Monday, May 21, 2007

പറയാതെ പോയത്‌

ഇടിഞ്ഞു പൊളിഞ്ഞു വീണ ചുറ്റമ്പലം. കാടുപിടിച്ചുകിടക്കുന്ന അമ്പലപ്പറമ്പിലെ, കല്ലുകള്‍ക്കും കുറ്റിച്ചെടികള്‍ക്കും ഇടയിലൂടെ ശ്രീകോവിലിനു ചുറ്റുമായി, വല്ലപ്പോഴെങ്കിലും തൊഴാന്‍ വരുന്നവര്‍ നടന്നുണ്ടായ വീതികുറഞ്ഞ നടവഴി. ഏത്‌ നിമിഷവും തകര്‍ന്ന് വീണേക്കാവുന്ന ശ്രീകോവിലിനെ താങ്ങി നിര്‍ത്താന്‍ ആരോ കുത്തിനിര്‍ത്തിയ മുളങ്കാലുകൾ. കാലം ദ്രവിപ്പിച്ച ചെങ്കല്‍ ചുമരുകളില്‍ പണ്ടെങ്ങോ വരച്ചുവച്ച ദൈവങ്ങളുടെ നിറം മങ്ങി അവ്യക്തമായ ചിത്രങ്ങൾ. കാട്ടു ചെടികള്‍ക്കും വള്ളികള്‍ക്കുമിടയില്‍ അവിടിവിടെയായി തകര്‍ന്നതും മണ്ണില്‍ പകുതി പൂണ്ടുപോയതുമായ, മഴയും വെയിലുമേറ്റ്‌ രൂപങ്ങള്‍ തിരിച്ചറിയാനാവാത്ത കരിങ്കല്‍ ശില്‍പ്പങ്ങൾ.

ഏതോ ഒരു യുദ്ധപ്പാച്ചിലില്‍ തകര്‍ന്നു പോയതാണ്‌ ക്ഷേത്രം. യുദ്ധത്തില്‍ നാട്ടുരാജക്കളും ജന്മികളും പുരോഹിതരും ഓടിപ്പോവുകയോ കൊല്ലപ്പെടുകയോ ചെയ്തു. ഉറ്റവരും ഉടയവരും സമ്പത്തും നഷ്ടമായി ബാക്കിയായവരുടെ ഇടയില്‍ ക്ഷേത്രവും ദേവിയും വിസ്മൃതിയിലുമായി.

വെള്ളിയാഴ്ചകളില്‍ വൈകുന്നേരമാണ്‌ അമ്പലത്തില്‍ ആകെയുള്ള പൂജ. ചെറിയൊരു കൂനുള്ള, കഷണ്ടികേറി, വെളുത്ത്‌ ഉയരം കുറഞ്ഞ ഒരു വയസ്സന്‍ നമ്പൂതിരിയാണ്‌ പൂജാരി. പ്രതാപം നശിച്ച ഒരില്ലത്തെ സംബന്ധക്കാരനായി ആ നാട്ടില്‍ എത്തിയതാണ്‌, അദ്ദേഹം. രണ്ട്‌ പെണ്മക്കളുള്ളത്‌ നേരത്തെ വേളികഴിച്ചയച്ചു. നെയ്ത്ത്‌ സഹകരണ സംഘം വിതരണം ചെയ്യുന്ന നൂല്‍നൂറ്റ്‌ കിട്ടുന്ന ചെറിയ വരുമാനം കൊണ്ട്‌ അദ്ദേഹവും ഭാര്യയും ആ പഴയ ഇല്ലത്തില്‍ കഴിയുന്നു. കയ്യില്‍ മിച്ചം വയ്ക്കുന്ന പണംകൊണ്ട്‌ വെള്ളിയാഴ്ചകളില്‍ ക്ഷേത്രത്തില്‍ ഭഗവതിക്കു പൂജചെയ്ത്‌ വെളിച്ചെണ്ണ കത്തിക്കുന്നു.

