Monday, October 01, 2007

ഒരു കേരള സര്‍ക്കാര്‍ ഉദ്ധ്യോഗസ്ഥന്‌ നിങ്ങളോട്‌ ചെയ്യാനാവുന്നത്‌...

സിവില്‍ സ്റ്റേഷന്റെ മൂന്നാമത്തെ നിലയിലുള്ള ലേബര്‍ ഓഫീസിന്റെ വരാന്തയില്‍ ലേബര്‍ ഓഫീസറെ കാണാനുള്ള ഊഴവും കാത്ത്‌ ഞാന്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട്‌ രണ്ട്‌ മണിക്കൂര്‍ കഴിഞ്ഞു.

എല്ലാ ചൊവ്വയാഴ്ചയും വെള്ളിയാഴ്ചയും മാത്രമേ ലേബര്‍ ഓഫീസറെ കാണാന്‍ അനുവാദമുള്ളൂ എന്ന് ഒരു കടലാസ്സില്‍ എഴുതി അകത്തേയ്ക്ക്‌ പ്രവേശിക്കാനുള്ള വാതിലിന്റെ ചുമരില്‍ ഒട്ടിച്ച്‌ വച്ചിട്ടുണ്ട്‌. ഇതിന്‌ മുന്‍പ്‌ കഴിഞ്ഞ ചൊവ്വയാഴ്ചയും വെള്ളിയാഴ്ചയും ഞാന്‍ ഇവിടെ വന്നിരുന്നെങ്കിലും അയാള്‍ അവധിയിലായതു കാരണം കാണനായില്ല. ഇന്ന് രാവിലെ പത്ത്‌ മണിക്ക്‌ വന്ന് കാത്തുനില്‍ക്കാന്‍ തുടങ്ങിയെങ്കിലും അയാള്‍ ഓഫീസിലെത്തിയത്‌ പതിനൊന്നര മണി കഴിഞ്ഞപ്പോഴാണ്‌.

എനിക്ക്‌ മുന്നിലൂടെ ഒരു ചെറിയ സ്യൂട്ട്‌കേസും തൂക്കി ധൃതിയില്‍ അകത്തേയ്ക്ക്‌ നടന്നുപോയ അയാളെ കണ്ടപ്പോള്‍ മനസ്സിനെന്തോ ഒരു ആശ്വാസം തോന്നി. ചെറുപ്പക്കാരനാണ്‌. കണ്ടിട്ട്‌ എന്നെക്കാള്‍ പ്രായം കുറവായിരിക്കാനാനും മതി. കാര്യങ്ങളൊക്കെ പറഞ്ഞാല്‍ മനസ്സിലാവും.

ബാംഗ്ലൂരില്‍ ഭേദപ്പെട്ടരീതിയില്‍ ശമ്പളം കിട്ടിക്കൊണ്ടിരുന്ന ജോലി വിട്ട്‌ നാട്ടില്‍ ചെറിയൊരു സോഫ്റ്റ്‌വേര്‍ കമ്പനി തുടങ്ങാന്‍ തോന്നിയത്‌ എന്തിനായിരുന്നുവെന്ന് ഈയിടെയായി ഞാന്‍ ചിന്തിച്ച്‌ തുടങ്ങിയിരിക്കുന്നു.

