Wednesday, April 11, 2007

ദൈവത്തിന്‌ ഇഷ്ടപ്പെട്ടവര്‍


ആശുപത്രിയുടെ മനം മടുപ്പിക്കുന്ന ഗന്ധം.

വിഷു ദിവസമായതു കൊണ്ടാവാം, സന്ദര്‍ശക സമയമായിട്ടും തിരക്ക്‌ തീരെ കുറവ്‌.

ഞാന്‍ കൊണ്ടുകൊടുത്ത എം.മുകുന്ദന്റെ 'ദല്‍ഹി' യിലെ താളുകള്‍ മറിച്ച്‌ നോക്കുകയായിരുന്നു, സുരേഷ്‌. കഴിഞ്ഞയാഴ്ച കണ്ടതിനെക്കാള്‍ അവന്‍ കുറച്ചുകൂടെ ക്ഷീണിച്ചത്‌ പോലെ. അതോ എനിക്ക്‌ വെറുതെ തോനുന്നതോ.

കോഴിക്കോട്‌ മെഡിക്കല്‍ കോളെജിന്റെ ഇരുപത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച്‌ അവിടെ നടത്തിയ എക്സിബിഷന്‌ ഹൈ സ്കൂളില്‍ നിന്നും കൊണ്ടുവന്നപ്പോഴാണ്‌ ആദ്യമായി മെഡിക്കല്‍ കോളെജ്‌ കാണുന്നത്‌.

അന്ന് ഉച്ചഭക്ഷണം കഴിഞ്ഞ്‌, ഗ്രൗണ്ടിലെ മരത്തിന്റെ തണലില്‍ ഓറഞ്ചും തിന്നിരിക്കുമ്പോള്‍ കോളെജ്‌ കെട്ടിടത്തിന്റെ ഗോപുരത്തിന്‌ മുകളിലെ വലിയ ക്ലോക്ക്‌ നോക്കി സുരേഷ്‌ പറഞ്ഞു-

"ഇപ്പോഴെ നന്നായി ശ്രമിക്കുകയാണെങ്കില്‍ മൂന്ന് കൊല്ലം കഴിഞ്ഞാല്‍ നമുക്കും ഇതിനകത്ത്‌ കേറി പഠിക്കാം"

എന്റെ കഴിവില്‍ എനിക്ക്‌ വിശ്വാസം പോര. ജീവശാസ്ത്രത്തില്‍ കുഴപ്പമില്ലെങ്കിലും, ഊര്‍ജ്ജതന്ത്രത്തിലും രസതന്ത്രത്തിലും കണക്കിലും പതിമൂന്നും പതിനാലുമൊക്കെയാണ്‌ എനിക്കുകിട്ടുന്ന മാര്‍ക്ക്‌. സുരേഷ്‌ അങ്ങിനെയല്ല. എല്ലാ വിഷയങ്ങളിലും കേമന്‍. ക്ലാസില്‍ ഒന്നാമന്‍, സയന്‍സ്‌ ക്ലബ്ബ്‌ സിക്രട്ടറി, സ്കൗട്ട്‌ ട്രൂപ്പ്‌ ലീഡര്‍, അദ്ധ്യാപകര്‍ക്ക്‌ പ്രിയപ്പെട്ടവന്‍.

പക്ഷേ, പ്രീഡിഗ്രി സയന്‍സ്‌ ഗ്രൂപ്പ്‌ ഫസ്റ്റ്‌ ക്ലാസില്‍ പാസായി അവന്‍ കോട്ടയത്ത്‌ ടി.ടി.സിയ്ക്ക്‌ ചേര്‍ന്നു. അവന്റെ അച്ഛന്‍ ജോലിചെയ്യുന്ന സ്കൂളില്‍ രണ്ട്‌ വര്‍ഷം കഴിഞ്ഞാല്‍ ഒരു റിട്ടയര്‍മന്റ്‌ ഒഴിവ്‌ വരുന്നത്‌, അവന്‌ നല്‍കാമെന്ന് സ്കൂള്‍ മാനേജര്‍ അവന്റെ അച്ഛന്‌ ഉറപ്പ്‌ കൊടുത്തിരുന്നു.