ദേവനാണ് എന്നെ അവിടേയ്ക്ക്‌ ആദ്യം കൂട്ടി കൊണ്ടുപോയത്‌. കോളെജില്‍ പഠിക്കുമ്പോള്‍ ഞാന്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ നിന്നും കഷ്ടിച്ച്‌ അര കിലോമീറ്റര്‍ മെയിന്‍ റോഡിലൂടെ ചെന്ന് ചെറിയൊരിറക്കമുള്ള ഇടവഴിയിലേയ്ക്കിറങ്ങി അല്‍പ്പം നടന്നാല്‍ അമ്പലമെത്തി. മെയിന്‍ റോഡില്‍ നിന്നും രണ്ടാമത്തെ സ്റ്റോപ്പിലാണ്‌ ദേവന്റെ വീട്‌. പത്തിലെയും പ്രീ-ഡിഗ്രിയുടെയും പരീക്ഷയ്ക്ക്‌ പകല്‍ സമയത്ത്‌, ആള്‍പെരുമാറ്റമില്ലാത്ത ഈ അമ്പലപ്പറമ്പിലിരുന്നായിരുന്നത്രേ അവന്റെ പഠനം.

അമ്പലപ്പറമ്പിലേയ്ക്ക്‌ കയറുന്ന ഇടിഞ്ഞ്‌ പൊളിഞ്ഞ പടവുകള്‍ക്ക്‌ ഇടത്‌ ഭാഗത്ത്‌ പടര്‍ന്ന് പന്തലിച്ച്‌ നില്‍ക്കുന്ന ഒരു കാഞ്ഞിരമരമുണ്ട്. അതിന്റെ ചുവട്ടിലിരുന്ന് ഞാനും ദേവനും  ആകാശത്തിന്‌ കീഴിലുള്ള സകലതിനെക്കുറിച്ചും ചര്‍ച്ച ചെയ്തു. അവന്‍ കൂടെയില്ലാത്ത ദിവസങ്ങളില്‍ ആ കാഞ്ഞിരമരത്തിന്റെ വേരുകള്‍ക്കിടയില്‍ ചാരിക്കിടന്ന് ഞാന്‍ അന്തമില്ലാതെ ദിവാസ്വപ്നങ്ങള്‍ കണ്ടു.

ദേവൻ കൂടെ ഇല്ലാതിരുന്ന ഒരു വെള്ളിയാഴ്ച വൈകുന്നേരമാണ്‌, ഞാനാ പെണ്‍കുട്ടിയെ ആദ്യമായി കാണുന്നത്. കൂടെ അഞ്ചിലോ ആറിലോ പഠിക്കുന്ന ഒരാണ്‍കുട്ടിയും. ചേച്ചിയും അനിയനുമാണെന്നത്‌ ഒറ്റ നോട്ടത്തില്‍ തന്നെ തിരിച്ചറിയാം. അവളുടെ കയ്യിലെ വാഴയിലക്കീറില്‍ ദേവിക്ക്‌ ചാര്‍ത്താനുള്ള, തുളസിയും കനകാംബരവും കൊണ്ട്‌ മെടഞ്ഞ മാല. നിറം മങ്ങിയതെങ്കിലും വൃത്തിയിലുള്ള വസ്ത്രങ്ങൾ. കുളിച്ച്‌ ഈറനായ നീളമുള്ള കോലന്മുടിയുടെ ഇല്ലിപിരിച്ച്‌ കെട്ടിയതിനുള്ളില്‍ തിരുകിവച്ച തുളസിയിലകൾ. ചിരിക്കുമ്പോള്‍ ഇറുങ്ങിപ്പോകുന്ന കണ്ണുകൾ. അടക്കിപിടിച്ചുള്ള സംസാരം. രണ്ടുപേരുടെയും നെറ്റിയില്‍ വിശാലമായ ചന്ദനക്കുറികൾ.

വെള്ളിയാഴ്ചകളില്‍ അവിടെയ്ക്കുള്ള യാത്ര പിന്നീട്‌ മുടക്കാറില്ല. കോളേജ്‌ സംഘത്തില്‍ നിന്നും എന്തെങ്കിലുമൊക്കെ ഒഴിവുകഴിവുകള്‍ പറഞ്ഞിറങ്ങുമ്പോള്‍ ദേവൻ അമര്‍ത്തി ചിരിക്കും. "ഇത്‌ ഞാനൊരുദിവസം ഇവരുടെയിടയില്‍ പൊട്ടിക്കുന്നുണ്ട്‌"

