Sunday, December 02, 2012

സൌഹൃദങ്ങളുടെ പൂക്കാലങ്ങൾ - 3


തിമർത്ത് പെയ്തവസാനിച്ച ഒരു മഴയ്ക്ക് ശേഷമാണ് ഞാൻ ചേളന്നൂർ SN കോളെജിന് മുന്നിൽ  ആദ്യമായി ബസ്സിറങ്ങുന്നത്. 8/2, 8/4, 8/6 എന്നിങ്ങനെ നമ്പറുകളുടെ പേരിലറിയപ്പെടുന്ന ബസ്സ് സ്റ്റോപ്പുകൾ. (പിന്നീട് ബാംഗ്ലൂരിലെ ബാറുകളിലാണ് അത്രതന്നെ മനോഹരമായ മറ്റു ചില നമ്പറുകൾ- 30, 60, 90 എന്നിങ്ങനെയുള്ള അളവുകളുടെ രൂപത്തിൽ ഞാൻ കേൾക്കുന്നത്) ഹൈസ്കൂൾ കുന്നിന് മടിയിലായിരുന്നുവെങ്കിൽ, മടപ്പള്ളി കോളെജ് കുന്നിന് നെറുകയിലായിരുന്നു. ഇപ്പോൾ പിന്നെയും കുന്നിന് മടിയിലിരിക്കുന്ന മറ്റൊരിടം. കുന്നുകൾ എന്നെ പിന്തുടരുകയായിരുന്നു!

പിൻബെഞ്ചിൽ ഒരു ഇരിപ്പിടം എന്നത് ഏതൊരു വിദ്യാർത്ഥിയെയും പോലെ എക്കാലത്തെയും എന്റെയും  ആഗ്രഹമായിരുന്നു. അടക്കിപ്പിടിച്ച ചിരികളായും, ആളറിയാതെ വരുന്ന കമന്റുകളായും, ലക്ഷ്യം തെറ്റി വരുന്ന കടലാസ് വിമാനങ്ങളായും, താളത്തിലുയരുന്ന കൂർക്കം വിളികളായും പിൻബെഞ്ച് എന്നും എന്നെ മോഹിപ്പിച്ചു. ഹൈസ്കൂൾ കഴിയുന്നത് വരെ മുൻബെഞ്ച് വിട്ട് രണ്ടാമത്തെ നിരയിലെ ബഞ്ചിലേക്ക് വരെ  മാറാൻ ഉയരക്കുറവ്, വാചകമടി എന്നിങ്ങനെ പല കാരണങ്ങളാലും അദ്ധ്യാപകർ എന്നെ അനുവദിച്ചിരുന്നില്ല. എൺപത് പേരിലധികം പേർ പഠിച്ചിരുന്ന മടപ്പള്ളി കോളെജിലെ ഉച്ചതിരിഞ്ഞുള്ള ഷിഫ്റ്റിലെ പ്രീഡിഗ്രി ക്ലാസ്സിൽ, രണ്ട് ബസ്സ് പിടിച്ചും, വഴിയിലൊക്കെ  വായനോക്കിനിന്നും എത്തുമ്പോഴേക്കും ചിലപ്പോൾ ചന്തികുത്താൻ ഇടമില്ലാതെയാവും.

വൈകി വരുന്ന സ്വപ്ന സാക്ഷാത്കാരങ്ങളുടെ മധുരം ഇരട്ടിയാണ്. എസ്സെൻ കോളെജിലെ ഒന്നാം വർഷ ബികോം ക്ലാസ്സിലെ ആദ്യ ദിവസങ്ങളിൽ ഞാനും ശിവപ്രസാദും മാത്രമുണ്ടായിരുന്ന പിൻബെഞ്ചിലേക്ക്, രണ്ടാമത്തെ നിരയിൽ നിന്നും  ഇടക്കിടെ തിരിഞ്ഞുനോക്കി ഒന്നുരണ്ട് ദിവസത്തിനകം ഹർഷാദ് ഞങ്ങൾക്ക് കൂടെ കൂടി. ഒരാഴ്ച വൈകി കോളെജിൽ ജോയിൻ ചെയ്ത പ്രകാശൻ എങ്ങും സീറ്റൊഴിവില്ലെന്ന് കണ്ടാണ് നാലാമനായി പിൻബെഞ്ചിൽ എത്തിയത്. അദ്ധ്യാപകരുടെയും പെൺകുട്ടികളുടെയും കണ്ണിലുണ്ണിയാവാൻ ഞങ്ങൾ സാദ്ധ്യത കണ്ടിരുന്ന സുരേഷും ഷൈലേഷും പൊടുന്നനെയാണ് ഒരുദിവസം മുൻബെഞ്ചിൽ നിന്നും പിൻബെഞ്ചിലേക്ക് കൂടു മാറിയത്.

കുറച്ച് ആഴ്ചകൾക്ക് ശേഷം ഒരുദിവസം രാവിലെ ബാസ്കറ്റ് ബോൾ ഗ്രൌണ്ടിനടുത്തെ മാവിൻ ചുവട്ടിലിരിക്കുമ്പോഴാണ് അന്നുവരെ കേൾക്കാത്ത ഒരു ശബ്ദത്തിൽ തൊണ്ടകീറുമാറ് ആരോ RSC-ക്ക് വേണ്ടി മുദ്രാവാക്യം വിളിച്ചുകൊടുക്കുന്നത് കേൾക്കുന്നത്. ഈ പുതിയ അട്ടഹാസത്തിന്റെ ഉടമ ആരെന്നറിയാൻ  ഏന്തിവലിഞ്ഞു നോക്കിയ  എന്നോട് സുരേഷ് പറഞ്ഞു, അതാണ് നമ്മുടെ ക്ലാസ്സിലെ ഹരിഷ് എന്ന്. അങ്ങിനെ ഒരാളെ ഞാൻ അന്നുവരെ ക്ലാസ്സിൽ കണ്ടിട്ടില്ല. ‘നീ കാണില്ല, കാരണം അവരാരും ഇതുവരെ ക്ലാസ്സിൽ കേറിയിട്ടില്ല’, സുരേഷ് പറഞ്ഞു. ഫസ്റ്റ് ഇയർ തുടങ്ങിയിട്ട് ഒരു ക്ലാസ്സിൽ പോലും കയറാതെ ആദ്യമാസം തന്നെ RSC-യുടെ മുദ്രാവാക്യം വിളിക്കാരനായ ഹരിഷിനെ ഞാൻ നോട്ട് ചെയ്തിട്ടു.