കണ്ണൂരില്‍ ഒരു കോ-ഓപ്പറേറ്റിവ്‌ ബാങ്കിന്‌ വേണ്ടി സോഫ്റ്റ്‌വേര്‍ ചെയ്യാന്‍ കിട്ടുമായിരുന്ന ഓഡര്‍, അവസാന നിമിഷം അവരുടെ പാര്‍ട്ടിയുടെ തീരുമാനപ്രകാരം മറ്റൊരാള്‍ കൊണ്ടുപോയി. ഹീറോ ഹോണ്ടയുടെ കോഴിക്കോട്ട്‌ സര്‍വ്വീസ്‌ സെന്ററിന്‌ വേണ്ടി സോഫ്റ്റ്‌വേര്‍ ഡവലപ്പ്‌ ചെയ്യാന്‍ ഞാന്‍ കൊടുത്ത ക്വട്ടേഷനേക്കാള്‍ പകുതിയില്‍ കുറഞ്ഞ വിലയ്ക്ക്‌, ആ ഓഡര്‍ ആയിടെ എം.സി.എ കഴിഞ്ഞ്‌ വന്ന രണ്ട്‌ മൂന്ന് ചെറുപ്പക്കാര്‍ കൊണ്ടുപോയി. ബാംഗ്ലൂരില്‍ ടി.വി.എസ്സ്‌ സുസുക്കിയുടെ സര്‍വ്വീസ്‌ സെന്ററുകള്‍ക്ക്‌ വേണ്ടി സോഫ്റ്റ്‌വേര്‍ ഡവലപ്പ്‌ ചെയ്ത കമ്പനിയുടെ ടീം ലീഡറായിരുന്നു ഞാന്‍ എന്നും, എനിക്കുള്ള ആ എക്സ്‌പീരിയന്‍സ്‌ ഉപയോഗപ്പെടുത്താമെന്നുമൊക്കെയുള്ള എന്റെ വാദമൊന്നും ഏറ്റില്ല.(വര്‍ഷം രണ്ട്‌ കഴിഞ്ഞിട്ടും അവരുടെ സോഫ്റ്റ്‌വേര്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. കാശും വാങ്ങിപ്പോയ പിള്ളാരൊക്കെ നല്ല ജോലികിട്ടി ബാംഗ്ലൂരിലും ഗള്‍ഫിലുമൊക്കെ എത്തിയിരിക്കുന്നു.) കുറച്ച്‌ ഗള്‍ഫുകാര്‍ ചേര്‍ന്ന് തുടങ്ങിയ ഒരു വന്‍ റഡിമെയ്ഡ്‌ മൊത്തക്കച്ചവട സ്ഥാപനത്തിന്‌ വേണ്ടി ചെയ്ത സോഫ്റ്റ്‌വേര്‍ അവര്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട്‌ അഞ്ചാറ്‌ മാസമായെങ്കിലും തരേണ്ട പണം മുഴുവനായും ഇനിയും തന്നിട്ടില്ല. തൃശ്ശൂരില്‍ തുടങ്ങാനിരിക്കുന്ന അവരുടെ പുതിയ ഹോസ്പിറ്റലിന്റെ സോഫ്റ്റ്‌വേറും ചെയ്യാന്‍ തരാം എന്നും പറഞ്ഞ്‌ മോഹിപ്പിച്ച്‌ നിര്‍ത്തിയിരിക്കുകയാണെങ്കിലും ആശുപത്രിയുടെ ശിലാസ്ഥാപനം പോലും ഇതുവരെ കഴിഞ്ഞിട്ടില്ല.

കാല്‍ടൈഗര്‍ ഇന്റര്‍നെറ്റ്‌ ഐ.എസ്‌.പിയുടെ കേരളം മൊത്തമുള്ള വിതരണാവകാശത്തിനും അവരുടെ മറ്റ്‌ ഇന്റര്‍നെറ്റ്‌ ബിസിനസ്സുകള്‍ക്കും വേണ്ടി കെട്ടിവച്ച രണ്ട്‌ ലക്ഷം ഏകദേശം പോയ മട്ടാണ്‌. അതിന്റെ ചെയര്‍മാനെ കോടതി പാപ്പരായി പ്രഖ്യാപിച്ചത്‌ ഈ അടുത്താണ്‌.

സൗത്ത്‌ ഇന്ത്യന്‍ മലബാര്‍ ബാങ്കില്‍ നിന്നും മാനേജര്‍ റോയ്‌ സര്‍ കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. രണ്ട്‌ മൂന്ന് മാസമായി ലോണ്‍ തിരിച്ചടവ്‌ മുടങ്ങിയിട്ട്‌. അത്‌ ഓര്‍മ്മിപ്പിക്കാന്‍.

ഇങ്ങിനെയൊരു സംരഭത്തിന്‌ ലോണ്‍ ആവശ്യവുമായി ചെന്നപ്പോള്‍ തന്നെ അദ്ദേഹം ചോദിച്ചിരുന്നു;

"ഇത്‌ വല്ലതും നമ്മുടെ നാട്ടില്‍ നടക്കുമോ?"