ഞാന്‍ ബികോം അവസാനവര്‍ഷം എത്തുമ്പോഴേയ്ക്കും അവന്‍ സ്കൂള്‍ അദ്ധ്യാപകനായി. പിന്നീടങ്ങോട്ട്‌, ഒഴിവു ദിവസങ്ങളില്‍ ഒത്തുകൂടുമ്പോഴുള്ള സിനിമയും അത്‌ കഴിഞ്ഞ്‌ വടകര 'ന്യൂ ഇന്ത്യ'യില്‍ നിന്നുള്ള പൊറാട്ടയടിയും ശമ്പളക്കാരനായ അവന്റെ വകയായി.

"കഴിഞ്ഞ വിഷുവിന്‌ ഈ സമയത്ത്‌ നമ്മളെവിടെയായിരുന്നുവെന്ന് നിനക്കോര്‍മ്മയുണ്ടോ?"

'ദല്‍ഹി' കിടക്കയില്‍ മടക്കി വെച്ച്‌, ചുമരിനോട്‌ ചേര്‍ത്തുവച്ച തലയിണയിലേയ്ക്ക്‌ ചാരിയിരുന്ന് സുരേഷ്‌ ചോദിച്ചു.

"നമ്മള്‍ മടപ്പള്ളി കടപ്പുറത്ത്‌ നടക്കാന്‍ പോയി" ഒന്നുചിരിച്ച്‌ അവന്‍ തുടര്‍ന്നു- "ഈ വര്‍ഷം ഹോസ്പിറ്റല്‍ ബെഡിലായിപ്പോയി വിഷു, അല്ലേ?"

അത്‌ ശ്രദ്ധിക്കാത്ത മട്ടില്‍ ഞാന്‍ പറഞ്ഞു-
"അടുത്ത വിഷു ആവട്ടെ. ബീച്ചില്‍ പോയിരുന്ന് നമുക്ക്‌ ഓരോ സിഗററ്റ്‌ വലിക്കണം"

"കഴിഞ്ഞ വര്‍ഷം നീ തന്ന സിഗററ്റ്‌ വലിച്ച്‌ ഞാന്‍ ചുമച്ച ചുമ" മുഖത്ത്‌ ഇത്തിരി ഗൗരവം വരുത്തി അവന്‍ ചോദിച്ചു "നീ ഇപ്പോഴും നല്ല വലിയായിരിക്കും അല്ലേ. നിന്നെ സിഗരറ്റ്‌ മണക്കുന്നുണ്ട്‌"

സ്കൂളില്‍ പഠിക്കുമ്പോള്‍ ചെറിയ ഒരു നടുവേദനയിലായിരുന്നു തുടക്കം. വോളിവോള്‍ കളിക്കുന്നതിനിടയിലെപ്പൊഴോ വീണതാവാം കാരണം എന്നായിരുന്നു നിഗമനം. ആദ്യമാദ്യം ഒന്നോ രണ്ടോ ഗുളികകളില്‍ ഒഴിഞ്ഞു പോയിരുന്ന വേദന പക്ഷേ, വര്‍ഷങ്ങള്‍ കഴിയുന്നതിനൊപ്പം കൂടി കൂടി വരികയായിരുന്നു. ഒരു പാട്‌ ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ടെസ്റ്റുകള്‍ക്കുമൊടുവില്‍ വെല്ലൂരില്‍ നിന്നും രോഗം നിര്‍ണ്ണയിക്കപ്പെട്ടു. രക്തത്തിലെ ശ്വേത രക്താണുക്കളുടെ ക്രമാതീതമായ വര്‍ദ്ധനവ്‌- രക്താര്‍ബുദം. തുടര്‍ ചികിത്സകള്‍ക്കായി കോഴിക്കോട്‌ മെഡിക്കല്‍ കോളെജില്‍ അഡ്മിറ്റ്‌ ചെയ്തതാണ്‌.

രോഗത്തിന്റെ ഗൗരവമറിഞ്ഞപ്പോള്‍ അവന്‍ പതറിയില്ല. കൊടിയ വേദനയിലും അവന്‍ കരഞ്ഞില്ല. സംസാരിക്കാനാവാതെ ഞാനവന്റെ മുന്നിലിരിക്കുമ്പോള്‍ ഞങ്ങളുടെ സുഹൃത്തുക്കളെക്കുറിച്ചും, എന്റെ കമ്പ്യൂട്ടര്‍ കോഴ്സിനെക്കുറിച്ചും ചോദിച്ചും പറഞ്ഞും അവന്‍ വിഷയങ്ങളുണ്ടാക്കും. അവന്‍ കടിച്ചുപിടിച്ചനുഭവിക്കുന്ന വേദന അവന്റെ കണ്ണുകളിലും മുഖത്തും ഞാന്‍ വായിക്കുന്നത്‌ അവനറിയാം. ടി.ടി.സിയ്ക്‌ പഠിക്കുമ്പോള്‍ ഏറ്റവുമടുത്ത സുഹൃത്തിനെക്കുറിച്ച്‌ എവിടെയോ എഴുതേണ്ടിവന്നപ്പോള്‍ അവനെഴുതിയത്‌ എന്നെക്കുറിച്ചായിരുന്നു.