ഹരിഷ് മാത്രമല്ല ക്ലാസ്സിൽ ഞാൻ ഇനിയും കാണാത്ത മറ്റ് നാല് പേർകൂടെ ഉണ്ടെന്നറിഞ്ഞപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിയത്. ഫസ്റ്റ് ബികോമിലെ പിൻബെഞ്ച് മെംബർമാരായ ഞങ്ങൾ ആറുപേരെ കൂടാതെ ഇനിയുമൊരു അഞ്ചു പേർ! വരാനുള്ളത് വഴിയിൽ തങ്ങില്ല, അധികം വൈകുകയുമില്ല എന്നത്   ശരിവച്ചുകൊണ്ട് പിന്നീടങ്ങോട്ടുള്ള ഒരോ എസ്സെൻ ദിനങ്ങളെയും സംഭവബഹുലമാക്കിയ ഒരു സൌഹൃദത്തിന്റെ തുടക്കമായിരുന്നു അത്. ആറടിയിലധികം പൊക്കമുള്ള പ്രസി, എഴുപതു കിലോയോളം വണ്ണമുള്ള സജി, സദാ ചിരിച്ചുകൊണ്ടുള്ള മഹേഷ്, ഉണ്ടക്കണ്ണുള്ള രാധാകൃഷ്ണൻ. പിന്നെ ഏതൊരു കറക്കു കമ്പനിക്കും അപവാദമായി  കാണുന്ന ഒരു  സദ്ഗുണ സമ്പന്നനും- വിനോദ്

*

വിളിപ്പേരുകൾ എങ്ങിനെയാണ് ഉണ്ടാവുന്നത് എന്ന് ആലോചിച്ച് പലപ്പോഴും ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്.  സയൻസ് പഠിപ്പിക്കുന്ന ഒരു അദ്ധ്യാപകന് ‘ബമ്മാടൻ’ എന്നും, കണക്ക് പഠിപ്പിക്കുന്ന ഒരു അദ്ധ്യാപകന് ‘കുതിര’ എന്നും, സാമൂഹ്യപാഠം പഠിപ്പിക്കുന്ന ഒരു അദ്ധ്യാപകന് ‘നെയ്മൊയ്തു’ എന്നും വീട്ടിനടുത്തുള്ള മരംവെട്ടുകാരന് ‘കപ്പാള’ എന്നും പേരു വീണത് എങ്ങിനെയായിരിക്കും എന്നത് ഗവേഷണ സാദ്ധ്യത തുറന്നിട്ട വിഷയങ്ങളാണെന്ന് സ്കൂൾ കാലത്ത് തന്നെ എനിക്ക് തോനിയിട്ടുണ്ട്. ‘പൊട്ടിത്തെറി’ എന്ന വിളിപ്പേരുമായി എസ്സെനിലെത്തിയ ഹരിഷിന്, അത് അവൻ പ്രീഡിഗ്രി പഠിച്ചിരുന്ന ദേവഗിരി കോളെജിൽ വച്ച് അവന്റെ സ്വഭാവ മഹിമയ്ക്ക് കിട്ടിയ അംഗീകാരമായിരുന്നു എന്ന് ചിലരും, അല്ല അവൻ പിറന്നുവീണപ്പോൾ തന്നെ ‘ഇവൻ ഭാവിയിൽ പൊട്ടിത്തെറി എന്ന പേരിൽ അറിയപ്പെടും’, എന്നുള്ള  ഒരു അശരീരി ഉണ്ടായി എന്ന് മഹേഷും പറഞ്ഞ് കേട്ടിട്ടുണ്ട്.

പന്ത്രണ്ട് പേരുടെ കൂട്ടത്തിൽ വിളിപ്പേരുള്ള ഒരാളായി ഒറ്റയ്ക്ക് കഴിയാൻ സാദ്ധ്യമല്ല എന്ന് ബോധ്യപ്പെട്ടതിനാലാവണം, ഒരു വെള്ള കടലാസിൽ മറ്റ് പതിനൊന്നാളുകളുടെയും പേരിന് നേരെ എഴുതിയ വിളിപ്പേരുകളുമായാണ് ഹരിഷ് ഒരു ദിവസം ക്ലാസ്സിൽ എത്തിയത്. ഇന്നുമുതൽ എല്ലാവരും ഇതിലെഴുതിയ പേരുകളിലായിരിക്കും അറിയപ്പെടുക, ആർക്കെങ്കിലും ഇതിലെഴുതിയ വിളിപ്പേർ ഇഷ്ടപ്പെട്ടിട്ടില്ല എങ്കിൽ അവർക്ക് തന്നെയോ, മറ്റാർക്കെങ്കിലുമോ വേറൊരു പേര് നിർദ്ദേശിക്കാം. അവൻ അറിയിച്ചു. വിളിപ്പേരുകളുടെ ചരിത്രത്തിൽ തന്നെ ഇങ്ങിനെ പേരുകൾ സ്വയം തിരഞ്ഞെടുക്കാൻ അപൂർവ്വ ഭാഗ്യം കിട്ടിയവരായി  ഞങ്ങൾ മാത്രമേ കാണുകയുള്ളു എന്ന് തോനുന്നു.  എന്റെ പേരിനു നേരെ എഴുതിയ ‘ചുണ്ടെലി’ എന്ന  പേരുമാറ്റി വേറെ വല്ലതുമാക്കാനുള്ള സാദ്ധ്യതയെ കുറിച്ച് ആലോചിച്ച് നിന്ന എന്നോട് രാധാകൃഷ്ണൻ പറഞ്ഞു, നിനക്ക് ആ പേരു ചേരും, പോരാത്തതിന് നിന്റെ  ചേട്ടന്റെ സ്ഥാനത്ത് ഞാനുമുണ്ട്. രാധാകൃഷ്ണന്റെ പേരിന് നേരെ എഴുതിയ വിളിപ്പേര് ഞാൻ വായിച്ചു- ‘പെരുച്ചാഴി’