എന്നാലും പ്രോത്സാഹിപ്പിച്ചു. ചെറുപ്പക്കാരല്ലേ, മാറുന്ന ലോകമല്ലേ. അദ്ദേഹത്തിന്റെ ഒരു മകന്‍ മധുരയില്‍ എം.സി.എ ചെയ്യുന്നുണ്ട്‌. ഒന്ന് രണ്ട്‌ പ്രാവശ്യം അദ്ദേഹം ഓഫീസില്‍ വരികയും ചെയ്തിരുന്നു. ഒടുവില്‍ വന്ന ദിവസം അദ്ദേഹം പറഞ്ഞു;

"ബാങ്കില്‍ കമ്പ്യൂട്ടറൈസേഷന്‍ വരാന്‍ പോകുന്നു. അതിനെതിരെ സമരപരിപാടികള്‍ പ്ലാന്‍ ചെയ്യുകയാണ്‌ ജോലിക്കാര്‍"

"ഇയാളെ സാറ്‌ വിളിക്കുന്നു"; ശിപായി വന്ന് പറഞ്ഞപ്പോള്‍ പെട്ടന്ന് പരിസരബോധം തിരിച്ചുകിട്ടി.

അകത്ത്‌ കയറിയപ്പോള്‍ അന്നത്തെ ഇന്ത്യന്‍ എക്സ്പ്രസ്സില്‍ മുഖം പൂഴ്ത്തി ഇരിക്കുകയായിരുന്നു ലേബര്‍ ഓഫീസര്‍. സുമുഖന്‍. ഷേവ്‌ ചെയ്ത്‌ മിനുക്കിയ മുഖം. വെട്ടിയൊതുക്കി വച്ച കട്ടിമീശ. പോക്കറ്റിന്‌ വശത്തായി ലൂയിസ്‌ ഫിലിപ്പിന്റെ എംബ്ലമുള്ള ഷര്‍ട്ട്‌. ഞാന്‍ ശബ്ദം കുറച്ച്‌ ശ്രദ്ധ ക്ഷണിച്ചു;

"സര്‍"

പത്രത്തില്‍ നിന്നും മുഖമുയര്‍ത്താതെ അയാള്‍ ചോദിച്ചു;

"ഇയാള്‍ പുസ്തകങ്ങളൊക്കെ കൊണ്ടുവന്നിട്ടുണ്ടോ?"

ഞാന്‍ അയാളെ കാണാന്‍ ചെല്ലുമ്പോള്‍ കൊണ്ടു ചെല്ലേണ്ട സാധനങ്ങളുടെ ഒരു ലിസ്റ്റ്‌ അയാള്‍ ഓഫീസില്‍ വച്ചിട്ട്‌ പോയിരുന്നു. അറ്റന്‍ഡന്‍സ്‌ റജിസ്റ്റര്‍, പേ സ്ലിപ്പിന്റെ കോപ്പി തുടങ്ങിയവ.

ലേബര്‍ ഇന്‍സ്പെക്ടര്‍ എന്റെ ഓഫീസില്‍ വന്ന ദിവസം നിര്‍ഭാഗ്യത്തിന്‌ ഞാന്‍ അവിടെ ഇല്ലായിരുന്നു. ആപ്‌ടെക്കില്‍ ഡിപ്ലോമ പഠിക്കുന്ന ഒരു പയ്യനാണ്‌ എനിക്ക്‌ ആകെയുള്ള ഒരു തൊഴിലാളി. അവന്‍ ഉച്ചവരെയുള്ള ക്ലാസ്സ്‌ കഴിഞ്ഞ്‌ അതിന്‌ ശേഷം പാര്‍ട്ട്‌ ടൈമായി എന്റെ കൂടെ ജോലി ചെയ്യുകയാണ്‌.അവന്‍ വന്നാല്‍ ഉച്ചയ്ക്ക്‌ ശേഷം ഞാന്‍ മാര്‍ക്കറ്റിംഗിന്‌ ഇറങ്ങും. രണ്ട്‌ മൂന്ന് ഫുള്‍ ടൈം ജോലിക്കാരെ നിര്‍ത്തി ജോലിചെയ്യിച്ചാല്‍ മെച്ചമുണ്ടാവുമെന്ന് അറിയാമായിരുന്നെങ്കിലും മാസത്തില്‍ ശമ്പളം കൊടുക്കാനുള്ള ശേഷി അപ്പോഴെയ്ക്കും തീരെ ഇല്ലാതായിരുന്നു. രാവിലെ തുടങ്ങി രാത്രി അവസാനത്തെ ട്രെയിന്‍ എത്തുന്നതു വരെ, അല്ലെങ്കില്‍ നേരം വെളുക്കുവോളവും ഞാന്‍ തനിയെ തന്നെ ജോലിചെയ്യുകയായിരുന്നു, മിക്കപ്പോഴും.

