Friday, January 13, 2012

ആരോ ഒരാൾ


വൈകുന്നേരമായി, മല മുകളിലെത്തുമ്പോൾ.

നല്ല വെയിലായിരുന്നുവെങ്കിലും വനത്തിലൂടെയുള്ള കയറ്റമായിരുന്നതിനാൽ ചൂട് അറിഞ്ഞില്ല. രാത്രി മല മുകളിലാണ് ചിലവഴിക്കുന്നത് എന്നതുകൊണ്ട് തിരക്ക് കൂട്ടാ‍തെ വഴിക്കാഴ്ചകൾ കണ്ടും ഇടയിൽ വിശ്രമിച്ചുകൊണ്ടുമായിരുന്നു യാത്ര. തോൾ സഞ്ചിയിൽ രണ്ട് മൂന്ന് നേരം കഴിക്കാനുള്ള ഭക്ഷണം സ്റ്റോക്കുണ്ട്. പഴം, അവൽ, അജയന്റെ അമ്മ ഉണ്ടാക്കി തന്നയച്ച ഉണ്ണിയപ്പം. വെള്ളത്തിനെ കുറിച്ച് പേടിക്കേണ്ട, മലമുകളിലെ വറ്റാത്ത ഉറവയിൽ ശുദ്ധജലം ഇഷ്ടം പോലെ കിട്ടുമെന്ന് കേട്ടിട്ടുണ്ട്.

ഉച്ചിയിലെ ഒരു പാറക്കെട്ടിൽ ഞങ്ങളിരുന്നു. താഴെ അങ്ങ് ദൂരെ ഒരു വില്ലുപോലെ കരയോട് ചേർത്ത് വച്ചിരിക്കുന്ന അറബികടലിലേക്ക് ഇറങ്ങാനൊരുങ്ങുന്ന സായാഹ്ന സൂര്യൻ. വളഞ്ഞ് പുളഞ്ഞ് കടലിൽ വന്നുചേരുന്ന ഏതോ ഒരു പുഴ. എതിർവശത്ത് ചക്രവാളത്തിൽ ചാരനിറത്തിൽ ഭൂമിക്ക് കാവലെന്നോണം പശ്ചിമഘട്ടം. കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന പച്ചപ്പ്.

സീതയെയും തേടി ലങ്കയ്ക്കുള്ള യാത്രയ്ക്കിടയിൽ ശ്രീരാമനും ലക്ഷ്മണനും ഹനുമാനും അടങ്ങുന്ന സംഘം ഈ മലമുകളിൽ തങ്ങിയിരുന്നത്രേ. മലയിലെ കൃഷ്ണശിലകളിൽ പലയിടത്തും രാമന്റെ കാല്പാടുകൾ പതിഞ്ഞു കിടക്കുന്നുണ്ടത്രേ!

“ഇന്ത്യയിലെ ഏത് കുന്നിനും മലയ്ക്കും പുഴയ്ക്കും രാമായണവുമായും മഹാഭാരതവുമായും ഒരു ബന്ധം കാണും”; അജയൻ ചിരിച്ചു; “കാശ്മീർ മുതൽ കന്യാകുമാരിവരെയുള്ള ഭൂഖണ്ഡത്തിലൂടെ തലങ്ങും വിലങ്ങും ഭാര്യയെയും തേടിയുള്ള യാത്രയ്ക്കിടയിൽ, അല്ലെങ്കിൽ അജ്ഞാത വാസത്തിൽ പിടിക്കപ്പെടാതിരിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ താണ്ടിയത്!”

“എഴുത്തുകാരന്റെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് രാമായണവും മഹാഭാരതവും. വഴിമുട്ടി പോകുന്നിടത്തൊക്കെയും മായയായും മന്ത്രമായും, മുനിമാരായും, ശാപങ്ങളും ശാപമോക്ഷങ്ങളായും, ഉഗ്ര പ്രതിജ്ഞകളായും, ധർമ്മപ്രഖ്യാപനങ്ങളായും, തകർക്കാൻ പറ്റാത്ത ആയുധങ്ങളായും, എണ്ണിയാൽ തീരാത്ത ദൈവങ്ങളായും ഭാവന എഴുത്തുകാരന്റെ രക്ഷക്കെത്തി. കാലത്തിനും ദൂരത്തിനും പ്രസക്തിയില്ലാതായി”; ദേവൻ ചിലപ്പോൾ അപ്രതീക്ഷമായിട്ടായിരിക്കും കനപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങുന്നത്.

