ട. ഞാനിപ്പോ പോകും...."; അവന്റെ ഭീഷണി. എവിടെ പോകാന്‍. റ്റ്യൂഷന്‍ കഴിഞ്ഞ് പെമ്പിള്ളേര്‍ ഇറങ്ങുന്ന സമയം. ഒറ്റക്ക് പോകാന്‍ അവന്‍ വേറേ ജനിക്കണം. ഒടുവില്‍ മനസ്സില്ലാമനസ്സോടെ എന്ന ഭാവത്തില്‍ ഞാന്‍ എഴുന്നേറ്റ് അവന്റെ കൂടെ ഇറങ്ങും.
എമ്പസി ഹോട്ടലിലെ ചായയും പഴമ്പൊരിയും, നാരാണേട്ടന്റെ സൈക്കിള്‍ പീടികയിലെ സിഗററ്റും, ടൂട്ടോറിയല്‍ കോളേജുകള്‍ വിട്ടു പോകുന്നതും, അമ്പലത്തില്‍ വിളക്ക് കത്തിച്ച് തൊഴാന്‍ വരുന്നതുമായ പെണ്‍കിടാങ്ങളും....
വൈകുന്നേരങ്ങള്‍ അന്ന് ഉല്‍‌സവമയമായിരുന്നു.
(വെറുതെ ഒന്ന് സന്തോഷിക്കാന്‍ തോനുന്നു)

No comments:

Post a Comment