ലേബര്‍ ഇന്‍സ്പെക്ടര്‍ ചോദിച്ച ചോദ്യത്തിനൊക്കെയും പയ്യന്‍ സത്യസന്ധമായ ഉത്തരങ്ങള്‍ തന്നെയാണ്‌ പറഞ്ഞത്‌. ഒരാഴ്ചയ്ക്ക്‌ ശേഷം ലേബര്‍ കോര്‍ട്ടില്‍ നിന്നും ഒരു കോര്‍ട്ട്‌ നോട്ടീസ്‌ റജിസ്റ്റേഡ്‌ വന്നപ്പോഴാണ്‌ ഞാന്‍ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കുന്നത്‌. തൊഴിലാളികള്‍ക്ക്‌ ന്യായമായ വേതനം നല്‍കാത്തതിനും അവരുടെ ജോലി സംബന്ധമായ റെക്കോഡുകള്‍ കൈവശം വയ്ക്കാത്തതിനും കാരണം വല്ലതും ബോധിപ്പികാനുണ്ടെങ്കില്‍ അങ്ങിനെ ചെയ്യണമെന്നും അല്ലെങ്കില്‍ നിയമനടപടികള്‍ കൈക്കൊള്ളുമെന്നുമായിരുന്നു നോട്ടീസിന്റെ ഉള്ളടക്കം.

"ഇയാള്‍ എന്താണ്‌ കുന്തം വിഴുങ്ങിയത്‌ പോലെ നില്‍ക്കുന്നത്‌. ചോദിച്ചതിന്ന് ഉത്തരം പറയൂ, എനിക്ക്‌ വേറെ ജോലിയുണ്ട്‌"; അയാള്‍ കയര്‍ത്തു.

ബാങ്ക്‌ ലോണ്‍ എടുത്ത്‌ തുടങ്ങിയതാണെന്നും, രണ്ട്‌ വര്‍ഷം കഴിഞ്ഞിട്ടും പ്രതീക്ഷിച്ചത്ര മുന്നോട്ട്‌ പോകാനായിട്ടില്ലെന്നും, പയ്യന്‍ പാര്‍ടൈമായി മാത്രമേ ജോലി ചെയ്യുന്നുള്ളൂവെന്നും വേറെ ജോലിക്കാര്‍ ആരുമില്ലെന്നുമൊക്കെ ഞാന്‍ പറഞ്ഞ്‌ നോക്കിയെങ്കിലും അയാള്‍ അതൊന്നും ശ്രദ്ധിക്കാത്ത മട്ടില്‍ പത്രവും നോക്കിയിരിക്കുകയായിരുന്നു. ഒടുവില്‍ ഞാന്‍ നിര്‍ത്തിയപ്പോള്‍ തലയുയര്‍ത്തി അയാള്‍ എന്നെ നോക്കി;

"ഇതൊന്നും എനിക്ക്‌ കേള്‍ക്കേണ്ട. എനിക്കൊന്നും ചെയ്യാന്‍ പറ്റുമെന്നൊന്നും തോനുന്നില്ല. താന്‍ കോടതിയില്‍ ചെന്ന് പറയ്‌"

വല്ലാത്ത ഒരു നിസ്സഹായതയോടെയാണ്‌ ഞാന്‍ പുറത്തേയ്ക്കിറങ്ങിയത്‌. ഇനി കോടതിയും കേസുമൊക്കെ ആയാല്‍ അതിന്‌ വേണ്ട പണം എവിടെനിന്ന് കണ്ടെത്തും.