കാലങ്ങളെ തന്നെ അതിജീവിച്ച വിളിപേരുകളുടെ ഈറ്റില്ലമായിരുന്നു അന്നത്തെ ആ ബികോം ക്ലാസ്സ്.  കൊഞ്ചൻ, കുറുക്കൻ, കൂസൻ, തടിയൻ,  പനമെരു, മരപ്പട്ടി, അവശൻ, ആദിവാസി, നാളികേരം, മണ്ണാത്താൻ, മരക്കൊത്തൻ, തവള, ചാണകം, തെണ്ടി, പ്രാന്തൻ, ചോയി, കലിച്ചുരുച്ചൻ, ഇസ്തിരിപ്പെട്ടി, അണ്ണാക്കൊട്ടൻ...

വിളിപേരുകളുടെ ലാളിത്യം കൊണ്ടും പ്രയോഗിക്കാനുള്ള എളുപ്പം കൊണ്ടും പെൺകുട്ടികൾ വരെ ആ പേരുകൾ ഉപയോഗിക്കാൻ തുടങ്ങി. പൊട്ടിത്തെറി രാവിലെ വരുന്ന വഴി ബസ്സിൽ ആരോടോ തട്ടിക്കേറുന്നത് കണ്ടല്ലോ, കൊഞ്ചൻ വന്ന് നേരത്തെ പിരിവെടുത്ത് പോയല്ലോ, കുറുക്കനെ കണ്ടോ,   പട്ടരും തടിയനും കൂടെ ഗേൾസ് റൂമിന്റെ ഏരിയായിൽ തിരിഞ്ഞു കളിക്കുന്നത് കണ്ടല്ലോ, മരക്കൊത്തനെ പോലൊരു പാവത്താനെ കാണാൻ കിട്ടില്ല, പാവം ആദിവാസിയുണ്ട് കാന്റീനിൽ ഒയ്ക്കിരിക്കുന്നു, കൂസൻ രാവിലെ പതിനൊന്ന് മണിക്ക് മുൻപേ വന്നതാണ് ഇന്ന് മഴ പെയ്യാൻ കാരണം, നാളികേരത്തിന്റെ  എക്കൌണ്ടൻസി നോട്ട് ഒന്ന് തരാൻ പറയണം, തവളയും ചാണകവും കൂടെയതാ ചോയിയേട്ടന്റെ ഹോട്ടലിലിരുന്ന് പൊറട്ടയും ബീഫും അടിച്ച് മാറുന്നു, മെരുവും ചുണ്ടെലിയും കൂടെ ഊസുക്കാന്റെ പെട്ടിപ്പീടികയ്ക്ക് കാവല് നിക്കുന്നത് കണ്ടല്ലോ, മണ്ണാത്തൻ കുറച്ച് മുൻപ് വരെ ബസ്സ്സ്റ്റോപ്പിലെ കിണറ്റിൻ കരയിൽ  ആരെയോ പഞ്ചാരയടിച്ച് നിൽക്കുന്നുണ്ടായിരുന്നല്ലോ, വായിനോക്കി നടക്കാനാണേൽ അവശന് ഒരു അവശതയുമില്ല.... അങ്ങിനെ അങ്ങിനെ  വിളിപേരുകൾ ഞങ്ങളുടെ പേരുകളായി മാറുകയായിരുന്നു!