അവളെപ്പറ്റി കൂടുതല്‍ അന്വേഷിച്ചറിഞ്ഞ്‌ വിവരങ്ങള്‍ തന്നത്‌ ദേവൻ തന്നെ. വാരസ്യരാണ്‌. പേര്‌ ആതിര. അനിയന്റെ പേര്‌ ഉണ്ണി. പൂജാരിയുടെ ഇല്ലത്തിനടുത്തൊരു ചെറിയ വീട്ടിലാണ്‌ താമസം. അവളും അനിയനും ആസ്മയുടെ ബുദ്ധിമുട്ടുള്ള അമ്മയും മാത്രമേ വീട്ടിലുള്ളൂ. അച്ഛന്‍ നേരത്തെ മരിച്ചു. അടുത്തുള്ള അമ്പലങ്ങളില്‍ മാലകെട്ടിക്കൊടുത്ത്‌ കിട്ടുന്ന വരുമാനം കൊണ്ടാണ്‌ ജീവിതം. പ്രീ-ഡിഗ്രി പാസായി, തുടര്‍ പഠനം ഉപേക്ഷിച്ച്‌ അനിയനെ പഠിപ്പിക്കുകയാണ്‌.

ഒരു ദിവസം പടവുകള്‍ കയറി വരുന്ന അവളോട്‌ ധൈര്യം സംഭരിച്ചു ഞാന്‍ ചോദിച്ചു-
"ഒരു മാല എനിക്ക്‌ വില്‍ക്കുമോ?"
"എന്തിന്‌?" അവളുടെ ശബ്ദത്തില്‍ അല്‍പ്പം ഗൗരവം.
"ഒരു നേര്‍ച്ചയുണ്ടായിരുന്നു" ഞാന്‍ വിട്ടുകൊടുത്തില്ല.
"അതിനിയാള്‍ക്ക്‌ ദൈവ വിശ്വാസംണ്ടോ?"
"എന്നെ കണ്ടാല്‍ വിശ്വാസിയല്ലെന്ന് തോനുന്നോ?"
"ദൈവവിശ്വാസമുള്ളയാള്‍ അമ്പലത്തിന്‌ മുന്നിലിരുന്ന് സിഗറട്ട്‌ വലിക്ക്വോ?"
അപ്പോള്‍ അതാണ്‌ കാര്യം. ഞാന്‍ ന്യായീകരിച്ചു;
"ഞാന്‍ പുറത്തിരുന്നല്ലേ വലിക്കുന്നത്‌"
"ന്നാലും അമ്പലപ്പറമ്പിലത്‌ പാടില്ല്യ" അവള്‍ കേറിപ്പോയി. കാച്ചിയ വെളിച്ചെണ്ണയുടെ സുഗന്ധം.

അവള്‍ ശ്രദ്ധിക്കുന്നുണ്ട്‌!

പിന്നീടൊരിക്കലും അവിടെയിരുന്ന് സിഗരറ്റ്‌ വലിച്ചില്ല. സംസാരിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ അവള്‍ ഉണ്ണിയുടെ കയ്യും പിടിച്ച്‌ നടക്കും. പ്രദക്ഷിണം വയ്ക്കുന്നതിന്നിടയിലോ, ഒതുക്കുകല്ലുകളിറങ്ങി തിരിച്ചുപോകുമ്പോഴോ അവളുടെ നോട്ടമൊന്ന് പാറി വീഴും, ചുണ്ടുകള്‍ക്കിടയില്‍ ഒരു ചെറിയ ചിരി വിരിയും.

"അത്‌ മതി" ദേവൻ പറയും, "സംഗതി നടക്കുന്നുണ്ട്‌"

ദേവന് അങ്ങിനെ പറയാന്‍ ഒരു കാരണം കൂടിയുണ്ട്‌. അവന്റെ വീട്ടിനടുത്തുള്ള കോട്ട ഭഗവതി ക്ഷേത്രത്തില്‍ ഒരു ദിവസം അവന്‍ വീട്ടുകാരൊപ്പം തൊഴാന്‍ ചെന്നപ്പോള്‍ അവളുണ്ട്‌ ചുറ്റമ്പലത്തിലിരുന്ന് മാലകോര്‍ക്കുന്നു.  അവനെ കണ്ടപ്പോള്‍ ചിരിച്ച്‌ കൊണ്ട്‌ ചോദിച്ചത്രേ, കൂട്ടുകാരനെവിടെ-എന്ന്.