ബസ്സ്‌ സ്റ്റോപ്പിലേയ്ക്ക്‌ നടക്കുമ്പോള്‍ സിവില്‍ സ്റ്റേഷന്റെ കോമ്പൗണ്ടിലെ മില്‍മ ബൂത്തിന്‌ മുന്നില്‍ നിന്നും ഒരു വിളി;

"ഡാ, നീ എവിടുന്നാണ്‌?"

തിരിഞ്ഞ്‌ നോക്കിയപ്പോള്‍ ബഷീര്‍. അവന്റെ ബാപ്പയ്ക്ക്‌ പാളയത്ത്‌ ഓഫീസ്‌ സ്റ്റേഷനറിയുടെ ഹോള്‍സെയില്‍ കച്ചവടമുണ്ട്‌. ദിവസേനെയുള്ള ട്രെയിന്‍ യാത്രയിലുള്ള പരിചയമാണ്‌.

കാര്യങ്ങളൊക്കെ കേട്ടപ്പോള്‍ അവന്‍ ചിരിച്ചു;

"അങ്ങേരെന്താ പറഞ്ഞത്‌? 'എനിക്കൊന്നും ചെയ്യാന്‍ പറ്റുമെന്നൊന്നും തോനുന്നില്ല' എന്ന് അല്ലേ? അപ്പോ പറ്റുമെന്നുറപ്പ്‌. ഞാനൊന്ന് അന്വേഷിക്കട്ടെ. നാളെ പറയാം"

പിറ്റേ ദിവസം ഉച്ച തിരിഞ്ഞ്‌ ബഷീര്‍ വിളിച്ചു;
"കാശ്‌ പിണുങ്ങിയാണ്‌, പന്നി. ഒരു ആയിരം പൊട്ടിച്ചാല്‍ പ്രശ്നം തീരും. നാളെ തന്നെ കൊണ്ടുപോയി അവന്റെ അണ്ണാക്കില്‍ തിരുക്‌"

അടുത്ത ദിവസം അഞ്ഞൂറ്‌ രൂപയുടെ രണ്ട്‌ നോട്ടുകള്‍ ലേബര്‍ ഓഫീസര്‍ തുറന്ന് തന്ന മേശവലിപ്പില്‍ തിരുകി, മുഖത്തേയ്ക്ക്‌ നോക്കിയപ്പോള്‍ അയാള്‍ ഒന്നു ചിരിച്ചു.

ആര്‍ത്തി തീരാത്ത ഒരു തെരുവ്‌ പട്ടിയുടെ നോട്ടം അപ്പോള്‍ ആ കണ്ണുകളില്‍ ഞാന്‍ കണ്ടു.

13 comments:

 1. ഒരു വട്ടം കൈ പൊള്ളി.
  എന്നിട്ടും നാട്ടിലേയ്ക്കുള്ള മടക്കയാത്ര ഒരു പ്രലോഭനം തന്നെ.

  ReplyDelete
 2. ഒരാളും കൊടുത്തില്ലെങ്കില്‍, ഒരു ജോലിയും നടന്നു കിട്ടില്ലേ? വാങ്ങുന്നവരെപ്പോലെ കൊടുത്തുപ്രോത്സാഹിപ്പിക്കുന്നവരും കുറ്റക്കാര്‍. കൊടുക്കാനുള്ളവര്‍, കൊടുത്ത് കാര്യം നേടും. കൊടുക്കാന്‍പോലും ഇല്ലാത്തവരോ? അപ്പോള്‍, അപ്പുറമായാലും ഇപ്പുറമായാലും കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍.