ഭാരത സർക്കാറിന്റെ ആഫ്രിക്കൻ സഹായ പദ്ധതികളുടെ ഭാഗമായി, സർക്കാർ സാമ്പത്തിക സഹായത്തോടെ എസ്സെൻ കോളെജിൽ പഠിക്കാൻ നാലഞ്ച് ആഫ്രിക്കൻ വിദ്യാർത്ഥികൾ വന്നത് ആയിടെയായിരുന്നു.  ഇംഗ്ലിഷ് മീഡിയം പഠിച്ച് വന്ന ദിൽജിയും പ്രസിയുമൊക്കെ അന്താരാഷ്ട്ര തലത്തിൽ ഒരു സൌഹൃദം വളർത്തിയെടുക്കാമെന്ന ധാരണയിൽ അവരുമായി ഇംഗ്ലീഷിൽ സംസാരിച്ചു നോക്കിയെങ്കിലും ഇവർ പറയുന്ന ഇംഗ്ലീഷ് അവർക്കോ, അവർ പറയുന്ന ഇംഗ്ലീഷ് ഇവർക്കോ മനസ്സിലാവുന്നില്ലെന്ന് രണ്ട് കൂട്ടരുടെയും മുഖഭാവങ്ങളിലൂടെ ഞങ്ങൾക്ക് മനസ്സിലാവുന്നുണ്ട് എന്ന് മനസ്സിലാക്കിയ ദിൽജിയും പ്രസിയും മെല്ലെ തടിയൂരി. എന്നാൽ ഏതോ ആഫ്രിക്കൻ ഭാഷയിൽ സംസാരിച്ച് അവരും, പച്ച മലയാളത്തിൽ സംസാരിച്ച് മഹേഷും സജിയും അവരുടെ അടുത്ത കൂട്ടുകാരായി. കാന്റീനിൽ പഴം പൊരിക്കും, കായപ്പത്തിനും, ഉള്ളിവടയ്ക്കും മലയാളത്തിലെ മുട്ടൻ തെറിവാക്കുകൾ സജിയും മഹേഷും അവർക്ക് പഠിപ്പിച്ചു കൊടുത്തത്, അദ്ധ്യാപകർക്കും പെൺകുട്ടികൾക്കും മുൻപിൽ ക്യാന്റീനിൽ ചോയിയേട്ടനെ വിളിച്ച് അവന്മാർ  ഉച്ചത്തിൽ ആവശ്യപ്പെടുന്നത് കേട്ട്, പാതികുടിച്ച ചായ അവിടെ തന്നെ ഇട്ട് അദ്ധ്യാപകരും, കാക്കകൂട്ടത്തിൽ ഏറുകൊണ്ടത് പോലെ ചിതറി പെൺകുട്ടികളും ക്യാന്റീൻ വിട്ട് ഇറങ്ങി ഓടി പോയി.

*

കോളെജിന്റെ ഹൃദയമായ മെയിൻ ബ്ലോക്കിലെ ആ ഇടനാഴിയിലൂടെ നടക്കാതെ ഒരു ദിവസവും തുടങ്ങുന്നുമില്ല, അവസാനിക്കുന്നുമില്ല. മൂന്നുവർഷത്തെ എസ്സെൻ ജീവിതത്തിനിടയിൽ അതിലെ നടക്കാതിരുന്ന ഒരു ദിനം പോലും ഉണ്ടായിട്ടില്ല. പൊട്ടിച്ചിരികളും കലപില വർത്തമാനങ്ങളും പ്രണയാതുരമായ ഹൃദയങ്ങളുമായി ആ ഇടനാഴിയിലൂടെ നടന്ന നടത്തം നേരെ നടന്നിരുന്നുവെങ്കിൽ പലതവണ ഭൂമിയെതന്നെ വലംവയ്ക്കാമായിരുന്നുവെന്ന് സജി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. സജിയുടെ അത്തരം പ്രസ്താവനകൾ എഴുതി വച്ചിരുന്നെങ്കിൽ ഒരു പുസ്തകം തന്നെ ഇറക്കാമായിരുന്നു.

മെയിൻ ബ്ലോക്കിൽ നിന്നും കോമേഴ്സ് ബ്ലോക്കിലേക്ക് പോകുന്ന വഴിയിൽ ഗ്രൌണ്ടിന് അതിരായുള്ള  മാവിൻ ചുവട്ടിൽ ഇരുന്നാൽ കോളെജിന്റെ ഒരു വൈഡ് വ്യൂ കിട്ടും. മെയിൻ ബ്ലോക്കിൽ ഏതെങ്കിലും ക്ലാസ്സുകൾ ഒഴിവുണ്ടോ എന്നും, കോമേഴ്സ് ഡിപ്പാർട്ട്മെന്റിൽ നിന്ന് അദ്ധ്യാപകർ വല്ലവരും ഇറങ്ങി വരുന്നുണ്ടോ എന്നും, അപ്പുറത്ത് ഗ്രൌണ്ടിൽ എന്താണ് നടക്കുന്നത് എന്നും അവിടെയിരുന്നാൽ വ്യക്തമായി കാണാം.  പെൺകുട്ടികളുടെ പ്രണയം നിറഞ്ഞ് പാറിവീഴുന്ന നോട്ടങ്ങളും, അവരിൽ തന്നെ ചിലരുടെ  അവജ്ഞ നിറഞ്ഞ തുറിച്ച് നോട്ടങ്ങളും, നിന്നെ പിന്നെ എടുത്തോളാം എന്ന ഭാവത്തിലുള്ള അദ്ധ്യാപകരുടെ നോട്ടങ്ങളും, രാഷ്ട്രീയ-വ്യക്തിഗത പ്രതിയോഗികളുടെ ഭീഷണി നോട്ടങ്ങളും ഞങ്ങൾ സഹർഷം ഏറ്റുവാങ്ങിയ ആ മാഞ്ചുവട്ടിനെ കുറിച്ച്തന്നെയായിരുന്നു, സി.എ. ആന്റോ പാടിയത് എന്ന് പിന്നീട്  എനിക്ക്  തോനിയിട്ടുണ്ട്,  ‘മധുരിക്കും ഓർമകളേ, മലർ മഞ്ചം കൊണ്ടുവരൂ...’