"നീ എന്താണ്‌ ഓര്‍ക്കുന്നത്‌? പായസം കഴിക്കൂ"

വിഷു ദിവസമായത്‌ കൊണ്ട്‌ വീട്ടില്‍ നിന്നും കൊണ്ടുവന്ന പായസം ഒരു കപ്പില്‍ അവന്റെ അമ്മ എനിക്ക്‌ മുന്നില്‍ വച്ചിട്ടുണ്ട്‌.

കട്ടിലിന്റെ തലയ്ക്കല്‍ നില്‍ക്കുന്ന അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അവന്‍ കാണാതിരിക്കാന്‍ തിരിഞ്ഞുനിന്ന് അവര്‍ സാരിതുമ്പുകൊണ്ട്‌ കണ്ണീരൊപ്പി.

"ഭക്ഷണം എന്തുവേണമെങ്കിലും കഴിച്ച്‌ കൊള്ളാന്‍ ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്‌. പക്ഷേ ഇവന്‍... നീയൊന്നു പറയൂ അവനോടിത്തിരി പായസം കഴിക്കാന്‍..." അവര്‍ കരച്ചിലൊതുക്കാന്‍ പാടുപെടുന്നു.

ഞാനവനെ നോക്കി

"ഇപ്പോ വേണ്ടെടാ, കുറച്ച്‌ കഴിഞ്ഞ്‌ കഴിച്ചോളാം"

സന്ധ്യയ്ക്‌ ഞാനിറങ്ങുമ്പോള്‍ അവന്‍ വാതില്‍ വരെ കൂടെ വന്നു. എന്റെ ചുമലില്‍ അമര്‍ത്തി പിടിച്ച കൈ എടുക്കാതെ, കുറെനേരം ഒന്നും സംസാരിക്കാതെ വാതില്‍ക്കലില്‍ നിന്നു. പിന്നെ ശബ്ദമമര്‍ത്തി പറഞ്ഞു-

"എനിക്കിനി അധികം നാളുകളില്ലെടാ. എല്ലാവരെയും ബുദ്ധിമുട്ടിച്ച്‌, എല്ലാവരുടെയും കണ്ണുനീര്‍ കണ്ട്‌ ഇനിയും വയ്യ. മടുത്തു, എത്രയും വേഗത്തില്‍ ഇതൊന്നവസാനിച്ചാല്‍ മതിയായിരുന്നു..."

ഒന്നും പറയാനാവാതെ എന്റെ ശബ്ദം തൊണ്ടയില്‍ കുരുങ്ങി.

അതായിരുന്നു അവസാനത്തെ കൂടിക്കാഴ്ച.

ഒരു രാത്രി ഉറക്കത്തില്‍ എന്നെ വിളിച്ചുണര്‍ത്തി അച്ഛന്‍ പറഞ്ഞു-

"സുരേഷ്‌ പോയി..."

തളര്‍ന്ന് നിന്ന എന്നെ അച്ഛന്‍ ചേര്‍ത്തു പിടിച്ചു.

"പ്രാര്‍ത്ഥിക്കുക. വേദന സഹിച്ച്‌ സഹിച്ച്‌ ആവനിനിയും കഷ്ടപ്പെടില്ലല്ലോ" അച്ഛന്‍ ദീര്‍ഘനിശ്വാസം വിട്ടു "ദൈവം അവനിഷ്ടപ്പെട്ടവരെ നേരത്തെ തന്നെ തിരിച്ചു വിളിക്കും..."