  ReplyDelete
 3. സു പറഞ്ഞതു സത്യം ..ഈ നാട്ടില്‍ എല്ലാവരും അങ്ങനെ തീരുമാനിച്ചാല്‍ പിന്നെ എങ്ങനെ കൈക്കൂലി ചോദിക്കും ..പക്ഷെ..സ്വന്തം കാര്യം വരുമ്പോള്‍ ആദര്ശമൊക്കെ കാറ്റത്തു പറക്കും

  ReplyDelete
 4. കഷ്ടം! നമ്മുടെ നാട് ഇനി എന്നു നന്നാവാനാണ്‍?

  സൂവേച്ചി പറഞ്ഞതൊക്കെ ശരിയാണ്‍. പക്ഷേ, കയ്യില്‍ ആകെയുണ്ടായിരുന്നതെല്ലാം മുടക്കി ഒരു തൊഴിലാരംഭിച്ചിട്ട് അത് മുടങ്ങിക്കിടക്കുമ്പോള്‍ നിവൃത്തിയില്ലാതെ ആരും സമ്മതിച്ചു പോകുന്നതല്ലേ?

  ReplyDelete
 5. "എല്ലാരും കൊടുക്കാതിരുന്നാല്‍ പോരേ"എന്നൊക്കെ ചോദിക്കാന്‍ എളുപ്പമാണ്‌. കയ്യിലെ പൈസ മുടക്കി വഴിമുട്ടി നില്‍ക്കുമ്പോള്‍ ആയിരം കൊടുത്താല്‍ ആ വായില്‍നോക്കി തരുന്ന സര്‍ട്ടിഫികറ്റും കൊണ്ട്‌ രക്ഷപ്പെടാന്‍ നോക്കുമോ അതോ ആദര്‍ശവും പറഞ്ഞിരുന്ന് കോടതി കയറി കയ്യിലെ പൈസ മുഴുവന്‍ കളയുമോ?

  കേരളം നന്നാവാത്തത്‌ എന്തെന്ന ചോദ്യത്തിന്‌ ഒരോറ്റ ഉത്തരമേ ഉള്ളു. അധികാരത്തിലിരിക്കുന്ന ഇതുപോലെയുള്ള കുറെ വായില്‍ നോക്കികള്‍. ഇവനെയൊക്കെ ചെരിപ്പുമാല അണിയിക്കാനും മറ്റും നമ്മുടെ കുട്ടി സഖാക്കളും ഇല്ല കാരണം നമുക്കെല്ലാം അറിയാമല്ലോ.

  "കേരളം എന്നു കേട്ടാല്‍ തിളക്കണം ചോര സിരകളില്‍"എന്നു പാടിയ ആ മഹാനെ അഭിനന്ദിച്ചേ മതിയാവൂ.

  ReplyDelete
 6. ആദര്‍ശങ്ങള്‍ പലപ്പോഴും പറയാന്‍ മാത്രമേ ഉപക്കരിക്കൂ. കാര്യത്തോടുക്കുമ്പോള്‍ ആദര്‍ശത്തെ വിഴുങ്ങി കാര്യം സാധിക്കാനെ ആരും ശ്രമിക്കൂ.

  ReplyDelete
 7. Padippura,
  Okke Orththitt iRaNGiyaa pOrE sir
  Good Description
  :)
  Upaasana

  ReplyDelete
 8. കൈക്കൂലി കൊടുക്കല്‍ വാങ്ങല്‍ എന്നതിനെക്കാള്‍, ഒരു ഒരു തൊഴില്‍ സംരംഭകനോട് ചെറുപ്പക്കാരനായ ഒരു ഉയര്‍ന്ന ഉദ്ധ്യോഗസ്ഥന്റെ ആറ്റിറ്റ്യൂഡ്‌-നെക്കുറിച്ച്‌ വിശദീകരിക്കാനാണ്‌ ഞാന്‍ ശ്രമിച്ചത്‌.

  കോടതി കേറി, വര്‍ഷങ്ങളോളം വക്കീലിനെ വച്ച്‌ കേസ്‌ വാദിച്ച്‌ പയ്യന്‍ പാര്‍ട്‌ ടൈം ജോലിക്കാരനാണ്‌ എന്നത് ഒരുപക്ഷേ തെളിയിക്കാന്‍ പറ്റിയേനെ.