പാട്ടുകളും പാട്ടുകാരുമില്ലാതെ ഒരു കൂട്ടുകെട്ടും ആഘോഷങ്ങളും പൂർണ്ണമാവുന്നില്ല. ആളൊഴിഞ്ഞ ക്ലാസ്സുമുറികളിലെ ഡസ്കിൽ താളമിട്ട്  ശ്രീജിതും അജിയും രാധാകൃഷ്ണനും സുരേഷും ഞങ്ങളുടെ സംഗീത സദസ്സുകളെ ഹരം കൊള്ളിച്ചു. ശ്രീജിത്തിന് അതിമനോഹരമായി വയിലിൻ വായിക്കാനും,  സജിക്ക് ട്രിപ്പിൾ ഡ്രം അടിക്കാനും (ഡസ്കുകൾക്ക് നന്ദി), ഹർഷാദിന് ജാസ് അടിക്കാനും സുരേഷിന് ഓർഗൻ വായിക്കാനും ഹരിഷിനും മഹേഷിനും ബാബുരാജിനും ഷൈലേഷിനും എനിക്കുമൊക്കെ വെറുതെ ഒച്ചയിടാനും അറിയാമായിരുന്നു.  മലയാളം പാട്ടുകളുടെയും കവിതകളുടെയും മാത്രം ആരാധകനായിരുന്ന ഞാൻ റാഫിയെയും, കിഷോർകുമാറിനെയും, ഭീംസേൻ ജോഷിയെയും, ജഗദ്ജിത് സിംഗിനെയും, പങ്കജ് ഉദാസിനെയും, ബിൽബോഡിനെയും ബോണി-എമ്മിനെയുമൊക്കെ ആദ്യമായി കേൾക്കുന്നത് എസ്സെൻ ക്യാമ്പസിലെ ഈ സുഹൃദ്സംഘത്തിലൂടെയായിരുന്നു. സംഗീതത്തിന്റെ കടാപ്പുറത്ത് വെറുതെ തിരയെണ്ണി ഇരുന്നാൽ പോരാ, നല്ല നല്ല ഇംഗ്ലീഷ് പാട്ടുകൾ കേൾക്കണം എന്നും പറഞ്ഞ്, അവൻ ആരുടെയോ അടുത്ത് നിന്ന് അടിച്ച് മാറ്റിയ ബോണി-എംന്റെ ഒരു കാസറ്റ് മഹേഷ് എനിക്ക് കേൾക്കാൻ തന്നു. ആ കാസറ്റിലാണ് ‘ഡാഡി, ഡാഡി കൂൾ...’ ഞാൻ ആദ്യമായി കേട്ടത്.

വായനോട്ടം, ക്രിക്കറ്റ്-ഫുട്ബോൾ-ബാസ്കറ്റ് ബോൾ കളികൾ, പ്രണയം, പരദൂഷണം, ആർക്കും പാടാവുന്ന സംഗീത സദസ്സുകൾ, വല്ലപ്പോഴെങ്കിലും അറ്റന്റ് ചെയ്യാറുള്ള ക്ലാസ്സുകൾ ഇത്യാദികളെല്ലാം മടുക്കുമ്പോൾ, കുന്നുകയറി ചെന്നാൽ കശുമാങ്ങ ഇട്ട് വാറ്റിയ നാടൻ ചാരായം കിട്ടും. ചെമ്പ്രക്കുന്നിൽ ദാമുവിനും വാസുവിനുമൊപ്പം ഒരുവട്ടം ശ്രമിച്ച് പരാജയപ്പെട്ട നൂറ് മില്ലി ചാരായം നിറച്ച ഗ്ലാസ്സ്, ആദ്യമായി മലകയറിയ ദിവസം പ്രസി എനിക്ക് നേരെ നീട്ടിയത് അറച്ച് നോക്കി നിന്നപ്പോൾ, ‘യ്യ് ഒന്നും നോക്കാണ്ട് അതങ്ങ് വിഴുങ്ങിക്കോടാ’ എന്നും പറഞ്ഞ് രാജേഷ് എന്നെ നിർലോഭം പ്രോത്സാഹിപ്പിച്ചു. ഒന്നും നോക്കാതെ ആ നൂറ് മില്ലി വിഴുങ്ങിയ എനിക്ക്, പ്രസി തന്ന ഒരു സിഗററ്റിന് തീപിടിപ്പിച്ചത് മാത്രമാണ് പിന്നീട് ആകെയുള്ള ഓർമ. കുന്ന് തിരിച്ചിറങ്ങിയത് എങ്ങിനെയായിരുന്നെന്നോ, മുറിയിൽ തിരിച്ചെത്തിയത് എങ്ങിനെയാണെന്നോ എന്നൊന്നും ഞാൻ അറിഞ്ഞിതേ ഇല്ല. നൂറ് മില്ലി ചാരായം അടിച്ചാൽ ഗാലൻ കണക്കിന് ശർദ്ദിക്കാനാവും എന്നത് ആദ്യമായാണ് മനസ്സിലായതെന്ന് പ്രസിയും രാജേഷും, അഞ്ചാം ദിവസം പനി ഭേദമായി കിടക്കവിട്ട് എഴുന്നേറ്റ എന്നെ നോക്കി അത്ഭുതത്തോടെ പറഞ്ഞു.

കോളെജിലെ പരിപാടികൾ എന്തുമാവട്ടെ, എല്ലാറ്റിലും സംഘാടകരുടെ കൂട്ടത്തിലോ, പങ്കെടുക്കുന്നവരുടെ കൂട്ടത്തിലോ ഇതു രണ്ടുമല്ലെങ്കിൽ കാണികളുടെ കൂട്ടത്തിലോ ഞങ്ങളുടെ പ്രാധിനിത്യം ഉറപ്പായിരുന്നു. സാഹിത്യ സദസ്സുകൾ, കയ്യെഴുത്തു മാസികകൾ, പ്രബന്ധ മത്സരങ്ങൾ, സിനിമാ പ്രദർശനങ്ങൾ, അസോസിയേഷൻ ചടങ്ങുകൾ തുടങ്ങി, ഒരു ‘മിസ്റ്റർ SNG’ മത്സരത്തിൽ മിസ്റ്റർ SNG ആയി തിരഞ്ഞെടുക്കപ്പെട്ട ഷിബുലാൽ  ശരീരത്തിലെ രോമം മുഴുവൻ വടിച്ച് കളഞ്ഞ് ഏതോ എണ്ണയും പുരട്ടി, ട്രൌസറിൽ,  ബ്രൂസ്ലി സ്റ്റൈലിൽ പോസ് ചെയ്ത് ചിരിച്ചുകൊണ്ട് നിൽക്കുന്നതുവരെ അതേ തെളിമയോടെ എനിക്ക് ഇപ്പൊഴും ഓർത്തെടുക്കാനാവുന്നു.