ഉറവയൊഴുകി തളം കെട്ടി നിൽക്കുന്ന വെള്ളത്തടത്തിൽ മുങ്ങി നിവർന്നപ്പോൾ നല്ല ഉന്മേഷം. വെള്ളം കുടിക്കാനാവും, ഓടി ചാടി മരങ്ങൾക്കിടയിലൂടെ വന്ന രണ്ട്മൂന്ന് കാട്ടുമുയലുകൾ അപരിചിതരെക്കണ്ട് വന്നതിലും വേഗത്തിൽ തിരിച്ചോടി.

ഇരുട്ടിന് കനം വച്ചു തുടങ്ങി. മരച്ചില്ലകളിൽ കലപില കൂടികൊണ്ടിരുന്ന കിളികൾ നിശ്ശബ്ദരായി. നേരിയ തണുത്ത കാറ്റ്. ഞങ്ങൾ ആകാശത്തെ നക്ഷത്രങ്ങളെ നോക്കി മലർന്നു കിടന്നു. ഇടയ്ക്ക് പെട്ടൊന്നൊരു വാൽനക്ഷത്രം താഴേക്ക് ഊർന്നിറങ്ങി അപ്രത്യക്ഷമായി.

“വാൽ നക്ഷത്രം വീഴുന്നത് നോക്കി, മനസ്സിൽ ആഗ്രഹിക്കുന്ന കാര്യം നടക്കുമെന്നാണ്”; ദേവൻ എന്നെ തോണ്ടി; “നീ എന്താടാ ഓർത്തത്?”

“ഈ കിടന്ന കിടപ്പിലങ്ങ് അടിച്ചു പോകാൻ”

“ഒലക്ക”; ദേവൻ അജയന് നേരെ തിരിഞ്ഞു; “നീയോടാ?”

“ഈ കിടന്ന കിടപ്പിൽ നീ അങ്ങ് അടിച്ചു പോകാൻ”

പെട്ടന്ന് ഞങ്ങൾക്ക് പിന്നിൽ ഒരു പതിഞ്ഞ കാൽ പെരുമാറ്റം. ഞങ്ങൾ മൂന്നു പേരും ഞെട്ടി തിരിഞ്ഞ് എഴുന്നേറ്റു.

കുറച്ചകലെയായി ഒരു മനുഷ്യരൂപം ഞങ്ങൾക്കടുത്തേക്ക് നടന്നു വരുന്നത് നിലാവെളിച്ചത്തിൽ കാണാം. വൃദ്ധൻ. ജടപിടിച്ച താടി മുടി. അയഞ്ഞ, മുഷിഞ്ഞ വസ്ത്രങ്ങൾ.

“ആരാണ്.. എന്തു വേണം?”

“ഒന്നും വേണ്ട. പതിവില്ലാത്ത ആളനക്കം കണ്ട് വന്ന് നോക്കിയതാണ്”; അയാൾ ശാന്തമായി മറുപടി പറഞ്ഞു.

“നിങ്ങൾ ഇവിടെയാണോ താമസം?”

“അങ്ങിനെയൊന്നുമില്ല. ഇവിടെയും എവിടെയും”

“അപ്പോ ദൈവമാണോ!”; ദേവന് തർക്കുത്തരമേ വരൂ

“ദൈവത്തെയും തേടിയായിരുന്നു യാത്ര തുടങ്ങിയത്. കണ്ടില്ല, അന്വേഷിച്ച് കൊണ്ടേയിരിക്കുന്നു”

“ബെസ്റ്റ്. ഞങ്ങൾക്ക് ഒരു കൂട്ടായി. ദൈവത്തെ മാത്രമല്ല, അണ്ഡകടാഹത്തിലെ സകലതിനെയും അന്വേഷിച്ചാണ് ഞങ്ങളിറങ്ങിയിരിക്കുന്നത്”; അജയന് കോളായി; “അമ്മാവൻ വാ, വല്ലതും കഴിച്ചോ?”

അവലും പഴവും ഉണ്ണിയപ്പവുമായി ഞങ്ങൾ രാത്രി ഭക്ഷണം അയാൾക്കൊപ്പം പങ്കിട്ട് കഴിച്ചു. ഞങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയൊന്നും പറയാതെ നിശ്ശബ്ദമായി ഭക്ഷണം കഴിച്ച് എഴുന്നേറ്റ്, വന്നതുപോലെ അയാൾ ഇരുട്ടിലേക്ക് തിരിച്ചു നടന്നു പോയി.

***

(ചില ഓർമകൾ അസമയത്താണ് കടന്നുവരിക)

1 comment:

  1. ദൈവത്തേ തേടി പോയതായിരിക്കും.

    ReplyDelete

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...