ഒരു ദിവസം അവളും ഉണ്ണിയും കൂടി ശ്രീകോവില്‍ പ്രദിക്ഷണം വയ്ക്കുന്നത്‌ നോക്കി ഞങ്ങള്‍ക്കടുത്ത്‌ കാഞ്ഞിരമരത്തിന്റെ വേരുകളിലൊന്നിലിരിക്കുകയായിരുന്ന പൂജാരി പറഞ്ഞു,
"കഷ്ടം. നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു. പഠിത്തോം നിര്‍ത്തി. ഇനിയാ ഉണ്ണി വലുതായി വേണം അവള്‍ക്കും അമ്മയ്ക്കുമൊരു തുണയാവാന്‍"

ഞാനും ദേവനും പരസ്പരം നോക്കി.

"വലിയ പ്രാരാബ്ധക്കാരാണ്‌, അല്ലേ"; ദേവൻ ചോദിച്ചു.

"അമ്മേ ദേവി" പൂജാരി നെടുവീര്‍പ്പിട്ടു. "ഭഗവതി കാണാതിരിക്കില്ല. ആ കുട്ടിയല്ലേ ഭഗവതിക്ക്‌ പൂജയ്ക്കുള്ള പൂവ്‌ കെട്ടുന്നത്‌"

കോളെജില്‍ യാത്രപറയലിന്റെയും ഫൈനലിയര്‍ പരീക്ഷയുടെയും തിരക്ക്‌. രണ്ട്‌ മൂന്ന് വെള്ളിയാഴ്ചകളില്‍ അമ്പലത്തിലെത്തിച്ചേരാന്‍ കഴിഞ്ഞില്ല. അവസാന പരീക്ഷ കഴിഞ്ഞ വെള്ളിയാഴ്ച ഓടിപ്പിടിച്ചെത്തുമ്പോഴേയ്ക്കും സന്ധ്യകഴിഞ്ഞു. ശ്രീകോവിലില്‍ മുനിഞ്ഞുകത്തുന്ന നിലവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ ദേവിയുടെ വിഗ്രഹത്തിനു മുന്നില്‍ തെച്ചി പൂക്കളും തുളസിയിലയും മാത്രം. അവള്‍ മെടഞ്ഞുകൊണ്ടുവരാറുള്ള പൂമാലയില്ല.

എന്നെ സമാധാനപ്പെടുത്തി ദേവൻ പറഞ്ഞു.
"സാരമില്ല. നമുക്കെന്റെ വീട്ടിലേയ്ക്ക്‌ പോകാം. രാവിലെ എഴുന്നേറ്റ്‌ കോട്ട ഭഗവതി ക്ഷേത്രത്തില്‍ പോയാല്‍ അവളെ അവിടെ തീര്‍ച്ചയായും കാണാം..."

ദേവന്റെ വീട്ടിലെ ബാല്‍ക്കണിയില്‍, രാത്രിയില്‍ റബ്ബര്‍ തോട്ടത്തില്‍ നിന്നും വരുന്ന ചീവീടുകളുടെ ശബ്ദവും കേട്ട്‌ കിടന്ന് എങ്ങിനെയോ നേരം വെളുപ്പിച്ച്‌ അതിരാവിലെ ഞങ്ങള്‍ ക്ഷേത്രനടയിലെത്തി.

ഏറെനേരം കാത്തുനിന്നിട്ടും കാണാതായപ്പോള്‍ ദേവൻ ചുറ്റമ്പലത്തിലെ ഒരു കോണിലിരുന്ന് മാല കോര്‍ക്കുകയായിരുന്ന ഒരു വൃദ്ധയുടെ അടുത്ത്‌ ചെന്ന് എന്തൊക്കെയോ സംസാരിച്ച്‌ തിരികെ വന്ന് എന്നോട്‌ പറഞ്ഞു-

"നീ വാ, പറയാനുണ്ട്‌..." അവന്‍ എന്നെയും പിടിച്ചു കുളക്കടവിലേയ്ക്ക്‌ നടന്നു.
"എന്താടാ, അവരെന്താണ്‌ പറഞ്ഞത്‌? നമുക്കവളുടെ വീട്ടില്‍ പോയി നോക്കിയാലോ?"