*

ബാലുശ്ശേരിയിലെ ലൈൻ ക്വാട്ടേഴ്സിലെ ഞങ്ങളുടെ മുറിയിൽ ആഘോഷങ്ങളൊഴിഞ്ഞ നേരമില്ല. ഒരു ചെറിയ വരാന്തയും സാമാന്യം വലുപ്പമുള്ള ഒരു മുറിയും അതോട് ചേർന്നുള്ള ഒരു ചെറിയ അടുക്കളയും ആണ്  ഭാർഗ്ഗവി നിലയം എന്ന പേരിലറിയപ്പെട്ട ഞങ്ങളുടെ താവളം. ചൂൽ സ്പർശ ഭാഗ്യം അപൂർവ്വമായ ആ  മുറി, വാരി വലിച്ചിട്ടിരുന്ന പുസ്തകങ്ങളാലും, റമ്മി കളിച്ച കാർഡുകളാലും, പോയന്റുകളെഴുതിയ കടലാസ്സു തുണ്ടുകളാലും, ബീഡി-സിഗററ്റ് കുറ്റികളാലും, കത്തിച്ചിട്ട തീപ്പെട്ടി കൊള്ളികളാലും, മാറാലയാലും  അലങ്കരിക്കപ്പെട്ടതാണ്. പണ്ടെങ്ങോ പൂശിയ നിറം മങ്ങിയ കുമ്മായ ചുമരുകളിൽ, കരിക്കട്ടകളും സ്കെച്ച് പെന്നും കൊണ്ട് തലങ്ങും വിലങ്ങും  എഴുതിയിട്ടിരിക്കുന്ന വിളിപ്പേരുകളും വിളികളും വെല്ലുവിളികളും. മുറിക്ക് കുറുകെ വലിച്ച് കെട്ടിയ അയകളിൽ എന്റെയും പ്രകാശന്റെയും മുഷിഞ്ഞതും മുഷിയാത്തതുമായ തുണികൾ. ഒരാൾക്ക് മാത്രം കിടക്കാൻ സൌകര്യമുള്ള, കിടന്നാൽ കിടക്കുന്ന ഇടം കുഴിഞ്ഞുപോകുന്ന, നയ്ലോൺ റിബണുകൾ കൊണ്ടു മെടഞ്ഞ പ്രകാശന്റെ ഒരു ഇരുമ്പു കട്ടിൽ. അതിന്റെ താഴെ എന്റെ കോസടി, ഞാൻ സ്ഥിരമായി തലവച്ചുറങ്ങാനുപയോഗിച്ചിരുന്ന, ഒരു പഴയ ലുങ്കിയിൽ പൊതിഞ്ഞ എം.എസ്സ് ശുക്ല, ടി.എസ്സ് ഗ്രിവാൾ സഖ്യം എഴുതിയ തടിയൻ അക്കൌണ്ടൻസി പുസ്തകം.

ക്വാട്ടേഴ്സ് നിന്നിരുന്ന ഉയർന്ന പറമ്പിലേക്കുള്ള ഒതുക്കുകല്ലുകളിലിരുന്നാൽ റോഡിലൂടെ പോകുന്ന വാഹനങ്ങളെയും ആളുകളെയും റോഡിന് എതിർവശത്തെ അമ്പലത്തിൽ വിളക്ക് കത്തിക്കാൻ വരുന്ന പെൺകുട്ടികളെയും കാണാം. സ്കൂളുകളും കോളെജുകളും വിട്ട് കൂട്ടം കൂടി പോകുന്ന പെൺകുട്ടികളിൽ ചിലർ  തിരിഞ്ഞ് നോക്കിയത് ഞങ്ങളിൽ ആരെയാവും എന്നതിന്റെ പേരിൽ ഞാനും പ്രകാശനും സ്ഥിരമായി  ഏറ്റുമുട്ടി.

വീട്ടിലിരുന്ന് ബോറടിച്ച് വരുന്നവർ, വീട്ടിൽ വഴക്കിട്ട് വരുന്നവർ, ഒഴിവു ദിവസങ്ങൾ ഉല്ലാസകരമാക്കാൻ ഇറങ്ങിയവർ, രണ്ടെണ്ണം വിടാനും, വിട്ട് വാളുവെക്കാനും തീരുമാനിച്ച് വരുന്നവർ എന്നിങ്ങനെ  പല കാരണങ്ങളാലും, പ്രത്യേകിച്ച് കാരണങ്ങൾ ഒന്നുമില്ലതെയും കൂട്ടുകാരിൽ പലരും ക്വാട്ടേഴ്സിൽ   ഞങ്ങൾക്കൊപ്പം വന്ന് കൂടും. സന്ധ്യ, പ്രഭാത്, കൈരളി, സന്തോഷ് ടാക്കീസുകളിൽ ഏതെങ്കിലുമൊന്നിൽ പോയിരുന്ന് സെക്കൻഡ്ഷോ കണ്ടിറങ്ങി, വഴിനീളെ ഉച്ചത്തിൽ സംസാരിച്ചും ബഹളം വച്ചും രാത്രികളിൽ ഞങ്ങൾ ബാലുശ്ശേരി അങ്ങാടിയിലൂടെ നടന്നു. ഒരു അർദ്ധരാത്രി പ്രഭാതിൽ നിന്ന് സെക്കൻഡ് ഷോ കഴിഞ്ഞ് വരുന്ന വഴി, പോലീസ് സ്റ്റേഷൻ വരാന്തയിലെ  കസേരയിൽ ചാരിയിരുന്ന് ഉറങ്ങുന്ന സെൻട്രിയെ കണ്ട്, അയാളുടെ തൊപ്പി തൊട്ടുവരാമോ എന്ന് പ്രസി  ഹരിഷിനെ വെല്ലുവിളിച്ചു. വെല്ലുവിളികളെ എന്നും  വെറുത്തിരിരുന്ന ഹരിഷ് മതിൽ ചാടികടന്ന്, പമ്മിച്ചെന്ന് സെൻട്രിയുടെ തൊപ്പി തൊട്ട്, ഇങ്ങിനെ മതിയോ എന്ന് ആംഗ്യം കാണിച്ച് ചോദിച്ചു. പോലിസുകാരെങ്ങാൻ കണ്ടാലോ എന്ന് ഭയന്ന് മതിലിനു പുറത്ത് റോഡിൽ നിന്നുകൊണ്ട് ഞങ്ങൾ ഹരിഷിനോട് തിരിച്ചിറങ്ങിവരാൻ കെഞ്ചി വിളിച്ചു. തമാശയ്ക്ക് പോലും  മേലിൽ ഹരിഷിനെ വെല്ലുവിളിക്കുന്ന പ്രശ്നമേ ഇല്ലെന്ന് അന്ന് പ്രസി തീരുമാനിച്ചുറപ്പിച്ചു.