***
പത്താം ക്ലാസില്‍ പഠിക്ക്മ്പോള്‍, തിരുവനന്തപുരത്തെ സ്കൗട്ട്‌ ഹെഡ്ക്വാര്‍ട്ടറില്‍, പ്രസിഡന്റ്‌ സ്കൗട്ട്‌ ക്യാമ്പില്‍ രാത്രി നക്ഷത്ര നിരീക്ഷണവും കഴിഞ്ഞ്‌ ടെന്റിന്‌ പുറത്തെ ടാര്‍പോളിനില്‍ ആകാശം നോക്കി ഞങ്ങള്‍ മലര്‍ന്ന് കിടക്കുമ്പോള്‍ സുരേഷ്‌ പറഞ്ഞു-

"നക്ഷത്രങ്ങളെക്കുറിച്ച്‌ അമ്മമ്മ പറഞ്ഞു തന്നത്‌, അവ മരിച്ചു പോയ മനുഷ്യരുടെ ആത്മാക്കളാണെന്നാണ്‌. അവര്‍ സ്നേഹിച്ചിരുന്നവരെ നോക്കി ചിരിച്ചുകൊണ്ട്‌ അവരങ്ങിനെ നില്‍ക്കുകയാണെന്ന്‌..."

അങ്ങിനെ തന്നെ വിശ്വസിക്കാനാണ്‌ എനിക്കും ഇഷ്ടം.

ആകാശത്തെ കോടാനുകോടി നക്ഷത്രങ്ങളുടെ കൂട്ടത്തില്‍ ഒന്ന് എന്നെ നോക്കി കണ്ണു ചിമ്മുന്നുവോ, ചിരിക്കുന്നുവോ...

19 comments:

 1. ആകാശത്തെ കോടാനുകോടി നക്ഷത്രങ്ങളുടെ കൂട്ടത്തില്‍ ഒന്ന് എന്നെ നോക്കി കണ്ണു ചിമ്മുന്നുവോ, ചിരിക്കുന്നുവോ...

  ReplyDelete
 2. സുഹൃത്തിന്റെ വേര്‍പാട്.

  കഥയിലും ജീവിതത്തിലും നൊമ്പരം തന്നെ.

  എനിക്കും ആ വിശ്വാസം ഉണ്ട്. അല്ലെങ്കില്‍, ഞാന്‍ ആ വിശ്വാസത്തില്‍ ജീവിക്കുന്നു.

  നക്ഷത്രമായി കാണാമെന്ന്.

  എന്നും.

  എന്റെ പ്രിയപ്പെട്ട മഴക്കാലത്തെ ഞാന്‍ പതുക്കെപ്പതുക്കെ വെറുക്കാന്‍ തുടങ്ങുന്നതും അതുകൊണ്ട് തന്നെ. കാര്‍മേഘങ്ങള്‍ക്കിടയില്‍ നക്ഷത്രം എനിക്ക് കാണാന്‍ കിട്ടിയില്ലെങ്കിലോ?

  ReplyDelete
 3. പടിപ്പുരേ,
  നന്നായി എഴുതി. മനസ്സില്‍ കൊള്ളുന്നു ഓരോവാക്കും. ഒരു വിങ്ങല്‍...

  -സുല്‍

  ReplyDelete
 4. പടിപ്പുരേ...! എന്താ പറയേണ്ടത്... അറിയില്ല!

  ReplyDelete
 5. "ദൈവം അവനിഷ്ടപ്പെട്ടവരെ നേരത്തെ തന്നെ തിരിച്ചു വിളിക്കും..."

  വളരെ ശരി പടിപ്പുരേ... നന്നയി എഴുതി.

  ReplyDelete
 6. കഴിഞ്ഞ ഡിസംബറില്‍ തിരുവനന്തപുരം ആര്‍ സി സിയില്‍ തമസിച്ച ഏതാനും ദിവസങ്ങളാണ് വായിച്ചപ്പോള്‍ മനസ്സിലെത്തിയത്. ഇപ്പോഴും ഓര്‍ക്കുന്നു ഒരു ഇരുപത്തഞ്ച് കാരന്‍ സുധീഷിനേയും അവന്റെ അമ്മയേയും. പത്ത് ദിവസം കൊണ്ട് പത്ത് വര്‍ഷത്തെ സൌഹൃദം ഉണ്ടാക്കിയ സുഹൃത്ത്. തൊട്ടടുത്ത വാര്‍ഡിലായിരുന്നു അവര്‍. മണിക്കൂറുകളോളം ഞങ്ങള്‍ സംസാരിച്ചിരുന്നിട്ടുണ്ട്.