അമ്പലക്കുളത്തിലേയ്ക്കിറങ്ങുന്ന പടവുകളിലൊന്നില്‍ പെട്ടന്ന് നിന്ന് ദേവൻ പറഞ്ഞു-

"ആ കുട്ടിയുടെ അമ്മ രണ്ടാഴ്ച മുന്‍പ്‌ മരിച്ചു പോയത്രേ. ബന്ധത്തിലെ ആരോ വന്ന് അവളെയും അനിയനെയും പട്ടാമ്പിയിലേയ്ക്ക്‌ കൊണ്ടുപോയെന്ന്..."

..............................................
പതിനഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം അവന്റെ രണ്ടാമത്തെ കുട്ടിയുടെ ചോറൂണിന്റെ ഫോട്ടോകള്‍ അറ്റാച്ച്‌ ചെയ്ത മെയിലില്‍ ദേവൻ എഴുതി.

"മോളുടെ ചോറൂണ്‌ കോട്ട ഭഗവതി ക്ഷേത്രത്തിലായിരുന്നു. ചടങ്ങ്‌ കഴിഞ്ഞ്‌ പ്രദിക്ഷണം വയ്ക്കുമ്പോള്‍ എനിക്കുമുന്നില്‍ നടന്ന ഒരു സ്ത്രീയെ ഞാന്‍ ഓര്‍മ്മയില്‍ നിന്നും ചികഞ്ഞെടുത്തു- നമ്മുടെ പഴയ ആതിര. ഓര്‍മ്മ പുതുക്കിയപ്പോള്‍ അല്‍ഭുതം, ആഹ്ലാദം. കല്ല്യാണം കഴിഞ്ഞ്‌ ഭര്‍ത്താവിനും രണ്ട്‌ കുട്ടികള്‍ക്കുമൊപ്പം സിന്‍സിനെറ്റില്‍. അനുജന്‍ പി.എസ്സ്‌.സി കിട്ടി പാലക്കാട്ട്‌ ഹെല്‍ത്ത്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍.

വീട്ടുകാരെ പരസ്പരം പരിചയപ്പെടുത്തി പിരിയാന്‍ നേരത്ത്‌ അവള്‍ എന്നോട്‌ ചോദിച്ചു, എവിടെയാണ്‌ കൂട്ടുകാരനെന്ന്..."

(ആ ക്ഷേത്രം പുനരുദ്ധാരണം കഴിഞ്ഞു. ഇടിഞ്ഞുപൊളിഞ്ഞ കല്‍പ്പടവുകളും, ആ കാഞ്ഞിരമരവും ഇന്നവിടില്ല. അവിടുത്തെ നടയില്‍ നില്‍ക്കുമ്പോള്‍ പക്ഷേ, ഓര്‍മ്മകളുടെ വേലിയേറ്റം)

15 comments:

 1. മെയ്‌ മാസം. പരീക്ഷ ചൂടൊഴിഞ്ഞ കൗമാരത്തിന്റെ ഓര്‍മ്മകളുടെ വേലിയേറ്റം...

  ReplyDelete
 2. ഓര്‍മ്മക്കുറിപ്പാണോ? കഥയാണോ? മനസ്സില്‍ തൊട്ടു.

  ReplyDelete
 3. ചാത്തനേറ്:
  പടിപ്പുരമാഷേ മാഷ്ക്കിങ്ങനെ വിരഹോം വേദനേം പറഞ്ഞ് കരയിക്കാനേ നേരോള്ളാ‍?
  ഒന്നു ചിരിക്കെന്റെ മാഷേ ദേ ഇങ്ങനെ :)

  ഓടോ:: പുതിയ കുപ്പി കൊള്ളാം...

  ReplyDelete
 4. ടച്ചിംഗ്‌ പോസ്റ്റ്‌.....

  ReplyDelete
 5. നല്ല വിവരണം... വളരെ സോഫ്റ്റ്‌ ആയി അവതരിപ്പിച്ചിരിക്കുന്നു...ആകെപ്പാടെ ഒരു വിഷമം ഫീല്‍ ചെയ്യുന്നു..