ശിവപ്രസാദാണ് ഞങ്ങളുടെ സ്ഥിരം അന്തേവാസി. കമ്പയിൻ സ്റ്റഡി എന്നും പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി അവൻ ഒരുകെട്ട് ദിനേശ് ബീഡിയുമായി നേരെ ഞങ്ങളുടെ മുറിയിലെത്തും. എന്ത് പറയാൻ തുടങ്ങിയാലും പ്രസാദിന് ഒരിക്കലും മുഷിയുകയില്ല. ഒരു വർത്തമാനവും ‘മതി’ എന്ന് അവൻ പറഞ്ഞത് കാരണം മതിയാക്കിയതായി ഞാനോർക്കുന്നില്ല. ലോഡ്ജ് മുറിയുടെ വരാന്തയിൽ രാവേറെ വൈകുന്നതുവരെ തുടർന്നിരുന്ന സംസാരം അവസാനിക്കുന്നത് ഞാൻ ഉറക്കത്തിലേക്ക് വീഴുമ്പോൾ മാത്രമായിരുന്നു. റബ്ബർ എസ്റ്റേറ്റുകളും, ചെറുതും വലുതുമായ കുന്നുകളും പാടങ്ങളും നിറഞ്ഞ അവന്റെ ഗ്രാമത്തിലൂടെ ഞങ്ങൾ ഒരുപാട് യാത്ര ചെയ്തു. കുന്നിൻ മുകളിലെ വലിയമരങ്ങളുടെ കടയ്ക്കൽ, ഇനിയൊരിക്കൽ വരുമ്പോൾ കാണാൻ ചെറിയ കത്തികൊണ്ട് പേരുകൾ കൊത്തിവെച്ചു. കാവിലെ ഉത്സവത്തിന്  ചന്തയിൽ, വയലിലെ പൊടിമണ്ണിൽ ആൾക്കൂട്ടത്തിനിടയിൽ സിഗറട്ടും വലിച്ച് അലഞ്ഞു നടന്നു, പ്രദീപേട്ടന്റെ ആക്രിക്കടക്കുള്ളിലെ രഹസ്യമുറിയിലിരുന്ന് ‘കുഞ്ഞു’ പുസ്തകങ്ങൾ വായിച്ച് രസിച്ച്, അതിലെ സാഹിത്യം പറഞ്ഞു തലതല്ലിച്ചിരിച്ചു.‘തറ’ ക്ലാസ്സ് ടിക്കറ്റുകളിൽ മലയാളവും തമിഴും തെലുങ്കും ഹിന്ദിയും ഇംഗ്ലിഷും സിനിമകൾ കണ്ടു തള്ളി, ഭാവിയിൽ സിനിമകൾക്ക് തിരക്കഥകൾ എഴുതാനും സംവിധാനം ചെയ്യാനും പദ്ധതികളിട്ടു. ഒരു പഴയ മോണോ പ്ലയറിൽ കാസറ്റുകളിട്ട് പാട്ടുകേൾക്കുകയും കൂടെ അലറിപ്പാടുകയും ചെയ്തു....

ലോഡ്ജിൽ ഞങ്ങൾക്ക് തൊട്ട അപ്പുറത്തെ മുറിയിൽ താമസിച്ചിരുന്നത് റബ്ബർ ബോഡിലെ ഉദ്യോഗസ്ഥനായ, ഞങ്ങൾ ഇച്ചായൻ എന്നു വിളിച്ചിരുന്ന തോമസ് ജോസഫ് എന്ന കാഞ്ഞിരപ്പള്ളിക്കാരനാണ്. പി.ജി പഠിച്ചിറങ്ങിയ ഉടനെ റബ്ബർ ബോഡിൽ ഓഫിസറായി എത്തിയ ഇച്ചായന് കോളെജ് വിട്ടതിന്റെ ഹാങ്ങ്ഓവറിൽ നിന്ന് രക്ഷപ്പെടാനായത് ഞങ്ങളുടെ കൂട്ടുകെട്ടാണെന്ന്  ഇച്ചായൻ പറയാറുണ്ട്. ഇച്ചായന്റെ രണ്ട് സഹമുറിയന്മാരായിരുന്നു, കനറാ ബാങ്കിലെ ഉദ്യോഗസ്ഥൻ പ്രഭാകരേട്ടനും, പഞ്ചായത്ത് ലൈബ്രറിയിലെ ലൈബ്രേറിയൻ അരവിന്ദേട്ടനും. വൃത്തിയുടെയും വെടിപ്പിന്റെയും ആചാര്യനായ അരവിന്ദേട്ടൻ ഒഴിവ് ദിവസങ്ങളിൽ അവരുടെ മുറിയും പരിസരവും വൃത്തിയാക്കി കഴിഞ്ഞ് ചിലപ്പോൾ ഞങ്ങളുടെ മുറിയിൽ കയറി അടിച്ചുവാരി മാറാല തുടച്ച് എല്ലാം ഒതുക്കിവയക്കും.