  പ്രാരാബ്ധങ്ങളുടെ ഘോഷയാത്രയ്ക്കിടയില്‍ ഇനിയൊരെണ്ണം കൂടി തലയിലെടുത്തുവയ്ക്കാന്‍ ശേഷിയില്ലാത്തവന്‍ എങ്ങിനെയെങ്കിലും ഒഴിഞ്ഞുമാറാനാവും നോക്കുക.

  (കൈക്കൂലി കൊടുത്ത ആ ആയിരം രൂപ പോലും കടം വാങ്ങിയതായിരുന്നു :)

  സു,പ്രദീപ്,ശ്രീ,രാജേഷ്,ഹരിശ്രീ,ഉപസാന :)

  ReplyDelete
 9. പണമാണ് വേണ്ടത് എന്നു പറയാതെ മനുഷ്യനെ ഹീനമായ ഒരവസ്ഥയിലേയ്ക്ക് തരം താഴ്ത്തുന്ന പെരുമാറ്റമുണ്ട് എവിടെയും. അത് എതു സമയത്തും എതു സര്‍ക്കാരോഫീസില്‍ നിന്നും പ്രതീക്ഷിക്കാം..ആശുപത്രികളിലും...ഉദ്യോഗസ്ഥാധിപത്യം

  ReplyDelete
 10. എന്നിട്ട് ഇപ്പൊ കാര്യങ്ങളൊക്കെ എങ്ങനെയായി ഭയ്യാ?

  ReplyDelete
 11. ഇക്കാസ്, നാലഞ്ച് വര്‍ഷം മുമ്പുണ്ടായ സംഭവമാണ്. കുറച്ച് മാസങ്ങള്‍ കൂടെ കഴിഞ്ഞപ്പോള്‍ നമ്മള്‍ കട്ടേം പടോം മടക്കി പിന്നേം നാട് വിട്ടു :)

  വെള്ളെഴുത്ത്, ദില്‍ബൂ :)

  ReplyDelete
 12. 情趣用品,情趣用品,情趣用品,情趣用品,情趣用品,情趣用品,情趣,情趣,情趣,情趣,情趣,情趣,情趣用品,情趣用品,情趣,情趣,A片,A片,情色,A片,A片,情色,A片,A片,情趣用品,A片,情趣用品,A片,情趣用品,a片,情趣用品,A片,A片

  A片,A片,AV女優,色情,成人,做愛,情色,AIO,視訊聊天室,SEX,聊天室,自拍,AV,情色,成人,情色,aio,sex,成人,情色

  免費A片,美女視訊,情色交友,免費AV,色情網站,辣妹視訊,美女交友,色情影片,成人影片,成人網站,H漫,18成人,成人圖片,成人漫畫,情色網,日本A片,免費A片下載,性愛

  情色文學,色情A片,A片下載,色情遊戲,色情影片,色情聊天室,情色電影,免費視訊,免費視訊聊天,免費視訊聊天室,一葉情貼圖片區,情色視訊,免費成人影片,視訊交友,視訊聊天,言情小說,愛情小說,AV片,A漫,AVDVD,情色論壇,視訊美女,AV成人網,成人交友,成人電影,成人貼圖,成人小說,成人文章,成人圖片區,成人遊戲,愛情公寓,情色貼圖,色情小說,情色小說,成人論壇

  情色貼圖,色情聊天室,情色視訊,情色文學,色情小說,情色小說,色情,寄情築園小遊戲,情色電影,色情遊戲,色情網站,聊天室,ut聊天室,豆豆聊天室,美女視訊,辣妹視訊,視訊聊天室,視訊交友網,免費視訊聊天,免費A片,日本a片

  A片,A片,A片下載,做愛,成人電影,.18成人,日本A片,情色小說,情色電影,成人影城,自拍,情色論壇,成人論壇,情色貼圖,情色,免費A片,成人,成人網站,成人圖片,AV女優,成人光碟,色情,色情影片,免費A片下載,SEX,AV,色情網站,本土自拍,性愛,成人影片,情色文學,成人文章,成人圖片區,成人貼圖

  ReplyDelete

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...