  ഒരു ദിവസം അവനോട് സംസാരിച്ച് പുറത്തിറങ്ങുമ്പോള്‍ റൂമിന്റെ പുറത്ത ചുമരില്‍ ചാരിനിന്ന് തേങ്ങി തേങ്ങി കരയുന്ന ആ അമ്മയെ ഞാന്‍ ഇപ്പോഴും ഓര്‍ക്കാറുണ്ട്. എന്തിന് എന്ന് ചോദിക്കാന്‍ പോലുമാവാതെ ഞാന്‍ നോക്കിയപ്പോള്‍ രണ്ട് കൈയ്യും മലര്‍ത്തിക്കാണിച്ച് പൊട്ടിക്കരഞ്ഞത് അവരുടെ ഒതുക്കിയ ശബ്ദം ഇപ്പോഴും കാതിലുണ്ട്.

  പടിപ്പുരാ... ഒന്നും പറയാനാവുന്നില്ല. ഒന്ന് സമാധാനിപ്പിക്കാന്‍ പോലും.

  ReplyDelete
 7. ഇത് എന്റെ അനുഭവം കൂടിയാണ്. വായിച്ചു, കണ്ണീര്‍ വന്ന് മൂടിയതുകൊണ്ട് സമയമെടുത്തു. നന്നായി എഴുതിയിരുക്കുന്നു.

  ഇത്തിരിവെട്ടം എഴുതിയിരിക്കുന്ന കമന്റിലെ ഒരു അമ്മയെ എനിക്കുമറിയാം. കൈമലര്‍ത്തി മേലോട്ടു നോക്കി പൊട്ടികരഞ്ഞ അമമ. ഇപ്പോഴും അവര്‍ കരയുന്നു, ശത്രുക്കള്‍ക്കു പോലും ഈ രോഗം കൊടുക്കരുതേ എന്നു പറഞ്ഞ്.

  ReplyDelete
 8. വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിലൊരു തേങ്ങല്‍, ഒരു നൊമ്പരം. എല്ലാം സഹിക്കാതെ വയ്യല്ലോ.


  എഴുത്തുകാരി.

  ReplyDelete
 9. ശേ..
  വല്ലാത്തൊരു പോസ്റ്റ് ആയിപ്പോയല്ലൊ..
  ഒരു വിധത്തില്‍ വായിച്ചു അവസാനിച്ചപ്പോഴേക്കും
  ഇത്തിരിയുടെ കമന്റും... കണ്ണ് നിറയുന്നു.. ഞാനിതിന് എന്താ കമന്റുന്നത് .എനിക്കറിയില്ല :(

  ReplyDelete
 10. ഇതേ രോഗം ബാധിച്ച രണ്ടു പേരെ എനിക്ക് അടുത്തറിയാം ഒന്നെന്‍റെ ചങ്ങാതിയുടെ ചേച്ചി മറ്റൊന്ന് എന്‍റെ സുഹൃത്തും രണ്ടു പേരും ഇന്നില്ല, ആദ്യം ഈ ലോകത്തോട് വിട പറഞ്ഞത് ലൈജു എന്ന എന്‍റെ ചങ്ങാതിയായിരുന്നു അവന്‍റെ അച്ചനും അമ്മയ്ക്കും മകനായും മകളായും ഒരേ ഒരാണ്‍ തരി 28മത്തെ വയസ്സില്‍ (2003ല്‍) അവരെ വിട്ട് പോയി
  അവന്‍റെ ദേഹം കാണാന്‍ പോയ ആരും കരയാത്തവരില്ലായിരുന്നു അവന്‍റെ അമ്മയുടെ ആര്‍ത്തനാദം.. ഏതൊരു കഠിന ഹൃദയന്‍റെ ഹൃദയവും അലിയുന്നതായിരുന്നു

  ലൈജുവിന്‍റെ അയല്‍വാസിയായിരുന്നു ഈ രോഗം ബാധിച്ച എന്‍റെ ചങ്ങാതിയുടെ സഹോദരിയും അവന്‍റെ മരണം ആ സാധു സ്ത്രീയുടേയും മനസ്സൊത്തിരി നൊമ്പരപ്പെടുത്തി അവന്‍റെ മരണ ശേഷം ഒരു വര്‍ഷത്തിനകം അവരും ഈ ലോകത്തോട് വിട പറഞ്ഞു
  സുരേഷിനും ലൈജുവിനും എന്‍റെ ചങ്ങാതിയുടെ സഹോദരിക്കും ആത്മശാന്തി നേരുന്നു
  - തീവ്രമായ വേദന എഴുത്തിലൂടെ പടിപ്പുര ഏവരുടേയും ഹൃദയത്തിലേക്ക് കോരിയിട്ടു -

  ReplyDelete
 11. ഇല്ലാ, എന്റെ ജീവിതത്തില്‍ ഇങ്ങനെയൊന്നും വരില്ലാ- എല്ലാരും ചിന്തിക്കുന്നതിങ്ങനെ.