വീട്ടിൽ നിന്നും ചിലവുകൾക്കായി കൊണ്ടുവരുന്ന പണം മാസത്തിലെ ആദ്യ ആഴ്ച തന്നെ ലാവിഷാക്കി തീർത്തുകഴിഞ്ഞാൽ പിന്നീട് ഇച്ചായനാണ് ശരണം. ഇച്ചായന്റെ ടൂത്ത് പെയ്സ്റ്റും സോപ്പും പൌഡറും, അലക്കുപൊടിയുമൊക്കെ യാതൊരു സങ്കോചവുമില്ലാതെ ഞങ്ങൾ എടുത്തുപയോഗിക്കാൻ തുടങ്ങും. ‘ഇച്ചായോ സിന്തോളിന്റെ മണം മടുത്തു, അടുത്ത പ്രാവശ്യം ലിറിൽ വാങ്ങിയാൽ മതി’ എന്ന് വരെ പ്രകാശൻ ആവശ്യപ്പെട്ടു കളയും. ചിരിക്കുമ്പോൾ ഇറുങ്ങിപ്പോകുന്ന കണ്ണുകളുമായി പ്രസന്നവദനനായി ഇച്ചായൻ പ്രകാശന്റെ ആവശ്യം സാധിപ്പിച്ചുകൊടുക്കാമെന്ന് സമ്മതിക്കും!

ശ്രീജിത്ത് ഞങ്ങൾക്കൊപ്പം കൂടാനെത്തുമ്പോഴാണ് പ്രഭാകരേട്ടൻ ചാർജ്ജ് ആവുക. സൌമ്യനും  ശാന്തനുമായ പ്രഭാകരേട്ടൻ ചെസ്സ് കളി ഭ്രാന്തനാണ്. സമയമെടുത്ത്, അങ്ങേയറ്റം ആലോചിച്ച് ഉറപ്പിച്ച് പ്രഭാകരേട്ടൻ നടത്തുന്ന ഒരു കരുനീക്കത്തിന് അടുത്ത സെക്കൻഡിൽ ശ്രീജിത് മറുനീക്കം നടത്തി, ചെക്ക് പറഞ്ഞ് അടുക്കളയിൽ കഞ്ഞി വയ്ക്കാൻ ഞങ്ങൾക്കൊപ്പം കൂടുകയോ, വരാന്തയിലിരുന്ന് പാടുകയോ ചെയ്യും. ചെസ്സിൽ തോൽക്കുമ്പോൾ മാത്രമാണ് പ്രഭാകരേട്ടൻ ഇത്തിരി അശാന്തനായി കാണപ്പെടുക. തന്റെ കഷണ്ടിയിൽ പതുക്കെ തലോടി, പ്രഭാകരേട്ടൻ ശ്രീജിത്തുമായി അടുത്ത റൌണ്ട് കളിക്കിരിക്കും.

ഓരോ ദിവസങ്ങളും ആഘോഷങ്ങളുടെതായിരുന്നു.
ആഘോഷങ്ങളുടെ ആയിരത്തി തൊണ്ണുറ്റി അഞ്ച് എസ്സെൻ ദിനങ്ങൾ.

*

മേഘങ്ങളുടെ ഒരു ചീളുപോലുമില്ലാത്ത, ഒരു കിളിപോലും പറക്കാനില്ലാത്ത ചാരനിറത്തിലുള്ള ആകാശവും, ഒരു പാഴ്ചെടിപോലും കിളുർക്കാതെ പരന്ന് കിടക്കുന്ന മരുഭൂമിയും, അതിനുമപ്പുറം കത്തിയെരിയുന്ന വെയിലേറ്റ് തിളങ്ങുന്ന കടലും നോക്കി, ഇവിടെ ഈ  ജനലരികിൽ നിൽക്കുമ്പോൾ, ഓർമയിൽ ഒരു മഴവിൽക്കാലം തിരയിളകുന്നു. വർണ്ണങ്ങൾ നിറഞ്ഞ സൌഹൃദങ്ങളുടെ ഒരു  പൂക്കാലം.

*
സമർപ്പണം: കോളെജിന്റെ പേരിലെ ഫേസ്ബുക്ക് ഗ്രൂപ്പ് സജീവമാക്കി നിലനിർത്തുന്ന ഗണേശൻ, ശരത്, ബൈജു, ദിൽജി, അസംഗൻ, ബിനു, സജീവന്മാർ തുടങ്ങി പരിചയമുള്ളവരും ഇല്ലാത്തവരുമായ ഗ്രൂപ്പിലെ എല്ലാവർക്കും

(Published in 'Mazhavilkalam' Magazin)

2 comments:

  1. Super, you just brought me back to my school / college days...I miss them all.....really, Thanks Dude.

    ReplyDelete
  2. ഒരുപാട് ഓര്‍മ്മകളിലേക്കുള്ള ഒരു മടങ്ങിപ്പോക്ക്... നന്ദി... മുടങ്ങാതെ വായിക്കുന്ന ഒരു ബ്ലോഗാണിത്. തുടരുക...

    ReplyDelete

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...