  ReplyDelete
 6. സു, എങ്ങിനെയും കരുതാം ;)
  കുട്ടിച്ചാത്തന്‍, സൂര്യോദയം, അപ്പൂസ്, തരികിട :)

  ReplyDelete
 7. പടിപ്പുരയില്‍ ആളനക്കം ഇല്ലല്ലോയെന്ന് കഴിഞ്ഞ ദിവസം ഞാന്‍ ഓര്‍ത്തതേ ഉള്ളൂ.
  ഇവിടെ വന്നൊന്ന് പൂഹോയ്‌ അടിക്കണം...
  ആളേ ഉണര്‍ത്താന്‍ എന്ന് വിചാരിച്ചപ്പഴാ ഈ പോസ്റ്റ്‌ കണ്ടത്‌......

  ഇഷ്ടപ്പെട്ടു....
  ശുഭപര്യവസായികള്‍ വായിക്കാനാ എനിക്കിഷ്ടം.....
  നേര്‍ത്ത ഒരു പിടച്ചില്‍ ചുമ്മാ എഴുത്തുകാരന്‍ തിരുകിയെങ്കിലും...

  ReplyDelete
 8. ഓര്‍മ്മകളുടെ വേലിയേറ്റത്തില്‍ ഇത്രേം നല്ലൊരു പോസ്റ്റ് ഉണ്ടാകുമെങ്കില്‍ ഓര്‍മ്മിക്കൂ...ഇനിയും :)

  ReplyDelete
 9. സാന്റൂ, ആളനങ്ങി :)
  നിമിഷ, അരീക്കോടന്‍ :)

  ReplyDelete
 10. നന്നായി , :)

  നല്ല വിവരണം

  ReplyDelete
 11. പടിപ്പുര മാഷാണോ?

  (ഒളിംപ്യന്‍ പൊലീസാണോ എന്ന സിനിമാചോദ്യം പോലെ..!)

  കോഴിക്കോട്ട് എവിടെയാ? ഞാനും സമീപത്തൊക്കെയായിട്ടുണ്ട്.

  ഒരു മെയില്‍ വിടുമോ?

  sunishtho@gmail.com

  ReplyDelete
 12. തറവാടി :), സുനിഷ് :) മെയില്‍ വിട്ടു.

  ReplyDelete
 13. 情趣用品,情趣用品,情趣用品,情趣用品,情趣用品,情趣用品,情趣,情趣,情趣,情趣,情趣,情趣,情趣用品,情趣用品,情趣,情趣,A片,A片,情色,A片,A片,情色,A片,A片,情趣用品,A片,情趣用品,A片,情趣用品,a片,情趣用品,A片,A片

  A片,A片,AV女優,色情,成人,做愛,情色,AIO,視訊聊天室,SEX,聊天室,自拍,AV,情色,成人,情色,aio,sex,成人,情色

  免費A片,美女視訊,情色交友,免費AV,色情網站,辣妹視訊,美女交友,色情影片,成人影片,成人網站,H漫,18成人,成人圖片,成人漫畫,情色網,日本A片,免費A片下載,性愛

  情色文學,色情A片,A片下載,色情遊戲,色情影片,色情聊天室,情色電影,免費視訊,免費視訊聊天,免費視訊聊天室,一葉情貼圖片區,情色視訊,免費成人影片,視訊交友,視訊聊天,言情小說,愛情小說,AV片,A漫,AVDVD,情色論壇,視訊美女,AV成人網,成人交友,成人電影,成人貼圖,成人小說,成人文章,成人圖片區,成人遊戲,愛情公寓,情色貼圖,色情小說,情色小說,成人論壇

  情色貼圖,色情聊天室,情色視訊,情色文學,色情小說,情色小說,色情,寄情築園小遊戲,情色電影,色情遊戲,色情網站,聊天室,ut聊天室,豆豆聊天室,美女視訊,辣妹視訊,視訊聊天室,視訊交友網,免費視訊聊天,免費A片,日本a片

  A片,A片,A片下載,做愛,成人電影,.18成人,日本A片,情色小說,情色電影,成人影城,自拍,情色論壇,成人論壇,情色貼圖,情色,免費A片,成人,成人網站,成人圖片,AV女優,成人光碟,色情,色情影片,免費A片下載,SEX,AV,色情網站,本土自拍,性愛,成人影片,情色文學,成人文章,成人圖片區,成人貼圖

  ReplyDelete

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...