  പടച്ചോന്‍ നമുക്കുവേണ്ടി വച്ചിരിക്കുന്നതെന്തൊക്കെയെന്ന് ആരറിയാന്‍?

  -ഇത്തിരിയുടേയും പടിപ്പുരയുടേയും ദു:ഖം ഞാനുമേറ്റെടുക്കുന്നു.

  ReplyDelete
 12. പടിപ്പുരേ<

  കക്കാടിന്റെ വരികളാണോടിയെത്തുന്നത്‌:

  " കാലമിനിയുമുരുളും, വിഷുവരും, വര്‍ഷം വരും
  ........
  അപ്പോഴാരെന്നുമെന്തെന്നുമാര്‍ക്കറിയാം!"

  അകാലത്തില്‍ പൊലിഞ്ഞു പോയ ഒരു സുഹൃത്തിനെക്കുറിച്ച്‌ ഞാന്‍ ഇവിടെ:ഫിറോസ്‌ സ്മരണിക: മരണത്തിലേക്ക്‌ കാറോടിച്ചുപോയ കവിയായ എന്റെ സുഹൃത്തിനെക്കുറിച്ച്‌!


  പറഞ്ഞിരുന്നു!

  ReplyDelete
 13. എനിക്ക്‌ ഇഷ്ടമല്ലാ...ഇങ്ങനെയുള്ളതൊക്കെ വായിക്കാന്‍....വല്ലാതെ വിഷമിപ്പിക്കുന്നത്‌.......പക്ഷേ ഇതിന്റെ പുറകില്‍ ഒരു കയ്യടക്കമുള്ള ഒരു തൂലിക ഉണ്ടാകുമ്പോള്‍ കാണാതെ പോകുന്നത്‌ എങ്ങനെ.......

  'നല്ലവരെ നേരത്തേ വിളിക്കുന്നു'

  എനിക്ക്‌ നല്ലവനാകണ്ടാ.....എനിക്ക്‌ ജീവിക്കണം.....ചുമ്മാ അശിക്കാല്ലോ.....നിയന്ത്രണം നമ്മുടെ കൈയ്യില്‍ അല്ലെങ്കിലും....

  ReplyDelete
 14. ഞാന്‍ റ്റ്യൂഷന്‍ പഠിപ്പിച്ച പത്താം ക്ലാസ്‌കാരി നോര്‍ത്തിന്ത്യന്‍ പെണ്‍കുട്ടി ...നാട്ടിലേയ്ക്ക് വന്ന് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു സുഹ്രുത്തിന്റെ കത്തില്‍ നിന്നും അറിഞ്ഞു അവള്‍ യാത്രയായി..കുഞ്ഞു ജീവിതം കുറേ വിഷത്തുള്ളികള്‍ക്ക് അടിയറ വെച്ചിട്ട്! അതിന് മുന്നേ ഒരു നാള്‍ അവള്‍ എന്റെ അഡ്രസ്സ് തിരക്കി വന്നിരുന്നത്രേ പക്ഷെ സുഹ്രുത്ത് എന്തോ തിരക്കിനിടയില്‍ അതത്ര കാര്യമാക്കിയില്ല! ഈ പോസ്റ്റ് വായിച്ചപ്പോള്‍ ഓര്‍ത്തു ഇന്നവളെ വീണ്ടും.. പിന്നെ സുഹ്രുത്തിന്റെ അലഷ്യത ഓര്‍ത്തുള്ള വിഷമവും...ഒരു കത്തിലൂടെയെങ്കിലും ഒരു പക്ഷേ എനിക്കാ ജീവിതം രക്ഷിക്കന്‍ കഴിഞ്ഞേനെ എന്നുള്ള വ്യമോഹം.മരണം അത്
  ആത്മഹത്യ ആയാലും സ്വാഭാവികം ആയാലും പ്രിയപ്പെട്ടവര്‍ക്ക് ഒരു പിടി വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ മാത്രം ബാക്കി.. പിന്നെ പടിപ്പുര പറഞ്ഞത് പോലെ കണ്ട് ആശ്വസിയ്ക്കാന്‍ ആകാശത്ത് കുറെ നക്ഷത്രങ്ങളും :(

  ReplyDelete
 15. ആ പ്രിയസുഹ്ര്‌ത്ത് നീറുന്ന ഒരോര്‍മ്മയാണ്.

  സു,സുല്‍,അഗ്രു,അപ്പൂ,ഇത്തിരി,ശാലിനി,എഴുത്തുകാരി,സാജന്‍,വിചാരം,കൈതമുള്ള്,അത്തീ,സാന്റൂ,ദ്രുശ്യന്‍,നിമിഷ.

  ReplyDelete
 16. നെഞ്ചിലേക്ക് തീ കോരിയിട്ടല്ലോ പടിപ്പുരേ....
  ഈ വേദന ഞാനും പങ്കിടുന്നു..

  ReplyDelete
 17. വേര്‍പാട്‌ തരുന്ന വേദന ജീവിതത്തില്‍ ഒട്ടേറെ സന്ദര്‍ഭങ്ങളില്‍ എന്റെ കണ്ണുകളെ നനയിപ്പിച്ചിട്ടുണ്ട്‌.എന്റെ മോന്‌ അവന്റെ പപ്പാടെ (അവന്‍ എന്നെ അങ്ങനെയാ വിളിക്കുന്നത്‌) അച്ഛനേയും അമ്മയേയും കാണണാമെന്ന് പറയുമ്പോ വെറുതെയെങ്കിലും ഞാന്‍ ആകാശത്ത്‌ കണ്ണുചിമ്മി കാണിക്കുന്ന നക്ഷത്രങ്ങളെ കാണിച്ചു കൊടുക്കാറുണ്ട്‌.വീണ്ടും വിധി പരീക്ഷണങ്ങള്‍ക്കായി ഇറങ്ങിയിരിക്കുന്നു.കഴിഞ്ഞ വര്‍ഷം മുതല്‍ ചേച്ചി തിരുവനന്തപുരം ആര്‍ സി സി ലെ ചികിത്സയിലാണ്‌.
  കണ്ണു നിറച്ചു ഈ പോസ്റ്റ്‌.

  ReplyDelete
 18. 情趣用品,情趣用品,情趣用品,情趣用品,情趣用品,情趣用品,情趣,情趣,情趣,情趣,情趣,情趣,情趣用品,情趣用品,情趣,情趣,A片,A片,情色,A片,A片,情色,A片,A片,情趣用品,A片,情趣用品,A片,情趣用品,a片,情趣用品,A片,A片

  A片,A片,AV女優,色情,成人,做愛,情色,AIO,視訊聊天室,SEX,聊天室,自拍,AV,情色,成人,情色,aio,sex,成人,情色

  免費A片,美女視訊,情色交友,免費AV,色情網站,辣妹視訊,美女交友,色情影片,成人影片,成人網站,H漫,18成人,成人圖片,成人漫畫,情色網,日本A片,免費A片下載,性愛

  情色文學,色情A片,A片下載,色情遊戲,色情影片,色情聊天室,情色電影,免費視訊,免費視訊聊天,免費視訊聊天室,一葉情貼圖片區,情色視訊,免費成人影片,視訊交友,視訊聊天,言情小說,愛情小說,AV片,A漫,AVDVD,情色論壇,視訊美女,AV成人網,成人交友,成人電影,成人貼圖,成人小說,成人文章,成人圖片區,成人遊戲,愛情公寓,情色貼圖,色情小說,情色小說,成人論壇

  情色貼圖,色情聊天室,情色視訊,情色文學,色情小說,情色小說,色情,寄情築園小遊戲,情色電影,色情遊戲,色情網站,聊天室,ut聊天室,豆豆聊天室,美女視訊,辣妹視訊,視訊聊天室,視訊交友網,免費視訊聊天,免費A片,日本a片

  A片,A片,A片下載,做愛,成人電影,.18成人,日本A片,情色小說,情色電影,成人影城,自拍,情色論壇,成人論壇,情色貼圖,情色,免費A片,成人,成人網站,成人圖片,AV女優,成人光碟,色情,色情影片,免費A片下載,SEX,AV,色情網站,本土自拍,性愛,成人影片,情色文學,成人文章,成人圖片區,成人貼圖

  ReplyDelete

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...